ഇങ്ങനെപോയാൽ ഞെളിയൻപറമ്പും കത്തും
ഗുരുതരമായ മാലിന്യപ്രശ്നം നേരിടുന്ന നഗരമാണ് കോഴിക്കോട്. ഞെളിയൻപറമ്പിലെ മാലിന്യസംസ്കരണ പ്ലാന്റിനെതിരെ ഉജ്ജ്വലമായ സമരങ്ങൾ നടന്നു. ബ്രഹ്മപുരത്തിന് സമാനമായ തീപിടിത്തം ഞെളിയൻപറമ്പിലുമുണ്ടാകാനിടയുണ്ടെന്നും അതു വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നും മാധ്യമപ്രവർത്തകയായ ലേഖിക എഴുതുന്നു.
ബ്രഹ്മപുരത്തുനിന്ന് പുകഞ്ഞ വിഷപ്പുകയിൽ കൊച്ചി നഗരവാസികൾ ശ്വാസംകിട്ടാതെ പിടയുമ്പോൾ അങ്ങേയറ്റത്തെ ആശങ്കയിലാണ് കോഴിക്കോട്ടുകാർ. കാരണം, സമാനമായ തീപിടിത്തം ഇവിടത്തെ ഞെളിയൻപറമ്പിലെങ്ങാനുമുണ്ടായാൽ കോഴിക്കോട് നഗരത്തെ ഒന്നടങ്കം വിഷപ്പുക വലയംചെയ്യും. ബ്രഹ്മപുരത്തെ അതേ കമ്പനിയാണ് കോഴിക്കോട് ഞെളിയൻപറമ്പിലെയും കരാറുകാർ എന്നത് ഈ ആശങ്കയുടെ വ്യാപ്തിയേറ്റുന്നു. ഇവിടെയും ‘വേസ്റ്റ് ടു എനർജി’ പദ്ധതി നടപ്പാക്കാൻ സോൻട ഇൻഫ്രാടെക് കമ്പനിക്കാണ് കരാർ നൽകിയത്. നാല് തവണ കരാർ നീട്ടിക്കൊടുത്തു. 2022 നവംബർ 15 വരെയായിരുന്നു അവസാന കാലാവധി. എന്നാൽ, 7.75 കോടി രൂപക്കെടുത്ത കരാർ തുടങ്ങിവെക്കാൻപോലും കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരോപണമുയർന്നുകഴിഞ്ഞു. ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കമ്പനി കാണിച്ചത്.
മാലിന്യം മലപോലെ കെട്ടിക്കിടക്കുകയാണ് ഇന്നവിടെ. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനു തൊട്ടടുത്ത ദിവസം ഞെളിയൻ പറമ്പിലും കത്തി. എന്നാൽ, ഉടനടി കെടുത്താനായതിനാൽ വൻദുരന്തത്തിലേക്ക് നയിച്ചില്ല. ‘ഞെളിയൻപറമ്പ്’ എന്ന ഈ ദേശപ്പേര് വൃത്തികേടിന്റെ മറുവാക്കായി മാറിയിട്ട് നാളുകളേറെ കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് നഗരം വലിച്ചെറിയുന്ന വിസർജ്യങ്ങൾ ഏറ്റുവാങ്ങി ചീഞ്ഞുനാറുന്ന ഒരു ദേശം. അതിനെക്കാൾ അഴുകിനാറിയ, മനംപിരട്ടുന്ന രാഷ്ട്രീയ കളികളുടെ കൂത്തരങ്ങ്. രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും വളർത്തുകേന്ദ്രം. കോഴിക്കോട് കോർപറേഷനിലെ നല്ലളത്ത് നാഷനൽ ഹൈവേക്കരികു ചേർന്ന് സ്റ്റീൽ കോംപ്ലക്സിനടുത്ത് ഇരുപതോളം ഏക്കർ സ്ഥലത്താണിത്. നഗരത്തിന്റെ മുഴുവൻ വാർഡുകളിൽനിന്നുള്ള മാലിന്യം ലോറികളിലേറ്റി ഇവിടെ കൊണ്ടു തള്ളാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ഏറെ പിന്നിട്ടിരിക്കുന്നു. ബ്രഹ്മപുരത്തിനും ലാലൂരിനുമൊപ്പം മാലിന്യത്തിന്റെ മഹാദുരിതം ഒരു ജനതയുടെ മേൽ ഇവിടെയും കെട്ടിയേൽപിക്കുകയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് നഗരത്തിലെ തൊട്ടിക്കക്കൂസുകളിൽനിന്ന് മനുഷ്യന്റെയും ഇതരജീവികളുടെയും മലം കൊണ്ടുത്തള്ളി തുടങ്ങിയതാണിവിടെ. മെേട്രാപൊളിറ്റൻ നഗരമായി വികസിച്ച കോഴിക്കോടിന്റെ മുഴുവൻ മാലിന്യവും പേറാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ജനതയാണ് ഞെളിയൻപറമ്പുകാർ. പരിസ്ഥിതിക്കും പരിസരവാസികളുടെ ആരോഗ്യത്തിനും അതിഗുരുതരമായ ഭീഷണി ഉയർത്തി പ്ലാസ്റ്റിക് മാലിന്യമടക്കം സംസ്കരണങ്ങൾക്ക് വിധേയമാക്കാതെ കുന്നുകളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്നു. കുടുംബശ്രീ യൂനിറ്റുകളുടെ വരവോടെ മാലിന്യദുരിതം പതിന്മടങ്ങ് ഏറുകയാണുണ്ടായത്. സ്വന്തം വീട്ടിൽ സംസ്കരിച്ചിരുന്ന മാലിന്യം പ്ലാസ്റ്റിക് കിറ്റുകളിലാക്കി സൂക്ഷിച്ചുവെച്ച് കുടുംബശ്രീക്കാർ വരുമ്പോൾ എടുത്തുകൊടുക്കുന്ന പുതിയ നഗരസംസ്കാരം ഞെളിയൻപറമ്പിനെ മാലിന്യത്തിന്റെ ഭീകരലോകമാക്കി മാറ്റിയിരിക്കുന്നു.
സംസ്കരണ പ്ലാന്റുകൾ ഒരുകാലത്തും നല്ലരീതിയിൽ അധികകാലം പ്രവർത്തിച്ച ചരിത്രം ഇവിടെയില്ല. ഓരോ തവണയും പ്ലാന്റിന്റെ പ്രവർത്തനം മുടക്കുമ്പോഴും പരിസരവാസികൾ പ്രതിഷേധിക്കും. അന്നേരം കണ്ണിൽപൊടിയിടാൻ ഓരോ പദ്ധതികൾ പ്രഖ്യാപിക്കും. ഒന്നും ലക്ഷ്യം കാണില്ല. അങ്ങനെ ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച പദ്ധതിയാണ് വേസ്റ്റിൽനിന്നുള്ള വൈദ്യുതി. അതും എവിടെയുമെത്തിയില്ല.
വൈദ്യുതി-സംയോജിത മാലിന്യ സംസ്കരണ പദ്ധതി യാഥാർഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറുമെന്നും ഇതില്നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നുമാണ് പ്ലാന്റിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്. മലിനജലം, ദുര്ഗന്ധം എന്നിവയുണ്ടാകുമെന്ന ആശങ്ക വേണ്ട. ഈ മാതൃകാപ്ലാന്റില്നിന്ന് മലിനീകരണമുണ്ടാകില്ല. ലോകത്തു നടപ്പാക്കിയ പ്ലാന്റിന്റെ മാതൃകയാണിത്. ഇത് യാഥാർഥ്യമാകുന്നതോടെ കോഴിക്കോടെത്തുന്നവരെ ആകര്ഷിക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നിട്ടിപ്പോൾ എന്തായി?
കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപനം നടത്തിയ വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം എവിടെയുമെത്തിയില്ലെന്ന് പരിസരവാസികൾ പറയുന്നു. അവിടെ കെട്ടിക്കിടക്കുന്ന തിരസ്കരണി മാറ്റിയാലേ അതൊക്കെ നടപ്പാവൂ. അതു മാറ്റാൻ എത്രയോ കോടിയുടെ ക്വട്ടേഷൻ കൊടുത്തിട്ട് അതൊന്നും നടന്നിട്ടില്ല. എന്നാൽ, ഇതിനുവേണ്ട ഫണ്ട് ഒക്കെ പാസാക്കിപ്പോയതായാണ് വിവരം.
ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകുമെന്നാണ് ബ്രഹ്മപുരം കത്തിക്കൊണ്ടിരിക്കുന്ന വേളയിൽ അധികൃതർ പറയുന്നത്. ഇത് ഞെളിയൻ പറമ്പ് സമര മുന്നണി നേരത്തേ മുന്നോട്ടുവെച്ച പരിഹാര നിർദേശമാണെന്ന് സമരസമിതി കൺവീനർ വി.പി. ബഷീർ പറയുന്നു. പി.ബി. സലീം ജില്ല കലക്ടർ ആയിരുന്ന സമയത്തായിരുന്നു അത്. അന്ന് കോർപറേഷൻ അധികൃതർ അംഗീകരിച്ചെങ്കിലും പിന്നീടതിനുേവണ്ടിയുള്ള ഒരു നീക്കവും നടത്തിയില്ല. കാരണം, ഉറവിടമാലിന്യ സംസ്കരണത്തിേലക്ക് മാറിയാൽ പലർക്കും കാശടിച്ചുമാറ്റാൻ കഴിയില്ലെന്നും വി.പി. ബഷീർ ആരോപിക്കുന്നു.
അതൊന്നും നടപ്പാക്കാൻ കഴിയാത്തതല്ല. മുമ്പ് കക്കൂസ് മാലിന്യം ഇവിടെ തട്ടിയിരുന്നു. എന്നാൽ, നഗരസഭാ അധികൃതർ തൊട്ടിക്കക്കൂസ് മാറ്റി എല്ലായിടത്തും സെപ്റ്റിക് ടാങ്ക് സ്ഥാപിക്കണമെന്നത് കർശനമാക്കിയതോടെ കക്കൂസ് മാലിന്യത്തിന്റെ വരവ് നിലച്ചു. അറവുശാലകൾക്ക് സംസ്കരണ സംവിധാനം വേണമെന്നും എങ്കിലേ ലൈസൻസ് പുതുക്കി നൽകൂ എന്നും നിലപാട് കടുപ്പിച്ചതിനെ തുടർന്ന് അറവ് മാലിന്യം വരുന്നത് കുറഞ്ഞിട്ടുണ്ട്. ഇതേ സംവിധാനം ഒരുക്കിയാൽ തീരുന്ന പ്രശ്നമാണിപ്പോഴത്തേത്. ആളുകൾക്ക് വീടുകളിലും മറ്റും ബയോഗ്യാസിനും പൈപ്പ് കമ്പോസ്റ്റിനുമുള്ള സബ്സിഡിയൊക്കെ നൽകി അതിന്റെ മേൽേനാട്ടം നല്ലരീതിയിലാക്കിയാൽ ഹോട്ടലുകളിലെയും വീടുകളിലെയും അടുക്കളമാലിന്യം ഇവിടെ എത്തുന്നത് തടയാനാവും. പേക്ഷ, ഇതൊന്നും നടപ്പാക്കില്ല. റോഡ് നിർമിക്കുമ്പോൾ അതിന്റെ അസംസ്കൃത വസ്തുക്കളുടെ അളവും അതിനു വേണ്ടിവരുന്ന തുകയും നമുക്ക് അറിയാൻ കഴിയും. എന്നാൽ, ഇത് അങ്ങനെയല്ല. പലവഴിക്കാണ് കാശ് വകയിരുത്തുന്നത്. പ്ലാസ്റ്റിക് വേർതിരിക്കുന്നതിനെന്ന പേരിൽ മുതൽ മാലിന്യം കൊണ്ടുവരുന്ന വണ്ടികൾ മാറ്റുന്നതിനടക്കം പലതിനും ഫണ്ട് വകയിരുത്തും. അത് ആരുടെയൊെക്ക, ഏതൊെക്ക പോക്കറ്റുകളിലേക്കാണ് ഒഴുകുന്നതെന്ന് ആർക്കുമറിയില്ല.
മാലിന്യം തള്ളുന്നതിന് ചുറ്റുഭാഗത്തും മതിൽ നല്ല ഉയരത്തിൽ കെട്ടിയിട്ടുണ്ട്. അതിനകത്തെന്താണ് നടക്കുന്നതെന്നത് ദുരൂഹമാണ്. പുറത്തുനിൽക്കുന്ന സെക്യൂരിറ്റിക്കാർ കമ്പനിയുടെ ആളുകളാണ്. ഉള്ളിൽ വേറൊരു സെക്യൂരിറ്റിയുമുണ്ട്. ഇക്കാരണത്താൽ നാട്ടുകാർക്ക് അകത്ത് കയറി എന്താണ് നടക്കുന്നതെന്ന് പരിശോധിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ബഷീർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇവിടം സന്ദർശിക്കാൻ എത്തിയ പ്രതിപക്ഷ കൗൺസിലർമാരെയും ഒപ്പം വന്ന മാധ്യമ പ്രവർത്തകരെയും കമ്പനിയുടെ ജീവനക്കാർ പൂട്ടിയിട്ടത് സംഘർഷത്തിൽ കലാശിക്കുകയുണ്ടായി.
മുമ്പും നിരവധിതവണ തീപിടിത്തമുണ്ടായതിനെ തുടർന്ന് പരിസരവാസികൾക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്ലാന്റിൽ സംസ്കരണം നിലച്ചതിനാൽ പ്രശ്നം വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഒന്നര വർഷം മുമ്പ് മനുഷ്യാവകാശ കമീഷൻ ഇടപെടുകയുണ്ടായി. പ്രശ്നം പരിഹരിക്കാനും പ്ലാന്റ് പ്രവർത്തിക്കാത്തത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. അതിനു തൊട്ടു മുമ്പും ഞെളിയൻ പറമ്പിൽ തീപിടിത്തമുണ്ടായിരുന്നു. മാലിന്യം നിക്ഷേപിക്കുന്ന ഷെഡുകളുടെ അവസ്ഥ പരിതാപകരമാണ്. ഓരോ മഴക്കാലം വരുമ്പോഴും അത് ചോർന്നൊലിക്കും. വെള്ളം മാലിന്യക്കൂനയിൽ വീണ് അഴുകും. അതിൽനിന്ന് ഒലിച്ചിറങ്ങി സമീപത്ത് താമസിക്കുന്നവരുടെ പറമ്പുകളിലേക്കും കിണറുകളിലേക്കും എത്തും. സമീപത്തെ ജലാശയങ്ങൾ എല്ലാം പ്ലാന്റുമൂലം മലിനമയമായി മാറി.
ഞെളിയൻപറമ്പിനു സമീപമുള്ള കാലിക്കറ്റ് ഓർഫനേജിന്റെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനടുത്തുള്ള മതിലിനരികിലൂടെയാണ് ഇവിടെനിന്നും ഉൗർന്നിറങ്ങുന്ന മലിനജലം ഒഴുക്കുന്നത്. ഓടവഴി കറുത്ത വെള്ളം അടുത്തുള്ള തോട്ടിലൂടെ പുഴയിലേക്കാണ് എത്തുന്നത്. നേരത്തേ ആളുകൾ മത്സ്യം പിടിച്ച് കഴിച്ചിരുന്ന ഈ പുഴ ഇപ്പോൾ മാലിന്യവാഹിനിയായാണ് ഒഴുകുന്നത്.
ഓർഫനേജിന്റെ മതിൽക്കെട്ടിനകത്ത് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന നിരവധി സ്ഥാപനങ്ങളും പള്ളിയും ഉണ്ട്. അവിടങ്ങളിലൊക്കെ രാത്രിയിൽ കൊതുകിന്റെ ശല്യം രൂക്ഷമാണ്. കോമ്പൗണ്ടിനകത്തെ കിണറിലെ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനടക്കം ഉപയോഗിക്കുന്നത്. അടുത്തിടെ സ്പോർട്സ് ദിനത്തിന് വെള്ളം കുടിച്ച കുട്ടികളിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവുമുണ്ടായത് വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച കടുത്ത ആശങ്കയുയർത്തിയിട്ടുണ്ട്. പരിസരപ്രദേശങ്ങളിലെ കിണറുകളിൽ വലിയതോതിൽ മാലിന്യം നേരത്തേതന്നെ പരിശോധനയിൽ കണ്ടെത്തിയതാണ്.
അസഹ്യ ദുർഗന്ധമാെണന്ന് ഓടയുടെ സമീപത്തുള്ള ഐ.ടി.െഎയിലെ വിദ്യാർഥികൾ പറയുന്നു. കോളജിൽ കുറച്ചുദിവസം താമസിച്ച് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ വന്ന സംവിധായകനും ടീമും കൊതുകുശല്യം കാരണം ഒരൊറ്റ ദിനംകൊണ്ട് സ്ഥലം കാലിയാക്കിയ സംഭവവും വിദ്യാർഥികൾ പങ്കുവെച്ചു.
എല്ലായിടത്തും പ്ലാന്റുകൾ തുടങ്ങുമ്പോൾ പറയുന്ന പതിവു വാചകങ്ങളുണ്ട്. അവിടെ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാവില്ലെന്നും ജൈവമാലിന്യം വളമാക്കിയും പ്ലാസ്റ്റിക് മാലിന്യം റീ സൈക്കിൾ ചെയ്തും സംസ്കരിക്കുമെന്നും. ഒരുകാലത്തും അധികൃതരുടെ ഈ വാക്കുകൾ പാലിക്കപ്പെട്ടിട്ടില്ല എന്നതിന് ഞെളിയൻപറമ്പ് സാക്ഷ്യം വഹിക്കും. ഒട്ടും ശാസ്ത്രീയമല്ലാതെയാണ് കേരളത്തിലെ എല്ലാ സംസ്കരണ പ്ലാന്റുകളും പ്രവർത്തിക്കുന്നത്. അതിന് കൃത്യവും കണിശവുമായ പരിചരണം നൽകാറില്ല. അതിനുതകുന്ന പരിശീലനം സിദ്ധിച്ച ജീവനക്കാരുമില്ല.
മറ്റുള്ളവന്റെ മാലിന്യം പേറാൻ ഇനി തങ്ങൾ തയാറല്ലെന്ന് വിളപ്പിൽശാലക്കാർ ഒറ്റക്കെട്ടായി പറഞ്ഞതിന്റെ ഫലമാണ് അവിടേക്കുള്ള മാലിന്യനീക്കം എന്നേക്കുമായി നിലച്ചത്. എന്നാൽ, കേരളത്തിൽ മറ്റെവിടെയും പ്രദേശവാസികൾക്ക് ഇങ്ങനെ ഒന്നിച്ചുനിൽക്കാൻ കഴിയാത്തവിധം രാഷ്ട്രീയക്കളികളുടെ കൂത്താട്ടമാണ് അരങ്ങേറുന്നത്. പണം നൽകി പ്രലോഭിപ്പിച്ചും കുപ്രചാരണം നടത്തിയും ഭീഷണിപ്പെടുത്തിയും എല്ലാ കൂട്ടായ്മകളെയും കൈയൂക്കുള്ള പാർട്ടിക്കാർ തടുക്കും. ഞെളിയൻപറമ്പിലും അതുതന്നെയാണ് സംഭവിച്ചത്. എത്രയോ നാളത്തെ സമരത്തിളപ്പുകൾക്കുമേൽ വെള്ളം കോരിയൊഴിച്ച് ഭരണകക്ഷിയുടെ ആളുകൾതന്നെ അതിനെ നിർവീര്യമാക്കി. ഇപ്പോൾ ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സമരമുഖം തുറക്കാനൊരുങ്ങുകയാണ് ഞെളിയൻപറമ്പിനോട് അടുത്ത് താമസിക്കുന്നവർ.
ആവിക്കൽ തോടുകാരോട് പകയുമായി കോർപറേഷൻ
അടിഞ്ഞുകൂടിയ മാലിന്യംകൊണ്ട് നരകതുല്യമായിരിക്കുകയാണ് കോഴിക്കോട്ടെ ആവിക്കൽ നിവാസികളുടെ ജീവിതം. 300 കുടുംബങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നത്തിനു നേർക്ക് പ്രതികാര നടപടിയുടെ ഭാഗമായി മാലിന്യം നീക്കം ചെയ്യാതെ പകവീട്ടുകയാണ് നഗരസഭാ അധികൃതർ. കോഴിക്കോട് കോർപറേഷൻ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചതോടെയാണ് ആവിക്കൽ തോടുകാരുടെ ജീവിതം അടിേമൽ മറിഞ്ഞത്. കേന്ദ്ര സർക്കാറിന്റെ ‘അമൃത്’പദ്ധതി പ്രകാരം കോഴിക്കോട് കോർപറേഷനിലെ 66, 67 വാർഡുകളിൽ ഉൾപ്പെടുന്ന കടൽതീരത്തെ തോടിനരികിലാണ് ഇതിനായി കോർപറേഷൻ സ്ഥലം കണ്ടത്. കക്കൂസ് മാലിന്യം ശുചീകരണത്തിന് വിധേയമാക്കി കടലിലേക്ക് ഒഴുക്കുകയായിരുന്നു പദ്ധതി.
എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് മനസ്സിലാക്കിയ മത്സ്യത്തൊഴിലാളികളടങ്ങിയ ആവിക്കൽതോട് നിവാസികൾ പ്ലാന്റിനെതിരെ രംഗത്തുവന്നു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഈ നാട്ടിൽ വേണ്ടെന്ന് തറപ്പിച്ചു പറയാൻ അവർക്ക് ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. വെള്ളയിൽ മത്സ്യബന്ധന ഹാർബറിനടുത്തുള്ള ജനസാന്ദ്രതയേറിയ പ്രദേശമാണിത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന, ചെറിയ മഴപെയ്താൽപോലും വെള്ളം കയറുന്ന ഒരു സ്ഥലത്തേക്ക് എന്തിനാണ് കക്കൂസ് മാലിന്യ പ്ലാന്റ് കൊണ്ടുവരുന്നതെന്ന ചോദ്യത്തിന് കോർപറേഷൻ അധികൃതർക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഒരു കാരണവശാലും ഇവിടെ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തെരുവിലിറങ്ങി. പൊലീസിനെ വെച്ച് അവരെ നേരിടാൻ കോർപറേഷനും. ആവിക്കൽതോട് സംഘർഷഭരിതമായി. പൊലീസ് ലാത്തികൊണ്ടും ഗ്രനേഡ് കൊണ്ടും സമരക്കാരെ അടിച്ചൊതുക്കാൻ ശ്രമിച്ചു. പലർക്കും ഗുരുതരമായി പരിക്കേറ്റു. ആവിക്കൽ തോടിലെ സമരത്തിനു പിന്നിൽ തീവ്രവാദശക്തികളാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം വലിയ വിവാദമായിരുന്നു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ യുവാക്കൾക്ക് മാവോവാദി ബന്ധമുണ്ടെന്നും സി.പി.എം ആരോപിച്ചു.
സമരം അടിച്ചൊതുക്കുന്നതിനുവേണ്ടി കടുത്ത വകുപ്പുകളാണ് സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പൊലീസ് ചുമത്തിയത്. പൊതുമുതൽ നശിപ്പിച്ചു, ആയുധമേന്തി ലഹള തുടങ്ങിയ വകുപ്പുകൾ പ്രയോഗിച്ചു. എന്നിട്ടും പിൻവാങ്ങാൻ അവർ ഒരുക്കമല്ലായിരുന്നു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി പ്രാദേശിക ഹർത്താൽ നടത്തി. കോർപറേഷനിലുള്ള കക്കൂസ് മാലിന്യം ഇവിടെതന്നെ പ്ലാന്റ് സ്ഥാപിച്ച് സംസ്കരിക്കുമെന്ന വാശിയിൽ മുന്നോട്ടുപോയ അധികൃതർക്ക് ഒടുവിൽ പ്രതിഷേധത്തിന്റെ ചൂട് താങ്ങാനാവാതെ അതിൽനിന്ന് പിന്മാറേണ്ടി വന്നു.
ശേഷം നടന്നതിനെക്കുറിച്ച് ജനകീയ സമരസമിതി കൺവീനർ ഇൻഫാൻ പറയുന്നതിതാണ്. പുറത്തുനിന്നുള്ള ശുചിമുറി മാലിന്യം കൊണ്ടുവന്ന് ഇവിടെ സംസ്കരിക്കുമ്പോൾ പരിസരത്തുള്ള നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും എന്തു വിലകൊടുത്തും തടയുമെന്നുമുള്ള സമരസമിതിയുടെ നിലപാട് ചെറുതായൊന്നുമല്ല കോർപറേഷൻ അധികൃതരെ ചൊടിപ്പിച്ചത്. ഇതിന്റെ പ്രതികാര നടപടിയാണ് തങ്ങളോട് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്.
ആവിക്കൽ തോടിലെ ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ്. നേരത്തേതന്നെയുള്ള മാലിന്യപ്രശ്നം ഇപ്പോൾ വലിയതോതിൽ കൂടിയിരിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി ഇവിടെ എത്തി ഒഴുക്ക് നിലക്കുന്ന േതാട് മാലിന്യത്താൽ മൂടിയിരിക്കുകയാണ്. നേരത്തേ വർഷാവർഷം അഴുക്ക് നീക്കി മഴക്കാലത്തിനു മുന്നേ വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ചത്തതിന്റെ അവശിഷ്ടമടക്കം പലതരം മാലിന്യം വെള്ളത്തിൽ കിടന്ന് അഴുകുന്നതുമൂലം ദുർഗന്ധവും കൊതുകുശല്യവും അതിരൂക്ഷമാണ്. രോഗങ്ങൾകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. കാണാൻ പറ്റാവുന്നതിന്റെ അപ്പുറത്തുള്ള അവസ്ഥയിലാണിപ്പോൾ. പലതവണ കോർപറേഷനിൽ ധരിപ്പിക്കുകയും മേയറെ നേരിട്ട് കൊണ്ടുവന്ന് കാണിച്ചുകൊടുക്കുകയുമൊക്കെ ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിലല്ലാതെ ഇനി ഉടൻ ശുചീകരണത്തിനായി ഫണ്ട് അനുവദിക്കുകയില്ല എന്നാണ് അവർ പറയുന്നത്. മഴ വന്നുകഴിഞ്ഞാൽ ഇവിടെയുള്ള എല്ലാ വീടുകളിലും വെള്ളം കയറും. മുന്നൂറോളം വീടുകളുണ്ട് ഇതിന്റെ പരിസരത്ത്. ഈ വെള്ളമാണ് കേറുന്നതെങ്കിൽ അത് മാരക രോഗങ്ങളിലേ അവസാനിക്കുകയുള്ളൂ. മുമ്പുതന്നെ പകർച്ചവ്യാധി മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
‘‘നമ്മൾ ഇതിനൊക്കെ വേണ്ടിയല്ലേ പ്ലാന്റ് കൊണ്ടുവരാൻ തീരുമാനിച്ചതെന്നും നിങ്ങളത് തടഞ്ഞതുെകാണ്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ’’എന്നുമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഖത്തുനോക്കി പറഞ്ഞത്. സത്യത്തിൽ പ്ലാന്റ് കൊണ്ടുവരുന്നത് സ്വീവേജ് ട്രീറ്റ്മെന്റിനാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്ലീൻ ചെയ്യില്ല എന്നാണ് കോർപറേഷൻ അധികൃതർ ഉറപ്പിച്ചുപറയുന്നത്.
ആവിക്കൽ തോടിന് തൊട്ടടുത്തുള്ള ഒരു സ്ഥലത്ത് കോഴിക്കോട് മേയർ ഒരു പരിപാടിക്ക് വന്നപ്പോൾ ജനകീയ സമരസമിതി പ്രവർത്തകർ മേയറെ തടയുകയും ആവിക്കൽതോടിലെ അവസ്ഥ നേരിട്ട് കൊണ്ടുവന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. അവർക്കത് ബോധ്യപ്പെട്ടു. ഏറ്റവും അടുത്ത ദിവസംതന്നെ ഇതിന് പരിഹാരം കാണുമെന്ന് പറഞ്ഞ മേയർ പിന്നെ കോർപറേഷൻ അധികൃതരുടെ നിലപാടിനെ തുടർന്ന് പിൻവലിയുകയായിരുന്നു. ഒരുപാടുപേർ കേസുകളിൽ ഫൈൻ അടച്ചുകൊണ്ടിരിക്കുകയാണ്. ഒരാളുടെ പേരിൽതന്നെ 15ഉം 18ഉം വരെ കേസുകളുണ്ട്. കേസുള്ളവരിൽ നാൽപതോളം സ്ത്രീകളുമുണ്ട്. റോഡ് ഉപരോധിച്ചതിന് പാസ്പോർട്ട് പിടിച്ചുവെക്കുന്നുവരെയുണ്ട്. സർക്കാർ ഓഫിസുകളിൽ എന്തെങ്കിലും ആവശ്യങ്ങൾക്ക് പോവുമ്പോൾ പ്രതികാര നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്.
പ്ലാന്റ് ഇവിടെ വരാൻ ഒരു കാരണവശാലും തങ്ങൾ അനുവദിക്കുകയില്ല. ഇക്കാരണത്താൽ പ്രതികാരനടപടിയുമായി മുന്നോട്ടുപോവാനാണ് കോർപേറഷന്റെ നീക്കമെങ്കിൽ ഭാവി പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് തങ്ങളെന്നും സമരസമിതി കൺവീനർ ഇർഫാൻ പറഞ്ഞു.
♦