‘ചട്ടക്കാരി’യിലെ വ്യത്യസ്ത സംഗീതം
യേശുദാസും മാധുരിയും പാടിയ ‘‘ജൂലി ഐ ലവ് യൂ’ എന്ന ഗാനമാണ് സൂപ്പർഹിറ്റ് ആയത്. സംഭാഷണംപോലെ ഒഴുകുന്ന ഈ ഗാനത്തിലെ വരികൾ ഒരു സാധാരണ ഗാനംപോലെയല്ല. ഗായകനും ഗായികയും ചെറുചെറു വാക്യങ്ങൾ മാറി മാറി പാടുന്നു. ദേവരാജൻ മാസ്റ്റർക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ ഗാനം -സംഗീതയാത്രയിൽ
‘പമ്മൻ’ എന്ന തൂലികാനാമത്തിൽ നോവലുകൾ രചിച്ചിരുന്ന ആർ.പി. മേനോന്റെ കൃതികളിൽ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്നു യാഥാസ്ഥിതികർ കുറ്റപ്പെടുത്തിയിരുന്നെങ്കിലും അവയെല്ലാം വമ്പിച്ച ജനപ്രീതി നേടിയിരുന്നു. സേതുമാധവൻ സംവിധാനം ചെയ്തു മികച്ച ചിത്രമെന്ന് പേരുകേട്ട ‘അടിമകളു’ടെ രചയിതാവ് പമ്മൻ ആയിരുന്നല്ലോ. ആംഗ്ലോ ഇന്ത്യൻ വംശജരായ മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ‘ചട്ടക്കാരി’ എന്ന നോവൽ പമ്മന്റെ പ്രശസ്തി നേടിയ മറ്റൊരു കൃതിയാണ്. സേതുമാധവന്റെ സംവിധാനത്തിൽ ‘അടിമകൾ’ നിർമിച്ച എം.ഒ. ജോസഫ് (മഞ്ഞിലാസ്) തന്നെയാണ് ‘ചട്ടക്കാരി’യും സിനിമയാക്കിയത്. തമിഴിലും കന്നടയിലും നായികയായി പ്രശസ്തി നേടിയിരുന്ന ലക്ഷ്മി എന്ന നടി ‘ചട്ടക്കാരി’യിലെ നായികയായി വന്നു മലയാള സിനിമയിലും അംഗീകാരം നേടിയെടുത്തു.
മോഹൻ ശർമ നായകനായ ‘ചട്ടക്കാരി’യിൽ അടൂർ ഭാസി, എം.ജി. സോമൻ, സുജാത, സുകുമാരി, ശങ്കരാടി, ബഹദൂർ, ഫിലോമിന, പറവൂർ ഭരതൻ, വിനോദിനി, റീന, മാസ്റ്റർ സത്യജിത് തുടങ്ങിയവരും അഭിനയിച്ചു. തോപ്പിൽ ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. വയലാറിന്റെ ഗാനങ്ങൾക്ക് തികച്ചും വ്യത്യസ്തമായ രീതിയിൽ ദേവരാജൻ ഈണങ്ങൾ നൽകി. ഒരു ഗാനം ഉഷ ഉതുപ്പ് ആലപിച്ചു. ആ ഗാനം രചിച്ചതും ചിട്ടപ്പെടുത്തിയതും ഉഷ ഉതുപ്പ് തന്നെയാണ്.
യേശുദാസും മാധുരിയും പാടിയ ‘‘ജൂലി ഐ ലവ് യൂ’’ എന്ന ഗാനമാണ് സൂപ്പർഹിറ്റ് ആയത്. സംഭാഷണംപോലെ ഒഴുകുന്ന ഈ ഗാനത്തിലെ വരികൾ ഒരു സാധാരണ ഗാനംപോലെയല്ല. ഗായകനും ഗായികയും ചെറുചെറു വാക്യങ്ങൾ മാറിമാറി പാടുന്നു. ദേവരാജൻ മാസ്റ്റർക്ക് അവസരത്തിനൊത്ത് ഉയരാൻ കഴിയുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ ഗാനം.
‘‘ജൂലീ/ യെസ് ഡാർലിങ്/ ഐ ലവ് യൂ.../ ഓ യു ആർ മൈ സ്വീറ്റ്‌നസ്/ ജൂലി ഐ ലവ് യൂ/ ഉം.../ ഐ ലവ് യൂ... ഉം’’ ഇതാണ് ഗാനത്തിന്റെ പല്ലവി. ഗാനം തുടരുന്നു: ‘‘ഓ മൈ ജൂലി ജൂലി / നിന്റെ സ്വപ്നത്തിൻ കൂടിനെത്ര വാതിൽ/ ഒരേ ഒരേ ഒരു വാതിൽ/ ഓ മൈ ജൂലി.../ ആ കിളിവാതിലിൽ ഇപ്പോൾ പടരുന്നതേതു വള്ളി/ ഇക്കിളിവള്ളി/ അതിന്റെ ചില്ലയിലിപ്പോൾ/ പൂത്തതെന്തൊരു പൂ/ പനിനീർപ്പൂ... പനിനീർപ്പൂ...’’ ഇതുപോലെ പുതുമയുള്ള ഒരു ചരണംകൂടി ഈ പാട്ടിലുണ്ട്.
യേശുദാസ് തന്നെ പാടിയ ‘‘മന്ദസമീരനിൽ...’’ എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയം. ‘‘മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും/ ഇന്ദ്രചാപം നീ/ മന്ദസ്മിതങ്ങൾ മാടിവിളിക്കും/ ഇന്ദുഗോപം നീ...’’ എന്ന പല്ലവിയെ തുടർന്നു വരുന്ന വരികൾ: ‘‘ജനുവരിക്കുളിർചന്ദ്രിക മുകരും/ ജലതരംഗം നീ/ ശിലകൾ താനേ ശിൽപമാകും/ സൗകുമാര്യം നീ... സ്വപ്ന/ സൗകുമാര്യം നീ/ നിറയും എന്നിൽ നിറയും നിന്റെ/ നീഹാരാർദ്രമാം അംഗരാഗം...’’
മാധുരി പാടിയ ‘‘യുവാക്കളേ യുവതികളേ’’ എന്ന് ആരംഭിക്കുന്ന ഗാനമാണ് വയലാർ എഴുതിയ മൂന്നാമത്തെ ഗാനം. ‘‘യുവാക്കളേ യുവതികളേ/ യുഗചേതനയുടെ ലഹരികളേ/ വിഷാദമറിയാത്ത സ്വപ്‌നങ്ങൾ നമ്മൾ/ വികാരപുഷ്പങ്ങൾ...’’ യൗവനം ആഘോഷമാക്കാൻ ആഹ്വനംചെയ്യുന്ന ഗാനമാണ് ഇത് . ഗാനം ഈ വിധം തുടരുന്നു: ‘‘നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ നാളത്തെ വസന്തങ്ങൾ/ നമ്മുടെ അനുരാഗ സംഗമങ്ങൾ/ നാളത്തെ ശാകുന്തളങ്ങൾ/ ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ.../ ചില്ലുപാത്രങ്ങൾ നിറയ്‌ക്കൂ/ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും/ ക്രിസ്തുമസ് രാത്രിയാക്കൂ -ജീവിതം/ ക്രിസ്തുമസ് രാത്രിയാക്കൂ.../ യുവാക്കളേ യുവതികളേ...’’
പി. ലീല പാടിയ‘‘ നാരായണായ നമഃ’’ എന്ന നാമജപഗാനവും ഈ ചിത്രത്തിലുണ്ട്. ആംഗ്ലോ ഇന്ത്യൻ കുടുംബാന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ ചില കാഴ്ചകൾ കൊണ്ടുവരാൻ വേണ്ടിയാകാം ഈ ഗാനം ഉൾപ്പെടുത്തിയത്.
‘‘നാരായണായനമഃ നാരായണായ നമഃ/ നാരായണായ നമഃ നാരായണാ/ നാരായണായ നമഃ നാരായണായ നമഃ/ നാരായണായ നമഃ നാരായണാ/ പാലാഴി വെൺതിര തലോടി തൊഴുന്ന തവ/ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ/ മാഹേന്ദ്രനീലമണി പീഠത്തിൽ വെച്ച് കണി/ കാണാൻ വരം തരിക നാരായണാ...’’ ഇതുപോലെ ഒരു ചരണംകൂടിയുണ്ട്.
‘ചട്ടക്കാരി’യിലെ അവശേഷിക്കുന്ന ഗാനം ഉഷ ഉതുപ്പ് എന്ന പ്രസിദ്ധ ഗായിക എഴുതി ചിട്ടപ്പെടുത്തി സ്വയം പാടിയിരിക്കുന്നു. ആ ഗാനത്തിന്റെ തുടക്കം ഇംഗ്ലീഷിൽതന്നെ ഉദ്ധരിക്കുന്നു.
‘‘Love was just around the corner/ I knew that I was just a goner/ He said to wait till he was twenty/ His heart was young and/ oh so empty/ I didn't even know/ That I loved him so/ Till he went away...’’
കഥയിലെ അന്തരീക്ഷത്തിന്റെ വ്യത്യസ്തതകൊണ്ടും തിരക്കഥയുടെ കരുത്തുകൊണ്ടും സംവിധാന മികവുകൊണ്ടും നടീനടന്മാരുടെ മികച്ച പ്രകടനംകൊണ്ടും ‘ചട്ടക്കാരി’ എന്ന ചിത്രം നല്ല വിജയം നേടി. 1974 മേയ് 10നാണ് ‘ചട്ടക്കാരി’യുടെ പ്രദർശനം തുടങ്ങിയത്.
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ഉടമയായ എസ്.എസ്. തിരുപ്പതി ചെട്ടിയാർ നിർമിച്ച ചിത്രമാണ് ‘നൈറ്റ് ഡ്യൂട്ടി’. ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.എൽ. പുരം സദാനന്ദൻ എഴുതി. വയലാറിന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. യേശുദാസ്, പി. സുശീല, എസ്. ജാനകി, എൽ.ആർ. ഈശ്വരി, അമ്പിളി, ജയശ്രീ, ശ്രീലത നമ്പൂതിരി എന്നിവർ പിന്നണിയിൽ പാടി. പ്രേംനസീർ, ജയഭാരതി, ടി.എസ്. മുത്തയ്യ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, ടി.ആർ. ഓമന, ശ്രീലത തുടങ്ങിയവർ അഭിനേതാക്കളായി. ‘‘ആയിരം മുഖങ്ങൾ ഞാൻ കണ്ടു...’’ എന്നുതുടങ്ങുന്ന ഗാനം യേശുദാസ് പാടി. ഇതാണ് ചിത്രത്തിലെ മികച്ച ഗാനമെന്നു പറയാം.
‘‘ആയിരം മുഖങ്ങൾ ഞാൻ കണ്ടു/ ആയിരവും പൊയ്‌മുഖങ്ങളായിരുന്നു.../ ആയിരം സ്വപ്‌നങ്ങൾ ഞാൻ കണ്ടു/ ആയിരവും വിരസങ്ങളായിരുന്നു...’’ പല്ലവിക്കുശേഷം വരുന്ന ആദ്യചരണം ഇതാണ്: ‘‘തീ കെടാത്ത മനസ്സുമായ് നമ്മളീ ഭൂമിയിൽ/ തിരയുന്ന ശ്രീകോവിൽ/ സത്യത്തിൻ തിരി കത്തും ശ്രീകോവിൽ/ അഭിഷേകമില്ലാതെ നെയ്‌വേദ്യമില്ലാതെ/ അടഞ്ഞു കിടക്കുന്നു.../ മനുഷ്യനും സത്യത്തിനും വിലയിടിഞ്ഞു.../ വിലയിടിഞ്ഞു.’’
യേശുദാസ് പാടിയ ‘‘അന്തിമലരികൾ പൂത്തു/ സന്ധ്യാദീപം കസവുടുത്തു/ തങ്കപ്പുലിനഖ മോതിരം മൂടും/ രണ്ടാംമുണ്ടുമായ് രാത്രി വന്നു/ നിശ്ശബ്ദ പുഷ്പം ചോദിച്ചു/ നീയാരു നീയാരു സോമലതേ/ തിങ്കൾ പറഞ്ഞു ലജ്ജാലോലയാം/ നിന്നെ കാണാൻ വന്നു ഞാൻ...’’ രചന മികച്ചതാണെങ്കിലും ഈ ഗാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
യേശുദാസും പി. സുശീലയും ചേർന്ന് പാടിയ ‘‘മനസ്സൊരു ദേവീക്ഷേത്രം’’ ആണ് അടുത്ത ഗാനം.
‘‘മനസ്സൊരു ദേവീക്ഷേത്രം/ മധുരവും ദിവ്യവുമാമനുരാഗം -അതിൻ/ മാണിക്യ സോപാനസംഗീതം’’ എന്ന പല്ലവിയും തുടർന്നുള്ള വരികളും നന്ന്. ‘‘അന്തരംഗത്തിലെ സുരഭില സ്വപ്‌നങ്ങൾ/ അഞ്ജലീപുഷ്പങ്ങൾ/ താരുണ്യം തളിർക്കും കൃഷ്ണാഷ്ടപദികൾ/ ധ്യാനമന്ത്രങ്ങൾ/ നിൻ പുഷ്പമണിവാതിൽ തുറക്കൂ ദേവീ/ നിർമാല്യം തൊഴട്ടെ ഞാൻ...’’ പി. സുശീല തനിച്ചു പാടിയ ‘‘പുഷ്പസായകാ നിൻ തിരുനടയിൽ/ പൂജാരിണിയായ് വന്നു ഞാൻ -പ്രേമ/പൂജാരിണിയായ് വന്നു/ കളഭാഭിഷേകങ്ങൾ ചെയ്തു നിൻ മെയ്യിൽ/ നളിനീദളങ്ങൾ ഞാൻ പെയ്തു.../ അംഗനമാരുടെ അംഗരാഗംകൊണ്ട്/ കുങ്കുമമണിഞ്ഞ നിൻ തിരുമാറിൽ/ സന്ധ്യാപൂജയ്ക്കു നടയടച്ചിരുന്നപ്പോൾ/ എന്നെത്തന്നെ ഞാൻ ചാർത്തിച്ചു...’’
നായികയെ കൂട്ടുകാരികൾ കളിയാക്കുന്ന ഗാനം ‘‘ഇന്നു നിന്റെ യൗവനത്തിനേഴഴക്’’ എന്ന പാട്ട് എൽ.ആർ. ഈശ്വരി, അമ്പിളി, ശ്രീലത നമ്പൂതിരി എന്നിവർ ചേർന്നാണ് പാടിയത്.
‘‘ഇന്നു നിന്റെ യൗവനത്തിനേഴഴക്/ ഇന്ദ്രനീലക്കല്ലു വെച്ച പൊൻമോതിരത്തിനും/ ഇന്ദീവരമിഴികൾക്കും നൂറഴക്...’’ ആദ്യ ചരണം ഇങ്ങനെ: ‘‘പ്രേമിച്ച പുരുഷനെ തപസ്സിൽനിന്നുണർത്തിയ/ കാമിനിമാർമണിമൗലേ നിന്റെ/ കാമചാപം കുലച്ചൊരു കൺകേളീ പുഷ്പശരം/ തൂവുമല്ലോ സ്വയംവരരാവിൽ.../ അതുമാറിൽ കൊള്ളുന്ന നിമിഷം നീ/ അടിമുടി പൂക്കുത്തും നിമിഷം/ അഭിനന്ദനം, ആ നിമിഷത്തിനഭിനന്ദനം...’’
എസ്. ജാനകി പാടിയ ‘‘വില്വമംഗലം കണ്ടു’’ എന്നാരംഭിക്കുന്ന ഒരു നല്ല ഭക്തിഗാനവും ചിത്രത്തിലുണ്ട്. ‘‘വില്വമംഗലം കണ്ടു/ വൃന്ദാവന രാധ കണ്ടു/ ഗുരുവായൂരപ്പാ ഭഗവാനേ -നിൻ / തിരുമുഖം കാണുന്നതെന്നോ -ഞാൻ/ തൃപ്പാദം കാണുന്നതെന്നോ..?’’
ജയശ്രീയും ശ്രീലതാ നമ്പൂതിരിയും സംഘവും പാടിയ ‘‘ശ്രീമഹാഗണപതിയുറങ്ങി’’ എന്ന് തുടങ്ങുന്ന ഒരു വ്യത്യസ്ത ഗാനവും ‘നൈറ്റ് ഡ്യൂട്ടി’യിൽ ഉണ്ട്.
‘‘ശ്രീമഹാഗണപതിയുറങ്ങി/ ശ്രീകൈലാസവുമുറങ്ങി/ ശ്രീപാർവതിയും സഖിമാരുമിന്ന്/ പാതിരാപ്പൂ ചൂടും രാത്രി -/ തിരുവാതിരപ്പൂ ചൂടും രാത്രി...’’
വി. ദക്ഷിണാമൂർത്തിയുടെ സെമി ക്ലാസിക്കൽ ശൈലിയും വയലാറിന്റെ രചനയും എല്ലാ ഗാനങ്ങളെയും ശരാശരിക്ക് മുകളിൽ എത്തിച്ചു എന്നുപറയാം. യേശുദാസിന്റെ ‘‘ആയിരം മുഖങ്ങൾ ഞാൻ കണ്ടു’’ എന്ന പാട്ടും പി. സുശീല പാടിയ ‘‘പുഷ്പസായകാ...’’ എന്ന ഗാനവും അവർ ഇരുവരും ചേർന്ന് പാടിയ ‘‘മനസ്സൊരു ദേവീക്ഷേത്രം’’ എന്ന ഗാനവും മുൻനിരയിൽ നിന്നു.
1974 മേയ് പതിനേഴിന് ‘നൈറ്റ് ഡ്യൂട്ടി’ റിലീസ് ചെയ്തു. സാമ്പത്തികമായി രക്ഷപ്രാപിച്ച മറ്റൊരു ശശികുമാർ ചിത്രമാണ് ‘നൈറ്റ് ഡ്യൂട്ടി’.
മെറി ഫിലിംസിന്റെ പേരിൽ നവാഗതനായ എം.ഡി. മാത്യൂസ് കഥയെഴുതി നിർമിച്ച സിനിമയാണ് ‘അലകൾ’. സിനിമാരംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത എം.ഡി. മാത്യൂസ് തന്നെ ചിത്രം സംവിധാനം ചെയ്തു. രാജേഷ് എന്ന പേര് സ്വീകരിച്ചു ചിത്രത്തിൽ നായകനായി അദ്ദേഹംതന്നെ അഭിനയിക്കുകയും ചെയ്തു. എം.ഡി. മാത്യൂസ് തന്നെ എഴുതിയ കഥക്ക് ഷെരീഫ് ആലപ്പുഴ തിരക്കഥയും സംഭാഷണവും രചിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു. ചിത്രത്തിൽ വിജയശ്രീ നായികയായി. അടൂർ ഭാസി, മീന, ശങ്കരാടി, ടി.ആർ. ഓമന, കവിത, പട്ടം സദൻ, പി.ഒ. തോമസ്, പോൾ വെങ്ങോല തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ് പാടിയ ‘‘അഷ്ടമിപൂത്തിങ്കളേ...’’ എന്ന ഗാനവും ‘‘വാസനക്കുളിരുമായ്’’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയം.
‘‘അഷ്ടമിപ്പൂത്തിങ്കളേ -എൻ/ അനുരാഗമലർതിങ്കളേ -എൻ/ അഷ്ടമിപ്പൂത്തിങ്കളേ/ നടയിൽ നിൻ നടയിൽ/ നടനകേളി തൻ തിരനോട്ടം/ ഉടലിൽ പൂവുടലിൽ/ ഉദ്യാനലക്ഷ്മി തൻ വിളയാട്ടം/ നിൻ പദതളിരിൽ താളലയങ്ങളിൽ/ നിറ പൗർണമിയുടെ കളിയാട്ടം/ നിൻ മിഴിയിതളിൽ രാഗമനോഹര/ നീലിമ കൊണ്ടൊരു മയിലാട്ടം’’ എന്നിങ്ങനെ ആദ്യത്തെ ചരണം.
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘വാസനക്കുളിരുമായ്’’ എന്ന് തുടങ്ങുന്നു: ‘‘വാസനക്കുളിരുമായ് വാകപ്പൂ ചാർത്തുമായ് വാസരസ്വപ്നമായ് വന്നു നീ നിൽക്കുന്നു’’ എന്നു പല്ലവി
‘‘പൂവമ്പൻ കൈനീട്ടി പുണരാത്ത/ പുഷ്പിണിയല്ലോ നീ/ നാണിപ്പതെന്തേ കോണിലൊളിക്കാൻ മാറിൽനിന്നെയുറക്കാൻ മോഹം’’ എന്നിങ്ങനെ ആദ്യചരണം.
യേശുദാസും എസ്. ജാനകിയും അയിരൂർ സദാശിവനും പാടിയ ‘‘ചന്ദനക്കുറി ചാർത്തി’’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പല്ലവിയിങ്ങനെ.
‘‘ചന്ദനക്കുറി ചാർത്തി ചെമ്പകപ്പൂ ചൂടി/ ചമഞ്ഞൊരുങ്ങിയ കൂട്ടുകാരീ/ സ്വയംവരപ്രായമായിരുന്നിട്ടുമിങ്ങനെ/ തനിയേ കഴിഞ്ഞാൽ മതിയോ...’’ എന്ന് ആദ്യത്തെ ചരണം. ഇങ്ങനെ അടുത്ത ഭാഗം എസ്. ജാനകിയാണ് പാടിയത്.
‘‘മനസ്സിലിനിയും ഒരാൺകിളി വന്നില്ല/ മധുരം നുള്ളിത്തന്നില്ല -തിരു/ മധുരം നുള്ളി തന്നില്ല.’’ അപ്പോൾ ഗായകന്റെ ചോദ്യം. ‘‘ഞാനൊരാൺകിളിയല്ലേ -നീയെൻ/ മാനസദേവതയാവുകയില്ലേ -ആയിത്തീരുകില്ലേ?’’
എസ്. ജാനകി പാടിയ ‘‘പൗർണമിച്ചന്ദ്രികയിൽ കളങ്കമുണ്ടെങ്കിലും’’ എന്നു തുടങ്ങുന്ന ഗാനമാണ് അടുത്തത്.
‘‘പൗർണമിച്ചന്ദ്രികയിൽ കളങ്കമുണ്ടെങ്കിലും/ പരമപാവനയല്ലോ/ മണിമുത്തുച്ചിപ്പികൾ കടലിലാണെങ്കിലും/ മനുഷ്യർ തിരയുകയല്ലോ...’’ ആദ്യചരണം ഇങ്ങനെ: ‘‘മുൾച്ചെടിത്തണ്ടിൽനിന്നല്ലോ വിരിയുന്നു/ പനിനീർമുകുളങ്ങൾ/ ഇളംകാറ്റ് വന്നതിൽ ഇലത്താളമിടുന്നതിൽ/ ഇനിയും പിഴയെന്തു പറയാൻ... പൂവിനെ/ ഇനിയും പിഴയെന്തു പറയാൻ...’’
പി. ലീല പാടിയ ഗാനമാണ് ചിത്രത്തിൽ അവശേഷിക്കുന്ന അഞ്ചാമത്തെ ഗാനം. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പ്രേമാനുഭൂതിയുമായെന്നിൽ നീയൊരു/ രോമാഞ്ചകഞ്ചുകം ചാർത്തി.../ ഓരോരോ രാഗവുമായെന്നിൽ നീയൊരു/ ഓരിലയിൽ ഈരിലക്കുട നീർത്തി...’’ ‘അലകൾ’ എന്ന സിനിമ വിജയിച്ചില്ല. ആ ചിത്രത്തെക്കുറിച്ച് ഓർമിക്കാൻ ഒരു ഗാനം ചിലർക്കെങ്കിലും അവസരം നൽകിയേക്കാം. യേശുദാസ് മനോഹരമായി ആലപിച്ച ‘‘അഷ്ടമിപ്പൂത്തിങ്കളേ...’’ എന്ന ഗാനം.