Begin typing your search above and press return to search.
proflie-avatar
Login

മലയാള ഭാഷതൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു

മലയാള ഭാഷതൻ മാദകഭംഗി   നിൻ മലർമന്ദഹാസമായ് വിരിയുന്നു
cancel

മലയാള സിനിമയുടെ വ്യവസായിക ചരിത്രം പരിശോധിച്ചാൽ ഒരു സത്യം മനസ്സിലാകും. മുട്ടത്തുവർക്കിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ട അനേകം സിനിമകളിൽ രണ്ടേ രണ്ടു സിനിമകൾ മാത്രമേ സാമ്പത്തികമായി പരാജയപ്പെട്ടിട്ടുള്ളൂ. അതിനു കാരണം മിസ്‌കാസ്റ്റിങ് ആയിരുന്നു. ബുദ്ധിജീവികൾ എന്തുതന്നെ പറഞ്ഞാലും മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങളെ സാധാരണക്കാർ ഇഷ്ടപ്പെട്ടിരുന്നു –കവിയും ഗാനരചയിതാവും പാട്ടി​ന്റെ ചരിത്രകാരനുമായ ലേഖകൻ എഴുതുന്നു.മുട്ടത്തു വർക്കിയുടെ ‘പച്ചനോട്ടുകൾ’ എന്ന നോവലിന് അദ്ദേഹംതന്നെ രചിച്ച തിരക്കഥയാണ് ഗണേഷ് പിക്‌ചേഴ്‌സിന്റെ ‘പച്ചനോട്ടുകൾ’ എന്ന ചിത്രത്തിന് ആധാരം....

Your Subscription Supports Independent Journalism

View Plans
മലയാള സിനിമയുടെ വ്യവസായിക ചരിത്രം പരിശോധിച്ചാൽ ഒരു സത്യം മനസ്സിലാകും. മുട്ടത്തുവർക്കിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ട അനേകം സിനിമകളിൽ രണ്ടേ രണ്ടു സിനിമകൾ മാത്രമേ സാമ്പത്തികമായി പരാജയപ്പെട്ടിട്ടുള്ളൂ. അതിനു കാരണം മിസ്‌കാസ്റ്റിങ് ആയിരുന്നു. ബുദ്ധിജീവികൾ എന്തുതന്നെ പറഞ്ഞാലും മുട്ടത്തു വർക്കിയുടെ കഥാപാത്രങ്ങളെ സാധാരണക്കാർ ഇഷ്ടപ്പെട്ടിരുന്നു –കവിയും ഗാനരചയിതാവും പാട്ടി​ന്റെ ചരിത്രകാരനുമായ ലേഖകൻ എഴുതുന്നു.

മുട്ടത്തു വർക്കിയുടെ ‘പച്ചനോട്ടുകൾ’ എന്ന നോവലിന് അദ്ദേഹംതന്നെ രചിച്ച തിരക്കഥയാണ് ഗണേഷ് പിക്‌ചേഴ്‌സിന്റെ ‘പച്ചനോട്ടുകൾ’ എന്ന ചിത്രത്തിന് ആധാരം. എഴുത്തുകാരൻകൂടിയായ നിർമാതാവ് കെ.പി. കൊട്ടാരക്കരയാണ് സംഭാഷണം എഴുതിയത്. നോവലിലെ ചില പ്രധാന സംഭാഷണശകലങ്ങൾ അദ്ദേഹം ചിത്രത്തിൽ നിലനിർത്തുകയുംചെയ്തു. പ്രേംനസീർ, വിജയശ്രീ, കൊട്ടാരക്കര ശ്രീധരൻ നായർ, റാണിചന്ദ്ര, അടൂർ ഭാസി, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, പ്രേമ, ശങ്കരാടി, ടി.പി. രാധാമണി, ഖദീജ, കടുവാക്കുളം ആന്റണി തുടങ്ങിയവർ അഭിനയിച്ചു, ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ ഈണം നൽകിയ ആറു പാട്ടുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. ‘‘പച്ചനോട്ടുകൾ തിളങ്ങുന്നു’’ എന്നു തുടങ്ങുന്ന പ്രമേയഗാനം കെ.പി. ബ്രഹ്മാനന്ദനാണ് പാടിയത്.

‘‘പച്ചനോട്ടുകൾ പച്ചനോട്ടുകൾ/ പച്ചനോട്ടുകൾ തിളങ്ങുന്നു/ പാപവും പുണ്യവും ആ വർണജാലത്തിൽ ഒളിക്കുന്നു./ വെള്ളിനാണയ ധവളിമയിൽ/ ബന്ധങ്ങളെത്രയോ തകരുന്നു’’ എന്നു തുടങ്ങുന്ന ഗാനം. തുടർന്നുള്ള വരികൾ ഇപ്രകാരം: ‘‘തമ്മിലിണങ്ങിക്കഴിയാൻ മാത്രം/ നമ്മൾ നാണയമുണ്ടാക്കി/ മണ്ണും സ്വർണവും പങ്കുവെച്ചു/ വർണക്കടലാസാൽ മുഖം മറച്ചു -പിന്നെ/ കണ്ണീർക്കടലിൽ നാം പതിച്ചു.’’

യേശുദാസ് പാടിയ ‘‘ദേവാ ദിവ്യദർശനം നൽകൂ’’ എന്നു തുടങ്ങുന്ന ഗാനം പ്രത്യേകതയുള്ളതാണ്. ഒരു ജോലി തേടി വരുന്ന നായകൻ (പ്രേംനസീർ) നാട്ടിലെ ഏറ്റവും വലിയ ധനവാന്റെ വീട്ടുമുറ്റത്തു വന്നുനിന്നു പാടുന്നതാണ്. പക്ഷേ, വീട്ടിനകത്തുനിന്നും ഇറങ്ങിവരുന്നത് ജന്മിയുടെ മകളാണ്. ആ യുവതിയെ വീട്ടിലെ ജോലിക്കാരിയായി നായകൻ തെറ്റിദ്ധരിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളുമാണ് ഈ പാട്ടിനെ തുടർന്നുണ്ടാകുന്നത്.

‘‘ദേവാ, ദിവ്യദർശനം നൽകൂ -ദേവാ/ ദേവാ ദേവാ ദിവ്യദർശനം നൽകൂ./ മറഞ്ഞിരിക്കും മണിദീപമേ/ മായാശ്രീകോവിൽ തുറക്കൂ.../ ദേവാ...ദേവാ.../ ദൈവത്തെ കാണാൻ കാത്തുകാത്തിരുന്നു/ ദൈവം മറഞ്ഞു നിന്നു/ ആ സ്വർണഗോപുര നട കാണാതെ/ അഭയാർഥി ഞാൻ വലഞ്ഞു/ തുറക്കുകില്ലേ ഇനിയുമാ വാതിൽ/ തുറക്കുകില്ലേ/ ദേവാ...ദേവാ...’’

അൽപം ഗൗരവമുള്ള നർമം ഈ രചനയിലുണ്ടെന്നു ഗാനരംഗം കാണുമ്പോൾ മനസ്സിലാകും. സംഗീതസംവിധായകൻ എം.കെ. അർജുനൻ സെമി ക്ലാസിക്കൽ ശൈലിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ ചരണത്തിന്റെ അന്ത്യത്തിൽ സ്വരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യേശുദാസ് ബി. വസന്തയോടൊപ്പം പാടിയ പ്രേമഗാനം ‘‘താമരമൊട്ടേ...’’ എന്നാരംഭിക്കുന്നു.

‘‘താമരമൊട്ടേ, ചെന്താമരമൊട്ടേ/ താളം തുള്ളുമീ കുളിർമഴയിൽ/ തളിർപൊട്ടി വിടരുമീ തെളിമഴയിൽ/ താലോലമാട്ടുന്നതാര് -നിന്നെ/ താലോലമാട്ടുന്നതാര്.’’

പുരുഷശബ്ദം ഇങ്ങനെ വന്നുകഴിഞ്ഞാൽ സ്ത്രീശബ്ദത്തിൽ വരികൾ തുടങ്ങുന്നു: ‘‘കാറ്റിന്റെ കൈകളാണോ -ഒരു/ കള്ളന്റെ കൈകളാണോ/ താലോലമാട്ടുന്നതാര് –എന്നെ/ താലോലമാട്ടുന്നതാര്...’’ തുടർന്നും പ്രണയനിർഭരമായ വരികളുണ്ട്.

‘‘കുളിരോടു കുളിരണിഞ്ഞു നെഞ്ചിൽ/ മലരോടു മലർവിരിഞ്ഞു/ പുതുമണ്ണിൻ മണമൂറും പൂമഴയിൽ/ പുൽകിയുണർത്തുന്നതാര് –നിന്നെ/ പുൽകിയുണർത്തുന്നതാര്?’’ എന്ന നായകന്റെ ചോദ്യത്തിന് നായികയുടെ മറുപടി.

‘‘പൊന്നലച്ചാർത്തുകളോ –ഒരു/ ചുണ്ടിന്റെ കുസൃതികളോ.../ താലോലമാട്ടുന്നതാര് –എന്നെ/ താലോലമാട്ടുന്നതാര്..?’’

ഈ ഗാനം ഹിറ്റ് ചാർട്ടിൽപെട്ടു. യേശുദാസ് തന്നെ പാടിയ ‘‘പരിഭവിച്ചോടുന്ന പവിഴക്കൊടീ...’’ എന്ന ഗാനവും ശ്രോതാക്കൾക്ക് ഇഷ്ടമായി.

‘‘പരിഭവിച്ചോടുന്ന പവിഴക്കൊടീ –നിന്റെ/ പരിഭവവും നല്ല കവിത/ അഭിലാഷമാണതിൻ ആകാരം/ അനുരാഗമാണതിൻ അലങ്കാരം ഗാനം.’’ ഇങ്ങനെ തുടരുന്നു:

‘‘നിൻ മന്ദഹാസത്തിൻ പട്ടുതൂവാലകൾ/ എൻ ഹൃദയത്തിനു പൊന്നാടകൾ/ നിൻകിളിക്കൊഞ്ചൽ പൂന്തേൻ മൊഴികൾ/ എൻ നിമിഷത്തിൻ ചിറകടികൾ...’’ ‘പച്ചനോട്ടുകളി’ൽ ഒരു ഹിറ്റ് ഗാനം എസ്. ജാനകിയും പാടിയിട്ടുണ്ട്.

‘‘കരകവിയും കിങ്ങിണിയാറിൻ തീരത്ത്/ കർക്കിടക കാറ്റലയും നേരത്ത്/ കടത്തു തോണിയിൽ നീ വരുന്നതും നോക്കിയിരുന്നു/ കൈ പിടിച്ചു കൂടെവരാൻ കാത്തിരുന്നു.’’ എന്ന പല്ലവിയെ തുടർന്നുവരുന്ന ആദ്യചരണം ഇങ്ങനെ:

മുട്ടത്തു വർക്കി

മുട്ടത്തു വർക്കി

‘‘കാലവർഷ ദേവതകൾ തിരിച്ചുപോയി/ കടമ്പുമരപ്പൂങ്കുലകൾ കൊഴിഞ്ഞുപോയി/ ഇല്ലിമുളങ്കാട്ടിലെ വർണമലർക്കൂട്ടിലെ/ ചെല്ലക്കിളി ഇണക്കിളിയെ പിരിഞ്ഞുപോയി/ കറുത്തവാവിനും വെളുത്തവാവിനും കാത്തിരുന്നു./ നോമ്പുനോറ്റു നേർച്ച നേർന്നു നോക്കിയിരുന്നു...’’

പി. ലീലയും സംഘവും പാടിയ ‘‘പണ്ടു പണ്ടൊരു സന്യാസി...’’ എന്ന പാട്ടാണ് അടുത്തത്.

‘‘പണ്ടു പണ്ടൊരു സന്ന്യാസി/ കടത്തുതോണിയിലേറി/ പാതിവഴിയിൽ മഹർഷിവര്യന്/ കണക്കു തെറ്റിപ്പോയി/ അയ്യയ്യോ... അയ്യയ്യോ... കണക്കു തെറ്റിപ്പോയി.’’

ഇതൊരു കളിയാക്കൽ പാട്ടാണ്. സത്യവതിയെ കണ്ടപ്പോൾ പരാശര മഹർഷിക്ക് കണക്കുതെറ്റിയ കഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

‘‘താലി കണ്ടാൽ നെറ്റിചുളിക്കും ബ്രഹ്മചാരീ/ നേരു ചൊല്ലൂ കാമുകനോ കള്ളത്താപസനോ.../ അയ്യയ്യോ... കഷ്ടം കഷ്ടം./ അകന്നുനിന്നാൽ സന്ന്യാസം/ അടുത്തുവന്നാൽ ആവേശം/ ആരുമാരും കാണാത്തപ്പോൾ/ കള്ളത്തിരനോട്ടം... കള്ളത്തിരനോട്ടം...’’

‘പച്ചനോട്ടുകൾ’ 1973 സെപ്റ്റംബർ ഒമ്പതിന്​ തിയറ്ററുകളിലെത്തി. കുടുംബബന്ധങ്ങൾക്കും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നൽകി തയാറാക്കിയ ‘പച്ചനോട്ടുകൾ’ നല്ല സാമ്പത്തിക വിജയം നേടി. മലയാള സിനിമയുടെ വ്യവസായിക ചരിത്രം പരിശോധിച്ചാൽ ഒരു സത്യം മനസ്സിലാകും. മുട്ടത്തു വർക്കിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിർമിക്കപ്പെട്ട അനേകം സിനിമകളിൽ രണ്ടേരണ്ടു സിനിമകൾ മാത്രമേ സാമ്പത്തികമായി പരാജയപ്പെട്ടിട്ടുള്ളൂ. അതിനു കാരണം മിസ്‌കാസ്റ്റിങ് ആയിരുന്നു. ബുദ്ധിജീവികൾ എന്തുതന്നെ പറഞ്ഞാലും മുട്ടത്തുവർക്കിയുടെ കഥാപാത്രങ്ങളെ സാധാരണക്കാർ ഇഷ്ടപ്പെട്ടിരുന്നു.

കാർത്തികാ ഫിലിംസ്‌ നിർമിച്ച് എ. വിൻസെന്റ് സംവിധാനംചെയ്ത സിനിമയാണ് ‘ധർമയുദ്ധം’. കഥയും തിരക്കഥയും സംഭാഷണവും വി.ടി. നന്ദകുമാർ എഴുതി. പ്രേംനസീർ, ശ്രീവിദ്യ, പി.ജെ. ആന്റണി, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, നന്ദിത ബോസ്, റോണി വിൻസെന്റ് തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ പി. ഭാസ്കരൻ എഴുതിയ ആറു പാട്ടുകളും പ്രശസ്ത കവി ജി. കുമാരപിള്ള എഴുതിയ ഒരു കവിതയും ഉണ്ടായിരുന്നു. ജി. ദേവരാജനായിരുന്നു സംഗീതസംവിധായകൻ.

 

പി. ബ്രഹ്മാനന്ദൻ,എം.കെ. അർജുനൻ മാസ്റ്റർ

പി. ബ്രഹ്മാനന്ദൻ,എം.കെ. അർജുനൻ മാസ്റ്റർ

ജി. കുമാരപിള്ളയുടെ കവിത മാധുരിയാണ് പാടിയത്. ‘‘കാമുകഹൃത്തിൽ കവിത പുരട്ടും/ കാനനമുല്ലകൾ പൂത്തല്ലോ/ മാദക സൗരഭസാന്ദ്രസമീരണൻ/ ആടിയുലാവിയണഞ്ഞല്ലോ.../ പ്രേമദലോലവികാരവികസ്വര/ കാമദസുസ്മിതരുചിവികരേ/ ചേലിലൊരപ്സര കന്യകയെപ്പോൽ/ ശാരദരാവുമണഞ്ഞല്ലോ.../അണഞ്ഞല്ലോ...’’

മഹാകവി ചങ്ങമ്പുഴയെപ്പോലെ സരള കോമള ലളിത പദാവലികൾ ഉപയോഗിച്ച് സംഗീതാത്മകമായ ശൈലിയിൽ കവിതയെഴുതിയ കവിയാണ് പ്രഫ. ജി. കുമാരപിള്ള.

പി. ഭാസ്കരൻ എഴുതി ദേവരാജ സംഗീതത്തിൽ പി. സുശീല പാടിയ ‘‘സ്മരിക്കാൻ പഠിപ്പിച്ച മനസ്സേ...’’ എന്ന് തുടങ്ങുന്ന ഗാനമാണ് ‘ധർമയുദ്ധ’ത്തിലെ ഏറ്റവും മികച്ച ഗാനം. ‘‘സ്‌മരിക്കാൻ പഠിപ്പിച്ച മനസ്സേ നീയെന്നെ/ മറക്കാൻ പഠിപ്പിക്കുമോ -സർവവും/ മറക്കാൻ പഠിപ്പിക്കുമോ?’’

എത്ര മനോഹരമായ ഗാനം! (‘മുറപ്പെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹം തന്നെയെഴുതിയ വരികൾ ഓർമിക്കുക.

‘‘മറക്കാൻ പറയാൻ എന്തെളുപ്പം –മണ്ണിൽ/ പിറക്കാതിരിക്കലാണതിലെളുപ്പം.’’ ഇതുപോലുള്ള വരികൾ എഴുതുമ്പോൾ പി. ഭാസ്കരൻ എന്ന കവി തികച്ചും വ്യത്യസ്തനായി മാറുന്നു.)

‘‘സ്‌മരിക്കാൻ പഠിപ്പിച്ച മനസ്സേ...’’ എന്ന ഗാനം ഇങ്ങനെ തുടരുന്നു.

‘‘ഓർമതൻ ചിറകുകൾ ഒതുക്കിയെൻ രാക്കിളി/ ഒടുങ്ങാത്ത നിദ്രയിൽ ലയിക്കട്ടെ/ നീലമനോഹരമാം സ്വപ്ന നഭസ്സിൽ/ ലീലാലാലസനായ് ചരിക്കട്ടെ...’’

പി. സുശീല ഈ ചിത്രത്തിനുവേണ്ടി ആലപിച്ച മറ്റൊരു ഗാനമിതാണ്:

‘‘തൃച്ചേവടികളിൽ അർച്ചനയ്ക്കായ് വന്ന/ പിച്ചകപ്പൂവാണു ഞാൻ... –വെറുമൊരു/ പിച്ചകപ്പൂവാണു ഞാൻ/ ആരാധനാവിധിയറിയാതെ ദൂരത്തെ/ ആരാമലതയിൽ ഞാൻ വിരിഞ്ഞു/ ശ്രീകോവിലറിയാതെ ദേവനെ കാണാതെ/ ജീവിതമിത്രനാൾ കഴിഞ്ഞു.’’

ഈ സിനിമയിലെ പുരുഷശബ്ദത്തിലുള്ള പ്രധാന പാട്ടുകൾ പാടിയത് പി. ജയചന്ദ്രനാണ്. ഒരു ഹാസ്യഗാനം (പാരഡി) അയിരൂർ സദാശിവനും പാടി.


 


ശ്രീകുമാരൻതമ്പി,പി. ലീല,എസ്. ജാനകി

ശ്രീകുമാരൻതമ്പി,പി. ലീല,എസ്. ജാനകി

ജയചന്ദ്രൻ പാടിയ ‘‘സങ്കൽപമണ്ഡപത്തിൽ...’’ എന്നാരംഭിക്കുന്ന പാട്ട് ശ്രവണസുഖം നൽകുന്നതാണ്. ‘‘സങ്കൽപ മണ്ഡപത്തിൽ രംഗപൂജാ നൃത്തമാടാൻ/ എൻ കിനാക്കൾ എന്നുമെന്നും ഒരുങ്ങിയെത്തുന്നു/ ഒരുങ്ങിയെത്തുന്നു’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ:

‘‘മഞ്ജുളമാം ഗാനത്തോടെ മഞ്ജീരനാദത്തോടെ/ കന്യകമാർ താലവുമായ് ഒരുങ്ങിയെത്തുന്നു/ യവനിക ഉയരാതെ, കരഘോഷം കേൾക്കാതെ/ കവിളത്തു കണ്ണീരുമായ് തിരിച്ചുപോകുന്നു.’’

പി. ജയചന്ദ്രൻ പാടിയ അടുത്ത ഗാനം ‘‘മംഗലാംകാവിലെ...’’ എന്ന് തുടങ്ങുന്നു: ‘‘മംഗലാംകാവിലെ മായാഗൗരിക്ക്/ തിങ്കളാഴ്ച തിരുനൊയമ്പ്/ തിങ്കളാഴ്ച തിരുനൊയമ്പ്/ പുലരാനേഴര രാവുള്ളപ്പോൾ/ മലയാളമങ്കയെപ്പോൽ നീരാടി/ കൃഷ്ണക്രാന്തിപ്പൂവുകൾ ചൂടി/ കൃഷ്ണതുളസിക്ക് വിളക്കുവെച്ചു...’’

‘ധർമയുദ്ധം’ എന്ന സിനിമക്കുവേണ്ടി പി. ജയചന്ദ്രൻ പാടിയ മൂന്നാമത്തെ ഗാനമിതാണ്:

‘‘ദുഃഖത്തിൻ കയ്പുനീർ മോന്തുവാൻ/ സുഖത്തിന്റെ കൽക്കണ്ടം നീട്ടുന്നു നിയതി.../ ഒരു തുണ്ടം കൽക്കണ്ടം നീട്ടുന്നു നിയതി.../ പാട്ടിന്റെ പാരമ്യത്തിൽ താളം തെറ്റുന്നു/ കൂട്ടലും കിഴിക്കലും പിഴക്കുന്നു/ നാട്യത്തിൻ മൂർച്ചയിൽ മുഖപടം വീഴുന്നു/ നടന്മാരും നടികളും കുഴയുന്നു.’’

അയിരൂർ സദാശിവൻ പാടിയത് ഒരു ഹാസ്യഗാനമാണ്:

‘‘പ്രാണനാഥയെനിക്കു നൽകിയ/ പരിതാപകരം ദണ്ഡം/ പറയുക മമ നാവേ –നാവേ/ നാക്കിനെ അവളൊരു തോക്കു പോലാക്കിയെന്റെ/ നേർക്കു തീയുണ്ടകളാം/ വാക്കുകളൊഴിച്ചു.../ അംഗനാമണിമൗലി കൊങ്ങയ്ക്കു പിടിച്ചെന്റെ/ ചങ്കു തകരുമാറു തല്ലി... അട്ടഹസിച്ചു ചട്ടമ്പി റാസ്‌കലെന്നു ചൊല്ലി/ പുറത്തുതള്ളി നെഞ്ചിടിച്ചിടുമെന്നെയടിമുടി/ ഇഞ്ചിപോലെ ചതച്ചു സുന്ദരി...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം ഇരയിമ്മൻ തമ്പി രചിച്ച ‘‘പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദരസത്തെ...’’ എന്ന പ്രശസ്ത ഗാനത്തിനു പി. ഭാസ്കരൻ എഴുതിയ പാരഡിയാണ്. ‘ഏണിപ്പടികൾ’ എന്ന സിനിമക്കുവേണ്ടി ഇരയിമ്മൻ തമ്പിയുടെ ഈ ഗാനം ചിട്ടപ്പെടുത്തിയതും ദേവരാജൻ മാസ്റ്റർതന്നെയാണ്. അതേ ഈണംതന്നെയാണ് ഹാസ്യം കലർത്തി അദ്ദേഹം ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

1973 സെപ്റ്റംബർ 21ന് തിയറ്ററുകളിലെത്തിയ ‘ധർമയുദ്ധം’ ഭേദപ്പെട്ട സിനിമയെന്ന അഭിപ്രായം നേടിയെടുത്തെങ്കിലും സാമ്പത്തിക ലാഭമുണ്ടാക്കിയില്ല.

അനുപമയുടെ ബാനറിൽ സംവിധായകനും നിർമാതാവുമായ പി. വേണു നിർമിച്ച ‘പ്രേതങ്ങളുടെ താഴ്വര’ എന്ന സി.ഐ.ഡി ചിത്രം അതിലെ ഹിറ്റ് ഗാനങ്ങൾകൊണ്ടാണ് ശ്രദ്ധേയമായത്. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റുകളായി മാറുക എന്നത് ഒരു അപൂർവ സംഭവമാണല്ലോ. കഥക്ക് വലിയ പ്രാധാന്യമൊന്നുമില്ലാത്ത ചിത്രത്തിൽപോലും സന്ദർഭത്തിന്റെ പ്രാധാന്യമൊന്നും നോക്കാതെ നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുക എന്നതായിരുന്നു സംവിധായകനായ വേണുവിന്റെ രീതി. ആ രീതി ശരിയാകാം, തെറ്റാകാം. പക്ഷേ, ഹിറ്റ് ഗാനങ്ങൾ അടങ്ങുന്ന വേണുവിന്റെ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന് സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്തു എന്നത് സത്യമാണ്. (‘സി.ഐ.ഡി നസീർ’ എന്ന ചിത്രത്തിലെ ‘‘നീലനിശീഥിനി നിൻ മണിമേടയിൽ, നിന്മണിയറയിലെ നിർമലശയ്യയിലെ’’, ‘ടാക്സികാർ’ എന്ന ചിത്രത്തിലെ ‘‘താമരപ്പൂ നാണിച്ചു’’ തുടങ്ങിയ പാട്ടുകൾ ഓർക്കുക.)

‘പ്രേതങ്ങളുടെ താഴ്വര’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് വേണു തന്നെയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, മാധുരി, പി.ബി. ശ്രീനിവാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പി. ജയചന്ദ്രൻ പാടിയ ‘‘മലയാളഭാഷ തൻ മാദകഭംഗി...’’ എന്നു തുടങ്ങുന്ന ഗാനം മാത്രമല്ല മാധുരി പാടിയ ‘‘ആതിരേ... തിരുവാതിരേ...’’, ‘‘സുപ്രഭാതമായി സുമകന്യകേ...’’, യേശുദാസ് പാടിയ ‘‘കല്ലോലിനിയുടെ കരയിൽ...’’, ‘‘രാഗതരംഗിണീ നീയണയുമ്പോൾ’’ തുടങ്ങിയ എല്ലാ പാട്ടുകളും ഹിറ്റുകളായി.

‘‘മലയാളഭാഷ തൻ മാദകഭംഗി നിൻ/ മലർമന്ദഹാസമായ് വിരിയുന്നു/ കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിൻ/ പുളിയിലക്കരമുണ്ടിൽ തെളിയുന്നു’’ എന്ന പല്ലവി ഒരിക്കലെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാകാനിടയില്ല.

‘‘കളമൊഴി നീ പൊട്ടിച്ചിരിക്കുന്ന നേരത്ത്/ കൈകൊട്ടിക്കളിതാളം മുഴങ്ങുന്നു/ പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവി തൻ/ പളുങ്കണിയൊച്ച ഞാൻ കേൾക്കുന്നു... കേൾക്കുന്നൂ...’’

മാധുരി പാടിയ പ്രേതഗാനം പ്രസിദ്ധമാണ്. ഗാനമേളകളിൽ സ്ഥിരമായി കേൾക്കുന്ന പാട്ട്.

‘‘ആതിരേ തിരുവാതിരേ/ ആകാശദുർഗങ്ങൾക്കരികെ/ ആവർണതീരങ്ങൾക്കരികെ/ ആർക്കുവേണ്ടി വിടർന്നു നീ... വിടർന്നു നീ../ ആതിരേ തിരുവാതിരേ...’’

ഗാനത്തിന്റെ ആദ്യചരണം കൂടി:

‘‘നിറഞ്ഞ പൗർണമി പുണർന്ന ലജ്ജയിൽ/ മയങ്ങിവീഴും നിഴലിൽ/ ഇലഞ്ഞിപ്പൂമണം നുകർന്ന ലഹരിയിൽ/ തളർന്നുവീഴും കാറ്റിൽ/ ആർക്കുവേണ്ടി ഒരുങ്ങിനിന്നു -ഞാൻ/ ആർക്കുവേണ്ടി ഉണർന്നിരുന്നു.’’

മാധുരി പാടിയ ‘‘സുപ്രഭാതമായി’’ എന്നു തുടങ്ങുന്ന ഗാനം...

‘‘സുപ്രഭാതമായി സുമകന്യകേ/ സുഷുപ്തിയിൽനിന്നുണരൂ/ സ്വർണരംഗമണിദീപമുയർന്നു/ സുധാമയി നീയുണരൂ...’’ എന്നു പല്ലവി. ആദ്യചരണം ‘‘പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും’’ എന്നു തുടങ്ങുന്നു.

‘‘പുൽക്കൊടിത്തുമ്പിൽ പൂവിട്ടു നിൽക്കും/ പുലരിച്ചെപ്പിലെ മണിരത്നമേ/ പുണരും കതിരിനു പുളകം പകരും/ പുണ്യതുഷാരമേ മിന്നിനിൽക്കൂ.../ സുപ്രഭാതമായി സുമകന്യകേ...’’

യേശുദാസ് പാടിയ ‘‘രാഗതരംഗിണീ...’’ എന്നു തുടങ്ങുന്ന പാട്ട് ഇങ്ങനെ തുടങ്ങുന്നു:

‘‘രാഗതരംഗിണീ...ഓ...ഓ.../ രാഗതരംഗിണീ നീയണയുമ്പോൾ/ രാധാമാധവസ്മൃതിയുണരും/ ഞാനറിയാതെൻ പ്രാണനാളികയൊരു/ വേണുവായ് മാറും... –കനക/ വേണുവായ് മാറും.’’

ആദ്യചരണം ഇങ്ങനെ:

‘‘ഹൃദയമുരളിയിൽ രാധിക നീയൊരു/ മദനമനോഹരരാഗമായി/ ഓരോ ചുംബനവർണങ്ങളിലും/ ലയവൃന്ദാവന മലരൊളിയായ്/ മലരൊളിയായ്...ഒളിയായ്...’’

പി.ബി. ശ്രീനിവാസും സതിയും ചേർന്നു പാടിയ ‘‘മുത്തുമെഹ്ബൂബേ...’’ എന്നു തുടങ്ങുന്ന ഖവാലി മാതൃകയിലുള്ള ഗാനംപോലും ജനപ്രീതി നേടി.

‘‘മുത്തുമെഹ്ബൂബേ മുത്തുമെഹ്ബൂബേ/ കാത്തു കാത്തു തളർന്നു ഞാൻ/ മുത്തു മെഹ്ബൂബേ.’’ വിരുത്തം:

‘‘ഖൽബിന്റെ ഖൽബില് കാന്താരിമുളക്ക/ണ്ടപ്പോൾ ഉടലാകെ കോരിത്തരിപ്പ്.’’

പാട്ട്:

‘‘ഖവാലി പാടുമ്പോൾ കളിയാട്ടം തുള്ളുന്ന/ കസ്തൂരിമണമുള്ള പെണ്ണേ/ ചെപ്പുകിലുക്കീട്ട് ശിങ്കാരം കാട്ടീട്ട് കു/പ്പീലെറക്കി നീ പെണ്ണേ –ഞമ്മളെ/ കുപ്പീലെറക്കി നീ പെണ്ണേ.’’

‘പ്രേതങ്ങളുടെ താഴ്വര’ എന്ന ചിത്രം ബോക്സോഫിസിൽ വിജയം നേടി. സസ്പെൻസിനേക്കാൾ ജനം ഇഷ്ടപ്പെട്ടത് അതിലെ സംഗീതമാണ്. ഈ സിനിമ ഇന്ന് പലരും ഓർക്കുന്നില്ല. എന്നാൽ, അതിലെ പാട്ടുകൾ ഓർമിക്കുന്നു.

(തുടരും)

News Summary - weekly sangeetha yathrakal