Begin typing your search above and press return to search.
proflie-avatar
Login

ഏഴിലം പാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു...

ഏഴിലം പാല പൂത്തു   പൂമരങ്ങൾ കുട പിടിച്ചു...
cancel

കെ.ആർ. വിജയയുടെ അഭിനയംകൊണ്ടും കഥയിലെ വ്യത്യസ്തതകൊണ്ടും ചർച്ചാവിഷയമായ സിനിമയാണ് ‘നഖങ്ങൾ’. വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിലെ പ്രധാന കഥാപാത്രമായ സരസ്വതീ മാത്യുവിനെയാണ് കെ.ആർ. വിജയ അവതരിപ്പിച്ചത്. ഹരിപോത്തൻ നിർമിച്ച ‘നഖങ്ങൾ’ എ. വിൻസെന്റ് സംവിധാനംചെയ്തു, തിരക്കഥ തയാറാക്കിയതും സംഭാഷണം രചിച്ചതും തോപ്പിൽ ഭാസിയാണ് -സംഗീതയാത്ര തുടരുന്നു.ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച സിനിമയാണ് വനചിത്രമായ ‘കാട്’. പി. സുബ്രഹ്മണ്യം നിർമാതാവും സംവിധായകനുമായ ഈ ചിത്രം കാടുകളിലാണ് അധികവും ചിത്രീകരിച്ചത്. മെറിലാൻഡ് സ്റ്റുഡിയോയിൽ തയാറാക്കിയ സെറ്റുകളിലും ചില ഇൻഡോർ രംഗങ്ങൾ ഷൂട്ട്ചെയ്തു. അഞ്ചു ഭാഷകളിലെയും...

Your Subscription Supports Independent Journalism

View Plans
കെ.ആർ. വിജയയുടെ അഭിനയംകൊണ്ടും കഥയിലെ വ്യത്യസ്തതകൊണ്ടും ചർച്ചാവിഷയമായ സിനിമയാണ് ‘നഖങ്ങൾ’. വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിലെ പ്രധാന കഥാപാത്രമായ സരസ്വതീ മാത്യുവിനെയാണ് കെ.ആർ. വിജയ അവതരിപ്പിച്ചത്. ഹരിപോത്തൻ നിർമിച്ച ‘നഖങ്ങൾ’ എ. വിൻസെന്റ് സംവിധാനംചെയ്തു, തിരക്കഥ തയാറാക്കിയതും സംഭാഷണം രചിച്ചതും തോപ്പിൽ ഭാസിയാണ് -സംഗീതയാത്ര തുടരുന്നു.

ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച സിനിമയാണ് വനചിത്രമായ ‘കാട്’. പി. സുബ്രഹ്മണ്യം നിർമാതാവും സംവിധായകനുമായ ഈ ചിത്രം കാടുകളിലാണ് അധികവും ചിത്രീകരിച്ചത്. മെറിലാൻഡ് സ്റ്റുഡിയോയിൽ തയാറാക്കിയ സെറ്റുകളിലും ചില ഇൻഡോർ രംഗങ്ങൾ ഷൂട്ട്ചെയ്തു. അഞ്ചു ഭാഷകളിലെയും സംഗീതം ഒന്നുതന്നെയായിരുന്നു, അതുകൊണ്ട് ബോംബെ സ്വദേശിയായ വേദ്പാൽ വർമയെയാണ് സംഗീതസംവിധായകനായി നിശ്ചയിച്ചത്.

ഭാവനാസമ്പന്നനായ സംഗീതജ്ഞനായിരുന്നെങ്കിലും അദ്ദേഹത്തിന് ഹിന്ദിയിൽ അവസരങ്ങൾ കുറവായിരുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ ചിത്രം നിർമിച്ചു. മലയാളത്തിലെ പാട്ടുകളാണ് ആദ്യം റെക്കോഡ് ചെയ്തത്. അത് സംവിധായക നിർമാതാവായ പി. സുബ്രഹ്മണ്യത്തിന്റെ തീരുമാനമായിരുന്നു, അദ്ദേഹമാണല്ലോ ഈ ലേഖകനെ ഗാനരചയിതാവായി മലയാള സിനിമാവേദിയിൽ അവതരിപ്പിച്ചത്.

‘‘ആദ്യം തമ്പി എഴുതട്ടെ, അതിനുശേഷം ആ പാട്ടുകൾ കേട്ട് മറ്റു ഭാഷകളിലെ കവികൾ എഴുതട്ടെ’’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ആദ്യമായി അദ്ദേഹം ഈ ലേഖകനെക്കൊണ്ട് പത്തു പാട്ടുകൾ എഴുതിച്ചതും ഒരു വനസാഹസിക ചിത്രത്തിനുവേണ്ടിയായിരുന്നല്ലോ -ചിത്രം ‘കാട്ടുമല്ലിക’ (1966). ഏതായാലും അങ്ങനെ വേദ്പാൽ വർമയുടെ ഈണങ്ങൾ കേട്ട് പാട്ടുകളെഴുതാൻ ആദ്യം അവസരം ലഭിച്ചത് ഈ ലേഖകനാണ്.

യേശുദാസ്, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, പി.ബി. ശ്രീനിവാസ്, കെ.പി. ബ്രഹ്മാനന്ദൻ എന്നിവരായിരുന്നു പിന്നണിഗായകർ. സംഗീതസംവിധാനത്തിൽ ചില പുതുമകളൊക്കെ കൊണ്ടുവരാൻ വേദ്പാൽ വർമ ശ്രമിക്കുകയുണ്ടായി. അവ എത്രമാത്രം വിജയം കണ്ടു എന്നറിയില്ല. യേശുദാസും പി. സുശീലയും പാടിയ ‘‘ഏഴിലം പാല പൂത്തു’’ എന്ന് തുടങ്ങുന്ന യുഗ്മഗാനമാണ് സൂപ്പർഹിറ്റായി മാറിയത്,

‘‘ഏഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു/ വെള്ളിമലയിൽ, വേളിമലയിൽ/ ഏലേലം പാടിവരും കുയിലിണകൾ കുരവയിട്ടു/ വെള്ളിമലയിൽ, വേളിമലയിൽ...’’ ഈ ഗാനത്തിന്റെ രണ്ടാമത്തെ ചരണമാണ് ശ്രോതാക്കൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്.

‘‘എന്നുമെന്നുമൊന്നു ചേരാൻ എൻ ഹൃദയം തപസ്സിരുന്നു/ ഏകാന്തസന്ധ്യകളിൽ നിന്നെയോർത്തു ഞാൻ കരഞ്ഞു/ കാണാൻ കൊതിച്ചനേരം കവിതപോലെൻ മുന്നിൽ വന്നു/ ആത്മസഖി നീ പ്രാണസഖി നീ.’’

യേശുദാസും എസ്. ജാനകിയും ചേർന്നു പാടിയ ‘‘അമ്പിളി വിടരും പൊന്മാനം’’ എന്ന ഗാനമാണ് മറ്റൊന്ന്.

‘‘അമ്പിളി വിടരും പൊന്മാനം/ പൈങ്കിളി പാടും മലയോരം/ പൂമഴയായ്, എങ്ങും തേന്മഴയായ്’’ എന്ന് പല്ലവി. പിന്നെ മനോഹരമായ ഒരു ഹമ്മിങ് ആണ്. തുടർന്നുള്ള വരികൾ ഇങ്ങനെ.

‘‘നിൻ ചുണ്ടിൽ തൂവും തൂമരന്ദം/ നിറയുന്നു പൂവുകളിൽ നീളേ/ നിന്നെ കിനാവ് കണ്ടു നിൻ കിളിക്കൊഞ്ചൽ കേട്ട്/ എന്നെ മറന്നിടുന്നു ഞാൻ.’’

പി. സുശീല പാടിയ ‘‘എൻ ചുണ്ടിൽ രാഗമന്ദാരം’’ എന്ന ഗാനത്തിൽ വരുന്ന എണ്ണങ്ങൾ ഒരു പുതുമയായിരുന്നു,

‘‘എൻ ചുണ്ടിൽ രാഗമന്ദാരം/ എൻ കാലിൽ താളശൃംഗാരം/ ഒന്ന് രണ്ട് മൂന്നു നാല് അഞ്ച് ആറ്/ ഏഴാം നാളിൽ ഏഴുവെളുപ്പിന്/ എനിക്ക് സ്വയംവരം.../ മധുരസ്വപ്നസംഗമം’’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ:

 

എ. വിൻസെന്റ്,വേദ്പാൽ വർമ

എ. വിൻസെന്റ്,വേദ്പാൽ വർമ

‘‘അലതല്ലും മോഹം നെഞ്ചിൽ തേൻപോലെ പൂന്തേൻപോലെ/ ആ മാറിൽ വീഴും ഞാൻ/ പൂങ്കുല പോലെ പൂങ്കുല പോലെ/ അവിടത്തെ വധുവാകും ഞാൻ/ അവിടത്തെ വധുവാകും/ ഒന്ന് രണ്ടു മൂന്നു നാല് അഞ്ച് ആറ്/ ഏഴാം നാളിൽ ഏഴുവെളുപ്പിന്/ എനിക്ക് സ്വയംവരം/ മധുരസ്വപ്നസംഗമം...’’

ഈ ആഹ്ലാദഗാനം തീവ്രദുഃഖത്തിൽ എസ്. ജാനകിയും പാടുന്നുണ്ട്. ഇവിടെ വരികളും ദുഃഖഭാവം കൈക്കൊള്ളുന്നു.

‘‘എൻ ചുണ്ടിൽ രാഗനൊമ്പരം/ എൻ കാലിൽ താളഗദ്ഗദം/ ഒന്ന് രണ്ട് മൂന്നു നാല് അഞ്ച് ആറ്/ ഏഴാം നാളിൽ എന്റെ പ്രതീക്ഷകൾ/ വിടരാതെ കൊഴിഞ്ഞുപോയ്/ മധുരസ്വപ്നം മാഞ്ഞുപോയ്...’’ എന്നിങ്ങനെ ഗാനത്തിലെ വരികൾ മാറുന്നു, ചരണങ്ങളിലെ വരികളിലും ദുഃഖം കലരുന്നു.

കെ.പി. ബ്രഹ്മാനന്ദനും ബി. വസന്തയും സംഘവും പാടിയ ഗാനം ‘‘തെയ്യാരേ... തെയ്യാരേ... തെയ്യാരേ...’’ എന്നാരംഭിക്കുന്നു.

‘‘പൗർണമിതൻ പാലരുവി/ പാടിയാടും കരളിനുള്ളിൽ തേനരുവി/ കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റ്/ കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റ്/ കുണുങ്ങി വരും കാറ്റലയെ വേളിചെയ്യും നാള്​.’’ ഇൗ പല്ലവിയെ തുടർന്നുവരുന്ന വരികൾ ഇങ്ങനെ: ‘‘പോരൂ പോരൂ ഈ നിലാവിൽ പുളകവുമായ്/ പൂമകളേ നീ/ ഈ നിലാവിന്റെ തീരങ്ങളിൽ/ ഈ വസന്തത്തിൻ പൂപ്പന്തലിൽ/ നീ വരൂ പുണരുവാൻ നേരമായ്/ മേനിയിൽ പടരുവാൻ ദാഹമായ്...’’ പി.ബി. ശ്രീനിവാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടുന്ന ഗാനം ‘‘വേണോ... വേണോ... വേണോ...’’ എന്നു തുടങ്ങുന്നു. കാട്ടിൽ കിട്ടുന്ന വസ്തുക്കൾ വിൽക്കുന്നവരുടെ പാട്ട്.

‘‘വേേണാ... വേണോ.../ ആനപ്പല്ല് വേണോ ആടലോടകം വേണോ/ കസ്തൂരി തൈലം വേണോ/ കലമാൻകൊമ്പ് വേണോ.../ തേൻ വേണോ നല്ല കാട്ടുപൂന്തേൻ വേണോ/ അരുമമോന്റെ കയ്യിൽകെട്ടാൻ ആനവാല് വേണോ/ മാലകോർത്തു മാറിലിടാൻ പുലിനഖം വേണോ/ ഓഹോഹോ... ഓഹോഹോ ഹോയ് ഹോയ് ഹോയ്’’ എന്നിങ്ങനെ പല്ലവി.

ആദ്യ ചരണത്തിലെ വരികൾ: ‘‘കിഴക്കു തെക്കു തേവാരമലയിലെ/ കരിങ്കുരങ്ങിന്റെ നെയ്യ്/ ആഹാ -നരയും ജരയും കഷണ്ടിയും മാറ്റും/ നല്ല ഗുണമുള്ള നെയ്യ്/ കാണാമാണിക്യം നീറ്റിയെടുത്ത്/ കാമനു നേദിച്ച ചൂർണവുമുണ്ട്/ ഈ ചൂർണമിട്ടാൽ മംഗല്യയോഗം/ കാണുന്ന കന്യകൾ പിന്നാലെ പോരും/ കാണും പിന്നൊരു സ്വർഗം.../വേണോ ഇത് വേണോ സാറേ വേണോ...’’

‘കാടി’ന്റെ തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. മധു, വിൻ​െസന്റ്, വിജയശ്രീ, ആനന്ദൻ, പി.ആർ. വരലക്ഷ്മി, തിക്കുറിശ്ശി, കൊട്ടാരക്കര ശ്രീധരൻ നായർ, കെ.വി. ശാന്തി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയത് ടി.കെ. പുകഴേന്തിയാണ്. 1973 സെപ്റ്റംബർ ഒന്നിന് ചിത്രത്തിന്റെ മലയാളം പതിപ്പ് തിയറ്ററുകളിലെത്തി.

‘കാട്’ വമ്പിച്ച പ്രദർശനവിജയം നേടിയ സിനിമയാണ്. തമിഴിൽ ‘മലൈനാട്ടു മങ്കൈ’ എന്നും ഹിന്ദിയിൽ ‘ഹം ജംഗ്ലി ഹേ ’ എന്നുമായിരുന്നു ചിത്രത്തിന്റെ പേര്.

 

എം. കുഞ്ചാക്കോ നിർമിച്ച് അദ്ദേഹംതന്നെ സംവിധാനംചെയ്ത ‘പാവങ്ങൾ പെണ്ണുങ്ങൾ’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ശാരംഗപാണി എഴുതി. പ്രേംനസീർ, വിജയശ്രീ, കെ.പി. ഉമ്മർ, ഉഷാകുമാരി, അടൂർ ഭാസി, എസ്.പി. പിള്ള, എൻ. ഗോവിന്ദൻകുട്ടി, ഗിരീഷ് കുമാർ, അരൂർ സത്യൻ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീം പാട്ടുകളൊരുക്കി.

‘‘പാവങ്ങൾ പെണ്ണുങ്ങൾ...’’ എന്നു തുടങ്ങുന്ന പ്രമേയഗാനം യേശുദാസ് പാടി. ‘‘പാവങ്ങൾ പെണ്ണുങ്ങൾ ദുഃഖ-/ ഭാരം ചുമക്കും ദേവതകൾ/ കാലസമുദ്രത്തിരകളിൽ നീന്തും കളിമൺപാവകൾ’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം തുടരുന്നതിങ്ങനെ: ‘‘ഇതിഹാസങ്ങൾക്കു താടി നരച്ചു/ ഇന്നലത്തെ സ്‌മൃതികൾ മരിച്ചു/ സ്ത്രീകളിന്നും വിരഹാതുരകൾ/ ഭൂമികന്യാസീതകൾ/ രാമായണത്തെ കണ്ണീരിൽ മുക്കിയ/ സീതകൾ സീതകൾ...’’ യേശുദാസ് പാടിയ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇതാണ്.

‘‘ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്/ ആയില്യത്തേഴിലം പാലയുണ്ട്/ നൂറും പാലും കുടിച്ചാടു പാമ്പേ -തങ്ക/ നൂലും കഴുത്തിലിട്ടാടു പാമ്പേ/ സർപ്പവനത്തിലെ വള്ളിപ്പടർപ്പിലെ/ പുഷ്‌പശിഖാമണി മുത്തുചൂടി/ വെട്ടിത്തിളങ്ങും മിഴികൾ നീട്ടി/ നെറ്റിയിൽ ഗോപിക്കുറി ചാർത്തി/ പുള്ളുവന്പാട്ടു കേട്ടാട് പാമ്പേ/ നീലപ്പുള്ളിറവുക്കയിട്ടാട് പാമ്പേ/ ചാഞ്ചാടു പാമ്പേ/ ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട്...’’ യേശുദാസും പി. സുശീലയും സംഘവും പാടിയ ഓണപ്പാട്ട് ശ്രദ്ധേയമായി.

‘‘ഒന്നാം പൊന്നോണപ്പൂപ്പട കൂട്ടാൻ/ പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ/ ഓടി വാ തുമ്പി പൂത്തുമ്പി താ തെയ്.../ അന്നം പൂക്കുലയൂഞ്ഞാലാടാൻ/ പൂമാലപ്പെണ്ണിനെ പൂകൊണ്ട് മൂടാൻ/ ആടിവാ തുമ്പീ പൂത്തുമ്പീ താ തെയ്...’’

 

തോപ്പിൽ ഭാസി,കെ.ആർ. വിജയ

തോപ്പിൽ ഭാസി,കെ.ആർ. വിജയ

യേശുദാസ് പാടിയ ‘‘തുറമുഖമേ...’’ എന്ന പാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘തുറമുഖമേ തുറമുഖമേ തുറമുഖമേ/ മരതകപ്പച്ചകൾ വിടർത്തിയ തുറമുഖമേ/ തിരിയെ വരുന്നു വടവാൾമുനയാൽ/ തിലകം ചാർത്തിയ ഞങ്ങൾ -കുങ്കുമ/ തിലകം ചാർത്തിയ ഞങ്ങൾ.../ അലയാഴിയിലെ കൊള്ളക്കാരുടെ/ തലകളരിഞ്ഞവർ ഞങ്ങൾ/ തലകളരിഞ്ഞവർ ഞങ്ങൾ -ഈ/ മലയാളത്തിലെ മധുരാംഗികളുടെ/ മാനം കാത്തവർ ഞങ്ങൾ/ അടിമകളല്ല ഇനിയടിമകളല്ല, ഇതു/ തുടലുകൾ ഊരിയ കൈകൾ കോട്ടും/ പടഹങ്ങൾ ജയപടഹങ്ങൾ...’’

പി. ജയചന്ദ്രനും അമ്പിളിയും ചേർന്നു പാടിയ ‘‘കുഞ്ഞല്ലേ, പിഞ്ചുകുഞ്ഞല്ലേ...’’ എന്നു തുടങ്ങുന്നു മറ്റൊരു ഗാനം.

‘‘കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ -ഈ/ കുഞ്ഞിക്കണ്ണിൽ ഇരുട്ടല്ലേ/ എല്ലാ മുഖങ്ങളും കാണുന്നവർ/ എന്നോട് കരുണയില്ലേ/ ഇവളുടെ പ്രായത്തിൽ നൂറുനൂറായിരം / ഇത്തിരിപ്പൂവുകൾ ചിരിക്കുമ്പോൾ/ കാലത്തുണർന്നവർ പാലടയുണ്ണുമ്പോൾ/ കാണാത്ത കണ്ണുകൾ തുറക്കും ഇവൾ/ കൈ നീട്ടി തെരുവിലിരിക്കും/ ഒരു കാശൊരു കാശ് തരണേ...’’

ജയചന്ദ്രൻ പാടിയ ‘‘പോകൂ മരണമേ...’’ എന്നു തുടങ്ങുന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പോകൂ മരണമേ പോകൂ -നിൻ/ ഏകാന്തതയിൽ വന്നുടുതുണി മാറാൻ/ എനിക്കു മനസ്സില്ല എനിക്കു മനസ്സില്ല/ പോകൂ മരണമേ പോകൂ.../ ശിൽപി ഞാനൊരു ശിൽപി/ ശിലകൾ ഈശ്വരവിഗ്രഹമാക്കും ശിൽപി/ അടച്ചിടും ഞാൻ നീയണയുമ്പോൾ/ അസ്ഥിപഞ്ജരശാല/ നിന്റെ നാട്ടിൽ ശിൽപങ്ങളുണ്ടോ/ നിന്റെ നാട്ടിൽ മനുഷ്യരുണ്ടോ...’’

ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ ‘‘പ്രതിമകൾ... പ്രതിമകൾ... പ്രിയദർശിനികൾ’’ എന്നാരംഭിക്കുന്ന ഗാനം ഇങ്ങനെ തുടങ്ങുന്നു.

 

 യേശുദാസ്, ബ്രഹ്മാനന്ദ്

 യേശുദാസ്, ബ്രഹ്മാനന്ദ്

‘‘പ്രതിമകൾ പ്രതിമകൾ/ പ്രിയദർശിനികൾ/ പ്രതിമകൾ/ കവിതകൾ കവിതകൾ/ കല്ലിൽ കൊത്തിയ കവിതകൾ/ ചുണ്ടിൽ സ്വർണക്കരണ്ടിയുമായ്/ ശുക്രദശയിൽ ജനിച്ചവരേ/ നിൽക്കൂ ഒന്നു നിൽക്കൂ/ ജിപ്സി നർത്തകിയെ വേണോ...’’ എന്നിങ്ങനെ തുടരുന്നു.

പി. സുശീലയും പി. ലീലയും മാധുരിയും ചേർന്നു പാടിയ ഒരു ഗാനവും ‘പാവങ്ങൾ പെണ്ണുങ്ങൾ’ എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. ‘‘സ്വർണഖനികളുടെ/ സ്വർഗഭൂമിയുടെ സുൽത്താനേ/ നമസ്തേ നമസ്തേ നമസ്തേ/ സ്വപ്നഖനികളുടെ/ പുഷ്പവതികളുടെ സുൽത്താനേ/ നമസ്തേ നമസ്തേ നമസ്തേ...’’

‘പാവങ്ങൾ പെണ്ണുങ്ങൾ’ എന്ന സിനിമയിൽ വയലാർ-ദേവരാജൻ ടീം ഒരുക്കിയ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. മലയാള സിനിമയിലെ ഒന്നാംനിര ഗായകരെല്ലാവരും പാടി. എന്നാൽ, കഥയുടെ പരിമിതി നിമിത്തം ആ ഗാനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം സിനിമാപ്രേക്ഷകർ നൽകിയോ എന്നു സംശയമുണ്ട്.

1973 സെപ്റ്റംബർ ഏഴിന് ‘പാവങ്ങൾ പെണ്ണുങ്ങൾ’ എന്ന ചിത്രം പുറത്തുവന്നു. സാമ്പത്തികമായും ചിത്രം ശരാശരിയിൽനിന്നുയർന്നില്ല. കെ.ആർ. വിജയയുടെ അഭിനയംകൊണ്ടും കഥയിലെ വ്യത്യസ്തതകൊണ്ടും മലയാളത്തിൽ ചർച്ചാവിഷയമായ സിനിമയാണ് ‘നഖങ്ങൾ’. വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിലെ പ്രധാന കഥാപാത്രമായ സരസ്വതി മാത്യുവിനെയാണ് കെ.ആർ. വിജയ അവതരിപ്പിച്ചത്. സുപ്രിയാ ഫിലിംസിനുവേണ്ടി ഹരിപോത്തൻ നിർമിച്ച ‘നഖങ്ങൾ’ എ. വിൻസെന്റ് സംവിധാനംചെയ്തു. നോവലിൽനിന്ന് തിരക്കഥ തയാറാക്കിയതും സംഭാഷണം രചിച്ചതും തോപ്പിൽ ഭാസിയാണ്.

വയലാർ-ദേവരാജൻ ടീം ഒരുക്കിയ മികച്ച ഗാനങ്ങൾ ഈ സിനിമയുടെ ഒരു പ്രധാന ആകർഷണമായിരുന്നു.

മധു, കെ.ആർ. വിജയ, ജയഭാരതി, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി, കെ.പി. ഉമ്മർ, രാഘവൻ, കെ.പി.എ.സി ലളിത, മുത്തയ്യ, ശങ്കരാടി, ബഹദൂർ, വീരൻ, പറവൂർ ഭരതൻ, മീന, ടി.ആർ. ഓമന, ടി.പി. രാധാമണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

യേശുദാസും മാധുരിയും ചേർന്നു പാടിയ ‘‘കൃഷ്ണപക്ഷക്കിളി ചിലച്ചു’’ എന്നു തുടങ്ങുന്ന ഗാനവും യേശുദാസ് തനിച്ചു പാടിയ ‘‘പുഷ്പമംഗലയാം ഭൂമിക്ക്- വേളിപ്പുടവയുമായ് വരും വെളുത്തവാവേ’’ എന്ന ഗാനവും ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു. ചിത്രത്തിലെ ഒരു ഗാനവും മോശമായിരുന്നില്ല.

‘‘കൃഷ്ണപക്ഷക്കിളി ചിലച്ചു/ ഉം...ഉം.../ കുളിച്ചു വാ പെൺപക്ഷീ കുളിച്ചുവാ/ കുളിച്ചുവന്നാൽ ചൂടിക്കാം/ കൊക്കുകൊണ്ടൊരു കുങ്കുമപ്പൂ’’ എന്ന് പല്ലവി. പാട്ട് ഇങ്ങനെ തുടരുന്നു:

‘‘മല്ലികാർജുനക്ഷേത്രക്കുളങ്ങരെ/ മഞ്ഞുമൂടിയ കാവ്/ മഞ്ഞു മൂടും കാവിനടുത്തൊരു/ മന്ത്രമല്ലികപ്പൂവ്/ പൂ നുള്ളാം... പൂവിൽ മയങ്ങാം/ ഒരു പൂവമ്പുകൊള്ളുമ്പോൾ പേടിക്കുമോ/ പെണ്ണു പേടിക്കുമോ...’’

വരികൾക്കിടയിൽ ചെറിയ ഹമ്മിങ്ങുകളുണ്ട്... ഒടുവിൽ ‘ഇല്ല’ എന്ന അർഥത്തിൽ ‘ഊഹും’ എന്നും.

യേശുദാസ് പാടിയ ‘‘പുഷ്പമംഗലയാം ഭൂമിക്ക്‌’’ എന്നുതുടങ്ങുന്ന ഗാനം,

‘‘പുഷ്പമംഗലയാം ഭൂമിക്ക്‌/ വേളിപ്പുടവയുമായ് വരും വെളുത്ത വാവേ/ എന്റെ മടിയിൽ മയങ്ങുമീ മാലതീലതയെ/ തൊടല്ലേ തൊടല്ലേ നീ...’’ എന്ന പല്ലവിതന്നെ മനോഹരം. വരികൾ ഇങ്ങനെ തുടരുന്നു:

‘‘കടഞ്ഞ ചന്ദനമെതിയടികളുമായ് -കയ്യിൽ/ കനകവേണുവുമായ്/ പൊൻമുകിൽ ചെമ്മരിയാടിനെ മേയ്ക്കുന്ന/ പുല്ലാനിമലയിലെ ആട്ടിടയൻ/ നീയീ കവിളിലെ നീഹാരഹാരം/ കവരുമോ -നിലാവേ കവരുമോ..?’’

യേശുദാസും സംഘവും പാടിയ ‘‘നക്ഷത്രങ്ങളേ സാക്ഷി...’’ എന്ന ഗാനം വികാരനിർഭരമാണ്. ‘‘നക്ഷത്രങ്ങളേ സാക്ഷി/ നവഗ്രഹങ്ങളേ സാക്ഷി/ യാത്രയായീ അന്ത്യയാത്രയായീ/ ഈ യാഗഭൂമിയിലെ രക്തസാക്ഷി/ രക്തം മനുഷ്യരക്തം വീണു കുതിർന്നു/ ചുവക്കുമീ മണ്ണിൽ/ എത്ര നാളുകൾ ഉറച്ചുനിൽക്കുമീ/ പ്രഭുത്വവർഗം/ എത്രനാൾ കൊടുങ്കാറ്റുകൾ/ തടഞ്ഞുനിർത്തും/ ഘാതകരേ കശ്മലരേ/ ഈ നീതിമാന്റെ രക്തത്തിൽ/ നിങ്ങൾക്കു പങ്കില്ലേ... പങ്കില്ലേ...’’

പി. സുശീല പാടിയ ‘‘മാതാവേ മാതാവേ’’ എന്നു തുടങ്ങുന്ന പ്രാർഥനാഗീതവും ‘നഖങ്ങൾ’ എന്ന സിനിമയിലുണ്ടായിരുന്നു. ‘‘മാതാവേ മാതാവേ/ മനുഷ്യപുത്രനെ ഞങ്ങൾക്കു നൽകിയ/ മാതാവേ/ നിൻ പാദപീഠം തേടിവരുന്നൊരു/ നിരപരാധിനി ഞാൻ’’ എന്ന പല്ലവി മാത്രമല്ല ഗാനത്തിലെ എല്ലാ വരികളും ലളിതമായിരുന്നു.

‘‘ഭൂമിയിൽ സ്ത്രീകളായ് ജനിച്ചവരെല്ലാം/ പാപം ചെയ്തവരാണോ -ഇത്രമേൽ/ പാപം ചെയ്തവരാണോ/ അല്ലെങ്കിലെന്തിനീ പാനപാത്രം/ കയ്‌പുവെള്ളം നിറച്ചു നീ തന്നു...’’ എന്നിങ്ങനെ തുടരുന്നു.

 

മാധുരി പാടിയ ഒരു ഗാനംകൂടി ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.‘‘ഗന്ധർവ നഗരങ്ങൾ അലങ്കരിക്കാൻ പോകും’’ എന്ന് ആരംഭിക്കുന്ന ഗാനം. ‘‘ഗന്ധർവനഗരങ്ങൾ അലങ്കരിക്കാൻ പോകും/ ഇന്ദുകലേ സഖീ ഇന്ദുകലേ -നിൻ/ തേരോടും വീഥിയിലുണ്ടൊരു/ പർണകുടീരം -ഏകാന്ത പർണകുടീരം.’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘രാസക്രീഡാ സരസ്സിന്നരികിൽ/ രാമഗിരിയുടെ മടിയിൽ/ ആ ശ്യാമവനഭൂവിൽ/ കാണാം സഖീ കാണാം നിന്റെ/ കാളിദാസന്റെ യക്ഷനെപ്പോലൊരു കാമുകനെ, കാമമോഹിതനെ.’’

‘നഖങ്ങൾ’ കലാപരമായും സാമ്പത്തികമായും വിജയിച്ച ചിത്രമാണ്. 1973 സെപ്റ്റംബർ എട്ടിനാണ്​ ‘നഖങ്ങൾ’ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയത്.

(തുടരും)

News Summary - weekly sangeethayathrakal