നാല് ശരാശരി സിനിമകൾ
‘‘പുകഴേന്തിയുടെ നാല് ഈണങ്ങളും ഉയരങ്ങളിൽ എത്തിയില്ല. 1973 ജൂൺ ഒന്നിന് പുറത്തുവന്ന ‘രാക്കുയിൽ’ ഒരു വിജയമായിരുന്നില്ല. നിർമാതാവായ ഭാസ്കരൻ മാസ്റ്റർക്ക് നഷ്ടം വരുത്തിയ ചിത്രമാണിത്.’’ 1973ലെ നാല് സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ സംവിധാനംചെയ്യുന്ന പതിവ് തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങൾക്കു മുമ്പേ നിലനിന്നിരുന്നു, തമിഴിൽ അനേകം സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കൃഷ്ണൻ-പഞ്ചു കൂട്ടുകെട്ട് വളരെ പ്രശസ്തമാണ്. തമിഴിലും ഹിന്ദിയിലുമായി അമ്പതിലധികം സിനിമകൾ ഇവർ സംവിധാനംചെയ്തു. ‘ദൈവപിറവി’, ‘ഉയർന്ത മനിതൻ’ തുടങ്ങിയ ശിവാജി ഗണേശൻ ചിത്രങ്ങളും ‘എങ്കൾതങ്കം’ എന്ന...
Your Subscription Supports Independent Journalism
View Plans‘‘പുകഴേന്തിയുടെ നാല് ഈണങ്ങളും ഉയരങ്ങളിൽ എത്തിയില്ല. 1973 ജൂൺ ഒന്നിന് പുറത്തുവന്ന ‘രാക്കുയിൽ’ ഒരു വിജയമായിരുന്നില്ല. നിർമാതാവായ ഭാസ്കരൻ മാസ്റ്റർക്ക് നഷ്ടം വരുത്തിയ ചിത്രമാണിത്.’’ 1973ലെ നാല് സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു.
രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ സംവിധാനംചെയ്യുന്ന പതിവ് തെന്നിന്ത്യൻ സിനിമയിൽ വർഷങ്ങൾക്കു മുമ്പേ നിലനിന്നിരുന്നു, തമിഴിൽ അനേകം സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കൃഷ്ണൻ-പഞ്ചു കൂട്ടുകെട്ട് വളരെ പ്രശസ്തമാണ്. തമിഴിലും ഹിന്ദിയിലുമായി അമ്പതിലധികം സിനിമകൾ ഇവർ സംവിധാനംചെയ്തു. ‘ദൈവപിറവി’, ‘ഉയർന്ത മനിതൻ’ തുടങ്ങിയ ശിവാജി ഗണേശൻ ചിത്രങ്ങളും ‘എങ്കൾതങ്കം’ എന്ന എം.ജി.ആർ ചിത്രവും ‘സർവർസുന്ദരം’ എന്ന നാഗേഷ് ചിത്രവും ‘മേരാ കസൂർക്യാഹേ’, ‘ദോ കലിയാം’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളും കൃഷ്ണൻ-പഞ്ചു സംവിധാനംചെയ്തവയാണ്.
വിവിധ സംവിധായകരുടെ കീഴിൽ സംവിധാന സഹായികളായി പ്രവർത്തിച്ച ഋഷിയും ബേബിയും ചേർന്ന് ബേബി-ഋഷി എന്ന പേരിൽ സംവിധാനം ചെയ്ത സിനിമയാണ് ‘മനുഷ്യപുത്രൻ’. സൃഷ്ടി ഫിലിംസ് ഇന്റർനാഷനൽ എന്ന ബാനറിൽ കടയ്ക്കാവൂർ തങ്കപ്പനാണ് ചിത്രം നിർമിച്ചത്.
കഥയും തിരക്കഥയും സംഭാഷണവും കെ.ജി. സേതുനാഥ് എഴുതി. മധു, വിൻെസന്റ്, ജയഭാരതി, വിധുബാല, അടൂർ ഭാസി, അടൂർ ഭവാനി, ബഹദൂർ, ടി.ആർ. ഓമന, മുതുകുളം രാഘവൻ പിള്ള, പുന്നപ്ര അപ്പച്ചൻ, ഖദീജ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ ജി. ദേവരാജൻ ആയിരുന്നു. വയലാർ രണ്ടു പാട്ടുകളും ഗൗരീശപട്ടം ശങ്കരൻ നായർ എന്ന കവി ഒരു പാട്ടും എഴുതി. യേശുദാസും മാധുരിയും ഈ ഗാനങ്ങൾ പാടി. ‘‘അമ്മേ കടലമ്മേ’’ എന്നു തുടങ്ങുന്ന ഗാനവും ‘‘സ്വർഗസാഗരത്തിൽ’’ എന്നു തുടങ്ങുന്ന ഗാനവുമാണ് വയലാർ എഴുതിയത്.
‘‘അമ്മേ കടലമ്മേ –ഞാൻ/ അമ്മയുടെ മകളല്ലേ/ അലകൾ മേയുമീ കൊട്ടാരം –എന്റെ/ അമ്മവീടല്ലേ..?/ ചെറുപ്പത്തിൽ രത്നങ്ങൾ അമ്മ തന്നു/ കറുത്ത പൊന്നു തന്നു/ ചെറുപ്പം കഴിഞ്ഞപ്പോൾ/ തൃക്കൈകളാലൊരു/ തുറയിലരയനെ തന്നു/ ജാതി നോക്കാതെ ജാതകം നോക്കാതെ/ ഞാനവനെ സ്നേഹിച്ചു –അതിനീ/ ലോകത്തിൻ മുഖം കടുത്തു/ തനിച്ചായി, ഞാൻ തനിച്ചായി –അമ്മ/ തിരിച്ചെന്നെ വിളിക്കൂ/ എന്നെ വിളിക്കൂ –വിളിക്കൂ.’’
മാധുരിയാണ് ഈ ഗാനം പാടിയത്. വയലാർ എഴുതി യേശുദാസ് പാടിയ ഗാനമിതാണ്:
‘‘സ്വർഗസാഗരത്തിൽനിന്നു/ സ്വപ്‌നസാഗരത്തിൽ വീണ/ സ്വർണമത്സ്യ കന്യകേ/ നിന്റെ തീരത്തിൽ നിന്നെന്റെ/ തീരത്തിലേക്കെന്തു ദൂരം..?/ മുത്തു പോയൊരു ചിപ്പിയായ് ഞാൻ നിന്റെ/ പുഷ്യരാഗദ്വീപിനരികിൽ ഒഴുകി വന്നു/ ലജ്ജയോടെ, നിൻ മുഖശ്രീ വിടരും ലജ്ജയോടെ/ തിരപ്പുറത്തു പൂഞ്ചെതുമ്പൽ/ വിടർന്നുവന്നു/ നിന്റെ ചിറകിനുള്ളിൽ പൊതിഞ്ഞു പൊതിഞ്ഞ്/ എന്നെ കൊണ്ടുപോന്നു.’’
ചിത്രത്തിലെ മൂന്നാമത്തെ ഗാനം കവിയും കഥാകൃത്തുമായ ഗൗരീശപട്ടം ശങ്കരൻ നായർ എഴുതി. ‘‘കടലിനു പതിനേഴു വയസ്സായി/ കല്യാണപ്രായമായി/ തുള്ളിച്ചാടി നടക്കും കടലിനെ/ കണ്ടവർ കണ്ടവർ മോഹിച്ചു/ ചക്രവാളം ചോദിച്ചു/ ഞാനൊരുമ്മ തരട്ടെ.../ ഭൂമി കാതിൽ മന്ത്രിച്ചു/ എൻ വിരിമാറിൽ മയങ്ങൂ... ആഴിപ്പെണ്ണ് പറഞ്ഞു/ ഹും ഹും ഹും...’’ ഈ പാട്ടും മാധുരിയാണ് പാടിയത്.
1973 മേയ് 11ന് ‘മനുഷ്യപുത്രൻ’ തിയറ്ററുകളിലെത്തി. ചിത്രം വിജയിച്ചില്ല. ഈ ഒരു ചിത്രം കഴിഞ്ഞപ്പോൾതന്നെ ഋഷി-ബേബി ടീം ഇല്ലാതായി. പിന്നീട് അവർ രണ്ടുവഴിയേ പിരിഞ്ഞു. ബേബി ഹിറ്റ്‌മേക്കറായ സംവിധായകൻ ശശികുമാറിന്റെ കീഴിൽ സഹസംവിധായകനായി ദീർഘകാലം പ്രവർത്തിച്ചു. പിന്നീട് ‘ശംഖുപുഷ്പം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.
പി. ഭാസ്കരന്റെ സ്വന്തം നിർമാണക്കമ്പനിയായ സുചിത്രമഞ്ജരി നിർമിച്ച ലോ ബജറ്റ് ചിത്രമാണ് ‘രാക്കുയിൽ’. അദ്ദേഹം തന്നെ കഥയും തിരനാടകവും സംഭാഷണവും എഴുതി. പി. ഭാസ്കരന്റെ പ്രധാന സഹായിയായ പി. വിജയൻ ചിത്രം സംവിധാനം ചെയ്തു. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ടി.കെ. പുകഴേന്തി സംഗീതം നൽകി. യേശുദാസും എസ്. ജാനകിയും ഗാനങ്ങൾ പാടി. സുധീർ നായകനും സുജാത നായികയുമായി. ജോസ് പ്രകാശ്, ശങ്കരാടി, അടൂർ ഭാസി, ബഹദൂർ, ടി.കെ. ബാലചന്ദ്രൻ, അടൂർ പങ്കജം, ഫിലോമിന, വീരൻ, പറവൂർ ഭരതൻ തുടങ്ങിയവരും അഭിനയിച്ചു.
‘രാക്കുയിൽ’ എന്ന ചിത്രത്തിൽ ആകെ നാല് ഗാനങ്ങൾ ഉണ്ടായിരുന്നു. രണ്ടു പാട്ടുകൾ യേശുദാസും രണ്ടു പാട്ടുകൾ എസ്. ജാനകിയും ആലപിച്ചു. ‘‘ഓരോ ഹൃദയസ്പന്ദനം തന്നിലും/ മാരന്റെ മണിവീണാ നാദം/ ഓരോ ചിന്താതരംഗത്തിനുള്ളിലും/ ഓമനേ നിൻ ചാരുരൂപം’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസ് പാടി. തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ഓർത്തപ്പോൾ രോമകൂപങ്ങൾതോറും പൂത്തിരി കത്തിച്ചു പ്രേമം.../ ഓരോ സങ്കൽപമണ്ഡലം തന്നിലും/ ശാരദാപഞ്ചമീയാമം...’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘വാരുണിപ്പെണ്ണിന് മുഖം കറുത്തു/ കോപം വല്ലാത്ത കോപം/ വാസന്തസന്ധ്യക്കു മുഖം തുടുത്തു/ നാണം മധുരമാം നാണം.’’ ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘കോരിത്തരിക്കുമീ രാഗരംഗം കണ്ടു/ പാരിനും വിണ്ണിനും കണ്ണുകടി/ താരിനും തളിരിനും ചാഞ്ചാട്ടം/ താർത്തെന്നലെത്തുമ്പോൾ/ താളത്തിൽ താളത്തിൽ/ നീലാളകങ്ങൾക്കു രാസനൃത്തം -നിൻ/ കാലടിച്ചിലങ്കക്കു കളിയാട്ടം.’’
എസ്. ജാനകി പാടിയ ‘‘ഇന്നത്തെ മോഹനസ്വപ്നങ്ങളേ...’’ എന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘ഇന്നത്തെ മോഹനസ്വപ്നങ്ങളേ/ ഇയ്യാൻ പാറ്റകളേ/ മനസ്സിലെ മൺപുറ്റിൽ ഇത്രനാളും/ മയങ്ങി കിടന്നതെന്തേ –നിങ്ങൾ/ മയങ്ങിക്കിടന്നതെന്തേ..?’’
എസ്. ജാനകി പാടിയ രണ്ടാമത്തെ ഗാനം ‘‘ശ്യാമസുന്ദരീ...’’ എന്നു തുടങ്ങുന്നു. ‘‘ശ്യാമസുന്ദരീ രജനീ/ പ്രേമഗായകനെൻ ഗന്ധർവൻ/ താമസിക്കുന്നതെവിടെ.../ എവിടെ... എവിടെ.../ പൂനിലാവിൻ പുളിനത്തിലോ/ കാനനനികുഞ്ജമാം സദനത്തിലോ/ മാമകസ്വപ്നങ്ങളൊരുക്കിവെച്ച/ മയൂരസിംഹാസനത്തിലോ... പറയൂ...’’
പുകഴേന്തിയുടെ നാല് ഈണങ്ങളും ഉയരങ്ങളിലെത്തിയില്ല. 1973 ജൂൺ ഒന്നിന് പുറത്തുവന്ന ‘രാക്കുയിൽ’ ഒരു വിജയമായിരുന്നില്ല.
നിർമാതാവായ ഭാസ്കരൻ മാസ്റ്റർക്കു നഷ്ടം വരുത്തിയ ചിത്രമാണിത്.
‘തനിനിറം’ എന്ന സിനിമ ശശികുമാർ സംവിധാനംചെയ്തതാണ്, അസിം കമ്പനിയുടെ പേരിൽ മുഹമ്മദ് ആസം നിർമിച്ചത്. കഥയും തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. ദേവരാജന്റെ സംഗീതസംവിധാനത്തിൽ വയലാർ പാട്ടുകൾ എഴുതി. യേശുദാസ്, ജയചന്ദ്രൻ, മാധുരി, എ.പി. കോമള, സി.ഒ. ആന്റോ, പട്ടം സദൻ എന്നിവർ പിന്നണിയിൽ പാടി. ‘മൂലധനം’ എന്ന സിനിമയിലെ ‘‘ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു –ഉയരുന്നു അവർ നാടിൻ മോചനരണാങ്കണത്തിൽ പടരുന്നു’’ എന്ന ഗാനം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. പി. ഭാസ്കരൻ രചിച്ച ഗാനമാണിത്.
പ്രേംനസീർ, വിജയശ്രീ, ഉഷാകുമാരി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, ജോസ് പ്രകാശ്, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, പറവൂർ ഭരതൻ, സാധന തുടങ്ങിയവർ അഭിനേതാക്കളായി.
യേശുദാസ് പാടിയ ‘‘വിഗ്രഹഭഞ്ജകരേ...’’ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധേയമാണ്. ‘‘വിഗ്രഹഭഞ്ജകരേ അരുതേ അരുതേ/ വിലപ്പെട്ട മനുഷ്യനെ കൊല്ലരുതേ കൊല്ലരുതേ/ പുരുഷാന്തരങ്ങൾ മുഖഛായ നൽകും/ ഒരു മണൽബിംബവും ഉടയ്ക്കരുതേ/ അവയുടെ ധൂസരധൂളികൾ വീണ്ടുമൊ-/ രവതാരപുരുഷനായ് സ്വയമുണരും/ ചുവന്ന മനസ്സുകൾ ചുരന്നെടുക്കാനല്ല/ ചുറ്റികയും പടവാളും...’’
യേശുദാസ് മാധുരിയുമായി ചേർന്ന് പാടിയ ഗാനം ‘‘ഗുരുകുലം വളർത്തിയ കുളിരേ’’ എന്നു തുടങ്ങുന്നു. ‘‘ഗുരുകുലം വളർത്തിയ കുളിരേ/ കുവലയമിഴിയാം അഴകേ/ ഇളമ്പുതളിർ കൊണ്ടാൽ മുറിയും നിൻ മാറിൽ/ ഇരുമ്പു കൊണ്ടെന്തിനീ കവചം?/ ഗുരുകുലം വളർത്തിയ കുളിരേ...’’
ചരണത്തിലെ വരികളിൽ സന്ദർഭം കൂടുതൽ വിശദമായി പറയുന്നു. ‘‘കവിൾപ്പൂ തുടുത്തും നെഞ്ചം തുടിച്ചും/ കതിർമണ്ഡപത്തിൽ ഒരുങ്ങേണ്ടവളെ/ കുതറി തെറിച്ചും പുരികങ്ങൾ ചുളിച്ചും/ ഗുസ്തിക്കു നീയെന്തിനിറങ്ങി..?’’
പി. മധുരിയും എ.പി. കോമളയും ചേർന്നു പാടിയ വ്യത്യസ്തമായ ഒരു പാട്ട് ഈ ചിത്രത്തിലുണ്ട്. സ്ത്രീകൾ മദ്യത്തെക്കുറിച്ചു പാടുന്ന പാട്ട്.
‘‘ഇവൻ വിസ്കി ഇവൻ ബ്രാണ്ടി/ ഇവനെന്റെ പ്രിയപ്പെട്ട വാറ്റ്/ അടിച്ചു റൈറ്റായി നടക്കാൻ/ നിനക്കവൻ വേണോ ഇവൻ വേണോ/ മറ്റവൻ വേണോ.../ എന്തെടീ പെണ്ണേ തലച്ചോറിനുള്ളിലെനി-/ ക്കേഴെട്ടു പമ്പരം കറങ്ങുന്നെടി/ ഭൂമി കറങ്ങുന്നെടി/ അടപ്പൊന്നു തുറന്നതു പുറത്തെടുക്കാൻ/ ആരോണ്ടെടീ എനിക്കാരൊണ്ടെടീ...’’
ഇങ്ങനെ തുടരുന്ന ഈ ഗാനം മദ്യപിച്ച രണ്ടു സ്ത്രീകൾ പാടുന്നതാണ് എന്ന് വ്യക്തം.
മാധുരി പാടിയ ‘‘നന്ത്യാർവട്ടപ്പൂ ചൂടി...’’ എന്ന ഗാനവും മോശമല്ല. ‘‘നന്ത്യാർവട്ടപ്പൂ ചൂടി/ കന്യകയാം മലർവാടി -ഇന്നു/ വർണരഥത്തിൽ വരുമോ/ മന്മഥനെന്നരികിൽ കൂടി/ ആറ്റുനോറ്റൊരു മണിത്തിരുവാതിര/ ഞാറ്റുവേലയിൽ മുങ്ങി/ മുടി നിറയെ മൊട്ടുകൾ ചൂടി/ മോഹാലസ്യമായി/ ലല്ലലലം ലല്ലലലം/ചില്ലീലതകളിളക്കി...’’
ജയചന്ദ്രനും പട്ടം സദനും ചേർന്നു പാടിയ ‘‘എന്തൂട്ടാണീ പ്രേമം?’’ എന്ന ഹാസ്യഗാനവും മോശമല്ല. ‘‘വാ ഒന്നുവാ വരില്ലേ...’’ എന്നു തുടങ്ങുന്നു. പിന്നെയാണ് ഈണത്തിൽ പല്ലവി തുടങ്ങുന്നത്. ‘‘എന്തൂട്ടാണീ പ്രേമമെന്ന് നിനക്കറിയില്ലേ/ എന്റെ രാധേ പ്രാണനാഥേ/ നിന്റെ മന്ദഹാസം കിലുങ്ങുമീ/ വൃന്ദാവനത്തിൽ വന്നു മഞ്ഞുകൊള്ളും/ എന്നരികിൽ നീ വരില്ലേ.../ ഓ വാ -ഒന്നു വേഗം വന്നേ.../ അംഗനാ രത്നമേ ഭവതിയെപ്പറ്റി ഞാൻ/ ആധുനിക കവിതകൾ എഴുതി.../ കവിതിലകം മുൻഷിസാറിശ്ശികാലം -എന്റെ/ കവിതകൾക്കാമുഖങ്ങൾ എഴുതി’’ എന്നിങ്ങനെ തുടരുന്ന ഗാനത്തിൽ ശ്രോതാക്കളെ ചിരിപ്പിക്കാനുള്ള വരികൾ കുറവായിരുന്നു എന്നു പറയാതെ വയ്യ. സ്ത്രീശബ്ദവും പക്ഷികളുടെ ശബ്ദവും മൃഗങ്ങളുടെ ശബ്ദവും പുറപ്പെടുവിക്കാൻ അസാധാരണമായ പാടവം പട്ടം സദനുണ്ടായിരുന്നു.
അസീം കമ്പനിയുടെ ‘തനിനിറം’ എന്ന സിനിമ 1973 ജൂൺ 16ന് പ്രദർശനം തുടങ്ങി. ഒരു ശശികുമാർ ചിത്രത്തിൽനിന്ന് സാധാരണ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഘടകങ്ങൾ എല്ലാം ‘തനിനിറം’ എന്ന സിനിമയിലും ഉണ്ടായിരുന്നു. എങ്കിലും ‘തനിനിറം’ എന്ന സിനിമക്ക് ശരാശരി വിജയമേ ലഭിച്ചുള്ളൂ.
1973 ജൂൺ 22ന് റിലീസ് ചെയ്ത ‘പോലീസ് അറിയരുത്’ എന്ന സിനിമ നിർമിച്ചതും സംവിധാനം ചെയ്തതും തമിഴ് സംവിധായകനായ എം.എസ്. സെന്തിൽകുമാറാണ്. വെട്രിവേൽ പ്രൊഡക്ഷൻസ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്.
മധു, കെ.പി. ഉമ്മർ, സുധീർ, റാണി ചന്ദ്ര, ഉഷാനന്ദിനി, സുകുമാരി, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, ഫിലോമിന തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന് എൻ. ഗോവിന്ദൻകുട്ടി തിരക്കഥയും സംഭാഷണവും എഴുതി. ചിത്രത്തിൽ രണ്ടു പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ ഈ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. രണ്ടു ഗാനങ്ങളും എസ്. ജാനകിയാണ് പാടിയത്.
‘‘ആരോടും മിണ്ടാത്ത ഭാവം –പക്ഷേ/ ആളോ വെറുമൊരു പാവം/ എന്തു പറഞ്ഞാലും മൗനം –ആർക്കും/ എന്തിനെന്നറിയാത്ത നാണം’’ എന്നാണ് ആദ്യഗാനത്തിന്റെ പല്ലവി. ഈ ഗാനത്തിന്റെ ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘കണ്ണാടിക്കടപ്പുറത്ത്/ കർക്കിടകക്കടപ്പുറത്ത്/ കാലും മുഖവും കഴുകിവരും കാർമുകിലേ/ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം...’’ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘കാരിരുമ്പാണിപ്പഴുതുള്ള കൈകളേ/ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു/ അത്യുന്നതങ്ങളിൽനിന്ന് നീ ഞങ്ങടെ/ ദുഃഖങ്ങൾ കേട്ടു പ്രസാദിച്ചു...’’ ആദ്യചരണം ‘‘പാപം നിഴൽ പോലെ ’’ എന്ന് തുടങ്ങുന്നു.
‘‘പാപം നിഴൽപോലെ കൂടെ വരുന്നു/ പാപികളാൽ ഭൂമി നിറയുന്നു/ അറിഞ്ഞുകൊണ്ടാണേലും/ അറിയാതെയാണേലും/ അപരാധങ്ങൾ പൊറുക്കേണമേ –അവിടുന്ന്/ അപരാധങ്ങൾ പൊറുക്കേണമേ...’’ വരികളും സംഗീതവും സന്ദർഭങ്ങൾക്ക് തികച്ചും അനുയോജ്യമായിരുന്നു. സസ്പെൻസ് ചിത്രമായതുകൊണ്ട് കൂടുതൽ ഗാനങ്ങൾക്ക് ഇടമുണ്ടായിരുന്നില്ല. ‘പോലീസ് അറിയരുത്’ എന്ന ചിത്രം സാമ്പത്തികവിജയം നേടിയില്ല.