ഭാര്യമാർ സൂക്ഷിക്കുക: മറ്റൊരു സംഗീതചിത്രം
‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’’, ‘‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’’, ‘‘ആകാശം ഭൂമിയെ വിളിക്കുന്നു’’, ‘‘മരുഭൂമിയിൽ മലർ വിരിയുകയോ...’’ എന്നീ ഹിറ്റ് ഗാനങ്ങൾ ഇടംപിടിച്ച ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിന്റെയും ‘കായൽക്കരയിൽ’, ‘അനാച്ഛാദനം’,‘പഠിച്ച കള്ളൻ’ എന്നീ സിനിമകളുടെയും പിന്നണി പാട്ടുചരിത്രം എഴുതുന്നു.‘കായൽക്കരയിൽ’ എന്ന സിനിമ, ഛായാഗ്രാഹകൻകൂടിയായ സംവിധായകൻ എൻ. പ്രകാശ് മൂവി ക്രാഫ്റ്റിനുവേണ്ടി നിർമിച്ചതാണ്. ജഗതി എൻ.കെ....
Your Subscription Supports Independent Journalism
View Plans‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’’, ‘‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’’, ‘‘ആകാശം ഭൂമിയെ വിളിക്കുന്നു’’, ‘‘മരുഭൂമിയിൽ മലർ വിരിയുകയോ...’’ എന്നീ ഹിറ്റ് ഗാനങ്ങൾ ഇടംപിടിച്ച ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിന്റെയും ‘കായൽക്കരയിൽ’, ‘അനാച്ഛാദനം’,‘പഠിച്ച കള്ളൻ’ എന്നീ സിനിമകളുടെയും പിന്നണി പാട്ടുചരിത്രം എഴുതുന്നു.
‘കായൽക്കരയിൽ’ എന്ന സിനിമ, ഛായാഗ്രാഹകൻകൂടിയായ സംവിധായകൻ എൻ. പ്രകാശ് മൂവി ക്രാഫ്റ്റിനുവേണ്ടി നിർമിച്ചതാണ്. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ പ്രേംനസീർ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, പി.ജെ. ആന്റണി, ജി.കെ. പിള്ള, അടൂർ ഭാസി, ശൈലശ്രീ തുടങ്ങിയവർ അഭിനേതാക്കളായി. എൻ. പ്രകാശിന്റെ മുൻ ചിത്രങ്ങളിലെന്നപോലെ പി. ഭാസ്കരൻ രചിച്ച പാട്ടുകൾക്ക് സംഗീതം നൽകിയത് കന്നട സിനിമയിലെ പ്രശസ്ത സംഗീതസംവിധായകനായ വിജയഭാസ്കർ ആണ്. യേശുദാസ്, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി എന്നിവർ പാടിയ നാല് ഗാനങ്ങളാണ് ‘കായൽക്കരയിൽ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. യേശുദാസും എസ്. ജാനകിയും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ദേവൻ തന്നതു തിരുമധുരം/ദേവൻ തന്നതു പ്രണയസുഖം/കാമിനീ നിൻ ഹൃദയതലം/കാമനേകിയ പൂജാഫലം...’’ തുടർന്നുള്ള വരികൾ താഴെ പറയുന്നു: ‘‘മാനസശാലയിൽ മധുവിധുലീലയിൽ/ഗാനവും താളവും അലിഞ്ഞു ചേർന്നു/ പ്രാണസഖീയെൻ ഭാവനാമുരളിയിൽ/പാടാത്ത പാട്ടുകൾ വിരുന്നു വന്നു...’’ അടുത്ത ചരണം ഇങ്ങനെ തുടരുന്നു: ‘‘ഓരോ മലരിലും ഓരോ തളിരിലും /ആയിരം വസന്തങ്ങൾ ഒളിച്ചുനിന്നു/ വിണ്ണിൽനിന്നും പൂത്താലവുമായ്/ പൊൻകിനാക്കൾ ഇറങ്ങിവന്നു...’’ പി. സുശീല പാടിയ ‘‘നീലമുകിലേ...’’ എന്ന പാട്ട് ഹൃദ്യമായിരുന്നു. ‘‘നീലമുകിലേ നിന്നുടെ നിഴലിൽ/ പീലി നിർത്തിയ പൊൻമയിൽ ഞാൻ / രാജഹംസത്തെ ദൂതിനയച്ച രാഗകഥയിലെ നായിക ഞാൻ/ മലർമിഴിയാലേ ലേഖനമെഴുതി മറുപടി കാക്കും കാമിനി ഞാൻ...’’ എൽ.ആർ. ഈശ്വരി പതിവുപോലെ മാദകത്വ ഭാവമുള്ള ഒരു ഗാനമാണ് പാടിയത്. അതിന്റെ തുടക്കം ഇങ്ങനെയാണ്: ‘‘പായുന്ന നിമിഷം തിരികെ വരുമോ/ ജീവിതവേളയിതിൽ/പാഴായ സമയം വ്യർഥം, നഷ്ടം/നാടകലീലയിതിൽ..? ഈ പല്ലവി കേൾക്കുമ്പോൾതന്നെ ഗാനസന്ദർഭം ഊഹിക്കാൻ കഴിയും. ഗാനം തുടരുന്നു: ‘‘നാമിന്നു കാണുന്ന താരുണ്യം/ നാളേയ്ക്കു വാടുന്ന മാകന്ദം/ കൈ കാട്ടി വിളിക്കുന്ന സൗഭാഗ്യം/കാലത്തിൻ സൗവർണസമ്മാനം.../ പാനപാത്രം കയ്യിലേന്തും/ പാന്ഥരല്ലോ നമ്മളെല്ലാം/ ഇന്നാണ് സാക്ഷാൽ വസന്തോത്സവം...’’ ഏതാണ്ട് ഇതേ രീതിയിൽതന്നെ ആശയം വിനിമയം ചെയ്യുന്ന ഒരു ചരണംകൂടി ഈ പാട്ടിലുണ്ട്. ‘‘ദേവത ഞാൻ ജലദേവത ഞാൻ/സങ്കൽപ സാഗരദേവത ഞാൻ /ഗായകൻ ഞാൻ വനഗായകൻ ഞാൻ/ മായികരാഗത്തിൻ മലർവനത്തിൽ’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു യുഗ്മഗാനം കൂടി ഈ ചിത്രത്തിലുണ്ട്. ആ ഗാനം പാടിയത് യേശുദാസും പി. സുശീലയും ചേർന്നാണ്.
1968 ഡിസംബർ 19നു തിയറ്ററുകളിലെത്തിയ ‘കായൽക്കരയിൽ’ എന്ന ചിത്രം ശരാശരി സാമ്പത്തികവിജയം നേടി. ചിത്രത്തിലെ സംഗീതത്തിന് മേൽക്കൈ നേടാൻ കഴിഞ്ഞില്ലെങ്കിലും പാട്ടുകൾ ഒരു നിശ്ചിതനിലവാരം കാത്തുസൂക്ഷിച്ചു എന്നു പറയാം. വിജയഭാസ്കറുടെ സെമി ക്ലാസിക്കൽ ശൈലി അന്നത്തെ മലയാളികളുടെ സംഗീതസങ്കൽപത്തോട് അടുത്തുനിന്നതുതന്നെ കാരണം. യേശുദാസും ജാനകിയും ചേർന്നു പാടിയ ‘‘ദേവൻ തന്നതു തിരുമധുരം...’’എന്ന ഗാനം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
‘‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’’, ‘‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’’, ‘‘ആകാശം ഭൂമിയെ വിളിക്കുന്നു’’, ‘‘മരുഭൂമിയിൽ മലർ വിരിയുകയോ...’’ എന്നീ ഹിറ്റ് ഗാനങ്ങൾ ഇടംപിടിച്ച ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രം ജയ് മാരുതിക്കു വേണ്ടി പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവനാണ് നിർമിച്ചത്. കെ.എസ്. സേതുമാധവൻ ചിത്രം സംവിധാനംചെയ്തു. ‘‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ഇനിയും നിൻ കഥ പറയൂ’’ എന്ന ഗാനം പ്രശസ്തമായപ്പോൾ ജന്മമെടുത്ത ശ്രീകുമാരൻ തമ്പി-ദക്ഷിണാമൂർത്തി ടീം ഈ സിനിമയിലെ ഗാനങ്ങളിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വളരെ പ്രശസ്തമായ ‘ആഗ്ര ഡബിൾ മർഡർ’ എന്ന കൊലക്കേസിന്റെ ചുവടുപിടിച്ച് ഗാനരചയിതാവായ ഈ ലേഖകനും നിർമാതാവായ ടി.ഇ. വാസുദേവനും സംഭാഷണരചയിതാവായ എസ്.എൽ. പുരം സദാനന്ദനും ചർച്ചചെയ്തു രൂപപ്പെടുത്തിയ കഥയിൽ നായകനെ പിന്നണിഗായകനാക്കിയത് പാട്ടുകൾക്ക് ചിത്രത്തിൽ പ്രാധാന്യം നൽകാൻ വേണ്ടിയായിരുന്നു. ‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’’ എന്ന ഗാനം ചിത്രത്തിന്റെ തുടക്കത്തിൽ നായകനായ പിന്നണിഗായകനുവേണ്ടി (പ്രേംനസീർ) എ.എം. രാജായും പിന്നീട് യുഗ്മഗാനമായി യേശുദാസും പി. ലീലയും ചേർന്നും പാടിയിരിക്കുന്നു. ‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം /നിൻ ചിരിയിലലിയുന്നെൻ ജീവരാഗം/ നീലവാനിൽ അലിയുന്നു ദാഹമേഘം/നിൻ മിഴിയിലലിയുന്നെൻ ജീവമേഘം.../ താരകയോ നീലത്താമരയോ -നിൻ/ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു/ വർണമോഹമോ പോയ ജന്മപുണ്യമോ -നിൻ/ മാനസത്തിൽ പ്രേമമധു പകർന്നു..?/ മാധവമോ നവ ഹേമന്തമോ -നിൻ/ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ/ തങ്കച്ചിപ്പിയിൽ, നിന്റെ തേനലർചുണ്ടിൽ/ ഒരു സംഗീത ബിന്ദുവായ് ഞാനുണർന്നുവെങ്കിൽ!’’
യേശുദാസും എസ്. ജാനകിയും ചേർന്നാണ് ‘‘വൈക്കത്തഷ്ടമി നാളിൽ...’’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത്. ‘‘വൈക്കത്തഷ്ടമി നാളിൽ ഞാനൊരു/ വഞ്ചിക്കാരിയെ കണ്ടു / വാകപ്പൂമരച്ചോട്ടിൽ നിന്നപ്പോൾ/ വളകിലുക്കം കേട്ടു.../ ആറിനക്കരെ നീന്തിക്കേറാൻ/ താറുടുത്തു ഞാൻ നിൽക്കുമ്പോൾ / സരിഗമത്തോണി തുഴഞ്ഞു വന്നവൾ/ സത്യവതിയെ പോലെ..! / വഞ്ചിയിൽവെച്ചു മായക്കാരൻ/ മഹർഷിയായി തീർന്നു.../ അന്നു തൊട്ടെന്റെ മനസ്സിനുള്ളിൽ/ അഷ്ടമിക്കേളി തുടങ്ങി...’’
‘‘ആകാശം ഭൂമിയെ വിളിക്കുന്നു’’ എന്ന ഗാനവും യേശുദാസ് തന്നെ പാടി. ‘‘ആകാശം ഭൂമിയെ വിളിക്കുന്നു.../അനുരാഗനക്ഷത്രക്കണ്ണുകൾ ചിമ്മി/ ആകാശം ഭൂമിയെ വിളിക്കുന്നു/ സ്വർഗനേത്രങ്ങൾ തലോടുന്ന ഭൂമിയിൽ/ സ്വപ്നങ്ങൾ പോലലയുന്നു -നമ്മൾ/ സ്വപ്നങ്ങൾ പോലലയുന്നു/ അറിയാത്ത വഴിയിൽ ആശ്രയം തേടുന്നു/ അടയുന്ന വാതിലിൽ മുട്ടുന്നു / മോഹഭംഗത്താൽ നടുങ്ങുമ്പോൾ നമ്മെയും/ സ്നേഹതീരങ്ങൾ വിളിക്കും/ കാണുകില്ലെന്നോർത്ത കാരുണ്യജാലകം/കയ്യൊന്നു തൊട്ടാൽ തുറക്കും...’’
‘‘മരുഭൂമിയിൽ മലർ വിരിയുകയോ -എൻ/ മനസ്സിലും മോഹം വിടരുകയോ/ മധുരം നിൻ മൊഴിയെൻ ഭാവനയിൽ/ മദകരഭാവം പകരുകയോ..?’’ എന്ന ഗാനം ജയചന്ദ്രൻ പാടി. സിനിമയിൽ ജയചന്ദ്രൻ പാടിയ ഈ ലേഖകന്റെ ആദ്യഗാനവും ഇതുതന്നെ. ആ ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മറ്റൊരു ദേവന്റെ പാദത്തളിരിൽ/പുഷ്പാഞ്ജലി നീ തൂവുമ്പോൾ/ ദീപാരാധനയില്ലാതിരുളിൽ/ കേഴുമീ ശിലയെയോർത്തിടുമോ..? / ഇല്ലൊരു പൂവിതൾ, ഇല്ലൊരു കൈത്തിരി/ ഇവിടെ വിളക്കുകൾ കരയുന്നു/ നിർമാല്യവുമായ് നീ പോകുമ്പോൾ/ തിരിഞ്ഞു നിന്നെന്നെ നോക്കിടുമോ..?’’
‘‘മാപ്പുതരൂ മാപ്പു തരൂ / മലവേടന്മാരേ... /പിരിഞ്ഞു പോയ പാലാണു ഞാൻ/ പിഴച്ച പെണ്ണാണു ഞാൻ...’’ എന്നു തുടങ്ങുന്ന ഒരു ചടുലനൃത്തഗാനവും ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഇതൊരു പൂർണ ഗാനമല്ല. വരികൾക്കല്ല, ചടുലതാളം നിറഞ്ഞ പശ്ചാത്തലസംഗീതത്തിനാണ് ഈ ഗാനത്തിൽ പ്രാധാന്യം. എല്ലാ പാട്ടുകളും ജനപ്രീതി നേടിയ മറ്റൊരു സംഗീത ചിത്രമായിരുന്നു ‘ഭാര്യമാർ സൂക്ഷിക്കുക’. പ്രേംനസീറും ഷീലയും നായകനും നായികയുമായി വന്ന ഈ ചിത്രത്തിൽ കഥാന്ത്യത്തിൽ പിന്നണിഗായകനായ നായക കഥാപാത്രം പ്രതിനായകനായി മാറുന്നു. നായിക ഗായകനായ നായകനെ കുത്തിക്കൊല്ലുന്നു. ഷീല പ്രേംനസീറിനെ കൊല്ലുന്നതായി കാണിച്ചാൽ അത് അവരുടെ ആരാധകർ അംഗീകരിക്കുമോ..? ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴും ഫൈനൽ എഡിറ്റിങ് നടക്കുമ്പോഴും റീ റെക്കോഡിങ്ങും മിക്സിങ്ങും നടക്കുമ്പോഴും ചിത്രം സാമ്പത്തികമായി വിജയിക്കുമോ എന്ന സംശയം നിലനിന്നു. എന്നാൽ, സംശയാലുക്കളെ അത്ഭുതസ്തബ്ധരാക്കിക്കൊണ്ട് 1968 ഡിസംബർ 19നു തിയറ്ററുകളിലെത്തിയ ചിത്രം വമ്പിച്ച വിജയം നേടി. ചിത്രത്തിലെ പാട്ടുകളും ആർ.കെ. ശേഖറിന്റെ പശ്ചാത്തലസംഗീതവും ആ വിജയത്തിന് സഹായകമായി.
‘മണവാട്ടി’, ‘കാത്തിരുന്ന നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ രാജു എം. മാത്തൻ നിർമിച്ച ‘അനാച്ഛാദനം’ എന്ന സിനിമയാണ് 1969 ജനുവരിയിൽ ആദ്യമായി തിയറ്ററുകളിലെത്തിയത്. തോപ്പിൽ ഭാസി കഥയും സംഭാഷണവും എഴുതിയ ചിത്രം എം. കൃഷ്ണൻ നായരാണ് സംവിധാനംചെയ്തത്. പ്രേംനസീർ, ഷീല, ജയഭാരതി, റാണിചന്ദ്ര, മുത്തയ്യ, പി.ജെ. ആന്റണി, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, സുകുമാരി, ശാന്താദേവി, ബേബി രാജി തുടങ്ങിയവർ ‘അനാച്ഛാദന’ത്തിൽ അഭിനയിച്ചു. വയലാറും ദേവരാജനും ചേർന്നൊരുക്കിയ അഞ്ചു ഗാനങ്ങൾ ജയചന്ദ്രൻ, പി. സുശീല, ബി. വസന്ത എന്നീ ഗായകർ പാടി. ‘‘മധുചന്ദ്രികയുടെ ചായത്തളികയിൽ/ മഴവിൽപ്പൂമ്പൊടി ചാലിച്ചു/ മനസ്വിനീ നിൻ മായാരൂപം/ മനസ്സിൽ ഞാൻ വരച്ചു’’ എന്ന പ്രശസ്ത ഗാനം ജയചന്ദ്രനാണ് പാടിയത്. ‘‘കാണാത്ത സ്വപ്നങ്ങളിലെ/ കവിതകളാൽ കണ്ണെഴുതിച്ചു/ നിദ്രയിലെ നീലിമയാൽ ഞാൻ/ നിൻ കൂന്തൽ കറുപ്പിച്ചു/ ഞാൻ നിന്നെ സ്നേഹിക്കുന്നു; പ്രേമിക്കുന്നു’’ എന്നിങ്ങനെ തുടരുന്ന ഗാനം ജയചന്ദ്രന് പേരുണ്ടാക്കിക്കൊടുത്ത സൂപ്പർഹിറ്റുകളിലൊന്നാണ്. പി. സുശീല പാടിയ ‘‘മിഴി മീൻ പോലെ മൊഴി തേൻ പോലെ...’’ എന്നു തുടങ്ങുന്ന ഗാനവും ഹൃദ്യംതന്നെ. ‘‘മിഴി മീൻ പോലെ മൊഴി തേൻ പോലെ/ മുഖം ചന്ദ്രബിംബം പോലെ/ കാമുകൻ, പ്രിയകാമുകൻ/ അവൻ കാമദേവനെ പോലെ/ മനസ്സൊരുദ്യാനം -അതിൽ /മലർക്കുയിലായ് ഞാൻ പറക്കും /രോമാവൃതമാം മാറിൽ -ഒരു / പ്രേമലതികയായ് പടരും -ഞാൻ പടരും...’’
സാധാരണയായി ഒരു കാമുകൻ തന്റെ കാമുകിയെക്കുറിച്ചു പാടുന്ന രീതിയിലാണ് ഈ പാട്ടിൽ കാമുകി കാമുകനെപ്പറ്റി പാടുന്നത്. പി. സുശീല തന്നെ പാടിയ ‘‘ഒരു പൂ തരുമോ/ഒരു പൂ ഒരു പൂ... ഒരു പൂ തരുമോ... തരുമോ... / ഉദ്യാനപാലകരേ... ഹോയ്/ ഒരു പൂ തരുമോ..?/ വാർമുടിയിൽ ചൂടാനല്ലാ / വർണപുടവയിലണിയാനല്ലാ/ അഭിലാഷത്തിൻ പൂപ്പാലികയിൽ/ അതിഥിപൂജയ്ക്കല്ലോ..!’’ എന്നിങ്ങനെ തുടരുന്ന ഗാനവും പി. സുശീലയും ബി. വസന്തയും ചേർന്നു പാടിയ ‘‘അരിപിരിവള്ളി...’’ എന്നാരംഭിക്കുന്ന പാട്ടും ചിത്രത്തിൽ ഉണ്ടായിരുന്നു. ‘‘അരിപിരിവള്ളി... ആയിരംവള്ളി/ ആലോലം താലോലം പൂവള്ളി/ അതിലിരുന്നാടുന്ന കണ്ണനാമുണ്ണിയെ/ ആരാരാദ്യം ചെന്നു തൊടും..?’’ എന്ന ഗാനം കുട്ടിയെ (ബേബി രാജി) കളിപ്പിക്കുന്ന പാട്ടാണ്. 1969 ജനുവരി മൂന്നാം തീയതി ‘അനാച്ഛാദനം’ റിലീസ് ചെയ്തു. ജയചന്ദ്രൻ പാടിയ ‘‘മധുചന്ദ്രികയുടെ ചായത്തളികയിൽ’’ എന്ന ഗാനംതന്നെയാണ് ഈ സിനിമയേക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ഓർമയിൽ വരുക.
പ്രശസ്ത തമിഴ് നിർമാതാവായ എ.എൽ. ശ്രീനിവാസൻ (തമിഴ് മഹാകവി കണ്ണദാസന്റെ മൂത്ത സഹോദരൻ) എ.എൽ.എസ് പ്രൊഡക്ഷൻസിന്റെ മേൽവിലാസത്തിൽ നിർമിച്ച ‘പഠിച്ച കള്ളൻ’ എന്ന ചിത്രം എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തു (ഈ കാലഘട്ടത്തിൽ എം. കൃഷ്ണൻ നായർ പേരിൽനിന്നു ‘നായർ’ ഒഴിവാക്കി എം. കൃഷ്ണൻ എന്ന പേരിൽ തമിഴ്സിനിമകൾ സംവിധാനംചെയ്യാൻ തുടങ്ങിയിരുന്നു). ഒരു തമിഴ് കഥയായിരുന്നു ഈ ചിത്രത്തിന് അവലംബം. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതിയ ‘പഠിച്ച കള്ളനി’ൽ വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, എൽ.ആർ. ഈശ്വരി, സി.ഒ. ആന്റോ എന്നിവർ ഗാനങ്ങൾ പാടി. യേശുദാസ് പാടിയ ‘‘താണ നിലത്തേ നീരോടൂ’’ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. ‘‘താണ നിലത്തേ നീരോടൂ/ തപസ്സിരുന്നേ പൂ വിരിയൂ/ നീയും ഞാനും നീരൊഴുക്കിലെ/ നീലക്കുമിളകൾ മാത്രം/ നിമിഷം -ഒരു നിമിഷം/ നിറഞ്ഞു നിൽക്കും നമ്മളിലീ/ പ്രപഞ്ചസൗന്ദര്യമാകെ/ നീയും ഞാനും നീർത്തടത്തിലെ/ ഞാറ്റുവേലപ്പൂക്കൾ/ നിമിഷം -ഒരു നിമിഷം/വിതുമ്പിനിൽക്കും നമ്മളിലീ/ പ്രപഞ്ചദുഃഖങ്ങളാകെ!’’ യേശുദാസ് തന്നെ പാടിയ ‘‘വിധി മുമ്പേ, നിഴൽ പിമ്പേ’’ എന്ന ഗാനത്തിലെ വരികൾ... ‘‘വിധി മുമ്പേ, നിഴൽ പിമ്പേ/ ചിതയിൽ വരെ ജീവിതയാത്ര/ ചിതയിൽ വരെ/ അഗ്നിയിതെരിയുമ്പോ/ ആത്മാവിൻ ചുടലയിതിൽ/ മറ്റൊരു കനവുടൽ കത്തിദഹിക്കുമ്പോൾ/ മനുഷ്യനിൽ മോഹഭംഗങ്ങൾ/ മാപ്പിരക്കുന്നു -വെറുതേ/മാപ്പിരക്കുന്നു...’’ യേശുദാസ് സുശീലയോടൊപ്പം പാടിയ ‘‘ഉറക്കം വരാത്ത പ്രായം -ഒന്നും/ഒതുക്കാൻ വയ്യാത്ത പ്രായം / എനിക്കും നിനക്കും വെണ്ണിലാവിനും/ എന്നും ഒരേ പ്രായം’’ എന്ന യുഗ്മഗാനവും യേശുദാസ് എൽ.ആർ. ഈശ്വരിയുമൊന്നിച്ചു പാടിയ ‘‘മനസ്സും മനസ്സും അടുത്തു/ മിഴികളും മിഴികളും ഇടഞ്ഞു/ മറ്റാരും അറിയാതെ നാമിരുവരും / ഒരു മായാലോകം തീർത്തു’’ എന്ന മറ്റൊരു യുഗ്മഗാനവും ‘പഠിച്ച കള്ളൻ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. എൽ.ആർ. ഈശ്വരി പാടിയ ‘‘കണ്ടു കൊതിച്ചു കണ്ണുകൾ തുടിച്ചു/ അവനു ഞാൻ കൊടുത്ത മാതളപ്പഴത്തിൻ/ അകവും പുറവും തുടുത്തു...’’ എന്നാരംഭിക്കുന്ന പാട്ടിൽ ലൈംഗികതക്കാണ് പ്രാമുഖ്യം. പി. സുശീല തനിച്ചു പാടിയ ‘‘കിലുകിലുക്കാം കിളിയുടെ വീട്/ കുളിരാറ്റും കടവിലെ വീട്/ മഴവില്ലിൻ പീലികൾ കൊണ്ടതു / മേയാൻ വന്നവനെതിലേ പോയ്’’ എന്ന ഗാനമാകട്ടെ കുറെക്കൂടി ശാലീനതയുള്ളതും. ഫോട്ടോഗ്രാഫർ ഒരു പെണ്ണിന്റെ ഫോട്ടോ എടുക്കുമ്പോൾ പെരുമാറുന്ന രീതി ഒരു ഹാസ്യഗാനമാക്കി ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സി.ഒ. ആന്റോ ഇത് രസകരമായി പാടിയിട്ടുണ്ട് (ഈ പാട്ട് വയലാർ കൃതികളിൽ ഉൾപ്പെടുത്തിയിട്ടില്ല). ‘‘കണ്ണെന്റെ മുഖത്തോട്ട് /കഴുത്തൊരൽപം ഇടത്തോട്ട്/സ്റ്റെഡി... സ്റ്റെഡി... വൺ... ടു... ത്രീ... താങ്ക് യു.../കമ്പിയഴിക്കകത്ത് പകലിരുന്നുറങ്ങുന്ന/ കമ്പിളി പുതച്ചൊരു മൂപ്പീന്ന്.../ഈ വയസ്സുകാലത്ത് തന്നെ പ്രേമിക്കാൻ/ ചെറുപ്പക്കാരി പെണ്ണെവിടെ..? എന്നിങ്ങനെയാണ് ഈ ഹാസ്യഗാനത്തിന്റെ തുടക്കം. പാട്ടിൽ നർമം കലർത്താൻ പി. ഭാസ്കരനുള്ള പാടവം അനന്യസുന്ദരമാണെന്ന് ഈ പാട്ടു കേൾക്കുന്ന വയലാർ പക്ഷപാതികളും സമ്മതിക്കും.
(തുടരും)