മാകന്ദമഞ്ജരിയോ? അങ്ങനെയൊരു വൃത്തമുണ്ടോ..?
മാകന്ദമഞ്ജരി? അങ്ങനെയൊരു വൃത്തമുണ്ടോ? അധ്യാപകർ ചോദിച്ചു, മഞ്ജരി എന്ന വൃത്തമല്ലേയുള്ളൂ എന്ന്. മലയാളം വിദ്യാർഥികൾ ഇപ്പോൾ വൃത്തവും അലങ്കാരവും പഠിക്കുന്നില്ല. ഇന്നത്തെ മലയാള കവിതയിൽനിന്ന് വൃത്തം മിക്കവാറും അകന്നുകഴിഞ്ഞു. എന്നാൽ, സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ വൃത്തവും അലങ്കാരവും നന്നായി പഠിച്ചവരാണ് ഈ ലേഖകന്റെ തലമുറയിലുള്ളവർ -സംഗീതയാത്ര തുടരുന്നു.തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത കൃതിയായ ‘ചുക്ക്’ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ എം.ഒ. ജോസഫ് (മഞ്ഞിലാസ്) ചലച്ചിത്രമാക്കിയത് 1973ൽ ആണ്. നായികക്ക് പ്രാധാന്യമുള്ള ഈ കഥയിൽ ഷീലയാണ് നായിക. തകഴിയുടെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. വയലാർ-ദേവരാജൻ...
Your Subscription Supports Independent Journalism
View Plansമാകന്ദമഞ്ജരി? അങ്ങനെയൊരു വൃത്തമുണ്ടോ? അധ്യാപകർ ചോദിച്ചു, മഞ്ജരി എന്ന വൃത്തമല്ലേയുള്ളൂ എന്ന്. മലയാളം വിദ്യാർഥികൾ ഇപ്പോൾ വൃത്തവും അലങ്കാരവും പഠിക്കുന്നില്ല. ഇന്നത്തെ മലയാള കവിതയിൽനിന്ന് വൃത്തം മിക്കവാറും അകന്നുകഴിഞ്ഞു. എന്നാൽ, സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ വൃത്തവും അലങ്കാരവും നന്നായി പഠിച്ചവരാണ് ഈ ലേഖകന്റെ തലമുറയിലുള്ളവർ -സംഗീതയാത്ര തുടരുന്നു.
തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്ത കൃതിയായ ‘ചുക്ക്’ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ എം.ഒ. ജോസഫ് (മഞ്ഞിലാസ്) ചലച്ചിത്രമാക്കിയത് 1973ൽ ആണ്. നായികക്ക് പ്രാധാന്യമുള്ള ഈ കഥയിൽ ഷീലയാണ് നായിക. തകഴിയുടെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, പി. ലീല, മാധുരി എന്നിവർ പിന്നണിയിൽ പാടി. ഷീലയെ കൂടാതെ മധു, സുജാത, എം.ജി. സോമൻ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ജനാർദനൻ, മാസ്റ്റർ രഘു, റീന, പറവൂർ ഭരതൻ, മുതുകുളം രാഘവൻ പിള്ള, കുട്ട്യേടത്തി വിലാസിനി, വഞ്ചിയൂർ രാധ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ടായിരുന്നു.
യേശുദാസ് പാടിയ ‘‘വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ...’’ എന്ന ഹിറ്റ് ഗാനം ഈ ചിത്രത്തിലുള്ളതാണ്. ജയചന്ദ്രൻ പാടിയ ‘‘ ഇഷ്ടപ്രാണേശ്വരീ’’, പി. സുശീല പാടിയ ‘‘കാദംബരീപുഷ്പസദസ്സിൽ’’ എന്നിവയാണ് ‘ചുക്കി’ലെ മറ്റു രണ്ടു ജനപ്രിയ ഗാനങ്ങൾ.
യേശുദാസ് ആലപിച്ച ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘വെൺചന്ദ്രലേഖയൊരപ്സരസ്ത്രീ/ വിപ്രലംഭശൃംഗാര നൃത്തമാടാൻ വരും/ അപ്സരസ്ത്രീ...’’
ഗാനം ഇങ്ങനെ തുടരുന്നു:
‘‘കാറ്റത്തു കസവുത്തരീയമുലഞ്ഞും/ കളിയരഞ്ഞാണമഴിഞ്ഞും/ കയ്യിലെ സോമരസക്കുമ്പിൾ തുളുമ്പിയും/ അവൾ വരുമ്പോൾ/ ഞാനും എൻ സ്വയംവരദേവതയും/ ആ നൃത്തമനുകരിക്കും –മോഹങ്ങൾ/ ആശ്ലേഷമധുരങ്ങളാക്കും...’’
മനോഹരമായ ഒരു ചരണംകൂടി ഈ ഗാനത്തിലുണ്ട്.
ജയചന്ദ്രൻ പാടിയ ‘‘ഇഷ്ടപ്രാണേശ്വരീ’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘ഇഷ്ടപ്രാണേശ്വരീ -നിന്റെ/ ഏദൻ തോട്ടം എനിക്കുവേണ്ടി/ ഏഴാംസ്വർഗം എനിക്കുവേണ്ടി.../ ഇഷ്ടപ്രാണേശ്വരീ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘കുന്തിരിക്കം പുകയുന്ന/ കുന്നിൻ ചെരുവിലെ/ കുയിൽക്കിളി ഇണക്കുയിൽക്കിളീ/ നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ/ നിയന്ത്രിക്കാനാവാത്ത പ്രണയദാഹം/ ഒരിക്കലും നിയന്ത്രിക്കാനാവാത്ത പ്രണയദാഹം/ എന്നോടു പറയൂ നീ/ എന്തെങ്കിലും ഒന്നു സമ്മതിക്കൂ...’’
പി. സുശീല പാടിയ ‘‘കാദംബരി പുഷ്പവനത്തിൽ...’’ എന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘കാദംബരീ പുഷ്പസദസ്സിൽ/ കൗമാരം കൊരുത്തതാണീ മാല്യം/ കാമമാം കുരങ്ങിൻമാറിൽ വീണഴിഞ്ഞ/ നിർമാല്യം -ഞാൻ നിർമാല്യം.’’ ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘എന്തിനിതു തെരുവിൽനിന്നെടുത്തു -എന്നെ/ എന്തിനു നിൻ ചിറകുകൾ പൊതിഞ്ഞു/ സ്വർഗസോപാനത്തിൽനിന്നു നീയെന്തിനീ/ മഗ്നലനയിൽ വന്നു -എന്റെയീ/ മഗ്നലനയിൽ വന്നു.../ മൂടുക മൂടുക രോമഹർഷങ്ങളാൽ/ മൂടുകീ കൈനഖവടുക്കൾ...’’
ജയചന്ദ്രനും സുശീലയും ചേർന്നു പാടിയ പ്രാർഥനാ ഗാനമാണ് മറ്റൊന്ന്: ‘‘യരുശലേമിലെ സ്വർഗദൂതാ/ യേശുനാഥാ/എന്നുവരും വീണ്ടും എന്നുവരും/ എന്റെയീ മെഴുകുവിളക്കിന് മുന്നിൽ/ എന്നുവരും -ദൈവപുത്രാ...’’
പി. ലീല പാടിയ ‘‘സംക്രമ വിഷുപ്പക്ഷീ/ സംവത്സരപ്പക്ഷീ/ പൊന്മണിചുണ്ടിനാൽ/ കാലത്തിൻ ചുമരിലെ/ പുഷ്പ പഞ്ചാംഗങ്ങൾ മാറ്റി -നീയെത്ര/ പുഷ്പ പഞ്ചാംഗങ്ങൾ മാറ്റി’’ എന്ന ഗാനവും മാധുരി പാടിയ ‘‘വെള്ളിക്കുരിശു വലംകയ്യിലുയർത്തും/ വെള്ളിയാഴ്ച രാത്രി/ ദുഃഖ വെള്ളിയാഴ്ച രാത്രീ -നിന്റെ/ കന്യാമഠത്തിൽ മുട്ടുകുത്തുന്നൊരു/ കണ്ണുനീർത്തിരി ഞാൻ’’ എന്ന ഗാനവുമാണ് ‘ചുക്ക്’ എന്ന സിനിമയിൽ അവശേഷിക്കുന്ന രണ്ടു പാട്ടുകൾ. മൊത്തത്തിൽ വയലാർ-ദേവരാജൻ ടീമിന്റെ മികച്ച ഗാനങ്ങൾ എന്നുതന്നെ പറയാം.
1973 സെപ്റ്റംബർ 28നാണ് മഞ്ഞിലാസിന്റെ ‘ചുക്ക്’ എന്ന ചിത്രം റിലീസ് ചെയ്തത്. ഇതേ ദിവസംതന്നെയാണ് ‘പ്രേതങ്ങളുടെ താഴ്വര’യും പുറത്തുവന്നത്. കലാമൂല്യമുള്ള സിനിമ ‘ചുക്ക്’ തന്നെ. പക്ഷേ, സാമ്പത്തികമായി നേട്ടമുണ്ടാക്കിയത് ‘പ്രേതങ്ങളുടെ താഴ്വര’യായിരുന്നു.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെപ്പറ്റി തികഞ്ഞ അത്ഭുതത്തോടെ മലയാളികൾ മനസ്സിലാക്കിയത് കേരളത്തിൽ ഡോക്ടർ വല്യത്താൻ എന്ന മഹാനായ ഭിഷഗ്വരൻ അതു നടത്തി വിജയിച്ചപ്പോഴാണ്. അധികം വൈകാതെ പ്രശസ്ത നോവലിസ്റ്റും നാടകകൃത്തുമായ ജി. വിവേകാനന്ദൻ ഈ വിഷയം അടിസ്ഥാനമാക്കി ഒരു കൃതി രചിച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതീവതൽപരനായിരുന്നു ജി. വിവേകാനന്ദൻ. അതിനൊരു കാരണമുണ്ട്.
അദ്ദേഹം ചെറുപ്പത്തിൽ ഒരു കമ്പൗണ്ടർ ആയിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് പട്ടാളത്തിലും പിന്നീട് തിരുവനന്തപുരം ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റലിലും അദ്ദേഹം കമ്പൗണ്ടർ ആയി ജോലി നോക്കി. ഏതോ ഒരു ഡോക്ടർ കമ്പൗണ്ടറെ ഇകഴ്ത്തി സംസാരിച്ചപ്പോൾ അദ്ദേഹം ജോലിയുപേക്ഷിച്ച് പ്രൈവറ്റ് ആയി പഠിച്ച് ബി.എ, എം.എ ബിരുദങ്ങൾ കരസ്ഥമാക്കി തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗസ്ഥനായി. അധികം വൈകാതെ കേരള ഗവൺമെന്റിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലേക്കു വന്നു. പെൻഷൻ പറ്റി പിരിയുമ്പോൾ ജി. വിവേകാനന്ദൻ കേരള ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ (ചിത്രാഞ്ജലി സ്റ്റുഡിയോ) മാനേജിങ് ഡയറക്ടർ ആയിരുന്നു.
ജയ് മാരുതി പ്രൊഡക്ഷൻസിന്റെ ഉടമസ്ഥനും പരിചയസമ്പന്നനായ നിർമാതാവുമായ ടി.ഇ. വാസുദേവൻ ഈ വിഷയം സിനിമയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. അങ്ങനെയാണ് ‘ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു’ എന്ന മലയാള സിനിമ പിറന്നത്. എസ്.എൽ. പുരം സദാനന്ദൻ ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു.
പ്രേംനസീർ, ജയഭാരതി, ഉഷാകുമാരി, രാഘവൻ, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരാടി, ടി.ആർ. ഓമന, പറവൂർ ഭരതൻ, ശാന്താദേവി തുടങ്ങിയവർ അഭിനയിച്ചു.
എല്ലാ പാട്ടുകളും ഹിറ്റുകളായ ചിത്രമാണ് ‘ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു’. യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനും ഈ സിനിമക്കുവേണ്ടി ഗാനമാലപിക്കുകയുണ്ടായി.
യേശുദാസ് പാടിയ ആദ്യഗാനം ‘‘ആറാട്ടിനാനകൾ എഴുന്നള്ളി/ ആഹ്ലാദസമുദ്രം തിര തല്ലി/ ആനന്ദഭൈരവീരാഗത്തിൻ മേളത്തിൽ/ അമ്പലത്തുളസികൾ തുമ്പി തുള്ളി’’ എന്നു തുടങ്ങുന്നു.
‘‘ആയിരത്തിരിവിളക്കു കണ്ടു ഞാൻ/ ആൽത്തറയിൽ നിന്നെ നോക്കി നിന്നൂ ഞാൻ/ അമ്പലപ്പുഴക്കാർ തൻ നാദസ്വരലഹരി/ അലമാല തീർത്തതു കേട്ടൂ ഞാൻ...’’
ഈ വരികൾക്കിടയിൽ നാദസ്വരം വായിച്ചിരിക്കുന്നത് ആരംഗത്തെ പ്രഗല്ഭരായ അമ്പലപ്പുഴ സഹോദരന്മാർതന്നെയാണ് (അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരും അനുജൻ ഗോപാലകൃഷ്ണപ്പണിക്കരും). യേശുദാസ് ആലപിച്ച രണ്ടാമത്തെ ഗാനം ‘‘പൊന്നും തേനും നീ വിളമ്പി...’’ എന്നു തുടങ്ങുന്നു.
‘‘പൊന്നും തേനും നീ വിളമ്പി/ അന്നനടനശ്രീ തുളുമ്പി/ നീലക്കണ്മയിൽപീലികളാടി/ പുഞ്ചിരിയാൽ പാൽക്കാവടിയാടി...’’
തുടർന്നുവരുന്ന ചരണം ഇങ്ങനെ: ‘‘പ്രഥമരാത്രി തൻ പ്രമദശയ്യയിൽ/ പ്രണയസരോജപ്പൂവിതളായ്/ മധുമതീ നീ വിതുമ്പിവിടർന്നു/ മധുരത്തേനിൻ സുഗന്ധമടർന്നു/ ഞാനാം വനഭൃംഗമതിൽ നീരാടി.’’
പി. ജയചന്ദ്രൻ പാടിയ ‘‘ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപം’’ എന്ന ഗാനം ഒരു ഫാസ്റ്റ് നമ്പർ ആണ്. യഥാർഥത്തിൽ അത് ഗാനരചയിതാവ് പതിഞ്ഞ താളത്തിലും ചിട്ടപ്പെടുത്തുമ്പോൾ ഈണം സെമിക്ലാസിക്കൽ ശൈലിയിൽ വരത്തക്കവണ്ണവും രചിച്ച ഗാനമാണ്. എന്നാൽ അതിന്റെ താളം മാറ്റി ആളുകൾ കൈയടിക്കുന്ന തരത്തിൽ ഫാസ്റ്റ് നമ്പറാക്കണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെയാണ് സംഗീതസംവിധായകനായ ദക്ഷിണാമൂർത്തി സ്വാമി അതിനു സമ്മതിച്ചത്. എന്നാൽ, ചിത്രം പുറത്തുവന്നപ്പോൾ ആ പാട്ട് ജയചന്ദ്രന്റെ സൂപ്പർഹിറ്റുകളിലൊന്നായി മാറി. ഗാനത്തിന്റെ സ്രഷ്ടാക്കളുടെ ഇഷ്ടവും ശ്രോതാക്കളുടെ ഇഷ്ടവും പരസ്പരവിരുദ്ധമാകാം എന്ന സത്യം ഈ ലേഖകനെ പഠിപ്പിച്ച ഒരു പാട്ടാണിത്.
‘‘ചന്ദനത്തിൽ കടഞ്ഞെടുത്തൊരു/ സുന്ദരീശിൽപം/ മഞ്ഞുതുള്ളികൾ തഴുകിയൊഴുകും/ മധുരഹേമന്തം/ പ്രിയയോ കാമശിലയോ നീയൊരു/ പ്രണയഗീതകമോ’’ എന്ന പല്ലവിക്കു ശേഷം ചരണത്തിലെ വരികൾ ഇങ്ങനെ:
‘‘ഗാനമേ, നിൻ രാഗഭാവം/ താമരത്തനുവായ്/ ഇതളിട്ടുണരും താളലയങ്ങൾ/ ഈറൻ പൂന്തുകിലായ്/ രതിയോ രാഗനദിയോ നീ സുഖ-/രംഗസോപാനമോ..?’’
യേശുദാസും ജയചന്ദ്രനും മാത്രമല്ല കെ.പി. ബ്രഹ്മാനന്ദനും ഈ സിനിമയിൽ ഒരു നല്ല ഗാനം പാടിയിട്ടുണ്ട്. ഈ പാട്ടും സൂപ്പർഹിറ്റ് ആണ്.
‘‘താരകരൂപിണീ നീയെന്നുമെന്നുടെ/ ഭാവനാരോമാഞ്ചമായിരിക്കും/ ഏകാന്തചിന്ത തൻ ചില്ലയിൽ പൂവിടും/ ഏഴിലംപാലപ്പൂവായിരിക്കും’’ എന്ന പല്ലവി എല്ലാ സംഗീതാസ്വാദകർക്കും അറിയാവുന്നതാണ്. ബ്രഹ്മാനന്ദൻ പാടിയ ഹിറ്റ് ഗാനങ്ങളിൽ ഈ ഗാനത്തിന് ഉയർന്ന സ്ഥാനമുണ്ട്. ഈ പാട്ടിലെ ഒരു ചരണം ഇങ്ങനെയാണ്.
‘‘കാവ്യവൃത്തങ്ങളിൽ ഓമനേ നീ നവ-/ മാകന്ദമഞ്ജരിയായിരിക്കും.../ എന്നനുഭൂതി തൻ രാഗങ്ങളിൽ സഖി/ സുന്ദരമോഹനം ആയിരിക്കും...’’ ഈ വരികൾ കേട്ടിട്ട് മലയാളം പഠിപ്പിക്കുന്ന പണ്ഡിതരായ ചില മലയാളം അധ്യാപകർ ചോദിച്ചു, എന്താണ് മാകന്ദമഞ്ജരി? അങ്ങനെയൊരു വൃത്തമുണ്ടോ? മഞ്ജരി എന്ന വൃത്തമല്ലേയുള്ളൂ എന്ന്. മലയാളം വിദ്യാർഥികൾ ഇപ്പോൾ വൃത്തവും അലങ്കാരവും പഠിക്കുന്നില്ല. ഇന്നത്തെ മലയാള കവിതയിൽനിന്ന് വൃത്തം മിക്കവാറും അകന്നുകഴിഞ്ഞു. എന്നാൽ, സ്‌കൂളിൽ പഠിക്കുമ്പോൾതന്നെ വൃത്തവും അലങ്കാരവും നന്നായി പഠിച്ചവരാണ് ഈ ലേഖകന്റെ തലമുറയിലുള്ളവർ.
കേരളപാണിനി എ.ആർ. രാജരാജവർമ രചിച്ച ‘വൃത്തമഞ്ജരി’, ‘ഭാഷാഭൂഷണം’ എന്നീ പുസ്തകങ്ങൾ വിശദമായി പഠിച്ചവർ. മഹാകവി വള്ളത്തോളിന്റെ ‘മഗ്ദലന മറിയം’ എന്ന ഖണ്ഡകാവ്യത്തിന്റെ വൃത്തം മാകന്ദമഞ്ജരിയാണ്. കാവ്യത്തിലെ ആദ്യവരിക്കു മുകളിൽതന്നെ വൃത്തം മാകന്ദമഞ്ജരി എന്നു കൊടുത്തിട്ടുമുണ്ട്. ഈ ലേഖകൻ ‘‘താരകരൂപിണീ’’ എന്ന ഗാനം മാകന്ദമഞ്ജരി വൃത്തത്തിലാണ് എഴുതിയിട്ടുള്ളതും. ഈ ഗാനം ബ്രഹ്മാനന്ദനെക്കൊണ്ട് പാടിക്കണമെന്ന് നിർമാതാവിനോടും സ്വാമിയോടും അഭ്യർഥിച്ചതും ഈ ലേഖകനാണ്. ബ്രഹ്മാനന്ദൻ പാടിയ പാട്ടുകളുടെ കണക്കെടുത്താൽ അതിൽ നാൽപതു ശതമാനത്തിന്റെയും രചയിതാവ് ശ്രീകുമാരൻ തമ്പിയാണെന്നു മനസ്സിലാകും.
‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന ചിത്രത്തിലെ നാലാമത്തെ ഗാനം ‘‘പൊന്നിൻ ചിങ്ങത്തേരു വന്നു പൊന്നമ്പലമേട്ടിൽ...’’ എന്നാരംഭിക്കുന്നു. ഈ പാട്ടും പ്രസിദ്ധമാണ്.
‘‘പൊന്നിൻ ചിങ്ങത്തേരു വന്നു/ പൊന്നമ്പലമേട്ടിൽ -ആ ...ആ.../ പൊന്നിൻ ചിങ്ങത്തേരു വന്നു പൊന്നമ്പലമേട്ടിൽ/ പൊന്നോണപ്പാട്ടുകൾ പാടാം/ പൂ നുള്ളാം പൂവണിവക്കാം/ പൊന്നൂഞ്ഞാലാടിടാം സഖിമാരേ.../ പോരൂ പോരൂ പോരൂ സഖിമാരേ...’’
പി. ലീലയും സംഘവും പാടിയതാണീ ഗാനം. വരികൾ ഇങ്ങനെ തുടരുന്നു:
‘‘ഉത്രാട ചന്ദ്രികയൊരു പട്ടു വിരിച്ചു/ അത്തപ്പൂക്കുന്നു പട്ടിൽ ചിത്രം വരച്ചു.../ ഓണപ്പൂവിളികളുയർന്നു മാമലനാട്ടിൽ/ മാവേലിത്തമ്പുരാന്റെ വരവായി...’’
വി. ദക്ഷിണാമൂർത്തിയും എസ്. ജാനകിയും ചേർന്നു പാടിയ ഒരു ഭക്തിഗാനവും ഈ സിനിമയിലുണ്ട്.
‘‘ഈരേഴുലകവും നിറഞ്ഞിരിക്കും/ ശ്രീഭുവനേശ്വരീ ഭദ്രകാളീ/ ആശ്രയമില്ലാതെ അലയും ജീവനെ/ അനുഗ്രഹിക്കൂ സർവേശ്വരീ/ അഭയം നൽകൂ രക്തേശ്വരീ.../ ഉന്മത്തകേശിനീ, ഉഗ്രപ്രഭാമയീ/ ഉണരൂ നീയീ മൃതഭൂമിയിൽ/ ഉരുകിത്തീരട്ടെ പാപങ്ങളഖിലം/ ഉതിരും മണിദീപ ശോഭകളിൽ...’’
‘‘രുദ്രാക്ഷമാലിനീ രുദ്രാണി, മോഹിനീ’’ എന്നിങ്ങനെ തുടങ്ങുന്ന ഒരു ചരണംകൂടി ഈ ഗാനത്തിലുണ്ട്.
ചിത്രത്തിന്റെ പ്രമേയത്തിലുള്ള പുതുമകൊണ്ടും മികച്ച ഗാനങ്ങളുടെ സാന്നിധ്യംകൊണ്ടും ‘ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റു’ എന്ന ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. 1973 ഒക്ടോബർ അഞ്ചിനാണ് ഈ ചിത്രത്തിന്റെ പ്രദർശനമാരംഭിച്ചത്.
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്.എസ്. തിരുപ്പതി ചെട്ടിയാർ നിർമിച്ച ‘ഇന്റർവ്യൂ’ എന്ന സിനിമ ശശികുമാറാണ് സംവിധാനം ചെയ്തത്. കഥയും തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. പ്രേംനസീർ, ജയഭാരതി, സുജാത, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ, ശ്രീലത എന്നിവർ അഭിനയിച്ചു. വയലാറിന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകി. യേശുദാസ്, പി. സുശീല, ബ്രഹ്മാനന്ദൻ, എൽ.ആർ. ഈശ്വരി എന്നിവരാണ് പിന്നണിഗായകർ. ബ്രഹ്മാനന്ദൻ പാടിയ ‘‘കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.
‘‘കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം/ കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം/ ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം.../സ്വർഗം മറ്റൊരു ലോകത്തുണ്ടെന്നു/ സ്വപ്നം കാണുന്നവരേ -വെറുതേ/ സ്വപ്നം കാണുന്നവരേ/ ഇവിടെത്തന്നെ സ്വർഗവും നരകവും/ ഇവിടെത്തന്നെ.../ രണ്ടും കണ്ടിട്ടുള്ളവരല്ലോ/ തെണ്ടികൾ ഞങ്ങൾ...’’ അന്ധനായ യാചകൻ തുടർന്നു പാടുന്നു.
‘‘കന്യാകുമാരിയും കാശ്മീരും/ കണ്ണുപൊട്ടന്നൊരുപോലെ/കർത്താവും അള്ളാവും അയ്യപ്പനും/ കണ്ണുപൊട്ടന്നൊരുപോലെ...’’
യേശുദാസും പി. സുശീലയും സംഘവും പാടിയ ‘‘ഉത്തരമധുരാപുരിയിൽ’’ എന്ന ഗാനവും ശ്രദ്ധേയം.
‘‘ഉത്തരമധുരാപുരിയിൽ/ മദനോത്സവ മധുരാപുരിയിൽ/ നൃത്തകലയുടെ നിധിയായ്/ വാസവദത്ത വാണിരുന്നു.’’
ഇതൊരു നൃത്തഗാനമാണ്, അതുകൊണ്ട് ‘‘തധികിണതോംതധികിണതോം...’’ എന്നിങ്ങനെ ജതികൾ വരുന്നുണ്ട്. പാട്ടിലെ വരികൾ മാത്രമേ ഇവിടെ കൊടുക്കുന്നുള്ളൂ.
‘‘നാലമ്പലങ്ങളിൽ രാജാങ്കണങ്ങളിൽ/ നവരാത്രി നർത്തനമേടകളിൽ/ രതിസുഖസാരേ പാടി അവൾ മദനനൃത്തമാടി ഉത്തരമധുരാപുരിയിൽ...’’
യേശുദാസ് പാടിയ ‘‘നാളീകലോചനേ’’ എന്ന പാട്ടും സ്വാമിയുടെ പരിലാളനയിൽ വ്യത്യസ്തമായി.
‘‘നാളീകലോചനേ നിൻ മിഴികൾക്കിന്നു/ നീലിമയെങ്ങിനെ കൂടി.../ നാണത്തിൽ തുടുക്കും മുഖശ്രീമലരിനു നാലിതളെങ്ങനെ കൂടി... –ഇന്ന് നാലിതളെങ്ങനെ കൂടി’’ എന്ന പല്ലവി ആകർഷണീയംതന്നെ.
‘‘കൗമാരം കഴിയുമ്പോൾ കിളിർത്തു കിളിർത്തു വരും/ രോമാഞ്ചകഞ്ചുകത്താലോ/ ശ്രീമംഗലേ നിന്റെ താരുണ്യമനസ്സിൽ/ കാമുകൻ കടന്നതിനാലോ/ ഈ മൗനം സമ്മതമല്ലയോ/ ഈ മന്ദഹാസം മറുപടിയല്ലയോ...’’
പി. സുശീല പാടിയ ‘‘അമ്മക്കും അച്ഛനും കാരാഗൃഹം/ അമ്മാവനോ സിംഹാസനം/ അന്തഃപുരത്തിൽ വളരേണ്ട കണ്ണനോ/ അമ്പാടി ഗോകുലഗ്രാമം/ പൊന്നുംകിരീടമിരിക്കേണ്ട തലയിൽ / വർണമയിലിന്റെ പീലി/ രത്‌നാഭരണങ്ങൾ അണിയേണ്ട മാറിൽ/ കൃഷ്ണതുളസിമാല/ അമ്പാടിയമ്മക്കും കണ്ണീര്/ ഈയമ്മൂമ്മക്കും കണ്ണീര്.../ രാരിരാരോ രാരാരോ/ രാരിരാരോ രാരാരോ’’ എന്ന താരാട്ടും നന്ന്.
എൽ.ആർ. ഈശ്വരി പാടിയ ഒരു ഗാനംകൂടി ചിത്രത്തിലുണ്ട്. അതിന്റെ തുടക്കം ഇങ്ങനെ:
മാല വരണമാല –ഇത്/ മാലതിപ്പൂകൊണ്ടു ഞാൻ തന്നെ കോർത്തൊരു മാല.../ വേണോ ഇത് വേണോ/ വെളുക്കുവോളം വിരുന്നു വേണോ/ ചെറുപ്പക്കാരാ.../ ദിവസവും ഞാൻ സ്വപ്നം കാണും / ദേവനുണ്ടീ സദസ്സിൽ/ തുറന്നുനോക്കാതെനിക്കു കാണാം/ തുടിച്ചു തുള്ളും ഹൃദയം/ ആ മനോഹര ഹൃദയം/ അതിന്റെ താളം അതിന്റെ ദാഹം/ എനിക്കറിയാം/ എല്ലാമെല്ലാമെനിക്കറിയാം.’’
1973 ഒക്ടോബർ 12ന് ‘ഇന്റർവ്യൂ’ എന്ന സിനിമ തിയറ്ററുകളിലെത്തി. ഭേദപ്പെട്ട ഈ ചിത്രം സാമ്പത്തികവിജയം നേടി.