എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
‘‘കഥാകൃത്തും സംവിധായകനുമായ ഡോ. ബാലകൃഷ്ണൻ, കാർത്തികേയൻ എന്ന തൂലികാനാമത്തിൽ എഴുതിയ ഗാനം യേശുദാസ് ആണ് പാടിയത്. കാർത്തികേയൻ എന്ന തൂലികാനാമത്തിൽ ഈയൊരു ഗാനം മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. തുടർന്ന് ഡോ. ബാലകൃഷ്ണൻ നിർമിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം സ്വന്തം പേരിൽതന്നെ പാട്ടുകളെഴുതി’’ പാെട്ടഴുത്തുകളുടെ ചരിത്രം തുടരുന്നു.‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്, പിൽക്കാലത്ത് മലയാള ചലച്ചിത്ര സംവിധായകരുടെ മുൻനിരയിലെത്തിയ ഹരിഹരൻ...
Your Subscription Supports Independent Journalism
View Plans‘‘കഥാകൃത്തും സംവിധായകനുമായ ഡോ. ബാലകൃഷ്ണൻ, കാർത്തികേയൻ എന്ന തൂലികാനാമത്തിൽ എഴുതിയ ഗാനം യേശുദാസ് ആണ് പാടിയത്. കാർത്തികേയൻ എന്ന തൂലികാനാമത്തിൽ ഈയൊരു ഗാനം മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. തുടർന്ന് ഡോ. ബാലകൃഷ്ണൻ നിർമിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം സ്വന്തം പേരിൽതന്നെ പാട്ടുകളെഴുതി’’ പാെട്ടഴുത്തുകളുടെ ചരിത്രം തുടരുന്നു.
‘ലേഡീസ് ഹോസ്റ്റൽ’ എന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്, പിൽക്കാലത്ത് മലയാള ചലച്ചിത്ര സംവിധായകരുടെ മുൻനിരയിലെത്തിയ ഹരിഹരൻ ആദ്യമായി സംവിധാനംചെയ്ത സിനിമയാണത്. ഡോ. ബാലകൃഷ്ണനാണ് ‘ലേഡീസ് ഹോസ്റ്റലി’ന്റെ നിർമാതാവ്. മലയാള സിനിമയിലെ ആദ്യകാല എഡിറ്റർമാരിലൊരാളും പ്രശസ്ത സംവിധായകനുമായ എം.എസ്. മണി സംവിധാനംചെയ്ത ‘തളിരുകൾ’ എന്ന സിനിമയിലെ സംവിധാനസഹായിയായിട്ടായിരുന്നു സിനിമയിൽ ഹരിഹരന്റെ തുടക്കം. ‘തളിരുകൾ’ എന്ന ചിത്രത്തിന്റെ നിർമാതാവും ഡോ. ബാലകൃഷ്ണനായിരുന്നു.
പ്രേംനസീർ, ജയഭാരതി, സുജാത, ടി.എസ്. മുത്തയ്യ, കെ.പി. ഉമ്മർ, വിൻെസന്റ്, ബഹദൂർ, മീന, ഫിലോമിന, ശാന്തി, പറവൂർ ഭരതൻ, മുതുകുളം രാഘവൻ പിള്ള, അമ്പലപ്പുഴ രാജമ്മ, പട്ടം സദൻ, ടി.പി. രാധാമണി, സാധന, ഖദീജ തുടങ്ങി ഒരു നല്ല താരനിരതന്നെ ‘ലേഡീസ് ഹോസ്റ്റലി’ൽ ഉണ്ടായിരുന്നു.
ഹാസ്യത്തിന് പ്രാധാന്യം നൽകി ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് നിർമാതാവായ ഡോ. ബാലകൃഷ്ണൻ തന്നെ. രേഖ സിനി ആർട്സ് എന്നായിരുന്നു നിർമാണക്കമ്പനിയുടെ പേര്.
ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. അഞ്ചു പാട്ടുകൾ ശ്രീകുമാരൻ തമ്പിയും ഒരു ഗാനം കാർത്തികേയൻ എന്ന തൂലികാനാമത്തിൽ ഡോ. ബാലകൃഷ്ണനും എഴുതി. എം.എസ്. ബാബുരാജ് സംഗീതസംവിധായകനായി. ബാബുരാജ് ഈണം നൽകിയ ശ്രീകുമാരൻ തമ്പിയുടെ ‘‘ജീവിതേശ്വരിക്കേകുവാനൊരു പ്രേമലേഖനമെഴുതി...’’ എന്ന യേശുദാസ് പാടിയ സൂപ്പർഹിറ്റ് ഗാനം ഈ ചിത്രത്തിലുള്ളതാണ്.
‘‘ജീവിതേശ്വരിക്കേകുവാനൊരു/ പ്രേമലേഖനമെഴുതി/ രാഗ പൗർണമി മേഘപാളിയിൽ/ ഗാനമെഴുതും രാവിൽ/ കണ്ണിനു കാണാൻ കഴിയാതുള്ളോരു/ കരളിലെ വർണത്താളുകളിൽ/ സങ്കൽപത്തിൻ തൂലികയാലേ/ സ്വർഗീയ സ്മൃതിയാലേ/ എഴുതീ ഞാനൊരു സ്വരമഞ്ജരി പോൽ/ എന്നഭിലാഷ ശതങ്ങൾ/ തോഴീ -നീയറിയാതെ’’ എന്നിങ്ങനെ തുടരുന്നു ഗാനം. ഈ ചിത്രത്തിന്റെ പ്രവർത്തനം നടക്കുമ്പോൾ ഈ ലേഖകനും സംവിധായകൻ ഹരിഹരനും ആത്മാർഥ മിത്രങ്ങളായിരുന്നു. സുഹൃത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിക്കാനും ഈ ചിത്രത്തിലൂടെ അദ്ദേഹം ഉയരങ്ങളിലെത്താനും ആശംസിക്കുന്നു. ഒരു ഗാനം അനുകൂല സന്ദർഭം കിട്ടിയപ്പോൾ എഴുതി. എൽ.ആർ. ഈശ്വരിയും സംഘവുമാണ് ഈ ഗാനം പാടിയത്.
‘‘ചിത്രവർണക്കൊടികളുയർത്തി/ ചിത്രശലഭം വന്നല്ലോ/ ചിത്തിരപ്പൊൻ മലരേ -നിന്റെ/ ശുക്രദശയുമുദിച്ചല്ലോ...’’
ഈ വരികൾ കൊടുത്തിട്ട് ഗാനരചയിതാവ് സുഹൃത്തായ സംവിധായകനോട് പറഞ്ഞു. ‘‘ഈ സിനിമ സൂപ്പർഹിറ്റ് ആകും. ഇത് നിങ്ങളുടെ ശുക്രദശയുടെ തുടക്കമാണ്.’’ ഈ വചനം അക്ഷരാർഥത്തിൽ സത്യമായിത്തീർന്നു (ഭാരതീയ ജ്യോതിഷപ്രകാരം ശുക്രദശ ജീവിതത്തിലെ നല്ലകാലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്ത വായനക്കാർ സദയം ക്ഷമിക്കണം). ‘ലേഡീസ് ഹോസ്റ്റലി’ന്റെ വിജയത്തിനുശേഷം ഹരിഹരൻ എന്ന സംവിധായകന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നാമത്തെ ഗാനം എസ്. ജാനകി പാടി. ‘‘ഉത്സവമായി... വസന്തോത്സവമായി.../ കാട്ടരുവി ചിലങ്ക കെട്ടി/ കാറ്റലകൾ തബല കൊട്ടി/ കടമ്പിൻ ചില്ലകൾ കസവു കെട്ടി/ കരിയിലക്കുരുവികൾ കൂടു കെട്ടി’’ എന്നിങ്ങനെ പല്ലവി. ആദ്യചരണം ഇപ്രകാരം: ‘‘ആകാശത്താഴ്വരയിൽ/ അലയും വെണ്മേഘ സുന്ദരികൾ/ സ്വതന്ത്രജീവിത ഭാവനകൾ/ സ്വർഗീയസുന്ദരകൽപനകൾ/ മോഹം എനിക്ക് മോഹം/ വെൺമേഘമായ് പറക്കാൻ...’’ പി. ജയചന്ദ്രനും പി. സുശീലയും ചേർന്നുപാടിയ യുഗ്മ ഗാനവും ഹിറ്റ് ലിസ്റ്റിൽപെട്ടു എന്നുപറയാം.
‘‘മുത്തുച്ചിപ്പി തുറന്നു -നിൻ/ മുന്തിരിച്ചുണ്ടു വിടർന്നു/ മുത്തമടരുംനിന്നധരത്തിൽ/ നൃത്തമാടിത്തളർന്നു -മോഹം/ നൃത്തമാടിത്തളർന്നു’’ എന്നിങ്ങനെ ആരംഭിക്കുന്നു ഗാനം.
‘‘വൈശാഖസന്ധ്യ തൻ/ വനരാജമല്ലിയിൽ/ വാർമേഘപുഷ്പങ്ങൾ വിടർന്നു/ സിന്ദൂരമേഘത്തിൻ ഇതളുകൾ കടലിൻ/ ചുംബനമേറ്റു തളർന്നു’’ എന്നിങ്ങനെ തുടരുന്ന പ്രണയഗാനം.
ശ്രീകുമാരൻ തമ്പി രചിച്ച അഞ്ചാമത്തെ ഗാനം ‘‘പ്രിയതമേ നീ പ്രേമാമൃതം, ഹൃദയസംഗീതരാഗാമൃതം’’ എന്നു തുടങ്ങുന്നു.
കുളത്തുപ്പുഴ രവിയും (രവീന്ദ്രൻ) കെ.ആർ. വേണു എന്ന ഗായകനും ചേർന്നാണ് ഈ ഗാനം പാടിയത്.
‘‘പ്രിയതമേ നീ പ്രേമാമൃതം/ ഹൃദയസംഗീത രാഗാമൃതം/ മധുമയം നിൻ മധുരാധരം -നീ/ മദനമന്ദിര പഞ്ചാമൃതം.../ വിടരും കൗമുദി/ അടരും നിൻ ചിരി/ വിമലമനോഹരം/ നിൻ തിരുവായ്മൊഴി/ വിധുമുഖീ നിൻ കുറുനിരകൾ കാറ്റിൽ/ കുസൃതിയിലാടും മന്മഥലിപികൾ...’’
കഥാകൃത്തും സംവിധായകനുമായ ഡോ. ബാലകൃഷ്ണൻ കാർത്തികേയൻ എന്ന തൂലികാനാമത്തിൽ എഴുതിയ ഗാനം യേശുദാസ് ആണ് പാടിയത്. ആ ഗാനമിങ്ങനെ തുടങ്ങുന്നു.
‘‘മാനസവീണയിൽ മദനൻ ചിന്തിയ/ മായികരാഗമരന്ദത്തിൽ/ മധുരമോഹനനിർവൃതിധാര/ പുളകോദ്ഗമയായ് രാഗിണിയാടി.../ സന്ധ്യാസുന്ദരയാമമുദിക്കെ/ മന്ദാനില പരിലാളനമേൽക്കേ/ എവിടെ നാഥൻ പ്രേമസ്വരൂപൻ/ കാതരയായാ കാമിനി തേടി’’ എന്നിങ്ങനെ തുടരുന്നു ആ ഗാനം.
കാർത്തികേയൻ എന്ന തൂലികാനാമത്തിൽ ഈയൊരു ഗാനം മാത്രമേ അദ്ദേഹം എഴുതിയിട്ടുള്ളൂ. തുടർന്ന് ഡോ. ബാലകൃഷ്ണൻ നിർമിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം സ്വന്തം പേരിൽ തന്നെ പാട്ടുകളെഴുതി. 1973 ജൂൺ 29ന് പ്രദർശനശാലകളിലെത്തിയ ‘ലേഡീസ് ഹോസ്റ്റൽ’ ഒരു മികച്ച എന്റർടെയ്നർ ആയിരുന്നു; പരിചയസമ്പന്നനായ ഒരു സംവിധായകന്റെ ചിത്രംപോലെ. സിനിമ വൻ സാമ്പത്തിക വിജയം നേടി.
മദർ ഇന്ത്യ പ്രൊഡക്ഷൻസിന്റെ പേരിൽ പി.സി. ജോർജ് നിർമിച്ച സിനിമയാണ് പി.എൻ. മേനോൻ സംവിധാനംചെയ്ത ‘ദർശനം’. പി.എൻ. മേനോൻ തന്നെ ഈ ചിത്രത്തിന് കഥയും തിരനാടകവും സംഭാഷണവും എഴുതി (പി.എൻ. മേനോൻ തന്നെ സംവിധാനത്തോടൊപ്പം രചനയും നിർവഹിച്ച പ്രഥമചിത്രം ‘ദർശന’മായിരിക്കണം). രാഘവൻ, റോജാരമണി, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി, ശങ്കരാടി, സുരാസു, കുതിരവട്ടം പപ്പു, രാധാദേവി, ശാന്താദേവി, ശ്രീനാരായണപിള്ള, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ച ‘ദർശന’ത്തിനുവേണ്ടി ഗാനങ്ങളൊരുക്കിയത് വയലാർ-ദേവരാജൻ ടീം ആണ്. വയലാറിന്റെ ഗാനങ്ങളോടൊപ്പം മഹാകവി പൂന്താനത്തിന്റെ ചില വരികളും ചിത്രത്തിൽ ഇടംപിടിച്ചു.
യേശുദാസും സംഘവും പാടിയ ‘‘പേരാറ്റിൻ കരയിലേക്കൊരു തീർഥയാത്ര’’ എന്നാരംഭിക്കുന്ന ഗാനം സാമാന്യം പ്രശസ്തി നേടിയിട്ടുണ്ട്. ‘‘പേരാറ്റിൻ കരയിലേക്കൊരു തീർഥയാത്ര/ കേരളത്തിലെ മണ്ണിലേക്കൊരു തീർഥയാത്ര/ കാലം ആദിശങ്കരന്ന് കളിത്തൊട്ടിൽ നിർമിച്ച/ കാലടിപ്പുഴക്കടവിലേക്കൊരു തീർഥയാത്ര...’’ ‘ദർശനം’ എന്ന പേരിനു തികച്ചും അനുയോജ്യം വയലാറിന്റെ ഈ വരികളും തുടർന്നുള്ള വരികളും.
‘‘സിന്ധുഗംഗാസമതലങ്ങളിലൂടെ/ ദണ്ഡകാരണ്യങ്ങൾ തൻ നടുവിലൂടെ/ ശൃംഗേരി മഠങ്ങൾ, ബോധിവൃക്ഷത്തണലു കണ്ട/ സഹ്യന്റെ മതിലകത്ത് ഞങ്ങൾ വരുന്നു...’’
യേശുദാസ് ചിത്രത്തിനു വേണ്ടി പാടിയ രണ്ടാമത്തെ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘തിരുവഞ്ചിയൂരോ തൃശൂരോ/ തിരുനെല്ലൂരോ നെല്ലൂരോ/ പണ്ടെങ്ങാണ്ടോരു രാജപ്പെൺകിടാ-/ വുണ്ടായിരുന്നുപോൽ...’’ തുടർന്നുള്ള വരികളും ആകർഷകം. ‘‘കുന്നത്തു ചന്ദ്രനുദിച്ചതുപോലൊരു/ കുഞ്ഞായിരുന്നു പോൽ –അവൾ/ കണ്ണിൽ കൃഷ്ണമണികളില്ലാത്തൊരു/ പെണ്ണായിരുന്നുപോൽ/ പകലും രാത്രിയും അറിയാതെ/ പുഴകളും പൂക്കളും അറിയാതെ/ എന്നും കറുത്ത വെളിച്ചവും കണ്ടാ/ പെണ്ണ് വളർന്നുപോൽ –കാണികൾക്കെല്ലാം/ കണ്ണു നിറഞ്ഞുപോൽ...’’
പി. മാധുരി പാടിയ തത്ത്വചിന്താപരമായ ഗാനവും ശ്രദ്ധേയം.
‘‘വെളുപ്പോ കടുംചുവപ്പോ/ വിളിച്ചാൽ മിണ്ടാത്ത മനുഷ്യമനസ്സിന്/ വെളുപ്പോ നിറം ചുവപ്പോ.../ വെളുപ്പാണെങ്കിൽ വെളിച്ചമില്ലേ/ വെളിച്ചത്തിനഴകില്ലേ/ അതു നുകർന്നല്ലീ ഞാൻ പാടി കൂടെ/ അഞ്ചിന്ദ്രിയങ്ങളും പാടി/ അന്ധയാണെങ്കിലും അതിലൊരു രാഗമായ്/ അലിഞ്ഞവളല്ലേ ഞാൻ.../ ഒരു കതിർമണി നിങ്ങൾ എനിക്ക് തരൂ –എന്നെ/ ഒരു നക്ഷത്രമായ് മാറ്റൂ.’’
അന്ധയായ നായികയുടെ മനസ്സ് എത്ര ആശയഭദ്രമായ വിധത്തിൽ വയലാർ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.
മാധുരിയും അമ്പിളിയും ചേർന്നു പാടിയ ‘പൂന്താനപ്പാന’യിലെ വരികളും മനോഹരമായ ഈണത്തിൽ കേൾക്കാം.
‘‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ/ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ/ ഇന്നിക്കണ്ട തടിക്കു വിനാശവും/ ഇന്ന നേരമെന്നേതുമറിവീല/ കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ/ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ/ രണ്ടു നാല് ദിനംകൊണ്ടൊരുത്തനെ/ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ/ മാളികമുകളേറിയ മന്നന്റെ/ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ...’’
ഇങ്ങനെ തുടങ്ങി ‘‘മനുജാതിയിൽതന്നെ പലവിധം മനസ്സിനു വിശേഷമുണ്ടോർക്കണം’’ എന്നീ വരികൾവരെ പൂന്താനത്തിന്റെ പാന തുടരുന്നു. 1973 ജൂലൈ ആറിന് തിയറ്ററുകളിലെത്തിയ ‘ദർശനം’ പി.എൻ. മേനോന്റെ മുൻ ചിത്രങ്ങളെപ്പോലെ ശോഭിച്ചില്ല. തിയറ്ററിലും ചിത്രം കൊണ്ടാടപ്പെടുകയുണ്ടായില്ല.
പി. ഭാസ്കരൻ സംവിധാനംചെയ്ത ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രത്തിലൂടെ ജനറൽ പിക്ചേഴ്സ് എന്ന നിർമാണക്കമ്പനിയുമായി സിനിമാ വേദിയിലെത്തിയ കൊല്ലത്തെ വ്യവസായപ്രമുഖനായ കെ. രവീന്ദ്രനാഥൻ നായർ എ. വിൻസെന്റിനെ സംവിധായകനാക്കി നിർമിച്ച സിനിമയാണ് ‘അച്ചാണി’. പിൽക്കാലത്ത് ‘എലിപ്പത്തായ’മടക്കം അനേകം അവാർഡ് സിനിമകൾ നിർമിച്ചിട്ടും സിനിമാലോകത്ത് അദ്ദേഹം അറിയപ്പെട്ടത് ‘അച്ചാണി രവി’ എന്ന പേരിലാണ്. സിനിമ അത്രവലിയ ഹിറ്റ് ആയിരുന്നു. കാരക്കുടി നാരായണൻ എന്ന തമിഴ് എഴുത്തുകാരന്റെ കഥയാണ് ‘അച്ചാണി’.
തോപ്പിൽ ഭാസി തിരനാടകവും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം പകർന്നു. രചനയിലും സംഗീതത്തിലും ഒന്നാംകിടയിൽ നിൽക്കുന്ന ഒന്നിലധികം ഗാനങ്ങൾ ‘അച്ചാണി’യിൽ ഉണ്ടായിരുന്നു. പ്രേംനസീർ, നന്ദിതാബോസ്, കൊട്ടാരക്കര ശ്രീധരൻ നായർ, സുധീർ, വിൻെസന്റ്, അടൂർ ഭാസി, സുജാത, റാണിചന്ദ്ര, ശങ്കരാടി, ബഹദൂർ, മീന, ശ്രീലത, മാസ്റ്റർ സത്യജിത്ത്, ബേബി വിജയ തുടങ്ങിയവർ ‘അച്ചാണി’യിൽ അഭിനയിച്ചു. ഒരു ഗാനം യേശുദാസ് പാടി അഭിനയിച്ചു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
‘‘എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ വന്നിറങ്ങിയ രൂപവതീ...’’ എന്നു തുടങ്ങുന്ന ഗാനമാണ് യേശുദാസ് പാടി അഭിനയിച്ചത്.
‘‘എന്റെ സ്വപ്നത്തിൻ താമരപൊയ്കയിൽ/ വന്നിറങ്ങിയ രൂപവതീ/ നീലത്താമരമിഴികൾ തുറന്നു/ നിന്നെ നോക്കി നിന്നു -ചൈത്രം/ നിന്റെ നീരാട്ടു കണ്ടുനിന്നു’’ എന്ന പല്ലവി തന്നെ രചനകൊണ്ടും ഈണംകൊണ്ടും മനോഹരമാണ്.
‘‘എന്റെ ഭാവനാ രസാല വനത്തിൽ/ വന്നുചേർന്നൊരു വനമോഹിനീ/ വർണസുന്ദരമാം താലങ്ങളേന്തി/ വന്യപുഷ്പജാലം നിരയായ് നിന്നെ/ വരവേൽക്കുവാനായ് ഒരുങ്ങിനിന്നു...’’ ഈ വരികളെ തുടർന്നുവരുന്ന ഹമ്മിങ്ങും യേശുദാസിന്റെ ശബ്ദത്തിൽ ഉജ്ജ്വലമായിത്തീർന്നു. ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ യുഗ്മഗാനവും ഹിറ്റ് ആണ്.
‘‘മല്ലികാബാണൻ തന്റെ വില്ലെടുത്തു/ മന്ദാരമലർകൊണ്ടു ശരം തൊടുത്തു/ മാറിലോ എന്റെ മനസ്സിലോ/ മധുരമധുരമൊരു വേദന/ മദകരമാമൊരു വേദന.../ അകലെയകലെയായ് സൗന്ദര്യത്തിൻ/ അളകനന്ദയുടെ തീരത്ത്/ തങ്കക്കിനാക്കൾ താലമെടുക്കും/ താരുണ്യസങ്കൽപ മദിരോത്സവം/ പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...’’ പദഭംഗികൊണ്ടും ആശയഭംഗികൊണ്ടും രാഗലയംകൊണ്ടും വേറിട്ട് നിൽക്കുന്ന ഒരു ഗാനം.
മാധുരി തന്നെ പാടിയ ‘‘നീലനീല സമുദ്രത്തിനക്കരെ...’’ എന്ന് തുടങ്ങുന്ന ഗാനം മുൻപറഞ്ഞ ഗാനങ്ങളെപ്പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ‘‘നീലനീലസമുദ്രത്തിന്നക്കരെയായി/ നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ/ വാക പൂത്തു മണം ചിന്നും വള്ളിമലർകാവിലൊരു/ വാനമ്പാടിയാരെയോ കാത്തിരുന്നു/ പണ്ടു കാത്തിരുന്നു...’’
പി. സുശീല പാടിയ രണ്ടു പാട്ടുകൾകൂടി ‘അച്ചാണി’ എന്ന സിനിമയിൽ ഉണ്ടായിരുന്നു. രണ്ടു ഗാനങ്ങളും മികച്ചവയായിരുന്നു,
‘‘മുഴുതിങ്കൾ മണിവിളക്കണഞ്ഞു/ ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു/ കാറ്റു വന്നു കതകടച്ചു/ കനകതാരകമൊന്നു ചിരിച്ചു’’ എന്ന ഗാനവും ‘‘സമയമാം നദി പുറകോട്ടൊഴുകി...’’ എന്ന് തുടങ്ങുന്ന ഗാനവും. രണ്ടാമത്തെ ഗാനം പി. ഭാസ്കരന്റെ മികച്ച രചനകളിലൊന്നായി കരുതപ്പെടുന്നു.
‘‘സമയമാം നദി പുറകോട്ടൊഴുകി/ സ്മരണ തൻ പൂവണി താഴ്വരയിൽ/ സംഭവമലരുകൾ വിരിഞ്ഞു വീണ്ടും/ വിരിഞ്ഞു വീണ്ടും .../ സ്വർഗകവാടം വിട്ടിറങ്ങി വന്നു/ തന്റെ മകനെ തേടിത്തേടി/ജനനി നിന്റെ ജനനി/ ജനിതസ്നേഹത്തിൻ മായാതരംഗിണി...’’
1973 ജൂലൈ 12ന് പുറത്തുവന്ന ‘അച്ചാണി’ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായി മാറി.