Begin typing your search above and press return to search.
proflie-avatar
Login

പൂവച്ചൽ ഖാദറിന്റെ വരവ്

പൂവച്ചൽ ഖാദറിന്റെ വരവ്
cancel

‘കവിത’ എന്ന ചിത്രത്തിനുവേണ്ടിയുള്ള ഗാനങ്ങൾ പി. ഭാസ്കരനും കവിതകൾ പൂവച്ചൽ ഖാദറും എഴുതി, ഈ വിവരം അറിഞ്ഞപ്പോൾ പി. ഭാസ്കരൻ ചോദിച്ചുപോലും, ‘‘അതെന്താ... എനിക്ക് കവിത എഴുതാൻ അറിയില്ലേ..?’’ എങ്കിലും മഹാമനസ്കനായ ഭാസ്കരൻ മാസ്റ്റർ ആ തീരുമാനവുമായി സഹകരിച്ചു. -മലയാളത്തിൽ ഹിറ്റുകൾ തീർത്ത പൂവച്ചൽ ഖാദറി​ന്റെ വരവാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ.പി.എൻ. മേനോന്റെ സംവിധാനത്തിൽ ശ്രീറാം പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീധരൻ ഇളയിടം നിർമിച്ച ചിത്രമാണ് ‘ഗായത്രി’. കേരളസംസ്കാരവുമായി ദീർഘകാല ബന്ധമുള്ള തമിഴ് ബ്രാഹ്മണരുടെ കുടുംബജീവിതമാണ് ഈ സിനിമയുടെ പശ്ചാത്തലം. തനിക്ക് സുപരിചിതമായ ആ ലോകം ‘വേരുകൾ’ എന്ന പ്രശസ്ത നോവലിന്റെ...

Your Subscription Supports Independent Journalism

View Plans
‘കവിത’ എന്ന ചിത്രത്തിനുവേണ്ടിയുള്ള ഗാനങ്ങൾ പി. ഭാസ്കരനും കവിതകൾ പൂവച്ചൽ ഖാദറും എഴുതി, ഈ വിവരം അറിഞ്ഞപ്പോൾ പി. ഭാസ്കരൻ ചോദിച്ചുപോലും, ‘‘അതെന്താ... എനിക്ക് കവിത എഴുതാൻ അറിയില്ലേ..?’’ എങ്കിലും മഹാമനസ്കനായ ഭാസ്കരൻ മാസ്റ്റർ ആ തീരുമാനവുമായി സഹകരിച്ചു. -മലയാളത്തിൽ ഹിറ്റുകൾ തീർത്ത പൂവച്ചൽ ഖാദറി​ന്റെ വരവാണ്​ ഇത്തവണ ‘സംഗീതയാത്ര’യിൽ.

പി.എൻ. മേനോന്റെ സംവിധാനത്തിൽ ശ്രീറാം പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീധരൻ ഇളയിടം നിർമിച്ച ചിത്രമാണ് ‘ഗായത്രി’. കേരളസംസ്കാരവുമായി ദീർഘകാല ബന്ധമുള്ള തമിഴ് ബ്രാഹ്മണരുടെ കുടുംബജീവിതമാണ് ഈ സിനിമയുടെ പശ്ചാത്തലം. തനിക്ക് സുപരിചിതമായ ആ ലോകം ‘വേരുകൾ’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവു കൂടിയായ മലയാറ്റൂർ രാമകൃഷ്ണൻ തികച്ചും യഥാതഥമായ രീതിയിൽ ‘ഗായത്രി’ എന്ന സിനിമയിൽ കൊണ്ടുവന്നു, മലയാറ്റൂരിന്റെ കഥക്ക് അദ്ദേഹംതന്നെയാണ് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ ജയഭാരതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാഘവനായിരുന്നു നായകൻ. കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, റോജാരമണി, ശുഭ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്വന്തം സമുദായത്തിന്റെ വ്യവസ്ഥാപിത പ്രമാണങ്ങളെ എതിർക്കുന്ന ഒരു റെബലിന്റെ വേഷത്തിൽ ഒരു പുതുമുഖം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. അരങ്ങേറ്റത്തിൽതന്നെ പ്രേക്ഷകരുടെ കൈയടി നേടിയ ആ യുവാവാണ് മലയാള സിനിമയിലെ അനിഷേധ്യ നടനായി വളർന്ന എം.ജി. സോമൻ. ‘ഗായത്രി’ എന്ന സിനിമയുടെ ഒരു പ്രാധാന്യം എം.ജി. സോമൻ എന്ന നടൻ അതിലൂടെ മലയാള സിനിമയിൽ പ്രവേശിച്ചു എന്നതാണ്.

വയലാർ-ദേവരാജൻ ടീമിന്റെ രണ്ട് അനശ്വര ഗാനങ്ങൾ ഈ സിനിമയിലുണ്ട്. യേശുദാസ് പാടിയ ‘‘പത്മതീർഥമേ ഉണരൂ, മാനസ പത്മതീർഥമേ ഉണരൂ...’’ എന്ന ഗാനവും ‘‘തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണേ...’’ എന്ന ഗാനവും.

‘ഗായത്രി’യിൽ ആകെ അഞ്ചു പാട്ടുകളുണ്ട്. യേശുദാസും മാധുരിയും മാത്രമേ ഈ സിനിമയിൽ പാടിയിട്ടുള്ളൂ. ഗായത്രീ മന്ത്രത്തോടെ ആരംഭിക്കുന്ന ‘‘പത്മതീർഥമേ ഉണരൂ’’ എന്ന ഗാനംതന്നെയാണ് മുന്നിൽ നിൽക്കുന്നത്. സൂര്യസ്തുതിയാണ് ഗായത്രി, അത് പൂർണരൂപത്തിൽ ഈ ഗാനത്തിൽ ചേർത്തിട്ടില്ല. ഗാനം ഇങ്ങനെ ആരംഭിക്കുന്നു:

‘‘ഓം തത് സവിതുർ വരേണ്യം/ ഭർഗോ ദേവസ്യ ധീ മഹി/ധിയോ യോ നഃ പ്രചോദയാത്/ ഓം തത് സവിതുർ വരേണ്യം/ പത്മതീർഥമേ ഉണരൂ മാനസ-/ പത്മതീർഥമേ ഉണരൂ/ അഗ്‌നിരഥത്തിലുദിക്കുമുഷസ്സി-/ന്നർഘ്യം നൽകൂ/ ഗന്ധർവസ്വരഗംഗയൊഴുക്കൂ/ ഗായത്രികൾ പാടൂ...’’ വയലാറിന്റെ ഉത്കൃഷ്ട രചനകളിലൊന്നാണ് ഈ ഗാനം.

വീണ്ടും ‘ഗായത്രി’യിലെ വരികൾ ആവർത്തിക്കുന്നു. ആദ്യ ചരണം ഇങ്ങനെ: ‘‘പ്രഭാതകിരണം നെറ്റിയിലണിയും/ പ്രാസാദങ്ങൾക്കുള്ളിൽ/ സഹസ്രനാമം കേട്ടുമയങ്ങും/ സാളഗ്രാമങ്ങൾ/ അടിമ കിടത്തിയ ഭാരതപൗരന്നുണരാൻ/ പുതിയൊരു പുരുഷാർഥത്തിനെ/ യാഗപ്പുരകളിൽ വെച്ചു വളർത്താൻ...’’ പാട്ടിലെ അടുത്ത ചരണവും ഇതുപോലെത്തന്നെ പ്രൗഢോജ്ജ്വലമാണ്.

 

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനവും വളരെ പ്രശസ്തമാണ്. ‘‘തങ്കത്തളികയിൽ പൊങ്കലുമായ് വന്ന/ തൈമാസത്തമിഴ്‌പെണ്ണേ –നിന്റെ/ അരഞ്ഞാണച്ചരടിലെയേലസ്സിനുള്ളിൽ/ ആരെയും മയക്കുന്ന മന്ത്രമുണ്ടോ/ അനംഗ മന്ത്രമുണ്ടോ..?’’ എന്നു തുടങ്ങുന്ന ഗാനം. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ/ മുടിയുലമ്പിക്കൊണ്ടു നിന്നപ്പോൾ –ഇന്നു/ മുഖമൊന്നുയർത്താതെ മുങ്ങുമ്പോൾ/ പത്മതീർഥത്തിലെ പാതിവിരിഞ്ഞൊരു/ പവിഴത്താമരയായിരുന്നു/ കടവിൽ വന്നൊരു നുള്ളു തരാനെന്റെ കൈ തരിച്ചു.../ കൈ തരിച്ചു...’’

യേശുദാസും സംഘവും പാടിയ ‘‘തിരകൾ... തിരകൾ...’’ എന്നു തുടങ്ങുന്ന ഗാനം അധികം ശ്രദ്ധിക്കപ്പെട്ടില്ല. ഗാനത്തിന്റെ തുടക്കം ഇങ്ങനെ: ‘‘തിരകൾ... തിരകൾ/ ഒരിക്കലുമുറങ്ങാത്ത തിരകൾ/ ചിരിച്ചും തമ്മിൽ പുണർന്നും/ തീരങ്ങളിൽ കെട്ടിമറിഞ്ഞും/ നീന്തുന്ന തിരകൾ...’’ ചിത്രത്തിലെ അവശേഷിക്കുന്ന രണ്ട് പാട്ടുകളും പി. മാധുരിയാണ് ആലപിച്ചത്.

‘‘ശ്രീവല്ലഭ ശ്രീവത്സാങ്കിത/ ശ്രീവൈകുണ്ഠപതേ/ ശ്രീപാദം കൈതൊഴുന്നേൻ ഞാൻ/ ശ്രീപത്മനാഭ ഹരേ...’’ എന്നാരംഭിക്കുന്ന പ്രാർഥനാഗാനമാണ് ഒന്ന്.

മാധുരി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘തൃത്താപ്പൂവുകൾ ഇലക്കുറിചാർത്തും/ തിരുമംഗലരാത്രി/ തൃച്ചംബരത്ത് കുളിച്ചുതൊഴുതുവരും/ തൃക്കാർത്തികരാത്രി...’’ ‘ഗായത്രി’ തീർച്ചയായും ഒരു മികച്ച സിനിമയായിരുന്നു. നല്ല കഥയും നല്ല ഗാനങ്ങളും നല്ല സംവിധാനവുംകൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ. 1973 മാർച്ചിലാണ്‌ ‘ഗായത്രി’ റിലീസ് ചെയ്തത്.

‘ചെമ്പരത്തി’ എന്ന സിനിമയിലെ പ്രതിനായക വേഷവും ‘ചായം’ എന്ന സിനിമയിലെ നായകവേഷവും സുധീർ എന്ന യുവനടന് ഭാഗ്യത്തിന്റെ വഴി തുറന്നുകൊടുത്തു എന്നു പറയാം. സത്യനെ നായകനാക്കി ചിത്രങ്ങളെടുക്കാൻ എന്നും താൽപര്യം കാണിച്ചിരുന്ന നിർമാതാവായ മഞ്ഞിലാസ് ജോസഫും സംവിധായകൻ കെ.എസ്. സേതുമാധവനും അവരുടെ ‘കലിയുഗം’ എന്ന സിനിമയിലെ നായകനായി സുധീറിനെ തീരുമാനിച്ചപ്പോൾ സത്യന്റെ സ്ഥാനത്ത് സുധീർ എന്നും മറ്റും ചിലർ എഴുതിപ്പിടിപ്പിക്കയുണ്ടായി. സുധീർ നായകനായ ‘കലിയുഗ’ത്തിൽ ജയഭാരതിയും സുജാതയുമായിരുന്നു പ്രധാന അഭിനേത്രികൾ. അടൂർ ഭാസി, ശങ്കരാടി, ഫിലോമിന, ശ്രീലത, ടിആർ. ഓമന, മുതുകുളം രാഘവൻ പിള്ള, പാലാ തങ്കം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

 

മുണ്ടൂർ സേതുമാധവന്റെ കഥക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. വയലാർ ഗാനങ്ങളെഴുതി. ദേവരാജൻ സംഗീതസംവിധായകനായി. ‘കലിയുഗ’ത്തിൽ ആകെ നാല് പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ഗാനം ‘‘ചോറ്റാനിക്കര ഭഗവതി വാഴും നാട്ടിൽ’’ എന്നു തുടങ്ങുന്നു, കഥ നടക്കുന്ന പ്രാദേശികാന്തരീക്ഷവും കഥാനായകന്റെ സ്വഭാവവും ഈ ഗാനത്തിലൂടെ ഇതൾ വിരിയുന്നുണ്ടെന്നു പറയാം.

‘‘ചോറ്റാനിക്കര ഭഗവതി വാഴും നാട്ടിൽ/ കാറ്റുപോലും പേടിച്ചോടും നാട്ടിൽ/ കൂടോത്രക്കാരില്ല ഒരു കുട്ടിച്ചാത്തനുമില്ല/ കൂടു വിട്ടു കൂടു മാറും ഒടിയന്മാരില്ല.’’ ഇതാണ് പല്ലവി. അടുത്ത വരികൾകൂടി ശ്രദ്ധിക്കുക. ‘‘ചുട്ട കോഴിയെ മാനം പറപ്പിച്ച കിട്ടുമ്മാമന്റെ വീട്ടിൽ/ ചക്രഹോമം പണ്ടു നടത്തിയ ചിത്രത്തറവാട്ടിൽ/ മുറ്റം കാവലിരിക്കുകയല്ലോ മരിച്ച മുത്തച്ഛന്മാർ / അവരെ കണ്ടാൽ എന്നെ കണ്ടാൽ/ ഭൂതപ്രേത പിശാചുക്കളെല്ലാം അകലെ...അകലെ...’’ അടുത്ത ചരണത്തിന്റെ രൂപഭാവങ്ങളും ഏതാണ്ട് ഇതേ ശൈലിയിൽതന്നെ. പി. ലീലയും മാധുരിയും കൂട്ടരും പാടിയ ഒരു സംഘഗാനം ‘‘താതിന്തൈ താതിന്തൈ/ തകതിന്തൈ തകതിന്തൈ’’ എന്നു തുടങ്ങുന്നു. തുടർന്ന് പാട്ടിലെ പ്രധാന വരികൾ ആരംഭിക്കുന്നു.

‘‘ഭൂമി പെറ്റ മകളല്ലോ സീതപ്പെണ്ണ്/ രാമന്റെ പെണ്ണല്ലോ സീതപ്പെണ്ണ്/ രാവണന്റെ കോട്ടയിലെ/ പൊന്നശോകത്തോട്ടത്തിൽ/ താമസിച്ചു തിരിച്ചുവന്ന ഗർഭിണിപ്പെണ്ണ്/ തെയ്യാ ഹോ തെയ്യാ ഹോ തെയ്യാ/ താനിന്നൈ താനിന്നൈ താനിന്നൈ...’’ പി. ജയചന്ദ്രനും അയിരൂർ സദാശിവനും ചേർന്നു പാടിയതാണ്‌ അടുത്ത ഗാനം.

‘‘പാലം കടക്കുവോളം നാരായണ നാരായണ/ പാലം കടന്നു ചെന്നാൽ കൂരായണ കൂരായണ/ അയ്യോ അങ്ങനെ പറയാമോ?/ പറയാൻ പാടില്ല/ പക്ഷേ, പരിപാടിയല്ലേ?/ (പാലം കടക്കുവോളം...)/ മനമേ അടി മനമേ/ എതിരേ ചന്ദ്രനുദിച്ചുയരും നേരം/ എന്നുമിത്തിരി മരവെള്ളമകത്തു ചെന്നാൽ/ മറക്കാം എല്ലാം മറക്കാം, പിന്നെ/ മനസ്സിനകം ചേർത്തല പൂരപ്പറമ്പ്/കുട്ടപ്പാ പൊന്നുകുട്ടപ്പാ/ ഓ –കുപ്പിയെട് ഗ്ലാസെട്/ ഈ രൺടൗൺസ് അടിയെട കുട്ടപ്പാ’’ എന്നിങ്ങനെ തുടരുന്ന വരികളിലൂടെ ഒരു മദ്യപാനരംഗം അവതരിപ്പിക്കപ്പെടുന്നു.

മാധുരി പാടുന്ന വൈക്കത്തപ്പനെക്കുറിച്ചുള്ള ഒരു ഗാനവും സിനിമയിലുണ്ട്. ‘‘ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ/ ശിവശംഭോ ശംഭോ ശിവശംഭോ’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു പരമ്പരാഗത ഭക്തിഗാനമാണിത്.

‘‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ/ നരകവാരിധീ നടുവിൽ ഞാൻ/ നരകത്തീന്നെന്നെ കരകേറ്റിടണം/ തിരുവൈക്കം വാഴും ശിവശംഭോ/ മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ/ മതി മറന്നു പോം മനമെല്ലാം/ മനതാരിൽ വന്നു വിളയാടീടേണം/ തിരുവൈക്കം വാഴും ശിവശംഭോ...’’ ഇങ്ങനെ തുടരുന്ന വരികൾ അവസാനിക്കുന്നതിങ്ങനെ...

‘‘എളുപ്പമായുള്ള വഴിയെ കാണുമ്പോൾ/ ഇടക്കിടെയാറു പടിയുണ്ടാം/ പടിയാറും കടന്നവിടെ ചെല്ലുമ്പോൾ/ ശിവനെ കാണാകും ശിവശംഭോ...’’ വീണ്ടും തുടക്കത്തിലുള്ള ‘‘ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ’’ എന്നിങ്ങനെയുള്ള പ്രാർഥന തുടരുന്നു.

‘കലിയുഗം’ എന്ന ചിത്രത്തിന്റെ കഥയും കഥാന്തരീക്ഷവും സംഗീതപ്രധാനമായിരുന്നില്ല. പാട്ടുകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സത്യൻ എന്ന നടന്റെ അഭാവം നികത്താൻ സുധീറിന് സാധിക്കുമോ എന്നു പരിശോധിക്കാനുള്ള സേതുമാധവന്റെ പരീക്ഷണമായിരുന്നു ‘കലിയുഗം’ എന്ന സിനിമ. സിനിമയിലെ സുധീറിന്റെ മേക്കപ്പ് പോലും സത്യനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിച്ചതെന്ന് പറയേണ്ടതില്ലല്ലോ. സത്യന്റെ ആരാധകർക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. 1973 ഏപ്രിൽ 12ന് തിയറ്ററുകളിലെത്തിയ ‘കലിയുഗം’ എന്ന ചിത്രം ദയനീയമായി പരാജയപ്പെട്ടു. വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകളും വേണ്ടത്ര ശോഭിച്ചില്ല.

പി. ഭാസ്കരൻ,കെ. രാഘവൻ

പി. ഭാസ്കരൻ,കെ. രാഘവൻ

 ‘കവിത’ എന്ന പേരിൽ സംഗമം പിക്ചേഴ്സ് നിർമിച്ച മലയാള ചിത്രം തെലുഗു നടിയായ വിജയനിർമലയാണ് സംവിധാനം ചെയ്തത്. വിജയനിർമല മലയാളികളുടെ ഇഷ്ട നടിയായിരുന്നു. ‘ഭാർഗ്ഗവീനിലയ’ത്തിലെ കഥാനായികയായ ഭാർഗവിക്കുട്ടിയായി അഭിനയിച്ച ആ നടി ഏറെക്കാലം മലയാള സിനിമാപ്രേക്ഷകർക്കു പ്രിയങ്കരിയായിരുന്നു. ‘കവിത’ എന്ന ചിത്രത്തിന് ആലപ്പി ഷെരീഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. വിജയനിർമല തന്നെ നായികയായി. കെ.പി. ഉമ്മർ, വിൻ​െസന്റ്, തിക്കുറിശ്ശി, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, മീന, ഗിരീഷ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഈ സിനിമയുടെ കലാസംവിധായകനും പ്രധാന സംവിധാന സഹായിയും ഐ.വി. ശശി ആയിരുന്നു. ഒരു സ്വതന്ത്ര സംവിധായകനായി വളരാൻ ഐ.വി. ശശിക്ക് പരിചയവും ധൈര്യവും ലഭിച്ചത് ഈ ചിത്രത്തിലൂടെയാണെന്നു ഐ.വി. ശശിതന്നെ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. ‘കവിത’ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഗാനങ്ങൾ പി. ഭാസ്കരനും കവിതകൾ പൂവച്ചൽ ഖാദറും എഴുതി. ഈ വിവരമറിഞ്ഞപ്പോൾ പി. ഭാസ്കരൻ ചോദിച്ചുപോലും... ‘‘അതെന്താ... എനിക്ക് കവിത എഴുതാൻ അറിയില്ലേ..?’’ എങ്കിലും മഹാമനസ്കനായ ഭാസ്കരൻ മാസ്റ്റർ ആ തീരുമാനവുമായി സഹകരിച്ചു. ഐ.വി. ശശിയുടെ ശിപാർശപ്രകാരമാണ് പൂവച്ചൽ ഖാദർ എത്തിയത്.

പൂവച്ചൽ ഖാദറിനെ ഐ.വി. ശശിക്ക് പരിചയപ്പെടുത്തിയത് അന്നത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കവി കാനേഷ് പൂനൂരും. പൂവച്ചൽ ഖാദർ അക്കാലത്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ കവിതകൾ എഴുതിയിരുന്നു. ചില കവിതകൾക്ക് ചിത്രം വരച്ചത് ചിത്രകാരൻകൂടിയായ ഐ.വി. ശശിയാണ്. പി. ഭാസ്കരന്റെയും പൂവച്ചൽ ഖാദറിന്റെയും വരികൾക്ക് ഈണം നൽകിയത് കെ. രാഘവൻ മാസ്റ്ററാണ്.

‘‘ആദം എന്റെ അപ്പൂപ്പൻ –അപ്പപ്പോ/ ഹവ്വയെന്റെ അമ്മൂമ്മ –ഹമ്മമ്മോ/ ഹലോ മൈ ഡിയർ മാഡം/ ഹലോ ജൂനിയർ ആദം/ കമോൺ കമോൺ കമോൺ/ ഏകാന്തതയുടെ മാറിൽ ചായും/ ഏദൻ പൂന്തോട്ടം/ ആഹാ... ആഹാ/ മധുരപ്രേമവസന്തം പുൽകി/ മാടിവിളിക്കുന്നു നമ്മെ/ മാടി വിളിക്കുന്നു/ പോകാം പോകാം കമോൺ’’ എന്നിങ്ങനെ തുടരുന്ന വ്യത്യസ്തഗാനം എസ്.പി. ബാലസുബ്രഹ്മണ്യമാണ് പാടിയത്. പി. ഭാസ്കരൻ തന്നെ എഴുതിയ ‘‘കായൽക്കാറ്റിന്റെ താളം തെറ്റി.../ ഓളപ്പാത്തിക്കു നീളം മുറ്റി/ കോളിളകിയ കായലിലൂടെ/ കൊതുമ്പുവഞ്ചിയിതെങ്ങനെ പോകും’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസ് ആലപിച്ചു. വരികൾ ഇങ്ങനെ തുടരുന്നു:

‘‘കാറ്റുപായക്കയറു പൊട്ടി/ കർക്കിടനക്ഷത്രം കണ്ണു ചിമ്മി/കണ്ണു ചിമ്മി/ കണ്ണീരാറ്റിൽ വെള്ളം പൊങ്ങി/ കാലക്കേടിന്റെ ചുഴി കറങ്ങി...’’ ചിത്രത്തിലെ ഒരു മികച്ച ഗാനമായിരുന്നു ഇത്.

പി. സുശീല പാടിയ ‘‘അബലകളെന്നും പ്രതിക്കൂട്ടിൽ’’ എന്ന പാട്ടും പി. ഭാസ്കരൻ എഴുതിയതാണ്.

 

ഐ.വി. ശശി,ആലപ്പി അഷ്റഫ്

ഐ.വി. ശശി,ആലപ്പി അഷ്റഫ്

‘‘അബലകളെന്നും പ്രതിക്കൂട്ടിൽ/ കുടിലമാം സാമൂഹ്യ നീതി തൻ മുന്നിൽ/ അബലകളെന്നും പ്രതിക്കൂട്ടിൽ.../ കുങ്കുമത്താൽ അപരാധമുദ്ര കുത്തി/ കുപ്പിവളയിട്ട കൈകളിൽ വിലങ്ങു പൂട്ടി/ അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു/ അവളെ പഴിക്കുന്നു ലോകമെന്നും...’’ ഇങ്ങനെ തുടരുന്നു അർഥഗർഭമായ ഈ ഗാനം.

പി. ഭാസ്കരൻ എഴുതിയ ‘‘സ്വർഗത്തിൽ വിളക്കുവെക്കും’’ എന്നു തുടങ്ങുന്ന ഗാനവും പി. സുശീല തന്നെ പാടി.

‘‘സ്വർഗത്തിൽ വിളക്കു വെക്കും/ സ്വർണമല്ലിപ്പൂക്കളേ/ സൗഖ്യമെന്ന സാമ്രാജ്യത്തിൻ കാവൽദീപങ്ങളേ/ സുപ്രഭാതം സുപ്രഭാതം –/ നിങ്ങൾക്കു സുപ്രഭാതം...’’

പൂവച്ചൽ ഖാദർ എഴുതിയ കാവ്യശകലങ്ങളാണ് ഇനി ഉദ്ധരിക്കുന്നത്. യേശുദാസ് പാടിയ ആദ്യ കവിത ഇങ്ങനെ തുടങ്ങുന്നു: ‘‘പിന്നെയും വാല്മീകങ്ങൾ ഉയർന്നു, നൂറ്റാണ്ടിന്റെ/ കിന്നരപ്രകാണ്ഡത്തിൽ മാനിഷാദകൾ പൂത്തു.../ മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുവിൻ പടവാളിൻ/ മാറ്റൊലി മുഴങ്ങുന്നു മാനസക്ഷേത്രങ്ങളിൽ...’’

യേശുദാസ് പാടിയ മറ്റൊരു കവിതയുടെ തുടക്കം ഇങ്ങനെ: ‘‘നിശ്ചലം കിടപ്പൊരീ ജലമാണ് ഞാൻ -നീളും/ നാളുകൾ കരിതേച്ച നിഴലിൻ നാമ്പാണു ഞാൻ/ എങ്കിലും പ്രക്ഷുബ്ധമാം സാഗരം തല തല്ലി/ എൻ കരൾത്തടങ്ങളെ കാർന്നുകാർന്നെടുക്കുന്നു...’’

പി. സുശീല പാടിയ മറ്റൊരു കവിതാശകലം ഇങ്ങനെ: ‘‘വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ/ ജീവിതാർത്തി തൻ ഭാവജ്വാലകൾ മിഴികളിൽ/ മരുഭൂമിയിൽ തളർന്നൊടുവിൽ പതിക്കുമ്പോൾ/ മരണം ഗർജിക്കുന്നു നിമിഷാങ്കുരങ്ങളിൽ...’’

 

വിജയ നിർമല,സുധീർ

വിജയ നിർമല,സുധീർ

സുശീല പാടിയ ചില വരികൾ കൂടി: ‘‘വാരിധി വാനിനെ പുൽകുമീ സന്ധ്യയിൽ/ വാസനത്തൈലം ചുരത്തുമീ തെന്നലിൽ/ ഏകാന്തമൗനങ്ങൾ തന്ത്രികൾ മീട്ടിയ/ രാഗാർദ്ര വീണകൾ പാടുമീ വേളയിൽ/ എൻ മനസ്സാശ്വാസമേഖല പൂകവേ/ എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാൻ...’’ 1973 ഏപ്രിൽ 13ന് ‘കവിത’ എന്ന ചിത്രം പുറത്തുവന്നു. ചിത്രം സാമ്പത്തിക വിജയം നേടിയില്ല.

(തുടരും)                                                                                    

News Summary - weekly sangeetha yathrakal