Begin typing your search above and press return to search.
proflie-avatar
Login

സലിൽ ചൗധരി-ഒ.എൻ.വി കൂട്ടുകെട്ടിന്റെ തുടക്കം

സലിൽ ചൗധരി-ഒ.എൻ.വി   കൂട്ടുകെട്ടിന്റെ തുടക്കം
cancel

തിരുവനന്തപുരത്ത് പ്രസിദ്ധി നേടിയ ശിവൻസ് സ്റ്റുഡിയോ ഉടമയും നിശ്ചല ഛായാഗ്രാഹകനുമായ ശിവൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘സ്വപ്നം’. വാണിജയറാം എന്ന ഗായിക മലയാളത്തിൽ ആദ്യമായി പാടിയ സിനിമ എന്ന പ്രത്യേകതയും ‘സ്വപ്നം’ എന്ന സിനിമക്കുണ്ട് -രണ്ട്​ പ്രതിഭകൾ മലയാള സിനിമയിൽ ഒന്നിച്ചതി​ന്റെ തുടക്കം കൂടിയാണ്​ ‘സ്വപ്​നം’. ആ കഥ പറയുന്നു.‘അച്ചാണി’യുടെ വിജയാഘോഷങ്ങൾക്കിടയിൽ വന്നുപോയ സിനിമയാണ് ‘സൗന്ദര്യപൂജ’. സിനിമ അത്ര മോശമായിരുന്നില്ല. എങ്കിലും ആ ചിത്രത്തിന് അർഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചോ എന്നു സംശയമുണ്ട്. അല്ലെങ്കിലും ജനങ്ങൾ ഇഷ്ടപ്പെട്ടുകഴിഞ്ഞ ഒരു സിനിമ തിയറ്റർ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോൾ ...

Your Subscription Supports Independent Journalism

View Plans
തിരുവനന്തപുരത്ത് പ്രസിദ്ധി നേടിയ ശിവൻസ് സ്റ്റുഡിയോ ഉടമയും നിശ്ചല ഛായാഗ്രാഹകനുമായ ശിവൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘സ്വപ്നം’. വാണിജയറാം എന്ന ഗായിക മലയാളത്തിൽ ആദ്യമായി പാടിയ സിനിമ എന്ന പ്രത്യേകതയും ‘സ്വപ്നം’ എന്ന സിനിമക്കുണ്ട് -രണ്ട്​ പ്രതിഭകൾ മലയാള സിനിമയിൽ ഒന്നിച്ചതി​ന്റെ തുടക്കം കൂടിയാണ്​ ‘സ്വപ്​നം’. ആ കഥ പറയുന്നു.

‘അച്ചാണി’യുടെ വിജയാഘോഷങ്ങൾക്കിടയിൽ വന്നുപോയ സിനിമയാണ് ‘സൗന്ദര്യപൂജ’. സിനിമ അത്ര മോശമായിരുന്നില്ല. എങ്കിലും ആ ചിത്രത്തിന് അർഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചോ എന്നു സംശയമുണ്ട്. അല്ലെങ്കിലും ജനങ്ങൾ ഇഷ്ടപ്പെട്ടുകഴിഞ്ഞ ഒരു സിനിമ തിയറ്റർ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോൾ അതിനു തൊട്ടുപിന്നാലെ പ്രദർശനത്തിനെത്തുന്ന പടം വളരെ മികച്ചതല്ലെങ്കിൽ അതിനു പിടിച്ചുനിൽക്കാൻ പ്രയാസമായിരിക്കും. മധു, ജയഭാരതി, ബാലൻ കെ. നായർ, റാണിചന്ദ്ര, അടൂർ ഭാസി, ബഹദൂർ, ശ്രീലത, ടി.പി. രാധാമണി, ടി.ആർ. ഓമന തുടങ്ങിയവർ അഭിനയിച്ച ‘സൗന്ദര്യപൂജ’ മുത്തപ്പൻ മൂവീസ് ആണ് നിർമിച്ചത്.

ബി.കെ. പൊറ്റെക്കാട് ചിത്രം സംവിധാനംചെയ്തു. പാറശ്ശാല ദിവാകരൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ച ‘സൗന്ദര്യപൂജ’യിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു, മൂന്നു പാട്ടുകൾ മങ്കൊമ്പ് ഗോപാലകൃഷ്ണനും രണ്ടു പാട്ടുകൾ ശ്രീകുമാരൻ തമ്പിയും എഴുതി. മങ്കൊമ്പ് എഴുതിയ ‘‘ആപാദചൂഡം പനിനീര്...’’ എന്ന്‌ തുടങ്ങുന്ന ഗാനം യേശുദാസ് ആണ് പാടിയത്.

‘‘ആപാദചൂഡം പനിനീര്/ അണിമുത്തുക്കുടങ്ങളിൽ ഇളനീര്/ കാദംബരീ നിന്റെ കദളീദളത്തിൽ/ കടിച്ചാൽ നിറച്ചും കരിമ്പുനീര്’’ എന്ന പല്ലവിയിൽ നിറയുന്ന മാദകത്വം തുടർന്നുള്ള വരികളിലും പ്രകടമാണ്.

‘‘ആലീലയ്ക്കൊത്തോരണിവയറോ/ ആതിരച്ചന്ദ്രിക കുളിർച്ചാറോ/ മന്ദസ്മിതത്തിൻ ഈറനുടുക്കുമ്പോൾ/ മഞ്ജുളേ നീയൊരു മലരമ്പ്...’’ എന്നിങ്ങനെ ആദ്യ ചരണം.

മങ്കൊമ്പ് രചിച്ച മറ്റു രണ്ടു പാട്ടുകളും പി. സുശീലയാണ് പാടിയത്. ‘‘കാർത്തികത്തിരുനാൾ തമ്പുരാട്ടി/ കാട്ടിലെ അരയത്തി പെൺകിടാത്തി/ ഇന്ദ്രപഞ്ചമി രാത്രിയിൽ അവളൊരു/ സിന്ധുഭൈരവി കേട്ടുണർന്നു -ഒരു/ ഗന്ധർവനവളെ വിളിച്ചുണർത്തി...’’ എന്നിങ്ങനെ പല്ലവി. ആദ്യചരണത്തിലെ വരികൾ ഇങ്ങനെ:

‘‘തളിരിലകുമ്പിളിൽ കുളിരോടവളവന്റെ/ തിരുമുഖം കണ്ടാകെ തരിച്ചുനിന്നു/ കോരിത്തരിച്ചുനിന്നു/ സിന്ദൂരമേഘത്തിൻ പല്ലക്കിനുള്ളിൽ/ ഗന്ധർവനവളെ വിളിച്ചിരുത്തി -കൈ പിടിച്ചിരുത്തി...’’

പി. സുശീല പാടിയ മങ്കൊമ്പിന്റെ രണ്ടാമത്തെ ഗാനം ‘‘അമ്പലക്കുന്നിലെ പെണ്ണൊരുത്തി...’’ എന്ന്‌ തുടങ്ങുന്നു.

‘‘അമ്പലക്കുന്നിലെ പെണ്ണൊരുത്തി/ ആകാശത്തിലെ മലക്കുറത്തി/ ആശ്രമപ്പുഴയിൽ കുളിച്ചൊരുങ്ങി/ അഞ്ജനംകൊണ്ട് മിഴിയെഴുതി’’ എന്ന്‌ പല്ലവി.

‘‘കുന്നത്തെ പൂക്കുല നടയ്ക്കുവെച്ചു/ കുരുത്തോലകൊണ്ടു കളം വരച്ചു/ നക്ഷത്ര കുടക്കീഴിൽ ഇതുവഴി ഇതുവരെ/ നാലമ്പലത്തിനു വലത്തുവെച്ചു...’’ എന്നിങ്ങനെ ആദ്യചരണം. അവൾ ഓർമകളിൽ പ്രതിഷ്ഠിച്ച ഏതോ ദേവനെക്കുറിച്ചാണ് പാട്ട്.

എം.എസ്. ബാബുരാജിന്റെ സംഗീതം ഒട്ടും മോശമായിരുന്നില്ല. ശ്രീകുമാരൻ തമ്പി എഴുതിയ രണ്ടു ഗാനങ്ങളിൽ ഒരു ഗാനം യേശുദാസും ഒരു ഗാനം എസ്. ജാനകിയും ആലപിച്ചു. യേശുദാസ് പാടിയ ഗാനം ‘‘അസ്തമയചക്രവാളം...’’ എന്ന്‌ തുടങ്ങുന്നു.

‘‘അസ്തമയചക്രവാളം/ അഗ്നിയുടുപ്പണിഞ്ഞു/ ആ ചിതയിൽ ധൂമമുയർന്നു/ ഉടൽവാടിക്കൊഴിയുന്ന കുസുമരത്നങ്ങളേ/ ഉദയത്തിലെന്തിനു ചിരിച്ചു -നിങ്ങൾ/ ഉദയത്തിലെന്തിനു ചിരിച്ചു..?’’ എന്ന പല്ലവിയെ തുടർന്ന് ആശയഘടന മാറാതെ ആദ്യ ചരണം തുടങ്ങുന്നു:

‘‘ഉഷസ്സും സന്ധ്യയും വഞ്ചന പൊതിയും/ പ്രകടന പത്രികകൾ/ ഉദയരാഗം കണ്ടു കൊതിക്കുന്ന ഭൂമിയെ/ എരിതീയിലെരിക്കുന്നു മധ്യാഹ്നം -വീണ്ടും/ ഇരുളിലമർത്തുന്നു പാതിരാത്രി.’’

അടുത്ത ചരണത്തിൽ വസന്തവും വേനലും ഭൂമിയിൽ ചെയ്യുന്ന നന്മക്കും തിന്മക്കും ആകാശമാണ്‌ മാപ്പുസാക്ഷി എന്ന്‌ സൂചിപ്പിക്കുന്നു. സൗന്ദര്യകാവ്യങ്ങൾ എഴുതുന്നു മണ്ണിൽ സംഗീതമധുവസന്തം -അത് വേനൽ അണിയുന്ന മുഖംമൂടിയാണെന്നു പിന്നെ ഭൂമി അറിയുന്നു... ബാബുരാജിന്റെ ഈണവും യേശുദാസിന്റെ ശബ്ദവും ഈ പാട്ടിനെ ആകർഷകമാക്കി.

എസ്. ജാനകി പാടിയ ‘‘ഹൃദയം മായാമധുപാത്രം’’ എന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘ഹൃദയം മായാമധുപാത്രം/ മധുരോന്മാദ മരന്ദം പകരും/ അഭിലാഷത്തിൻ അക്ഷയപാത്രം/ ഹൃദയം മായാമധുപാത്രം...’’

 

ഒ.എൻ.വി

ഒ.എൻ.വി

ചരണത്തിൽ മായാമധുപാത്രത്തെപ്പറ്റി കൂടുതൽ വിശദീകരിക്കുന്നു. ‘‘ഉതിരും ചന്ദ്രികതൻ അലപോലെ/ വിരിയും ഭാവന തൻ മഞ്ജരികൾ/ അണിയായ് വിടരുകയായ് നവമാലികാ -/ മണിമുത്തുകളായ് യൗവനവനിയിൽ/അലിയട്ടെ ഞാനലിയട്ടെ -ഈ/ ആശാസൗരഭവാഹിനിയിൽ...’’

‘സൗന്ദര്യപൂജ’യിലെ അഞ്ചു ഗാനങ്ങളും രചനയിലും ഈണത്തിലും വ്യത്യസ്തങ്ങളായിരുന്നു. 1973 ജൂ​ലൈ 20ന്​ ‘സൗന്ദര്യപൂജ’ എന്ന സിനിമയുടെ പ്രദർശനം തുടങ്ങി. തിരുവനന്തപുരത്ത് പ്രസിദ്ധി നേടിയ ശിവൻസ് സ്റ്റുഡിയോ ഉടമയും നിശ്ചല ഛായാഗ്രാഹകനുമായ ശിവൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘സ്വപ്നം’. പി. കേശവ ദേവിന്റെ നോവലിനെ അവലംബമാക്കി നിർമിച്ച ചിത്രം ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ ബാബു നന്ദൻകോട് സംവിധാനംചെയ്തു.

തോപ്പിൽ ഭാസിയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. സലിൽ ചൗധരിയുടെ സംഗീതം, ഒ.എൻ.വി. കുറുപ്പിന്റെ വരികൾ. വാണിജയറാം എന്ന ഗായിക മലയാളത്തിൽ ആദ്യമായി പാടിയ സിനിമ എന്ന പ്രത്യേകതയും ‘സ്വപ്നം’ എന്ന സിനിമക്കുണ്ട്. സരിതാ ഫിലിംസിന്റെ ബാനറിലാണ് ശിവൻ ഈ സിനിമ നിർമിച്ചത്.

മധു, സുധീർ, നന്ദിതാബോസ്, റാണിചന്ദ്ര, കൊട്ടാരക്കര ശ്രീധരൻ നായർ, ജോസ് പ്രകാശ്, ബാലൻ കെ. നായർ, അടൂർ ഭവാനി, ആറന്മുള പൊന്നമ്മ, ടി.പി. രാധാമണി തുടങ്ങിയവർ ‘സ്വപ്ന’ത്തിൽ അഭിനേതാക്കളായി. മികച്ച ഗാനങ്ങളുള്ള ചിത്രമായിരുന്നു ‘സ്വപ്നം’. വാണിജയറാം പാടിയ ‘‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ/ സൗഗന്ധികമാണീ ഭൂമി -അതിൻ/ സൗവർണപരാഗമാണോമനേ നീ -അതിൻ/ സൗരഭമാണെന്റെ സ്വപ്നം... സ്വപ്നം... സ്വപ്നം’’ എന്ന ഗാനം പരീക്ഷണാർഥം വരികൾ എഴുതിയതിനുശേഷം സലിൽ ചൗധരി ഈണം നൽകിയതാണ്.

ഒ.എൻ.വിയും നിർമാതാവായ ശിവനും നിർബന്ധിച്ചതുകൊണ്ടാണ് സലിൽ ചൗധരി ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്തത്. വയലാർ രാമവർമയും ഒ.എൻ.വിയും സലിൽ ചൗധരിയും കമ്യൂണിസ്റ്റ് വിശ്വാസികളായിരുന്നതുകൊണ്ട് അവർ നേരത്തേതന്നെ സുഹൃത്തുക്കളായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിലുള്ള കലാകാരന്മാരുടെ സംഘടനയായ ‘ഇപ്റ്റ’യിൽ (Indian People's Theatre Association) ഇവർ അംഗങ്ങളായിരുന്നു. സലിൽ ചൗധരിയുടെ മറ്റെല്ലാ ഗാനങ്ങളും അദ്ദേഹം നൽകുന്ന ഈണങ്ങൾക്കനുസരിച്ച് എഴുതപ്പെട്ടവയാണ്.

‘സ്വപ്ന’ത്തിലെ ഏതാണ്ട് എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളാണ്. യേശുദാസ് പാടിയ ‘‘മാനേ മാനേ വിളികേൾക്കൂ വിളികേൾക്കൂ/ മലർവാക പൂത്ത വഴി നീളെ/ മഞ്ഞു കുളിരുപെയ്ത വഴിനീളെ... മാനേ/ തേടിവന്നു ഞാൻ.../ നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും/ കണ്ണുനീരുമായി വിളിപ്പൂ -നിന്നെ വിളിപ്പൂ/ എന്റെ സ്വർണമാനേ വർണമാനേ നീ/ ഓടിവരില്ലേ മാനേ...മാനേ.../ വിളികേൾക്കൂ വിളികേൾക്കൂ...’’ എന്ന ഗാനവും ‘‘നീ വരൂ കാവ്യദേവതേ/ നീലയാമിനീ തീരഭൂമിയിൽ/ നീറുമെൻ ജീവനിൽ കുളിരുമായി നീ/ വരൂ വരൂ വരൂ’’ എന്നു തുടങ്ങുന്ന ഗാനവും വളരെ പ്രസിദ്ധമാണ്.

എസ്. ജാനകി പാടിയ ‘‘കാണാക്കുയിലേ...’’ എന്നു തുടങ്ങുന്ന പാട്ടും ‘‘ശാരികേ... എൻ ശാരികേ...’’ എന്നാരംഭിക്കുന്ന പാട്ടുമാണ് ചിത്രത്തിലെ മറ്റു രണ്ടു ഹിറ്റുകൾ.

‘‘കാണാക്കുയിലേ പാടൂ പാടൂ നീ/ കാവുകൾ പൂത്തു താഴ്വരയാകെ/ താഴമ്പൂ ചൂടി... ആഹാ... ആ...’’ എന്ന വിരുത്തത്തിനുശേഷമാണ് ‘‘മഴവിൽക്കൊടി കാവടി...’’ എന്ന പല്ലവി തുടങ്ങുന്നത്.

‘‘മഴവിൽക്കൊടി കാവടിയഴകു വിടർത്തിയ/ മാനത്തെ പൂങ്കാവിൽ/ തുമ്പിയ്ക്കും അവളുടെ പൊൻമക്കൾക്കും തേനുണ്ടോ.’’ ചരണം ഇങ്ങനെ: ‘‘കദളിപ്പൊൻകുന്നിലെ തേനുണ്ടോ/ കാട്ടുപൂക്കൾ നേദിച്ച തേനുണ്ടോ/ കാവിലമ്മ വളർത്തും കുരുവീ തരുമോ/ നിൻ കുഴൽതാമരപ്പൂന്തേൻ.’’

എസ്. ജാനകി തന്നെ പാടിയ ‘‘ശാരികേ... ശാരികേ...’’ എന്ന ഗാനവും ഹിറ്റാണ്.

‘‘ശാരികേ... എൻ... ശാരികേ/ മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു/ ആരും കാണാതാ പൂ ചൂടി/ ഞാനൊന്നു പാടി... ശാരികേ...എൻ ശാരികേ.../ ഞാനൊരു ഗാനമായി/ വീണ പാടുമീണമായി/ സ്നേഹമാകും പൂവുചൂടി ദേവതയായി/ ശാരികേ... എൻ ശാരികേ...’’ ‘സ്വപ്നം’ നല്ല സിനിമയായിരുന്നു. സലിൽ ചൗധരിയുടെ സംഗീതം തന്നെയായിരുന്നു അതിന്റെ പ്രധാന ആകർഷണം. 1973 ആഗസ്റ്റ് മൂന്നാം തീയതി ‘സ്വപ്നം’ റിലീസ് ചെയ്തു.

‘ചെമ്പരത്തി’, ‘ചായം’ എന്നീ സിനിമകൾക്കുശേഷം എസ്.കെ. നായർ തന്റെ ന്യൂ ഇന്ത്യ ഫിലിംസിന്റെ പേരിൽ നിർമിച്ച മൂന്നാമത്തെ ചിത്രമാണ് ‘മഴക്കാറ്’. ഈ സിനിമയും പി.എൻ. മേനോൻതന്നെയാണ് സംവിധാനംചെയ്തത്. ജി. വിവേകാനന്ദന്റെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ചു. മധു, റോജാരമണി, കനകദുർഗ, കെ.പി.എ.സി ലളിത, എം.ജി. സോമൻ, ശങ്കരാടി, ജനാർദനൻ, മധുബാല, കുതിരവട്ടം പപ്പു എന്നിവരോടൊപ്പം അതിഥിതാരമായി രാഘവനും അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം തന്നെ പാട്ടുകളൊരുക്കി.

യേശുദാസ് പാടിയ ‘‘പ്രളയപയോധിയിൽ/ ഉറങ്ങിയുണർന്നൊരു/ പ്രഭാമയൂഖമേ -കാലമേ/ പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ/ പ്രതിരൂപങ്ങളല്ലേ..?’’ എന്നാരംഭിക്കുന്ന ഗാനംതന്നെയാണ് ഏറെ ശ്രദ്ധേയം.

‘‘മന്വന്തരങ്ങൾ ജനിച്ചുമരിക്കുമീ/ മണ്മതിൽക്കെട്ടിനു മുകളിൽ/ ഋതുക്കൾ നിൻ പ്രിയമാനസപുത്രികൾ/ ഇടംവലം നിൽക്കും തേരിൽ/ സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും/ സൗരഭ്യമെന്തൊരു സൗരഭ്യം/ കാലമേ... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും/ ഈ സൗരഭ്യം എനിക്കു മാത്രം -എനിക്കു മാത്രം.’’ വയലാറിന്റെ ഏറ്റവും മികച്ച രചനകളിലൊന്ന്.

 

സലിൽ ചൗധരി

സലിൽ ചൗധരി

മാധുരി പാടിയ ‘‘അനസൂയേ, പ്രിയംവദേ/ ആരെ തിരയുവതാരെ -നിങ്ങൾ/ ആശ്രമകന്യകമാരേ/ അനസൂയേ പ്രിയംവദേ’’ എന്ന ഗാനം ഇങ്ങനെ തുടരുന്നു:

‘‘ദേവതാരത്തേരിൽ മാലിനീതീരത്ത്/ ദുഷ്യന്തൻ പിന്നെയും വന്നുവോ... നിങ്ങൾ/ പുഷ്പമിറുക്കുമ്പോൾ/ കാലിൽ വല്ലേടത്തും/ ദർഭത്തലപ്പുകൾ കൊണ്ടുവോ... കൊണ്ടുവോ.../ അനസൂയേ പ്രിയംവദേ...’’

പി. ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ ഗാനം പുള്ളുവൻപാട്ടിന്റെ രീതിയിലുള്ളതാണ്.

‘‘മണിനാഗത്തിരുനാഗ യക്ഷിയമ്മേ/ മണ്ണാറശ്ശാലയിലെ യക്ഷിയമ്മേ/ യക്ഷിയമ്മേ വാഴ്‌ക യക്ഷിയമ്മേ/ വാഴ്‌ക വാഴ്‌ക യക്ഷിയമ്മേ/ മഞ്ഞളാടി നീരും പാലുമാടി/ മഞ്ജുപീതാംബരം ഞൊറിഞ്ഞു ചുറ്റി/ എഴുമലർപ്പൊടിക്കളത്തിലിരിക്കാൻ അമ്മ/ എഴുന്നള്ളുന്ന നേരമായി/ മലർതിങ്കൾ പെണ്ണിന് മക്കളില്ലാഞ്ഞിട്ട്/ മാനത്ത് കമഴ്ത്തിയ പൊന്നുരുളി -അമ്മ/ തൃക്കൺപാർത്തനുഗ്രഹിക്കണ നാള്/ ഇന്ന് നക്ഷത്രം ജനിയ്ക്കണ നാള്/ മണിനാഗ തിരുനാഗ യക്ഷിയമ്മേ...’’ എന്നിങ്ങനെ തുടരുന്നു ഈ ഗാനം.

എം.ജി. രാധാകൃഷ്ണനും മാധുരിയും പാടിയ ഒരു ഭക്തിഗാനമാണ് ‘മഴക്കാറ്’ എന്ന സിനിമയിലെ നാലാമത്തെ ഗാനം.

 

വാണി ജയറാം

വാണി ജയറാം

‘‘വൈക്കത്തപ്പനും ശിവരാത്രി/ വടക്കുംനാഥനും ശിവരാത്രി/ ഭഗവാന് തിരുനൊയമ്പു -ഇന്ന്/ ഭഗവതിക്കും തിരുനൊയമ്പ് -ഉണ്ണി/ ഗണപതിക്കും തിരുനൊയമ്പ്...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം... ‘‘സ്വർഗ ഗംഗയിൽ നീരാടി/ സ്വർണക്കൂവളത്തില ചൂടി/ തൃശ്ശിവപേരൂർ മതിലകത്ത് നാഥൻ/ ദർശനം നൽകും ശിവരാത്രി.../ ശംഭോ മഹാദേവ ശംഭോ/ ശംഭോ മഹാദേവ ശംഭോ...’’ എന്നിങ്ങനെ ഗാനം തുടരുന്നു.

‘സ്വപ്നം’ എന്ന ചിത്രം റിലീസായ ദിവസംതന്നെയാണ് ‘മഴക്കാറ്’ എന്ന ചിത്രവും തിയറ്ററുകളിലെത്തിയത്. ‘മഴക്കാറ്’ സാമ്പത്തികവിജയം നേടിയില്ല, ‘മഴക്കാറി’നു ശേഷം എസ്.കെ. നായർ ചലച്ചിത്രനിർമാണം തുടർന്നതുമില്ല.

(തുടരും)

News Summary - weekly sangeetha yathrakal