Begin typing your search above and press return to search.
proflie-avatar
Login

‘ആഭിജാത്യ’ത്തിലെ അനശ്വര ഗാനങ്ങൾ

‘ആഭിജാത്യ’ത്തിലെ അനശ്വര ഗാനങ്ങൾ
cancel

‘‘1971 ആഗസ്റ്റ് എട്ടിന്​ ഇറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകളി’ലാണ്​ പ്രശസ്ത നടൻ മമ്മൂട്ടി ആദ്യമായി മുഖം കാണിച്ചത്. അന്ന് അദ്ദേഹം ഒരു കലാലയ വിദ്യാർഥിയായിരുന്നു. ഈ വസ്തുത മമ്മൂട്ടിതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്’’ -‘അനുഭവങ്ങൾ പാളിച്ചകൾ’,‘ആഭിജാത്യം’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെക്കുറിച്ച്​ എഴുതുന്നു. നടൻ തിക്കുറിശ്ശിയുടെ സംവിധാനസംരംഭങ്ങളെക്കുറിച്ച് ഈ പരമ്പരയിൽ പലവട്ടം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം സംവിധാനംചെയ്ത ‘അച്ഛന്റെ ഭാര്യ’ എന്ന സിനിമ 1971 ജൂലൈ 23ന്​ പുറത്തുവന്നു. തമിഴ് സാഹിത്യകാരനും നിർമാതാവും സംവിധായകനും കർപ്പകം ഫിലിം സ്റ്റുഡിയോ ഉടമയുമായ കെ.എസ്. ഗോപാലകൃഷ്ണന്റെ സൂപ്പർഹിറ്റ്...

Your Subscription Supports Independent Journalism

View Plans

‘‘1971 ആഗസ്റ്റ് എട്ടിന്​ ഇറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകളി’ലാണ്​ പ്രശസ്ത നടൻ മമ്മൂട്ടി ആദ്യമായി മുഖം കാണിച്ചത്. അന്ന് അദ്ദേഹം ഒരു കലാലയ വിദ്യാർഥിയായിരുന്നു. ഈ വസ്തുത മമ്മൂട്ടിതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്’’ -‘അനുഭവങ്ങൾ പാളിച്ചകൾ’,‘ആഭിജാത്യം’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെക്കുറിച്ച്​ എഴുതുന്നു. 

നടൻ തിക്കുറിശ്ശിയുടെ സംവിധാനസംരംഭങ്ങളെക്കുറിച്ച് ഈ പരമ്പരയിൽ പലവട്ടം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം സംവിധാനംചെയ്ത ‘അച്ഛന്റെ ഭാര്യ’ എന്ന സിനിമ 1971 ജൂലൈ 23ന്​ പുറത്തുവന്നു. തമിഴ് സാഹിത്യകാരനും നിർമാതാവും സംവിധായകനും കർപ്പകം ഫിലിം സ്റ്റുഡിയോ ഉടമയുമായ കെ.എസ്. ഗോപാലകൃഷ്ണന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ശിത്തി’ (ചിറ്റമ്മ)യുടെ മലയാളം റീമേക്ക് ആയിരുന്നു ‘അച്ഛന്റെ ഭാര്യ’. കെ.എസ്. ഗോപാലകൃഷ്ണന്റെ സഹായത്തോടെ തിക്കുറിശ്ശി തന്നെ തന്റെ ഭാര്യ സുലോചനയുടെ പേരിലാണ് ഈ സിനിമ നിർമിച്ചത്. അശോക് പ്രൊഡക്ഷൻസ് എന്നായിരുന്നു ബാനറിന്റെ പേര്.

രാഗിണി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, നെല്ലിക്കോട് ഭാസ്കരൻ, മീന, ബഹദൂർ, ജോസ് പ്രകാശ്, വിജയശ്രീ, മാസ്റ്റർ രാജു, ബേബി വിജയ, ബേബി ഇന്ദിര തുടങ്ങിയവർ അഭിനയിച്ചു. കെ.എസ്. ഗോപാലകൃഷ്ണന്റെ ഒറിജിനൽ ചിത്രമായ ‘ശിത്തി’യിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുംതന്നെ ‘അച്ഛന്റെ ഭാര്യ’യിൽ ഉണ്ടായിരുന്നില്ല. തിക്കുറിശ്ശിതന്നെയാണ് സംഭാഷണവും പാട്ടുകളും എഴുതിയത്. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ. ഇരയിമ്മൻ തമ്പിയുടെ ‘‘ഓമനത്തിങ്കൾ കിടാവോ...’’ എന്ന പ്രശസ്ത താരാട്ടും ഈ സിനിമയിൽ ഉൾപ്പെടുത്തുകയുണ്ടായി. യേശുദാസ് പാടിയ ‘‘മധുരം... മധുരം’’, യേശുദാസും എസ്. ജാനകിയും പാടിയ ‘‘വാഹിനീ പ്രേമവാഹിനീ’’, അവർ തന്നെ പാടിയ ‘‘വരുമോ നീ വരുമോ...’’, എസ്. ജാനകി തനിച്ചു പാടിയ ‘‘താമരപ്പൂമിഴി പൂട്ടി...’’ എന്നീ നാല് പാട്ടുകളാണ് തിക്കുറിശ്ശിയുടേതായ രചനകൾ. ‘

‘ഓമനത്തിങ്കൾകിടാവോ’’ എന്ന പാട്ടിന് നായികയായ രാഗിണിയുടെ ശബ്ദംതന്നെയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നാണ് ഈ ലേഖകന്റെ അറിവ്. യേശുദാസ് പാടിയ ‘‘മധുരം മധുരം -എൻ മനസ്സിൽ നിന്നുടെ/ മാദകനടനം/ മധുരം മധുരം തളിരിളം മേനി മിനുക്കി -കാലിൽ/ തങ്കച്ചിലങ്ക കിലുക്കി/ താമരമിഴിയിട്ടു കറക്കി -തക/തകധിമി ധിതിമി മുഴക്കി -വള കിലുക്കി’’ എന്ന് തുടങ്ങുന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിന്റെ തുടർന്നുള്ള വരികൾ ഇങ്ങനെ:

‘‘മണവറവാതിൽ തുറക്കും -ഒരു /മണിമഞ്ചം ഞാനൊരുക്കും/മലരണിമെത്ത വിരിക്കും -നല്ല/ മണമുള്ള പനിനീരു തളിക്കും/ നിന്നെ വിളിക്കും...’’ ഏതാണ്ട് ഇതേ നിലവാരത്തിൽ ഒരു ചരണം കൂടിയുണ്ട്. യേശുദാസും ജാനകിയും ചേർന്ന് പാടുന്ന ആദ്യത്തെ യുഗ്മഗാനം ഇങ്ങനെ: ‘‘വാഹിനീ... പ്രേമവാഹിനീ/ നിൻ പ്രിയനെവിടെ.../ പ്രിയനേ തേടി പോകുവതെവിടെ.../ വാഹിനീ.../ വാഹിനീ പ്രേമവാഹിനീ.../ ഏതോ ഗിരിയുദരത്തിൽ പിറന്നു.../ എത്ര കാടുകൾ കടന്നുവന്നു.../ ഓടക്കുഴലും ഓങ്കാരനാദവും/ ഓമനേ നിനക്കാര് തന്നു.../ വാഹിനീ... പ്രേമവാഹിനീ...’’

യേശുദാസും എസ്. ജാനകിയും ചേർന്ന് പാടുന്ന രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘വരുമോ നീ വരുമോ/ തങ്കക്കിനാക്കളും സങ്കൽപ പൂക്കളും/ പൊൻകതിർമണ്ഡപമൊരുക്കുമ്പോൾ/ ഹൃദന്തവൃന്ദാവനത്തിലെൻ പ്രിയ -/വസന്തദേവതേ വരുമോ നീ...’’

എസ്. ജാനകി പാടിയ താരാട്ടുപാട്ട്: ‘‘ആരീരരാരിരാരോ ആരിരാരാരീരാരോ... താമരപ്പൂമിഴി പൂട്ടിയുറങ്ങൂ തങ്കക്കുടമേ, ഞാൻ താരാട്ടു പാടാം പെണ്ണായ് പിറന്നാൽ ഉറങ്ങാൻ നേരം പിന്നെ ലഭിക്കയില്ലൊമാനക്കുഞ്ഞേ...’’

തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘യൗവനപ്രായത്തിലെത്തും വരേക്കും അവ്വണ്ണം മാതാപിതാക്കൾക്കധീനം കല്യാണകർമം കഴിഞ്ഞാലവൾക്കു കാണപ്പെടും ദൈവം ഭർത്താവു മാത്രം...’’

‘ശിത്തി’ എന്ന തമിഴ് സിനിമയിൽ മഹാകവി കണ്ണദാസൻ എഴുതിയ ആശയംതന്നെ തിക്കുറിശ്ശി പിന്തുടരുകയായിരുന്നു... കാലം മാറി; കുടുംബന്ധങ്ങളുടെ ഊടും പാവും മാറി. ഇന്ന് ഈ പാട്ട് യുവതലമുറ അംഗീകരിക്കുമോ എന്ന് സംശയമാണ്. ‘അച്ഛന്റെ ഭാര്യ’ എന്ന പേര് ‘ചിറ്റമ്മ’ എന്ന പേരുപോലെ ആകർഷകമല്ല. തമിഴിൽ നൂറു ദിവസം ഓടിയ സൂപ്പർഹിറ്റ് ചിത്രം ‘ശിത്തി’ അതേ രീതിയിൽ മലയാളത്തിൽ വന്നപ്പോൾ പരാജയമായതിന് ‘അച്ഛന്റെ ഭാര്യ’ എന്ന ശീർഷകവും ഒരു കാരണമായിരിക്കാം.

 കെ.എസ്. സേതുമാധവന്റെ മികച്ച സിനിമകളിലൊന്നാണ് മഞ്ഞിലാസിന്റെ ബാനറിൽ എം.ഒ. ജോസഫ് നിർമിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ’. തകഴി എഴുതിയ രാഷ്ട്രീയ നോവലിനെ അവലംബമാക്കി തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. കഥയുടെ ശക്തിയോടൊപ്പം സത്യന്റെ അനിതരസാധാരണമായ അഭിനയവും ഈ സിനിമയുടെ പ്രശസ്തിക്ക് കാരണമാണ്. സത്യൻ നടുനായകത്വം വഹിക്കുന്ന ഈ ചിത്രത്തിൽ താരതമ്യേന ഒരു ചെറിയ വേഷത്തിൽ (നായകന്റെ സഹപ്രവർത്തകനും സുഹൃത്തും) പ്രേംനസീർ അഭിനയിച്ചിരുന്നു എന്നോർക്കുക. ഷീലയായിരുന്നു നായിക. കെ.പി.എ.സിലളിത, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, ഫിലോമിന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ഈ ടീമിന്റെ വിഖ്യാത ഗാനങ്ങളിലൊന്നായ ‘‘പ്രവാചകന്മാരേ... ​/പ്രവാചകന്മാരേ പറയൂ​ പ്രഭാതമകലെയാണോ..’’ എന്ന യേശുദാസ് ഗാനം ഈ സിനിമയിലുള്ളതാണ്. ‘‘പ്രവാചകന്മാരേ പറയൂ/ പ്രഭാതമകലെയാണോ.../പ്രപഞ്ചശിൽപികളേ, പറയൂ/പ്രകാശമകലെയാണോ...’’ എന്ന പല്ലവി വളരെ പ്രശസ്തമാണല്ലോ. ഗാനത്തിലെ അടുത്ത വരികൾ : ‘‘ആദിയുഷസ്സിൽ ചുവന്ന മണ്ണിൽ/നിന്നായുഗസംഗമങ്ങൾ/ ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ/ ഇടിഞ്ഞു വീഴുന്നു -കാറ്റിൽ ഇടിഞ്ഞുവീഴുന്നു/ ഈ വഴിത്താരയിൽ ആലംബമില്ലാതെ/ ഈശ്വരൻ നിൽക്കുന്നു/ ധർമനീതികൾ താടി വളർത്തി/ തപസ്സിരിക്കുന്നു... തപസ്സിരിക്കുന്നു...’’

യേശുദാസ് പാടിയ പശ്ചാത്തല ഗാനവും ശ്രദ്ധേയം. ‘‘അഗ്നിപർവതം പുകഞ്ഞു -ഭൂ ചക്രവാളങ്ങൾ ചുവന്നു... മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നു...’’ ആദ്യ ചരണത്തിൽ ‘കഴുകാ’ എന്നും അടുത്ത ചരണത്തിൽ ‘ഗരുഡാ’ എന്നും സംബോധനചെയ്തുകൊണ്ടാണ് കവി കാര്യങ്ങൾ പറയുന്നത്. ഇത് ദൃശ്യഭാഷയുമായി ചേർന്ന് ആവശ്യമായ ഭീകരത സൃഷ്ടിക്കുന്നു,

‘‘കഴുകാ ഹേ കഴുകാ/ കറുത്ത ചിറകുമായ് താണു പറന്നീ/കനലിനെ കൂട്ടിൽനിന്നെടുത്തുകൊള്ളൂ/ നാളത്തെ പ്രഭാതത്തിൽ ഈ കനലൂതിയൂതി/ കാലമൊരു കത്തുന്ന പന്തമാക്കും / തീപ്പന്തമാക്കും...’’ യേശുദാസും പി. ലീലയും ഗായകസംഘവും ചേർന്ന് പാടുന്ന വിപ്ലവഗാനവും പ്രസിദ്ധമാണ്.

‘‘സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ/ സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ/ കാലത്തിന്റെ മുഖാകൃതി മാറ്റിയ/ കഴിഞ്ഞ നൂറ്റാണ്ടിൽ -ഈ/ കഴിഞ്ഞ നൂറ്റാണ്ടിൽ/ മനുഷ്യമോചന രണഭൂമിയിൽ നി-/ന്നുയർന്നതാണീ ശബ്ദം.../ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം/ വോൾഗാ നദിയുടെ തരംഗമാലകളിതേറ്റു പാടുന്നു/ ഗംഗാനദിയും നൈലും യാങ്റ്റ്സിയുമിതേറ്റു പാടുന്നു...’’

പി. മാധുരി പാടിയ ‘‘കല്യാണീ കളവാണീ...’’ എന്ന ഗാനമാണ് നാലാമത്തേത്. അതിന്റെ രചനയും ഈണവും മികച്ചതുതന്നെ.

‘‘കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്/ വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ/ ആൺപൂവാണേലമ്പലപ്പുഴയുണ്ണിക്കണ്ണന് പൂജയ്ക്ക്.../ പെൺപൂവാണേലാഹാ മറ്റൊരു കാർവർണനു മാലയ്ക്ക്...’’ ചരണങ്ങളിലെ ‘‘നിന്റെയിടത്തെ കൺപുരികം തുടിയ്ക്കണൊണ്ടോ’’ എന്നും ‘‘നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കാനൊണ്ടോ’’ എന്നും ‘‘നിന്റെ മനസ്സിൻ പൊന്നറകൾ തൊറക്കണൊണ്ടോ/നിന്റെ മുത്തുവിളക്കുകളൂതിക്കെടുത്തണൊണ്ടോ’’ എന്നുമുള്ള ചോദ്യങ്ങളിൽ ഒരു ഗ്രാമീണ യുവതിയുടെ മനസ്സിൽ പ്രണയം മുളപൊട്ടി വളരുന്നതിന്റെ ചിത്രം എത്ര സുന്ദരമായാണ് വയലാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ ഈ നാല് പാട്ടുകൾ പഠിച്ചാൽ വയലാർ എന്ന ഗാനരചയിതാവിന്റെ രചനയിലെ വൈവിധ്യം പഠിക്കാൻ കഴിയും.

 

‘ആഭിജാത്യ’ത്തിൽനിന്നൊരു രംഗം, അനുഭവങ്ങൾ പാളിച്ചകളി’ൽ മമ്മൂട്ടി

‘ആഭിജാത്യ’ത്തിൽനിന്നൊരു രംഗം, അനുഭവങ്ങൾ പാളിച്ചകളി’ൽ മമ്മൂട്ടി

1971 ആഗസ്റ്റ് എട്ടിനാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ശ്രദ്ധേയമായ സിനിമയുടെ പ്രദർശനം തുടങ്ങിയത്. മറ്റൊരു പ്രാധാന്യംകൂടി ഈ ചിത്രത്തിനുണ്ട്. പ്രശസ്ത നടൻ മമ്മൂട്ടി ആദ്യമായി മുഖം കാണിച്ചത് ഈ സിനിമയിലാണ്. അന്ന് അദ്ദേഹം ഒരു കലാലയ വിദ്യാർഥിയായിരുന്നു. ഈ വസ്തുത മമ്മൂട്ടിതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

സംഗീതത്തിന് പ്രാധാന്യം നൽകി ആർ.എസ്. പ്രഭു, എ. വിൻസന്റിന്റെ സംവിധാനത്തിൽ നിർമിച്ച സിനിമയാണ് ‘ആഭിജാത്യം’. പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതം നൽകി. സംഗീതസംവിധായകൻ എന്നനിലയിൽ എ.ടി. ഉമ്മർ പൂർണവിജയം നേടിയ സിനിമയാണ് ‘ആഭിജാത്യം’ എന്ന് ധൈര്യമായി പറയാം. പരിചയസമ്പന്നനായ പി. ഭാസ്കരന്റെ രചനകളും ഒപ്പത്തിനൊപ്പം നിന്നു. ‘ആഭിജാത്യ’ത്തിലെ എല്ലാ പാട്ടുകളും ഹിറ്റുകളായി. വമ്പിച്ച പ്രദർശനവിജയം നേടിയ ഒരു മറാത്തി ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ‘ആഭിജാത്യം’ നിർമിച്ചത്. തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി.

മലയാളത്തിലും അത് ഒരു മികച്ച കുടുംബചിത്രം എന്ന പേര് നേടി. രാജേഷ് ഫിലിംസിന്റെ ‘ആഭിജാത്യം’ എന്ന കുടുംബചിത്രത്തിൽ മധു ആയിരുന്നു നായകൻ. ശാരദ നായികയും. ഒരു സംഗീതാധ്യാപകന്റെ വേഷമായിരുന്നു മധുവിന്. അദ്ദേഹത്തിന്റെ കീഴിൽ പാട്ടു പഠിക്കുന്ന ഉന്നതകുലജാതയായ യുവതിയാണ് ശാരദ. ശാരദയുടെ പിതാവ് ധാർഷ്ട്യമുള്ള ജന്മിയാണ്. ജാതിയിലും ഉപജാതികളിലും വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികൻ. നായകൻ ഗായകനായതുകൊണ്ട് അനവധി ഗാനരംഗങ്ങൾ സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞു. ഹൃദയത്തെ തൊടുന്ന അനവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി തുടങ്ങിയവരും അഭിനേതാക്കളായുണ്ടായിരുന്നു. ചിത്രത്തിൽ ആകെ ഏഴു പാട്ടുകളാണ് ഉണ്ടായിരുന്നത്. യേശുദാസ്, പി. സുശീല, പി. ലീല, എസ്. ജാനകി, ബി. വസന്ത, അമ്പിളി, ലതാരാജു എന്നിവരോടൊപ്പം അടൂർ ഭാസിയും പാടി.

‘‘ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ/ പണ്ടുപണ്ടൊരാട്ടിടയൻ തപസ്സിരുന്നു/ വിണ്ണിൽനിന്നും വന്നിറങ്ങിയ ഭഗവാനപ്പോൾ/ ഒരു ചന്ദനത്തിൻ മണിവീണയവനു നൽകി’’ എന്നു തുടങ്ങുന്ന യേശുദാസ് ഗാനം സംഗീതാസ്വാദകർക്കു വളരെ പ്രിയപ്പെട്ടതാണ്. കഥയുമായി ലയിച്ചു ചേരുന്നവയാണ് പി. ഭാസ്കരന്റെ രചനകൾ. തുടർന്നുള്ള ഈ വരികൾ ശ്രദ്ധിക്കുക.

‘‘തങ്കസ്വപ്ന ശതങ്ങളാൽ തന്ത്രികൾ കെട്ടി -അതിൽ/ സുന്ദരപ്രതീക്ഷകൾ തൻ ചായം പുരട്ടി/ ആർത്തലച്ചു ഹൃദയത്തിൽ തുളുമ്പിയ ഗാനങ്ങൾ/ രാത്രിയും പകലുമവൻ വീണയിൽ മീട്ടി...’’

അച്ഛന്റെ അനുവാദമില്ലാതെ സംഗീതം പഠിപ്പിച്ച അധ്യാപകനോടൊപ്പം ഇറങ്ങിപ്പോയി ലളിതജീവിതം നയിക്കുന്ന നായികയും അവളെ കഷ്ടതയറിയിക്കാതെ പോറ്റണമെന്ന് ആഗ്രഹിക്കുന്ന നായകനും അവർക്കു പ്രണയമാഘോഷിക്കാൻ ഹൃദയങ്ങൾ നിറയെ സംഗീതവും. ‘ആഭിജാത്യ’ത്തിലെ ഗാനങ്ങൾ ഇത്രയും ആകർഷകമായിത്തീർന്നതിന് കഥാമുഹൂർത്തങ്ങളും സഹായകമായി.

യേശുദാസും പി. സുശീലയും ചേർന്നു പാടിയ ഗാനമാണ് ‘‘വൃശ്ചികരാത്രി തൻ...’’ എന്നു തുടങ്ങുന്നത്. ‘‘വൃശ്ചികരാത്രി തൻ അരമനമുറ്റത്തൊരു/ പിച്ചകപ്പൂപ്പന്തലൊരുക്കി -വാനം/ പിച്ചകപ്പൂപ്പന്തലൊരുക്കി/ നാലഞ്ചു താരകൾ യവനികക്കുള്ളിൽനിന്നും/ നീലച്ച കണ്മുനകൾ എറിഞ്ഞപ്പോൾ/ കോമളവദനത്തിൽ ചന്ദനക്കുറിയുമായ്/ ഹേമന്തകൗമുദി ഇറങ്ങിവന്നു...’’ എത്ര മനോഹരം. വരികളും ഈണവും. യേശുദാസിന്റെയും പി. സുശീലയുടെയും മധുരനാദങ്ങളും.!

അതുപോലെതന്നെ മനസ്സിനെ തൊടുന്നു ‘‘രാസലീലക്കു വൈകിയതെന്തു നീ’’ എന്നാരംഭിക്കുന്ന പാട്ടും. യേശുദാസും ബി. വസന്തവും ചേർന്നാണ് ഈ ഗാനം പാടിയിട്ടുള്ളത്.

‘‘രാസലീലക്കു വൈകിയതെന്തു നീ/ രാജീവലോചനേ രാധികേ’’ എന്നു ഗായകൻ ചോദിക്കുന്നു.

അതിനു ഗായിക പറയുന്ന മറുപടി ഇങ്ങനെ: ‘‘ഹരിചന്ദനക്കുറി വരച്ചില്ല -കാലിൽ/ നവരത്നനൂപുരം ധരിച്ചില്ല/ കാലിൽ ധരിച്ചില്ല...’’

അതീവസുന്ദരമാണ് ഈ ഗാനവും. എസ്. ജാനകി തനിച്ചു പാടിയ സുന്ദരമായ ഗാനമാണ് അടുത്തത്.

‘‘മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ/ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടി/ ഒഴുകിടുമാറ്റിന്റെ കൽപടവിൽ ചാരി/ ഒരു കൊച്ചുസ്വപ്നത്തെ തഴുകിയിരുന്നു...’’

പി. ലീലയും സംഘവും പാടിയ ഈ ഗാനവും ഒട്ടും മോശമല്ല...

‘‘കല്യാണക്കുരുവിക്ക്‌ പുല്ലാനിപ്പുര കെട്ടാൻ/ പുല്ലും നെല്ലും വൈക്കോലും/ പഞ്ഞിയും പായലും കുമ്മായം/ ഇല്ലിയും ചുള്ളിയും മോന്തായം/ രാരിരാരോ രാരിരോ/ രാരിരാരോ രാരിരോ...’’

പി. ലീല പാടുന്ന ഭാഗം താരാട്ടാണ്. പശ്ചാത്തലത്തിൽ ഉയരുന്ന ഹമ്മിങ് അതിമനോഹരം. ഈ ഗാനം കേൾക്കുമ്പോൾ ചിത്രത്തിലെ ഔട്ട് ഡോർ രംഗം ഓർമയിൽ തെളിയും. വിൻസന്റ് മാസ്റ്ററുടെ സംവിധാനപാടവവും. കാമറ പകർത്തുന്ന ദൃശ്യഭാഷയുടെ തെളിമയും. അമ്പിളിയും ലതാരാജുവും ചേർന്നു പാടിയ ഗാനം ‘‘ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത് ’’ എന്നു തുടങ്ങുന്നു.

‘‘ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്/ ആനന്ദം പാടിയിരിക്കും തത്ത/ തത്തയ്‌ക്ക്‌ പുടമുറി, താലികെട്ട്/ ചിരിക്കുന്നു തത്ത പാടുന്നു തത്ത.../ തട്ടാനെ വരുത്തുന്നു പൊൻ തൂക്കി കൊടുക്കുന്നു/ താലിയും പരത്തുന്നു തത്തമ്മയ്ക്ക്/ ആദിത്യശോഭയും മിന്നുംപോലെ/ കുന്നത്തെ കൊന്നയും പൂത്തപോലെ...’’

അടൂർ ഭാസിയുടെ നേതൃത്വത്തിൽ കേടായ വാഹനം തള്ളിക്കൊണ്ട് പാടുന്ന ഒരു കോമഡിപ്പാട്ടും ‘ആഭിജാത്യ’ത്തിലുണ്ട്.

‘‘തള്ളു തള്ളു തള്ളു തള്ളു പന്നാസുവണ്ടി/ തള്ളു തള്ളു തള്ളു തള്ളീ തല്ലിപ്പൊളി വണ്ടി...’’ എന്നു തുടങ്ങുന്ന ഈ പാട്ട് അടൂർ ഭാസിയുടെ നേതൃത്വത്തിൽ അമ്പിളി, ലതാരാജു എന്നിവർ ചേർന്നു പാടിയിരിക്കുന്നു.

‘ആഭിജാത്യ’ത്തിന്റെ വിജയത്തിന് കഥയുടെ കരുത്തും മധു, ശാരദ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ എന്നിവരുടെ അഭിനയവും മാത്രമല്ല ഈ പാട്ടുകളും കാര്യമായി സഹായിച്ചു.

(തുടരും)

News Summary - weekly sangeetha yathrakal