Begin typing your search above and press return to search.
proflie-avatar
Login

യേശുദാസ് എന്ന സംഗീത സംവിധായകൻ

യേശുദാസ് എന്ന സംഗീത  സംവിധായകൻ
cancel

1973 ഒക്ടോബർ 19ന് പ്രദർശനം തുടങ്ങിയ ‘അഴകുള്ള സെലീന’ മിസ്‌കാസ്റ്റിങ് കൊണ്ടുമാത്രം പരാജയപ്പെട്ട സിനിമയാണ്. സംഗീതസംവിധായകന്റെ വേഷവും തനിക്കിണങ്ങും എന്ന് യേശുദാസ് തെളിയിച്ച ചിത്രംകൂടിയാണ് ‘അഴകുള്ള സെലീന’.രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ നിർമിച്ചാൽ സിനിമ റിലീസ് ചെയ്തുകഴിയുന്നതോടെ അവർ തമ്മിൽ അകലുന്ന കാഴ്ചയാണ് പലപ്പോഴും കാണുക. ചിലപ്പോൾ രണ്ടുപേരും സിനിമാനിർമാണം ഉപേക്ഷിക്കും. ചിലപ്പോൾ രണ്ടുപേരും വ്യത്യസ്ത ബാനറുകളിൽ സിനിമാനിർമാണം തുടരും. ഒരാൾ സിനിമ വിടുകയും അപരൻ സിനിമ തുടർന്നു നിർമിക്കുകയും ചെയ്യുന്ന പതിവുമുണ്ട്. ഈ ലേഖകന്റെ ആദ്യ നോവലായ ‘കാക്കത്തമ്പുരാട്ടി’ പി. ഭാസ്കരന്റെ...

Your Subscription Supports Independent Journalism

View Plans
1973 ഒക്ടോബർ 19ന് പ്രദർശനം തുടങ്ങിയ ‘അഴകുള്ള സെലീന’ മിസ്‌കാസ്റ്റിങ് കൊണ്ടുമാത്രം പരാജയപ്പെട്ട സിനിമയാണ്. സംഗീതസംവിധായകന്റെ വേഷവും തനിക്കിണങ്ങും എന്ന് യേശുദാസ് തെളിയിച്ച ചിത്രംകൂടിയാണ് ‘അഴകുള്ള സെലീന’.

രണ്ടു സുഹൃത്തുക്കൾ ചേർന്ന് ഒരു സിനിമ നിർമിച്ചാൽ സിനിമ റിലീസ് ചെയ്തുകഴിയുന്നതോടെ അവർ തമ്മിൽ അകലുന്ന കാഴ്ചയാണ് പലപ്പോഴും കാണുക. ചിലപ്പോൾ രണ്ടുപേരും സിനിമാനിർമാണം ഉപേക്ഷിക്കും. ചിലപ്പോൾ രണ്ടുപേരും വ്യത്യസ്ത ബാനറുകളിൽ സിനിമാനിർമാണം തുടരും. ഒരാൾ സിനിമ വിടുകയും അപരൻ സിനിമ തുടർന്നു നിർമിക്കുകയും ചെയ്യുന്ന പതിവുമുണ്ട്. ഈ ലേഖകന്റെ ആദ്യ നോവലായ ‘കാക്കത്തമ്പുരാട്ടി’ പി. ഭാസ്കരന്റെ സംവിധാനത്തിൽ സിനിമയാക്കിയ കുന്നംകുളം സ്വദേശികളായ സി.ജെ. ബേബിയും പി.സി. ഇട്ടൂപ്പും അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നാൽ, ചിത്രം പുറത്തുവന്നതിനുശേഷം ഒരുമിച്ചു ചിത്രനിർമാണം തുടരേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു. സ്വപ്നാ ഫിലിംസ് എന്ന ബാനർ സി.ജെ. ബേബി സ്വന്തമാക്കി. വിവിധ സംവിധായകരുടെ കീഴിൽ പ്രധാന സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുള്ള പി.ജി. വാസുദേവൻ എന്നയാളെ സംവിധായകനാക്കി സി.ജെ. ബേബി സ്വപ്നാ ഫിലിംസിന്റെ പേരിൽ ‘ദൃക്‌സാക്ഷി’ എന്ന സിനിമ നിർമിച്ചു.

പ്രേംനസീർ, മധു, ഷീല, ശാരദ തുടങ്ങിയ വലിയ താരങ്ങളെ ഒഴിവാക്കുകയും കൂടുതൽ പ്രതിഫലം ചോദിക്കാത്ത പുതിയ സംവിധായകനെ ഏർപ്പെടുത്തുകയും ചെയ്‌താൽ നിർമാണച്ചെലവ് കുറയുമെന്നായിരുന്നു നിർമാതാവിന്റെ പുതിയ കാഴ്ചപ്പാട്. കെ.പി. ഉമ്മർ, വിൻ​െസന്റ്, സുജാത, റാണിചന്ദ്ര, കൊട്ടാരക്കര ശ്രീധരൻനായർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, എൻ. ഗോവിന്ദൻകുട്ടി, പ്രേമ, ഖദീജ, വഞ്ചിയൂർ രാധ, പാലാ തങ്കം തുടങ്ങിയവരാണ് ‘ദൃക്‌സാക്ഷി’യിൽ അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും സംഭാഷണവും കെ.ടി. മുഹമ്മദ് എഴുതി. ‘ദൃക്‌സാക്ഷി’യിൽ നാല് ഗാനങ്ങളേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഒരു മലയാള സിനിമയിൽ കുറഞ്ഞത് ആറു പാട്ടുകളെങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. പാട്ടുകളുടെ റെക്കോഡിങ് ചെലവും ചിത്രീകരണച്ചെലവും കുറക്കുന്നതും ചെലവുചുരുക്കലിന്റെ ഭാഗംതന്നെ.

യേശുദാസ് ആലപിച്ച രണ്ടു ഗാനങ്ങളും എസ്. ജാനകി പാടിയ രണ്ടു ഗാനങ്ങളുമാണ് ‘ദൃക്‌സാക്ഷി’യിലുള്ളത്. ഈ നാല് ഗാനങ്ങളും ജനപ്രിയ ഗാനങ്ങളായി. ശ്രീകുമാരൻതമ്പി-ദക്ഷിണാമൂർത്തി ടീം ആണ് പാട്ടുകൾ ഒരുക്കിയത്. ‘‘ഒരിക്കൽ മാത്രം വിളികേൾക്കുമോ’’ എന്നു തുടങ്ങുന്ന യേശുദാസ് ഗാനം സ്വാമിയുടെ മികച്ച ഈണങ്ങളിലൊന്നാണ്. ഇത്രയും ഉയർന്ന സ്ഥായിയിൽ തുടങ്ങുന്ന ശോകഗാനങ്ങൾ കുറവാണ്.

‘‘ഒരിക്കൽ മാത്രം വിളികേൾക്കുമോ?/ ഗദ്‌ഗദമായ്‌ -ഒരു പാഴ്സ്വരമായ്/ ഒഴുകി വരുന്നൂ ഞാൻ/ ഒരിക്കൽ മാത്രം... വിളി കേൾക്കുമോ/ ഒരിക്കൽ മാത്രം.../ മോഹമരീചിക തേടിയലഞ്ഞു/ ശോകത്തിൻ മരുഭൂവിൽ/ കാലമിളക്കിയ കാറ്റിലടിഞ്ഞു/ കാത്ത കിനാക്കൾ പൊലിഞ്ഞു/ വിരിഞ്ഞ സുരഭീമധുവനമേ ...നീ/ മറന്നുപോയോ എന്നെ മറന്നുപോയോ.../ ഒരിക്കൽ മാത്രം വിളികേൾക്കുമോ/ ഒരിക്കൽ മാത്രം...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനത്തിന് മെലഡി നിറഞ്ഞ ഒരു സെമിക്ലാസിക്കൽ ഛായയാണുള്ളത്‌.

‘‘ചൈത്രയാമിനി ചന്ദ്രികയാലൊരു/ ചിത്രനീരാളം വിരിച്ചു/ ഇന്ദീവരമിഴി,യെൻ തംബുരുവിൽ/ ഹിന്ദോളരാഗം തുടിച്ചു...’’ ഇതാണ് അനുപല്ലവിയുൾപ്പെട്ട പല്ലവി.

ആദ്യചരണം ഇങ്ങനെയാണ്: ‘‘സപ്തസ്വരങ്ങളാൽ കോരിത്തരിക്കുന്ന/ സപ്തതന്ത്രിയെപ്പോലെ/ സിന്ദൂര കിരണങ്ങൾ ചുംബിച്ചുണർത്തുന്ന/ സന്ധ്യാപുഷ്‌പിയെപ്പോലെ/ നീയുണർന്നു -മുന്നിൽ നീ വിടർന്നു/ നാദമായ് ഞാൻ നിന്നിൽ അലിഞ്ഞുചേർന്നു...’’

എസ്. ജാനകി പാടിയ രണ്ടു പാട്ടുകളും ആലാപനശുദ്ധികൊണ്ട് ഉയരങ്ങളിൽ എത്തിയ ഗാനങ്ങൾ തന്നെ. ‘‘ഒരു ചുംബനം ഒരു മധു ചുംബനം -എൻ/ അധരമലരിൽ വണ്ടിൻ പരിരംഭണം/ കൊതിച്ചു, ഞാനാകെ തരിച്ചു/ നിന്നോടതുരയ്ക്കുവാൻ/ എൻ നാണം മടിച്ചു...’’ എന്നു തുടങ്ങുന്ന ഗാനം വളരെ വ്യത്യസ്തമാണ്.

വെറുമൊരു ക്ലബ് ഡാൻസ് ഗാനമായി മാറ്റാതെ ഇതിനെ ഒരു രാഗനിബദ്ധമായ മനോഹര ഗീതമാക്കി മാറ്റാൻ വി. ദക്ഷിണാമൂർത്തിയുടെ ക്ലാസിക് ഭാവനക്കു കഴിഞ്ഞു. ആർ.കെ. ശേഖറിന്റെ ഓർക്കസ്ട്രയും ഇതിനു സ്വാമിയെ വളരെ സഹായിച്ചു.

ആദ്യത്തെ ചരണം ഇങ്ങനെ: ‘‘കുളിർകോരിയുണരുന്ന മലർവാടിയിൽ –അന്നു/ കളി ചൊല്ലി നീ നിന്ന പുലർവേളയിൽ/ ഒരു നൂറു സ്വപ്‌നങ്ങൾ വിടർത്തുന്ന പൂമുല്ല –/ത്തണലിൽ ഞാൻ മറ്റൊരു ലതയാകവേ/ വിറച്ചു –മാറിടം തുടിച്ചു/ നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചു...’’ ഇതേ ഭാവതലത്തിൽപെടുന്ന ഒരു ചരണംകൂടി പാട്ടിലുണ്ട്. ചിത്രത്തിലെ എസ്. ജാനകിയുടെ രണ്ടാമത്തെ ഗാനവും ഹിറ്റ് ആയിത്തീർന്ന ഒരു കൃഷ്ണഗീതമാണ്.

‘‘ഓടക്കുഴൽവിളി മേളം കേട്ടാൽ/ ഓളങ്ങളിളകും യമുനയിൽ/ എന്റെ മനസ്സൊരു കാളിന്ദിയാകാൻ/ ഓടിവരൂ കണ്ണാ -രാഗമായ്/ ഒഴുകിവരൂ കണ്ണാ...’’

തുടർന്നുള്ള വരികൾ ഇങ്ങനെ: ‘‘ചന്ദനചർച്ചിത മന്ദസമീരനിൽ/ വൃന്ദാവനിക വിളങ്ങും/ കുണ്ഡലമണിയും കാതിൽ ഭാസ്കര/ മണ്ഡലശോഭ തിളങ്ങും/ ഗോപികൾ ഗോകുലപാലനു വേണ്ടി/ നീരദശയ്യ വിരിക്കും/ കൃഷ്ണാ... കൃഷ്ണാ.../ പീതാംബരധാരീ, വനമാലീ...’’

ഇതേ രീതിയിൽ വരികളും സംഗീതവും മനോഹരമായി ലയിച്ചു ചേരുന്ന ഒരു ചരണംകൂടിയുണ്ട് ഈ പാട്ടിൽ.

‘ദൃക്‌സാക്ഷി’ എന്ന സിനിമ 1973 ഒക്ടോബർ 12ന് കേരളത്തിൽ പ്രദർശനം തുടങ്ങി. ചിത്രം മോശമായിരുന്നില്ല. എങ്കിലും വേണ്ടത്ര സാമ്പത്തികലാഭമുണ്ടാക്കിയില്ല. പി.ജി. വാസുദേവൻ എന്ന പുതിയ സംവിധായകന് കൂടുതൽ സിനിമകൾ ലഭിച്ചതുമില്ല.

 

മുട്ടത്തു വർക്കിയുടെ ‘അഴകുള്ള സെലീന’ എന്ന നോവലിനെ അടിസ്ഥാനമാക്കി കെ.എസ്. സേതുമാധവന്റെ കുടുംബസ്ഥാപനമായ ചിത്രകലാ കേന്ദ്രം നിർമിച്ച സിനിമക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. നായകനായി മാത്രം ജനങ്ങൾ കണ്ടിരുന്ന പ്രേംനസീർ ഈ സിനിമയിൽ പ്രധാന വില്ലനായി. ജയഭാരതിയാണ് നായികയായ അഴകുള്ള സെലീനയെ അവതരിപ്പിച്ചത്.

സെലീന പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിൽ വിൻ​െസന്റ് അഭിനയിച്ചു. അതായത് സാധാരണ പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ വിൻ​െസന്റ് പ്രണയിക്കുന്ന ജയഭാരതിയെ പ്രേംനസീർ ബലാൽക്കാരംചെയ്യുന്നു. വിപ്ലവാത്മകമായ ഈ മാറ്റത്തെ പ്രേംനസീറും സ്വാഗതംചെയ്തു. എന്നാൽ, പ്രേക്ഷകർ പ്രേംനസീറിന്റെ പ്രതിനായകവേഷത്തെ അംഗീകരിക്കാൻ തയാറായില്ല. ഈ സിനിമ കണ്ടിട്ട് ഞാൻ തിയറ്ററിൽനിന്നിറങ്ങുമ്പോൾ നിഷ്‍കളങ്കരായ രണ്ടു സ്ത്രീകൾ തമ്മിൽ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ ഓർമയിലുണ്ട്.

‘‘പ്രേംനസീർ വിളിച്ചാൽ ഒരു തടസ്സവും പറയാതെ ജയഭാരതി സമ്മതിക്കുമല്ലോ. പിന്നെന്തിനായീ ബലാത്സംഗം?’’ കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ചിത്രങ്ങളിൽ ഏറ്റവും മോശമായ പ്രതികരണം കാണികളിൽനിന്നുണ്ടായത് ഈ സിനിമക്കാണെന്നു തോന്നുന്നു. അതിനു കാരണം സംവിധാനത്തിന്റെ മേന്മക്കുറവല്ല.

മുട്ടത്തു വർക്കിയുടെ നോവലിന് തോപ്പിൽ ഭാസിയാണ്‌ തിരക്കഥയും സംഭാഷണവും എഴുതിയത്. പ്രേംനസീർ, ജയഭാരതി, വിൻ​െസന്റ് എന്നിവരെ കൂടാതെ തമിഴ്-തെലുഗു നടിയായ കാഞ്ചന, ബഹദൂർ, എസ്.പി. പിള്ള, ടി.ആർ. ഓമന, ശ്രീലത തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

‘അഴകുള്ള സെലീന’യിലെ ഒരേയൊരു ആകർഷണവും പ്രതീക്ഷയും യേശുദാസായിരുന്നു. ദേവരാജനുമായി അകന്നതിനുശേഷം എ.എം. രാജാ, എം.എസ്. വിശ്വനാഥൻ തുടങ്ങിയവരാണ് സേതുമാധവൻ നിർമിക്കുന്ന (അനുജൻ കെ.എസ്.ആർ. മൂർത്തിയുടെ പേരിൽ) സിനിമകളിൽ സംഗീതസംവിധായകരായത്. ‘അഴകുള്ള സെലീന’യുടെ സംഗീതസംവിധായകൻ യേശുദാസ് ആയിരുന്നു. സംഗീതസംവിധാനത്തിൽ പുതുമയും സിനിമയിൽ അധികം ഉപയോഗിച്ചിട്ടില്ലാത്ത രാഗങ്ങളും കൊണ്ടുവരാൻ യേശുദാസ് ശ്രമിച്ചു. ആകെ ഏഴു പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ആറ്‌ പാട്ടുകൾ വയലാറും ഒരു പ്രാർഥനാഗാനം ഫാദർ നാഗേൽ എന്ന പുരോഹിതനും എഴുതി.

പുരുഷശബ്ദത്തിലുള്ള എല്ലാ ഗാനങ്ങളും യേശുദാസ് തന്നെ പാടി. പി. സുശീല, എസ്. ജാനകി, പി. ലീല എന്നിവരും ഗാനങ്ങൾ ആലപിച്ചു. പി. സുശീല പാടിയ ‘‘താജ്‌മഹൽ നിർമിച്ച രാജശിൽപീ’’ എന്ന ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

 

‘‘താജ്‌മഹൽ നിർമിച്ച രാജശിൽപീ/ ഷാജഹാൻ ചക്രവർത്തീ/ അങ്ങയെ പ്രേമവിരഹിണികൾ, ഞങ്ങൾ/ അനുസ്‌മരിപ്പൂ നിത്യതപസ്വിനികൾ...’’

ഈ പല്ലവി കുറെയൊക്കെ പ്രശസ്തി നേടിയിട്ടുണ്ട്. ഗാനം ഇങ്ങനെ തുടരുന്നു: ‘‘ആ നല്ല ഹൈമവതഭൂമിയിലെ/ അശ്രുവാഹിനീതടത്തിൽ/ മോഹഭംഗങ്ങൾകൊണ്ടവിടുന്നു തീർത്തൊരാ/ മൂകാനുരാഗകുടീരത്തിൽ/ ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും/ എന്നിലെ ദുഃഖവും ഞാനും.’’

യേശുദാസ് ആലപിച്ച നാലു ഗാനങ്ങളിൽ ഹിറ്റ്ചാർട്ടിലെത്തിയത് അദ്ദേഹം ബി. വസന്തയുമായി ചേർന്നു പാടിയ ‘‘പുഷ്പഗന്ധീ...’’ എന്ന പാട്ടാണ്.

‘‘പുഷ്പഗന്ധീ സ്വപ്നഗന്ധീ... പ്രകൃതീ –നിന്റെ/ പച്ചിലമേടയിലന്തിയുറങ്ങാൻ എന്തു രസം’’ എന്ന് പല്ലവിയിലെ പുരുഷശബ്ദം. അതിനെ തുടർന്നു വരുന്ന സ്ത്രീശബ്ദം,

‘‘കാമദേവൻ പൂനുള്ളാത്തൊരു താഴ്വരയിൽ/ പ്രിയകാമുകനോടൊത്തു താമസിക്കാനെന്തു സുഖം...’’ പ്രഥമചരണത്തിലെ വരികൾ ഇങ്ങനെ:

‘‘പീരുമേട്ടിലെ നീലിമ നീർത്തിയ പുൽപ്പായിൽ/ ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയിൽ/ ചുംബനത്തിൻ ചൂടറിയാത്തൊരു മണ്ണിൻചുണ്ടിൽ/ സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം...’’

യേശുദാസ് പാടിയ സോളോ ഗാനങ്ങളിൽ ആദ്യത്തേത് ‘‘മരാളികേ മരാളികേ...’’ എന്ന് ആരംഭിക്കുന്നു.

‘‘മരാളികേ മരാളികേ.../ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും/ മരാളികേ/ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം.../ ഒരു രഹസ്യം...’’ എന്നിങ്ങനെയാണ് പല്ലവി. യേശുദാസ് ആലപിച്ച അടുത്തഗാനം ഇതാണ്: ‘‘ഡാർലിങ് ഡാർലിങ്/ നീയൊരു ഡാലിയാ.../ താഴംപൂക്കൾക്കിടയിൽ പൂത്തൊരു/ ഡാലിയാ.../ ശരോണിലെ ശരത്കാലത്തിൻ/ സ്മരണകളോ/ പൂവായ് വിരിഞ്ഞനാൾ/ നിന്നിലുണർന്ന വികാരങ്ങളോ/ നിൻ മൃദുലാധരസിന്ദൂരത്തിനു നിറം നൽകി/ അതോ ഈ മധുചഷകം നിനക്കു നീട്ടും/ പ്രേമപൗരുഷമോ...’’ ലതാരാജു പാടുന്ന കുട്ടിപ്പാട്ടിന്റെ രചനയും ഈണവും ആകർഷകമാണ്. ഈ ഗാനം ഒട്ടൊക്കെ പ്രശസ്തവുമാണ്.

‘‘ഇവിടുത്തെ ചേച്ചിക്കിന്നലെ മുതലൊരു/ ജലദോഷം/ ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും/ ചീത്തപറച്ചിലും മൂക്കുപിഴിച്ചിലും/ ജലദോഷം...’’ എന്നിങ്ങനെ ഈ പാട്ടു തുടങ്ങുന്നു. ‘അഴകുള്ള സെലീന’യിലെ അടുത്ത ഗാനം വയലാർ എഴുതിയതല്ല. ഈ പ്രാർഥനയുടെ രചയിതാവ് ഫാദർ നാഗേൽ ആണ്. പി. ലീലയാണ് ഈ ഗാനം ആലപിച്ചത്.

‘‘സ്നേഹത്തിൻ ഇടയനാം യേശുവേ/ വഴിയും സത്യവും നീ മാത്രമേ/ നിത്യമാം ജീവനും ദൈവപുത്രാ/ നീയല്ലാതാരുമില്ല’’ എന്നിങ്ങനെ തുടങ്ങുന്ന ഈ ഗാനം വളരെ ലളിതമാണ്.

1973 ഒക്ടോബർ 19ന് പ്രദർശനം തുടങ്ങിയ ‘അഴകുള്ള സെലീന’ മിസ്‌കാസ്റ്റിങ് കൊണ്ടുമാത്രം പരാജയപ്പെട്ട സിനിമയാണ്. സംഗീതസംവിധായകന്റെ വേഷവും തനിക്കിണങ്ങും എന്ന് യേശുദാസ് തെളിയിച്ച ചിത്രംകൂടിയാണ് ‘അഴകുള്ള സെലീന’.

ഡോ. ടി.വി. ജോസ് അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ‘തൊട്ടാവാടി’ എന്ന ചിത്രം എം. കൃഷ്ണൻനായർ ഒരു നീണ്ട ഇടവേളക്കുശേഷം സംവിധാനംചെയ്ത മലയാള ചിത്രമാണ്. അദ്ദേഹം അക്കാലത്ത് തമിഴ് സിനിമകളും സംവിധാനം ചെയ്യുന്നുണ്ടായിരുന്നു.

‘തൊട്ടാവാടി’ എന്ന സിനിമയുടെ ആശയം നിർമാതാവായ ഡോ. ടി.വി. ജോസിന്റേതുതന്നെയായിരുന്നു. ആ ആശയം അടിസ്ഥാനമാക്കി ഒരു കഥയുണ്ടാക്കിയതും അതിനു സംഭാഷണം രചിച്ചതും പാറപ്പുറത്ത് ആണ്. പ്രേംനസീർ, ജയഭാരതി, കൊട്ടാരക്കര ശ്രീധരൻ നായർ, ടി.എസ്. മുത്തയ്യ, ശങ്കരാടി, അടൂർ ഭാസി, കെ.പി.എ.സി ലളിത, അടൂർ പങ്കജം, ടി.ആർ. ഓമന, മീന, ശ്രീലത എന്നിവരോടൊപ്പം അതിഥി താരമായി പ്രേംനവാസും ഉണ്ടായിരുന്നു. വയലാറിന്റെ ഗാനങ്ങൾക്ക് എൽ.പി.ആർ. വർമയാണ് സംഗീതം നൽകിയത്. യേശുദാസ്, പി. ജയചന്ദ്രൻ,പി. സുശീല, എസ്. ജാനകി എന്നിവരും രാജു ഫെലിക്‌സ്‌ എന്ന പുതിയ ഗായകനും ‘തൊട്ടാവാടി’ എന്ന സിനിമയിൽ പാടി.

ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തുനിന്നത് ജയചന്ദ്രൻ പാടിയ ‘‘ഉപാസന... ഉപാസന...’’ എന്ന പാട്ടാണ്. അത് കേൾക്കാത്ത സംഗീതപ്രേമികളുണ്ടാകാൻ വഴിയില്ല. ഉത്തമമായ ശിൽപഭദ്രതയുള്ള പാട്ടാണത്. ഗാനത്തിലെ വരികൾ ഇങ്ങനെ: ‘‘ഉപാസന ഉപാസന... ഇതു/ ധന്യമാമൊരുപാസന.../ ഉണരട്ടെ, ഉഷസ്സുപോലുണരട്ടെ/ ഒരുയുഗചേതന ഉണരട്ടെ/ ഉപാസന... ഉപാസന.../ സത്യം മയക്കുമരുന്നിന്റെ ചിറകിൽ/ സ്വർഗത്തു പറക്കുമീ നാട്ടിൽ -ഇല്ലാത്ത/ സ്വർഗത്തു പറക്കുമീ നാട്ടിൽ/ സ്വപ്നം മരിക്കുമീ നാട്ടിൽ/ സ്വർഗസ്വരൂപിയാം ശാസ്ത്രം നിർമിക്കും/ അഗ്നികുണ്ഡങ്ങൾക്കുള്ളിൽ/ മനുഷ്യാ, ഹേ മനുഷ്യാ/ വലിച്ചെറിയൂ നിന്റെ മുഖംമൂടി...’’

വയലാറിന്റെ വരികളും എൽ.പി.ആർ. വർമയുടെ സംഗീതവും ജയചന്ദ്രന്റെ ആലാപനവും ഒരുപോലെ മികച്ചുനിന്നു എന്നു പറയാതെ വയ്യ. യേശുദാസ് പാടിയ ‘‘പിതാവേ പിതാവേ...’’എന്നുതുടങ്ങുന്ന പാട്ടും ‘‘ചെമ്പകമോ ചന്ദനമോ...’’ എന്നു തുടങ്ങുന്ന പാട്ടും മോശമായില്ല.

‘‘പിതാവേ പിതാവേ ഈ പാനപാത്രം/ തിരിച്ചെടുക്കേണമേ/ ആകാശമേഘങ്ങൾക്കിടയിൽ/അത്യുന്നതങ്ങളിൽ/ അങ്ങയെ തൃക്കൺപാർത്തുവന്ന ഭൂമിക്കു പണ്ടിതു/ ഭിക്ഷ നൽകിയതല്ലേ... അങ്ങ്/ ഭിക്ഷ നൽകിയതല്ലേ/ സ്വീകരിക്കൂ സ്വീകരിക്കൂ എന്റെ/ പ്രാണന്റെ മെഴുകുതിരിപ്പൂ/ ഉരുകുമീ പാനപാത്രം...’’ എന്ന വരികൾ വികാരഭരിതം തന്നെ. അടുത്ത പാട്ടും യേശുദാസ് നന്നായി പാടിയിട്ടുണ്ട്.

‘‘ചെമ്പകമോ ചന്ദനമോ/ കൽപകമോ/ കാമവതികൾ കൺ കേളി ലതകൾ/ കൈനീട്ടി പുണരാത്ത കാഞ്ഞിരമോ/ പ്രേതമോ, ഒരു മോഹഭംഗത്തിൻ പ്രേതമോ’’ എന്നിങ്ങനെ നീളുന്ന ഈ ഗാനം രചനയിലും ഈണത്തിലും സാധാരണം എന്നേ പറയാനാവൂ. പുതിയ ഗായകൻ രാജു ഫെലിക്‌സ് സുശീലയുമായി ചേർന്നു പാടിയ ‘‘വീണേ വീണേ വീണപ്പെണ്ണേ...’’ എന്നു തുടങ്ങുന്ന പാട്ട് ഓമനത്തമുള്ളതാണ്.

‘‘വീണേ വീണേ വീണപ്പെണ്ണേ/ വീണയ്‌ക്കെത്തറ മാസം/നാലും മൂന്നേഴു മാസം/ അടിവയറ്റിൽ തിരുവയറ്റിൽ/ അനങ്ങണുണ്ടോ പെടക്കണുണ്ടോ/ അനങ്ങുമ്പോൾ മിനുങ്ങണുണ്ടോ/ മലർമൊട്ടിൽ തേനുണ്ടോ/ മലർമിഴിയിൽ സ്വപ്നമുണ്ടോ/ നെഞ്ചിലൊരു താരാട്ടിൻ/ നീലാംബരീരാഗമുണ്ടോ...’’

നാടൻ പാട്ടിന്റെ സൗന്ദര്യം തുളുമ്പുന്ന ഈണം. പി. സുശീല അതിമനോഹരമായി പാടിയ ഈ പാട്ടിൽ തനിക്കു കിട്ടിയ ചെറിയ ഭാഗം രാജു ഫെലിക്‌സ്‌ ഒട്ടും മോശമാക്കിയില്ല.

എസ്. ജാനകി പാടിയ ‘‘ആവേ മരിയ ആവേ ആവേ...’’ എന്നുതുടങ്ങുന്ന ഗാനമാണ് അടുത്തത്. ‘‘ആവേ മരിയ ആവേ ആവേ / വ്യാകുലമാതാവേ/ എന്നെ പരീക്ഷയിൽ പൂകിക്കരുതേ/ പാപം ചെയ്യിക്കരുതേ/ ചൂടാനല്ല മറ്റൊരാളെ ചൂടിക്കാനല്ല/ ഇറ്റലിയിൽ വിടർന്നതീ ഇത്തിരി ലില്ലിപ്പൂ/ ഇതിന്റെ വെണ്മയും ആത്മവിശുദ്ധിയും/ ഇതിന്റെ സൗരഭ്യവും/ അവിടുത്തെ തൃച്ചേവടികളിൽ/അർപ്പിക്കാനല്ലോ...’’

 

വി. ദക്ഷിണാമൂർത്തി,എസ്. ജാനകി

വി. ദക്ഷിണാമൂർത്തി,എസ്. ജാനകി

ഈ ഗാനങ്ങൾ കൂടാതെ ഒരു പശ്ചാത്തല ഗാനശകലംകൂടി ഈ ചിത്രത്തിലുണ്ട്. ‘‘ഗോതമ്പു വയലുകൾ ലാളിച്ചു വളർത്തിയ/ ഗൊരേത്തി യുഗപുണ്യവതിയാമനുജത്തി/ ഇറ്റലിയുടെ നിത്യസുന്ദരവസന്തത്തിൻ പുതിയ/ കർത്താവിന്റെ കൈമുത്തും ലില്ലിപ്പൂവുമായ്/ പുരുഷൻ കേളീമലരാക്കീടും സ്ത്രീത്വത്തിന്റെ നിറയും താരുണ്യത്തെ രക്ഷിക്കും കവചമായ്/ വിടരൂ വിടരൂ നീ/ വിശ്വമാനസ സരോവര പുഷ്പമായ്/ കാലം കാണാത്ത വിശുദ്ധയായ്...’’

നായികയുടെ പശ്ചാത്തലം സൂചിപ്പിക്കുന്ന പ്രമേയഗാനം പോലെ ഈ വരികൾ. പാടിയ വ്യക്തിയുടെ പേര് എവിടെയും കാണിച്ചിട്ടില്ല. സംഗീതസംവിധായകൻ എൽ.പി.ആർ. വർമ മികച്ച ഗായകനാണല്ലോ. 1973 ഒക്ടോബർ 25ന് ‘തൊട്ടാവാടി’ തിയറ്ററുകളിലെത്തി. വ്യത്യസ്തതയും ശാസ്ത്രാവബോധമുള്ളതുമായിരുന്നു ‘തൊട്ടാവാടി’യുടെ കഥ. ലക്ഷ്യബോധമുള്ള ഒരു നിർമാതാവായിരുന്നു ഡോ. ടി.വി. ജോസ്. ‘തൊട്ടാവാടി’ അദ്ദേഹത്തിന് ലാഭം നൽകിയിരുന്നെങ്കിൽ മെച്ചപ്പെട്ട സിനിമകൾ അദ്ദേഹം തുടർന്നും നിർമിച്ചേനെ. നിർഭാഗ്യവശാൽ അങ്ങനെ സംഭവിച്ചില്ല.

(തുടരും)

News Summary - weekly sangeetha yathrakal