Begin typing your search above and press return to search.
proflie-avatar
Login

സി.ഐ.ഡി ചിത്രത്തിലെ പ്രണയഗാനങ്ങൾ

സി.ഐ.ഡി ചിത്രത്തിലെ   പ്രണയഗാനങ്ങൾ
cancel

‘‘ഒരു സിനിമയിൽ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാവുക, യേശുദാസ് പാടിയ പാട്ട് അത്രയും ശ്രദ്ധിക്കപ്പെടാതെ പോവുക എന്നത് തീർച്ചയായും ഒരു അപൂർവസംഭവം തന്നെയാണ്. ഈ സിനിമയിൽ അങ്ങനെ സംഭവിച്ചു; കാരണം ആ പാട്ടിന്റെ ഡിസ്ക് ഇറങ്ങിയില്ല’’ - ഗാനരചയിതാവും കവിയുമായ ലേഖക​ന്റെ ​‘സംഗീതയാ​ത്രകൾ’ തുടരുന്നു.‘നവവധു’വിനു ശേഷം മലയാളത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ പേര് ‘തെറ്റ്’ എന്നായിരുന്നു. ‘നവവധു’വും ‘തെറ്റും’ തൊട്ടടുത്ത ദിവസങ്ങളിലാണ് തിയറ്ററുകളിൽ എത്തിയത്, ‘നവവധു’ ഏപ്രിൽ ഒമ്പതിനും ‘തെറ്റ്’ ഏപ്രിൽ പത്തിനും. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്‌ത ‘തെറ്റ്’ എന്ന ചിത്രം സി.സി. ബേബി, വി.എം. ചാണ്ടി...

Your Subscription Supports Independent Journalism

View Plans
‘‘ഒരു സിനിമയിൽ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാവുക, യേശുദാസ് പാടിയ പാട്ട് അത്രയും ശ്രദ്ധിക്കപ്പെടാതെ പോവുക എന്നത് തീർച്ചയായും ഒരു അപൂർവസംഭവം തന്നെയാണ്. ഈ സിനിമയിൽ അങ്ങനെ സംഭവിച്ചു; കാരണം ആ പാട്ടിന്റെ ഡിസ്ക് ഇറങ്ങിയില്ല’’ - ഗാനരചയിതാവും കവിയുമായ ലേഖക​ന്റെ ​‘സംഗീതയാ​ത്രകൾ’ തുടരുന്നു.

‘നവവധു’വിനു ശേഷം മലയാളത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ പേര് ‘തെറ്റ്’ എന്നായിരുന്നു. ‘നവവധു’വും ‘തെറ്റും’ തൊട്ടടുത്ത ദിവസങ്ങളിലാണ് തിയറ്ററുകളിൽ എത്തിയത്, ‘നവവധു’ ഏപ്രിൽ ഒമ്പതിനും ‘തെറ്റ്’ ഏപ്രിൽ പത്തിനും. കെ.എസ്. സേതുമാധവൻ സംവിധാനംചെയ്‌ത ‘തെറ്റ്’ എന്ന ചിത്രം സി.സി. ബേബി, വി.എം. ചാണ്ടി എന്നീ സുഹൃത്തുക്കൾ ചേർന്നു തുടങ്ങിയ എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രൂപംകൊണ്ട പ്രഥമ സിനിമയായിരുന്നു, ‘തെറ്റി’ന് ശേഷം തുടർച്ചയായി സിനിമകൾ നിർമിച്ച് എം.എസ് പ്രൊഡക്ഷൻസ് മലയാളത്തിലെ പ്രധാന നിർമാണക്കമ്പനികളിലൊന്നായി വളർന്നു.

നോവലിസ്റ്റ് പി. അയ്യനേത്ത് എഴുതിയ ‘തെറ്റ്’ എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് സംഭാഷണം രചിച്ചത്. വയലാറും ദേവരാജനും ചേർന്ന് ഗാനങ്ങളൊരുക്കി. യേശുദാസ്, പി. സുശീല, പി. മാധുരി എന്നിവർ ഗാനങ്ങൾ പാടി. സത്യൻ, ഷീല, കെ.പി. ഉമ്മർ, സാധന, ടി. ആർ. ഓമന, ബേബിശോഭ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിലെ രണ്ടു മൂന്നു പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. യേശുദാസ് പാടിയ ‘‘തെറ്റ്... തെറ്റ്...തെറ്റ്.../ഇത് തുടങ്ങിയതെന്നോ, എവിടെയോ/ യഹോവയുടെ ശിൽപശാലയിലോ/ ഏദൻ തോട്ടത്തിലോ.../മഗ്നലനയിലെ തെരുവിൽ വെച്ചോ/ മാലിനീതടത്തിൽ വെച്ചോ മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ/ മാദകമധുപാത്രം നൽകി/ ആ തെറ്റ് ജയിക്കുന്നു/ ചരിത്രം ആവർത്തിക്കുന്നു’’ എന്ന ഗാനം മികച്ചതാണ്.

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘ഇണക്കം... പിണക്കം...’’ എന്നു തുടങ്ങുന്നു. ‘‘ഇണക്കം പിണക്കം -ഇത്/ മനുഷ്യകഥയുടെ ചുരുക്കം/ ഒരുക്കം മുടക്കം -ഇത്/പ്രണയകഥയുടെ തുടക്കം...’’

പ്രണയത്തിന്റെ അർഥവും അനർഥവും അനേകം കവിതകളിലൂടെയും ഗാനങ്ങളിലൂടെയും നമ്മളെ പഠിപ്പിച്ച മഹാനായ കവിയാണല്ലോ വയലാർ. ഗാനത്തിലെ തുടർന്നുള്ള വരികൾ ഇങ്ങനെ:

‘‘ഋതുക്കൾ വരും മടങ്ങും/ മുത്തു വിതയ്ക്കും തിരിച്ചെടുക്കും/ വിരിയും പുഷ്പം കൊഴിയും -അതിൻ/ സുഗന്ധംകൊണ്ടു നിറയും / ആ സുഗന്ധം നിലനിൽക്കും/ ആയിരം യുഗങ്ങൾ അതാസ്വദിക്കും.’’ അടുത്ത ചരണത്തിലും വിധി തകർത്താലും അതിജീവിക്കുന്ന പ്രണയത്തിന്റെ ഗരിമയെക്കുറിച്ചു തന്നെ കവി പറയുന്നു.

യേശുദാസ് തന്നെ പാടിയ ‘‘നടന്നാൽ നീയൊരു സ്വർണഹംസം...’’ എന്നു തുടങ്ങുന്ന ഗാനവും ഹിറ്റ്ചാർട്ടിലെത്തി.

‘‘നടന്നാൽ നീയൊരു സ്വർണഹംസം -പൂത്തു/ വിടർന്നാൽ നീയൊരു പാരിജാതം/ നിറച്ചാൽ നീയൊരു പാനപാത്രം/അടുത്തിരുന്നാൽ നീയൊരു രോമഹർഷം’’ എന്ന പല്ലവി കഴിഞ്ഞാൽ തുടരുന്ന വരികളിൽ പ്രേമത്തെപ്പോലെ തന്നെ കാമവും ജ്വലിക്കുന്നു.

‘‘കിടന്നാൽ കട്ടിൽ നിറയും -ഈ/ മുടിയിൽ കൈവിരലോടുമ്പോൾ/ മധുരാംഗീ നീയണിയുന്നതേതൊരു/ മദനപരാഗം / മദനപുഷ്പരാഗം...’’

പി. സുശീല പാടിയ ഗാനവും ക്രിസ്ത്യൻ അന്തരീക്ഷവുമായി ഇണങ്ങുന്നതും ആകർഷകവുമാണ്: ‘‘പള്ളിയരമന വെള്ളിയരമനയിൽ/ പൊന്നുകൊണ്ടൊരാൾരൂപം/ ചിത്രമണിയറ മുത്തുമണിയറയിൽ/ ശിൽപി തീർത്തൊരാൾ രൂപം -സ്വപ്ന/ ശിൽപി തീർത്തൊരാൾരൂപം...’’ രചനകൊണ്ടും ഈണംകൊണ്ടും ഈ പാട്ട് ശ്രദ്ധേയമായി. പി. മാധുരി പാടുന്ന ‘‘കുന്നുംപുറത്തൊരു മിന്നലാട്ടം/ കുഞ്ഞുണരമ്മിണിക്കുഞ്ഞുണര് / കുന്നത്തെ ചന്ദ്രനോ അമ്പിളിമാമനോ/ കുഞ്ഞിന്റച്ഛനോ... ആരാരോ...’’ എന്നു പല്ലവിയുള്ള ഒരു പാട്ടും ‘തെറ്റ്’ എന്ന സിനിമയിൽ ഉണ്ടായിരുന്നു.

ഈ ഗാനരംഗത്തിൽ അഭിനയിച്ചത് ഷീലയും ബേബി ശോഭയുമായിരുന്നു, ഈ ബേബി ശോഭയാണ് വളർന്നു വലുതായി പത്തൊമ്പതാം വയസ്സിൽ ദുരൈ സംവിധാനം ചെയ്ത ‘പശി’(വിശപ്പ്) എന്ന തമിഴ്‌ സിനിമയിലൂടെ ഇന്ത്യയിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടുകയും അധികം താമസിയാതെ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്ത ശോഭ എന്ന അഭിനേത്രി. സേതുമാധവൻ സംവിധാനം നിർവഹിച്ച ‘തെറ്റ്’ എന്ന ചിത്രം തെല്ലും മോശമായിരുന്നില്ല. ജീവിത യാഥാർഥ്യങ്ങൾ തുറന്നുപറയുന്ന സിനിമ, രണ്ടു മൂന്നു നല്ല പാട്ടുകളും ചിത്രത്തിലുണ്ടായിരുന്നു. എന്നിട്ടും സിനിമ സാമ്പത്തികവിജയം നേടിയില്ല.

‘കബനീ നദി ചുവന്നപ്പോൾ’, ‘ചുവന്ന വിത്തുകൾ’, ‘മണിമുഴക്കം’, ‘സംഘഗാനം’ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലെ നവധാരാ സിനിമയുടെ വക്താക്കളിൽ പ്രധാനിയായി മാറിയ സംവിധായകൻ പി.എ. ബക്കർ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് എന്ന നിലയിലാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. ‘നീലക്കുയിൽ’ പോലെയുള്ള മികച്ച ചിത്രങ്ങൾ നിർമിച്ച ചന്ദ്രതാരാ പ്രൊഡക്ഷൻസിൽ പ്രധാന എക്സിക്യൂട്ടിവ്‌ ആയിരുന്ന ആർ.എസ്. പ്രഭുവിന്റെ സഹായിയായായിരുന്നു തുടക്കം.

പിന്നീട് അദ്ദേഹം പി.എൻ. മേനോനെ സംവിധായകനാക്കി ‘ഓളവും തീരവും’ നിർമിച്ച് ചലച്ചിത്ര നിർമാതാവായി. സ്വന്തമായി ഫിലിം വിതരണക്കമ്പനി ആരംഭിച്ച നടൻ ബഹദൂറിന്റെ സഹായത്തോടെ ബക്കർ നിർമിച്ച് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ പി.എം. അബ്ദുൽ അസീസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മാൻപേട’. ജയഭാരതി ആയിരുന്നു ഈ സിനിമയിലെ നായിക. ജേസി, മുത്തയ്യ, പ്രേംനവാസ്, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടായിരുന്നു. ഗാനങ്ങളുടെ സ്ഥാനത്ത് ശ്രീകുമാരൻ തമ്പി രചിച്ച രണ്ടു ലഘു കവിതകളാണ് ഉപയോഗിച്ചത്. ഈ കവിതകൾക്ക് എം.എസ്. ബാബുരാജ് ഈണം പകർന്നു.

 

പി.എ. ബക്കർ, പി.എൻ. മേനോൻ

‘‘ഉഷസ്സിന്റെ ഗോപുരങ്ങൾ ഉയർന്നുവല്ലോ.../ ഉഷാമലരീനികുഞ്ജം ഉണർന്നുവല്ലോ/ ഉദയത്തിൻ തേരുരുളും നഭോരത്ന വീഥികളിൽ/ ഉപവന ജാലകങ്ങൾ തുറന്നുവല്ലോ... എത്ര പ്രിയങ്കരി എത്ര പ്രഭാമയി/ എത്ര പ്രസന്നയീ ഭൂമി വിടപറയുമ്പോൾ നീലരജനിയാം കാമുകി തൻ/ കരിമിഴി നനയിച്ച കുളിർമിഴിനീര്/ മഴവില്ലു സ്വപ്നം കണ്ടു മയങ്ങുന്നു തുഷാരമായ്​/ മരതകമണ്ഡപത്തിൻ മകുടങ്ങളിൽ/എത്ര മനോഹരി എത്ര ലജ്ജാവതി/ എത്ര വിനീതയീ ഭൂമി...’’ എന്നിങ്ങനെ തുടരുന്ന ആദ്യ കവിത കൊച്ചിൻ ഇബ്രാഹിം എന്ന ഗായകനാണ് പാടിയത്. മികച്ച ഗായകൻ എന്ന പ്രശസ്തി ഗാനമേളകളിലൂടെ നേടിയെടുത്തിട്ടും സിനിമയിൽ അവസരം ലഭിക്കാത്ത കലാകാരനായിരുന്നു കൊച്ചിൻ ഇബ്രാഹിം. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

‘‘നീലത്താമരപ്പൂവേ... നിന്നെ/ നിറകണ്ണുകളാൽ കണ്ടു ഞാൻ / അരുണോദയത്തിൻ അന്തപ്പുരത്തിൽ/ അനഘസ്വപ്നപ്രഭയിൽ...

ഒരു മഞ്ഞുതുള്ളിയായ് നിൻ പത്മതീർഥത്തിൽ/ അലിയുവാനെൻ ജീവനാഗ്രഹിച്ചു/ ഒരു സൂര്യരശ്മിയായ് നിൻ കവിൾതേനിതൾ/ തഴുകുവാനെൻ ജീവനാഗ്രഹിച്ചു’’ എന്നിങ്ങനെ തുടങ്ങുന്ന വരികൾ അക്കാലത്ത് അവസരങ്ങൾ ലഭിക്കാതെ അലയുന്ന കുളത്തുപ്പുഴ രവി (രവീന്ദ്രൻ) ആണ് ആലപിച്ചത്. ചിത്രത്തിന്റെ സംഭാഷണവും ശ്രീകുമാരൻ തമ്പി എഴുതി (സംഭാഷണം വളരെ കുറവാണ്.

സിനിമയുടെ സ്ക്രിപ്റ്റ് വെറും 20 പേജുകളിൽ ഒതുങ്ങി). കമേഴ്‌സ്യൽ ചട്ടവട്ടങ്ങളില്ലാതെ തികച്ചും നൂതനമായ ശൈലിയിൽ ഒരുക്കപ്പെട്ട ‘മാൻപേട’ എന്ന ചിത്രം തെല്ലും പ്രദർശനവിജയം നേടിയില്ല. യേശുദാസും ജയചന്ദ്രനും സുശീലയും ജാനകിയും മറ്റും പാടാത്തതുകൊണ്ട് ഗ്രാമഫോൺ കമ്പനി രണ്ടു ഗാനങ്ങളുടെയും ഡിസ്ക് പുറത്തിറക്കാൻ തയാറായില്ല എന്നാണ് ഈ ലേഖകന്റെ അറിവ്. ഏതായാലും ‘മാൻപേട’ എന്ന സിനിമയിലെ രണ്ടു ഗാനങ്ങൾ രചയിതാവായ ഈ ലേഖകൻപോലും പിന്നീട് എവിടെയും കേട്ടിട്ടില്ല. 1971 ഏപ്രിൽ 14ാം തീയതിയാണ് ‘മാൻപേട’ തിയറ്ററുകളിൽ എത്തിയത്.

അനുപമ ഫിലിംസിന്റെ ബാനറിൽ പി. വേണു നിർമിച്ച് സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രമാണ് ‘സി.ഐ.ഡി നസീർ’. പൊലീസ് ഉദ്യോഗസ്ഥനും വിവിധ ഇനങ്ങളിൽപെട്ട ക്രിമിനലുകളും തമ്മിൽ നടത്തുന്ന സംഘട്ടനങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം. കഥാസന്ദർഭത്തിനിണങ്ങുന്ന ഗാനങ്ങൾതന്നെ വേണമെന്ന് ഇതുപോലെയുള്ള സിനിമകൾക്ക് ഗാനരചന നിർവഹിക്കുന്ന കവിയോ സംഗീതസംവിധായകനോ ആഗ്രഹിക്കാൻ പാടില്ല. പക്ഷേ സി.ഐ.ഡി മികച്ച പാട്ടുകാരനുമായിരിക്കും; പ്രത്യേകിച്ച് അഭിനയിക്കുന്നത് പ്രേംനസീർ ആണെങ്കിൽ. പ്രേംനസീറിനെ പോലെ പാട്ടുപാടി അഭിനയിക്കാൻ ചാതുര്യമുള്ള നടന്മാർ കുറവാണെന്നറിയാമല്ലോ.

‘‘ഈ ഭാഗത്ത് ഹിറ്റാകുമെന്ന് ഉറപ്പുള്ള ഒരു പ്രണയഗാനം മതി’’ എന്ന് സംവിധായകൻ പറഞ്ഞുകഴിഞ്ഞാൽ ഗാനരചയിതാവിനും സംഗീതസംവിധായകനും ബുദ്ധിമുട്ടു കുറഞ്ഞുകിട്ടും. പാട്ട് നന്നാവുകയും ചെയ്യും. ഉമാദേവി കഥയും പി. വേണു തിരക്കഥയും പി.ജെ. ആന്റണി സംഭാഷണവും രചിച്ച ‘സി.ഐ.ഡി നസീർ’ എന്ന ചിത്രത്തിന് ശ്രീകുമാരൻ തമ്പി-അർജുനൻ ടീമാണ് പാട്ടുകൾ ഒരുക്കിയത്.

യേശുദാസ്, ജയചന്ദ്രൻ, പി. ലീല, എസ്. ജാനകി എന്നിവരോടൊപ്പം കെ.പി. ബ്രഹ്മാനന്ദനും പുതിയ ഗായകരായ കെ.പി. ചന്ദ്രമോഹനും സുധ വർമയും പാട്ടുകൾ പാടി. കെ.പി. ബ്രഹ്മാനന്ദൻ പാടിയ ‘‘നീലനിശീഥിനി നിൻ മണിമേടയിൽ നിദ്രാവിഹീനയായ് നിന്നു’’ എന്ന സൂപ്പർഹിറ്റ് ഗാനം ഈ സിനിമയിൽ ഉള്ളതാണ്. പതിവായി വില്ലൻ വേഷങ്ങൾ കെട്ടുന്ന കെ.പി. ഉമ്മറാണ് ചിത്രത്തിൽ ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.

‘‘നീല നിശീഥിനി നിൻ മണിമേടയിൽ/ നിദ്രാവിഹീനയായ് നിന്നു/ നിൻ മലർവാടിയിൽ നീറുമൊരോർമപോൽ/ നിർമലേ, ഞാൻ കാത്തുനിന്നു/ നിന്നു... നിന്നു... ഞാൻ കാത്തുനിന്നു’’ എന്നു തുടങ്ങുന്ന പാട്ട് ജനങ്ങൾ ഇഷ്ടപ്പെട്ടു. ഈ പാട്ടിലൂടെ ബ്രഹ്മാനന്ദൻ എന്ന ഗായകനും പ്രശസ്തി നേടി. ജയചന്ദ്രൻ പാടിയ ‘‘നിൻ മണിയറയിലെ നിർമലശയ്യയിലെ...’’ എന്ന ഗാനവും അദ്ദേഹം പാടിയ മികച്ച ഗാനങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു.

‘‘നിൻ മണിയറയിലെ നിർമലശയ്യയിലെ/ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ/ ചന്ദനമണമൂറും നിൻ ദേഹമലർവല്ലി/എന്നുമെൻ വിരിമാറിൽ പടരുമല്ലോ’’ എന്നു തുടങ്ങുന്ന ഗാനത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്.

 

സി.ഐ.ഡി നസീർ -ഒരു രംഗം

യേശുദാസ് പാടിയ ‘‘ചന്ദ്രലേഖക്കിന്നരി തുന്നിയ നിൻ പുഞ്ചിരി ചങ്ങമ്പുഴക്കവിത പോലെ...’’ എന്നാരംഭിക്കുന്ന ഗാനം പ്രതീക്ഷിച്ച പ്രശസ്തി നേടിയില്ല. ചിത്രത്തിന്റെ ഗ്രാമഫോൺ റെക്കോഡുകളിൽ ആ ഗാനം കാണാനില്ല. ഇത് നിർമാതാവിന് പറ്റിയ പിശകോ അതോ ഗ്രാമഫോൺ കമ്പനിക്ക് പറ്റിയ തെറ്റോ എന്ന് നിശ്ചയമില്ല.

‘‘ചന്ദ്രലേഖക്കിന്നരി തുന്നിയ നിൻ പുഞ്ചിരി/ ചങ്ങമ്പുഴക്കവിതപോലെ/ രംഭ തോൽക്കും നിൻ രൂപം രവിവർമയെഴുതിയ/ശകുന്തളാചിത്രം പോലെ...’’ എന്നിങ്ങനെയാണ് പാട്ടിന്റെ പല്ലവി. പാട്ടിലെ ആദ്യചരണം ഇങ്ങനെ:

‘‘ശൃംഗാര ചന്ദനക്കുളിർ താവും നിൻ ദേഹം/ ശ്രീകോവിൽ ശിൽപംപോലെ/ ആരോമലേ, നിന്റെയനുരാഗത്തേന്മൊഴികൾ / ആനന്ദഭൈരവി പോലെ...’’

ഒരു സിനിമയിൽ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാടിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാവുക, യേശുദാസ് പാടിയ പാട്ട് അത്രയും ശ്രദ്ധിക്കപ്പെടാതെ പോവുക എന്നത് തീർച്ചയായും ഒരു അപൂർവ സംഭവംതന്നെയാണ്. ഈ സിനിമയിൽ അങ്ങനെ സംഭവിച്ചു; കാരണം ആ പാട്ടിന്റെ ഡിസ്ക് ഇറങ്ങിയില്ല എന്നതുതന്നെ.

‘സി.ഐ.ഡി നസീർ’ എന്ന സിനിമയിൽ വേറെയും പാട്ടുകളുണ്ടായിരുന്നു. എസ്. ജാനകി പാടിയ ‘‘പ്രണയസരോവരമേ...’’ എന്ന ഗാനം ഇങ്ങനെയാണ് തുടങ്ങുന്നത്.

‘‘പ്രണയസരോവരമേ/ അലതല്ലിയുയരും ആനന്ദതീർഥത്തിൽ / അറിയുവാൻ ദാഹിക്കും ഗംഗാനദി/ അലയുന്നു ഞാൻ മോഹമന്ദാകിനി.../ പ്രണയസരോവരമേ...’’

പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘മുത്തണിഗോപുര പർവതഗേഹത്തിൽ/ എത്രകാലം ഞാൻ തപസ്സിരുന്നു/ ശാപമോക്ഷത്താലുണർന്നു/ ആലിംഗനത്തിനലഞ്ഞു -/ഞാൻ നിൻ/ആലിംഗനത്തിനലഞ്ഞു തുടരുകയായ്/ യാത്ര തുടരുകയായ് പ്രണയസരോവരമേ...’’

പി. ജയചന്ദ്രനും പുതിയ ഗായിക സുധ വർമയും ചേർന്നു പാടിയ ഒരു യുഗ്മഗാനമാണ് അടുത്തത്. ആ പാട്ട് ഇങ്ങനെ തുടങ്ങുന്നു:

‘‘സങ്കൽപത്തിൻ തങ്കരഥത്തിൽ/ തമ്പുരാട്ടി എഴുന്നള്ളി/ സംഗീതത്തിൻ നൂപുരനൗകയിൽ/ സർവാംഗസുന്ദരിയെഴുന്നള്ളി’’ എന്ന് ഗായകൻ പാടുന്നു. ഗായികയുടെ വരികൾ ഇങ്ങനെ: ‘‘അനുഭൂതിത്തിരമാലകൾ തഴുകി/ ആശാതീരം കുളിർ തൂകി/ആത്മാവിൻ നവനീതസുമങ്ങൾ/ അനുരാഗത്തിൻ മണമേകി...’’

പി. ലീലയും കെ.പി. ചന്ദ്രമോഹനും (ഗായകൻ കെ.പി. ഉദയഭാനുവിന്റെ അനുജൻ) ചേർന്നു പാടിയ ഒരു നാടൻ നൃത്തഗാനവും ‘സി.ഐ.ഡി നസീറി’ൽ ഉണ്ടായിരുന്നു. ‘‘തെന്മല പോയിവരുമ്പം മലക്കുറവാ/ കുറവാതേവിക്കെന്തു കൊണ്ടുവരും മലക്കുറവാ -കുറവാ...’’ എന്നു ഗായിക ചോദിക്കുമ്പോൾ ഗായകന്റെ മറുപടി ഇങ്ങനെ:

‘‘ചെറുതേൻ കൊണ്ടുവരാം കുറത്തീ/ ചെമ്പകപ്പൂ കൊണ്ടുവരാം മലക്കുറത്തീ...’’

തുടർന്നുള്ള വരികൾ ഇപ്രകാരം: ‘‘വേളിമല കണ്ടുവന്നാൽ എൻ കുറവാ -കുറവാ/ .... കൊണ്ടുവരും എൻ കുറവാ?/ താഴമ്പൂ കൊണ്ടുവരാം പൊൻകുറത്തീ -കുറത്തീ/ തഴപ്പായ് കൊണ്ടുവരാമെൻ കുറത്തീ...’’

‘സി.ഐ.ഡി നസീർ’ എന്ന സിനിമയിലെ പാട്ടുകൾ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. അവ ചിത്രത്തിന്റെ സാമ്പത്തികവിജയത്തിനു സഹായകരമാവുകയും ചെയ്തു. 1971 ഏപ്രിൽ 14ന് ‘സി.ഐ.ഡി നസീർ’ തിയറ്ററുകളിലെത്തി. അതായത് നവധാരാ സിനിമയായ ‘മാൻപേട’യും ‘സി.ഐ.ഡി നസീറും’ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നു. എന്തു സംഭവിക്കും എന്നു പറയേണ്ടതില്ലല്ലോ.

(തുടരും)

News Summary - weekly music