പതിനാലാം രാവുദിച്ചതു മാനത്തോ, കല്ലായിക്കടവത്തോ..?
‘‘യൂസഫലി കേച്ചേരി ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് ‘മരം’. അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കപ്പെട്ട ഈ ചിത്രത്തിന് എൻ.പി. മുഹമ്മദ് കഥയും സംഭാഷണവും രചിച്ചു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങളോടൊപ്പം മഹാകവിയായ മോയിൻകുട്ടി വൈദ്യർ എഴുതിയ വരികളും ഈ സിനിമയിൽ ഇടംപിടിച്ചിരുന്നു’’ -മലയാളിയുടെ ചുണ്ടത്തുള്ള പാട്ടിെന കുറിച്ചു കൂടിയാണ് ‘സംഗീതയാത്രകളി’ൽ ഇത്തവണ.ചെമ്പരത്തി’ എന്ന സിനിമക്കുശേഷം വ്യവസായിയും മലയാളനാട് പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥനുമായ എസ്.കെ. നായർ നിർമിച്ച ‘ചായം’ എന്ന ചിത്രം 1973 ജനുവരി ആദ്യം പുറത്തുവന്നു. ‘ചെമ്പരത്തി’യുടെ സംവിധായകനായ പി.എൻ. മേനോൻ തന്നെയാണ് ‘ചായം’ സംവിധാനംചെയ്തത്. ന്യൂ...
Your Subscription Supports Independent Journalism
View Plans‘‘യൂസഫലി കേച്ചേരി ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് ‘മരം’. അഞ്ജന പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കപ്പെട്ട ഈ ചിത്രത്തിന് എൻ.പി. മുഹമ്മദ് കഥയും സംഭാഷണവും രചിച്ചു. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങളോടൊപ്പം മഹാകവിയായ മോയിൻകുട്ടി വൈദ്യർ എഴുതിയ വരികളും ഈ സിനിമയിൽ ഇടംപിടിച്ചിരുന്നു’’ -മലയാളിയുടെ ചുണ്ടത്തുള്ള പാട്ടിെന കുറിച്ചു കൂടിയാണ് ‘സംഗീതയാത്രകളി’ൽ ഇത്തവണ.
ചെമ്പരത്തി’ എന്ന സിനിമക്കുശേഷം വ്യവസായിയും മലയാളനാട് പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥനുമായ എസ്.കെ. നായർ നിർമിച്ച ‘ചായം’ എന്ന ചിത്രം 1973 ജനുവരി ആദ്യം പുറത്തുവന്നു. ‘ചെമ്പരത്തി’യുടെ സംവിധായകനായ പി.എൻ. മേനോൻ തന്നെയാണ് ‘ചായം’ സംവിധാനംചെയ്തത്. ന്യൂ ഇന്ത്യ ഫിലിംസിന്റെ ബാനറിൽ നിർമിക്കപ്പെട്ട ഈ സിനിമയിൽ ഷീലയും സുധീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാഘവൻ, ശോഭന (റോജാ രമണി), ശങ്കരാടി, അടൂർ ഭാസി, അടൂർ പങ്കജം തുടങ്ങിയവരും ‘ചായ’ത്തിൽ അഭിനയിച്ചു.
മലയാറ്റൂർ രാമകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി. തമിഴ് ഭാഷയിലുള്ള ഒരു ഗാനം കണ്ണദാസനും മലയാള ഭാഷയിലുള്ള അഞ്ചു ഗാനങ്ങൾ വയലാറും എഴുതി. യേശുദാസിനെയും പി. ജയചന്ദ്രനെയും ഒഴിവാക്കി, സംഗീതസംവിധായകൻ ദേവരാജൻ ‘ചായം’ എന്ന ചിത്രത്തിലെ പ്രധാന ഗായകനായി അയിരൂർ സദാശിവനെ അവതരിപ്പിച്ചു. അക്കാലത്ത് കേരളത്തിലെ നാടകരംഗത്ത് പ്രശസ്തനായിരുന്നു അയിരൂർ സദാശിവൻ. തമിഴ് ഗാനം ടി.എം. സൗന്ദരരാജനും മാധുരിയും പാടി. മാധുരിയും അടൂർ ഭാസിയും ‘ചായം’ എന്ന സിനിമക്കു വേണ്ടി പാടുകയുണ്ടായി. അയിരൂർ സദാശിവൻ പാടിയ
‘‘അമ്മേ അമ്മേ അവിടുത്തെ മുന്നിൽ/ ഞാനാര് ദൈവമാര്’’ എന്നു തുടങ്ങുന്ന ഗാനം രചനയിലും ഈണത്തിലും ഒന്നാംതരമായി. സദാശിവൻ അത് ഭംഗിയായി പാടുകയും ചെയ്തു. തുടർന്നുള്ള വരികൾ ശ്രദ്ധിക്കാം:
‘‘ആദിയിൽ മാനവും ഭൂമിയും തീർത്തത്/ ദൈവമായിരിക്കാം / ആറാം നാളിൽ മനുഷ്യനെ തീർത്തതും/ ദൈവമായിരിക്കാം / ആ ദൈവത്തെ പോറ്റിവളർത്തിയതമ്മയല്ലോ അമ്മ/ ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ...’’ ഗാനത്തിലെ തുടർന്നുള്ള വരികളും രചനാവൈഭവവും സംഗീതതേജസ്സും നിറഞ്ഞവയാണ്. ചിത്രത്തിലെ ഒരു പ്രധാന ഗാനംകൂടി അയിരൂർ സദാശിവൻ പാടി. ആ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘ശ്രീവത്സം മാറിൽ ചാർത്തിയ/ ശീതാംശുകലേ ശ്രീകലേ/ ഭൂമിക്കു പുഷ്പാഭരണങ്ങൾ നൽകിയ/ പ്രേമദേവതേ/ ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി...’’
പി. മാധുരി പാടിയ ‘‘ചായം കറുത്ത ചായം ചാലിക്കും മിഴികൾ’’ എന്ന ഗാനവും ശ്രദ്ധേയമായി. ‘‘ചായം കറുത്ത ചായം/ ചാലിക്കും മിഴികൾ/ കാമം ജ്വലിക്കും കാമം/ കത്തിക്കും തിരികൾ/ കൊത്തിവക്കൂ മാനസശിലയിൽ/ ചിത്രകാരാ...’’ എന്നിങ്ങനെയാണ് പല്ലവി. ടി.എം. സൗന്ദരരാജനും മാധുരിയും ചേർന്ന് പാടിയ തമിഴ്‌ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മാരിയമ്മാ തായേ മാരിയമ്മാ/ മാരിയമ്മാ പേരെ ചൊന്നാ/ പാലൊടു പൂമി വന്ത് കാലൈ വണങ്കും/ കാരിയമാ തേടി വന്താ/ കാണാത കാഴ്ചയെല്ലാം കണ്ണിൽ വരും...’’
മാധുരി പാടിയ ‘‘ഗോകുലാഷ്ടമിനാൾ...’’ എന്നാരംഭിക്കുന്ന ഗാനമാണ് മാധുരി പാടിയ രണ്ടാമത്തെ ഗാനം. ‘‘ഗോകുലാഷ്ടമിനാൾ -ഇന്നു/ ഗുരുവായൂരപ്പനു തിരുനാൾ/ വാകച്ചാർത്തു വേണ്ടേ, കൃഷ്ണാ/ വർണപ്പീലി വേണ്ടേ -കൃഷ്ണാ/ തൃക്കൈവെണ്ണ വേണ്ടേ -കാലത്തു/ തിരുവാർപ്പിലുഷ വേണ്ടേ/ പത്മകുംഭങ്ങളിൽ അഭിഷേകത്തിനു/ പഞ്ചഗവ്യം വേണ്ടേ -കൃഷ്ണാ... ഗോപാലാ...’’ അടൂർ ഭാസിയും സംഘവും പാടിയ ക്രിസ്ത്യൻ പാരമ്പര്യത്തിലുള്ള ഒരു നൃത്തഗാനവും ‘ചായം’ എന്ന ചിത്രത്തിലുണ്ട്.
‘‘ഓശാകളിമുട്ടിനു താളം/ മാറിമാൻമദ്ദളവീചികൾ തുടികൾ/ ഓശാമേ ലോശലേറിന ശംഖൊട് കൊമ്പുകളും/ താകൃകതചോം തകചോം തികിതിക് തായ്...’’ എന്നിങ്ങനെ തുടരുന്നു വരികൾ.
‘ചായ’ത്തിലെ നായകൻ അനാഥനായ ഒരു ചിത്രകാരനാണ്. പ്രതിഭാശാലിയായ ഒരു റിബൽ എന്ന് പറയാം. സുധീർ ആണ് ആ വേഷം അഭിനയിച്ചത്. തനിക്ക് അഭയം നൽകുന്ന സ്ത്രീ സ്വന്തം അമ്മയാണെന്നറിയാതെ അവൻ അവരെ പ്രാപിക്കാൻ ശ്രമിക്കുന്നു. അമ്മയുടെ വേഷം ഷീല അവതരിപ്പിച്ചു. പ്രേക്ഷകർക്ക് അവർ അമ്മയും മകനുമാണെന്ന സത്യം അറിയാം. ആ ഒരൊറ്റ കാരണംകൊണ്ട് ജനം ചിത്രത്തെ അംഗീകരിച്ചില്ല. അതേസമയം, അവർ അമ്മയും മകനുമാണെന്ന സത്യം പ്രേക്ഷകരിൽനിന്ന് മറച്ചുവെക്കുകയും സസ്പെൻസ് നിലനിർത്തുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ, സിനിമ വിജയമായേനെ. എന്തായാലും നിർമാതാവായ എസ്.കെ. നായർക്ക് ‘ചെമ്പരത്തി’യിൽനിന്നു കിട്ടിയ ലാഭം ‘ചായ’ത്തിൽ നഷ്ടമായി.
‘ചായം’ എന്ന ചിത്രം ഏറെ സഹായിച്ചത് ഗായകൻ അയിരൂർ സദാശിവനെയാണ്. പരവൂർ ദേവരാജൻ എന്ന ഏകാധിപതിയായ സംഗീതസംവിധായകന്റെ പിന്തുണയോടെ അദ്ദേഹം മുൻനിരയിലേക്ക് വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. മലയാളത്തിലെ മറ്റു മുൻനിര സംഗീതസംവിധായകർ അയിരൂർ സദാശിവന് പാട്ടുകൾ നൽകിയില്ല. അധികം വൈകാതെ ദേവരാജൻ മാസ്റ്ററും അയിരൂർ സദാശിവനെ ഒഴിവാക്കുകയും യേശുദാസിനും പി. ജയചന്ദ്രനും പുതിയ പാട്ടുകൾ നൽകുകയുംചെയ്തു.
ജയ് മാരുതിക്കുവേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച ‘ഫുട്ബോൾചാമ്പ്യൻ’ എന്ന സിനിമയിലും ഭേദപ്പെട്ട പാട്ടുകൾ ഉണ്ടായിരുന്നു. നിർമാതാവ് തന്നെ വി. ദേവൻ എന്ന തൂലികാനാമത്തിൽ എഴുതിയ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ സംഭാഷണം എഴുതി. പ്രേംനസീർ നായകനും സുജാത നായികയുമായി. കെ.പി. ഉമ്മർ, അടൂർ ഭാസി, ശങ്കരാടി, ജി.കെ. പിള്ള, പറവൂർ ഭരതൻ, ടി.ആർ.ഓമന, ജയകുമാരി തുടങ്ങിയവരായിരുന്നു ഇതര നടീനടന്മാർ. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം പകർന്നു.
യേശുദാസ് പാടിയ ‘‘ഗോപീചന്ദനക്കുറിയണിഞ്ഞു...’’ എന്ന ഗാനം, ‘‘സത്യദേവന് മരണമുണ്ടോ..?’’ എന്ന് തുടങ്ങുന്ന ഗാനം, പി. സുശീല പാടിയ ‘‘മധ്യാഹ്ന വേളയിൽ മയങ്ങാൻ സുഖം’’, പി. ലീല പാടിയ ‘‘കൈകൊട്ടിക്കളി തുടങ്ങി...’’ എസ്. ജാനകിയും സംഘവും പാടിയ ‘‘പതിനേഴോ പതിനെട്ടോ പെണ്ണിനു പ്രായം...’’ തുടങ്ങിയ ഗാനങ്ങളിൽ പലതും ഹിറ്റുകളായി എങ്കിലും യേശുദാസ് പാടിയ ‘‘ഗോപീചന്ദനക്കുറിയണിഞ്ഞു ഗോമതിയായവൾ മുന്നിൽ വന്നു’’ എന്ന പാട്ടാണ് സൂപ്പർഹിറ്റ് ചാർട്ടിൽ കടന്നത്.
‘‘ഗോപീചന്ദനക്കുറിയണിഞ്ഞു/ ഗോമതിയായവൾ മുന്നിൽ വന്നു/ ഗോപകുമാരന്റെ തിരുമുമ്പിൽ/ ഗോപിക രാധികയെന്നപോലെ...’’ എന്നു പല്ലവി. വരികൾ ഇങ്ങനെ തുടരുന്നു: ‘‘തുമ്പപ്പൂ പല്ലുകൾ തൂമ തൻ ചില്ലുകൾ/ അമ്പിളിപ്പാൽ മുത്തുമാല തീർക്കേ/ ആ രത്നസൗന്ദര്യം ആത്മാവിൻ കോവിലിൽ/ ആയിരം ആരതിയായ് വിരിഞ്ഞു.../ ചിത്രനഖങ്ങളാൽ ഓമന ഭൂമിയിൽ/ സ്വപ്നപുഷ്പങ്ങൾ വരച്ചുനിൽക്കെ...’’ എന്നിങ്ങനെ അടുത്ത ചരണം തുടങ്ങുന്നു.
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘സത്യദേവന് മരണമുണ്ടോ/ നിത്യചൈതന്യത്തിനന്ത്യമുണ്ടോ/ കാഞ്ചനപ്രഭ തൻ വഞ്ചനാകിരണം/ കാലത്തിൻ മുഖമെന്നും മറച്ചിടുമോ.../ കള്ളച്ചൂതിൽ ശകുനി ജയിച്ചാലും/ കൗരവർ അരക്കില്ലം പണിഞ്ഞാലും/ യദുകുലദേവന്റെ കാരുണ്യമുണ്ടെങ്കിൽ/ കദനത്തിൽ വീഴുമോ പാണ്ഡവന്മാർ..?’’
പി. സുശീല പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മധ്യാഹ്ന വേളയിൽ മയങ്ങാൻ സുഖം/ മയക്കത്തിൽ സ്വപ്‌നങ്ങൾ കാണാൻ സുഖം/ ഉണരുമ്പോൾ ആലസ്യമധുരം സുഖം/ ഉണർന്നു കഴിഞ്ഞാൽ അതിന്നോർമ സുഖം...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഓർമയിലായിരം ഇതൾ വിരിയും/ ഓരോ ഇതളിലും മധു കിനിയും/ നിദ്രതന്നാരാമസിരകളിലെ/ നീഹാരശീകര സ്മരണ സുഖം...’’
ഇതുപോലെ ഒരു ചരണംകൂടി ഈ പാട്ടിലുണ്ട്. പി. ലീല പാടിയ ‘‘കൈകൊട്ടിക്കളി തുടങ്ങി...’’ എന്ന ഗാനം പ്രണയിനിയായ നായികയെ കളിയാക്കാൻ കൂട്ടുകാരി പാടുന്ന പാട്ടാണ്.
‘‘കൈകൊട്ടിക്കളി തുടങ്ങി, പെണ്ണിൻ നെഞ്ചിൽ/ കഥകളിക്കേളി തുടങ്ങി/ നളചരിതം ഒന്നാംദിവസമാണോ/ കളമൊഴീ, കഥ സീതാസ്വയംവരമോ.../ സ്വപ്നത്തിൽ ഓമന ദമയന്തിയായോ/ ജനകന്റെ പുത്രി മൈഥിലിയായോ/ കചദേവയാനി തൻ കഥ കേൾക്കുന്നേരം/ കാമിനീ, കവിളിണ നനയുന്നതെന്തേ..?’’
എസ്. ജാനകിയും സംഘവും പാടിയ നൃത്തഗാനമാണ് ‘ഫുട്ബോൾ ചാമ്പ്യനി’ൽ അവശേഷിക്കുന്ന പാട്ട്. ‘‘പതിനേഴോ പതിനെട്ടോ പെണ്ണിനു പ്രായം/ പകൽക്കിനാവുകൾ മനസ്സിൻ പടവിൽ/ പടർന്നു കയറും പ്രായം’’ എന്ന പല്ലവിയും തുടർന്നുവരുന്ന രണ്ടു ചരണങ്ങളും സന്ദർഭത്തിനിണങ്ങുന്ന മട്ടിൽ സംവിധായകന്റെ ആഗ്രഹപ്രകാരം കാവ്യഭംഗിക്കൊന്നും പ്രാധാന്യം നൽകാതെ എഴുതിയതാണ്.
‘‘ഈയിടെയായി കണ്മണിക്കൊരു കള്ളമയക്കം/ ഇടനെഞ്ചിൽ കൂടെ കൂടെ കിലുകിലുക്കം/ കളിയാടാൻ വന്നാലും കഥ പറയാൻ നിന്നാലും/ കണ്മുനകൾ തുരുതുരെയെയ്യും കായാമ്പൂവമ്പ്/ കരളിൽകൊണ്ടാലാരും വീഴും പ്രണയപ്പൂവമ്പ്...’’ ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകി നിർമിച്ച ഈ ജയ് മാരുതി ചിത്രം നല്ല പ്രദർശനവിജയം നേടി.
യൂസഫലി രചിച്ച ‘‘പതിനാലാം രാവുദിച്ചതു മാനത്തോ കല്ലായിക്കടവത്തോ...’’ എന്ന ഗാനം സൂപ്പർഹിറ്റ് ആയി. ‘‘പതിനാലാം രാവുദിച്ചതു മാനത്തോ/ കല്ലായിക്കടവത്തോ/ പനിനീരിൻ പൂ വിരിഞ്ഞത് മുറ്റത്തോ/ കണ്ണാടിക്കവിളത്തോ.../ തത്തമ്മച്ചുണ്ടു ചുവന്നതു/ തളിർവെറ്റില തിന്നിട്ടോ/ മാരനൊരാൾ തേനിൽ മുക്കി/ മണിമുത്തം തന്നിട്ടോ...’’ എന്നിങ്ങനെ തുടരുന്ന വരികൾ മലയാളികൾക്ക് കാണാപ്പാഠമാണ്.
ഈണം ചിട്ടപ്പെടുത്തിയത് ദേവരാജൻ മാസ്റ്ററാണെന്നറിയുമ്പോഴും നമ്മൾ ബാബുക്കയെ (എം.എസ്. ബാബുരാജ്) ഓർമിക്കുമെന്നു തീർച്ച. ‘‘മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട് -നല്ല/ ചുവന്ന താമരച്ചെണ്ട്/ പറന്നുവന്നൊരു വണ്ട് -അതിൻ/ മധുവും കാത്തിരിപ്പുണ്ട്/ സുറുമക്കണ്ണിന്റെ തുമ്പ് -നെഞ്ചിൽ/ തുളഞ്ഞിറങ്ങുന്നൊരമ്പ്/ തൊടുത്തുവിട്ടിടും മുമ്പ്/ പറപറക്കും ആണിന്റെ വമ്പ്’’ എന്ന രസകരമായ ഗാനം പാടിയത് അയിരൂർ സദാശിവനാണ്. ഈ പാട്ടും ഒട്ടൊക്കെ പ്രശസ്തി നേടിയെടുത്തു.
‘‘കല്ലായിപ്പുഴയൊരു മണവാട്ടി/ കടലിന്റെ പുന്നാര മണവാട്ടി/ പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും/ പാവാട മാറ്റാത്ത പെൺകുട്ടി’’ എന്ന് തുടങ്ങുന്ന ഗാനം പി. സുശീലയും പി. മാധുരിയും ചേർന്നാണ് പാടിയത്.
‘‘മാരിമലർ ചൊരിയുന്ന കറുമ്പിപ്പെണ്ണേ/ മാനത്തെ മട്ടുപ്പാവിലെ കറുമ്പിപ്പെണ്ണേ/ താലോലം കിളി വായോ/ താഴോട്ടൊന്നുവായോ/ തണ്ണീരിത്തിരിയിത്തിരിയിത്തിരി തായോ...’’ എന്ന് തുടങ്ങുന്ന ഗാനം മാധുരി മാത്രം പാടി.
യേശുദാസും മാധുരിയും സംഘവും ചേർന്ന് പാടിയ ‘‘ഏലേലം അടി ഏലേലം/ ഏലേലം അടി ഏലേലം/ ഒത്തുപിടിച്ചാൽ മലയും പോരും/ ഒത്തുപിടിച്ചാൽ മരവും പോരും/ ഏലേലം ഏലേലം ഏലേലം’’ എന്ന തൊഴിലാളികളുടെ പാട്ടും ചിത്രത്തിലുണ്ട്.
മോയിൻകുട്ടി വൈദ്യരുടെ ‘‘ഏറിയ നാളായല്ലോ മധുമലർ വിരിയുന്ന/ പൂരണമധു കുടിപ്പാനേ -എന്നിൽ/ ഏതൊരു കാലത്താണെ/ വിധി കൂട്ടിത്തരുന്നെന്ന/ വേദന സഹിച്ചിരിപ്പാണെ/ കല്ലായിക്കടവത്ത് കപ്പക്കാരൻ കുഞ്ഞിപ്പോക്കർ/ എല്ലായി പോയതറിഞ്ഞില്ലേ -അത്/ കാമിനിയൊരുത്തിയോടുള്ള/ മോഹത്താലാണെന്നു/ പൂമണിക്കിന്നും തിരിഞ്ഞില്ലേ...’’ ഈ ഗാനവും യേശുദാസ് തന്നെ പാടി. ഈ വരികൾതന്നെ സി.പി. അബൂബക്കറും പാടിയിട്ടുണ്ട്. മോയിൻകുട്ടി വൈദ്യരുടെ മറ്റൊരു കാവ്യശകലം ഇങ്ങനെ: ‘‘ചിത്തിരത്താലെ പണിന്ത കൂട്ടിൽ പുകിന്തുതേ/ ചേർന്ന കിളി രണ്ടും ജോഡിയായി തിരുന്തുതേ/ മേത്ത കസറിന്നോരുട്ടി കണ്ടു വിരുതുന്നേ/ മേന്മയിൽ നമ്മളെ പക്ഷി കൂടെ ധയിരുന്നു...’’ മാധുരിയാണ് ഈ വരികൾ പാടിയത്. യൂസഫലി കേച്ചേരി സംവിധാനംചെയ്ത ‘മരം’ ഒരു മികച്ച ചിത്രമായിരുന്നു. ഗാനങ്ങളും കഥയോടും കഥാപരിസരങ്ങളോടും നീതിപുലർത്തി.