സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു
കുട്ടിക്കാലത്ത് ബേബി വിനോദിനി എന്ന പേരിൽ ചില മലയാള സിനിമകളിൽ വിനോദിനി അഭിനയിച്ചിരുന്നു, ബാലനടൻ കമൽഹാസന്റെ അനുജത്തിയായി ആ കുട്ടി അഭിനയിച്ച ‘കണ്ണും കരളും’ എന്ന ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. ബാല്യകാലം കഴിഞ്ഞതിനുശേഷം വിനോദിനി അഭിനയം തുടർന്നില്ല. ഗുരു ഗോപിനാഥുമായി സുദീർഘമായ അടുപ്പം പി. സുബ്രഹ്മണ്യത്തിന് ഉണ്ടായിരുന്നതിനാലും അഭിനയിക്കുന്നത് ദേവിയായിട്ടാണ് എന്ന കാരണത്താലും മാത്രം മാതാപിതാക്കൾ മകൾ വീണ്ടും...
Your Subscription Supports Independent Journalism
View Plansകുട്ടിക്കാലത്ത് ബേബി വിനോദിനി എന്ന പേരിൽ ചില മലയാള സിനിമകളിൽ വിനോദിനി അഭിനയിച്ചിരുന്നു, ബാലനടൻ കമൽഹാസന്റെ അനുജത്തിയായി ആ കുട്ടി അഭിനയിച്ച ‘കണ്ണും കരളും’ എന്ന ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. ബാല്യകാലം കഴിഞ്ഞതിനുശേഷം വിനോദിനി അഭിനയം തുടർന്നില്ല. ഗുരു ഗോപിനാഥുമായി സുദീർഘമായ അടുപ്പം പി. സുബ്രഹ്മണ്യത്തിന് ഉണ്ടായിരുന്നതിനാലും അഭിനയിക്കുന്നത് ദേവിയായിട്ടാണ് എന്ന കാരണത്താലും മാത്രം മാതാപിതാക്കൾ മകൾ വീണ്ടും അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു എന്നതാണ് സത്യം -സംഗീതയാത്ര തുടരുന്നു.
മലയാളത്തിൽ പുരാണ ചിത്രങ്ങൾ നിർമിക്കുന്നതിൽ എന്നും പ്രഥമസ്ഥാനത്തു നിന്നിട്ടുള്ളത് സ്റ്റുഡിയോ ഉടമയും സംവിധായക നിർമാതാവുമായ പി. സുബ്രഹ്മണ്യം ആണെന്നറിയാമല്ലോ. അദ്ദേഹം മെറിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ‘ദേവി കന്യാകുമാരി’ എന്ന ചിത്രവും വമ്പിച്ച ജനപ്രീതി നേടിയെടുക്കുകയുണ്ടായി. ദേവിയായി അഭിനയിക്കാൻ സിനിമാരംഗത്തു സ്ഥിരമായി നിൽക്കുന്ന ഒരു നടി പാടില്ല എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം ദേവിയായി വരുന്ന സ്ത്രീ അതീവസുന്ദരിയും അവരുടെ ചലനങ്ങൾ ഒരേസമയം ശാലീനതയും ഗാംഭീര്യവും തുളുമ്പുന്നതുമായിരിക്കണം. അന്വേഷണങ്ങൾക്കൊടുവിൽ നൃത്തഗുരുവായ ഗോപിനാഥിന്റെയും നർത്തകി തങ്കമണിയുടെയും ഇളയമകളായ വിനോദിനിയാണ് ദേവിയാകാൻ തിരഞ്ഞെടുക്കപ്പെട്ടത്. കുട്ടിക്കാലത്ത് ബേബി വിനോദിനി എന്ന പേരിൽ ചില മലയാള സിനിമകളിൽ വിനോദിനി അഭിനയിച്ചിരുന്നു, ബാലനടൻ കമൽഹാസന്റെ അനുജത്തിയായി ആ കുട്ടി അഭിനയിച്ച ‘കണ്ണും കരളും’ എന്ന ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. ബാല്യകാലം കഴിഞ്ഞതിനുശേഷം വിനോദിനി അഭിനയം തുടർന്നില്ല.
ഗുരു ഗോപിനാഥുമായി സുദീർഘമായ അടുപ്പം പി. സുബ്രഹ്മണ്യത്തിന് ഉണ്ടായിരുന്നതിനാലും അഭിനയിക്കുന്നത് ദേവിയായിട്ടാണ് എന്ന കാരണത്താലും മാത്രം മാതാപിതാക്കൾ മകൾ വീണ്ടും അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു എന്നതാണ് സത്യം. ഏതായാലും ദേവിയായി വിനോദിനി പ്രത്യക്ഷപ്പെട്ടത് തികച്ചും ഉചിതമായി എന്നു പറയാം. ജമിനി ഗണേശൻ, കാന്താറാവു, രാഘവൻ, ഉണ്ണിമേരി, റാണി ചന്ദ്ര, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജശ്രീ, കവിയൂർ പൊന്നമ്മ, മഞ്ജു ഭാർഗവി, ശാന്തി, ശുഭ, ആറന്മുള പൊന്നമ്മ, അടൂർ ഭവാനി, പി.കെ. എബ്രഹാം, ടി.കെ. ബാലചന്ദ്രൻ, എൻ. ഗോവിന്ദൻ കുട്ടി, എസ്.പി. പിള്ള, കെടാമംഗലം സദാനന്ദൻ, വഞ്ചിയൂർ മാധവൻ നായർ, പ്രേമ, ആനന്ദവല്ലി തുടങ്ങി ഒരു വൻതാരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചു. ചിത്രം തമിഴിലേക്കും തെലുഗുവിലേക്കും മൊഴിമാറ്റം നടത്തി. ജമിനി ഗണേശൻ, കാന്താറാവു, മഞ്ജു ഭാർഗവി, രാജശ്രീ തുടങ്ങിയവരുടെ സാന്നിധ്യം ഇതിനു സഹായകമായി. നാഗവള്ളി ആർ.എസ്. കുറുപ്പ് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കിയത്. വയലാറിന്റെ ഗാനരചനയും ദേവരാജന്റെ സംഗീതസംവിധാനവും ഉന്നതനിലവാരം പുലർത്തി. സിനിമയുടെ സ്വഭാവമനുസരിച്ച് സംഗീതമൊരുക്കുന്നതിൽ അവർക്കുള്ള പാടവം പ്രസിദ്ധമാണല്ലോ. യേശുദാസും സംഘവും പാടിയ ‘‘ദേവീ കന്യാകുമാരീ...’’ എന്നാരംഭിക്കുന്ന പ്രമേയഗാനംതന്നെ ഭക്തിനിർഭരമാണ്.
‘‘ഓം... ദേവീ... ആ... കന്യാകുമാരീ/ ആ... ആ.../ പ്രസീദ പ്രത്യക്ഷ മാഹേശ്വരീ/ ദേവീ കന്യാകുമാരീ.../ സന്ധ്യക്കു ദേവീസഹസ്രനാമം ചൊല്ലും/ സംസാരസാഗരത്തിരകൾ/ ഈറനുടുത്തു വന്നു കലശമാടും/ ഹിമഗിരിനന്ദിനീരൂപം/ മതിലഞ്ചും കടന്നെത്തുന്ന ഞങ്ങൾക്ക്/ മനസ്സിൽ പതിയേണം/ മായേ മഹാമായേ...’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം ചിത്രത്തിന്റെ ഭാവതലം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നു. യേശുദാസ് തന്നെ ആലപിച്ച ‘‘ശക്തിമയം ശിവശക്തിമയം’’' എന്നു തുടങ്ങുന്ന ഗാനം വളരെ പ്രശസ്തമാണ്.
‘‘ശക്തിമയം ശിവശക്തിമയം/ ഭക്തിമയം ഭുവനം ബ്രഹ്മമയം/ശക്തിമയം ശിവശക്തിമയം’’ എന്ന പല്ലവിയെ തുടർന്നു വരുന്ന ചരണം വിടർത്തുന്ന കാവ്യഭംഗി ശ്രദ്ധേയം.
‘‘കോടി സൂര്യപ്രഭ വിടർത്തി/ കാരണജലധിത്തിരയുണർത്തി / ആഗമനിഗമപ്രണവബീജത്തിൽ നി- / ന്നാദിപരാശക്തി അവതരിച്ചു.../ചിന്മയീ സച്ചിന്മയീ/ സൃഷ്ടിസ്ഥിതിലയ രൂപമയീ/ നിത്യവരാഭവഭാവമയീ/ പാലയമാം പാലയമാം പാലയമാം/ പാർവണേന്ദു ഭാസുരേന്ദുവദനേ...’’
ഈ ഗാനത്തിന്റെ രണ്ടാം ചരണവും ഉജ്ജ്വലം തന്നെ. ‘ദേവി കന്യാകുമാരി’യിലെ പാട്ടുകളിൽ മാധുരി പാടിയ ‘‘കണ്ണാ...ആലിലക്കണ്ണാ...’’ എന്ന പാട്ടാണ് സൂപ്പർഹിറ്റ് ആയത്.
‘‘കണ്ണാ ആലിലക്കണ്ണാ/ പാലാഴിത്തിരയിലൊഴുകും/ ആലിലക്കണ്ണാ/ ഞാനൊരു കന്നിമുക്കുവപ്പെണ്ണ് -എന്റെ/ തോണിയിലെ പൊന്നു വേണോ പൊന്ന്...’’ എന്ന പല്ലവിയുടെ ഈണവും വരികൾപോലെ ഹൃദയാവർജകം.
ആദ്യചരണം ഇങ്ങനെ: ‘‘നീ പണ്ടൊരു പൂത്തിമിംഗലമായി-അന്നു/ നിന്റെ യൗവനം തുഴഞ്ഞുവന്ന നീരാഴി/ അന്നെന്റെ ചൂണ്ടയിൽ നീ കൊത്തി -നിന്റെ/ പൊന്നല്ലിചിറകു കൊണ്ടെൻ കണ്ണു പൊത്തി/ നീന്തി വാ -നിന്റെ പൊക്കിൾത്താമരപ്പൂ എനിക്കു താ...’’ അടുത്ത ചരണം ‘‘നീ പണ്ടൊരു മുനികുമാരനായി വന്നു...’’ എന്നു തുടങ്ങുന്നു.
പി. സുശീല പാടിയ ‘‘നീലാംബുജാക്ഷിമാരേ...’’ എന്നു തുടങ്ങുന്ന ഗാനവും മികച്ചതാണ്. ‘‘നീലാംബുജാക്ഷിമാരേ സഖിമാരെ നിങ്ങൾക്കൊരു/ കേളീമണ്ഡപം തീർത്തൂ ഞാൻ/ കൈകൊട്ടി കൈകൊട്ടി കളിക്കാം അവിടെ/ കളഭപ്പൂഞ്ചോലയിൽ കുളിക്കാം...’’ എന്ന പല്ലവി പ്രസാദമധുരമാണ്.
പി. ജയചന്ദ്രൻ, മാധുരി, സെൽമാ ജോർജ് എന്നിവർ ചേർന്നു പാടിയ ‘‘ജഗദീശ്വരീ ജയജഗദീശ്വരീ...’’ എന്നാരംഭിക്കുന്ന ഗാനമാണ് അടുത്തത്. ‘‘ജഗദീശ്വരീ ജയജഗദീശ്വരീ/ ജഗദീശ്വരീ ജയജഗദീശ്വരീ -ചന്ദ്ര/ ക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ/ ജഗദീശ്വരീ ജയജഗദീശ്വരീ/ കനിയുക നീ ദേവീ... കനിയുക നീ ദേവീ /ദേവീ ദേവീ ദേവീ.../ പാടുന്നതവിടുത്തെ തിരുനാമങ്ങൾ -ഞങ്ങൾ/ തേടുന്നതവിടത്തെ തൃപ്പാദങ്ങൾ/ കത്തുന്ന ഞങ്ങൾ തൻ ഹൃദയങ്ങൾ ദേവീ നിൻ/ കർപ്പൂരക്കിണ്ണങ്ങൾ... കർപ്പൂരക്കിണ്ണങ്ങൾ...’’ എന്നിങ്ങനെ ഭക്തിനിർഭരമായി തന്നെ ഒഴുകുന്നു ഈ ഗാനവും.
മാധുരി തനിച്ചു പാടിയ മറ്റൊര് പാട്ട് ‘‘ശുചീന്ദ്രനാഥാ...’’ എന്നു തുടങ്ങുന്നു. ‘‘ശുചീന്ദ്രനാഥാ നാഥാ/ സ്വയംവര മംഗല്യ ഹാരമിതാ/ സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ/ സ്വർണരുദ്രാക്ഷ മാലയിതാ...’’ എന്നാണ് പല്ലവി.
പി.ബി. ശ്രീനിവാസും ഈ സിനിമക്കുവേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അത് ഇങ്ങനെ ആരംഭിക്കുന്നു. ‘‘ശ്രീ ഭഗവതീ ശ്രീ പരാശക്തീ കാത്തരുളേണം/ ശ്രീ കന്യാകുമാരീശ്വരീ/ പുണ്യതീർഥത്തിരകൾ യോജിക്കും/ സംഗമസ്ഥാനം/ ധന്യമാക്കി നിൻ അവതാരം...’’ ഈ ഗാനത്തിൽ ഇടക്ക് ഗദ്യവും വരുന്നുണ്ട് . ഒരു കഥാപ്രസംഗശൈലിയെന്ന് പറയാം.
ലോകാരംഭം മുതൽക്കേ തുടങ്ങിയതാണ് ആസുരശക്തിയും ദൈവികശക്തിയും തമ്മിലുള്ള സംഘട്ടനം. പണ്ട് ദ്വാപരയുഗാരംഭത്തിൽ ബാണാസുരൻ പോയി ബ്രഹ്മദേവനെ തപസ്സിരുന്നു പ്രത്യക്ഷമാക്കി... എന്നിങ്ങനെ ഗദ്യഭാഗം തുടങ്ങുന്നു. എൽ.ആർ.ഈശ്വരി ആലപിച്ച മാദകഭാവമുള്ള ഒരു പാട്ടും ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തിലുണ്ട്.
‘‘മധുചഷകം മധുചഷകം’’ എന്നു തുടങ്ങുന്ന ഒരു നൃത്തഗാനം.
‘‘മധുചഷകം മധുചഷകം/ ഇതു നുകരൂ നുകരൂ നുകരൂ/ സ്വർഗസഭാതല നർത്തകി ഞാൻ/ സ്വപ്നവിഹാരിണി ഞാൻ/ കൽപക പൊയ്കയിൽ നീരാടി വരും/ കാമദേവത ഞാൻ...’’
‘‘ഓം കാ ത്വം ശുഭേ ശിവകരേ...’’ എന്നു തുടങ്ങുന്ന ഒരു സംസ്കൃത ശ്ലോകവും ചിത്രത്തിലുണ്ട്. ഇത് അശ്വതി തിരുനാൾ മഹാരാജാവ് രചിച്ചതാണെന്നാണ് വിശ്വാസം. 1974 ആഗസ്റ്റ് 30ന് ‘ദേവി കന്യാകുമാരി’ എന്ന ചിത്രം തിയറ്ററുകളിൽ എത്തി. ‘ദേവി കന്യാകുമാരി’ നല്ല പ്രദർശനവിജയം നേടി. ചിത്രം തെലുഗുവിലേക്കും തമിഴിലേക്കും ഡബ് ചെയ്യപ്പെട്ടു.
സി.പി. ശ്രീധരൻ, പി. അപ്പുനായർ എന്നിവർ ചേർന്ന് യുനൈറ്റഡ് മൂവീസിന്റെ ബാനറിൽ നിർമിച്ച ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന ചിത്രം ക്രോസ് ബെൽറ്റ് മണിയാണ് സംവിധാനംചെയ്തത്. വിനോദത്തിനു പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഡോ. ബാലകൃഷ്ണൻ എഴുതി. വയലാറിന്റെ പാട്ടുകൾക്ക് ആർ.കെ. ശേഖർ ഈണം പകർന്നു. കെ.പി. ഉമ്മർ, വിൻെസന്റ്, സുമിത്ര, രാജകോകില, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, മീന, ശ്രീലത, പറവൂർ ഭരതൻ, ആലുമ്മൂടൻ, മണവാളൻ ജോസഫ്, കെ.പി.എ.സിസണ്ണി, നിലമ്പൂർ ബാലൻ, വെട്ടൂർ പുരുഷൻ, കോട്ടയം ശാന്ത തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നു.
ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കാലത്തെ അതിജീവിക്കുന്ന നിലവാരത്തിൽ ഒരു പാട്ടും എത്തിയില്ല. യേശുദാസ് പാടിയ ‘‘സുമുഖീ സുന്ദരീ സുഹാസിനീ...’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പല്ലവി വളരെ വളരെ ലളിതം. ഹാസ്യത്തിനു പ്രാധാന്യമുള്ള ചിത്രമായതുകൊണ്ടാവാം ലളിതവും വ്യത്യസ്തവുമായ രീതിയിൽ വയലാർ ഗാനങ്ങൾ രചിച്ചത്.
‘‘സുമുഖീ സുന്ദരീ സുഹാസിനീ/ ഒരു നിമിഷം നിൽക്കൂ -എന്നെ/ വികാരംകൊണ്ടു നിറയ്ക്കാൻ/ ഒന്നു ചിരിക്കൂ... ഒന്നു ചിരിക്കൂ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘പരിഭവമോ ഇത് ലജ്ജയോ ഒരു/ പ്രണയകലഹമോ/ ഇതു കാളിന്ദി നദിയോ നിങ്ങൾ/ യദുകുലകന്യകമാരോ/ ഞാൻ ശ്രീകൃഷ്ണനോ -ഇതു/ രാധാമാധവരാജമനോഹര രാസക്രീഡയോ..?’’ യേശുദാസ് സംഘവുമൊത്തു പാടിയ ‘‘വൃന്ദാവനം ഇതു വൃന്ദാവനം/ ചന്ദ്രശിലാ കന്യകമാർ/ സ്വർണജാലക്കുട നിവർത്തും/ വൃന്ദാവനം ഇതു വൃന്ദാവനം/ മണ്ണിന്റെ മടിയികൾ നിന്നു/ പൊന്നുരുവികൾ ഓടിവരും വൃന്ദാവനം.’’ ആദ്യചരണം ഇങ്ങനെ: ‘‘പ്രേമകലയിൽ ബിരുദം നേടിയ ഹൈമവതീ -നിന്റെ/ കാതിലീ പൂക്കൾ ചൊല്ലിയതേത് രഹസ്യം/ പുഷ്പദലക്കുമ്പിളുമായ് പാൽപുഴയിൽ നീരാടും/ അപ്സരസ്സുകൾ പറഞ്ഞുതന്ന പ്രണയരഹസ്യം/ പ്രണയരഹസ്യം/ ഞാനതു കേട്ടൂ സഖീ ഞാനതു കേട്ടൂ/ നാണം കൊണ്ടടിമുടി ഞാൻ പൂത്തു തളിർത്തു...’’
ബ്രഹ്മാനന്ദൻ പാടിയ രണ്ടു ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ടായിരുന്നു. ‘‘പാഹി ജഗദംബികേ...’’ എന്നു തുടങ്ങുന്ന പ്രാർഥനാഗാനം ഭേദപ്പെട്ടതാണ്.
‘‘പാഹി ജഗദംബികേ/ പാഹി പുരഹരദേവതേ അംബ/ പാഹി ജഗദംബികേ/ സാംബസദാശിവകീർത്തനം പാടി/ സഹസ്രനാമങ്ങൾ പാടി -ലളിതാ/ സഹസ്രനാമങ്ങൾ പാടി/ ജന്മം മുഴുവനും ശ്രീപാദം തൊഴും/ എന്നെ അനുഗ്രഹിക്കൂ -ദേവീ/ എന്നെ അനുഗ്രഹിക്കൂ/ ചന്ദ്രചൂഡപ്രിയേ ദേവീ/ ഞങ്ങളെ അനുഗ്രഹിക്കൂ...’’
ബ്രഹ്മാനന്ദൻ പാടിയ രണ്ടാമത്തെ ഗാനം ഒരു പ്രണയഗാനമാണ്. ‘‘ചഞ്ചലമിഴി ചഞ്ചലമിഴി ചൊല്ലുമോ ചൊല്ലുമോ/ പുഞ്ചിരിയുടെ പൂഞ്ചിറകിൽ സ്വപ്നമോ പുഷ്പമോ...’’ എന്നു പല്ലവി. അനുപല്ലവി ഇങ്ങനെ:
‘‘സ്വപ്നമെങ്കിൽ എന്നെയതിൻ സുഗന്ധമാക്കൂ/ പുഷ്പമെങ്കിൽ എന്നെയതിൻ വസന്തമാക്കൂ...’’ ഈ ഗാനം ബ്രഹ്മാനന്ദൻ നന്നായി പാടിയിട്ടുണ്ട്. ചിത്രത്തിലെ ആറു ഗാനങ്ങളിൽ ജനങ്ങൾക്ക് ഏറ്റുപാടാനും ഓർമയിൽ സൂക്ഷിക്കാനും പാകത്തിലുള്ള പാട്ട് ഇതാണെന്നു പറയാം. പി. സുശീല പാടിയ ‘‘ചെണ്ടുമല്ലീ...’’ എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു: ‘‘ചെണ്ടുമല്ലീ.../ ചന്ദ്രമദം കുമ്പിളിൽ നിറയ്ക്കും/ ചെണ്ടുമല്ലീ -നിന്റെ/ ചെല്ലക്കുടിലിലും പെണ്ണ് കാണാനൊരു/ ചെറുപ്പക്കാരൻ വന്നുവോ... ചെണ്ടുമല്ലീ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘പച്ചിലക്കതകിൻ മറവിൽ നിന്നു നീ/ ലജ്ജാരഹസ്യമായ് പൂത്തുവോ.../പാതിവിടർന്ന നിൻ ഇടതു കണ്മണികൾ/ പതറിപ്പതറി തുടിച്ചുവോ -നീ/ പവിഴക്കൈനഖം കടിച്ചുവോ.../ നഖം കടിച്ചുവോ..?’’
പി. ജയചന്ദ്രൻ, കസ്തൂരി, ഗോപാലകൃഷ്ണൻ എന്നിവരുമായി ചേർന്നു പാടിയ ‘‘പച്ചനെല്ലിക്ക... പളുങ്കു നെല്ലിക്ക...’’ എന്ന് ആരംഭിക്കുന്ന ഗാനമാണ് ചിത്രത്തിലെ ആറാമത്തെ ഗാനം.
‘‘പച്ചനെല്ലിക്ക പളുങ്കു നെല്ലിക്ക നെല്ലിക്ക/ ഉച്ചക്കിറുക്കിനു തളംവെയ്ക്കാം/ പച്ചയ്ക്കു കറുമുറെ കടിച്ചു തിന്നാം/ കയ്ക്കും പിന്നെ മധുരിക്കും/ കർപ്പൂര നെല്ലിക്ക...’’ എന്ന പല്ലവിക്കു ശേഷം പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘മുച്ചീട്ടു കളിക്കണ കണ്ണ് മനസ്സിലെ മണിപ്പേഴ്സടിക്കണ കണ്ണ്/ പ്രേമാ എന്റെ പ്രേമാ/ ഈ പെണ്ണെന്റെ പടത്തിലെ ഹീറോയിനി/ എന്റെ ഹീറോയിനി/ ഒരു പോസ് ഒരു പോസ് ഒരു പോസ്/ എന്റെ തുറന്നിട്ട ക്യാമറാചില്ലിന്റെ കൺമുമ്പിൽ/ ഒരു പോസ്/ വൺ...ടൂ... ത്രീ/ ഒരു പുതുമുഖമാക്കും/ നിന്നെ ഞാൻ ഉർവശിയാക്കും...’’
തിരക്കഥാകൃത്തായ ഡോ. ബാലകൃഷ്ണന്റെയും സംവിധായകൻ ക്രോസ് ബെൽറ്റ് മണിയുടെയും നിർദേശമനുസരിച്ചായിരിക്കാം വയലാർ ഈ ഗാനങ്ങൾ രചിച്ചത്. എന്നാൽ, ഈ വിട്ടുവീഴ്ചകൊണ്ടൊന്നും ചിത്രം വ്യവസായികവിജയം നേടിയില്ല. ‘നടീനടന്മാരെ ആവശ്യമുണ്ട്’ എന്ന സിനിമ എല്ലാ രീതികളിലും ഒരു ശരാശരി ചിത്രം മാത്രമായിരുന്നു. പാട്ടുകൾക്കും ചിത്രത്തെ ഉയർത്താൻ സാധിച്ചില്ല. 1974 സെപ്റ്റംബർ ഇരുപത്തിയേഴാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്.
വയലാർ-ദേവരാജൻ ടീം ഒരുക്കിയ പാട്ടുകളിൽ ഏറ്റവും മികച്ച ഗാനമായി പലരും നിരീക്ഷിച്ചിട്ടുള്ളതാണ് ‘‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു...’’ എന്നാരംഭിക്കുന്ന ഭാവോജ്ജ്വലമായ പാട്ട്. ഈ ഗാനം ഉൾക്കൊള്ളുന്ന ‘രാജഹംസം’ എന്ന ചിത്രം ഹരിഹരനാണ് സംവിധാനംചെയ്തത്. സുപ്രിയാ ഫിലിംസ് എന്ന സ്വന്തം ബാനറിൽ ഹരിപോത്തൻ ചിത്രം നിർമിച്ചു. അതുവരെ ഹരിഹരൻ സംവിധാനംചെയ്ത ചിത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു ‘രാജഹംസം’. വിനോദ ചിത്രങ്ങൾ മാത്രമല്ല, ഗൗരവസ്വഭാവമുള്ള കഥകളും നന്നായി കൈകാര്യംചെയ്യാൻ തനിക്കു കഴിയുമെന്ന് ‘രാജഹംസ’ത്തിലൂടെ അദ്ദേഹം തെളിയിച്ചു. ‘രാജഹംസം’ എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് കെ.ടി.മുഹമ്മദ് ആണ്. പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, രാഘവൻ, വിധുബാല, എം.ജി. സോമൻ, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ടി.എസ്. മുത്തയ്യ, ശങ്കരാടി, കെ.പി.എ.സി ലളിത, മീന, ജമീല മാലിക്ക്, ടി.ആർ. ഓമന, പറവൂർ ഭരതൻ, മാസ്റ്റർ രഘു, ജെ.എ.ആർ. ആനന്ദ് തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിലെ ആറു പാട്ടുകളിൽ ഒന്നാംസ്ഥാനം യേശുദാസ് പാടിയ ‘‘സന്യാസിനീ ...’’ എന്ന ഗാനത്തിനു തന്നെയാണ്.
‘‘സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ/ സന്ധ്യാപുഷ്പവുമായ് വന്നു/ ആരും തുറക്കാത്ത പൂമുഖവാതിലിൽ/ അന്യനെപ്പോലെ ഞാൻ നിന്നു...’’ എന്ന പല്ലവി കേട്ടിട്ടില്ലാത്ത സംഗീതാസ്വാദകർ കുറവായിരിക്കും. ഈ പല്ലവിയും തുടർന്നുവരുന്ന ചരണങ്ങളും കവിഭാവന കടഞ്ഞെടുത്ത ശുദ്ധകവിത തന്നെയാണ്.
‘‘നിന്റെ ദുഃഖാർദ്രമാം മൂകാശ്രുധാരയിൽ/ എന്റെ സ്വപ്നങ്ങൾ അലിഞ്ഞു, സഗദ്ഗദം/ എെന്റ മോഹങ്ങൾ മരിച്ചു/ നിന്റെ മനസ്സിന്റെ തീക്കനൽക്കണ്ണിൽ/ വീണെന്റെയീ പൂക്കൾ കരിഞ്ഞു/രാത്രി പകലിനോടെന്നപോലെ/ യാത്ര ചോദിപ്പൂ ഞാൻ...’’
എന്നിങ്ങനെ ആദ്യചരണം. ‘‘നിന്റെ ഏകാന്തമാം ഓർമ തൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും...’’ എന്ന് അടുത്ത ചരണം തുടങ്ങുന്നു. ഈ ഗാനത്തിന്റെ ഗരിമയിൽ സംഗീതസംവിധായകൻ ദേവരാജന്റെ ഈണത്തിനും വലിയ പങ്കുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
യേശുദാസ് തന്നെ ആലപിച്ച ‘‘പ്രിയേ നിൻ ഹൃദയമൊരു പിയാനോ...’’ എന്നാരംഭിക്കുന്ന പ്രേമഗാനവും ശ്രദ്ധേയം.
‘‘പ്രിയേ, നിൻ ഹൃദയമൊരു പിയാനോ/ അമൃത നിഷ്യന്തിയാം അതിലുയരുന്നതൊ-/ രപൂർവരാഗം -അപൂർവരാഗം.../ ഉണരും എൻ വികാരഫണങ്ങളിൽ/ ഉണർത്തും ഉന്മാദം/ അന്തരവയവധമനികളിൽ/ അഗ്നി കൊളുത്തുമൊരുന്മാദം/ നിന്റെ ശബ്ദങ്ങളിൽ ജ്വലിക്കും/ എന്റെ മൗനങ്ങളിൽ വിശ്രമിക്കും/ ഓഹോഹോ... ഓഹോ...’’
പി. ജയചന്ദ്രൻ പാടിയ ‘‘പച്ചിലയും കത്രികയുംപോലെ’’ എന്ന് തുടങ്ങുന്ന പാട്ടും മോശമല്ല.
‘‘പച്ചിലയും കത്രികയുംപോലെ/ പട്ടുനാരും പവിഴവുംപോലെ/ പുഷ്പവതീ.../ പുഷ്പവതീ നീയും ഞാനും/ സ്വപ്നവും നിദ്രയും പോലെ.’’ മാധുരി പാടിയ ‘‘ചെമ്പകം പൂക്കുന്ന താഴ്വരയിൽ ’’ എന്ന ഗാനത്തിന്റെ പൂർണ പല്ലവിയിങ്ങനെ: ‘‘ചെമ്പകം പൂക്കുന്ന താഴ്വരയിൽ/ ചന്ദ്രഗിരിയുടെ താഴ്വരയിൽ/ സ്വർണച്ചിറകടിച്ചെത്തി പണ്ടൊരു/ സ്വർഗവാതിൽപ്പക്ഷി...’’ ‘‘കേശഭാരം കബരിയിലണിയും/ കേരള നൃത്തകലാ സൗന്ദര്യമേ -നിന്റെ/ തോടയം പുറപ്പാടിനരികിൽ നിൽപ്പൂ പുഷ്പ- ചതോരണം ചാർത്തിയ പ്രകൃതി’’ എന്ന ഗാനം പാടിയത് അയിരൂർ സദാശിവനു ശേഷം ദേവരാജൻ മാസ്റ്റർ മലയാള സിനിമയിൽ അവതരിപ്പിച്ച ചിറയിൻകീഴ് മനോഹരനാണ്.
അദ്ദേഹം ഈ ഗാനം ഭംഗിയായി പാടി. അയിരൂർ സദാശിവൻ പാടിയതാണ് ‘രാജഹംസം’ എന്ന ചിത്രത്തിലെ ആറാമത്തെ ഗാനം. ഇതൊരു ഹാസ്യഗാനമാണ്.
‘‘ശകുന്തളേ ഓ മിസ് ശകുന്തളേ -നിന്റെ/ സത്രത്തിന്നരികിൽ/ സ്റ്റേറ്റ് കാറോടിച്ച് ദുഷ്യന്തനെത്തി/ ഈ ദുഷ്യന്തനെത്തി...’’ എന്നു തുടങ്ങുന്ന ഗാനം. ‘രാജഹംസം’ ഒരു മികച്ച സിനിമയായിരുന്നു. സാമ്പത്തികമായും ചിത്രം നേട്ടമുണ്ടാക്കി. 1974 ഒക്ടോബർ11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
(തുടരും)