ഹർഷബാഷ്പം തൂകി ഹർഷപഞ്ചമി വന്നു
‘‘ആകെ ആറു പാട്ടുകളാണ് ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’ എന്ന സിനിമയിൽ ഉണ്ടായിരുന്നത്. എന്തേ ഒ.എൻ.വി. കുറുപ്പിന്റെ ഗാനരചന ഇങ്ങനെ എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. ഈ പാട്ടുകൾ തമിഴിൽനിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്.’’ –ശ്രീകുമാരൻ തമ്പി എഴുതുന്നു.1971 മേയ് 28ന് കേരളത്തിൽ റിലീസ് ചെയ്ത ‘മുത്തശ്ശി’ എന്ന ചിത്രത്തിന്റെ സംവിധായകൻ പി. ഭാസ്കരൻ ആയിരുന്നു. സർഗം പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ഈ സിനിമയുടെ കഥ ഇന്ദു എഴുതി. എസ്.എൽ. പുരം സദാനന്ദൻ...
Your Subscription Supports Independent Journalism
View Plans‘‘ആകെ ആറു പാട്ടുകളാണ് ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’ എന്ന സിനിമയിൽ ഉണ്ടായിരുന്നത്. എന്തേ ഒ.എൻ.വി. കുറുപ്പിന്റെ ഗാനരചന ഇങ്ങനെ എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. ഈ പാട്ടുകൾ തമിഴിൽനിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്.’’ –ശ്രീകുമാരൻ തമ്പി എഴുതുന്നു.
1971 മേയ് 28ന് കേരളത്തിൽ റിലീസ് ചെയ്ത ‘മുത്തശ്ശി’ എന്ന ചിത്രത്തിന്റെ സംവിധായകൻ പി. ഭാസ്കരൻ ആയിരുന്നു. സർഗം പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ഈ സിനിമയുടെ കഥ ഇന്ദു എഴുതി. എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും തയാറാക്കി. ടൈറ്റിൽ റോളിൽ (മുത്തശ്ശിയായി ) ആറന്മുള പൊന്നമ്മ അഭിനയിച്ച ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ പ്രേംനസീർ, ഷീല, കെ.പി. ഉമ്മർ, ജോസ് പ്രകാശ്, ബഹദൂർ, ആലുമ്മൂടൻ, ബേബി രജനി, ബേബി റാണി, വിമൽ തുടങ്ങിയവരായിരുന്നു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി.
യേശുദാസ്, എസ്. ജാനകി, പി. ജയചന്ദ്രൻ, എൽ.ആർ. അഞ്ജലി, കൗസല്യ, അരുണ തുടങ്ങിയവരെല്ലാം ‘മുത്തശ്ശി’യിൽ പാടുകയുണ്ടായി. എന്നാൽ, ജയചന്ദ്രൻ പാടിയ ‘‘ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു’’ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയത്. പി. ഭാസ്കരന്റെ മികച്ച രചനയും ദക്ഷിണാമൂർത്തിയുടെ ഉദാത്തമായ സംഗീതവും ജയചന്ദ്രന്റെ ഭാവാത്മകമായ ആലാപനവും ഈ ഗാനത്തെ അവിസ്മരണീയമാക്കി മാറ്റി.
‘‘ഹർഷബാഷ്പം തൂകി/ വർഷപഞ്ചമി വന്നു/ ഇന്ദുമുഖീ ഇന്നു രാവിൽ/ എന്തുചെയ്വൂ നീ.../എന്തു ചെയ്വൂ നീ?’’ പല്ലവി മാത്രമല്ല, തുടർന്നുവരുന്ന ചരണങ്ങളും ആകർഷകങ്ങളാണ്.
‘‘ഏതു മോഹപുഷ്പവനം നീ തിരയുന്നു/ഏതു രാഗകൽപനയിൽ നീ മുഴുകുന്നു/ വിണ്ണിലെ സുധാകരനോ/വിരഹിയായ കാമുകനോ/ ഇന്നു നിന്റെ ചിന്തകളെ/ ആരുണർത്തുന്നു...സഖീ/ ആരുണർത്തുന്നു...?’’ അടുത്തചരണം കൂടുതൽ കാവ്യാത്മകമാണ്.
‘‘ശ്രാവണ നിശീഥിനി തൻ പൂവനം തളിർത്തു/ പാതിരാവിൻ താഴ്വരയിലെ/ പവിഴമല്ലികൾ പൂത്ത...’’ എന്നിങ്ങനെ തുടരുന്ന വരികൾ. യേശുദാസ് ഈ ചിത്രത്തിൽ രണ്ടു പാട്ടുകൾ പാടി.
‘‘പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു/ ഭൂമിയും വാനവുമുണർന്നു/ അല്ലിയാമ്പലുകൾ ആയിരം സ്വപ്നങ്ങൾ/ മെല്ലെ മനസ്സിൽ വിരിഞ്ഞു/ അലിയാം നമുക്കലിയാം -ഈ/ അനുരാഗസംഗീത വീചികളിൽ...’’ എന്ന പാട്ടും ‘‘മുല്ലകളിന്നലെ ആരാമലക്ഷ്മിക്കു
കല്ലുവെച്ചൊരു കമ്മൽ കൊടുത്തു /കാറ്റു വന്നതു കവർന്നെടുത്തു/ കണ്ടതു നമ്മൾ മാത്രം’’ എന്ന പാട്ടുമാണ് യേശുദാസ് പാടിയത്.
എസ്. ജാനകി പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘പമ്പയാറിൻ പനിനീർക്കടവിൽ/ പന്തലിച്ചൊരു പൂമരത്തണലിൽ/ ഒരുദിനമൊരുദിനമൊരു ദിനം നമുക്കൊരു/ വനഭോജനത്തിനു പോകാം...’’
എൽ.ആർ. അഞ്ജലിയും കൗസല്യയും അരുണയും ചേർന്നു പാടുന്നത് കുട്ടികളുടെ പാട്ടാണ്. ‘‘മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ/ ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ/ കീശയിലും കാശില്ല മീശയിലും കാശില്ല/ പൈസയില്ലാതപ്പോളവനേറി വന്നു വാശി.../ ദോശക്കാരൻ ആശാനപ്പോൾ മീശ വയ്ക്കാനാശ/ മീശ വെച്ച് നോക്കിയിട്ടും നീളുന്നില്ല മീശ -അയ്യോ/ നീളുന്നില്ല മീശ...’’ കേരളത്തിൽ പലയിടങ്ങളിലും കുട്ടികൾ വിവിധ രീതികളിൽ പാടിവരുന്ന ദോശപ്പാട്ടിനെ ഭാസ്കരൻ മാസ്റ്റർ നന്നായി തേച്ചുമിനുക്കി പുതുമയുള്ളതാക്കിയിരിക്കുന്നു. തന്റേതായ ഭാവന കൂടിക്കലർത്തി അതിനു പൂർണത വരുത്തിയിരിക്കുന്നു. കുട്ടികളുടെ ഈ പാട്ട് അവസാനിക്കുന്നതിങ്ങനെ: അടിപിടി തമ്മിലടി/ എബിസിഡി കടിപിടി.’’
‘മുത്തശ്ശി’ തിയറ്ററുകളിൽ സാമാന്യവിജയം നേടിയ ചിത്രമാണ്; സംവിധാനത്തിൽ പി. ഭാസ്കരന്റെ സഹായിയായിരുന്ന പി. വിജയനും അക്കാലത്ത് ഭാസ്കരൻ ചിത്രങ്ങളിലെ എഡിറ്ററായിരുന്ന കെ. നാരായണനും ചേർന്ന് വിജയ നാരായണൻ എന്ന പേരിൽ സംവിധാനംചെയ്ത സിനിമയാണ് ‘രാത്രിവണ്ടി’. സഞ്ജയ് പ്രൊഡക്ഷൻസിന്റെ പേരിൽ എ. രഘുനാഥ് നിർമിച്ച ‘രാത്രിവണ്ടി’യുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എൻ. ഗോവിന്ദൻകുട്ടിയാണ്. വിൻസന്റ്, കെ.പി. ഉമ്മർ, ടി.എസ്. മുത്തയ്യ, നുങ്കമ്പാക്കം പത്മിനി, ജേസി, എൻ. ഗോവിന്ദൻ കുട്ടി, ടി.ആർ. ഓമന, സാധന തുടങ്ങിയവർ അഭിനയിച്ചു.
പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എം.എസ്. ബാബുരാജ് ഈണം നൽകി. ഒന്നു രണ്ടു മികച്ച പാട്ടുകൾ ‘രാത്രിവണ്ടി’ എന്ന ചിത്രത്തിലുണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘വിജനതീരമേ, കണ്ടുവോ നീ വിരഹിണിയാമൊരു ഗായികയെ..?’’ എന്ന ഗാനം വളരെ പ്രശസ്തമാണ്. ഗാനം തുടങ്ങുന്നത് വിരുത്തത്തിലാണ്. ‘‘വിജനതീരമേ... എവിടെ.... എവിടെ/ രജത മേഘമേ... എവിടെ... എവിടെ...’’
അതിനുശേഷമാണ് ഈണത്തിൽ പാട്ടു തുടങ്ങുന്നത്: ‘‘വിജനതീരമേ കണ്ടുവോ നീ/ വിരഹിണിയാമൊരു ഗായികയെ/ മരണകുടീരത്തിൻ മാസ്മരനിദ്രവിട്ടു/ മടങ്ങിവന്നൊരെൻ പ്രിയസഖിയെ..?’’ അടുത്ത വരികൾ ഇങ്ങനെയാണ്: ‘‘രജതമേഘമേ കണ്ടുവോ നീ/ രാഗം തീർന്നൊരു വിപഞ്ചികയെ/ മൃതിയുടെ മാളത്തിൽ വീണുതളർന്നു ചിറകു പോയൊരെൻ രാക്കിളിയെ...’’
ഉടനീളം ഹൃദയദ്രവീകരണ ശക്തിയുള്ളതാണ് യേശുദാസും എസ്. ജാനകിയും പാടിയ ഈ ദുഃഖാന്വേഷണ യുഗ്മഗാനം. ‘‘പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു/ ദ്യോവിൽ ദിനകരൻ ചിരിച്ചു/ നീലമേഘ ശ്യാമളവേണീ/ നീ മാത്രമെന്തേ ചിരിച്ചില്ല...’’
എന്ന് ഗായകൻ ചോദിച്ചപ്പോൾ ഗായികയുടെ മറുപടിയിങ്ങനെ: ‘‘പ്രണയമാലിനി തന്നുടെ കരയിൽ/ സ്മരണകൾ തളിരിടും വനിയിൽ/ പൂർവകാല സ്മരണാവലിയിൽ/ പൂക്കൾ നുള്ളുകയാണു ഞാൻ...’’ എസ്. ജാനകി തനിച്ചു പാടുന്ന ഗാനവും ഭേദപ്പെട്ടതാണ്.
‘‘വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന/ വാസരപ്പൂക്കാരീ/ ആവണി പിറക്കുമ്പോൾ/ അത്തം വെളുക്കുമ്പോൾ/ ഈ വഴി വീണ്ടും നീ വരുമോ...’’ എന്ന് തുടങ്ങുന്ന എൽ.ആർ. ഈശ്വരി പാടിയ ഗാനം തെല്ലു വ്യത്യസ്തമായിരുന്നു. ആ ഗാനം ശ്രദ്ധേയമാവുകയുംചെയ്തു. ‘‘അനുവാദമില്ലാതെ അകത്തുവരും ഞാൻ/ അനുവാദമില്ലാതെ അകത്തുവരും/ കണ്മുന കതകുകൾ അടച്ചാലും/ നിൻ മനോസുന്ദര മന്ദിരത്തിൽ/ കഞ്ജബാണനും ഞാനും കൂടി/ ഇന്നു രാവിൽ അകത്തുവരും’’ എന്നിങ്ങനെ തുടങ്ങുന്ന ഈ നൃത്തഗാനവും രചനയിലും സംഗീതത്തിലും ഒരു നിശ്ചിതനിലവാരം പുലർത്തുന്നുണ്ട്. 1971 ജൂൺ 16ാം തീയതി റിലീസ് ചെയ്ത ‘രാത്രിവണ്ടി’ ചെലവ് ചുരുക്കിയെടുത്ത ചിത്രമായതുകൊണ്ട് ലാഭം നേടി.
‘അശ്വമേധ’ത്തിന്റെ തുടർച്ചയായി തോപ്പിൽ ഭാസി എഴുതിയ നാടകമാണ് ‘ശരശയ്യ’. കെ.പി.എ.സി അവതരിപ്പിച്ച ഈ നാടകവും വിജയമായിരുന്നു. അസിം കമ്പനി പി.വി. സത്യവുമായി ചേർന്ന് ഈ നാടകം സിനിമയാക്കി. തോപ്പിൽ ഭാസി തന്നെയാണ് ചിത്രം സംവിധാനംചെയ്തത്. വയലാർ-ദേവരാജൻ ടീം ഗാനങ്ങളൊരുക്കി. യേശുദാസ്, മാധുരി, എം.ജി. രാധാകൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിനിമയിൽ ആകെ ആറു പാട്ടുകളുണ്ടായിരുന്നു.
‘‘ഉത്തിഷ്ഠതാ ജാഗ്രത /പ്രാപ്യവരാൻനിബോധതാ’’ എന്ന ഉപനിഷത്ത് സൂക്തത്തിൽ ആരംഭിക്കുന്ന ശീർഷകഗാനം പാടിയത് എം.ജി. രാധാകൃഷ്ണനും പി. മാധുരിയും ചേർന്നാണ്. ‘‘ശാരികേ ശാരികേ സിന്ധുഗംഗാനദീ -/ തീരം വളർത്തിയ ഗന്ധർവഗായികേ/ പാടുക നീയീ പുരുഷാന്തരത്തിലെ/ ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ’’ എന്നിങ്ങനെയൊഴുകുന്ന വയലാറിന്റെ ചിന്താധാരയിൽ ഭാരതസംസ്കാരത്തിന്റെ ഗതവൈഭവം നിറയുന്നു. ഗാനത്തിന്റെ അവസാന ചരണം ഏതു ഭാരതീയന്റെയും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
‘‘മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ/ ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളിൽ/ സത്യധർമങ്ങൾ മുറിവേറ്റു വീഴുന്നു/ യുദ്ധപ്പറമ്പിലെ ഈ ശരശയ്യയിൽ/ ഈ ശരശയ്യയിൽ...’’ യേശുദാസ് പാടിയ ‘‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ/ മെയ്യിൽ പാതി പകുത്തു തരൂ/ മനസ്സിൽ പാതി പകുത്തു തരൂ/ മാൻകിടാവേ...’’ എന്ന ഗാനം രചനയിലും ഈണത്തിലുമുള്ള ലാളിത്യംകൊണ്ട് ജനപ്രീതി നേടി. യേശുദാസ് തന്നെ പാടിയ ‘‘മുഖം മനസ്സിന്റെ കണ്ണാടി’’ എന്നാരംഭിക്കുന്ന ഗാനം അതുപോലെ പ്രശസ്തി നേടിയില്ല; രചനയിൽ കുറെ കൂടി മെച്ചമായിട്ടും.
‘‘മുഖം മനസ്സിന്റെ കണ്ണാടി -മന്ദ/ സ്മിതം കിനാവിന്റെ പൂവാടി/ സ്വരം വികാരത്തിൻ തരംഗിണി -പ്രാണ/ സഖീ നീയെൻ പ്രേമസ്വരൂപിണീ...’’ ദേവരാജന്റെ ഇഷ്ടഗായികയായ മാധുരി പാടിയ രണ്ടു പാട്ടുകൾ ‘ശരശയ്യ’യിലുണ്ട്. ‘അശ്വമേധ’ത്തിലെ അനശ്വരഗാനങ്ങൾക്ക് സ്വരം പകർന്ന പി. സുശീലയുടെ ശബ്ദം ഈ ചിത്രത്തിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
മാധുരി പാടിയ ‘‘നീലാംബരമേ താരാപഥമേ/ ഭൂമിയിൽ ഞങ്ങൾക്ക് ദുഃഖങ്ങൾ നൽകിയ/ ദൈവമിപ്പോഴും അവിടെയുണ്ടോ/ അവിടെയുണ്ടോ’’ എന്ന ഗാനം വളരെ മികച്ചതാണ്. മാധുരിയുടെ ആലാപനവും നന്ന്.
ഗാനം ഇങ്ങനെ തുടരുന്നു: ‘‘വെള്ളിച്ചൂരലും ചുഴറ്റി/ വെള്ളിത്താടിയും പറത്തി/ നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയിൽ/ നടക്കാനിറങ്ങാറുണ്ടോ... ദൈവം/ നടക്കാനിറങ്ങാറുണ്ടോ..?/കണ്ണീരിവിടെ കടലായി/ കണ്ടിട്ടൊരുപാടു നാളായി...’’ ശിക്ഷിക്കാൻ വടിയുമായിരിക്കുന്ന ഹെഡ്മാസ്റ്ററാണ് ദൈവം എന്ന തെറ്റായ ധാരണക്കുമേലെ ചൊരിയുന്ന ആക്ഷേപഹാസ്യമായി ഈ വരികളെ കാണാവുന്നതാണ്. മാധുരി പാടിയ രണ്ടാമത്തെ ഗാനം അത്ര പ്രശസ്തമല്ല.
‘‘ചൂഡാരത്നം ശിരസ്സിൽ ചാർത്തി/ വാടാമല്ലിയെ കാറ്റുണർത്തി/ പോയ പൂക്കാലങ്ങൾ ഓർമിച്ചുനിൽക്കും/പൊന്നശോകം കണ്ണുപൊത്തി’’ എന്നു തുടങ്ങുന്ന ഗാനം ശ്രോതാക്കളുടെ ഇഷ്ടവിഭവമായില്ല.
1971 ജൂലൈ രണ്ടിന് പ്രദർശനം തുടങ്ങിയ ‘ശരശയ്യ’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച മലയാള സിനിമക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
കുമാരി നായികയായി അഭിനയിച്ച ‘ആന വളർത്തിയ വാനമ്പാടി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യം നിർമിച്ച സിനിമയാണ് ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. അതുകൊണ്ട് തമിഴ്-തെലുങ്ക് സിനിമകളിലെ നടീനടന്മാരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജമിനി ഗണേശൻ, രാജശ്രീ, വിജയനിർമല, ശ്രീദേവി, കെ.വി. ശാന്തി, ആനന്ദൻ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നാഗവള്ളി ആർ.എസ്. കുറുപ്പ് എഴുതി. ഒ.എൻ.വി. കുറുപ്പ് എഴുതിയ പാട്ടുകൾക്ക് കെ.വി. മഹാദേവൻ സംഗീതമൊരുക്കി.
പി. ലീലയും മാധുരിയും ചേർന്ന് പാടിയ ‘‘രാജാവിന്റെ തിരുമകന്/ ആനപ്പുറത്തമ്പാരി/ രാജമല്ലിപ്പൂവുപോലെ/ റാണി മകൾ ശിങ്കാരി...’’, യേശുദാസും പി. ലീലയും പാടിയ ‘‘ജാം ജാം ജാമെന്ന് സന്തോഷമായ്/ തേൻകരിമ്പുള്ള കാടിതാ രാജഭീമാ/ ജാം ജാം ജാമെന്ന് സന്തോഷമായ്’’, എസ്. ജാനകി പാടിയ ‘‘എങ്ങെങ്ങോ ഉല്ലാസയാത്രകൾ/ ചെല്ലത്തിങ്കളേ -ചൊല്ലൂ/ ഏതേതു നാട്ടിലിന്നുത്സവം/ എങ്ങെങ്ങോ ഉല്ലാസയാത്രകൾ...’’, യേശുദാസും എസ്. ജാനകിയും പാടിയ ‘‘കൺകോണിൽ കനവിന്റെ കണിമലർ തേനല്ലേ?/ നിൻ കണ്ണതു നുകർന്നു പാടുന്ന തേൻകിളിയോ?’’, എൽ.ആർ. ഈശ്വരി പാടിയ ‘‘ഹയ്യാ -വില്ലെട് വാളെട്/ വീരനെന്ന പേരെട്/ ഒറ്റവെട്ട് -തുണ്ടു രണ്ട്/ ഒറ്റക്കെട്ടായ് നിന്നിട്...’’, എൽ.ആർ. ഈശ്വരിയും എസ്. ജാനകിയും പാടിയ ‘‘വിരുന്നിനു വിളിക്കേണം.../ആഹാ ആഹാ ഹഹ്ഹ... ഹോഹോ... ഹോഹോ/ വീരരിൽ സിംഹം, പാരിനു ചന്ദ്രൻ/ മന്നവനാകും തിരുനാൾ/ തിരുനാൾ തിരുനാൾ/ ഇന്നു വിരുന്നിനു വിളിക്കേണം...’’ ഇങ്ങനെ ആകെ ആറു പാട്ടുകളാണ് ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’ എന്ന സിനിമയിൽ ഉണ്ടായിരുന്നത്.
എന്തേ ഒ.എൻ.വി. കുറുപ്പിന്റെ ഗാനരചന ഇങ്ങനെ? എന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. ഈ പാട്ടുകൾ തമിഴിൽനിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്. 1971 ജൂലൈ 22ാം തീയതി ‘ആന വളർത്തിയ വാനമ്പാടിയുടെ മകൻ’ തിയറ്ററുകളിലെത്തി. കാടിന്റെ ഭംഗിയും കാട്ടുമൃഗങ്ങളും നായകനും തമ്മിലുള്ള ഏറ്റുമുട്ടലുകളും രാജശ്രീ, വിജയനിർമല, കൗമാരത്തിൽനിന്ന് യൗവനത്തിലേക്കു കടക്കുന്ന ശ്രീദേവി എന്നീ നടികളുടെ ആകാരഭംഗിയും പ്രേക്ഷകരെ ആകർഷിച്ചു. ചിത്രം സാമ്പത്തികവിജയം നേടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.