തീവ്രവാദിപട്ടം ചാർത്തിയിട്ടും ഈ ജനത പോരാട്ടത്തിലാണ്
കോഴിേക്കാട് കടപ്പുറത്തെ ആവിക്കൽ തോട്ടിലെ ജനം ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്. അടിച്ചമർത്താൻ നോക്കിയിട്ടും, തീവ്രവാദിപട്ടം ചാർത്തിയിട്ടും ആ ജനത പോരാട്ടത്തിലാണ്. എന്താണ് സമരം നൽകുന്ന പാഠങ്ങൾ, സൂചനകൾ?
കോഴിക്കോട് വെള്ളയിൽ പുതിയകടവ് ജാസിം മൻസിൽ ഇർഫാൻ കഴിഞ്ഞയാഴ്ചവരെ കോൺഗ്രസുകാരനായിരുന്നു. ഇർഫാന് ഇപ്പോൾ ഒരു പുതിയ പേരു കിട്ടിയിട്ടുണ്ട്. 'തീവ്രവാദി'. ഇർഫാനു മാത്രമല്ല, മുസ്ലിം ലീഗുകാരനായ പി. ദാവൂദിനും നിർമാണമേഖലയിൽ കൺസൽട്ടന്റായി ജോലിനോക്കുന്ന ജ്യോതിക്കും വെള്ളയിൽ ആവിക്കൽ തോടിന്റെ പരിസരത്തു താമസിക്കുന്ന നിരവധിപേർക്കും ആ പേരു പതിച്ചുകിട്ടിയിട്ടുണ്ട്. ആ പേര് വെറുതെയങ്ങ് കിട്ടിയതല്ല. ഒരു സർക്കാർ ഗസറ്റിനെക്കാൾ ഉറപ്പും ബലവുമുള്ള നിയമനിർമാണസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ എഴുന്നേറ്റുനിന്നു പ്രഖ്യാപിച്ചതാണ്. ആവിക്കൽ തോട് നിവാസികൾ തീവ്രവാദികളാണ് എന്ന്.
ഒരർഥത്തിൽ മന്ത്രി പറഞ്ഞത് ശരിയാണ്. ആവിക്കൽ തോടുകാർ തീവ്രവാദികളാണ്. അല്ലെങ്കിൽ സമരം എന്ന പേരിൽ ഇറങ്ങിയ അവർ ഏതാനും ദിവസത്തെ മുദ്രാവാക്യം വിളി, ധർണ, പൊലീസ് ബാരിക്കേഡിനു മുന്നിലെ തള്ളിക്കയറ്റം തുടങ്ങിയ സ്ഥിരം കലാപരിപാടികൾ പ്രദർശിപ്പിച്ച് പൊടിയും തട്ടി അടുത്തമഴക്കു മുമ്പ് വീടണഞ്ഞേനെ. ഇതെങ്ങനെയാ, കോരിച്ചൊരിയുന്ന മഴയും പൊലീസിന്റെ ലാത്തിയടിയും കള്ളപ്രചാരണങ്ങളും ദിവസേന നേരിട്ട് ഓരോ ദിവസം കഴിയുന്തോറും കരുത്തു കൂടിവരുകയല്ലേ. പെരുന്നാൾ ദിവസംപോലും മറ്റെങ്ങും പോകാതെ ജാതിയും മതവും നോക്കാതെ ഒറ്റക്കെട്ടായി സൗഹൃദസമരം നടത്തുകയല്ലേ.
നിയമസഭയിലൊക്കെ വരുന്നതിനു മുമ്പുള്ള കാലത്ത് സഖാക്കളെ വിളിച്ചിരുന്ന ഓമനപ്പേരും തീവ്രവാദികളാണെന്നായിരുന്നു എന്ന് 'തീവ്രമായി' തന്നെ പാർട്ടി ക്ലാസെടുത്ത് തഴക്കമുള്ള ഗോവിന്ദൻ മാസ്റ്റർക്ക് അറിയാഞ്ഞിട്ടല്ല. ഇപ്പോഴത്തെ ഫാഷനതാണ്. സമരത്തിനു നേതൃത്വം നൽകുന്നവരുടെ മതവും ജാതിയും നോക്കി തരംപോലെ വിളിച്ചെടുത്താൽ ലാഭമുള്ള കച്ചവടമാകുമെന്ന് പഴയ താത്ത്വികാചാര്യന് ആരും ക്ലാസെടുത്തു കൊടുക്കേണ്ട ആവശ്യവുമില്ല.
വീട്ടുമുറ്റത്തെ തീട്ടപ്ലാന്റ്
കോഴിക്കോട് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കോർപറേഷനിലെ 66ാം വാർഡായ വെള്ളയിൽ കടപ്പുറം. തൊട്ടുതൊട്ട് വീടുകൾ നിൽക്കുന്ന കടൽത്തീരം. മീൻപിടിത്തമല്ലാതെ മറ്റൊരു തൊഴിലും ആശ്രയമില്ലാത്തവർ. സർക്കാർ സംവിധാനങ്ങളെക്കാൾ കരുണ കാണിക്കുന്ന കടലിനെ വിശ്വസിക്കുന്ന മനുഷ്യർ. വെള്ളയിൽ ഹാർബറാണ് പ്രധാന മത്സ്യബന്ധന കേന്ദ്രം. ഹാർബറിന്റെ മുഖം തുറക്കുന്ന വടക്കുവശത്ത് ഏതാണ്ട് 100 മീറ്റർ കഷ്ടിച്ച് അപ്പുറത്തായി കടലിലേക്ക് വന്നുചേരുന്ന ഒരു തോടുണ്ട്. അതാണ് ആവിക്കൽ തോട്. ഇതുവരെ കാണാത്തത്ര തീക്ഷ്ണമായ സമരത്തിന്റെ വേലിയേറ്റമാണ് ഇപ്പോൾ ആവിക്കൽ തോട്ടിൽ.
നഗരത്തിന്റെ മധ്യഭാഗത്തുനിന്നാരംഭിക്കുന്ന മൂന്നു കനാലുകൾ ചേർന്ന് വലിയ തോടായി കടലിൽ ചേരുന്നതാണ് ആവിക്കൽ തോട്. ഒരുകാലത്ത് അലക്കുകയും കുളിക്കുകയും നീന്തിത്തിമിർക്കുകയും ചെയ്തിരുന്നത്രയും തെളിഞ്ഞ വെള്ളമായിരുന്നു ആവിക്കൽ തോട്ടിലൂടെ ഒഴുകിയിരുന്നതെന്ന് പഴമക്കാർ ഓർക്കും. ചുരുങ്ങിയ സ്ഥലത്ത് 1300ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഈ തോടിന്റെ റോഡിന് കിഴക്കുവശത്തുള്ള കരയാണ് കോഴിക്കോട് കോർപറേഷൻ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ കണ്ടെത്തിയ പ്രധാനസ്ഥലം. മറ്റൊന്ന് കുറെക്കൂടി തെക്കോട്ടുമാറി കോതി കടപ്പുറത്തും. 2019ൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 118 കോടിയുടെ പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചത്. അന്നു മുതൽ പ്രദേശവാസികൾ ഒറ്റക്കെട്ടായി ഇതിനെതിരെ സമരത്തിലാണ്. ശുചിമുറി മാലിന്യമെന്ന് ഭംഗിപ്പെടുത്തി പറയുന്നെങ്കിലും സംഭവം കക്കൂസ് മാലിന്യമാണെന്ന് നാട്ടുകാർക്കറിയാം. അതുകൊണ്ടാണ് അവർ ശക്തമായി രംഗത്തുവരുന്നത്.
തുടക്കത്തിലെ എതിർപ്പിനുശേഷം പിൻവാങ്ങിയ നഗരസഭ ഏഴു മാസം മുമ്പ് വീണ്ടും കർക്കശമായ നിലപാടോടെ തിരിച്ചുവന്നു. പ്ലാന്റിന്റെ സർവേയും മണ്ണുപരിശോധനയും നടത്താൻ അധികൃതരെത്തി. അതോടെ പരിസരവാസികൾ സമരവും ശക്തമാക്കി. കോർപറേഷൻ ഓഫിസിലേക്കും എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ വസതിയിലേക്കും മാർച്ച് നടത്തി. ഹൈവേ ഉപരോധിച്ചു. ഉപജീവനത്തിനായി കടലിൽ പോകുന്ന വള്ളങ്ങൾ നിരത്തി പ്ലാന്റിലേക്കുള്ള വഴി തടഞ്ഞു. നിരവധി പേർക്കെതിരെ കേസെടുത്തും പൊലീസിനെ വിന്യസിച്ചും അധികൃതരും പിന്നോട്ടില്ലെന്ന മട്ടിലായതോടെ ആവിക്കൽ സംഘർഷഭരിതമായി. ഏറ്റവും ഒടുവിൽ പ്രദേശത്തെ കടകമ്പോളങ്ങൾ അടച്ചും ഗതാഗതം നിർത്തിച്ചും ആവിക്കൽ തോടുകാർ ഹർത്താൽ ആചരിച്ചു.
അതിനിടയിൽ പ്രശ്നം കോഴിക്കോട് ജില്ലയിൽനിന്നുള്ള എം.കെ. മുനീർ എം.എൽ.എ നിയമസഭയിൽ പ്രമേയമായി അവതരിപ്പിച്ചു. അപ്പോഴായിരുന്നു വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നാട്ടുകാർക്ക് തീവ്രവാദിപ്പട്ടം ചാർത്തിക്കൊടുത്തത്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐപോലുള്ള തീവ്രവാദി സംഘങ്ങളാണ് സമരത്തിനു പിന്നിലെന്നായിരുന്നു ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞത്. കോർപറേഷൻ ഭരണാധികാരികൾ അതേറ്റുപാടി.
ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസവും സമരഭരിതമായിരുന്നു ആവിക്കൽ. തങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ച മന്ത്രിക്കും കോർപറേഷനുമെതിരെ പെരുന്നാൾ ദിവസം നാട്ടുകാർ 'സൗഹൃദസമര'ത്തിന്റെ വേദിയാക്കി മാറ്റി. പ്രദേശത്തെ 28 സംഘടനകൾ ചേർന്നായിരുന്നു സമരം സംഘടിപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളും മഹല്ല്, ക്ഷേത്ര കമ്മിറ്റികളും വിവിധ കലാസാംസ്കാരിക സംഘടനകളും സാമുദായിക സംഘടനകളും അരയസമാജങ്ങളും മദ്റസ കമ്മിറ്റികളും പങ്കെടുത്തു. പായസം വെച്ച് മധുരം വിളമ്പി. എന്തുവന്നാലും സമരത്തിൽനിന്ന് പിന്തിരിയില്ലെന്ന ഉറച്ച പ്രഖ്യാപനവും നാട്ടുകാർ നടത്തി.
ആരുടെ സ്വപ്നപദ്ധതി..?
''കോഴിക്കോട് മേയറുടെയും എം.എൽ.എയുടെയും സ്വപ്നപദ്ധതിയാണിതെന്നാണ് പറയുന്നത്. നല്ല വീടും മക്കളുടെ വിദ്യാഭ്യാസവുമൊക്കെയാണ് ഞങ്ങൾ സ്വപ്നം കാണുന്നത്. മേയറും എം.എൽ.എയും ഞങ്ങൾക്കായി കാണുന്ന സ്വപ്നത്തിൽ ഈ തീട്ടപ്ലാന്റാണ്'' - പരിസരവാസിയായ ഒരാൾ പാതി തമാശയിലും കാര്യത്തിലും പറഞ്ഞ കമന്റാണിത്.
ഈ പദ്ധതി വരുന്നതോടെ വെള്ളയിൽ ഹാർബർ അടക്കമുള്ള പ്രദേശത്തിന്റെ സ്വഭാവംതന്നെ മാറുമെന്നാണ് നാട്ടുകാരും സമരസമിതിയും പറയുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പൈപ്പുകളിലൂടെ എത്തുന്ന ശുചിമുറി മാലിന്യം സംസ്കരിച്ച് കടലിലേക്കൊഴുക്കുന്നതാണ് പദ്ധതി. അത്തരമൊരു പ്ലാന്റ് ഒരിക്കലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ സ്ഥാപിക്കാൻ പാടില്ലാത്തതാണ്. കക്കൂസ് മാലിന്യങ്ങൾ ഒരിടത്തേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതിപ്രശ്നങ്ങളും എത്രമാത്രം രൂക്ഷമായിരിക്കുമെന്ന് സമരക്കാർക്ക് നല്ല ബോധ്യമുണ്ട്. ''ഞങ്ങൾ മീൻപിടിത്തക്കാരായതിനാൽ അറിവും വിവരവുമൊന്നുമില്ലെന്നാണ് കോർപറേഷൻകാരുടെ വിചാരം. ബിരുദവും ബിരുദാനന്തര സർട്ടിഫിക്കറ്റും വീട്ടിൽ ഭദ്രമായി പൂട്ടിവെച്ചിട്ടാണ് ഞങ്ങടെ ചെറുപ്പക്കാർ പലരും കടലിൽ പോകുന്നത്. വേറെ പണിയൊന്നും കിട്ടാത്തതുകൊണ്ടാ. ഞങ്ങൾക്കും കാര്യങ്ങളൊക്കെ തിരിയും. ഞങ്ങൾ മണ്ടന്മാരാണെന്നാണ് മേയറുടെ ധാരണ. അതല്ലെന്നതിനു തെളിവാണ് കോരിച്ചൊരിയുന്ന മഴയിലും സമരംചെയ്യുന്ന ഈ നാട്ടുകാർ'' - സമരസമിതി ചെയർമാൻ പി. ദാവൂദ് പറയുന്നു.
പ്ലാന്റ് വന്നാൽ പരിസരത്ത് ജനങ്ങൾക്ക് താമസിക്കാൻ കഴിയില്ല. അത്രയും ഭീകരമായ നാറ്റമായിരിക്കും. പലവിധ രോഗങ്ങൾ വേട്ടയാടും. സാമൂഹികമായ ഒറ്റപ്പെടൽപോലും നാട്ടുകാർ അനുഭവിക്കേണ്ടിവരും. ഇത്തരം പ്ലാന്റുകൾ വന്ന പല സ്ഥലങ്ങളും ഞങ്ങൾ നേരിൽപോയി കണ്ടതാണ്. അവിടമൊന്നും ഇത്രയും വലിയ ജനവാസ മേഖലയല്ല. എന്നിട്ടുപോലും അവരുടെ ജീവിതം ദുസ്സഹമാണ്. ആ സ്ഥിതി ഇവിടെയും കൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കില്ല - ദാവൂദ് മുന്നറിയിപ്പായി പറയുന്നു.
ഹാർബർ ഇല്ലാതാകുമോ..?
ആവിക്കൽ തോട്ടിൽ പ്ലാന്റ് വരുന്നതോടെ വെള്ളയിൽ ഹാർബറിന്റെ നിലനിൽപ് തന്നെ അപകടത്തിലാകുമെന്ന് മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നുണ്ട്. അതിന് അവർക്ക് പറയാൻ കൃത്യമായ ന്യായവുമുണ്ട്. പ്ലാന്റ് വരുന്നതോടെ വൻതോതിലാവും മാലിന്യം. അത് കടലിലേക്ക് തുറന്നുവിടും. 11 മാസവും തെക്കോട്ടാണ് കടലിന്റെ ഒഴുക്ക്. കടലിലേക്ക് എത്തുന്ന മാലിന്യം രണ്ടു മിനിറ്റിനുള്ളിൽ ഹാർബറിന്റെ മുഖത്തെത്തും. ബ്രേക്വാട്ടർ ഹാർബറാണ് വെള്ളയിൽ. അതിനുള്ളിൽ എത്തുന്ന മാലിന്യം അവിടെത്തന്നെ കെട്ടിക്കിടക്കും. മീനുമായെത്തുന്ന വള്ളത്തിൽനിന്ന് ഒരു കുട്ട മീൻ കോരി എടുക്കണമെങ്കിൽ രണ്ടു കുട്ട വെള്ളം ഒഴിച്ച് കഴുകണം. ഹാർബറിലെ കടൽവെള്ളം തന്നെയാണ് ഇപ്പോൾ അതിനുപയോഗിക്കുന്നത്. കക്കൂസ് മാലിന്യം കലർന്ന വെള്ളം അതിലേക്ക് ഒഴുക്കിവിടുന്നതോടെ വെള്ളയിൽ ഹാർബറിൽ പിന്നെ മീൻ പിടിച്ചിറക്കിയിട്ട് കാര്യമില്ലാതാകും. തീട്ടവെള്ളത്തിൽ കഴുകിയ മീനാണെന്ന് പ്രചാരമുണ്ടാകുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് പണിയില്ലാതാകും.
കടലിന്റെ ഒഴുക്കിനെക്കുറിച്ച് ധാരണയുള്ളവരും ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും ഒരു പ്രശ്നവും ഉണ്ടാക്കില്ലെന്നാണ് അപ്പോഴും കോർപറേഷൻ അധികൃതരുടെ ഭാവം. വെള്ളയിൽ വാർഡിൽ കാലങ്ങളായി യു.ഡി.എഫാണ് ജയിക്കുന്നത്. എൽ.ഡി.എഫിന്റെ കീഴിലുള്ള മറ്റു വാർഡുകളിൽ പ്ലാന്റുമായി ചെന്നാൽ സ്വന്തം അണികളിൽനിന്നുതന്നെ എതിർപ്പ് നേരിടേണ്ടവരുമെന്നതിനാലാണ് വെള്ളയിൽ തന്നെ സ്ഥാപിക്കാൻ എൽ.ഡി.എഫ് ഭരിക്കുന്ന കോർപറേഷൻ അധികൃതർ വാശിപിടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളയിൽ വാർഡിന്റെ തൊട്ടുവടക്കുവശത്താണ് 67ാം വാർഡായ തോപ്പയിൽ. സി.പി.എമ്മിന്റെ സ്ഥിരം വാർഡാണ്. വെള്ളയിലേതിനെക്കാൾ പ്ലാന്റിന് പറ്റിയ സ്ഥലം അവിടെയുണ്ട്. പക്ഷേ, അതും പറഞ്ഞ് അങ്ങോട്ട് ചെല്ലാൻ പറ്റില്ല. വലിയ ഫ്ലാറ്റുകളും മറ്റുമുള്ള ഏരിയയാണ്. പാർട്ടിക്കാർതന്നെ അതിനെ എതിർക്കും. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ പാവങ്ങൾ കഴിയുന്ന ആവിക്കലിലേക്ക് പ്ലാന്റുമായി അവർ വരുന്നത്. ഇതാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
തൊട്ടടുത്ത നാലു വാർഡുകളിൽ ചുരുങ്ങിയത് 25ഓളം ഫ്ലാറ്റുകളും വൻകിട ഹോട്ടലുകളും മൂന്ന് സ്വകാര്യ ആശുപത്രികളുമുണ്ട്.
ഇവർക്കൊന്നും മലിനജല സംസ്കരണ സംവിധാനമില്ല. എന്നിട്ടും ഇവർക്കെങ്ങനെയാണ് പെർമിഷൻ കൊടുത്തത്..?
ആദ്യം വേണ്ടത് കക്കൂസും കുളിമുറിയുമല്ലേ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങൾ... ആ വൻകിടക്കാരെ സംരക്ഷിക്കാനാണ് പ്ലാന്റ് ഞങ്ങളുടെ നെഞ്ചത്തുതന്നെ സ്ഥാപിക്കാൻ മേയറും എം.എൽ.എയും ഡെപ്യൂട്ടി മേയറുംകൂടി ശ്രമിക്കുന്നത്. സമരനേതാവ് ദാവൂദ് വ്യക്തമാക്കുന്നു.
പ്ലാന്റിനായി കണ്ട സ്ഥലത്ത് തോടിന്റെ ഭാഗങ്ങൾ നികത്തിയാണ് പണി ആരംഭിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാവുമ്പോൾ തോടിന്റെ വിസ്താരം ഇനിയും കുറയുകയും അത് മഴക്കാലത്തെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയും കിഴക്കൻ മേഖല വെള്ളത്തിനടിയിലാകാൻ കാരണമാവുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
വ്യാജം പുളക്കുന്ന ആവിക്കൽ തോട്
കോർപറേഷൻ കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ച പദ്ധതിയാണെന്നും വാർഡ് കൗൺസിലർ അടക്കം മുഴുവൻ അംഗങ്ങളും അതിന് യോഗത്തിൽ അംഗീകാരം നൽകിയെന്നുമാണ് അധികൃതർ പ്രചരിപ്പിക്കുന്നത്. വാർഡിലെ സി.പി.എമ്മുകാരനായ സൈനുദ്ദീൻ എന്നയാൾ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് കിട്ടിയ മറുപടി ഉയർത്തിപ്പിടിച്ചായിരുന്നു പാർട്ടിക്കാരുടെ പ്രചാരണം. എന്നാൽ, തെറ്റായ വിവരങ്ങളാണ് അധികൃതർ നൽകിയതെന്ന് വാർഡ് കൗൺസിലർ സൗഫിയ അനീഷ് പറയുന്നു.
തെറ്റായ വിവരങ്ങൾ നൽകിയതിനെതിരെ കൊടുത്ത അപേക്ഷയിൽ അധികൃതർ സൈനുദ്ദീന് നൽകിയ മറുപടിയിൽ ക്ലറിക്കൽ പിഴവുകളുണ്ടായതാണെന്ന വിശദീകരണവുമായി 'കൃത്യമായ' മറുപടി നൽകി.
2017 ഒക്ടോബർ 24ലെ കൗൺസിൽ യോഗത്തിൽ മെഡിക്കൽ കോളജിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ ഡി.പി.ആർ ആണ് അംഗീകരിച്ചതെന്നും യോഗത്തിൽ പങ്കെടുത്ത 66 അംഗങ്ങളും അത് അംഗീകരിച്ചെന്നും അതാണ് 2019 ഒക്ടോബർ നാലിലെ യോഗ തീരുമാനമായി മറുപടി നൽകിയതെന്നും സൗഫിയക്ക് നൽകിയ 'തിരുത്ത് മറുപടി'യിൽ പറയുന്നുണ്ട്. ഒരു കാര്യം കൂടി അതിൽ വ്യക്തമായി പറയുന്നു. 2019 ഒക്ടോബർ നാലിലെ യോഗത്തിൽ ആവിക്കൽ പ്ലാന്റിന്റെ ഡി.പി.ആർ അംഗീകരിക്കാനാവില്ലെന്ന് എസ്.വി. സെയ്യിദ് മുഹമ്മദ് ഷമീൽ, പ്രശാന്ത് കുമാർ, വിദ്യാ ബാലകൃഷ്ണൻ, പി.എം. നിയാസ്, നമ്പിടി നാരായണൻ, കുഞ്ഞാമുട്ടി, സി. അബ്ദുറഹിമാൻ എന്നിവർ അറിയിക്കുകയും പങ്കെടുത്ത 69 അംഗങ്ങളിൽ സൗഫിയ അനീഷ് അടക്കം 23 കൗൺസിലർമാർ എതിർക്കുകയും ചെയ്തു. എന്നിട്ടും താനടക്കമുള്ളവർ പദ്ധതി അംഗീകരിച്ചതായി സി.പി.എമ്മുകാർ പ്രചരിപ്പിക്കുകയാണെന്ന് സൗഫിയ പറയുന്നു.
ആവിക്കൽ തോട്ടിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ നാട്ടുകാർ നിവേദനം നൽകിയെന്നാണ് മറ്റൊരു പ്രചാരണം. എന്നാൽ, ആവിക്കൽ തോട് ശുചീകരിക്കണമെന്ന ആവശ്യത്തിന് എന്നുപറഞ്ഞ് തയാറാക്കിയ നിവേദനത്തിലാണ് തങ്ങൾ ഒപ്പിട്ടതെന്നും അത് പ്ലാന്റിന് അനുകൂലമായി നൽകിയ അംഗീകാരമല്ലെന്നും നാട്ടുകാർതന്നെ പറയുന്നുണ്ട്.
''പാവപ്പെട്ട ജനങ്ങളെ പറഞ്ഞുപറ്റിച്ചാണ് ഒപ്പുശേഖരണം നടത്തിയത്. ഈ പദ്ധതി ഇവിടെ പ്രായോഗികമല്ലെന്നുറപ്പാണ്'' -12 വർഷക്കാലം നിർമാണ മേഖലയിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്ന സമരസമിതി പ്രവർത്തക കൂടിയായ ജ്യോതി പറയുന്നു. ''അഞ്ചോളം പ്ലാന്റുകൾ സ്ഥാപിച്ച അനുഭവത്തിൽനിന്നാണ് ഇതിവിടെ പ്രായോഗികമല്ലെന്നു പറയുന്നത്. തിരുവനന്തപുരംപോലുള്ള സ്ഥലങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിടങ്ങളിൽ ഞങ്ങൾ പോയി കണ്ടിട്ടുണ്ട്. ഉയർന്ന നിരപ്പിൽനിന്ന് താഴേക്കുള്ള പ്ലാന്റിലേക്കാണ് മാലിന്യം ഗ്രാവിറ്റേഷൻ ഫോഴ്സിലൂടെ എത്തുന്നത്. ഇവിടെ സമുദ്രനിരപ്പിലും താഴെയാണ് കരഭാഗം. ഒരു കലക്ഷൻ പിറ്റ് പോലും സ്ഥാപിക്കാൻ കഴിയാത്ത ഭൂമിശാസ്ത്രമാണ്. പ്ലാന്റ് വന്നാൽ കുറച്ചുകഴിയുമ്പോൾ അതിന്റെ പ്രവർത്തനം അവതാളത്തിലാകും. അത് ജനങ്ങൾക്ക് ബാധ്യതയായി തീരും'' -ജ്യോതി തറപ്പിച്ചു പറയുന്നു.
ഇപ്പോൾ ആവിക്കലിൽ താമസിക്കുന്നവർ പുറത്തുനിന്ന് വന്നവരാണെന്നും അവിടെ താമസിച്ചിരുന്നവരെല്ലാം വീടും വിറ്റു പോയെന്നും പുറത്തുനിന്നുവന്നവരാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്നുമാണ് മേയർ ഡോ. ബീന ഫിലിപ് ചാനലുകളോട് പറഞ്ഞത്. അതിനുള്ള മറുപടി സമരസമിതി കൺവീനറായ ഇർഫാൻ പറയും.
''തലമുറകളായി ഞങ്ങൾ താമസിച്ചുവരുന്ന സ്ഥലമാണിത്. എന്റെ ബാപ്പയും ബാപ്പയുടെ ബാപ്പയുമെല്ലാം ഇവിടുത്തുകാരാണ്. ഇവിടം താമസിക്കാൻ കൊള്ളാത്ത സ്ഥലമായതിനാൽ എല്ലാരും വിറ്റുപെറുക്കി ഇവിടന്ന് പോയെന്നാ മേയർ പറയുന്നത്. ഇത്രയും കൊള്ളാത്ത സ്ഥലമാണെങ്കിൽ ഇവിടേക്ക് ആളുകൾ പിന്നെയും വരുമോ..? മേയർ കാര്യങ്ങളൊന്നുമറിയാതെ ആരോ പറഞ്ഞുകൊടുക്കുന്നത് അതേപടി പറയുകയാണ്'' - ഇതാണ് ആവിക്കലുകാർ മിക്കവരും പങ്കുവെക്കുന്നതും. മറ്റൊന്നുകൂടി മേയർ പറയുന്നുണ്ട്, അമൃത് പദ്ധതിയിൽ ഇതുവരെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഫണ്ട് ലാപ്സായി പോകും. ഇനി ഒന്നും കിട്ടില്ല എന്നാണ് മേയറുടെ പരിഭവം.
സമരം അടിച്ചൊതുക്കാൻ നോക്കേണ്ട
എന്തു വിലകൊടുത്തും പ്ലാന്റ് സ്ഥാപിക്കുമെന്ന നിലപാടിലാണ് അധികൃതർ. സർവകക്ഷി ചർച്ച നടത്തണമെന്ന എം.കെ. രാഘവൻ എം.പിയുടെ നിർദേശംപോലും ജില്ല കലക്ടർ തള്ളിയിരിക്കുകയാണ്. നാട്ടുകാരുമായി ഒരുപാട് ചർച്ച നടത്തിയതാണെന്നും ഇനി ചർച്ചക്കില്ലെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞുകഴിഞ്ഞു. അതുതന്നെയാണ് മേയറും എം.എൽ.എയും വകുപ്പ് മന്ത്രിയും പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിന്റെ പേരിൽ സമരക്കാരെ പൊലീസ് കൈകാര്യം ചെയ്തിരുന്നു. കൺവീനർ ഇർഫാനടക്കം ഒട്ടേറെ പേർക്ക് പരിക്കേറ്റു.
സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽതന്നെയാണ് നാട്ടുകാരും. എന്തുവിലകൊടുത്തും പദ്ധതി തടയുമെന്നാണ് സമരക്കാരുടെ തീരുമാനം. സമാധാനപരമായാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് അക്രമത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്നും അവർ പറയുന്നു. പ്രദേശത്തെ സി.പി.എമ്മുകാരും സമരത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത് തങ്ങളുടെയും ജീവൽപ്രശ്നമാണെന്നും അധികൃതർ വാശി ഉപേക്ഷിക്കണമെന്നുമാണ് അവരുടെ അഭിപ്രായം.
മുറിവാൽ: സമരസ്ഥലത്ത് ലാത്തിയും ഷീൽഡുമായി തല്ലാൻ നിന്ന പൊലീസുകാരിൽ ഒരാൾ പറഞ്ഞ ഡയലോഗ്. ''ന്യായമായൊരാവശ്യത്തിനായി സമരം ചെയ്യുന്ന ഇവരെ തല്ലാനും തോന്നില്ല. നമ്മടെയൊക്കെ വീട്ടുമുറ്റത്താണ് ഇതുപോലൊരു സാധനം വരുന്നതെങ്കിൽ നമ്മളും സമരം ചെയ്യില്ലേ..?''
l