Begin typing your search above and press return to search.
proflie-avatar
Login

ആരോമലുണ്ണിയും മയിലാടുംകുന്നും

ആരോമലുണ്ണിയും മയിലാടുംകുന്നും
cancel

പുതിയ സംവിധായകൻ എസ്. ബാബുവിന് തന്റെ പ്രഥമചിത്രം ഹിറ്റ് ആക്കിമാറ്റാൻ കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് പുതിയ ചിത്രങ്ങൾ സംവിധാനംചെയ്യാൻ അധികം അവസരങ്ങൾ ലഭിച്ചില്ല. ‘മയിലാടുംകുന്ന്’ എന്ന സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് സേതുമാധവനിൽതന്നെ ചെന്നു ചേർന്നു -സിനിമകളിലെ ഭാഗ്യ നിർഭാഗ്യങ്ങളുടെ കഥ എഴുതുന്നു.വടക്കൻ പാട്ടുകളെ അടിസ്ഥാനമാക്കി മലയാളത്തിൽ ഏറ്റവുമധികം സിനിമകൾ നിർമിച്ചിട്ടുള്ളത് കുഞ്ചാക്കോ (ഉദയാ സ്റ്റുഡിയോ) ആണ്. എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ കുഞ്ചാക്കോ നിർമിച്ച ‘ആരോമലുണ്ണി’ എന്ന സിനിമയും ഉജ്ജ്വലവിജയം നേടി. പാട്ടുകളുടെയും പാട്ടുകളുടെ ചിത്രീകരണത്തിന്റെയും കാര്യത്തിൽ നിർമാതാവായ...

Your Subscription Supports Independent Journalism

View Plans

പുതിയ സംവിധായകൻ എസ്. ബാബുവിന് തന്റെ പ്രഥമചിത്രം ഹിറ്റ് ആക്കിമാറ്റാൻ കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് പുതിയ ചിത്രങ്ങൾ സംവിധാനംചെയ്യാൻ അധികം അവസരങ്ങൾ ലഭിച്ചില്ല. ‘മയിലാടുംകുന്ന്’ എന്ന സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് സേതുമാധവനിൽതന്നെ ചെന്നു ചേർന്നു -സിനിമകളിലെ ഭാഗ്യ നിർഭാഗ്യങ്ങളുടെ കഥ എഴുതുന്നു.

വടക്കൻ പാട്ടുകളെ അടിസ്ഥാനമാക്കി മലയാളത്തിൽ ഏറ്റവുമധികം സിനിമകൾ നിർമിച്ചിട്ടുള്ളത് കുഞ്ചാക്കോ (ഉദയാ സ്റ്റുഡിയോ) ആണ്. എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ കുഞ്ചാക്കോ നിർമിച്ച ‘ആരോമലുണ്ണി’ എന്ന സിനിമയും ഉജ്ജ്വലവിജയം നേടി. പാട്ടുകളുടെയും പാട്ടുകളുടെ ചിത്രീകരണത്തിന്റെയും കാര്യത്തിൽ നിർമാതാവായ കുഞ്ചാക്കോ ഒരു വിട്ടുവീഴ്ചയും ചെയ്യുമായിരുന്നില്ല.

സംവിധായകനായി ടൈറ്റിലിൽ കുഞ്ചാക്കോയുടെ പേരു നിലനിർത്തുമ്പോഴും ഇത്തരം സിനിമകളിൽ ഗാനചിത്രീകരണം നടത്തിയിരുന്നത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻകൂടിയായ എ. വിൻസെന്റ് മാസ്റ്റർ ആയിരുന്നു. ഇത് മലയാള സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ടൈറ്റിലിൽ വിൻസെന്റ് മാസ്റ്ററുടെ പേരുണ്ടാവുകയില്ല. പാട്ടുകളും അവയുടെ ചിത്രീകരണവും സംഘട്ടനരംഗങ്ങളും മികച്ചതായാൽ ഇത്തരം ചിത്രങ്ങൾ വിജയിക്കുമെന്ന ഉറച്ച വിശ്വാസം കുഞ്ചാക്കോക്ക് ഉണ്ടായിരുന്നു.

 

സത്യൻ ജീവിച്ചിരുന്ന കാലത്ത് താൻ നിർമിക്കുന്ന വടക്കൻപാട്ടു സിനിമകളിൽ പ്രധാന കഥാപാത്രങ്ങളായി സത്യനെയും പ്രേംനസീറിനെയും ഒരുമിച്ചു കൊണ്ടുവരാനും നിർമാതാവായ കുഞ്ചാക്കോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ‘ആരോമലുണ്ണി’യിൽ പ്രേംനസീർ, തമിഴ്‌നടൻ രവിചന്ദ്രൻ, ഷീല, വിജയശ്രീ, തിക്കുറിശ്ശി സുകുമാരൻ നായർ, ജി.കെ. പിള്ള, കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, എസ്.പി. പിള്ള, അടൂർഭാസി, മണവാളൻ ജോസഫ്, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ചു. വടക്കൻ പാട്ടുകളിൽനിന്നെടുത്ത കഥക്ക് ശാരംഗപാണി തിരക്കഥയും സംഭാഷണവും രചിച്ചു. ‘ആരോമലുണ്ണി’യിൽ ആകെ ഒമ്പതു പാട്ടുകൾ ഉണ്ടായിരുന്നു. വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നു. പി. സുശീല, യേശുദാസ്, ജയചന്ദ്രൻ, പി. മാധുരി, കുളത്തുപ്പുഴ രവി (രവീന്ദ്രൻ) എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഈ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ജനപ്രീതി നേടിയെടുത്തു എന്നുപറയാം. യേശുദാസ് പാടിയ

‘‘മുത്തുമണി പളുങ്കുവെള്ളം -പുഴയിലെന്റെ/ കൊത്തുപണി കരിമ്പുവള്ളം/ കോലത്തുനാട്ടിലെ കോവിലകത്തമ്മയെ/ താലി കെട്ടി കൊണ്ടുപോകണ കല്യാണവള്ളം/ മുത്തുമണി പളുങ്കുവെള്ളം’’ എന്നു തുടങ്ങുന്ന ഗാനവും പി. സുശീല പാടിയ ‘‘ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ/ഉർവശി ചമയുന്നൊരു ചന്ദ്രലേഖേ/ ഉഷയെവിടെ, സഖി ഉഷയെവിടെ/ ഉഷസ്സെവിടെ...’’ എന്നു തുടങ്ങുന്ന ഗാനവുമാണ്‌ ഏറ്റവും മുന്നിൽ നിന്നത് എന്നുപറയാം.

യേശുദാസും പി. സുശീലയും സംഘവും പാടിയ ‘‘കണ്ണാ -ആരോമലുണ്ണിക്കണ്ണാ...’’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായി.

‘‘കണ്ണാ, ആരോമലുണ്ണിക്കണ്ണാ/ അണിയൂ തിരുമാറിലണിയൂ ഞാൻ കോർത്ത/ കനകാംബരമാല/ ധീരസമീരനിലൂടെ, യമുനാ/ തീരകുടീരത്തിലൂടെ/ വൃശ്ചികമാസനിലാവിലൊളി പൂശിയ/ വൃന്ദാവനികയിലൂടെ/ ഈ ദ്വാരകാപുരി തേടി വരുന്നവളാരോ -നീയാരോ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനവും നന്നായിരുന്നു. യേശുദാസും പി. സുശീലയും പ്രത്യേകമായി പാടുന്ന പ്രമേയഗാനം (തീം സോങ്) മികച്ചതു തന്നെ.

‘‘പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം/ പൂപോലഴകുള്ളോരായിരുന്നു/ ആണുങ്ങളായി വളർന്നോരെല്ലാം/ അങ്കം ജയിച്ചവരായിരുന്നു’’ എന്നു തുടങ്ങുന്ന പാട്ടും യേശുദാസും പി. ജയചന്ദ്രനും ചേർന്നു പാടിയ ‘‘പാടാം പാടാം ആരോമൽച്ചേകവർ​/ പണ്ടങ്കം വെട്ടിയ കഥകൾ/ വീരകഥകൾ ധീരകഥകൾ/ അത്ഭുതകഥകൾ പാടാം’’ എന്നു തുടങ്ങുന്ന പാട്ടും വടക്കൻപാട്ടിന്റെ അന്തരീക്ഷം കൊണ്ടുവരാനുതകിയെന്നു പറയാം.

യേശുദാസും പി. സുശീലയും ചേർന്നു പാടിയ മറ്റൊരു ഗാനമിതാണ്. ‘‘മുല്ല പൂത്തു മുള വിരിഞ്ഞു/ രാജമല്ലി പൂത്തു കുട വിരിഞ്ഞു/ പൂമണം നുള്ളുവാൻ പൂമദം കൊള്ളുവാൻ/ പുറപ്പെടൂ തോഴീ പുറപ്പെടൂ...’’ മാധുരിയും സംഘവും പാടിയ ‘‘മാറിമാൻമിഴി മല്ലികത്തേൻമൊഴി/ മനംപോലെ മംഗല്യം/ പ്രിയതോഴീ, പ്രിയദർശിനീ നിൻ/ മനം പോലെ മംഗല്യം’’ എന്നു തുടങ്ങുന്നു മറ്റൊരു ഗാനം.

കുളത്തുപ്പുഴ രവി പാടിയ ഒരു ഹാസ്യഗാനവും ചിത്രത്തിലുണ്ട്. ‘‘രാമാ...കുർ...കുർ...കുർ/ ആടിക്കളിക്കെടാ കൊച്ചുരാമാ/ ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ/ ഇരുകണ്ണടിച്ചെറിഞ്ഞു വാട്ടാതെടാ/ കേറിപ്പറിക്കെടാ...’’ പാടാൻ അവസരം തേടി മദിരാശിയിൽ വന്ന് വളരെയേറെ കഷ്ടതകൾ അനുഭവിച്ച ഗായകനായ കുളത്തുപ്പുഴ രവിക്ക് ദേവരാജൻ മാസ്റ്റർ നൽകിയ ആദ്യത്തെ ഗാനമാണിത്. ഈ ഗായകനാണ് യേശുദാസിന്റെ ഉപദേശപ്രകാരം സംഗീതസംവിധായകനായി മാറി മലയാളികൾ എന്നുമോർക്കുന്ന അനവധി സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച് വിജയിച്ച രവീന്ദ്രൻ.

1972 ഏപ്രിൽ 14ന് റിലീസ് ചെയ്ത ‘ആരോമലുണ്ണി’ വമ്പിച്ച വിജയമായിരുന്നു. സംവിധായകനായ ജെ.ഡി. തോട്ടാൻ സ്വന്തമായി നിർമിച്ച സിനിമയാണ്‌ ‘ഓമന’. പാറപ്പുറത്തിന്റെ കഥക്ക് അദ്ദേഹംതന്നെ തിരക്കഥയും സംഭാഷണവും രചിച്ചു. നിർമാതാവ് തന്നെ ചിത്രം സംവിധാനംചെയ്തു. പ്രേംനസീറും ഷീലയും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ സിനിമയിൽ രവിചന്ദ്രൻ, റാണിചന്ദ്ര, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, മീന, ഫിലോമിന, ആലുമ്മൂടൻ, ടി.ആർ. ഓമന, ഖദീജ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു.

വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങൾ യേശുദാസും മാധുരിയും ആലപിച്ചു. യേശുദാസും മാധുരിയും മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. ദേവരാജന്റെ സാധാരണ ശൈലിയിൽനിന്ന് അൽപം വ്യത്യസ്തമായ ഈണമാണ് ‘‘ജമന്തിപ്പൂക്കൾ...’’ എന്ന് തുടങ്ങുന്ന ഗാനത്തിന് അദ്ദേഹം നൽകിയത്. യേശുദാസ് അത് മനോഹരമായി പാടി. വരികളും മനോഹരം.

‘‘ജമന്തിപ്പൂക്കൾ.../ ജനുവരിയുടെ മുടി നിറയെ/ ജമന്തിപ്പൂക്കൾ -എന്റെ/ പ്രിയതമയുടെ ചൊടി നിറയെ/ സുഗന്ധിപ്പൂക്കൾ... സുഗന്ധിപ്പൂക്കൾ/ ജമന്തിപ്പൂക്കൾ...’’

യേശുദാസ് പാടിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘‘മാലാഖേ... മാലാഖേ...’’ എന്ന് ആരംഭിക്കുന്നു. ‘‘മാലാഖേ... മാലാഖേ.../ മായാനർത്തന സോപാനത്തിലെ/ മാളവികേ... മാളവികേ’’ എന്ന് പല്ലവി.

 

എ. വിൻസന്റ്,സത്യൻ

എ. വിൻസന്റ്,സത്യൻ

‘‘ആയിരമിതളുള്ള വാസരസ്വപ്നത്തിൽ/ അവതരിച്ചു -നീ അവതരിച്ചു’’ എന്നിങ്ങനെ അനുപല്ലവി. ഈ ഗാനം മുൻഗാനത്തെപ്പോലെ മികച്ചതായില്ല. ഈ രണ്ടു പാട്ടുകളിൽനിന്നും വ്യത്യസ്തമായിരുന്നു യേശുദാസ് ഈ ചിത്രത്തിനുവേണ്ടി പാടിയ മൂന്നാമത്തെ ഗാനം.

‘‘ശിലായുഗത്തിൽ ശിലകൾക്കെല്ലാം/ ചിറകു മുളച്ചിരുന്നു/ ചിലങ്ക കെട്ടിയ സ്വപ്നങ്ങൾക്കും/ ചിറകു മുളച്ചിരുന്നു...’’ എന്നാണു ഗാനം ആരംഭിക്കുന്നത്. ഗാനം ഇങ്ങനെ തുടരുന്നു:

‘‘ശിലകൾ പറന്നിരുന്നു/ സ്വപ്‌നങ്ങൾ പറന്നിരുന്നു / ഭൂമിക്കു യൗവനമായിരുന്നു/ പൂക്കൾ ദേവതകളായി -അന്നു/ പുഴകൾ കാമുകികളായി...’’

കവിയുടെ ഭാവന എത്ര വ്യത്യസ്തം! എത്ര സുന്ദരം! മാധുരി രണ്ടു പാട്ടുകൾ ആലപിച്ചു.

‘‘സ്വർഗം സ്വർഗം -സ്വർഗം, ഇതു/ സ്വപ്നങ്ങൾക്ക് സുഗന്ധം നൽകിയ സങ്കൽപം/ പൂത്തിരുനാളിനു പൂക്കൾ പറിക്കുന്നു -ഇവിടെ/ പൂക്കളിൽനിന്നു മനുഷ്യൻ ജനിക്കുന്നു’’ എന്നിങ്ങനെ തുടങ്ങുന്നു ആദ്യഗാനം.

മാധുരിയുടെ രണ്ടാമത്തെ ഗാനം ‘‘പള്ളിമണികളും പനിനീർക്കിളികളും’’ എന്നാണ് ആരംഭിക്കുന്നത്. ‘‘പള്ളിമണികളും പനിനീർക്കിളികളും/ പള്ളിയുണർത്തും നാട് - ഈ നാട് നല്ല നാട്/ ചുറ്റും കുളമുള്ള, ചെന്താമരയുള്ള/മുറ്റത്തു തണലുള്ള വീട്... ഈ വീട് നല്ല വീട്...’’

‘ഓമന’ ഒരു കുടുംബചിത്രമാണെന്ന് ഈ പാട്ടു കേട്ടാൽ ആർക്കും ബോധ്യമാകും. ‘ഓമന’ എന്ന സിനിമയിലെ അഞ്ചു പാട്ടുകളിൽ ഒന്നാം സ്ഥാനം യേശുദാസ് പാടിയ ‘‘ജമന്തിപ്പൂക്കൾ...’’ എന്ന് തുടങ്ങുന്ന ഗാനത്തിനുതന്നെയായിരുന്നു. 1972 ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തിയ ‘ഓമന’ എന്ന സിനിമ ഭേദപ്പെട്ട കുടുംബചിത്രം തന്നെയായിരുന്നു. ഗാനങ്ങളും മോശമായിരുന്നില്ല. എന്നാൽ, ഒരു നിർമാതാവായി തുടരാൻ സംവിധായകൻ ജെ.ഡി. തോട്ടാനെ ഈ ചിത്രം സഹായിച്ചില്ലെന്നാണ് അറിവ്. ഇതിനു കാരണം തിയറ്ററുകളിൽ ‘ഓമന’ ‘ആരോമലുണ്ണി’ എന്ന വൻചിത്രവുമായി ഏറ്റുമുട്ടിയതാവണം... ഒരേ ദിവസമാണല്ലോ രണ്ടു സിനിമകളും റിലീസ് ചെയ്തത്.

ചിത്രകലാകേന്ദ്രം എന്ന ബാനറിൽ സംവിധായകൻ കെ.എസ്. സേതുമാധവന്റെ അനുജൻ കെ.എസ്.ആർ. മൂർത്തി നിർമിച്ച സിനിമയാണ് ‘മയിലാടുംകുന്ന്’. സേതുമാധവന്റെ പ്രധാന സഹായികളിൽ ഒരാളായ എസ്. ബാബുവാണ് ഈ ചിത്രം സംവിധാനംചെയ്തത്. മുട്ടത്തു വർക്കിയുടെ ഇതേ പേരിലുള്ള നോവലായിരുന്നു അവലംബം. കെ.ടി. മുഹമ്മദ് തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, ജയഭാരതി, സുജാത, കെ.പി. ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, മാസ്റ്റർ ശേഖർ, ടി.ആർ. ഓമന, അടൂർ ഭവാനി, മുതുകുളം രാഘവൻ പിള്ള, പറവൂർ ഭരതൻ, ശ്രീലത, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. പതിവുപോലെ വയലാർ-ദേവരാജൻ കൂട്ടുകെട്ട് തന്നെ ഗാനങ്ങളൊരുക്കി. യേശുദാസ് പാടിയ ‘‘സന്ധ്യ മയങ്ങും നേരം...’ എന്ന പ്രശസ്ത ഗാനം ‘മയിലാടും കുന്നി'ൽ ഉള്ളതാണ്.

 

കവിയൂർ പൊന്നമ്മ,അടൂർ ഭാസി

കവിയൂർ പൊന്നമ്മ,അടൂർ ഭാസി

‘‘സന്ധ്യ മയങ്ങും നേരം -ഗ്രാമ/ ചന്ത പിരിയുന്ന നേരം /ബന്ധുരേ രാഗബന്ധുരേ/ നീയെന്തിനീ വഴി വന്നു/ എനിക്കെന്തു നൽകാൻ വന്നു...’’ പല്ലവിയിലെ ‘ചന്ത’ എന്ന വാക്കു ചില യാഥാസ്ഥിതികരെ വ്യാകുലപ്പെടുത്തിയെങ്കിലും ജനങ്ങൾ ഈ ഗാനം ഏറ്റെടുത്തു. ഇന്നും ആഴ്ചയിൽ ഒരുദിവസമെങ്കിലും ഏതെങ്കിലും എഫ്.എം ചാനലിൽനിന്ന് ഈ പാട്ടു കേൾക്കാൻ കഴിയും. പാട്ടിലെ തുടർന്നുള്ള വരികളും ശ്രദ്ധിക്കുക: ഗ്രാമത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതാന്തരീക്ഷം പറയുന്ന വരികളാണവ. ‘ചന്ത’ എന്ന വാക്കിന്റെ സ്ഥാനം ഇവിടെ വളരെ കൃത്യമാണെന്നു മനസ്സിലാകും.

‘‘കാട്ടുതാറാവുകൾ ഇണകളെ തിരയും/ കായലിനരികിലൂടെ/ കടത്തുതോണികളിൽ ആളെ കയറ്റും/ കല്ലൊതുക്കുകളിലൂടെ/ തനിച്ചുവരും താരുണ്യമേ, എനിക്കുള്ള/ പ്രതിഫലമാണോ നിന്റെ നാണം?’’

അടുത്ത ചരണം ‘‘കാക്ക ചേക്കേറും കിളിമരത്തണലിൽ...’’ എന്നാണു തുടങ്ങുന്നത്. പി. ലീല പാടിയ ‘‘താലികുരുത്തോല പീലിക്കുരുത്തോല...’’ എന്നാരംഭിക്കുന്ന പാട്ടും ഇന്നും ആരാധകർ മൂളിനടക്കുന്നതാണ്.

‘‘താലിക്കുരുത്തോല പീലിക്കുരുത്തോല/ താഴ്വരത്തെങ്ങിലെ പൊന്നോല/ പൊന്നോല വെട്ടി പൂപ്പന്തു കെട്ടി / പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു/ പന്തുകളിക്കാരാ/പന്തു വേണോ, ഒരു പന്തു വേണോ...?’’ ഇതിലെ തുടർന്നുള്ള വരികളും ഗ്രാമീണ ചിത്രങ്ങളാണ് കാഴ്ചവെക്കുന്നത്.

പി. സുശീലയും മാധുരിയും ചേർന്നു പാടിയ ‘‘മണിച്ചിക്കാറ്റേ, നുണച്ചിക്കാറ്റേ/ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ/ ഉണ്ണാൻ വാ, ഉറങ്ങാൻ വാ/ ഊഞ്ഞാലാടാൻ വാ...’’

ഒരാൾ ചോദ്യം ചോദിക്കുമ്പോൾ കൂട്ടുകാരി ഉത്തരം പറയുന്ന രീതിയിലാണ് ഇവിടെ വയലാർ വരികൾ എഴുതിയിരിക്കുന്നത്.

‘‘ഇരുന്നുണ്ണാൻ തളികയൊണ്ടോ..?’’ എന്ന് ചോദ്യം.

‘‘ഒണ്ടല്ലോ -പൊൻതളിക’’ എന്ന് ഉത്തരം.

‘‘ഇട്ടിരിക്കാൻ പലകയൊണ്ടോ...’’ എന്ന് ചോദ്യം.

‘‘ഒണ്ടല്ലോ... പൊൻപലക...’’ എന്ന് ഉത്തരം.

‘‘പമ്പയിലെ മീനൊണ്ട്/ പുളിശ്ശേരിക്കറിയൊണ്ട്-/പുഞ്ചയരിച്ചോറൊണ്ട്- ഉണ്ണാൻ/ പുഞ്ചയരിച്ചോറൊണ്ട്...’’

രണ്ടു ഗ്രാമസുന്ദരികൾക്കിടയിലുള്ള നിഷ്കളങ്കമായ സൗഹൃദം എത്ര ലളിതമായും ഭാവഭദ്രമായും വയലാർ എഴുതിയിരിക്കുന്നു. ‘മയിലാടുംകുന്നി’ലെ അടുത്ത രണ്ടു പാട്ടുകളിൽ ഒന്ന് ഒരു പ്രാർഥനാഗാനവും മറ്റൊന്ന് വളരെ പ്രശസ്തമായ ‘‘പാപ്പീ... അപ്പച്ചാ...’ എന്ന് തുടങ്ങുന്ന ഹാസ്യഗാനവുമാണ്.

‘‘ഈശോ മറിയം ഔസേപ്പേ/ ഈ അപേക്ഷ കൈക്കൊള്ളേണമേ/ ഈ പ്രാർഥന കേൾക്കേണമേ’’ എന്ന ഗാനം പി. സുശീലയാണ് പാടിയത്. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘എന്റെ നെഞ്ചിലെ നൊമ്പരമത്രയും/ അറിയുന്നവരല്ലേ -എന്നിൽ/ കനിവുള്ളവരല്ലേ.../ എത്ര കൊടുങ്കാറ്റടിച്ചാലും/ ഏതു മരുഭൂവിലായാലും/ തിരിച്ചുവരും വരെ/ പ്രിയമുള്ളവനൊരു/ മുള്ളുപോലും കൊള്ളരുതേ...’’

വളരെ ലളിതമായ ഈ പ്രാർഥനാഗാനം സുശീല നന്നായി പാടി. ‘‘പാപ്പീ... അപ്പച്ചാ’’ എന്ന ഹാസ്യഗാനം സി.ഒ. ആന്റോയും ലതാ രാജുവും ചേർന്നാണ് പാടിയത്. മദ്യപിച്ച പിതാവും പുത്രനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഈ ഗാനം.

 

  തിക്കുറിശ്ശി,എസ്.പി. പിള്ള,പി. സുശീല

  തിക്കുറിശ്ശി,എസ്.പി. പിള്ള,പി. സുശീല

‘‘പാപ്പീ... അപ്പച്ചാ.../ അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്കു സ്നേഹം/ അപ്പച്ചനോട്.../ നേരോ... നേര്.../ എടാ മോനേ, അപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന് അമ്മച്ചിയോടു മിണ്ടരുതെന്ന്/ എന്തോന്നാ.../ അപ്പച്ചൻ പട്ടയടിച്ചത് നീ ചെന്ന് അമ്മച്ചിയോടു മിണ്ടരുതെന്ന്/ മിണ്ടൂല...’’ഈ വരികളിലൂടെ ആകർഷകമായ രീതിയിൽ ഒരു താളം നൽകി ഗദ്യവും ഗാനമാക്കി മാറ്റാൻ തനിക്കു കഴിയുമെന്ന് ദേവരാജൻ എന്ന സംഗീതസംവിധായകൻ തെളിയിച്ചു.

പുതിയ സംവിധായകൻ എസ്. ബാബുവിന് തന്റെ പ്രഥമചിത്രം ഹിറ്റ് ആക്കിമാറ്റാൻ കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് പുതിയ ചിത്രങ്ങൾ സംവിധാനംചെയ്യാൻ അധികം അവസരങ്ങൾ ലഭിച്ചില്ല. ‘മയിലാടുംകുന്ന്’ എന്ന സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് സേതുമാധവനിൽതന്നെ ചെന്നു ചേർന്നു. 1972 ഏപ്രിൽ 28ന് ‘മയിലാടുംകുന്ന്’ തിയറ്ററുകളിലെത്തി.

വയലാർ-ദേവരാജൻ ടീമിന്റെ ആധിപത്യത്തിന് ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്ന് ഈ അധ്യായത്തിൽ പരാമർശിക്കപ്പെട്ട മൂന്നു സിനിമകളിലെയും ഗാനങ്ങൾ തെളിയിച്ചു.

(തുടരും)

News Summary - weekly sangeetha yathrakal