Begin typing your search above and press return to search.
proflie-avatar
Login

എം.എസ്. വിശ്വനാഥന്‍റെ സംഗീതവാഹിനികൾ

എം.എസ്. വിശ്വനാഥന്‍റെ  സംഗീതവാഹിനികൾ
cancel

‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന ചിത്രം മികച്ച സിനിമ എന്ന പേര് നേടി. 1974 ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളിലെത്തി. അതുവരെ മലയാള സിനിമയിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായി പ്രവർത്തിച്ചിരുന്ന ശ്രീകുമാരൻ തമ്പി നിർമാതാവും സംവിധായകനുമായി മാറിയതും ഈ കാലഘട്ടത്തിലാണ്. 1974 മാർച്ച് ഒന്നിന് തിയറ്ററുകളിൽ എത്തിയ ‘ചന്ദ്രകാന്തം’ ആണ് ശ്രീകുമാരൻ തമ്പി സംവിധാനംചെയ്ത ആദ്യ ചിത്രം -സംഗീതയാത്രയിൽ ലേഖകൻ തന്നെ കടന്നുവരുന്നു.വയലാർ എഴുതി എം.എസ്. വിശ്വനാഥൻ ഈണം നൽകിയ മികച്ച ഗാനങ്ങൾ അടങ്ങുന്ന സിനിമയായിരുന്നു കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’. വെട്ടൂർ രാമൻ നായരുടെ ഇതേ പേരിലുള്ള വിഖ്യാത...

Your Subscription Supports Independent Journalism

View Plans
‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന ചിത്രം മികച്ച സിനിമ എന്ന പേര് നേടി. 1974 ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളിലെത്തി. അതുവരെ മലയാള സിനിമയിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായി പ്രവർത്തിച്ചിരുന്ന ശ്രീകുമാരൻ തമ്പി നിർമാതാവും സംവിധായകനുമായി മാറിയതും ഈ കാലഘട്ടത്തിലാണ്. 1974 മാർച്ച് ഒന്നിന് തിയറ്ററുകളിൽ എത്തിയ ‘ചന്ദ്രകാന്തം’ ആണ് ശ്രീകുമാരൻ തമ്പി സംവിധാനംചെയ്ത ആദ്യ ചിത്രം -സംഗീതയാത്രയിൽ ലേഖകൻ തന്നെ കടന്നുവരുന്നു.

വയലാർ എഴുതി എം.എസ്. വിശ്വനാഥൻ ഈണം നൽകിയ മികച്ച ഗാനങ്ങൾ അടങ്ങുന്ന സിനിമയായിരുന്നു കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’. വെട്ടൂർ രാമൻ നായരുടെ ഇതേ പേരിലുള്ള വിഖ്യാത നോവൽ തന്നെയായിരുന്നു ഈ ചിത്രത്തിന് അവലംബം. കെ.എസ്. സേതുമാധവന്റെ കുടുംബസ്ഥാപനമായ ചിത്രകലാ കേന്ദ്രമാണ് സിനിമ നിർമിച്ചത് (നിർമാതാവ് -കെ.എസ്.ആർ. മൂർത്തി. ഷീല ടൈറ്റിൽ റോളിൽ അഭിനയിച്ചു.

മോഹൻ ശർമ നായകനായി. തമിഴ്‌നടൻ നാഗേഷ്, വിജയശ്രീ, ശങ്കരാടി, ബഹദൂർ, തമിഴ്‌നടി കാഞ്ചന, പി.കെ. വേണുക്കുട്ടൻ നായർ, ഫിലോമിന, ടി.ആർ. ഓമന, ബേബി സുമതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. വെട്ടൂർ രാമൻ നായരുടെ നോവലിന് തിരക്കഥാരൂപം നൽകിയതും സംഭാഷണം രചിച്ചതും തോപ്പിൽ ഭാസിയാണ്‌. വയലാറിന്റെ അഞ്ചു ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ഈണം പകർന്നു. ‘‘വീണപൂവേ വീണപൂവേ, കുമാരനാശാന്റെ വീണപൂവേ’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസും എസ്. ജാനകിയും പാടിയിട്ടുണ്ട്.

‘‘വീണപൂവേ വീണപൂവേ/കുമാരനാശാന്റെ വീണപൂവേ/വിശ്വദർശന ചക്രവാളത്തിലെ/നക്ഷത്രമല്ലേ നീ... ഒരു ശുക്ര/നക്ഷത്രമല്ലേ നീ...’’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലെ തുടർന്നുള്ള വരികളും സംഗീതാസ്വാദകർക്കു സുപരിചിതമാണ്.

‘‘വികാരവതി നീ വിരിഞ്ഞു നിന്നപ്പോൾ/വിരൽ തൊട്ടുണർത്തിയ ഭാവനകൾ/കവിഭാവനകൾ/ നിന്നെ കാമുകിമാരുടെ ചുണ്ടിലെ/ നിശീഥകുമുദമാക്കി -കവികൾ/ മന്മഥൻ കുലയ്ക്കും സ്വർണധനുസ്സിലെ/ മല്ലീശരമാക്കി... മല്ലീശരമാക്കി...’’ പി. ജയചന്ദ്രൻ പാടിയ ‘‘അഷ്ടപദിയിലെ നായികേ...’’ എന്ന പ്രശസ്ത ഗാനവും ഈ ചിത്രത്തിലേതാണ്. ‘‘അഷ്ടപദിയിലെ നായികേ/ യക്ഷഗായികേ/ അംബുജാക്ഷനെ പ്രേമിച്ചതിനാൽ/ അനശ്വരയായീ നീ/ അനശ്വരയായീ നീ...’’

ഗാനം ഇങ്ങനെ തുടരുന്നു: ‘‘മാംസതൽപങ്ങളിൽ ഫണം വിതിർത്താടും/ മദമായിരുന്നില്ല നിൻ പ്രണയം/ അന്തരാത്മാവിലെ ഇന്ദ്രിയാതീതമാം/ അനുഭൂതിയായിരുന്നു/ അനുഭൂതിയായിരുന്നു/ രാധികേ ആരാധികേ/ നിൻ ദിവ്യരാഗമറിയാതെ പാടുന്നു ഞാൻ/ രതിസുഖസാരേ ഗതമഭിസാരേ.../ അഷ്ടപദിയിലെ നായികേ...’’ ഈ ഗാനവും ഹിറ്റ്‌ലിസ്റ്റിൽപെടുന്നു. യേശുദാസ് പാടിയ ‘‘ശിൽപീ ദേവശിൽപീ’’ എന്ന ഗാനവും മികച്ചതായിരുന്നു. എന്നാൽ, ഈ ഗാനം ഹിറ്റ് ആയില്ല.

‘‘ശിൽപീ ദേവശിൽപീ/ ഒരു ശിലയായ് നഗ്നശിലയായ്/ നിൻ ശിൽപ സോപാനത്തിൽ/നിൽക്കുമീ അഹല്യയെ /വിസ്മരിച്ചുവോ നീ വിസ്മരിച്ചുവോ...’’ യേശുദാസും ബി. വസന്തയും ചേർന്നു പാടിയ സരസ്വതീസ്തുതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന ഗാനം.

 

ശ്രീകുമാരൻ തമ്പി

‘‘ബ്രഹ്മനന്ദിനീ സരസ്വതീ -നാദ/ ബ്രഹ്മമന്ത്ര ബീജാക്ഷര രൂപിണീ/ ബ്രഹ്മനന്ദിനീ സരസ്വതീ’’ ഇതാണ് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘മഹേന്ദ്രനീല മണിപീഠ നിവാസിനീ/ മായാമകരന്ദ വാഗ്വിലാസിനീ/കരധൃത കച്ഛപി ലളിത ഗാനാമൃത/ സുരകല്ലോലിനി കളഹംസലാളിനി/കളഹംസ ലാളിനി...’’ എസ്. ജാനകി ആലപിച്ച ‘‘മാലിനീതടമേ...’’ എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിലെ അഞ്ചാമത്തെ ഗാനമാണ് (വീണപൂവേ... എന്ന ഗാനത്തിന്റെ ആവർത്തനം കൂടിച്ചേരുമ്പോൾ ചിത്രത്തിൽ ആറു പാട്ടുകൾ ആകും).

‘‘മാലിനീതടമേ, പ്രിയ മാലിനീതടമേ/ മാധവീമണ്ഡപ നടയിൽ നീ കണ്ടുവോ/ മല്ലികാർജുനന്റെ പുഷ്‌പരഥം -എന്റെ/ മല്ലികാർജുനന്റെ പുഷ്‌പരഥം..?’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ശരത്കാല പുഷ്പത്തിൻ കുളിർതേൻ തുള്ളികൾ/ ശകുന്തപക്ഷികൾ തന്നു –ഇന്നും/ ശകുന്തപക്ഷികൾ തന്നു/ അല്ലിത്താമര പിഞ്ചിളം തളിരുകൾ/ അനസൂയ വിരിച്ചുതന്നു –കിടക്കാൻ/ അനസൂയ വിരിച്ചുതന്നു...’’

‘‘വീണപൂവേ...’’ എന്ന ഗാനവും ‘‘അഷ്ടപദിയിലെ നായികേ’’ എന്ന ഗാനവുമാണ് കാലത്തെ അതിജീവിച്ചത്.

‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’ എന്ന ചിത്രം മികച്ച സിനിമ എന്ന പേര് നേടി. 1974 ഫെബ്രുവരി 22ന് ചിത്രം തിയറ്ററുകളിലെത്തി.

അതുവരെ മലയാള സിനിമയിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായി പ്രവർത്തിച്ചിരുന്ന ശ്രീകുമാരൻ തമ്പി നിർമാതാവും സംവിധായകനുമായി മാറിയതും ഈ കാലഘട്ടത്തിലാണ്. 1974 മാർച്ച് ഒന്നിന് തിയറ്ററുകളിൽ എത്തിയ ‘ചന്ദ്രകാന്തം’ ആണ് ശ്രീകുമാരൻ തമ്പി സംവിധാനംചെയ്ത ആദ്യചിത്രം. ‘കാക്കത്തമ്പുരാട്ടി’ എന്ന സിനിമയുടെ രണ്ടു നിർമാതാക്കളിൽ ഒരാളായ ബേബിയും ശ്രീകുമാരൻ തമ്പിയും ചേർന്നാണ് സിനിമ നിർമിച്ചത്.

കവികളായ രണ്ടു സഹോദരന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘ചന്ദ്രകാന്ത’ത്തിൽ രണ്ടുപേരെയും അവതരിപ്പിച്ചത് പ്രേംനസീർ ആണ്. ജയഭാരതി നായികയായി. ടി.എസ്. മുത്തയ്യ, അടൂർ ഭാസി, സുമിത്ര, ശങ്കരാടി, ബഹദൂർ, ടി.ആർ. ഓമന, ബേബി സുമതി, മൂന്നുവയസ്സുകാരനായ മാസ്റ്റർ രാജകുമാരൻ തമ്പി തുടങ്ങിയവർ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. എം.എസ്. വിശ്വനാഥൻ സംഗീതസംവിധായകനായി.

യേശുദാസ്, ജയചന്ദ്രൻ, എസ്. ജാനകി, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം സംഗീതസംവിധായകൻ എം.എസ്. വിശ്വനാഥനും ഗാനങ്ങൾ ആലപിച്ചു. പി. ഭാസ്കരനും ശ്രീകുമാരൻ തമ്പിയും എഴുതിയ ചില കാവ്യശകലങ്ങളും ‘ചന്ദ്രകാന്ത’ത്തിൽ ഉൾപ്പെടുത്തിയിരുന്നു. എസ്. ജാനകി പാടിയ ‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി തെന്നലായ് മാറി...’’ എന്ന ഗാനം ചിത്രത്തിൽ യേശുദാസിന്റെ ശബ്ദത്തിലും ആവർത്തിക്കുന്നുണ്ട്.

 

‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊ-/രാവണി തെന്നലായ് മാറി/ ആയിരം ഉന്മാദ രാത്രികൾ തൻ ഗന്ധം/ ആത്മദളത്തിൽ തുളുമ്പി/ ആത്മദളത്തിൽ തുളുമ്പി.../ നീയുറങ്ങുന്ന നിരാലംബശയ്യയിൽ/നിർന്നിദ്രമീ ഞാനൊഴുകി/ രാഗപരാഗമുലർത്തുമാ തേൻചൊടി- /പ്പൂവിലെൻ നാദം മെഴുകി/ അറിയാതെ... നീയറിയാതെ...’’

എന്നു തുടങ്ങുന്ന ഈ ഗാനം എം.എസ്. വിശ്വനാഥൻ ‘യമൻ’ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കല്യാണി രാഗത്തിനു സമാനമായി ഹിന്ദുസ്ഥാനി സമ്പ്രദായത്തിൽ ഉപയോഗിക്കുന്ന രാഗമാണ് യമൻ. യേശുദാസ് പാടിയ ഹംസധ്വനി രാഗത്തിലുള്ള ‘‘പുഷ്‌പാഭരണം വസന്തദേവന്റെ തിരുവാഭരണം...’’ എന്ന ഗാനവും പ്രശസ്തി നേടി.

‘‘പുഷ്‌പാഭരണം... തിരുവാഭരണം/ പുഷ്‌പാഭരണം/ പുഷ്‌പാഭരണം വസന്തദേവന്റെ/ തിരുവാഭരണം/ പുൽക്കൊടി തോറും പുതുമഞ്ഞുരുകിയ/ രത്നാഭരണം/ കവിയുടെ കരളിൽ കവിതാമലരാം/ കനകാഭരണം’’ എന്നിങ്ങനെ പല്ലവി.

യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘സ്വർഗമെന്ന കാനനത്തിൽ’’ എന്നു തുടങ്ങുന്നു. ചക്രവാകം എന്ന രാഗത്തിൽ മലയാള സിനിമയിൽ വന്നിട്ടുള്ള ശ്രദ്ധേയ ഗാനങ്ങളിൽ ഒന്നാണിത്.

‘‘സ്വർഗമെന്ന കാനനത്തിൽ/സ്വർണമുഖീനദിക്കരയിൽ/സ്വപ്നമായീ വാഴുന്നു ഞാൻ/സുഖമറിയാതെ... സുഖമറിയാതെ/കൽപന തൻ കണ്ണുനീരിൽ/സ്‌മരണ തൻ ഗദ്ഗദത്തിൽ/വ്യർഥമിന്നും പാടുന്നു ഞാൻ/ ശ്രുതിയറിയാതെ... ശ്രുതിയറിയാതെ...’’

പി. ജയചന്ദ്രൻ പാടിയ കാപ്പി രാഗത്തിലുള്ള താരാട്ടും വളരെ പ്രശസ്തംതന്നെ. ഈ താരാട്ടിനും ഒരു പ്രത്യേകതയുണ്ട്. ഇത് ഭാര്യയെ ഉറക്കാൻ ഭർത്താവ് പാടുന്ന താരാട്ടാണ്.

‘‘രാജീവനയനേ നീയുറങ്ങൂ/ രാഗവിലോലേ നീയുറങ്ങൂ/ ആയിരം ചുംബനസ്മൃതി സുമങ്ങൾ/ അധരത്തിൽ ചാർത്തി നീയുറങ്ങൂ/ അധരത്തിൽ ചാർത്തി നീയുറങ്ങൂ...’’ എന്നിങ്ങനെ തുടങ്ങുന്ന പാട്ടും സൂപ്പർഹിറ്റ് ആണ്.

ബ്രഹ്മാനന്ദൻ പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘ചിരിക്കുമ്പോൾ നീയൊരു സൂര്യകാന്തി/ കരയുമ്പോൾ നീയൊരു കതിരാമ്പൽ/ഉറങ്ങുമ്പോൾ എൻ പ്രിയ രാത്രിഗന്ധി/ ഉണരുമ്പോൾ ഓമന ഉഷാമലരി...’’

എം.എസ്. വിശ്വനാഥൻ ആലപിച്ച ‘‘ഹൃദയവാഹിനീ ഒഴുകുന്നു നീ...’’ എന്ന ഗാനവും ഇപ്പോഴും ഓർമിക്കപ്പെടുന്ന ഗാനമാണ്.

‘‘ഹൃദയവാഹിനീ ഒഴുകുന്നു നീ/മധുരസ്നേഹ തരംഗിണിയായ്/മധുരസ്നേഹ തരംഗിണിയായ്/കാലമാമാകാശഗോപുര നിഴലിൽ/കൽപന തൻ കളകാഞ്ചികൾ ചിന്തി...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘അച്ഛനാം മേരുവിൽ നീയുത്ഭവിച്ചു/അമ്മയാം താഴ്വര തന്നിൽ വളർന്നു.../അടുത്ത തലമുറ കടലായിരമ്പി/ആവേശമാർന്നു നീ തുള്ളിത്തുളുമ്പി/മുന്നോട്ട് മുന്നോട്ട് സ്നേഹപ്രവാഹിനി മുന്നോട്ട്/മുന്നോട്ട്...’’

എം.എസ്. വിശ്വനാഥൻ പാടിയ രണ്ടാമത്തെ ഗാനം ‘‘പ്രഭാതമല്ലോ നീ’’ എന്നു തുടങ്ങുന്നു: ‘‘പ്രഭാതമല്ലോ നീ ത്രിസന്ധ്യയല്ലോ ഞാൻ/ പ്രഭാതമല്ലോ നീ/ ഒരു വർണം നമുക്കൊരു സ്വപ്നം/ഒരു ഭാവം നമുക്കൊരു ഗന്ധം...’’ ശ്രീകുമാരൻ തമ്പി എഴുതിയ കാവ്യശകലങ്ങൾ

 

യേശുദാസ്, പി. ജയചന്ദ്രൻ

ഒന്ന്,

‘‘സുവർണ മേഘ സുഹാസിനി പാടി/ സുന്ദര സന്ധ്യാരാഗം/ചിത്രാംബരമാ മൂകസംഗീതം/നിശ്ചല ചിത്രങ്ങളാക്കി/സംഗീതം ഉറഞ്ഞപ്പോൾ ചിത്രങ്ങളായെന്നു/ സാഗരവീണകൾ പാടി.’’

രണ്ട്,

‘‘നിൻ പ്രേമഗാനത്തിൻ താരാപഥത്തിലെ/ വെൺമേഘമായി ഞാൻ നീന്തിടുന്നു/ ആ രാഗ നക്ഷത്ര നൂപുരശോഭയിൽ/ആത്മാവിൽ ഹർഷം വിതുമ്പിടുന്നു.’’

മൂന്ന്,

‘‘മഴമേഘമൊരു ദിനം മന്ദഹസിച്ചു/ മഴവില്ലെന്നതിനെ ലോകം വിളിച്ചു/ മരുഭൂമിയതു കണ്ടു മന്ദഹസിച്ചു/ മധുരമാ ഹാസം മരീചികയായി.’’

നാല്,

‘‘എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകൾക്കുള്ളിൽ/ മഞ്ഞുതുള്ളിയായെന്റെ കണ്ണുനീർക്കണം കാണും.’’

പി. ഭാസ്കരന്റെ പ്രശസ്തമായ കാവ്യശകലവും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ‘‘പുണരാനാഞ്ഞെത്തീടും ഓരോരോ തിരയെയും/അണച്ച് മാറിൽ ചേർക്കേ മന്ത്രിപ്പൂ മണൽതീരം/‘മറക്കില്ലൊരു നാളും’ -കഷ്ടമാ കള്ളം കേട്ട്/ ചിരിപ്പൂ കടൽക്കാറ്റ്‌, കണ്ണുപൊത്തുന്നൂ താരം.’’

പി. ഭാസ്കരന്റെ ‘ഓർക്കുക വല്ലപ്പോഴും’ എന്ന പ്രശസ്ത കവിതയിലെ വരികളാണിവ, ജ്യേഷ്ഠാനുജന്മാരായ രണ്ട് കവികളുടെ കഥയാണ് ‘ചന്ദ്രകാന്തം’. കവിതകൾ വിറ്റ് പ്രശസ്തനായ ജ്യേഷ്ഠന്റെ കവിതകൾ ബ്ലാക്ക് ആൻഡ് വൈറ്റിലും കവിതകൾ മനസ്സിൽ മാത്രം സൂക്ഷിക്കുന്ന അനുജന്റെ കവിതകൾ കളറിലുമാണ് കാണിച്ചിട്ടുള്ളത്. ഈ കാവ്യശകലങ്ങൾ എല്ലാം വർണത്തിലാണ് കാണിക്കുന്നത്. അതായത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ അവിടവിടെയായി കളർ വരും. എന്നാൽ, നിർഭാഗ്യവശാൽ ഇപ്പോൾ യൂട്യൂബിലുള്ള ചിത്രത്തിൽ കളർഷോട്ടുകൾ ഇല്ല. ഫിലിം സെന്റർ ലബോറട്ടറിയിൽ സൂക്ഷിച്ചിരുന്ന കളർ ഫിലിം നെഗറ്റിവ് നഷ്ടപ്പെട്ടതാണ് കാരണം.

1974 മാർച്ച് ഒന്നിന് ‘ചന്ദ്രകാന്തം’ പുറത്തുവന്നു. മാധ്യമങ്ങൾ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെങ്കിലും സിനിമ സാമ്പത്തികവിജയം നേടിയില്ല. ചിത്രത്തിന് രണ്ട് സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീതസംവിധായകൻ -എം.എസ്. വിശ്വനാഥൻ. മികച്ച ഗായിക എസ്. ജാനകി (ഗാനം -ആ നിമിഷത്തിന്റെ നിർവൃതിയിൽ).

‘ചന്ദ്രകാന്തം’ വെളിച്ചം കണ്ട 1974 മാർച്ച് ഒന്നിനു തന്നെയാണ് എം. കൃഷ്ണൻ നായർ സംവിധാനം നിർവഹിച്ച ‘സുപ്രഭാതം’ എന്ന ചിത്രവും റിലീസ് ചെയ്തത്. തമിഴ് നിർമാതാവ് എ.എൽ. ശ്രീനിവാസൻ എ.എൽ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിന് തോപ്പിൽ ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. പ്രേംനസീർ, വിൻസെന്റ്, സുധീർ, മഞ്ജുള, ഉഷാകുമാരി, തിക്കുറിശ്ശി, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, സാധന തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി. ചിത്രത്തിൽ ആകെ ആറു പാട്ടുകൾ ഉണ്ടായിരുന്നു. ഒരു ഗാനം ആവർത്തനമാണ്. പി. ജയചന്ദ്രനും മാധുരിയും പാടിയ ‘‘ഇന്ദീവരങ്ങൾ പൂത്തു’’ എന്ന് തുടങ്ങുന്ന ഗാനമാണ് പി. മാധുരിയുടെ മാത്രം നാദത്തിൽ ആവർത്തിക്കപ്പെടുന്നത്.

 

എസ്. ജാനകി,കെ.പി. ബ്രഹ്മാനന്ദൻ

‘‘ഇന്ദീവരങ്ങൾ പൂത്തു/പൂമണമിവിടെ പൊഴിയുകയോ.../ഇന്ദിന്ദിരങ്ങൾ പുഷ്പരാഗച്ചിപ്പി തുറക്കുകയോ/ ഇന്ദ്രിയമഞ്ചിലുമേതോ/ സ്വപ്നസുഗന്ധം വന്നു നിറയുകയോ.../എന്നിൽ നീയൊരു ചന്ദനലതയായ്/പുൽകി പടരുകയോ...’’ എന്നിങ്ങനെ പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘പാമ്പിൻകാവില് പാലപ്പൂവിലും/മധുരസം തുളുമ്പും വൈശാഖം/പനിനീർപന്തലിൽ മാരനു നൽകാൻ/ മധുരസമൊരുക്കും വൈശാഖം/നീയതിലൊരു പൂവല്ലേ -എന്റെ/നീലാംബുജമല്ലേ.../ ചൂടിക്കൂ ചൂടിക്കൂ -നിന്റെ/യൗവന മധുമഞ്ജരിയിലെ രോമാഞ്ചം.../ രോമാഞ്ചം.’’

ഈ ഗാനം മാധുരി മാത്രം പാടുമ്പോൾ രണ്ടാമത്തെ ചരണത്തിൽ വരികൾ മാറുന്നുണ്ട്. ജയചന്ദ്രൻ പാടുന്ന മറ്റൊരു ഗാനം ‘‘തുടിയ്ക്കൂ ഹൃദയമേ തുടിയ്ക്കൂ’’ എന്നാരംഭിക്കുന്നു.

‘‘തുടിയ്ക്കൂ ഹൃദയമേ തുടിയ്ക്കൂ/തുടുക്കൂ യുവത്വമേ തുടുക്കൂ/തുടുതുടു തുടെയൊരു പുതുവർഷപ്പൂ/വിടരുന്നു... പൂ വിടരുന്നു/മറന്നുപോയൊരു ദാഹംപോലെ/ മരിച്ചുപോയൊരു സ്വപ്നം പോലെ/ കഴിഞ്ഞ വർഷം മനസ്സിൽ കൊഴിഞ്ഞുവീഴുന്നു/ പുതിയ വികാരങ്ങൾ അവയുടെ മീതേ/ പൂപ്പന്തുരുട്ടുന്നു/ ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ.../ ഹാപ്പി ഹാപ്പി ന്യൂ ഇയർ.’’

യേശുദാസ് പാടിയ ‘‘മിണ്ടാപ്പെണ്ണേ...’’ എന്ന ഗാനമാണ് അടുത്തത്. ‘‘മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം/മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം /കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ/ കിണ്ടാണ്ടം കിറു കിണ്ടാണ്ടം/ കിണ്ടാണ്ടം.’’

തികച്ചും വ്യത്യസ്തം എന്നു പറയാവുന്ന ഈ ഗാനം ഇങ്ങനെ തുടരുന്നു: ‘‘ചെണ്ടേം കൊട്ടി ചെപ്പുകിലുക്കി... ചന്തേ പോകാം/കപ്പലണ്ടീം കണ്ണംപൂവും കടയോടെ കൊണ്ടുവരാം/മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...’’

മാധുരി പാടിയ ‘‘മദ്യമോ ചുവന്ന രക്തമോ...’’ എന്നു തുടങ്ങുന്ന ഗാനം ഒരു മദാലസ നൃത്തഗാനത്തിന്റെ സ്വഭാവമുള്ളതാണ്.

‘‘മദ്യമോ ചുവന്ന രക്തമോ/മനസ്സിൽ പതഞ്ഞു പതഞ്ഞുവരും/ മാദകവികാരമോ.../പകരൂ ഞരമ്പിലേക്കതു പകരൂ/ മദ്യമോ ചുവന്ന രക്തമോ...’’

ആദ്യചരണം ഇങ്ങനെ: ‘‘സ്വർണനൂൽകൊണ്ട് സ്വീറ്റ്ഡ്രീംസ് എഴുതിയോ-/രന്നത്തൂവൽ തലയിണകൾ/കൈകൊണ്ടു ഞെക്കി ഞെരുക്കും/കാമചാപല്യമേ/എനിക്കതു കാണുമ്പോൾ/ എന്തെന്നില്ലാത്തൊരാവേശം... ആവേശം.’’

 

വയലാർ,എം.എസ്. വിശ്വനാഥൻ

മാധുരിയും ലതാരാജുവും ചേർന്നു പാടിയ ഒരു കുട്ടിപ്പാട്ടും ‘സുപ്രഭാത’ത്തിലുണ്ട്. ‘‘ചൊല്ലു പപ്പാ ചൊല്ലു പപ്പാ ചൊല്ല്‌/ ചൊല്ലു മമ്മീ ചൊല്ലു മമ്മീ ചൊല്ല്‌/ പപ്പയ്ക്ക് മമ്മിയോടോ സ്നേഹം സ്നേഹം... മമ്മിയ്ക്കു പപ്പയോടോ സ്നേഹം സ്നേഹം.../ ചൊല്ലു പപ്പാ ചൊല്ലു പപ്പാ ചൊല്ല്‌.’’

ഗാനം ഇങ്ങനെ തുടരുന്നു: ‘‘മമ്മിയുടെ നീലമുടിക്കെട്ടിൽ പപ്പാ/മല്ലികപ്പൂ നുള്ളി നുള്ളിയെറിഞ്ഞു/പപ്പാ ഞാനും കണ്ടു മമ്മീ ഞാനും കണ്ടു/ പൂത്തിലഞ്ഞിച്ചോട്ടിൽ തൊട്ടു തൊട്ടു തൊട്ടിരുന്ന്/ മൂളിപ്പാട്ട് പാടിയതും ഞങ്ങളറിഞ്ഞു.’’

വയലാർ-ദേവരാജൻ ടീമിൽനിന്ന് ആസ്വാദകർ പ്രതീക്ഷിക്കുന്ന സൂപ്പർഹിറ്റ് ഗാനങ്ങൾ ‘സുപ്രഭാത’ത്തിൽ ഉണ്ടായിരുന്നില്ല. ‘സുപ്രഭാതം’ എന്ന സിനിമയും സാമ്പത്തികവിജയം നേടിയില്ല.

(തുടരും)

News Summary - weekly sangeetha yathrakal