Begin typing your search above and press return to search.
proflie-avatar
Login

കാർട്ടൂൺ പരമ്പര സിനിമയായപ്പോൾ

കാർട്ടൂൺ പരമ്പര   സിനിമയായപ്പോൾ
cancel

‘‘ഹാസ്യനടനായി മലയാളികൾ അറിയുന്ന പട്ടം സദൻ യഥാർഥത്തിൽ സംഗീതജ്ഞനും എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിലെ അംഗവുമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അനുകരിക്കുന്നതിൽ പട്ടം സദനെ വെല്ലാൻ കഴിവുള്ള ഒരു കലാകാരനെയും കണ്ടിട്ടില്ല എന്നെഴുതുന്ന ലേഖകൻ ‘ബോബനും മോളിയും’ എന്ന ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ടിനെക്കുറിച്ചും പറയുന്നു.മുൻനിര നായകർ ഒരേ സിനിമയിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിക്കാൻ മടികാണിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അക്കാലത്ത് താരത്തിന്റെ പേരിലല്ല, സംവിധായകന്റെ പേരിലാണ് സിനിമകൾ അറിയപ്പെട്ടിരുന്നത്. സത്യന്റെ സിനിമ,...

Your Subscription Supports Independent Journalism

View Plans

‘‘ഹാസ്യനടനായി മലയാളികൾ അറിയുന്ന പട്ടം സദൻ യഥാർഥത്തിൽ സംഗീതജ്ഞനും എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിലെ അംഗവുമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അനുകരിക്കുന്നതിൽ പട്ടം സദനെ വെല്ലാൻ കഴിവുള്ള ഒരു കലാകാരനെയും കണ്ടിട്ടില്ല എന്നെഴുതുന്ന ലേഖകൻ ‘ബോബനും മോളിയും’ എന്ന ചിത്രത്തിൽ അദ്ദേഹം പാടിയ പാട്ടിനെക്കുറിച്ചും പറയുന്നു.

മുൻനിര നായകർ ഒരേ സിനിമയിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അഭിനയിക്കാൻ മടികാണിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അക്കാലത്ത് താരത്തിന്റെ പേരിലല്ല, സംവിധായകന്റെ പേരിലാണ് സിനിമകൾ അറിയപ്പെട്ടിരുന്നത്. സത്യന്റെ സിനിമ, നസീറിന്റെ സിനിമ, മധുവിന്റെ സിനിമ എന്നിങ്ങനെ മാധ്യമങ്ങൾ എഴുതുമായിരുന്നില്ല. പ്രേക്ഷകരും എ. വിൻസന്റിന്റെ സിനിമ, പി. ഭാസ്കരന്റെ സിനിമ, സേതുമാധവന്റെ സിനിമ, എം. കൃഷ്ണൻ നായരുടെ സിനിമ, ശശികുമാറിന്റെ സിനിമ എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. സംവിധായകന്റെ പേരിനും ചിത്രം നിർമിക്കുന്ന ബാനറിനുമാണ് അന്ന് ജനങ്ങൾ പ്രാധാന്യം നൽകിയിരുന്നത്.

ശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ കോവൈ രാമസ്വാമി നിർമിച്ച് ജെ.ഡി. തോട്ടാൻ സംവിധാനംചെയ്ത ‘കരിനിഴൽ’ എന്ന സിനിമയിലും സത്യനും പ്രേംനസീറും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. പി. മാധവ് എഴുതിയ കഥക്ക് പാറപ്പുറത്ത് തിരക്കഥയും സംഭാഷണവും രചിച്ചു. ഷീലയായിരുന്നു നായിക. കെ.പി. ഉമ്മർ, കവിയൂർ പൊന്നമ്മ, സുകുമാരി, അടൂർ ഭാസി, ആലുമ്മൂടൻ തുടങ്ങിയവരും താരനിരയിൽ ഉണ്ടായിരുന്നു. വയലാർ-ദേവരാജൻ ടീമിന്റെ അഞ്ചു ഗാനങ്ങളിൽ മൂന്നെണ്ണം യേശുദാസും ഒരു ഗാനം പി. സുശീലയും ഒരു ഗാനം പി. മാധുരിയും ആലപിച്ചു.

‘‘വെണ്ണക്കല്ലുകൊണ്ടല്ല/ വെള്ളിനിലാവുകൊണ്ടല്ല/ സൗന്ദര്യദേവത നിന്നെ സൃഷ്ടിച്ചതു/ സൗഗന്ധികങ്ങൾകൊണ്ടല്ല...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം യേശുദാസാണ് പാടിയത്.

‘‘രാസക്രീഡയിൽ കാമുകൻ ചൂടും/രോമാഞ്ചംകൊണ്ട് കരുപ്പിടിച്ചു/ പ്രേമമെന്ന വികാരമുരുക്കി/ കാമദേവൻ മെനഞ്ഞെടുത്തു –നിന്നെ/ മെനഞ്ഞെടുത്തു...’’

തുടർന്നുള്ള വരികളിൽ നായികയുടെ ‘‘കണ്ണുകൾ തീർത്തത് നാഗപഞ്ചമി രാത്രിയിൽ വിടരുന്ന നക്ഷത്രങ്ങൾകൊണ്ടാ’’ണെന്നു കവി പറയുന്നു.

ഇതുപോലുള്ള പ്രയോഗങ്ങൾ വയലാറിന്റെ ഗാനങ്ങൾക്ക് ഒരു ക്ലാസിക് ശോഭ നൽകുന്നു. യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘കാമാക്ഷീ...’’ എന്ന് തുടങ്ങുന്നു.

‘‘കാമാക്ഷീ കാതരാക്ഷീ/ കണ്ടു ഞാൻ രസിച്ചു/ കാണാപാഠം പഠിച്ചു/ കടാക്ഷമുനയുടെ കാമശാസ്ത്രം / ആദ്യമായ് യൗവനം ചൂടേൽക്കുമ്പോൾ/ അസ്ഥികൾ പൂക്കുമെന്നറിഞ്ഞില്ല ഞാൻ/ സ്വപ്നം കണ്ടു വിടർന്നാൽ ജീവിതം/ സുന്ദരമാകുമെന്നറിഞ്ഞില്ല ഞാൻ’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം ഹിറ്റ് ചാർട്ടിൽ എത്തുകയുണ്ടായില്ല.

യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം കുറെയൊക്കെ ശ്രദ്ധിക്കപ്പെട്ടു. ‘‘നിറകുടം തുളുമ്പി -നിൻ/ തിരുമുഖം തിളങ്ങി/ നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ...’’

 

യേശുദാസ്

യേശുദാസ്

എന്നിങ്ങനെ തുടങ്ങുന്ന പാട്ടിലെ ചരണങ്ങളും ആകർഷകങ്ങൾതന്നെ. ‘‘കവികൾ മേഘങ്ങളാക്കി വർണിക്കുമീ കണങ്കാൽ മൂടും/ നിൻ മുടിയിൽ -നിന്റെ മുടിയിൽ/ സുസ്മേരവദനേ, ചൂടിച്ചതാരീ/ സിന്ദൂര പുഷ്പങ്ങൾ / നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ/ നിന്നെ സ്നേഹിച്ച കാർവർണനോ..?’’

പി. സുശീല പാടിയ ‘‘അഭിനന്ദനം, എന്റെ അഭിനന്ദനം...’’ എന്ന് തുടങ്ങുന്ന പാട്ടും നന്നായി.

‘‘അഭിനന്ദനം എന്റെ അഭിനന്ദനം/ സഖി നിന്റെ കവിളിന്മേൽ ഒരു ചുംബനം/ ചുടുചുംബനം...’’ ലളിതമായ വരികൾകൊണ്ട് വയലാറും ഏറ്റുപാടാൻ പാകത്തിലുള്ള ഈണംകൊണ്ട് ദേവരാജനും ശബ്ദമാധുരികൊണ്ട് പി. സുശീലയും ഈ പാട്ടിനെ മനോഹരമാക്കി.

‘‘ഇനിയേഴു ദിവസങ്ങൾ എഴുന്നൂറു/ സ്വപ്‌നങ്ങൾ ഇതളിന്മേൽ ഇതൾചൂടും/ അനുഭൂതികൾ കതിർ/ മണ്ഡപത്തിലേക്കവയുമായ് നീ ചെന്നു/കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ...’’

‘അശ്വമേധം’ എന്ന സിനിമക്കുവേണ്ടി വയലാർതന്നെ എഴുതിയ ‘‘ഏഴു സുന്ദര രാത്രികൾ...’’ എന്ന ഗാനത്തിന്റെ സന്ദർഭം തന്നെയാണ് ഇവിടെയും. പാട്ട് അതിന്റെ ആവർത്തനമാകാതിരിക്കാൻ വയലാറും ദേവരാജനും ശ്രദ്ധവെച്ചിട്ടുണ്ട്.

പി. മാധുരി പാടിയ ‘‘വല്ലഭൻ പ്രണവല്ലഭൻ/ കല്യാണരാത്രിയിൽ അരികിലെത്തി/ കണ്ണുപൊത്തി -കവിളിൽ പൊട്ടുകുത്തി’’ എന്ന ഗാനം സന്ദർഭത്തിനിണങ്ങുന്നതും ലൈംഗികഭാവനയുണർത്തുന്നതുമാണ്. അതിന്റെ ആദ്യചരണം ഇങ്ങനെ: ‘‘വ്രീളാവിവശയാം എന്നെയവനൊരു/ വിലാസലതികയാക്കീ/ വിരിമാറിടത്തോടടുക്കി, പൂക്കളെയുണർത്തി/ വിടർത്തി -പടർത്തി -എന്നെ അടിമയാക്കി...’’ പാട്ടിലുടനീളം ഈ വൈകാരികഭാവം നിലനിർത്താൻ ഗായികയായ മാധുരിയും ശ്രമിച്ചിട്ടുണ്ട്.

1971 ഏപ്രിൽ 14ന്​ ‘കരിനിഴൽ’ തിയറ്ററുകളിലെത്തി. നിർമാണം കഴിഞ്ഞ് ഏറെ വൈകിയാണ് സിനിമ റിലീസ് ചെയ്തത്. ചിത്രം പരാജയപ്പെട്ടില്ലെങ്കിലും അർഹിക്കുന്ന സാമ്പത്തിക വിജയം നേടിയില്ല. ഒരു മികച്ച സംവിധായകനായിരുന്നു ജെ.ഡി. തോട്ടാൻ. എന്നാൽ, എല്ലായ്പോഴും നിർഭാഗ്യം അദ്ദേഹത്തെ പിന്തുടർന്നു.

‘കരിനിഴൽ’ എന്ന പേര് ശുഭകരമല്ലല്ലോ. സിനിമ വമ്പിച്ച വിജയമാകാത്തതിന്റെ കാരണം അതാണെന്ന് സിനിമാരംഗത്ത് വാർത്ത പരന്നു. ലക്ഷങ്ങളും കോടികളും ഒഴുകുന്ന രംഗമല്ലേ...അവിടെ അന്ധവിശ്വാസങ്ങൾക്കും സ്ഥാനമുണ്ട്. സിനിമാവേദിയിൽ ‘രാശി’ എന്ന പദത്തിന് വലിയ സ്ഥാനമുണ്ട്. രാശി എന്നത് ഭാഗ്യം എന്ന പദത്തിന് സിനിമാക്കാർ നൽകുന്ന മറുപേരാണ്. പ്രേംനവാസ് ജ്യേഷ്ഠനായ പ്രേംനസീറിനെപ്പോലെ സുന്ദരൻ -പക്ഷേ, എന്ത് ചെയ്യാം -രാശിയില്ല.

ആർ.കെ. ശേഖർ ഒന്നാംതരം സംഗീത സംവിധായകൻ -പക്ഷേ, രാശിയില്ല. ജെ.ഡി. തോട്ടാൻ നല്ല സംവിധായകൻ. -പക്ഷേ, രാശിയില്ല. ഈ ലേഖകൻ കേട്ടുമടുത്ത മൊഴികൾ! 1971 ഏപ്രിൽ 23ന് കേരളത്തിൽ റിലീസ് ചെയ്തത് ഹിന്ദിയിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘ജീവിതസമരം’ എന്ന സിനിമയാണ്. മൊഴിമാറ്റം (ഡബിങ്) നടത്തിയ പടങ്ങളുടെ പാട്ടുപുസ്തകങ്ങൾ അപൂർവമായേ ഇറങ്ങാറുള്ളൂ. ഗ്രാമഫോൺ കമ്പനിയും അക്കാലത്ത് സാധാരണയായി ഡബിങ് പടങ്ങളുടെ ഡിസ്‌ക്കുകൾ പുറത്തുകൊണ്ടുവരുന്ന പതിവുണ്ടായിരുന്നില്ല. മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനങ്ങൾക്ക് സ്വതന്ത്ര ഗാനങ്ങളുടെ നിലവാരം പ്രതീക്ഷിക്കാനും പാടില്ല. അതുകൊണ്ടാണ് ഈ ചരിത്രരേഖയിൽനിന്ന് മൊഴിമാറ്റ ചിത്രങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുള്ളത്.

മലയാളത്തിലെ ആദ്യകാല ഗാനരചയിതാവായ അഭയദേവാണ് ഏറെക്കാലം ഹിന്ദി-തെലുഗു-കന്നട ചിത്രങ്ങൾ മലയാള ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്ന ജോലി ഏറ്റെടുത്തിരുന്നത്. അദ്ദേഹം ഒരു ബഹുഭാഷാപണ്ഡിതനായിരുന്നു. ഗാനങ്ങളും അദ്ദേഹംതന്നെ എഴുതും. എന്നാൽ, അപൂർവം ചില മൊഴിമാറ്റ ചിത്രങ്ങളിലെ ഗാനങ്ങളുടെ ഡിസ്‌ക്കുകൾ പുറത്തിറങ്ങുകയും ആ ഗാനങ്ങളെല്ലാം ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ചിത്രമാണ് ‘ജീവിതസമരം’. ഹിന്ദിയിലെ പ്രശസ്ത നിർമാതാക്കളായ രാജശ്രീ പിക്‌ചേഴ്‌സിന്റെ ‘ജീവൻ മൃത്യു’ എന്ന സിനിമയാണ് മലയാളത്തിൽ ‘ജീവിതസമരം’ ആയി മാറിയത്.

സത്യൻ ബോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധർമേന്ദ്രയായിരുന്നു നായകൻ. രാഖി, ലീല ചിറ്റ്നിസ്, മാസ്റ്റർബുണ്ടി തുടങ്ങിയവരായിരുന്നു മറ്റ്‌ അഭിനേതാക്കൾ. മലയാളം പതിപ്പിന്റെ സംഭാഷണം അഭയദേവ് എഴുതി. പാട്ടുകൾ എഴുതിയത് പി. ഭാസ്കരനാണ്, ലക്ഷ്മികാന്ത് -പ്യാരേലാൽ ആയിരുന്നു സംഗീതസംവിധായകർ. പി. ഭാസ്കരന്റെ വരികൾ അവരുടെ സംഗീതവുമായി ചേർന്നപ്പോൾ എല്ലാ പാട്ടുകളും ഹിറ്റുകളായി.

‘‘ചിന്നും വെൺതാരത്തിൻ ആനന്ദവേള/ എങ്ങും മലർശരൻ ആടുന്ന വേള/ ആശാസുന്ദര കൽപനാസ്വപ്നം/ ജീവിതയാത്ര...’’

എന്ന പല്ലവി മലയാളികൾക്കെല്ലാം സുപരിചിതമാണ്. ഈ ഗാനം എസ്. ജാനകി തനിച്ചും യേശുദാസുമായി ചേർന്ന് ഡ്യുയറ്റായും പാടിയിട്ടുണ്ട്. അങ്ങനെ രണ്ടു പാട്ടുകൾ. എസ്. ജാനകി പാടുന്ന ഗാനത്തിലെ ആദ്യചരണം ഇങ്ങനെ:

‘‘ജീവിതാനന്ദധാര എൻ രാഗമേ നൽകൂ നീ/ സ്നേഹത്തിൻ കുളിർമാരി ഹേ മാനമേ/ നൽകൂ നീ നയനങ്ങൾ തേടും നിൻ ദർശനമേള/ എങ്ങും മലർശരൻ ആടുന്ന വേള...’’

യേശുദാസും ജാനകിയും ചേർന്നു പാടിയ ഗാനത്തിൽ ചരണത്തിലെ വരികൾ മാറുന്നുണ്ട്.

‘‘പ്രേമലീലയിൽ നമ്മൾ കൊച്ചു/ മായാഗൃഹമൊന്നുണ്ടാക്കി/ കളിയാടാനിരുന്നു സഖീ/ കിനാവിന്റെ ലോകത്തിൽ/ മധുരാശ തൂവുന്ന കോമളവേള/ എങ്ങും മലർശരൻ ആടുന്ന വേള...’’

എസ്. ജാനകി പാടുന്ന ‘‘ഹേയ് മാനേ...’’ എന്ന ഗാനമാണ് മൂന്നാമത്തേത്.

‘‘ഹേയ് മാനേ വേടനെ അതാ നീ/കാണുന്നുവോ നേരെ?/ വരാൻ നീയെന്തേ വൈകി..?/ അ​േതാ കോപാഗ്നിയോ/ ദൂരെ ഹേയ് മാനേ/ സമാധി മതിയിനി കാണൂ/ ഈ ബലവാനേ കപടമാനേ’’ എന്നിങ്ങനെ ഈ ഗാനം തുടരുന്നു. ഹിന്ദിയിലുള്ള എല്ലാ പാട്ടുകളും മലയാളം പതിപ്പിൽ ഉപയോഗിച്ചിട്ടില്ല. ഡബിങ് ചിത്രമായിട്ടും ‘ജീവിതസമരം’ കേരളത്തിൽ ഭേദപ്പെട്ട കലക്ഷൻ നേടി.

പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിന്റെ വിഖ്യാത പരമ്പരയായ ‘ബോബനും മോളിയും’ സിനിമയായി പുറത്തുവന്നതും 1971ൽതന്നെ. ആർ.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി എബ്രഹാം നിർമിച്ച ഈ ചിത്രം ശശികുമാർ സംവിധാനംചെയ്തു. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും എഴുതി. വയലാർ എഴുതിയ പാട്ടുകൾക്ക് സംഗീതം പകർന്നത് ജോസഫ് കൃഷ്ണയാണ്. എം.എസ്. വിശ്വനാഥന്റെ പ്രധാന സഹായിയായിരുന്നു ജോസഫ് കൃഷ്ണ.

യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, ബി. വസന്ത, രേണുക, ഹാസ്യനടനും ഗായകനുമായ പട്ടം സദൻ എന്നിവരാണ് ‘ബോബനും മോളിയും’ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങൾ പാടിയത്. ചിത്രത്തിൽ ഒരു ശീർഷകഗാനമുണ്ട്. ഗായകസംഘമാണ് (കോറസ്) ഈ ഗാനം പാടിയത്. ‘ബോബനും മോളിയും’ എന്ന്‌ ആവർത്തിച്ചു പാടുന്നതിനിടയിൽ ഹമ്മിങ് പല രീതികളിൽ വരുന്നു. അല്ലാതെ വേറെ വരികൾ ഇല്ല. പി. സുശീല ആലപിച്ച ‘‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്’’ എന്ന ഗാനം ഇമ്പമുള്ളതാണ്.

‘‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്/ കന്നിയിളംകിളി കാരോലക്കിളി/ കണ്ണീരാറിൻ തീരത്ത്/ ഗുരുവായൂരപ്പന് ഞാനൊരു/ തിരുമധുരം നേർന്നല്ലോ/ കൊടുങ്ങല്ലൂരമ്മയ്‌ക്കിന്നൊരു / കുരുതീം മാലേം നേർന്നല്ലോ/ എന്നിട്ടും പൊന്നുംകുടത്തിന്റെ/ നെഞ്ചിൽ തൊട്ടാൽ തീപോലെ’’ എന്നിങ്ങനെ തുടരുന്നു ഈ ഗാനം.

പി. സുശീല പാടിയ രണ്ടാമത്തെ പാട്ട് കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ട ഒരു കഥാഗാനമാണ്: ‘‘മാലാഖമാരുടെ വളർത്തുകിളികൾ/ മണിയരയന്നങ്ങൾ -രണ്ടു മണിയരയന്നങ്ങൾ/ ഭൂമിയിൽ പണ്ടൊരു താമരപ്പൊയ്കയിൽ /പൂ നുള്ളാൻ വന്നു -പൂ നുള്ളാൻ വന്നു/ ഇളംമഞ്ഞിൽ നീരാടി/ ഇളംമെയ്യിൽ മെയ് തോർത്തി/ ഇല്ലില്ലം കാട്ടിലവർ കിടന്നുറങ്ങി/ പൂവമ്പൻ തെളിക്കുന്ന പുഷ്പവിമാനത്തിൽ/ പൂക്കാലമതുവഴി കടന്നുപോയി...’’

മുത്തശ്ശിക്കഥയാണ് വയലാർ പറയുന്നതെങ്കിലും അത് ഭാവമധുരമാണ്.

പൊയ്കയുടെ കടവത്ത് പുന്നാരപ്പാടത്ത് പൊന്മുട്ടയിട്ടേച്ചു കിളികൾ പോയി. പാതിരാവ് ആ മുട്ടയുമെടുത്തു നടന്നപ്പോഴാണ് ഭൂമിയിൽ വെളുത്തവാവുണ്ടായത്. കരിമുകിൽപ്പാടത്തെ കരുമാടിക്കുട്ടന്മാർ ആ മുട്ടകൾ കടലിലെറിഞ്ഞുടച്ചു. പാതിരാവ് ആ മുട്ടകൾ തേടി നടന്നപ്പോഴാണ് ഭൂമിയിൽ കറുത്തവാവുണ്ടായത്. കുട്ടികളുടെ മനസ്സിലിരുന്നാണ് വയലാർ ഈ പാട്ട് എഴുതിയത്.

‘‘മനോരമേ നിൻ പഞ്ചവടിയിൽ/മധുമതിപുഷ്പങ്ങൾ വിരിഞ്ഞു/ പനിനീർ തളിക്കാൻ പവിഴം പതിക്കാൻ/പതിനേഴു വസന്തങ്ങൾ വന്നു’’ എന്നു തുടങ്ങുന്ന പ്രണയഗാനം യേശുദാസ് പാടി. പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു:

‘‘പതുക്കനെ പതുക്കനെ പൂമൊട്ട് വിടരും/ പത്മസരസ്സിൽ നിൻ വികാര പത്മസരസ്സിൽ/ സ്വയം മറന്നൊഴുകും സ്വർണമത്സ്യത്തിനു/ സ്വപ്നമെന്നവർ പേരിട്ടു...’’

‘‘നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസ്സിൽ’’ എന്ന വരികളിൽ തുടങ്ങുന്ന അടുത്ത ചരണവും പ്രണയമധുരം തന്നെ.

ബി. വസന്തയും രേണുകയും ചേർന്നു പാടിയ പ്രാർഥനയാണ് മറ്റൊരു ഗാനം. ‘‘നന്മ നിറഞ്ഞ മറിയമേ -/ഞങ്ങളെ നല്ലവരാക്കേണമേ/ മക്കൾ ഞങ്ങൾ ചെയ്ത പാപങ്ങൾക്ക്/ മാപ്പു നൽകേണമേ...’’ എന്നു തുടങ്ങുന്ന ഈ പ്രാർഥന ചിത്രത്തിൽ ബോബനും മോളിയുമാണ് പാടുന്നത്.

ജയചന്ദ്രനും സംഘവും പാടുന്ന ഗാനമാണ് മറ്റൊന്ന്. ‘‘വിദ്യാപീഠം -ഇവിടം വിദ്യാപീഠം/ വിജ്ഞാനം ഗുരുദക്ഷിണ നൽകും വിദ്യാപീഠം/ ഇത്തിരുമുറ്റത്തല്ലോ ജീവിതസത്യം/ പൂത്തുവിടർന്നു/ സംസ്കാരങ്ങളുണർന്നു.../ ഇവിടെ വിരൽപൂവിതളാൽ നമ്മൾ/ ഹരിശ്രീ പണ്ടു കുറിച്ചു/ ഇവിടെയിരുന്നു യുഗങ്ങളൊരായിരം/ ഇതിഹാസങ്ങൾ രചിച്ചു...’’ എന്നിങ്ങനെ തുടരുന്നു ഈ സംഘഗാനം.

എൽ.ആർ. ഈശ്വരിയും കൂട്ടരും പാടുന്ന ‘‘കിലുകിലുക്കാൻ ചെപ്പുകളേ വാ...’’ എന്നു തുടങ്ങുന്ന പാട്ടും പട്ടം സദൻ പാടുന്ന പാട്ടും കുട്ടികൾക്ക് ഇഷ്ടപ്പെടുംമട്ടിലാണ് വയലാർ എഴുതിയിട്ടുള്ളത്.

‘‘കിലുകിലുക്കാൻ ചെപ്പുകളേ വാ വാ വാ/ കുഞ്ഞാറ്റക്കുരുവികളേ വാ വാ വാ/ തുകിലുണർത്തു പാട്ടു പാടി/ തളിർമരത്തിലൂയലാടി/ കുടുകുടുകളി കാണാൻ വാ വാ/ കാറ്റു കൊള്ളാം പൂക്കൾ നുള്ളാം/ കാട്ടിനുള്ളിൽ തുമ്പി തുള്ളാം/ കദളിവാഴപ്പോള കുത്തി/ കൈതയോലപ്പീലി കെട്ടി/ കരുകും പുൽമേട്ടിലൊരു കൂടുകൂട്ടാം...’’ ഹാസ്യനടനായി മലയാളികൾ അറിയുന്ന പട്ടം സദൻ യഥാർഥത്തിൽ സംഗീതജ്ഞനും എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിലെ അംഗവുമാണ്.

മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ അനുകരിക്കുന്നതിൽ പട്ടം സദനെ വെല്ലാൻ കഴിവുള്ള ഒരു കലാകാരനെയും ഈ ലേഖകൻ കണ്ടിട്ടില്ല. കുഞ്ഞുങ്ങളുടെ കരച്ചിൽ അനുകരിക്കുന്നതിലും പട്ടം സദന് അസാമാന്യപാടവമുണ്ട്. ‘ബോബനും മോളിയും’ എന്ന ചിത്രത്തിൽ പട്ടം സദൻ പാടിയ പാട്ടിതാണ്: ‘‘ഇറ്റലി, ജർമനി, ബോംബേ, മൈസൂർ/ ഇട്ടൂപ്പ് കാണാത്ത നാടില്ല/ സായിപ്പന്മാരെ സർക്കസ് കാട്ടി/ സമ്മാനം വാങ്ങാത്ത നാളില്ല.../ കാട്ടുമുളന്തൂണു കെട്ടി -തൂണിലൊരു ഞാണു കെട്ടി/ ഞാണിന്മേൽ സൈക്കിളിലുണ്ടൊരു സമ്മർ സാൾട്ട്/ നാനാ- സമ്മർസാൾട്ട്/ കാണാൻ നല്ലൊരു കൊച്ചുപെണ്ണിന്റെ ട്വിസ്റ്റ് ഡാൻസ്...’’ ഇങ്ങനെയുള്ള രസകരമായ വരികൾ പട്ടം സദൻ ഹാസ്യം തുളുമ്പുന്ന സ്വരത്തിൽ നന്നായി പാടിയിട്ടുണ്ട്.

മധു, ശങ്കരാടി, എസ്.പി. പിള്ള, മണവാളൻ ജോസഫ്, കടുവാക്കുളം ആന്റണി, പങ്കജവല്ലി തുടങ്ങിയവർ അഭിനയിച്ചു. മാസ്റ്റർ ശേഖർ ബോബനും ബേബി രജനി മോളിയുമായി. 1971 ഏപ്രിൽ 30ന് ‘ബോബനും മോളിയും’ തിയറ്ററുകളിലെത്തി. സൂപ്പർഹിറ്റായ ഒരു കാർട്ടൂൺ പരമ്പര സിനിമയായപ്പോൾ അത് എന്തുകൊണ്ട് ഒരു സൂപ്പർഹിറ്റ് സിനിമയായില്ല.

(തുടരും)

News Summary - weekly music