Begin typing your search above and press return to search.
proflie-avatar
Login

സ്വാതിതിരുനാളിൻ കാമിനീ...

സ്വാതിതിരുനാളിൻ കാമിനീ...
cancel

‘‘ദക്ഷിണാമൂർത്തി സ്വാമിയുടെ മികച്ച സെമിക്ലാസിക്കൽ ഈണങ്ങൾകൊണ്ടും നാമഗിരിപ്പേട്ട കൃഷ്ണന്റെ അത്യാകർഷകമായ നാദസ്വരധാരകൊണ്ടും ശ്രീവിദ്യയുടെ നൃത്തചാതുരികൊണ്ടും ‘സപ്തസ്വരങ്ങൾ’ ഒരു മികച്ച ചിത്രമായി. എന്നാൽ, ഒരു സിനിമയുടെ കമേഴ്‌സ്യൽ വിജയത്തിന് അതുമാത്രം പോരല്ലോ’’ –സംഗീതയാത്ര തുടരുന്നു. മോഹൻ ഗാന്ധിരാമൻ എന്നയാൾ ഗാന്ധിരാമൻ ഫിലിംസിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘സ്വർണ്ണവിഗ്രഹം’. അദ്ദേഹംതന്നെ ചിത്രം സംവിധാനംചെയ്‌തു. ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. ചിത്രത്തിലെ അഞ്ചു പാട്ടുകളിൽ മൂന്നെണ്ണം മങ്കൊമ്പും രണ്ടു ഗാനങ്ങൾ തിക്കുറിശ്ശി...

Your Subscription Supports Independent Journalism

View Plans
‘‘ദക്ഷിണാമൂർത്തി സ്വാമിയുടെ മികച്ച സെമിക്ലാസിക്കൽ ഈണങ്ങൾകൊണ്ടും നാമഗിരിപ്പേട്ട കൃഷ്ണന്റെ അത്യാകർഷകമായ നാദസ്വരധാരകൊണ്ടും ശ്രീവിദ്യയുടെ നൃത്തചാതുരികൊണ്ടും ‘സപ്തസ്വരങ്ങൾ’ ഒരു മികച്ച ചിത്രമായി. എന്നാൽ, ഒരു സിനിമയുടെ കമേഴ്‌സ്യൽ വിജയത്തിന് അതുമാത്രം പോരല്ലോ’’ –സംഗീതയാത്ര തുടരുന്നു.

മോഹൻ ഗാന്ധിരാമൻ എന്നയാൾ ഗാന്ധിരാമൻ ഫിലിംസിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘സ്വർണ്ണവിഗ്രഹം’. അദ്ദേഹംതന്നെ ചിത്രം സംവിധാനംചെയ്‌തു. ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. ചിത്രത്തിലെ അഞ്ചു പാട്ടുകളിൽ മൂന്നെണ്ണം മങ്കൊമ്പും രണ്ടു ഗാനങ്ങൾ തിക്കുറിശ്ശി സുകുമാരൻ നായരും എഴുതി. എം.ബി. ശ്രീനിവാസനാണ് സംഗീതസംവിധായകൻ. രവിചന്ദ്രൻ, വിൻസന്റ്, അടൂർ ഭാസി, ജയഭാരതി, റാണിചന്ദ്ര, സാധന, ശ്രീലത, ഖദീജ തുടങ്ങിയവർ അഭിനയിച്ചു. യേശുദാസും എസ്. ജാനകിയും പാടിയ ‘‘സ്വർണവിഗ്രഹമേ...’’ എന്നു തുടങ്ങുന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു.

‘‘സ്വർണവിഗ്രഹമേ/ സ്വപ്‌നസുഗന്ധതൈലം പൂശിയ/ സ്വർണവിഗ്രഹമേ...’’ എന്നു പുരുഷശബ്ദം. സ്ത്രീശബ്ദത്തിലുള്ള വരികൾ ഇങ്ങനെ: ‘‘ലജ്ജാവതിയാം എന്റെ കിനാവിലെ/ ചിത്രശലഭമേ/ ശിൽപങ്ങൾകൊണ്ടു നിറയ്‌ക്കൂ നീയെൻ/ ശിശിരനന്ദനോദ്യാനം...’’

യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘ഭഗവാന്റെ മുന്നിൽ...’’ എന്നു തുടങ്ങുന്നു. ‘‘ഭഗവാന്റെ മുന്നിൽ പണ്ടൊരു രാധിക/ ഭഗവതിപ്പട്ടുടുത്തു നിന്നു/ ഇന്നെന്റെ മനസ്സിൽ മറ്റൊരു രാധിക/ മന്ദസ്മിതത്തിൽ കുളിച്ചു വന്നു’’ എന്നാണ് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘ഇന്ദീവരപ്പൂവിതൾമിഴിയോ/ ചെന്താമരത്തളിർചുണ്ടിണയോ/ പഞ്ചബാണനു നീയൊരുക്കിയ/ പാരിതോഷികമേതു സഖീ..?’’

എൽ.ആർ. ഈശ്വരി പാടിയ ‘‘സ്വീകരിക്കൂ... നീ സ്വീകരിക്കൂ...’’ എന്നാരംഭിക്കുന്ന ഗാനമാണ് അടുത്തത്. ഈ ഗാനം തിക്കുറിശ്ശിയാണ് എഴുതിയത്. ‘‘സ്വീകരിക്കൂ നീ സ്വീകരിക്കൂ ദേവാ/ പ്രേമമുന്തിരിച്ചാറു നിറച്ചൊരെൻ/ ജീവിതപാനപാത്രം -ദേവാ/ സ്വീകരിക്കൂ...’’

‘‘മനസ്സേ നീ മറക്കൂ...’’ എന്നു തുടങ്ങുന്ന ഒരു ഗാനംകൂടി എൽ.ആർ. ഈശ്വരി പാടിയിട്ടുണ്ട്. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മനസ്സേ എൻ മനസ്സേ നീ മറക്കൂ -ആ/ മധുരിത മായാസ്വപ്നം/ ജീവിതവാടിയിൽ പൊഴിഞ്ഞുവീഴും/ ഈ വിധം അനവധി പുഷ്പം -/ മോഹപുഷ്പം...’’

ഈ ഗാനവും തിക്കുറിശ്ശിയാണ് എഴുതിയത് (ഈ വിവരം ചിത്രത്തിന്റെ പാട്ടുപുസ്തകം അവലംബമാക്കിയുള്ളതാണ്).

യേശുദാസും അടൂർ ഭാസിയും ചേർന്നു പാടിയ ഹാസ്യഗാനമാണ് ഇനിയുള്ളത്. ഇത് എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ‘‘നാണം മറയ്ക്കാൻ മറന്നവരേ/ നാണക്കേടറിയാത്ത പെണ്ണുങ്ങളേ/ അരമുഴം ചേലയിൽ എത്രനാൾ നിങ്ങളീ/ അവയവഭംഗിയൊളിച്ചുവെക്കും.../ ഹേമമാലിനീ ഫിഗറല്ലേ/ ജ്യോതിലക്ഷ്മീ സ്റ്റൈലല്ലേ/ ഓറഞ്ചു നിറമുള്ളൊരാറിഞ്ചു വയർ കണ്ടാൽ/ ആൽക്ക​േഹാളി​െന്റ ലഹരി -എനിക്കുള്ളിൽ/ വാറ്റു ചാരായലഹരി...’’ എന്നിങ്ങനെ തുടരുന്ന ഗാനം.

1974 ഒക്ടോബർ 17ന് പ്രദർശനം ആരംഭിച്ച ‘സ്വർണ്ണവിഗ്രഹം’ എന്ന ചിത്രം സാമ്പത്തികവിജയം നേടിയില്ല.

എൻ. ശങ്കരൻനായർ സംവിധാനംചെയ്‌ത പുതുമയുള്ള സിനിമയായിരുന്നു ‘വിഷ്‌ണുവിജയം’. കൗമാരത്തിൽനിന്ന് യൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന വിഷ്ണുവിന് തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീയോടു തോന്നുന്ന മാനസികമായ അടുപ്പവും തുടർന്ന് അവർ ഇരുവരും നേരിടുന്ന വൈകാരികപ്രശ്നങ്ങളുമാണ് കഥയുടെ ഉള്ളടക്കം. വിഷ്‌ണുവായി കമൽഹാസനും നായികയായി ഷീലയും അഭിനയിച്ചു.

കമൽഹാസനും ഷീലയും നായകനും നായികയുമായി പ്രത്യക്ഷപ്പെട്ട പ്രഥമചിത്രം എന്ന പ്രാധാന്യം ‘വിഷ്ണുവിജയ’ത്തിനുണ്ട്. ഈ ചിത്രത്തിൽ നായകനാകുമ്പോൾ കമൽഹാസന് വയസ്സ് പത്തൊമ്പത്. വി.ടി. നന്ദകുമാർ ആണ് ചിത്രത്തിന്റെ കഥയും തിരനാടകവും സംഭാഷണവും എഴുതിയത്. വയലാർ-ദേവരാജൻ കൂട്ടുകെട്ട് പാട്ടുകളൊരുക്കി. യേശുദാസും മാധുരിയും പാട്ടുകൾ പാടി.

തിക്കുറിശ്ശി, ആലുമ്മൂടൻ, ഗിരിജ, പറവൂർ ഭരതൻ, മേക്കപ്മാൻ എം.ഒ. ദേവസ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. കന്നട നടൻ അംബരീഷ് അതിഥിതാരമായി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ മൂന്നു പാട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഗാനം യേശുദാസും രണ്ടു ഗാനങ്ങൾ മാധുരിയും ആലപിച്ചു.

യേശുദാസ് പാടിയ ‘‘പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും പ്രകൃതീ...’’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു.

‘‘പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും/ സ്വപ്‌നസുന്ദരീ പ്രകൃതീ/ സർപ്പസുന്ദരീ/ നിന്നരക്കെട്ടിൽ കൈ ചുറ്റി നിൽക്കും/ നിലാവിനെന്തൊരു മുഖപ്രസാദം...’’ എന്നിങ്ങനെ പാട്ടിന്റെ പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘പ്രിയയൗവനത്തിൻ നഖലാളനങ്ങൾ/ കവിളിൽ കുറിക്കും ദാഹങ്ങൾ/ ഗൂഢാർഥ ശൃംഗാരകാവ്യത്തിലെ ഒരു/ പ്രൗഢനായികയാക്കി -നിന്നെ/ പ്രൗഢനായികയാക്കി.../ ആ കാവ്യത്തിൻ അലങ്കാരമാകാൻ/ ആവേശം എനിക്കാവേശം...’’ മാധുരി പാടിയ ആദ്യഗാനം ‘‘ഗരുഡ പഞ്ചമീ ഗഗനമോഹിനീ/ ആരു നീ ആരു നീ ആരു നീ/ യക്ഷിയോ പാതിരാപ്പക്ഷിയോ/ നക്ഷത്രക്കലയുള്ള നിശാചരിയോ...’’ എന്നു തുടങ്ങുന്നു. ഗാനം ഇങ്ങനെ തുടരുന്നു: ‘‘നിൻ ചിറകടിയുയർന്നു ഭൂമിയിൽ/ നിൻ പീലിത്തൂവൽ കൊഴിഞ്ഞു/ പണ്ടു പൂക്കളിൽ മരിച്ച സുഗന്ധം/ ഇന്നു പിന്നെയും ഉണർന്നു/ ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാൻ/ ഈ രാത്രി ഞാൻ വരുന്നു/ വരുന്നു... വരുന്നു വരുന്നു...’’

മാധുരി പാടിയ രണ്ടാമത്തെ പാട്ടിന്റെ പല്ലവിയിങ്ങനെ: ‘‘എന്നെ നിൻ കണ്ണുകൾ തടവിലാക്കി/ എന്നെ നിൻ യൗവനം അടിമയാക്കി/ ഏതിന്ദ്രജാലപ്രയോഗംകൊണ്ടു നീ/ എന്നെ വശംവദയാക്കി -നിൻ മുന്നിൽ/ എന്നെ ദുർബലയാക്കി..?’’

വിഷ്ണുവും തന്നെക്കാൾ പ്രായമുള്ള സ്ത്രീയും തമ്മിലുള്ള ബന്ധം ശാരീരികബന്ധമായി വളരുന്നു എന്ന് വയലാറിന്റെ വരികളിൽനിന്നുതന്നെ മനസ്സിലാക്കാം. ‘വിഷ്ണുവിജയം’ എന്ന സിനിമ മലയാളത്തിൽ അക്കാലത്തുണ്ടായ ധീരമായ ഒരു പരീക്ഷണംതന്നെയായിരുന്നു. ലൈംഗികതക്ക് പ്രാധാന്യമുള്ള സിനിമകൾ സംവിധാനംചെയ്യാൻ ഒട്ടും മടി കാണിച്ചിട്ടില്ലാത്ത സംവിധായകനാണ് എൻ. ശങ്കരൻ നായർ. ‘ക്യാൻസറും ലൈംഗിക രോഗങ്ങളും’ എന്ന ചിത്രം പിൽക്കാലത്ത് അദ്ദേഹം സംവിധാനംചെയ്തു.

 

വി. ദക്ഷിണാമൂർത്തി,മ​ങ്കൊമ്പ് ഗോപാലകൃഷ്ണൻ,തിക്കുറിശ്ശി

അതേസമയം ‘മദനോത്സവം’പോലെ കാവ്യാത്മകത നിറഞ്ഞ പ്രണയചിത്രങ്ങളും ‘ചട്ടമ്പിക്കവല’ പോലെയുള്ള ആക്ഷൻ സിനിമകളും അദ്ദേഹത്തിന്റെ കൈകളിലൊതുങ്ങും. മലയാളത്തിൽ ആദ്യമായി സത്യനും പ്രേംനസീറും രണ്ടു നായകന്മാരായി അഭിനയിച്ചു പുറത്തിറങ്ങിയ ‘അവരുണരുന്നു’ എന്ന സിനിമയുടെ സംവിധായകനും എൻ. ശങ്കരൻ നായർ ആയിരുന്നു. ആ സിനിമയിലെ ഗാനങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ഈ വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. 1974 ഒക്ടോബർ 25ന്​ പുറത്തുവന്ന ‘വിഷ്‌ണുവിജയം’ ഒരു വിജയചിത്രമായിരുന്നു.

പ്രശസ്ത ഗാനങ്ങളടങ്ങുന്ന ‘സപ്തസ്വരങ്ങൾ’ സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകി നിർമിച്ച സിനിമയാണ്. എ. വിൻസെന്റിന്റെയും ശശികുമാറിന്റെയും വിവിധ സിനിമകളിൽ സംവിധാനസഹായിയായും സഹസംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ബേബി ഈ ചിത്രം സംവിധാനംചെയ്‌തു (പിൽക്കാലത്ത് ‘ലിസ’ എന്ന ഹിറ്റ്‌ സിനിമ സംവിധാനംചെയ്തതോടെ ഇദ്ദേഹം ലിസ ബേബി എന്ന പേരിൽ അറിയപ്പെട്ടു). തെന്നിന്ത്യയിലെ പ്രശസ്ത മേക്കപ്മാന്മാരിൽ ഒരാളായ എം.എസ്. നാരായണനാണ് ‘സപ്തസ്വരങ്ങൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് (ദീർഘകാലം ഉർവശി ശാരദയുടെ മേക്കപ്മാൻ ആയിരുന്നു അദ്ദേഹം).

നിർമാണക്കമ്പനിയുടെ പേര് സഖിതാ ഫിലിംസ്. കഥയും നിർമാതാവായ നാരായണന്റേതായിരുന്നു. സംവിധായകൻ ബേബി തിരക്കഥയും ശ്രീകുമാരൻ തമ്പി സംഭാഷണവും രചിച്ചു. ഒരു നാദസ്വര വിദ്വാനും നർത്തകിയും തമ്മിലുള്ള പ്രണയമാണ് കഥയുടെ കേന്ദ്രബിന്ദു. ശ്രീകുമാരൻ തമ്പി -ദക്ഷിണാമൂർത്തി ടീം പാട്ടുകളൊരുക്കി. പി. ജയചന്ദ്രൻ പാടിയ ‘‘സ്വാതിതിരുനാളിൻ കാമിനീ, സപ്തസ്വരസുധാവാഹിനീ...’’ എന്ന പ്രശസ്തഗാനം ഈ ചിത്രത്തിലുള്ളതാണ്. ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും (റീ റെക്കോഡിങ്) നാദസ്വരം വായിച്ചത് ആ രംഗത്തെ അജയ്യനായ നാമഗിരിപ്പേട്ട കൃഷ്ണൻ ആണ്.

നാദസ്വര വിദ്വാൻ അജയനായി രാഘവനും നർത്തകി സരസ്വതിയായി ശ്രീവിദ്യയും അഭിനയിച്ചു. സുജാതയും റാണിചന്ദ്രയും ഉപനായികമാരായി. തിക്കുറിശ്ശി, ജോസ് പ്രകാശ്, അടൂർ ഭാസി, ശങ്കരാടി, ടി.ആർ. ഓമന, കുഞ്ചൻ, പോൾ വെങ്ങോല തുടങ്ങിയവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

അഞ്ചു ഗാനങ്ങളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ജയചന്ദ്രൻ പാടിയ ‘‘സ്വാതിതിരുനാളിൻ കാമിനീ’’ എന്ന പാട്ടാണ് കാലത്തെ അതിജീവിച്ചത്.

‘‘സ്വാതിതിരുനാളിൻ കാമിനീ/ സപ്തസ്വരസുധാ വാഹിനീ/ ത്യാഗരാജനും ദീക്ഷിതരും/ തപസ്സു ചെയ്‌തുണർത്തിയ/ സംഗമമോഹിനീ...’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘പുരന്ദരദാസന്റെ പുണ്യചിന്തയിൽ/ പുഷ്‌പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ/ രഞ്ജിനീ... രഞ്ജിനീ.../ ഭക്തമീര തൻ ഭാവനാ യമുനയിൽ / മുഗ്ധകല്ലോലമുയർത്തിയ രാഗിണീ...’’

യേശുദാസ് ആലപിച്ച ‘‘രാഗവും താളവും വേർപിരിഞ്ഞു...’’ എന്ന ഗാനവും പ്രസിദ്ധമാണ്.

‘‘രാഗവും താളവും വേർപിരിഞ്ഞു/ ഗാനത്തിൻ നൂപുരം ചിതറിവീണു/ നാദം നിലച്ചു, നർത്തനവേദിയിൽ/ നമ്മെയോർത്തിരുൾ പൊട്ടിച്ചിരിച്ചു’’ എന്നു തുടങ്ങുന്ന ഈ ദുഃഖഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഹൃദയകല്ലോലിനീ പ്രണയമന്ദാകിനീ/ ഇനിയേതു കടലിലേക്കൊഴുകും നീ/ വിരഹത്തിൻ മരുഭൂവിൽ തടവിലായി/ വിധിയുടെ വേനലിൽ വരണ്ടുപോയി...’’

നാമഗിരിപ്പേട്ട കൃഷ്ണന്റെ നാദസ്വരത്തോടൊപ്പം എസ്. ജാനകി ആലപിച്ച ‘‘അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം...’’ എന്നു തുടങ്ങുന്ന ഗാനം വല്ലാത്ത അനുഭൂതി പ്രദാനംചെയ്യുന്നു. നാദസ്വരം എന്ന വാദ്യത്തോടൊപ്പം ശ്രുതി ചേർത്തു പാടാൻ എല്ലാ ഗായകർക്കും കഴിയാറില്ല. 1961ൽ ജമിനി ഗണേശനും സാവിത്രിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘കൊഞ്ചും ശലങ്കൈ’ (കൊഞ്ചുന്ന ചിലങ്ക) എന്ന തമിഴ് സിനിമക്കുവേണ്ടി നാദസ്വര വിദ്വാൻ കാരക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തോടൊപ്പം ‘‘ശിങ്കാരവേലനേ ദേവാ’’ എന്ന അവിസ്മരണീയ ഗാനം ശ്രുതിശുദ്ധമായി പാടിയാണ് എസ്. ജാനകി എന്ന ഗായിക പ്രശസ്തയായത്.

പി. ലീലയും പി. സുശീലയും പിൻവാങ്ങിയ ഇടത്തിലാണ് സപ്തസ്വരങ്ങൾപോലും പഠിച്ചിട്ടില്ലാത്ത എസ്. ജാനകി എന്ന അത്ഭുതഗായിക അന്ന് വിജയം നേടിയതെന്നോർക്കുക. എം.എസ്. വിശ്വനാഥന്റെ ഗുരുവായ എസ്.എം. സുബ്ബയ്യനായിഡുവാണ് ഈ ഗാനത്തിന്റെ സംഗീതസംവിധായകൻ. ഗാനം എഴുതിയത് കെ.എം. ബാലസുബ്രഹ്മണ്യം. ആ പാട്ടിനു ശേഷം എസ്. ജാനകി നാദസ്വരത്തോടൊപ്പം പാടിയ പ്രശസ്തഗാനമാണ് ‘സപ്തസ്വരങ്ങൾ’ എന്ന സിനിമയിലെ ഈ ഗാനം.

‘‘അനുരാഗനർത്തനത്തിൻ അരങ്ങേറ്റം -എന്റെ/ അഭിലാഷമഹോത്സവ കൊടിയേറ്റം/ അരങ്ങേറ്റം... മനസ്സിൽ കൊടിയേറ്റം/ അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം.’’

പല്ലവിക്കും നാദസ്വരത്തിനുംശേഷം അനുപല്ലവി ഇങ്ങനെയാണ്: ‘‘അകന്നു നിൽക്കാതെ നീയെൻ അരികിൽ വരൂ/ അഭിനന്ദനങ്ങളാലെൻ മനം പൊതിയൂ/ അരങ്ങേറ്റം... കൊടിയേറ്റം / അരങ്ങേറ്റം -മനസ്സിൽ കൊടിയേറ്റം...’’ തുടർന്നുവരുന്ന ആദ്യ ചരണം, ‘‘എൻ മിഴി തെളിയും നിൻ പുഞ്ചിരിയിൽ/ എൻ ഗർവ്വം കൊഴിയും നിൻ കാൽത്തളിരിൽ/ നീ മണിവർണനായ്... ഞാൻ നിന്റെ രാധയായ്/ നമ്മുടെ സങ്കൽപം കാളിന്ദിയായ്...’’

ഈ ഗാനരംഗത്ത് ശ്രീവിദ്യ ചെയ്ത നൃത്തവും അവിസ്മരണീയം എന്നു പറയാതെ വയ്യ. ജയചന്ദ്രൻ ഈ പടത്തിനുവേണ്ടി പാടിയ രണ്ടാമത്തെ ഗാനവും ശ്രദ്ധേയം.

‘‘ശൃംഗാര ഭാവനയോ -ലജ്ജ തൻ/ സംഗീതകാമനയോ/ ചെന്താമരപ്പൂങ്കവിളിൽ പടരും/ സിന്ദൂരമേതു സഖീ ?’’ എന്നു പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘എന്റെ കിനാവിൻ അംബരസീമയിൽ/ ചന്ദ്രോദയമാകും -അതിൽ/ നിന്റെ മോഹതരംഗാവലികൾ/ സാഗരമായ് ഉയരും/ കാണുക കാണുക കണ്മണീ -ഈ / പ്രണയവേണീസംഗമം...’’

സ.രി.ഗ.മ.പ.ധ.നി എന്നീ ഏഴുസ്വരങ്ങളിൽ വരികൾ ആരംഭിക്കുന്ന ഒരു ശീർഷക ഗാനവും ചിത്രത്തിൽ ഉണ്ടായിരുന്നു. കെ.പി. ബ്രഹ്മാനന്ദനാണ് ഈ ഗാനം പാടിയത്. ആ ഗാനമിങ്ങനെയാണ്: ‘‘സ... സപ്തസ്വരങ്ങൾ വിടരുന്ന ലയപ്രഭാതം/ രി...രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം/ ഗ... ഗംഗാധരന്റെ നടനദ്യുതി തൻ പ്രഭാതം/ മ... മന്ദാരസായകരിപുവിൻ സ്‌മൃതിപ്രഭാതം/ പ... പാടുന്ന ജീവനമണിവീണകൾ തൻ പ്രഭാതം/ ധ...ധർമം വിതയ്ക്കും അഭിരാമജയപ്രഭാതം/ നി... നിർവാണദായകപരമേശ്വരസുപ്രഭാതം/ സരിഗമപധനി -സപ്തസ്വരങ്ങൾ വിടരുന്ന ലയപ്രഭാതം...’’

 

ദക്ഷിണാമൂർത്തി സ്വാമിയുടെ മികച്ച സെമിക്ലാസിക്കൽ ഈണങ്ങൾകൊണ്ടും നാമഗിരിപ്പേട്ട കൃഷ്ണന്റെ അത്യാകർഷകമായ നാദസ്വരധാരകൊണ്ടും ശ്രീവിദ്യയുടെ നൃത്തചാതുരികൊണ്ടും സപ്തസ്വരങ്ങൾ ഒരു മികച്ച ചിത്രമായി. എന്നാൽ, ഒരു സിനിമയുടെ കമേഴ്‌സ്യൽ വിജയത്തിന് അതുമാത്രം പോരല്ലോ. ‘സപ്തസ്വരങ്ങൾ’ക്കു സാമ്പത്തികമായി ശരാശരിവിജയം നേടാനേ കഴിഞ്ഞുള്ളൂ. 1974 നവംബർ എട്ടിനാണ് ‘സപ്തസ്വരങ്ങൾ’ പ്രദർശനത്തിനെത്തിയത്.

(തു​ട​രും)

News Summary - weekly sangeetha yathrakal