അതിജീവനമാണ് ഈ സമരത്തമരുകളിലെ വെടിമരുന്ന്
കിളിമാനൂർ തോപ്പിൽ കോളനിക്കാർ നീണ്ടകാലമായി സമരം തുടരുകയാണ്. സമരത്തിന്റെ നേതാവായ സേതുവിന് പോരാട്ടജീവിതത്തിന്റെ അടയാളപ്പെടുത്തലെന്നോണം സമൂഹം ചാർത്തിക്കൊടുത്തതാണ് പേരിനൊപ്പമുള്ള 'സമരം'. അദ്ദേഹം തന്റെയും കോളനിയുടെയും ജീവിതകഥ പറയുന്നു.
പാറത്തരിശിൽ നട്ടുനനച്ച ജീവിതങ്ങൾ നൂറുകണക്കിന് കുടുംബങ്ങളുള്ള വലിയ കോളനിയായിരുന്നു അന്നും തോപ്പിൽ. 1972ല്‍ കിളിമാനൂർ കൊട്ടാരത്തിന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമിയിലാണ് ഈ കോളനിയുണ്ടാക്കിയത്. ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി കിട്ടിയ സ്ഥലം. ഞങ്ങളെപ്പോലെ കുറവ സമുദായത്തിൽപെട്ടവർക്കാണ് ഇവിടെ ഭൂമി ലഭിച്ചതിൽ കൂടുതലും. ഓരോ കുടുംബത്തിനും 10...
Your Subscription Supports Independent Journalism
View Plansപാറത്തരിശിൽ നട്ടുനനച്ച ജീവിതങ്ങൾ
നൂറുകണക്കിന് കുടുംബങ്ങളുള്ള വലിയ കോളനിയായിരുന്നു അന്നും തോപ്പിൽ. 1972ല്‍ കിളിമാനൂർ കൊട്ടാരത്തിന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമിയിലാണ് ഈ കോളനിയുണ്ടാക്കിയത്. ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായി കിട്ടിയ സ്ഥലം. ഞങ്ങളെപ്പോലെ കുറവ സമുദായത്തിൽപെട്ടവർക്കാണ് ഇവിടെ ഭൂമി ലഭിച്ചതിൽ കൂടുതലും. ഓരോ കുടുംബത്തിനും 10 സെന്റ് വീതമാണ് കിട്ടിയത്. പാറമലയും കുന്നുകളും താഴ്ചകളും നിറഞ്ഞ ഭൂമി. വർക്കല വെൺകുളം സ്വദേശിയായ ഞാൻ വിവാഹിതനായതോടെയാണ് തോപ്പിൽ കോളനിയിൽ താമസം തുടങ്ങിയത്.
കോളനി ഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പാറത്തരിശിലാണ് 24 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കുന്നത്. കെ.ആർ ക്രഷർ എന്നായിരുന്നു അന്നതിന്റെ പേര്. ആദ്യകാലത്തൊക്കെ പുറമെനിന്നു ഇടത്തരം പാറക്കല്ലുകള്‍ കൊണ്ടുവന്ന് ഇവിടെയുള്ളവർക്ക് ജോലി നല്‍കിക്കൊണ്ട് മെറ്റലുണ്ടാക്കുകയായിരുന്നു ചെയ്തിരുന്നത്. അന്നത് വലിയ ശല്യങ്ങളില്ലാതെ നടന്നുപോയി. എന്നാല്‍, കുറെക്കാലം കഴിഞ്ഞപ്പോൾ ക്രഷര്‍ യൂനിറ്റിനോടു ചേര്‍ന്ന് ഒരു ക്വാറിയും പ്രവര്‍ത്തനം തുടങ്ങി. പുറത്തുനിന്ന് പാറ കൊണ്ടുവരൽ നിർത്തി ഇവിടത്തെ പെരുച്ചാണി പാറ പൊട്ടിച്ചുകൊണ്ടാണ് ക്വാറിയുടെ പ്രവർത്തനം തുടങ്ങിയത്.
കിട്ടാക്കനിയായി കുടിവെള്ളം
ആദ്യകാലത്ത് കൈത്തമരുവെച്ച് പാറ പൊട്ടിക്കലായിരുന്നു. പിന്നീടത് ജാക്ക്ഹാമറും ഇലക്ട്രിക്കൽ കട്ടറുമൊക്കെ കൊണ്ടായി.അതോടെ, ഞങ്ങളുടെയൊക്കെ ജീവിതം പ്രശ്നത്തിലായി. ഏത് നിമിഷവും വീടുകളിലേക്ക് പൊട്ടിത്തെറിച്ചു വീഴുന്ന പാറക്കല്ലുകളെ ഭയന്നു ജീവിക്കണമെന്നായി അവസ്ഥ. കോളനിയിൽ പലര്‍ക്കും ശ്വാസംമുട്ടൽപോലുള്ള രോഗങ്ങള്‍ പിടിപെട്ടു. അത് മാത്രമല്ല കോളനിയിൽ കുടിവെള്ളവും തീരെ ഇല്ലാതായി. ഒന്നര കിലോമീറ്റർ തലച്ചുമടായി കുത്തൻ കയറ്റങ്ങൾ കയറിയിറങ്ങി വെള്ളം കൊണ്ടുവന്നാലേ ജീവിക്കാൻ കഴിയുകയുള്ളൂവെന്നായി. ഇതോടെ ക്വാറിക്കെതിരെ പ്രതികരിക്കാൻ ഞങ്ങളിൽ കുറച്ചുപേർ തീരുമാനിച്ചു. വലിയ രാഷ്ട്രീയസ്വാധീനമുള്ളവരായിരുന്നു ക്വാറി ഉടമകൾ . അതുകൊണ്ട് തന്നെ കോളനിയിലെ സകലർക്കും പേടിയായിരുന്നു. എങ്കിലും രണ്ടും കൽപിച്ച് പ്രതികരിക്കാൻതന്നെ തീരുമാനിച്ചു. ആദ്യം മടിച്ചുനിന്നവരും പിന്നീട് ഞങ്ങൾക്കൊപ്പം ചേർന്നു. ക്വാറി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഞങ്ങൾ സമരത്തിനിറങ്ങി. ക്വാറിവിരുദ്ധ ജനകീയ മുന്നേറ്റ സമിതി എന്ന പേരിലായിരുന്നു അന്ന് സമരം തുടങ്ങിയത്.
ഞങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതോടെ 2014ല്‍ ജനകീയ മുന്നേറ്റ സമരസമിതി പ്രക്ഷോഭം ശക്തമാക്കി. ഇതിനിടയില്‍ കോളനിയിൽ കുടിവെള്ളക്ഷാമം കൂടുതൽ രൂക്ഷമായിട്ടുണ്ടായിരുന്നു. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിട്ടും വീടുകളില്‍ വെള്ളമെത്തിയിരുന്നില്ല. പല വീടുകളിലും രണ്ടു കുടം വെള്ളം എല്ലാ ദിവസവും കിട്ടുകയെന്നത് ഒരു വലിയ കാര്യമായിരുന്നു.
ജയിലിലടച്ചു, മനോരോഗിയാക്കി ഊളമ്പാറയിലും
ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, കുടിവെള്ളപ്രശ്നം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു തന്നെ സെക്രട്ടേറിയറ്റ് പടിക്കല്‍ ഞങ്ങൾ സമരം ആരംഭിച്ചു. സമരം എങ്ങനെയാണ് നടത്തുന്നതെന്നറിയാതെയായിരുന്നു അന്ന് സമരം തുടങ്ങിയത്. നാട്ടിൽനിന്ന് ഓട്ടോ വിളിച്ചാണ് സമരത്തിനായി ഞങ്ങൾ തിരുവനന്തപുരത്തേക്ക് പോയത്. സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തിയാൽ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് പത്രത്തിലൊക്കെ കണ്ട ഓർമയിലാണ് സമരം അവിടെതന്നെ നടത്താൻ തീരുമാനിച്ചത്. അന്ന് തുടങ്ങിയ സമരം പലഘട്ടങ്ങളിൽ, പല ഇടങ്ങളിൽ 780 ദിവസത്തോളം നീണ്ടു. സമരത്തിന്റെ ആദ്യകാലത്ത് എനിക്കൊപ്പം ഭാര്യയും മക്കളും വന്നിരുന്നു. കുടുംബത്തോടെ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ സമരം മാധ്യമശ്രദ്ധ നേടിയിരുന്നു.
ആദ്യഘട്ട സമരത്തെ തുടര്‍ന്ന് കോളനിയില്‍ വെള്ളമെത്തിക്കാന്‍ ഭരണകൂടം നിർബന്ധിതരായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചക്കു ക്ഷണിച്ചാണ് തീരുമാനം അറിയിച്ചത്. ആ ചർച്ചയിലും ഞങ്ങൾക്ക് കുടിവെള്ളം നൽകാനും ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനും ഉദ്യോഗസ്ഥർക്ക് തീരെ താൽപര്യമില്ലായിരുന്നു. തിരികെ ചോദ്യം ചോദിക്കാൻ നീയാരെന്ന ഭാവമായിരുന്നു അവർക്കെല്ലാം.
2013-2014 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒരു കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി കോളനിയില്‍ മൂന്ന് കുഴല്‍കിണറുകളും കുത്തി. അതും ക്വാറിയോട് ചേർന്ന് വെള്ളം കൂടുതൽ കിട്ടുമെന്നുറപ്പുള്ള മേഖലകൾ ഒഴിവാക്കിയായിരുന്നു ഉദ്യോഗസ്ഥർ കുഴൽകിണറിനുള്ള സ്ഥലം കണ്ടെത്തിയത്. കുഴൽകിണർ കുഴിച്ചെങ്കിലും പൈപ്പ് ലൈനിന്റെ ജോലി പകുതിവെച്ച് മുടങ്ങി. വീടുകളിൽ വെള്ളമെത്താത്ത അവസ്ഥ വന്നപ്പോള്‍ ജനകീയ മുന്നേറ്റ സമിതി വീണ്ടും സമരത്തിലേക്കു തിരിഞ്ഞു. സമരത്തിനു നേതൃത്വം നല്‍കിയവരെ വ്യക്തിപരമായി പീഡിപ്പിക്കുന്ന മുറകളിലേക്കു വരെ അധികാരികള്‍ അന്നു തിരിഞ്ഞു. ആവശ്യം അംഗീകരിക്കുന്നതിനായി സമരസ്ഥലത്ത് കൈഞരമ്പ് മുറിച്ച് പ്രതിഷേധിച്ച ഞാൻ സമരത്തിൽനിന്ന് പിൻവാങ്ങാൻ വലിയ ഓഫറുകൾതന്നെ വെച്ചു. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടതോടെ ആ രണ്ടു തവണയും കേസെടുത്ത് എന്നെ തിരുവനന്തപുരം ജില്ല ജയിലിലേക്ക് കൊണ്ടുപോയി. ജയിൽ അധികൃതർ മുഖേനയും ക്വാറി ഉടമകൾ ഒത്തുതീർപ്പ് ചർച്ചകൾ തുടങ്ങി. വഴങ്ങില്ലെന്ന് ഉറപ്പിച്ചതോടെ മനോരോഗിയെന്നു മുദ്രകുത്തി ഊളമ്പാറ ആശുപത്രിയിലാക്കി.
ഭ്രാന്തനല്ലാത്ത ഒരുവനെ ഭ്രാന്തനാക്കാനുള്ള ശ്രമം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തരീക്ഷവും കുത്തിവെപ്പും മറ്റും മനോരോഗമില്ലാത്തയാളെ മനോരോഗിയാക്കി മാറ്റും. ട്രൗസര്‍ മാത്രമിട്ട് മനോരോഗികള്‍ക്കിടയില്‍ മൂന്നുദിവസം കഴിഞ്ഞപ്പോളുണ്ടായ അവസ്ഥ എങ്ങനെയാണ് വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല. എന്നെ അവിടെ മൂന്നുദിവസമാണ് കിടത്തിയത്. അതിനുള്ള കാരണം ജയിലില്‍ നിരാഹാരം കിടന്നു എന്നതാണെന്നാണ് പൊലീസുകാര്‍ പിന്നീട് പറഞ്ഞത്. മനുഷ്യനും പ്രകൃതിക്കും ദ്രോഹം ചെയ്യുന്നവനാണ് ശരിക്കും മനോരോഗി എന്നെനിക്ക് വിളിച്ചുപറയണമെന്നുതോന്നി.
ഇത് വലിയ വാർത്തയായതോടെയാണ് എന്നെ തിരികെ ജയിലിലേക്ക് മാറ്റിയതും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങാനായതും. ഒരുപാട് മനുഷ്യാവകാശപ്രവർത്തകർ ഈ ഘട്ടത്തിലും തുടർന്നും സഹായവുമായെത്തി.
ഇതിനിടെ കോടതി ഇടപെട്ട്, സെക്രേട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നതിൽനിന്ന് രണ്ടുമാസം എന്നെ വിലക്കിയിരുന്നു. പക്ഷേ, നാട്ടിലേക്ക് മടങ്ങാതെ തിരുവനന്തപുരം കലക്ടറേറ്റിലേക്ക് സമരകേന്ദ്രം മാറ്റുകയാണ് ഞാൻ ചെയ്തത്. കോടതി വിലക്കിയ സമയം കഴിഞ്ഞപ്പോൾ പഴയ സ്ഥലത്തുതന്നെ സമരത്തിനെത്തി.
രാഷ്ട്രീയ ഇടപെടലുകൾ
സമരം പിന്നെയും തുടർന്നു. 2019 ഏപ്രില്‍ മൂന്നിന് ജില്ല പട്ടികജാതി വികസന ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളമെത്തിക്കുമെന്ന് ഉറപ്പ് നല്കിയതായിരുന്നു. എന്നാല്‍, നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും 96 ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തതല്ലാതെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം ആയില്ല. കുടിവെള്ളമില്ലാത്ത ഒരു പ്രദേശത്ത് നിങ്ങളെന്തിനു നില്‍ക്കണമെന്ന ക്വാറി ഉടമയുടെ ചോദ്യത്തെ സഹായിക്കാനാണ് അധികൃതര്‍ ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറൽ നടത്തിയത്. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ക്വാറിയുടെ കാര്യത്തിലായാലും കുടിവെള്ളക്കാര്യത്തിലായാലും ക്വാറി ഉടമയെ സഹായിക്കുന്ന നിലപാടേ കൈക്കൊണ്ടുള്ളൂ. ക്വാറി ഉടമയുടെ ബന്ധുക്കളായിരുന്നു മേഖലയിലെ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ. അതുകൊണ്ട് തന്നെ അവർ പരസ്യമായി ക്വാറിക്കൊപ്പം നിലകൊണ്ടു. എനിക്ക് ഒപ്പം സമരത്തിനിറങ്ങിയവരെ പല കാലങ്ങളിലായി അടർത്തിമാറ്റാൻ ഈ പാർട്ടി നേതാക്കൾതന്നെ സ്ഥാനമാനങ്ങളും മറ്റും വാഗ്ദാനംചെയ്ത് പലരെയും ഒതുക്കി. അതിന് തയാറാകാത്തവർ സമരത്തിനൊപ്പം തന്നെ നിലയുറപ്പിച്ചു. ഇതിനിടയിൽ രണ്ട് പാർട്ടികളെയുംകൊണ്ട് സമരം അടിച്ചമർത്താൻ കഴിയില്ലെന്ന് ഉറപ്പിച്ച് ക്വാറി മാഫിയതന്നെ മുൻകൈയെടുത്ത് കോളനിയിലെ ചിലയാളുകളെ വരുതിയിലാക്കി തോപ്പിൽ കോളനിയിൽ ബി.ജെ.പിയുടെ കൊടിയിട്ടു. അങ്ങനെ ക്വാറിക്കെതിരെ സമരം നടത്തുമെന്ന വാഗ്ദാനം നൽകി കോളനിയിലെ പലരെയും അവർക്കൊപ്പം നിർത്തി. വിചാരിച്ചപോലെ ബി.ജെ.പിയും ക്വാറി ഉടമക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കാൻ അണികൾക്ക് അധികസമയം വേണ്ടിവന്നില്ല. ഇതിനിടെ ക്വാറിയുടെ പേര് എ.കെ.ആര് ക്രഷര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് എന്നാക്കി മാറ്റിയിരുന്നു.
കടം വാങ്ങി മുഖ്യമന്ത്രിയെ കാണാൻ പോയി
ഇതിനിടെ സി.പി.എം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമിതി കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ത്തുവെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ പോയെങ്കിലും കയറ്റാതെ തിരിച്ചയച്ചു. മുഖ്യമന്ത്രിയെയും പട്ടികജാതി കമീഷനെയും കാണാനാണ് സെക്രേട്ടറിയറ്റിലെത്തിയത്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ തങ്ങളുടെ കോളനിക്കകത്ത് പന്ത്രണ്ട് വര്‍ഷമായി ക്വാറി പ്രവര്‍ത്തിക്കുകയാണെന്നും സമരം ചെയ്യുന്നവരുടെ കുടിവെള്ളം മുട്ടിച്ച് പകപോക്കുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് കൊടുത്തവര്‍ക്ക് മാത്രം വെള്ളം നല്‍കുന്നെന്നും പറയാനാണ് പോയതെങ്കിലും അവഗണനയാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
മുഖ്യമന്ത്രിയെ കാണാന്‍ ഞങ്ങള്‍ പാസെടുത്തപ്പോള്തന്നെ ജീവനക്കാര്‍ മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞു. കടം വാങ്ങിയാണ് ഞങ്ങള്‍ പോയത്. വെറുപ്പോടെയാണ് അവര്‍ സംസാരിച്ചത്. കോളനിയില്‍നിന്ന് പോകുന്നവരായതുകൊണ്ട് സാധുക്കളാണെന്ന് അവര്‍ക്ക് കണ്ടാല്‍തന്നെ അറിയുമായിരിക്കും. പരാതി, പരാതി പരിഹാര സെല്ലില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. പട്ടികജാതി കമീഷനും ഇക്കാര്യത്തില്‍ താല്പര്യമില്ല. മറുഭാഗത്ത് സി.പി.എം ആയതുകൊണ്ടാണ് ആരും ഇടപെടാത്തത്. കോളനിക്കാരെല്ലാം സി.പി.എമ്മുകാരായിരുന്നു. ഈ ക്വാറി കാരണം മിക്കവരും അവരില്‍ നിന്നകന്നു.
സ്റ്റോപ് മെമ്മോ
കോളനിക്കുള്ളിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. ക്വാറിക്കെതിരെ നിരന്തര സമരം തുടർന്നു. അതിന്റെ ഫലമായി ജലവിതരണ പദ്ധതി പ്രാവര്‍ത്തികമാകുകയും പൈപ്പിട്ട് ജലവിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ക്വാറിക്കെതിരെ സമരം ശക്തമാക്കിയപ്പോള്‍ ക്വാറിയുടമ ഇടപെട്ട് കുടിവെള്ള വിതരണം തടസ്സപ്പെടുത്തി. പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധമുയര്‍ത്തിയപ്പോൾ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിക്കുമെന്ന് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി. പിറ്റേദിവസം രാവിലെ പൈപ്പുകള്‍ തകര്‍ന്നുകിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. കുടിവെള്ള പദ്ധതിയുടെ താക്കോല്‍ പഞ്ചായത്ത് അധികൃതര്‍ നല്കാത്തതിനാല് വെള്ളം പമ്പ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ഒരു കുടം വെള്ളത്തിനായി ഏഴും എട്ടും കിണറുകള്‍ക്കു മുന്നില്‍ പോയി മടങ്ങിയിട്ടും വാട്ടര്‍ടാങ്കിന്റെ താക്കോല്‍ നല്‍കിയില്ല. പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് കൊടുത്തവര്‍ക്കു മാത്രം വെള്ളം നല്കി. അധികൃതര്‍ക്കു പരാതി നല്കാന് തുടങ്ങിയപ്പോള്‍ താക്കോല്‍ തന്നു. അതിനു പിറകെയാണ് അന്ന് പൈപ്പ് തകര്‍ക്കുന്ന സംഭവം തന്നെയുണ്ടായത്. സമരം തുടരുമ്പോഴും ഭരണ-ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് ക്വാറിയുടെ പ്രവർത്തനം സജീവമായിതന്നെ നീങ്ങി. നിരോധിത വെടിക്കോപ്പുകൾ ഉപയോഗിച്ചും പാറ പൊട്ടിക്കൽ നിർബാധം തുടർന്നു. ഇതിനിടെ എന്റെ ഉൾപ്പെടെയുള്ള വീടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറച്ചീളുകൾ വീണു. തെളിവടക്കം പരാതിയുമായി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങിയിട്ടും പലയിടത്തും പരാതിപോലും സ്വീകരിച്ചില്ല. മരിക്കുംവരെ സമരമെന്ന പ്രഖ്യാപനം നടത്തി. എന്തായാലും 2022 മാര്‍ച്ച് 15ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ് മെമ്മോ നല്കി.
എന്നാല്‍പോലും ക്വാറിയുടെ പ്രവര്‍ത്തനം ഭാഗികമായി നടത്തി നിയമത്തെ വെല്ലുവിളിക്കുകയാണുണ്ടായത്. ക്വാറിയിലെ സ്ഫോടനത്തെ തുടര്‍ന്ന് ക്വാറിയില്‍നിന്നും ഏതാണ്ട് 50 മീറ്റര്‍ അകലെയുള്ള കോളനിയിലെ വീട്ടില്‍ കരിങ്കല്ല് വന്നുവീഴുകയും വീട്ടിലുണ്ടായിരുന്നവർ പരിക്കൊന്നും കൂടാതെ കഷ്ടിച്ചു രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സ്റ്റോപ് മെമ്മോ നൽകിയത്.
തോറ്റുകൊടുക്കാനില്ല
ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്നു കണ്ടതോടെ ഉടമ ശമ്പളം നൽകി തീറ്റിപ്പോറ്റുന്നവർ ജനകീയ മുന്നേറ്റ സമിതിയുടെ പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ചു. ക്വാറി പ്രവര്‍ത്തനം പൂർണമായി അവസാനിപ്പിക്കുകയും ക്വാറി പ്രവര്‍ത്തനംകൊണ്ടു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും ശ്വാസകോശരോഗങ്ങളടക്കം ബാധിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതില്‍ പ്രകോപിതരായി ക്വാറിയില്‍ ജോലിയെടുക്കുന്ന ചിലര്‍ എന്നെയും സമിതി പ്രവർത്തകനായ ഗോപാലനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഏപ്രില്‍ 18ന് തോപ്പില്‍ കോളനിയില്‍ സംഘടിപ്പിക്കപ്പെട്ട വസ്തുതാന്വേഷണവും പ്രതിഷേധ സംഗമവും നടന്നു. അത് ഉദ്ഘാടനം ചെയ്യാൻ പൊമ്പിളൈ ഒരുമ സമരനായിക ഗോമതിയാണ് വന്നത്. ക്വാറി പൂർണമായും അടച്ചുപൂട്ടാനും ക്വാറിക്കുവേണ്ടി ദലിത് കോളനി ഒഴിപ്പിക്കാന്‍ അനുവദിക്കരുതെന്നും ഞങ്ങളെ ആക്രമിച്ച കേസില്‍ ക്വാറി ഉടമകളെ പ്രതിചേര്‍ത്ത് വധശ്രമത്തിനു കേസെടുക്കാനും ആവശ്യപ്പെട്ടായിരുന്നു യോഗം.
സമരം വീണ്ടും ചർച്ചയായതോടെ അനുനയങ്ങളും കൂടി. കോളനിഭൂമിക്കു നല്ല വിലവാങ്ങി നല്‍കാമെന്നും പുറത്ത് ഫ്ലാറ്റ് വെച്ച് തരാമെന്നുമൊക്കെയായി വാഗ്ദാനങ്ങള്‍. ഞങ്ങള്‍ക്കു ഭീഷണിയായ ക്വാറി അടച്ചുപൂട്ടുന്നതില്‍ കുറഞ്ഞൊരാവശ്യം ഞങ്ങൾക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതിനിടെ ഞാൻ നക്സൽ പ്രവർത്തകനാണെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലുമെടുത്തിരുന്നു.
ഇത് ജാതിവിവേചനത്തിന്റെ കൂടി ഭാഗമാണ്. ഞങ്ങളുടെ ജനകീയസമരങ്ങള്ക്കെതിരെ പൊലീസിന്റെ സഹായത്തോടെ ഭരണകൂടം നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ മരണംവരെ തുറന്നുതന്നെ എതിർക്കും. എല്ലാക്കാലത്തും മേലാളരാല്‍ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങള്‍ ദലിതര്‍ക്ക് ഇനി അതാവര്‍ത്തിക്കാന്‍ മനസ്സില്ല. മനുഷ്യരായിപ്പോലും ഞങ്ങളെ കാണാന്‍ ഭരണാധികാരികള്‍ തയാറല്ല. ഏതു വികസന പ്രവര്‍ത്തനമുണ്ടായാലും അതിന്റെ കഷ്ടനഷ്ടങ്ങള്‍ ദലിതര്‍ക്കാണ്. ഞങ്ങളുടേത് അതിജീവനത്തിനുവേണ്ടിയുള്ള സമരമാണ്. ഈ സമരത്തില്‍ എന്തായാലും തോറ്റുകൊടുക്കുന്ന പ്രശ്നമില്ല. എന്നെപ്പോലെ വിദ്യാഭ്യാസമില്ലാത്തവരായി കോളനിജനത മാറാൻ പാടില്ലെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിൽ അതിനുള്ള പ്രവർത്തനവും നടത്തിത്തുടങ്ങി. കോളനിക്കുള്ളിൽ കഴിഞ്ഞദിവസം ജനകീയ വായനശാല സ്ഥാപിച്ചതും അതിന്റെ ഭാഗമായാണ്. സ്വാതന്ത്ര്യം നേടിയ രാജ്യത്ത് ശക്തമായ ഭരണസംവിധാനമുണ്ടെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് നീതിനിഷേധത്തിനെതിരെ ചോദ്യംചെയ്തതിന് ഭരണകൂട സഹായത്താൽ മേൽജാതിക്കാർ നടത്തുന്ന ഭീഷണികളെ പരാജയപ്പെടുത്താൻ എനിക്കായില്ലെങ്കിലും വിദ്യാഭ്യാസമുള്ള ഭാവിതലമുറയാൽ അത് സാധ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.