Begin typing your search above and press return to search.
proflie-avatar
Login

രാജശിൽപീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ..?

രാജശിൽപീ   നീയെനിക്കൊരു   പൂജാവിഗ്രഹം തരുമോ..?
cancel

‘‘ ‘പ്രതിദ്ധ്വനി’ എന്ന സിനിമ, പിൽക്കാലത്ത് മികച്ച ഛായാഗ്രാഹകനായി പേരെടുത്ത വിപിൻദാസ് ആണ് സംവിധാനം ചെയ്തത്. അതിനുമുമ്പ് ‘താലാട്ട്’ (താരാട്ട്) എന്ന പേരിൽ ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമകളും പരാജയപ്പെട്ടപ്പോഴാണ് വിപിൻദാസ് സംവിധാനം മതിയാക്കി ഛായാഗ്രഹണത്തിൽ മാത്രം ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചത്’’-ശ്രീകുമാരൻ തമ്പി ഒരു കാലത്തി​ന്റെ അനശ്വര ഗാനങ്ങളെക്കുറിച്ച്​ എഴുതു​േമ്പാൾ മറ്റു പല കഥകൾകൂടി വിവരിക്കുന്നു.‘വിമോചനസമരം’ എന്ന പേരിൽ മലയാളത്തിൽ ഒരു സിനിമ പിറന്നു. മോഹൻ ഗാന്ധിരാമൻ എന്നയാളായിരുന്നു സംവിധായകൻ. 1971 ആഗസ്റ്റ് 13നാണ് ചിത്രം റിലീസായത്,...

Your Subscription Supports Independent Journalism

View Plans

‘‘ ‘പ്രതിദ്ധ്വനി’ എന്ന സിനിമ, പിൽക്കാലത്ത് മികച്ച ഛായാഗ്രാഹകനായി പേരെടുത്ത വിപിൻദാസ് ആണ് സംവിധാനം ചെയ്തത്. അതിനുമുമ്പ് ‘താലാട്ട്’ (താരാട്ട്) എന്ന പേരിൽ ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമകളും പരാജയപ്പെട്ടപ്പോഴാണ് വിപിൻദാസ് സംവിധാനം മതിയാക്കി ഛായാഗ്രഹണത്തിൽ മാത്രം ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചത്’’-ശ്രീകുമാരൻ തമ്പി ഒരു കാലത്തി​ന്റെ അനശ്വര ഗാനങ്ങളെക്കുറിച്ച്​ എഴുതു​േമ്പാൾ മറ്റു പല കഥകൾകൂടി വിവരിക്കുന്നു.

‘വിമോചനസമരം’ എന്ന പേരിൽ മലയാളത്തിൽ ഒരു സിനിമ പിറന്നു. മോഹൻ ഗാന്ധിരാമൻ എന്നയാളായിരുന്നു സംവിധായകൻ. 1971 ആഗസ്റ്റ് 13നാണ് ചിത്രം റിലീസായത്, പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു രാഷ്ട്രീയ സിനിമയൊന്നുമല്ല. ചിത്രകലാലയ നിർമിച്ച ഈ സിനിമക്ക് പ്രശസ്ത നാടകകൃത്തായ സി.ജി. ഗോപിനാഥ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.

സത്യൻ, ഷീല, തമിഴ്‌നടൻ രവിചന്ദ്രൻ, ജി.കെ. പിള്ള, ടി.കെ. ബാലചന്ദ്രൻ, എൻ. ഗോവിന്ദൻകുട്ടി, ടി.ആർ. ഓമന, മായ, കടുവാക്കുളം ആന്റണി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പി. ഭാസ്കരൻ, വയലാർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, പി.എൻ. ദേവ് എന്നിങ്ങനെ നാല് ഗാനരചയിതാക്കൾ പാട്ടുകളെഴുതി. എം.ബി. ശ്രീനിവാസൻ സംഗീത സംവിധാനം നിർവഹിച്ചു.

മൂന്നു ഗാനങ്ങൾ വയലാർ എഴുതി. അവ ഇനി പറയുന്നവയാണ്. യേശുദാസ് പാടിയ ‘‘സമരം വിമോചനസമരം’’ എന്ന് തുടങ്ങുന്ന പാട്ട്, പി.ബി. ശ്രീനിവാസ് പാടിയ ‘‘ഈ നല്ല നാട്ടിലെല്ലാം...’’ എന്ന് തുടങ്ങുന്ന പാട്ട്, എസ്. ജാനകി പാടിയ ‘‘കാട്ടിലിരുന്നു വിരുന്നു വിളിക്കും’’ എന്നാരംഭിക്കുന്ന പാട്ട്...

‘‘സമരം വിമോചനസമരം സമരം/ വിമോചനത്തിൻ സമരഭേരികൾ/ വീണ്ടും വീണ്ടും മുഴങ്ങി/ വിനാശകാരികൾ വഞ്ചകവൃന്ദം/ വിളറി വെളുത്തു നടുങ്ങി/ സമരം സമരം സമരം/ കണക്കു തീർക്കും സമയം/ ഉഷാർ...ഉഷാർ...ഉഷാർ...’’

വയലാർ എഴുതിയ രണ്ടാമത്തെ ഗാനമിതാണ്: ‘‘ഈ നല്ല നാട്ടിലെല്ലാം/ ഇലവംഗം പൂത്തിരുന്നു/ ഇന്ദ്രനീലഗോപുരത്തിൽ/ഗന്ധർവൻ, ഒരു ഗന്ധർവൻ വന്നിരുന്നു/ കരിമ്പിന്റെ വില്ലുമായ്/ കൈതപ്പൂവമ്പുമായ്‌/ വസന്തമാം പല്ലക്കിൽ/ വന്നിറങ്ങും ഗന്ധർവൻ...’’

വയലാർ ഈ സിനിമക്കുവേണ്ടി എഴുതിയ മൂന്നാമത്തെ ഗാനം പാടിയത് എസ്. ജാനകിയാണ്. ‘‘കാട്ടിലിരുന്ന്...കാ...കാ.../ കാട്ടിലിരുന്നു വിരുന്നു വിളിക്കും/ കാക്കത്തമ്പുരാട്ടീ -എന്റെ/ കാക്കത്തമ്പുരാട്ടീ/ കഴിഞ്ഞ രാത്രിയിലീ വഴി വന്നു/കണ്ടാൽ നല്ലൊരു പയ്യൻ/ ചുണ്ടിലെപ്പൊഴും പുഞ്ചിരിയാണ്/ ചുരുണ്ട മുടിയാണ് അയ്യയ്യോ/ ചുരുണ്ട മുടിയാണ് -/ മനസ്സ് നിറയെ.../ മനസ്സ് നിറയെ പൂവുകളാണ്/ മധുരക്കനിയാണ് -അവനൊരു/ മധുരക്കനിയാണ്...’’ എന്നിങ്ങനെ തുടരുന്നു ആ ഗാനം. പി. ഭാസ്കരൻ എഴുതിയത് യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ ഗാനമാണ്.

‘‘അമൃതകിരണൻ ദീപം കെടുത്തി/

ആകാശതാരകളുറങ്ങി/ഉറങ്ങി -ആകാശതാരകളുറങ്ങി.../നീലനേത്രങ്ങളിലെ സ്വപ്നസുന്ദരികളേ/നിങ്ങളുറങ്ങാത്തതെന്തേ -എന്തേ/ നിങ്ങളുറങ്ങാത്തതെന്തേ...’’ എന്ന് തുടങ്ങുന്നു ആ ഗാനം.

‘‘പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും/ പ്രണവസംഗീതം ഞാൻ/ അമരാവതിയിൽനിന്നെഴുന്നള്ളും/ അനുപമസുന്ദരി ഞാൻ’’ എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അക്കാലത്ത് നവാഗതനായിരുന്ന മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. പി.എൻ. ദേവ് എന്ന ഗാനരചയിതാവും ഈ സിനിമക്കുവേണ്ടി ഒരു ഗാനം എഴുതിയിട്ടുണ്ട്. ‘‘നീലനിലാവിൻ പാൽക്കടലിൽ/നീണ്ട കിനാവിൻ കളിയോടത്തിൽ/രാത്രിയിൽ, ഇന്നലെ രാത്രിയിൽ/ തേടിയലഞ്ഞു ഞാൻ -നിന്നെ/ തേടിയലഞ്ഞു ഞാൻ.../ പകർന്നുതന്നു ജീവിതമധുരം/ പകർന്നുതന്നു നീ...’’ ‘വിമോചനസമര’ത്തിലെ പാട്ടുകളൊന്നുംതന്നെ ഹിറ്റ് ചാർട്ടിൽ എത്തിയില്ല. ചിത്രവും സാമ്പത്തികമായി വിജയിച്ചില്ല.

 

വിപിൻദാസ്

വിപിൻദാസ്

ഉപാസന എന്ന ബാനറിൽ നിർമിക്കപ്പെട്ട ‘പ്രതിദ്ധ്വനി’ എന്ന സിനിമ പിൽക്കാലത്ത് മലയാള സിനിമയിൽ മികച്ച ഛായാഗ്രാഹകനായി പേരെടുത്ത വിപിൻദാസ് ആണ് സംവിധാനംചെയ്തത്. അതിനു മുമ്പ് ‘താലാട്ട്’ (താരാട്ട്) എന്ന പേരിൽ ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമകളും ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് വിപിൻദാസ് സംവിധാനം മതിയാക്കി ഛായാഗ്രഹണത്തിൽ മാത്രം ശ്രദ്ധചെലുത്താൻ തീരുമാനിച്ചത്. ‘പ്രതിദ്ധ്വനി’യിൽ രാഘവനായിരുന്നു നായകൻ. ടി.പി. രാധാമണി, റാണിചന്ദ്ര, ഉഷാറാണി, ശ്യാംകുമാർ, വാസുപ്രദീപ് തുടങ്ങിയവർ അഭിനയിച്ചു. കഥയും തിരക്കഥയും സംഭാഷണവും ആലപ്പി ഷരീഫ് എഴുതി. ഐ.വി. ശശി ഈ സിനിമയിലെ കലാസംവിധായകനായിരുന്നു (ഐ.വി. ശശി സംവിധായകനായപ്പോൾ ആലപ്പി ഷെരീഫ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തിരക്കഥാകൃത്തായി).

‘പ്രതിദ്ധ്വനി’യിൽ ആകെ ഒരു ഗാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് സൂചന. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി എം.എൽ. ശ്രീകാന്ത് ഈണം പകർന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. ‘‘അനുരാഗ പരാഗങ്ങൾ...’’ എന്ന് ആരംഭിക്കുന്ന ഈ പാട്ടിലെ വരികൾ ലഭ്യമല്ല. രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു എന്ന് ഗാനരചയിതാവ് മങ്കൊമ്പ് പറയുന്നു. രണ്ടാമത്തെ ഗാനത്തിന്റെ തുടക്കം മാത്രം അദ്ദേഹത്തിന് ഓർമയുണ്ട്. ‘‘തുളസീതീർഥത്തിൽ മുങ്ങിക്കുളിക്കും... ഉഷാകിരണങ്ങൾ’’ എന്നാണു പാട്ടിന്റെ തുടക്കം. പാട്ടിന്റെ ഗ്രാമഫോൺ ഡിസ്കോ പാട്ടുപുസ്തകമോ ഇല്ലാത്തതാണ് ഈ സംശയങ്ങൾക്ക് കാരണം. 1971 സെപ്റ്റംബർ രണ്ടാം തീയതിയാണ് ‘പ്രതിദ്ധ്വനി’ എന്ന ചിത്രം റിലീസ് ചെയ്തത്.

കുഞ്ചാക്കോ നിർമിച്ച് സംവിധാനംചെയ്ത എക്സെൽ പ്രൊഡക്ഷൻസിന്റെ (ഉദയാ) ‘പഞ്ചവൻകാട്’ എന്ന ചിത്രം പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായ വൈക്കം ചന്ദ്രശേഖരൻ നായരുടെ അതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രാവിഷ്‍കാരമാണ്‌. തോപ്പിൽ ഭാസി തിരനാടകവും സംഭാഷണവും എഴുതി. പ്രേംനസീർ, സത്യൻ, ഷീല, ശാരദ, ഉഷാകുമാരി, കെ.പി. ഉമ്മർ, കോട്ടയം ചെല്ലപ്പൻ, ജി.കെ. പിള്ള, എസ്.പി. പിള്ള, എൻ. ഗോവിന്ദൻകുട്ടി, ആലുമ്മൂടൻ തുടങ്ങി ഒരു വൻ താരനിരതന്നെ ‘പഞ്ചവൻകാട്’ എന്ന സിനിമയിലുണ്ടായിരുന്നു.

വയലാർ-ദേവരാജൻ ടീമിന്റെ ചില പ്രശസ്ത ഗാനങ്ങൾ ‘പഞ്ചവൻകാട്’ എന്ന സിനിമയിലുണ്ട്.

പി. സുശീല പാടിയ ‘‘രാജശിൽപീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ?’’ എന്ന മനോഹര ഗാനത്തെ ആരാധിക്കാത്ത സംഗീതപ്രണയികൾ ഉണ്ടാകുമോ..?

‘‘രാജശിൽപീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ/പുഷ്പാഞ്ജലിയിൽ പൊതിയാനെനിക്കൊരു/ പൂജാവിഗ്രഹം തരുമോ.../ തിരുമെയ് നിറയെ പുളകങ്ങൾകൊണ്ടു ഞാൻ/ തിരുവാഭരണം ചാർത്തും/ ഹൃദയത്തളികയിൽ അനുരാഗത്തിൻ / അമൃതു നിവേദിക്കും -ഞാൻ/ അമൃതു നിവേദിക്കും.../ മറക്കും... എല്ലാം മറക്കും ഞാനൊരു/ മായാലോകത്തിലെത്തും’’ ഇങ്ങനെയൊഴുകുന്ന വരികളുടെ സൗന്ദര്യം വർണിക്കാൻ വാക്കുകളില്ല. പി. സുശീലയുടെ ശബ്ദം ജീവൻ പകർന്ന ദേവരാജന്റെ അനശ്വര ഗാനങ്ങളിലൊന്നാണിത്.

യേശുദാസ് പാടിയ ‘‘കള്ളിപ്പാലകൾ പൂത്തു’’ എന്ന പാട്ടാണ് ഈ സിനിമയിലെ മറ്റൊരു മികച്ച ഗാനം. ‘‘കള്ളിപ്പാലകൾ പൂത്തു -കാടൊരു/ വെള്ളിപ്പൂക്കുട തീർത്തു/ ആരിലുമാരിലും അവയുടെ സൗരഭം/ ആളിപ്പടരുമൊരുന്മാദം...’’ എന്ന പാട്ടിലെ തുടർന്നുള്ള വരികളും ആകർഷകങ്ങളാണ്.

പി. സുശീലയും സംഘവും പാടിയ ‘‘ശൃംഗാര രൂപിണി ശ്രീപാർവതി/ സഖിമാരുമൊരുമിച്ച്‌ പള്ളിനീരാട്ടിന്‌/ ധനുമാസ പൊയ്കയിലിറങ്ങി’’ എന്ന പാട്ടും പി. സുശീല തന്നെ പാടിയ ‘‘മന്മഥപൗർണമി മംഗല്യം ചാർത്തിയ/ മാർകഴിമാസമേ -ഈ/ ഹൃദയരഞ്ജിനിയാം വീണയിൽ പകരൂ/ മദന കല്യാണിരാഗം’’ എന്ന പാട്ടും പ്രശസ്തി നേടിയ ഗാനങ്ങളാണ്.

പി. മാധുരി പാടിയ ‘‘ചുവപ്പുകല്ലു മൂക്കുത്തി...’’ എന്ന പാട്ടാണ് ‘പഞ്ചവൻകാട്‌’ എന്ന സിനിമയിൽ അവശേഷിക്കുന്ന ഗാനം.

‘‘ചുവപ്പുകല്ലു മൂക്കുത്തി -ഹോയ്/ ചുരുണ്ട മുടിയിൽ ജേമന്തി -ഹോയ്/പഞ്ചവങ്കാട്ടിലെ കന്നിക്കുറത്തിക്കു/ പുലിനഖത്താലി... കഴുത്തിൽ/ പുലിനഖത്താലി...’’ എന്നിങ്ങനെ തുടങ്ങുന്ന ചടുലതയുള്ള പാട്ട്.

ചുരുക്കിപ്പറഞ്ഞാൽ ‘പഞ്ചവൻകാട്’ എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും നന്നായിരുന്നു. 1971 സെപ്റ്റംബർ മൂന്നിനാണ് ഈ സിനിമ റിലീസ് ചെയ്തത്.

മുട്ടത്തു വർക്കി രചിച്ച പ്രശസ്ത നോവലാണ് ‘കരകാണാക്കടൽ’. കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ അതൊരു മികച്ച സിനിമയായി. സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ നിർമിച്ച ഈ ചിത്രവും 1971 സെപ്റ്റംബർ മൂന്നാം തീയതി തന്നെയാണ് തിയറ്ററുകളിലെത്തിയത്. രണ്ടു മികച്ച സിനിമകൾ തമ്മിലുള്ള മത്സരമായിരുന്നു അത് - ‘പഞ്ചവൻകാടും’ ‘കരകാണാക്കടലും’. ‘കരകാണാക്കടലി’ന്റെ തിരക്കഥയും സംഭാഷണവും എസ്.എൽ പുരം സദാനന്ദൻ എഴുതി. വയലാർ-ദേവരാജൻ ടീം തന്നെയാണ് ഈ ചിത്രത്തിലെ പാട്ടുകളും ഒരുക്കിയത്. മൂന്നു പാട്ടുകളാണ് ചിത്രത്തിലുള്ളത്. യേശുദാസും പി. സുശീലയും മാധുരിയും ഗാനങ്ങൾ പാടി.

 

പി. സുശീല പാടിയത് ‘‘കാറ്റ് വന്നു കള്ളനെപ്പോലെ...’’ എന്ന പ്രശസ്ത ഗാനമാണ്.

‘‘കാറ്റു വന്നു കള്ളനെപ്പോലെ/ കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തു/കാമുകനെ പോലെ.../ കാറ്റു വന്നു കള്ളനെപ്പോലെ.../ മുല്ലവള്ളിക്കാസകലം മുത്തു കിളിർത്തു/ മണിമുത്തിനോലക്കുട പിടിച്ചു/ വൃശ്ചികമാസം...’’

ഈ വരികളും അതിനെ തുടർന്ന് വരുന്ന മനോഹരമായ ഹമ്മിങ്ങും ആ ഗാനത്തെ ആകർഷകമാക്കുന്നു. യേശുദാസ് പാടിയ ‘‘ഞാലിപ്പൂവൻ വാഴപ്പൂ പോലെ/ ഞാറ്റുവേലക്കുളിരുപോലെ/ ഞാനിന്നൊരു നാടൻപെണ്ണിൻ/ നാണം പൊത്തിയ ചിരി കണ്ടു/ ഓരോ തേനിതളിനുള്ളിലും/ അതിനോരോ രത്നങ്ങളായിരുന്നു/ അതിലൊന്നെടുത്തോരു നക്ഷത്രമാക്കി ഞാൻ/ അവളെയലങ്കരിക്കും...’’ എന്നിങ്ങനെ ഈ പ്രേമഗാനം തുടരുന്നു.

മാധുരി പാടിയ ‘‘ഇല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ/ ഋതുമതിപ്പൂവിന് ഞൊറി വെച്ചുടുക്കുവാൻ/ പുടവയുമായിളംവെയിലേ വാ...’’ എന്ന ഗാനത്തിലെ വരികളും അലങ്കാരഭംഗി നിറഞ്ഞവതന്നെ.

സത്യൻ, മധു, വിൻസന്റ്, ജയഭാരതി, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി, അടൂർ ഭാസി, മീന തുടങ്ങിയവരായിരുന്നു ‘കരകാണാക്കടലി’ലെ പ്രധാന അഭിനേതാക്കൾ. ‘കരകാണാക്കടൽ’ എന്ന സിനിമ മികച്ച അഭിപ്രായവും കലക്ഷനും നേടി.അപൂർവം സിനിമകൾക്കേ ആ ഭാഗ്യമുണ്ടാകാറുള്ളൂ.

(തുടരും)

News Summary - weekly sangeethayathrakal