പടങ്ങൾ നാം മറക്കും; പാട്ടുകൾ ഓർമിക്കും
യേശുദാസ് പാടിയ ‘‘പ്രകൃതീ, യുവതീ, രൂപവതീ...’’ എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധിക്കപ്പെടുന്നത് വാക്കുകൾക്കിടയിൽ വരുന്ന ‘‘ഓഹോ’’ എന്ന ഹമ്മിങ്ങിലൂടെയാണ്. അത് ഗാനത്തെ വികലമാക്കി എന്ന സത്യം ദേവരാജൻ മാസ്റ്ററോടുള്ള ഭക്തിയും...
Your Subscription Supports Independent Journalism
View Plansയേശുദാസ് പാടിയ ‘‘പ്രകൃതീ, യുവതീ, രൂപവതീ...’’ എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധിക്കപ്പെടുന്നത് വാക്കുകൾക്കിടയിൽ വരുന്ന ‘‘ഓഹോ’’ എന്ന ഹമ്മിങ്ങിലൂടെയാണ്. അത് ഗാനത്തെ വികലമാക്കി എന്ന സത്യം ദേവരാജൻ മാസ്റ്ററോടുള്ള ഭക്തിയും ആരാധനയും നിലനിർത്തിക്കൊണ്ടുതന്നെപറയാതെ വയ്യ’’ -ശ്രീകുമാരൻ തമ്പി എഴുതുന്നു.
1970 ഒക്ടോബർ 28ന് പുറത്തുവന്ന ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്ന ചിത്രത്തിനു പിന്നിൽ ഒരു ചെറിയ ചരിത്രമുണ്ട്. പ്രശസ്ത നിർമാതാവായ ടി.ഇ. വാസുദേവന്റെ പ്രൊഡക്ഷൻ മാനേജറും ഓഫിസ് മാനേജറുമായി ദീർഘകാലം പ്രവർത്തിച്ച എം.ഒ. ജോസഫിനെ നിർമാണരംഗത്തേക്ക് കൈപിടിച്ചുയർത്തിയത് പി. ബാൽത്തസാർ എന്ന ഗവണ്മെന്റ് കോൺട്രാക്ടറാണ്. ഈ വിവരം ‘നാടൻപെണ്ണ്’ എന്ന സിനിമയിലെ പാട്ടുകളെക്കുറിച്ച് പറഞ്ഞപ്പോൾ സൂചിപ്പിച്ചിട്ടുണ്ട്. എം.ഒ. ജോസഫും (വർക്കിങ് പാർട്ണർ) ബാൽത്തസാറും ബാൽത്തസാറിന്റെ ബന്ധുവായ എൻ.വി. ജോസഫും ചേർന്ന് ആരംഭിച്ച നവജീവൻ ഫിലിംസാണ് ‘നാടൻപെണ്ണ്’, ‘തോക്കുകൾ കഥപറയുന്നു’ എന്നീ ചിത്രങ്ങൾ നിർമിച്ചത്. അതിനുശേഷം എം.ഒ. ജോസഫ് ആ കൂട്ടുകെട്ടിൽനിന്നും സ്വതന്ത്രനായി സ്വന്തം നിർമാണ കമ്പനിയായ ‘മഞ്ഞിലാസ്’ തുടങ്ങി. തുടർന്നും കെ.എസ്. സേതുമാധവൻതന്നെ മഞ്ഞിലാസിന്റെ സിനിമകൾ സംവിധാനംചെയ്തു. ബാൽത്തസാർ ശശികുമാറിനെ സംവിധായകനാക്കി ‘വെളുത്ത കത്രീന’ എന്ന സിനിമ നിർമിച്ചു. പിന്നീട് ബാൽത്തസാർ എന്ന നിർമാതാവ് സംവിധായകനാകാൻ തീരുമാനിച്ചു.
പ്രശസ്തരായ എഴുത്തുകാരെ ഒഴിവാക്കി തന്റെ സുഹൃത്തുകൂടിയായ കെ. ശിവദാസൻ എന്ന കോളജ് അധ്യാപകനെക്കൊണ്ട് തിരക്കഥയും സംഭാഷണവും പാട്ടുകളും എഴുതിച്ചു. ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ബാൽത്തസാറിന്റെ സഹപാഠികൂടിയായ സംഗീതസംവിധായകൻ ദേവരാജന് ശിവദാസൻ എഴുതിയ ഗാനങ്ങൾ ഇഷ്ടപ്പെട്ടില്ല. വയലാർ രാമവർമ തന്നെ പാട്ടുകൾ എഴുതണമെന്ന് ദേവരാജൻ നിർബന്ധിച്ചു. അങ്ങനെ കെ. ശിവദാസ് തിരക്കഥാകൃത്തും സംഭാഷണ രചയിതാവും മാത്രമായി. സംവിധാനത്തിൽ ബാൽത്തസാറിനെ സഹായിച്ച പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ തൃപ്രയാർ സുകുമാരൻ (‘ഭ്രഷ്ട്’ എന്ന സിനിമയുടെ സംവിധായകൻ) തിരക്കഥയിലും സംഭാഷണത്തിലും മാറ്റം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. ഒടുവിൽ കെ. ശിവദാസന്റെ സഹകരണത്തോടെ നിർമാണ യൂനിറ്റ് തന്നെ സംഭാഷണം മാറ്റിയെഴുതി. ചിത്രത്തിന്റെ ടൈറ്റിലിലും ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും കെ. ശിവദാസന്റെ ഒരു കഥാപ്രസംഗം ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ വരുന്ന ഈരടികൾ പാടിയത് പി.ബി. ശ്രീനിവാസാണ്. ഈ വരികൾക്ക് സംഗീതം നൽകിയത് ദേവരാജൻ തന്നെ. ‘‘കവിതയോ നിന്റെ കണ്ണിൽ..?’’ എന്ന വരിയിലാണ് കഥാപ്രസംഗം തുടങ്ങുന്നത്.
വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ നാലു പാട്ടുകളാണ് ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്ന സിനിമയിൽ ഉണ്ടായിരുന്നത്. യേശുദാസ് പാടിയ ‘‘പ്രകൃതീ, യുവതീ, രൂപവതീ...’’ എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധിക്കപ്പെടുന്നത് വാക്കുകൾക്കിടയിൽ വരുന്ന ‘‘ഓഹോ’’ എന്ന ഹമ്മിങ്ങിലൂടെയാണ്. അത് ഗാനത്തെ വികലമാക്കി എന്ന സത്യം ദേവരാജൻ മാസ്റ്ററോടുള്ള ഭക്തിയും ആരാധനയും നിലനിർത്തിക്കൊണ്ടുതന്നെ പറയാതെ വയ്യ. ‘‘പ്രകൃതീ, യുവതീ, രൂപവതീ/ പ്രേമം... ഓഹോ... നിന്നോടെനിക്കുള്ള/ഹൃദയവികാരം പ്രേമം... ഓഹോ.../പ്രേമം, ഓഹോ... ഓഹോ.../ നിന്റെയുഷസ്സുകൾ, നിന്റെ ത്രിസന്ധ്യകൾ,/നിന്റെ രാത്രികൾ രാഗിണിപ്പൂക്കൾ/ അവയുടെ കതിർമണ്ഡപങ്ങളിൽനിന്നു ഞാൻ/ ആയിരം വർണങ്ങൾ കവർന്നെടുത്തു.../ അനുഭൂതികൾക്കു നിറം കൊടുത്തു.../ ഓഹോ... ഓഹോ... ഓഹോ...’’ പി. സുശീല പാടിയ താരാട്ടും ഈ ചിത്രത്തിലുണ്ട്. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കരയാതെ മുത്തേ... കരയാതെ... /കളങ്കമില്ലാത്ത മുഖപ്രസാദം/ കണ്ണുനീർകൊണ്ടു നീ കഴുകാതെ...’’ തുടർന്നുള്ള ചരണം ഇങ്ങനെ: ‘‘പൊൻപുഞ്ചിരിയുടെ കിലുക്കാം ചെപ്പുകൾ/ എന്തേ കുലുങ്ങിയില്ല; ഇന്നെന്തേ കിലുങ്ങിയില്ല/ പഞ്ചാരയുമ്മകൾ പോരാഞ്ഞിട്ടോ/ പാതിരാസ്വപ്നം ഉണർത്തിയിട്ടോ... മാധുരി പാടിയ ‘‘കണ്ണനെന്റെ കളിത്തോഴൻ’’ എന്ന ഗാനമാണ് ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടത്.
‘‘കണ്ണനെന്റെ കളിത്തോഴൻ -മണി/ വർണനെന്റെ കളിത്തോഴൻ/കാലത്തു ശ്രീകോവിൽ തുറക്കുമ്പോൾ ഞാൻ/ കണികണ്ടുണരും അയൽക്കാരൻ’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം. മാധുരി തന്നെ പാടിയ ‘‘കുറുക്കൻ രാജാവായി’’ എന്ന പാട്ട് അതിൽ നിറഞ്ഞുനിൽക്കുന്ന ‘സറ്റയർ’കൊണ്ട് ആകർഷകമായി.
‘‘കുറുക്കൻ രാജാവായി/കുരങ്ങൻ മന്ത്രിയായി/ അനന്തൻകാട്ടിലെ കഴുതകളെല്ലാം/ ആസ്ഥാനഗായകരായി... / വെൺചാമരക്കാട്ടിൻ കീഴിൽ/ പഞ്ചലോഹ മണിപീഠത്തിൽ പട്ടുക്കുട ചൂടി രാജാവിരുന്നു/ പട്ടാഭിഷേകം നടന്നു -കുറുക്കന്റെ/ പട്ടാഭിഷേകം നടന്നു’’ ഇങ്ങനെ തുടരുന്നു ആ ഗാനം.
എന്തൊക്കെയായാലും ‘ആ ചിത്രശലഭം പറന്നോട്ടെ’ എന്ന സിനിമയിലെ ഗാനങ്ങൾ വയലാർ-ദേവരാജൻ ടീമിൽനിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്കുയർന്നില്ല. ചിത്രവും ബോക്സോഫിസിൽ തകർന്നു.
നടൻ മധു സംവിധാനംചെയ്ത പ്രഥമ ചിത്രമായ ‘പ്രിയ’യാണ് കേരളത്തിലെ തിയറ്ററുകളിൽ വന്ന അടുത്ത ചിത്രം. നാടകത്തെ സ്നേഹിക്കുകയും ഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് നാടകസംവിധാനം അഭ്യസിക്കുകയും ചെയ്ത പി. മാധവൻ നായർ എന്ന മധു പ്രശസ്ത സംവിധായകനായ രാമു കാര്യാട്ടിനെ പരിചയപ്പെട്ടതിനെ തുടർന്നാണ് സിനിമാനടനായി മാറിയത്. ദൃശ്യമാധ്യമരംഗത്ത് സംവിധായകനാകണം എന്ന മോഹം അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്നു വ്യക്തം. അനുകൂല സാഹചര്യം വന്നപ്പോൾ അദ്ദേഹം സിനിമ സംവിധാനംചെയ്യാൻ തീരുമാനിച്ചു. എൻ.പി. അലിയും എൻ.പി. അബുവും ചേർന്നു തുടങ്ങിയ ജമ്മു പിക്ചേഴ്സ് എന്ന സ്ഥാപനമാണ് ‘പ്രിയ’ എന്ന സിനിമ നിർമിച്ചത്. ചെറുകഥാകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും പ്രശസ്തനായ സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവലിനെ ആധാരമാക്കിയാണ് മധു ‘പ്രിയ’ എന്ന സിനിമ ഒരുക്കിയത്. ചിത്രത്തിന് സി. രാധാകൃഷ്ണൻതന്നെ തിരക്കഥയും സംഭാഷണവും എഴുതി. മധു എന്ന കലാകാരൻ ഒരിക്കലും ഒരു സൂപ്പർസ്റ്റാർ പദവി സ്വപ്നം കാണുകയോ അതിനായി പരിശ്രമിക്കുകയോ ചെയ്തില്ല. അതിനുവേണ്ടി സ്വന്തം ഇമേജ് വളർത്തിയെടുക്കാനും അദ്ദേഹം ഒരുങ്ങിയില്ല. ആദ്യമായി സംവിധാനംചെയ്ത സിനിമയിൽ നന്മകൾ മാത്രം ചെയ്യുന്ന മഹാപുരുഷനായിട്ടല്ല, ഒരു ദുഷ്ട കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത് എന്ന വസ്തുത ഈ ലേഖകനെപ്പോലുള്ളവരെ ശരിക്കും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ബംഗാളി നടിയായ ലില്ലി ചക്രവർത്തിയാണ് ‘പ്രിയ’ എന്ന സിനിമയിലെ നായിക. അടൂർ ഭാസി, ബഹദൂർ, വീരൻ, ശങ്കരാടി, ജയഭാരതി, സുകുമാരി, മീന, ഖദീജ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു നടീനടന്മാർ. യൂസഫലി കേച്ചേരി രചിച്ച ആറു ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നു. മഹേന്ദ്ര കപൂർ, എസ്. ജാനകി, പി. ലീല, ലത (ലത രാജു) എന്നിവർ ഗാനങ്ങൾ പാടി. യേശുദാസോ ജയചന്ദ്രനോ മധു സംവിധാനംചെയ്ത ആദ്യചിത്രത്തിൽ പാടിയിട്ടില്ല എന്നതും ശ്രദ്ധേയം.
യൂസഫലിയുടെ രചനയും എം.എസ്. ബാബുരാജിന്റെ സംഗീതവും ഒരുപോലെ മികച്ചതായിരുന്നു. ‘‘ബോംബേ... ബോംബേ... ബോംബേ... / സാഗരകന്യക മുടിയിൽ ചൂടിയ/ സൗഭാഗ്യ നവരത്നഹാരം/ സ്വർഗവും നരകവും ഹൃദയത്തിലൊതുക്കിയ/ സുന്ദരഭീകരനഗരം’’ എന്നിങ്ങനെ തുടങ്ങുന്നു മഹേന്ദ്ര കപൂർ പാടിയ ഗാനം, ബോംബെയെക്കുറിച്ചുള്ള പാട്ടായതുകൊണ്ടായിരിക്കാം ആ പാട്ടിനു മഹേന്ദ്ര കപൂറിന്റെ ശബ്ദം ഉപയോഗിച്ചത്. ഗാനത്തിലെ ആദ്യചരണം ഇങ്ങനെ: ‘‘മദകരമന്മഥ ലീലകളൊരിടം/ മദിരോത്സവങ്ങളൊരിടം/ പൊരിയുന്ന ഹൃദയവും/ എരിയുന്ന വയറുമായ്/ നീറുന്ന ജീവികളൊരിടം...’’ പി. ലീലയും എസ്. ജാനകിയും ചേർന്നു പാടിയ ‘‘കണ്ണൊന്നു തുറക്കൂ ദീപങ്ങളേ...’’ എന്ന ഗാനം മികച്ചതായി.
‘‘കണ്ണൊന്നു തുറക്കൂ ദീപങ്ങളേ/ മണ്ണിലിറങ്ങിയ താരങ്ങളേ/ കനകനിലാവിൻ പൈതങ്ങളേ /കാർത്തികരാവിൻ പുളകങ്ങളേ/ ഞങ്ങൾ വിടർത്തും മണിദീപമേ മലരുകൾ/ നുള്ളരുതേ നീ പൂങ്കാറ്റേ/ മലരണിമുറ്റത്ത് ഞങ്ങൾ നല്ലൊരു/ മണിദീപമാലിക കൊരുത്തോട്ടെ...’’ ലത രാജു പാടിയ പ്രാർഥനാഗാനം പ്രശസ്തി നേടിയെടുത്തു.
‘‘കണ്ണിനു കണ്ണായ കണ്ണാ -എന്നും /ഗുരുവായൂർ വാഴും താമരക്കണ്ണാ/ ഈരേഴു ലോകവും നിന്നെ കാണാൻ/ ഇരവും പകലും തേടുന്നു/ മഴമുകിൽവർണാ നിന്നുടൽ കാണാൻ/മനസ്സിനു കണ്ണുകൾ നൽകൂ നീ...’’
എസ്. ജാനകി തനിച്ചു പാടിയ മൂന്നു പാട്ടുകൾ കൂടി ‘പ്രിയ’യിലുണ്ട്. ‘‘കണ്ണീരാലൊരു പുഴയുണ്ടാക്കി/ കളിവഞ്ചി തുഴയുന്നു കാലം/ കളിവഞ്ചി തുഴയുന്നു/ ഉരുകും കരളാൽ വിധിയുടെ കൈകൾ/ ഊഞ്ഞാലു കെട്ടുന്നു -ആടാൻ/ ഊഞ്ഞാലു കെട്ടുന്നു’’ എന്ന ഗാനമാണ് ഒന്ന്. ജാനകി പാടിയ അടുത്ത ഗാനം ഇങ്ങനെ ആരംഭിക്കുന്നു:
‘‘വിണ്ണിലെ കാവിൽ പുലരുമ്പോൾ/ സ്വർണംകൊണ്ടു തുലാഭാരം/ പുതുപൂവുകളാൽ ഭൂമീദേവിക്ക്/ പുലരും മുൻപേ നിറമാല...’’ എസ്. ജാനകി തന്നെ ശബ്ദം നൽകിയ ഒരു വ്യത്യസ്തഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ആടാനുമറിയാം, കാമുകഹൃദയത്തെ/ അമ്മാനമാടാനുമറിയാം...’’ സാധാരണയായി ഈ വകുപ്പിൽപെട്ട മദാലസഗാനങ്ങൾ അക്കാലത്ത് എൽ.ആർ. ഈശ്വരിയാണ് പാടി ഫലിപ്പിച്ചിട്ടുള്ളത്. എന്നാൽ, ഏതു സ്വഭാവത്തിലുള്ള പാട്ടും തനിക്കു പാടാൻ കഴിയുമെന്ന് എസ്. ജാനകി തെളിയിച്ചിട്ടുണ്ട്, പലപ്പോഴും. ഈ പാട്ടും അവർ അതിമനോഹരമായി പാടി.
‘‘ആടാനുമറിയാം, കാമുകഹൃദയത്തെ/ അമ്മാനമാടാനുമറിയാം/ പാടാനുമറിയാം, കാമുകഹൃദയത്തെ/ പാട്ടിലാക്കാനുമറിയാം...’’ ഈ പാട്ടിൽ യൂസഫലിയുടെ ചില രസകരമായ വരികളുണ്ട്. അവ കൂടി ശ്രദ്ധിക്കുക. ‘‘മോഹന ഹേമന്ത ശീതളരാത്രിയിൽ/ മോഹങ്ങൾക്കെല്ലാം ചിറകു വെച്ചു/ പാലപ്പൂങ്കൊമ്പിലെ കസ്തൂരിച്ചെപ്പ്/ പാതിരാതെന്നൽ തുറന്നുവെച്ചു.../ മണിയറക്കുള്ളിലെ ചന്ദനക്കട്ടിലിൽ/ മലരണിമെത്ത ഞാൻ വിരിച്ചു...’’
‘പ്രിയ’ എന്ന സിനിമയിലെ പാട്ടുകൾ ഒന്നുംതന്നെ മോശമായിരുന്നില്ല. എന്നുതന്നെയല്ല, രണ്ടു മൂന്നു പാട്ടുകൾ ഹിറ്റുകളായി. മധുവിന്റെ സംവിധാനശൈലിയിലും പുതുമയുണ്ടായിരുന്നു. മികച്ച തിരക്കഥയും സംഗീതവും ചേർന്നപ്പോൾ ‘പ്രിയ’ ഒരു നല്ല സിനിമയായി. 1970 നവംബർ 28നാണ് മധു സംവിധാനംചെയ്ത പ്രഥമ ചിത്രമായ ‘പ്രിയ’ തിയറ്ററുകളിൽ എത്തിയത്.
ജയ് മാരുതി പ്രൊഡക്ഷൻസിന്റെ പേരിൽ ടി.ഇ. വാസുദേവൻ നിർമിച്ച ‘ലോട്ടറി ടിക്കറ്റി’ന്റെ കഥ വളരെ ലളിതമായിരുന്നു. സംഭവപരമ്പരകൾ നിറഞ്ഞ പതിവു സിനിമകളിൽനിന്ന് തികച്ചും വ്യത്യസ്തം. കഥാനായകൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് സമ്മാനം നേടുന്നു. പെട്ടെന്ന് അത് അപ്രത്യക്ഷമാകുന്നു. തുടർന്ന്, പല വ്യക്തികളും സംശയത്തിന്റെ നിഴലിൽ വരുന്നു. ലോട്ടറി ടിക്കറ്റ് വിൽപനക്കാരനായി വേഷമിട്ട അടൂർ ഭാസിയുടെ ഹാസ്യരംഗങ്ങൾ, നായകനും (പ്രേംനസീർ) നായികയും (ഷീല) തമ്മിലുള്ള പ്രണയരംഗങ്ങൾ, തുടർന്ന് സംശയത്തിന്റെ നിഴൽ അവരെ അകറ്റുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, യഥാർഥ വില്ലന്റെ വരവ്, തുടർന്നുണ്ടാകുന്ന സംഘട്ടനങ്ങൾ... ഒടുവിൽ എല്ലാം കലങ്ങിത്തെളിയുന്നു. ലോട്ടറി ടിക്കറ്റ് കണ്ടെത്തുന്നു. നായകനുതന്നെ സമ്മാനത്തുക ലഭിക്കുന്നു.
വി. ദേവൻ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതി. എ.ബി. രാജ് ചിത്രം സംവിധാനംചെയ്തു. പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, അടൂർ ഭാസി, ആറന്മുള പൊന്നമ്മ, ജി.കെ. പിള്ള, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻ കുട്ടി, മീന, പ്രേമ, സാധന, ശങ്കരാടി, ശ്രീലത, പറവൂർ ഭരതൻ, മുതുകുളം രാഘവൻ പിള്ള തുടങ്ങിയവർ അഭിനയിച്ചു.
ഇങ്ങനെയുള്ള ഒരു സിനിമയിൽ പാട്ടുകൾക്കെന്തു സ്ഥാനം? എന്നാൽ, താൻ നിർമിക്കുന്ന ആക്ഷൻ സിനിമകളിലും ഏഴും എട്ടും പാട്ടുകൾ ഉൾപ്പെടുത്തുന്ന നിർമാതാവായിരുന്നു ടി.ഇ. വാസുദേവൻ. ‘‘പ്രേക്ഷകർ സിനിമ മറന്നാലും വർഷങ്ങൾക്ക് ശേഷവും പാട്ടുകൾ നിലനിൽക്കണം’’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയിലും ശ്രീകുമാരൻ തമ്പി എഴുതിയ ആറു ഗാനങ്ങൾ ഉണ്ടായിരുന്നു. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീത സംവിധായകൻ. യേശുദാസും പി. ലീലയും അടൂർ ഭാസിയുമാണ് പാട്ടുകൾ പാടിയത്. ‘‘മനോഹരി നിൻ മനോരഥത്തിൽ...’’ എന്ന് തുടങ്ങുന്ന യേശുദാസ് പാടിയ സൂപ്പർഹിറ്റ് ഗാനം ഈ സിനിമയിൽ ഉള്ളതാണ്.
‘‘മനോഹരി നിൻ മനോരഥത്തിൽ/ മലരോടു മലർ തൂവും മണിമഞ്ചത്തേരിൽ/ മയങ്ങുന്ന മണിവർണനാരോ/ ആരാധകനാണോ... ഈ/ ആരാധകനാണോ..?’’ എന്ന ഗാനം പ്രശസ്തമാണ്. പാട്ടിലെ ആദ്യചരണം ഇതാണ്. ‘‘ഹൃദയവതീ നിൻ മധുരവനത്തിലെ/മലർവാടമൊരുവട്ടം തുറക്കുകില്ലേ,/അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും/ നുകരുവാൻ അനുവാദം തരികയില്ലേ/ അധരദളപുടം നീ വിടർത്തിടുമ്പോൾ/ അതിലൊരു ശലഭമായ് ഞാനമരും...’’
‘ലോട്ടറി ടിക്കറ്റി’നുവേണ്ടി യേശുദാസ് പാടിയ മറ്റൊരു ഗാനമിതാണ്. ‘‘കുംഭമാസ നിലാവുപോലെ/ കുമാരിമാരുടെ ഹൃദയം/ തെളിയുന്നതെപ്പോഴെന്നറിയില്ല/ ഇരുളുന്നതെപ്പോഴെന്നറിയില്ല...’’ ഈ ഗാനവും പ്രശസ്തമാണ്. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ചന്ദ്രകാന്തക്കല്ലുപോലെ/ ചാരുമുഖി തൻ അധരം/ ഉരുകുന്നതെപ്പോഴെന്നറിയില്ല/ ഉറയ്ക്കുന്നതെപ്പോഴെന്നറിയില്ല/ ചിരിക്കും ചിലപ്പോൾ/ ചതിക്കും ചിലപ്പോൾ/ കഥയാണതു വെറും കടങ്കഥ...’’
യേശുദാസ് പാടിയ മൂന്നാമത്തെ ഗാനമിതാണ്. ‘‘പൂമിഴിയാൽ പുഷ്പാഭിഷേകം/പുഞ്ചിരിയാൽ പുളകാഭിഷേകം/ ആരോമലേ നീയരികത്തു വന്നാൽ/ ആത്മാവിലാകെ അമൃതാഭിഷേകം...’’ ഈ പാട്ടും സാമാന്യം പ്രശസ്തി നേടി. പാട്ടിലെ തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘മഴമേഘ കാർകൂന്തൽ ഇളകുന്നു പിന്നിൽ/ മതിലേഖ പോൽ നെറ്റി തെളിയുന്നു മുന്നിൽ/ തിരനോട്ടം നടത്തുന്നോരളകങ്ങൾ തുള്ളി/ കുളിർതെന്നലത്തിൽനിന്നു രോമാഞ്ചം നുള്ളി...’’
യേശുദാസും പി. ലീലയും സംഘവും പാടിയ ‘‘കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ’’ എന്നു തുടങ്ങുന്ന ഒരു നൃത്തഗാനവും ‘ലോട്ടറി ടിക്കറ്റി’ലുണ്ട്. ഈ ഗാനത്തിലൂടെ കേരളത്തിലെ പ്രധാന ദൃശ്യകലകളുടെ ചരിത്രമാണ് പറയുന്നത്.
‘‘കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ കലയുടെ നാടേ മലനാടേ.../ കൽപന തൻ കളിവഞ്ചിപ്പാട്ടുകൾ/കല്ലോലിനികളായ് ഒഴുകും നാടേ.../ മോഹമുണർത്തും മോഹിനിയാട്ടം/മോടിയിലാടും ദേവദാസികൾ/ അമ്പലനടയിൽ തംബുരു മീട്ടി/ അവിടെ വളർന്നു കൂടിയാട്ടവും കൂത്തും.../ കൈരളിയുണർന്നു കൈരളിയുണർന്നു/ കൈരളി -ഉണർന്നുണർന്നു...’’
അതിനു ശേഷമുള്ള വരികൾ കൃഷ്ണനാട്ടം, രാമനാട്ടം, കഥകളി തുടങ്ങിയ കലകളെപ്പറ്റി പറയുന്നു. അടൂർ ഭാസി പാടിയ ലോട്ടറി ടിക്കറ്റ് വിൽപനപ്പാട്ടും ഒരുവിഭാഗം ആസ്വാദകർ ഇഷ്ടപ്പെട്ടു. ആ ഗാനമിതാണ്. ‘‘ഒരു രൂപാ നോട്ടു കൊടുത്താൽ/ ഒരു ലക്ഷം കൂടെ പോരും/ ഭാരം താങ്ങി തളരുന്നവരേ/ ഭാഗ്യം നിങ്ങളെ തേടിനടപ്പൂ/ വരുവിൻ -നിങ്ങൾ വരുവിൻ/ മായമില്ല, മന്ത്രമില്ല, ജാലവുമില്ല...’’
(ഈ സിനിമ നിർമിച്ച കാലത്ത് കേരളത്തിൽ ഒരു ലോട്ടറി ടിക്കറ്റിന് ഒരു രൂപ മാത്രമായിരുന്നു വില). ചലച്ചിത്രഗാനങ്ങളെപ്പറ്റി പ്രശസ്ത നിർമാതാവായിരുന്ന വാസു സാർ എന്ന ടി.ഇ. വാസുദേവൻ ദീർഘദർശനം നടത്തിയത് എത്ര സത്യം..! ‘‘ഞാൻ നിർമിക്കുന്ന ആക്ഷൻ സിനിമകളിലും നല്ല പാട്ടുകൾ വേണം. പടങ്ങൾ മറന്നാലും ജനങ്ങൾ അതിലെ പാട്ടുകൾ ഓർമിക്കണം.’’