Begin typing your search above and press return to search.
proflie-avatar
Login

ചിത്രമേള ടീമിന്റെ രണ്ടാം വരവ്

ചിത്രമേള ടീമിന്റെ രണ്ടാം വരവ്
cancel
1968ൽ പുറത്തുവന്ന സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘വെളുത്ത കത്രീന’ എന്ന ചിത്രത്തിനുശേഷം ഒരുമിച്ചു പ്രവർത്തിക്കാതെ അകന്നുകഴിഞ്ഞിരുന്ന ശ്രീകുമാരൻ തമ്പിയും പരവൂർ ജി. ദേവരാജനും വീണ്ടും ഒരുമിച്ച ചിത്രമാണ് ‘കാലചക്രം’. ഈ കൂടിച്ചേരലിനു മുൻകൈയെടുത്തത് ദേവരാജൻ മാസ്റ്റർ തന്നെയാണ് -പാട്ടി​​ന്റെ പിന്നണിയിലൂടെ യാത്ര തുടരുന്നു.

‘വിലയ്‌ക്കു വാങ്ങിയ വീണ’, ‘ആറടിമണ്ണിന്റെ ജന്മി’ എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം പി. ഭാസ്കരൻ മാസ്റ്റർ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉദയം’. അദ്ദേഹംതന്നെ ചിത്രം സംവിധാനംചെയ്തു. ഏറ്റുമാനൂർ ചന്ദ്രശേഖരൻ നായർ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ശ്രീകുമാരൻ തമ്പി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയാറാക്കിയത്. പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും ഗാനങ്ങൾ എഴുതി. ആകെ അഞ്ചു പാട്ടുകൾ. അവയിൽ മൂന്നെണ്ണം ശ്രീകുമാരൻ തമ്പിയും രണ്ടെണ്ണം പി. ഭാസ്കരനും എഴുതി. വി. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ.

പി. ഭാസ്കരൻ രചിച്ച ‘‘എന്റെ മകൻ കൃഷ്ണനുണ്ണി’’ എന്ന ഗാനം എസ്. ജാനകി പാടി. അദ്ദേഹത്തിന്റെ രണ്ടാമത്തെ രചനയായ ‘‘ചാലേ ചാലിച്ച ചന്ദനഗോപിയും’’ എന്നു തുടങ്ങുന്ന പാട്ടും എസ്. ജാനകി തന്നെയാണ് പാടിയത്. രണ്ടു ഗാനങ്ങളും നന്നായി. ശ്രീകുമാരൻ തമ്പി എഴുതിയ ‘‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനെ...’’ എന്ന പ്രശസ്ത ഗാനം ഈ സിനിമയിലുള്ളതാണ്. ‘‘കലയുടെ ദേവി കരുണാമയീ’’ എന്ന സെമി ക്ലാസിക്കൽ ഗാനവും ‘‘കരളിന്റെ കടലാസിൽ...’’ എന്ന ഹാസ്യഗാനവുമാണ് ശ്രീകുമാരൻ തമ്പിയുടെ മറ്റു രണ്ടു രചനകൾ.

പി. ഭാസ്കരന്റെ ‘‘എന്റെ മകൻ കൃഷ്ണനുണ്ണി’’ എന്ന ഗാനത്തിലെ ആദ്യ വരികൾ ഇങ്ങനെ: ‘‘എന്റെ മകൻ കൃഷ്ണനുണ്ണി- കൃഷ്ണാട്ടത്തിനു പോകേണം- കൃഷ്ണാട്ടത്തിനു പോയാൽ പോരാ- കണ്ണനായി തീരേണം...’’ ഈ പല്ലവി വളരെ പ്രശസ്തമാണ്. വരികൾ ഇങ്ങനെ തുടരുന്നു: ‘‘പൊന്നിൻകിരീടം ചാർത്തി -അതിൽ- വർണമയിൽപീലി ചൂടി- അഞ്ജനശ്രീധര വേഷമണിഞ്ഞൊരു- മഞ്ഞത്തുകിലും ചാർത്തേണം...’’ രചനയും സംഗീതവും ഒരുപോലെ ലളിതവും മധുരവുമായതുകൊണ്ട് ഈ പാട്ട് കേരളത്തിലെ അമ്മമാർക്ക് പ്രിയപ്പെട്ടതായി.

ഭാസ്കരൻ മാസ്റ്റർ എഴുതിയ രണ്ടാമത്തെ ഗാനവും ലാളിത്യം തുളുമ്പുന്നതാണ്. ‘‘ചാലേ ചാലിച്ച ചന്ദനഗോപിയും- നീലക്കാർവർണവും നീൾമിഴിയും- പീലിക്കിരീടവും പീതാംബരവും ചേർന്ന- ബാലഗോപാലാ നിന്നെ കൈ തൊഴുന്നേൻ...’’ ശ്രീകൃഷ്ണഭക്തർക്ക് സന്ധ്യാനാമത്തിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ള കൃഷ്ണഗീതിയാണിത്. അടുത്ത വരികളും ശ്രദ്ധിക്കുക.

‘‘വാടാത്ത വനമാല കാറ്റിലിളകിക്കൊണ്ടും- ഓടക്കുഴലിൽ ചുണ്ടു ചേർത്തുകൊണ്ടും- കാലിയെ മേച്ചുകൊണ്ടും കാളിന്ദിയാറ്റിൻ വക്കിൽ- കാണായ പൈതലിനെ കൈ തൊഴുന്നേൻ...’’

പി. ഭാസ്കരന്റെ ഗാനങ്ങൾ വാങ്മയ ചിത്രങ്ങളാണെന്നതിന് ഈ പാട്ടും മികച്ച ഉദാഹരണം. ‘‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ- എന്നും പൗർണമി വിടർന്നേനെ- എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ- എന്നും നവരത്നമണിഞ്ഞേനെ- എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ- എന്നും മാധവമുണർന്നേനെ...’’ എന്നു തുടങ്ങുന്ന ഗാനം ശ്രീകുമാരൻ തമ്പി എഴുതി. ഈ പാട്ടിന്റെ രണ്ടാമത്തെ ചരണം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പി. ഭാസ്കരൻ,ജി. ദേവരാജൻ

‘‘സുന്ദരവാസന്ത മന്ദസമീരനായ്- നിൻ ജാലകങ്ങളെ തൊട്ടുണർത്താം- തൂമിഴിത്താമരപ്പൂവിതൾത്തുമ്പിലെ- തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം...’’ ഒടുവിലത്തെ പല്ലവി അവസാനിക്കുന്നത് ഇപ്രകാരമാണ്: ‘‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ-എന്നും പൗർണമി വിടർന്നേനെ -നിന്നിൽ- എന്നും പൗർണമി വിടർന്നേനെ.’’ ഇവിടെയാണ് ആശയം പൂർണത നേടുന്നത്.

ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടാമത്തെ ഗാനം എസ്. ജാനകിയും അമ്പിളിയും ചേർന്നു പാടി. പാട്ടു പഠിപ്പിക്കുന്ന രംഗമാണിത്.

‘‘കലയുടെ ദേവി കരുണാമയി- കാന്തിമതി നിത്യശാന്തിമതി- പ്രഭാമയി പ്രതിഭാമയി- പ്രകൃതി അനശ്വര രാഗമായി...’’ എസ്. ജാനകി ഓരോ വരിയായി പാടിക്കൊടുക്കുന്നു. ഗായിക അമ്പിളി അത് ഏറ്റുപാടുന്നു.

‘‘അവളുടെ ചിരിയായ് പൊൻവെയിലണയും- അവളുടെ ഗാനമായ് ചന്ദ്രികയുതിരും- അവളുടെ സങ്കൽപനൂപുരച്ചിലങ്കകൾ - ആനന്ദവാസന്ത രത്നങ്ങളാകും...’’

‘ഉദയം’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നാമത്തെ ഗാനം ഒരു കോമഡിപ്പാട്ടാണ്. പി. ജയചന്ദ്രൻ ഈ പാട്ടു പാടി.

‘‘കരളിന്റെ കടലാസിൽ കണ്ണിലെ വർണത്താൽ- കള്ളനോട്ടടിക്കുന്ന പെണ്ണേ -പ്രേമത്തിൻ- കള്ളനോട്ടടിക്കുന്ന പെണ്ണേ- ഓരോ നോട്ടവും ഓരോ നോട്ടായ്- തീരുന്നു നെഞ്ചിലെൻ കണ്ണേ...’’ ഇതാണ് പല്ലവി. ആദ്യചരണം ഇപ്രകാരം: ‘‘കൊഞ്ചുന്ന പുഞ്ചിരിച്ചുണ്ടത്ത് കാമത്തിൻ/ കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ/ കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകൾ/ വാരിയെടുക്കട്ടെ മുത്തേ -ഞാൻ നിന്നെ/ മാറോടമർത്തട്ടെ മുത്തേ...’’ ഈ പാട്ടു വേണ്ടത്ര ജനശ്രദ്ധ നേടിയില്ല.

മധു, ശാരദ, രാഘവൻ, അടൂർ ഭാസി, ബഹദൂർ, റാണിചന്ദ്ര, ഫിലോമിന, അടൂർ ഭവാനി, ടി.കെ. ബാലചന്ദ്രൻ,

ടി.ആർ. ഓമന, പ്രേംപ്രകാശ്, ടി.പി. രാധാമണി തുടങ്ങിയവർ ‘ഉദയം’ എന്ന പി. ഭാസ്കരൻ ചിത്രത്തിൽ അഭിനയിച്ചു. 1973 മാർച്ച് 16ന് പുറത്തുവന്ന ‘ഉദയം’ ഭേദപ്പെട്ട ചിത്രം എന്ന അഭിപ്രായവും സാമ്പത്തിക വിജയവും നേടി.

1968ൽ പുറത്തുവന്ന സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘വെളുത്ത കത്രീന’ എന്ന ചിത്രത്തിനുശേഷം ഒരുമിച്ചു പ്രവർത്തിക്കാതെ അകന്നു കഴിഞ്ഞിരുന്ന ശ്രീകുമാരൻ തമ്പിയും പരവൂർ ജി. ദേവരാജനും വീണ്ടും ഒരുമിച്ച ചിത്രമാണ് ‘കാലചക്രം’. ഈ കൂടിച്ചേരലിനു മുൻകൈയെടുത്തത് ദേവരാജൻ മാസ്റ്റർതന്നെയാണ്. 1967ൽ ശ്രീകുമാരൻ തമ്പിയും പരവൂർ ദേവരാജനും ആദ്യമായി ഒരുമിച്ച ‘ചിത്രമേള’ എന്ന ചിത്രത്തിലെ ഏറ്റുപാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു.

വി. ദക്ഷിണാമൂർത്തി,ശ്രീകുമാരൻ തമ്പി

എ. രഘുനാഥ് സഞ്ജയ് പ്രൊഡക്ഷൻസിന്റെ പേരിൽ നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതുന്നതിന് ശ്രീകുമാരൻ തമ്പിയുടെ പേര് ശിപാർശ ചെയ്തതും സംഗീതസംവിധായകനായ ദേവരാജൻ മാസ്റ്ററാണ് എന്നത് മറ്റൊരത്ഭുതം. മുൻനിരയിലുള്ള ഫിലിം എഡിറ്ററായ കെ. നാരായണനാണ് ‘കാലചക്രം’ എന്ന ചിത്രത്തിന്റെ എഡിറ്ററും സംവിധായകനും. ബംഗാളി എഴുത്തുകാരനും സംവിധായകനുമായ ഫണിമജുംദാർ എഴുതിയതാണ് ‘കാലചക്രം’ എന്ന സിനിമയുടെ കഥ.

ശ്രീകുമാരൻ തമ്പിയും ദേവരാജനും ഒരുമിച്ച ആദ്യ സിനിമകളായ ‘ചിത്രമേള’, ‘വെളുത്ത കത്രീന’ എന്നിവയിലെ പാട്ടുകൾപോലെ തന്നെ ‘കാലചക്രം’ എന്ന സിനിമയിലെ പാട്ടുകളും സൂപ്പർഹിറ്റുകളായി. യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, മാധുരി എന്നിവരാണ് പിന്നണിഗായകർ.

‘‘രാക്കുയിലിൻ രാജസദസ്സിൽ/ രാഗമാലികാമാധുരി/ രാഗിണീ,യെൻ മാനസത്തിൽ/ രാഗവേദനാ മഞ്ജരി...’’ എന്ന ഗാനവും

‘‘കാലമൊരജ്ഞാത കാമുകൻ/ ജീവിതമോ പ്രിയകാമുകീ/ കനവുകൾ നൽകും/ കണ്ണീരും നൽകും/ വാരിപ്പുണരും വലിച്ചെറിയും’’ എന്ന ഗാനവും ‘‘രാജ്യം പോയൊരു രാജകുമാരൻ/ രാഗാർദ്ര മാനസലോലൻ/ ഒരു നോവിൻ വേനൽ ഉള്ളിലൊതുക്കി/ ഒരു തണൽ തേടി നടന്നു’’ എന്ന ഗാനവും ‘‘തനിച്ചും ഓർമകൾ തൻ താമരമലരുകൾ/ ഓരോന്നായ് വിടരുന്നു/ അവയിൽ തങ്ങിയ മിഴിനീർമണികൾ/ അമൃതമണികളായ് അടരുന്നു’’ എന്ന ഗാനം പി. സുശീലയോടു ചേർന്നും യേശുദാസ് പാടി.

‘‘രൂപവതീ നിൻ രുചിരാധരമൊരു/ രാഗപുഷ്പമായ് വിടർന്നു / ആ നവസൂനപരാഗം നുകരാൻ/ പ്രേമശലഭമായ് പറന്നു.../ ഞാൻ പറന്നു’’ എന്ന് തുടങ്ങുന്ന യുഗ്മഗാനത്തിന് പി. ജയചന്ദ്രനും മാധുരിയും ശബ്ദം നൽകി.

‘‘മകരസംക്രമസന്ധ്യയിൽ -ഞാൻ/ മയങ്ങിപ്പോയൊരു വേളയിൽ/ മധുരമാമൊരു വേണുഗാനത്തിൻ/ മന്ത്രനാദത്തിലലിഞ്ഞു -കരൾ പിടഞ്ഞു’’ എന്ന ഗാനവും ‘‘ചിത്രശാല ഞാൻ -പ്രണയ/ ചിത്രശാല ഞാൻ/ ചിരിയുടെ ചിത്രങ്ങൾ/ ശൃംഗാര ചിത്രങ്ങൾ/ ചുണ്ടിൽ വരയ്ക്കും/ മാറ്റി വരയ്ക്കും/ ചുംബന വർണങ്ങൾ’’ എന്നു തുടങ്ങുന്ന ഗാനവും മാധുരി തന്നെയാണ് പാടിയത്.

പ്രേംനസീർ, ജയഭാരതി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ബഹദൂർ, റാണിചന്ദ്ര, ടി.പി. രാധാമണി, വിൻ​െസന്റ്, സുധീർ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. പണക്കാരിയായ ഒരു യുവതിയെ സ്നേഹിച്ച നിർധനനായ ഒരു കടത്തുകാരന്റെ വേഷത്തിലാണ് പ്രേംനസീർ അഭിനയിച്ചത്. കാമുകിയോടൊപ്പം നാടുവിടുന്ന നായകന്റെ സ്ഥാനത്ത് പുതിയ കടത്തുകാരനായി വരുന്ന ചെറുപ്പക്കാരന്റെ ഭാഗം അഭിനയിച്ചത് പി.ഐ. മുഹമ്മദ് കുട്ടി എന്ന കലാലയ വിദ്യാർഥിയാണ്. അദ്ദേഹമാണ് മമ്മൂട്ടി എന്ന ‘മെഗാസ്റ്റാർ’ ആയി വളർന്നത്.

‘കാലചക്രം’ എന്ന ചിത്രവും 1973 മാർച്ച് 16ന് തിയറ്ററുകളിലെത്തി. ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയ രണ്ടു സിനിമകൾ ഒരേ ദിവസം തിയറ്ററുകളിലെത്തിയത് ആദ്യമായിട്ടാണ്. ‘ഉദയ’വും ‘കാലചക്ര’വും. –മറ്റൊരു യാദൃച്ഛികത! –മാർച്ച് 16 ശ്രീകുമാരൻ തമ്പിയുടെ ജനനത്തീയതിയാണ്.

ഉദയായുടെ എക്സെൽ പ്രൊഡക്ഷൻസ് നിർമിച്ച ‘പൊന്നാപുരം കോട്ട’ എന്ന സിനിമ നിർമാതാവായ എം. കുഞ്ചാക്കോ തന്നെ സംവിധാനം ചെയ്തു. എൻ. ഗോവിന്ദൻകുട്ടി കഥയും സംഭാഷണവും രചിച്ചു. വയലാർ രാമവർമ ഗാനങ്ങൾ എഴുതി. നാടകവേദിക്ക് സുപരിചിതനായ എ.പി. ഗോപാലൻ എന്ന ഗാനരചയിതാവും ഈ സിനിമക്കുവേണ്ടി ഒരേയൊരു ഗാനമെഴുതി. പ്രേംനസീർ, വിജയശ്രീ, വിജയനിർമല, രാജശ്രീ, തിക്കുറിശ്ശി സുകുമാരൻ നായർ, കെ.പി. ഉമ്മർ, കവിയൂർ പൊന്നമ്മ, ആറന്മുളപൊന്നമ്മ, ഷബ്‌നം, എൻ. ഗോവിന്ദൻകുട്ടി, കെ.പി.എ.സി ലളിത, ജി.കെ. പിള്ള, പ്രേംജി, അടൂർ പങ്കജം, എസ്.പി. പിള്ള, ആലുമ്മൂടൻ തുടങ്ങിയവർ അഭിനയിച്ചു.

‘പൊന്നാപുരം കോട്ട’യിൽ ആകെ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ദേവരാജനായിരുന്നു സംഗീതസംവിധായകൻ.

യേശുദാസ് പാടിയ ‘‘മന്ത്രമോതിരം മായമോതിരം/ ഇന്ദ്രജാലക്കല്ലുമോതിരം/ പൂക്കളെയപ്സരസ്ത്രീകളാക്കും -ഇത്/ ഭൂമിയെ സ്വർഗമാക്കും’’ എന്ന ഗാനം പ്രശസ്തി നേടി.

‘‘ആദിപരാശക്തി അമൃതവർഷിണീ’’ എന്ന് തുടങ്ങുന്ന ഭക്തിഗാനം യേശുദാസ്, പി.ബി. ശ്രീനിവാസ്, പി. സുശീല, പി. ലീല, പി. മാധുരി എന്നീ അഞ്ചു ഗായകർ ചേർന്നാണ് ആലപിച്ചത്.

‘‘ആദിപരാശക്തി അമൃതവർഷിണീ/ അനുഗ്രഹിക്കൂ ദേവീ/ നിൻ തിരുനടയിലൊരഞ്ജനമയിലായ്/ നൃത്തമാടാനനുവദിക്കൂ.../സരിഗമപധനികൾ ദേവി നിൻ/ സംഗീതകലാധമനികൾ/ എനിക്കു തരൂ മനസ്സിന്നുള്ളിലൊ/ രപൂർവരാഗമായ് പറന്നു വരൂ/ പത്മരാഗച്ചിലങ്കകൾ ചലിപ്പിക്കൂ...’’

പി. സുശീല,പി. മാധുരി

അഞ്ചു ഗായകർ പാടുന്നതിനാൽ ഈ ഭക്തിഗാനത്തിൽ ധാരാളം ചരണങ്ങളുണ്ട്. ഗാനം കൂടുതൽ ദൈർഘ്യമുള്ളതാണ്. യേശുദാസ് പാടിയ മറ്റൊരു പ്രാർഥനാഗാനം ‘‘ചാമുണ്ഡേശ്വരീ’’ എന്ന് തുടങ്ങുന്നു.

‘‘ചാമുണ്ഡേശ്വരീ രക്തേശ്വരീ/ ഭൂമണ്ഡലാധീശ്വരീ പ്രസീദ/ ഹേമാംബരാഡംബരീ... ’’എന്ന് പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘കാളി നിൻ പാദസിന്ദൂരാരുണ/ ധൂളീതിലകങ്ങൾ ചാർത്തി/ പത്മാസനസ്ഥനായ്/ ഭക്തനിരിപ്പൂ മുന്നിൽ -പ്രിയ/ ഭക്തനിരിപ്പൂ മുന്നിൽ...’’ ഈ ഭക്തിഗാനവും താരതമ്യേന ദൈർഘ്യമുള്ളതു തന്നെ.

യേശുദാസ് പാടിയ പ്രേമഗാനം ‘‘രൂപവതീ, രുചിരാംഗീ...’’ എന്നു തുടങ്ങുന്നു: ‘‘രൂപവതീ രുചിരാംഗീ/ രോമാഞ്ചം ചൂടി വരൂ/ മോഹവതീ മധുരാംഗീ/ മാറിലെ ചൂട് തരൂ/ ഈ കാറ്റും കാറ്റല്ല/ ഈ കുളിരും കുളിരല്ല/ ഇണയരയന്നമേ -നിന്റെ/ പട്ടിളംപീലികൊണ്ട്/ നെയ്തൊരീ ചിറകുകൾ/ പൊത്തി പൊതിഞ്ഞെങ്കിൽ -ഒന്നു/ കൊത്തി പറന്നെങ്കിൽ...’’ സാമാന്യം ജനപ്രീതി നേടിയ പാട്ടാണിത്.

പി. സുശീല പാടിയ ‘‘നളചരിതത്തിലെ നായകനോ’’ എന്നു തുടങ്ങുന്ന ഗാനം സൂപ്പർഹിറ്റ് ആയിരുന്നു. ‘‘നളചരിതത്തിലെ നായകനോ/ നന്ദനവനത്തിലെ ഗായകനോ/ അഞ്ചിതൾപ്പൂക്കൾ കൊണ്ടമ്പുകൾ തീർത്തവൻ/ ആവനാഴി നിറയ്ക്കുന്ന കാമദേവനോ ?’’ രചനകൊണ്ടും ഈണംകൊണ്ടും ലക്ഷണമൊത്ത ഒരു പാട്ടാണിത്. പി. സുശീലയുടെ ശബ്ദംകൂടിയായപ്പോൾ അത് തികച്ചും ഉദാത്തമായിത്തീർന്നു എന്നു പറയാം. ഗാനത്തിന്റെ ആദ്യചരണം കൂടി ഉദ്ധരിക്കുന്നു.

‘‘ജാനകീസ്വയംവര പന്തലിലെ സ്വർണ-/ ചാപം മുറിച്ചൊരു ശ്രീരാമനോ/ ചിത്രാംഗദനെന്ന ഗന്ധർവനോ/ യുദ്ധപർവത്തിലെ ധനഞ്ജയനോ/ അനിരുദ്ധനോ അവൻ അഭിമന്യുവോ- എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തിയ/ കാമുകനോ...കാമുകനോ..?’’

ജയചന്ദ്രൻ പാടിയ ‘‘വള്ളിയൂർക്കാവിലെ കന്നിക്ക്...’’ എന്നാരംഭിക്കുന്ന പാട്ടും മോശമല്ല. ‘‘വള്ളിയൂർക്കാവിലെ കന്നിക്ക്/വയനാടൻ പുഴയിലിന്നാറാട്ട്/ കൂടെ കുളിക്കാനിളംകാറ്റ്/ കുരവ വിളിക്കാൻ മുളങ്കാട്’’ എന്ന പല്ലവി ആകർഷകം. ദൃശ്യം നായികയുടെ വിസ്തരിച്ചുള്ള കുളിയാണെന്നു വ്യക്തം.

കെ.ജെ. യേശുദാസ്,പി. ജയചന്ദ്രൻ

‘‘ചോലക്കുളിരു ഞൊറിഞ്ഞു ചുറ്റി/ നീലക്കാർകൂന്തലഴിച്ചുലമ്പി/ നിറതാളിതേച്ചു മെഴുക്കിളക്കി/ നീരാടു കന്നീ നീരാട്...’’ എ.പി. ഗോപാലൻ എഴുതിയ പാട്ട് ‘‘വയനാടൻ കേളൂന്റെ പൊന്നുംകോട്ട’’ എന്നു തുടങ്ങുന്നു.

‘‘വയനാടൻ കേളൂന്റെ പൊന്നുംകോട്ട/ പടകാളി നിർമിച്ച പൊന്നുംകോട്ട/ ഭൂതങ്ങൾ കാവലിരിക്കും കോട്ട/ പൊന്നാപുരംകോട്ട... പുതിയ കോട്ട.’’ സിനിമയിൽ പാട്ടുകൾ അധികം എഴുതിയിട്ടില്ലെങ്കിലും അനേകം നാടകങ്ങൾക്ക് ഗാനങ്ങളെഴുതി തഴക്കം വന്ന ഗാനരചയിതാവാണ്‌ എ.പി. ഗോപാലൻ. സിനിമയുടെ പ്രാദേശികാന്തരീക്ഷം വിവരിക്കുന്ന പാട്ട് ഇങ്ങനെ തുടരുന്നു.

‘‘പൊങ്കോട്ടയിൽ വാഴും കേളുമൂപ്പൻ/ പല്ലക്കിലേറി വരുന്നുണ്ടേ/ തായമ്പകയുണ്ട് തിരയുണ്ട്/ താലപ്പൊലിയുണ്ട് നൃത്തമുണ്ട്...’’

1973 മാർച്ച് മുപ്പതിന് ‘പൊന്നാപുരം കോട്ട’ എന്ന ചിത്രം റിലീസ് ചെയ്തു. വടക്കൻ പാട്ടുകളെ ആധാരമാക്കി കുഞ്ചാക്കോ നിർമിച്ച മിക്കവാറും എല്ലാ സിനിമകളും സാമ്പത്തികവിജയം നേടിയിട്ടുണ്ട്. ‘പൊന്നാപുരം കോട്ട’യും ഒരു പണംവാരി പടമായിരുന്നു.

(തുടരും)

Show More expand_more
News Summary - weekly sangeetha yathrakal