അമേരിക്കൻ ജനത കാലാവസ്ഥ ആഘാതങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടും?

പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാൻ അമേരിക്ക തീരുമാനിച്ചു. ഇത് എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക? എന്താണ് പാരിസ് ഉടമ്പടിയുടെ ചരിത്രപരമായ പ്രാധാന്യം? ട്രംപിന്റെ പുതിയ തീരുമാനങ്ങൾ അമേരിക്കൻ ജനങ്ങളെ കാലാവസ്ഥ ആഘാതങ്ങളിൽനിന്ന് സംരക്ഷിക്കുമോ? –വിശകലനം.
ഡോണൾഡ് ട്രംപ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി രണ്ടാമതും സ്ഥാനമേൽക്കുന്നത് 2025 ജനുവരി 20നാണ്. പരിസ്ഥിതി, കാലാവസ്ഥാ മാറ്റം എന്നിവയെ പുച്ഛത്തോടെ മാത്രം കാണുന്ന അദ്ദേഹം സ്ഥാനമേറ്റ ദിവസം തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന 26 എക്സിക്യൂട്ടിവ് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്! ലോകാരോഗ്യ സംഘടനയിൽനിന്ന് ഒഴിവാകുന്നുവെന്ന് മാത്രമല്ല, പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാനും ഉത്തരവിറക്കിക്കഴിഞ്ഞു. ഇതിന് പുറമെ, ആഗോളതലത്തിൽ മറ്റ് രാജ്യങ്ങൾക്ക് കാലാവസ്ഥാ മാറ്റം ലഘൂകരിക്കുന്നതിനും പൊരുത്തപ്പെടുന്നതിനും യു.എസ് നൽകുന്ന സാമ്പത്തിക സംഭാവനകൾ പരിമിതപ്പെടുത്താനും ‘‘അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളിൽ അമേരിക്കയെ പ്രഥമസ്ഥാനത്ത് നിർത്തുക’’ (Putting America First in International Environmental Agreements) എന്ന പേരിൽ ഇറക്കിയ എക്സിക്യൂട്ടിവ് ഉത്തരവ് ഉദ്ദേശിക്കുന്നു.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം കരാറുകൾ അമേരിക്കൻ ജനതയുടെ താൽപര്യങ്ങളെ പിന്തള്ളി സാമ്പത്തികസഹായം ആവശ്യമില്ലാത്തതോ അർഹതയില്ലാത്തതോ ആയ രാജ്യങ്ങളിലേക്ക് അവരുടെ പണം എത്തുന്നതിന് കാരണമാകുന്നു എന്നാണ് ന്യായീകരണം! പാരിസ് ഉടമ്പടിയിൽനിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷനു (UNFCC) കീഴിൽ വാഗ്ദാനം ചെയ്തിരുന്ന എല്ലാ യു.എസ് ധനസഹായവും ഉടൻ നിർത്താൻ ട്രംപ് ഉത്തരവിട്ടു കഴിഞ്ഞു.
ഉയരുന്ന ആഗോള താപനിലയെ നേരിടാനുള്ള ലോകരാഷ്ട്ര ങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിശ്രമമാണ് പാരിസ് ഉടമ്പടി. ആഗോള താപനം യാഥാർഥ്യമാണെന്നും കാത്തിരിക്കാൻ സമയമില്ലെന്നും മനസ്സിലാക്കി തന്നെയാണ് വിവിധ രാജ്യങ്ങൾ 2030ഉം 2050ഉം ലഘൂകരണ ലക്ഷ്യംവെച്ചുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരുന്നത്. പാരിസ് കരാറിൽനിന്ന് രണ്ടാമതും പിൻവലിയാനുള്ള ട്രംപിന്റെ തീരുമാനം ആഗോള ശ്രമങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നു. ചരിത്രപരമായി ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹ വാതക എമിറ്റർ ആയ യു.എസിന്റെ പിന്മാറ്റം ഉത്സർജനം കുറക്കൽ, കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര സഹകരണം എന്നിവയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. 2015ൽ രൂപവത്കൃതമായ പാരിസ് കരാറിന് പുറത്തു നിൽക്കുന്ന രാജ്യങ്ങളായ ഇറാൻ, യമൻ, ലിബിയ എന്നിവക്കൊപ്പം ഇനി യു.എസുമുണ്ടാകും!
ചരിത്രപരമായി നോക്കിയാൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളിയിരിക്കുന്നത് യു.എസാണ്; 2019 വരെ ഏകദേശം 25 ശതമാനമാണ് അവരുടെ പങ്ക്. നിലവിലെ എമിഷൻ കണക്കിലെടുത്താലും ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള അവർ 2023ൽ 11.3 ശതമാനം എമിഷൻ നടത്തി, രണ്ടാം സ്ഥാനത്ത് വരുന്നുണ്ട്. 2023ൽ ലോകത്തിലെ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 30.1 ശതമാനം ചൈനയുടേതായിരുന്നു; ഇത് ലോക ജനസംഖ്യയുടെ 17 ശതമാനത്തിന്റെ പങ്കാണ് എന്നൊരു ന്യായം ചൈനക്കു പറയാം. യു.എസ്.എയുടെ പ്രതിശീർഷ ഉത്സർജനവും വളരെ ഉയർന്നതാണ്, 17.6 ടൺ (CO2e). അതേസമയം, 18 ശതമാനം ജനസംഖ്യയുള്ള ഇന്ത്യ ഈ മലിനീകരണക്കാരിൽനിന്നെല്ലാം വളരെ പിന്നിലാണ്, 2019 വരെയുള്ള ചരിത്രപരമായ ഇന്ത്യയുടെ ഉദ്‌വമനം വെറും 3 ശതമാനം മാത്രമാണ്. നിലവിലുള്ള ഉത്സർജനത്തിന്റെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് വരുന്നു എന്ന് പറഞ്ഞ് ഇന്ത്യയെ പഴിക്കുന്നതിൽ ഒരു കാര്യവുമില്ല; ഒന്നാം സ്ഥാനക്കാരന്റെയും രണ്ടാം സ്ഥാനക്കാരന്റെയും ജനസംഖ്യയും എമിഷനുമായി ബന്ധപ്പെട്ട ഡേറ്റയും നോക്കാതെ വെറുതെ പറയുന്നത് ശരിയല്ല. 2023ലെ ഇന്ത്യയുടെ ആകെ എമിഷൻ 7.8 ശതമാനം ആയിരുന്നു. പ്രതിശീർഷ ഉത്സർജനം ലോക ശരാശരിയുടെ പകുതിയിലും താഴെയാണ്, 2.9 ടൺ (ലോക ശരാശരി, 6.6 ടൺ). ചുമ്മാതല്ല, ഇന്ത്യ സ്ഥിരം പറയുന്നത്, ‘‘ഇന്ത്യ കാലാവസ്ഥാ പ്രശ്നത്തിന് ഉത്തരവാദിയല്ല, പക്ഷേ പരിഹാരത്തിന് കൂടെയുണ്ടാകും’’ (India is not part of the climate problem, but will be a part of the solution).
ലോക നേതാക്കൾ, കാലാവസ്ഥാ വക്താക്കൾ, ശാസ്ത്രജ്ഞർ എന്നിവർ പാരിസ് കരാറിൽനിന്ന് പുറത്താകാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ അതിശക്തമായി അപലപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഉടനെയൊന്നും അലിയുന്ന ലക്ഷണം കാണുന്നില്ല. പാരിസ് ഉടമ്പടിപ്രകാരമുള്ള പ്രതിബദ്ധതകൾ രാജ്യങ്ങൾ പുനഃപരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, ഈ വർഷം അവസാനത്തോടെ ബ്രസീലിൽ നടക്കാൻ പോകുന്ന COP30 ചർച്ചകൾക്ക് മുന്നോടിയായി, ഇങ്ങനെയൊരു തീരുമാനം തികച്ചും നിരാശജനകമാണ്. മാത്രമല്ല, 2035 ലക്ഷ്യംവെച്ചുകൊണ്ട് പാരിസ് ഉടമ്പടിയിലെ കക്ഷികൾ ദേശീയ കാലാവസ്ഥാ നടപടികൾ (Nationally Determined Contributions, NDCs) പുതുക്കി നൽകേണ്ടത് 2025 ഫെബ്രുവരിയിലാണ്.
പല രാജ്യങ്ങൾക്കും ആഗോള ധനസഹായമില്ലാതെ NDC ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഉദാഹരണത്തിന്, ഇന്ത്യയുടെ NDC ലക്ഷ്യങ്ങളിൽ നാലാമത്തേത് ശ്രദ്ധിക്കുക, “സാങ്കേതികവിദ്യയുടെ കൈമാറ്റം, ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ഉൾപ്പെടെയുള്ള ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവ ഉപയോഗിച്ച് 2030ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽനിന്ന് ഏകദേശം 50 ശതമാനം സഞ്ചിത ഇലക്ട്രിക് പവർ സ്ഥാപിതശേഷി കൈവരിക്കും.’’ ഇതൊരു സോപാധിക NCD ലക്ഷ്യമാണ്. ‘ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം’ ലഭിക്കുന്നില്ലെങ്കിൽ ഇതിൽ പറഞ്ഞ ‘2030ഓടെ’, ‘50 ശതമാനം’ എന്നിവ നിറവേറ്റുന്നത് അത്ര എളുപ്പമായിരിക്കില്ല (ഇന്ത്യ ഇതിനകം 43.8 ശതമാനം ശേഷി കൈവരിച്ചു കഴിഞ്ഞുവെന്നത് വിസ്മരിക്കുന്നില്ല). പല രാജ്യങ്ങളും ഇത്തരം സോപാധിക ലക്ഷ്യങ്ങൾ NDCയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്!
പാരിസ് ഉടമ്പടി ഒപ്പുെവച്ചശേഷമുള്ള ആഹ്ലാദ നിമിഷം ^2015
ക്യോട്ടോ ഉടമ്പടിയിൽനിന്ന് പിൻവാങ്ങിയ വിധം
പാരിസ് ഉടമ്പടിക്ക് മുമ്പുണ്ടായിരുന്ന ക്യോട്ടോ ഉടമ്പടിയിലെ കാർബൺ കുറയ്ക്കൽ വ്യവസ്ഥകൾ തുടക്കത്തിൽ വികസിത രാഷ്ട്രങ്ങൾക്ക് മാത്രമായിരുന്നു ബാധകം. അന്നുതൊട്ടേ അമേരിക്ക ഉടക്കിനിൽക്കുകയാണ്! ഏതാണ്ട് 150 വർഷത്തിലേറെ നീണ്ട വ്യവസായിക പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ (ജി.എച്ച്.ജി) ഉദ്‌വമനത്തിന് വികസിത രാജ്യങ്ങളാണ് പ്രധാനമായും ഉത്തരവാദികളെന്ന് അംഗീകരിച്ചുകൊണ്ടാണ് ക്യോട്ടോ പ്രോട്ടോകോൾ രൂപകൽപന ചെയ്തത്. വികസിത രാജ്യങ്ങളെ ഇത് ബന്ധിപ്പിക്കുകയും ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തവും അതത് ശേഷികളും’ (common but differentiated responsibilities and respective capabilities, CBDR-RC) എന്ന തത്ത്വം ബാധകമാക്കുകയും ചെയ്തു. അതിനാൽ, സ്വാഭാവികമായും വികസിത രാജ്യങ്ങൾക്ക് പ്രോട്ടോകോൾ കൂടുതൽ ഭാരം വരുത്തിവെച്ചു. ആകെ 37 വ്യവസായിക രാജ്യങ്ങളും യൂറോപ്യൻ യൂനിയനും നിശ്ചിത അളവിൽ അവരുടെ ജി.എച്ച്.ജി ഉത്സർജനം കുറക്കാൻ ക്യോട്ടോ പ്രോട്ടോകോൾ നിർബന്ധിച്ചപ്പോൾ, വികസ്വര രാജ്യങ്ങളോട് സ്വമേധയാ പങ്കാളിയാകാനാണ് ആവശ്യപ്പെട്ടത്. ചൈനയും ഇന്ത്യയും ഉൾപ്പെടെ 100ലധികം വികസ്വര രാജ്യങ്ങളെ ക്യോട്ടോ കരാറിൽനിന്ന് മൊത്തത്തിൽ ഒഴിവാക്കിയിരുന്നു.
1997ൽ ക്യോട്ടോ പ്രോട്ടോകോൾ കൊണ്ടുവരുന്നതിൽ പ്രധാന പങ്കാളിയായിരുന്നു അന്നത്തെ യു.എസ് വൈസ് പ്രസിഡന്റ് അൽ ഗോർ. പ്രസിഡന്റ് ബിൽ ക്ലിന്റണുവേണ്ടി അൽഗോർ 1998 നവംബറിൽ കരാറിൽ ഒപ്പുവെച്ചെങ്കിലും യു.എസ് സെനറ്റ് ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ചൈന, ഇന്ത്യ തുടങ്ങി ജനബാഹുല്യമുള്ള രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ 80 ശതമാനം പേരെയും നിയമം പാലിക്കുന്നതിൽനിന്ന് ഒഴിവാക്കുന്നതിലൂടെ ഈ കരാർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് യു.എസ് വാദിച്ചു. ക്യോട്ടോ പ്രോട്ടോകോൾ പ്രകാരമുള്ള എമിഷൻ മാനദണ്ഡങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാണെന്ന ന്യായമാണ് അവർ ഉയർത്തിയത്.
സമാനമായ എതിർപ്പുകൾകൊണ്ട് പിന്നീട് വന്ന പ്രസിഡന്റ് ജോർജ് ബുഷും ഒപ്പിടാൻ വിസമ്മതിച്ചു. 2012ഓടെ കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം 1990ലെ നിലവാരത്തേക്കാൾ 7.0 ശതമാനം കുറക്കാൻ യു.എസിനെ നിർബന്ധിതമാക്കുന്ന ക്യോട്ടോ കരാറിനെ താൻ എതിർക്കുന്നുവെന്ന് ബുഷ് തുറന്നു പറഞ്ഞു. വികസിത രാജ്യങ്ങളും (ക്യോട്ടോ കരാറിന്റെ അനെക്സ് Iൽ പേരുള്ള രാജ്യങ്ങൾ) വികസ്വര രാജ്യങ്ങളും (അനെക്സിൽ പേരു വരാത്തവ) തമ്മിലുള്ള വിഭജനം അന്യായമാണെന്നും വികസ്വര രാജ്യങ്ങളും തങ്ങളുടെ ഉദ്‌വമനം കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് ബുഷ് തീർത്തുപറഞ്ഞു. തുടക്കത്തിൽ ക്യോട്ടോ പ്രോട്ടോകോൾ അംഗീകരിച്ച അമേരിക്ക 2001ൽ അതിൽനിന്ന് പിന്മാറി.
1997 ഡിസംബർ 11ന് ക്യോട്ടോ പ്രോട്ടോകോൾ അംഗീകരിച്ചുവെങ്കിലും സങ്കീർണമായ ഒരു അംഗീകാര പ്രക്രിയ കാരണം, 2005 ഫെബ്രുവരി 16ന് മാത്രമാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. 2001ൽ മാരാകേഷിൽ നടന്ന COP7ൽ ക്യോട്ടോ പ്രോട്ടോകോൾ നടപ്പാക്കുന്നതിനുള്ള വിശദമായ നിയമങ്ങൾ അംഗീകരിച്ചു, അവയെ ‘മാരാകേഷ് തീരുമാനങ്ങൾ’ (Marrakesh Accords) എന്ന് വിളിക്കുന്നു. ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ നിർവഹണഘട്ടം 2008 മുതൽ 2012 വരെയായിരുന്നു (ഇത് 2005ൽ പ്രാബല്യത്തിൽ വന്നെങ്കിലും, 2005-2007 വർഷങ്ങൾ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും, ഔദ്യോഗിക കുറക്കൽ ലക്ഷ്യങ്ങൾക്കായി തയാറെടുക്കുന്നതിനും ഉപയോഗിച്ചു). പ്രോട്ടോകോൾ പ്രകാരം, 37 വ്യവസായിക രാജ്യങ്ങളും യൂറോപ്യൻ സമൂഹവും 2008-2012ലെ അഞ്ച് വർഷത്തെ കാലയളവിൽ 1990ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 5 ശതമാനം ഉദ്‌വമനം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരായിരുന്നു.
ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ നിർവഹണഘട്ടം 2012ൽ അവസാനിക്കുന്നു എന്നതുകൊണ്ട് 2012ൽ ഖത്തറിലെ ദോഹയിൽ നടന്ന COP 18, രണ്ടാമത്തെ പ്രതിബദ്ധതാ കാലയളവ് നിർണയിച്ചുകൊണ്ട് 2020 വരെ നീട്ടാൻ തീരുമാനമെടുത്തു. പക്ഷേ, യു.എസ്, റഷ്യ, ജപ്പാൻ, കാനഡ എന്നീ വികസിത രാജ്യങ്ങൾ ഒപ്പിടില്ല എന്ന നിലപാട് എടുത്തതോടെ തീരുമാനം അനിശ്ചിതത്വത്തിലായി. ക്യോട്ടോ ഉടമ്പടിയിൽ ഒപ്പുവെച്ച 144 കക്ഷികൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഈ രണ്ടാമത്തെ പ്രതിബദ്ധതാ കാലയളവ് 90 ദിവസത്തിനുശേഷം പ്രാബല്യത്തിൽ വരും. പക്ഷേ, 144 പേരുടെ ഒപ്പിടൽ 2020 വരെ നടന്നില്ല, രണ്ടാം ഘട്ട പ്രതിബദ്ധതകളുമുണ്ടായില്ല! അവസാനം, 2020 ഒക്‌ടോബർ 2ന് നൈജീരിയ ഒപ്പിട്ടതോടെ, അതായത്, 2020 അവസാനത്തോടെ, പ്രതീകാത്മകമായി ക്യോട്ടോ ഉടമ്പടിയുടെ നീട്ടൽ നിലവിൽ വന്നു. ഇതിനകം പാരിസ് ഉടമ്പടി പ്രാബല്യത്തിൽ വന്നതുകൊണ്ട് (2016 നവംബർ 4) വലിയ കുഴപ്പങ്ങൾ ഉണ്ടായിെല്ലന്ന് പറയാം.
പാരിസ് ഉടമ്പടി വരുന്നു, അമേരിക്കൻ നിലപാടുകൾ മാറിമറിയുന്നു
ആഗോള താപനം, കാലാവസ്ഥാ മാറ്റം എന്നിവയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനും എല്ലാ രാജ്യങ്ങളെയും വികസിത-വികസ്വര ഭേദമന്യേ ഉൾക്കൊള്ളുന്നതിനും ക്യോട്ടോ പ്രോട്ടോകോളിന് പകരമായി 2015ൽ അംഗീകരിച്ച അത്യന്തം പ്രാധാന്യമുള്ള അന്താരാഷ്ട്ര കരാറാണ് പാരിസ് ഉടമ്പടി. ഈ നൂറ്റാണ്ടിലെ ആഗോള താപനിലയിലെ വർധന വ്യവസായ വിപ്ലവത്തിനു മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമത്തിൽ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറക്കാനും, വർധന 1.5 ഡിഗ്രിയായി പരിമിതപ്പെടുത്താനുള്ള മാർഗങ്ങൾ പിന്തുടരാനും കരാർ ലക്ഷ്യമിടുന്നു. ഈ കരാർ ബന്ധനരഹിതമാണ്, അതായത് രാജ്യങ്ങൾ അവരുടെ കാലാവസ്ഥാ ഉദ്‌വമനം കുറക്കുന്നത് നിയമപരമായ ബാധ്യതയായല്ല, പകരം, ഓരോ രാജ്യവും അവരുടേതായ ഉദ്‌വമന ലക്ഷ്യങ്ങളും അവ നേടുന്നതിനുള്ള തന്ത്രങ്ങളും നിശ്ചയിക്കുന്നു; അവ നടപ്പാക്കുന്നു.
പാരിസ് ഉടമ്പടി പ്രകാരം, എല്ലാ രാജ്യങ്ങളും നെറ്റ് സീറോ ലക്ഷ്യവും അതിലേക്ക് എത്തുന്നതിനുള്ള കാലാവസ്ഥാ നടപടികളും സ്വയം പ്രഖ്യാപിക്കണം. നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന് ഓരോ രാജ്യവും ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’ (Nationally Determined Contributions, NCD) എന്താണെന്ന് അറിയിക്കണം, അഞ്ചു വർഷം കൂടുമ്പോൾ പുതുക്കുകയും വേണം. ഇത് തയാറാക്കേണ്ടത് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common But Differentiated Responsibilities and Respective Capabilities, in the light of different National Circumstances, CBDR-RCNC) അനുസരിച്ചായിരിക്കണമെന്നും ഉടമ്പടിയിൽ വ്യവസ്ഥചെയ്യുന്നുണ്ട്.
‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തവും അതത് ശേഷികളും’ (CBDR-RC) എന്ന തത്ത്വം ക്യോട്ടോ പ്രോട്ടോകോൾ കാലഘട്ടത്തിൽ തന്നെ അംഗീകരിച്ചതാണ്, ഇതിനോട് ‘വ്യത്യസ്ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ’ (NC) എന്ന ഭാഗം കൂട്ടിച്ചേർത്തു, അങ്ങനെയത് CBDR-RCNC ആയി! അതായത് ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്നാൽ തുല്യ ഉത്തരവാദിത്തമല്ല! ചരിത്രപരമായി ഏറ്റവുമധികം ഹരിതഗ്രഹ വാതകങ്ങൾ തള്ളി കാലാവസ്ഥയെ കുഴപ്പത്തിലാക്കിയ അമേരിക്കയെപ്പോലുള്ള രാജ്യങ്ങൾക്ക് ഉത്തരവാദിത്തം കൂടുതലുണ്ടാകും!
കാലാവസ്ഥാ മലിനീകരണം കുറക്കുന്നതിനും കാലക്രമേണ ആ പ്രതിബദ്ധതകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ പ്രധാന രാജ്യങ്ങളുടെയും പ്രതിബദ്ധതകൾ കരാറിൽ ഉൾപ്പെടുന്നു. വികസിത രാജ്യങ്ങൾക്ക് അവരുടെ കാലാവസ്ഥാ ലഘൂകരണത്തിലും (mitigation) പൊരുത്തപ്പെടൽ (adaptation) ശ്രമങ്ങളിലും വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള ഒരു പാത ഈ ഉടമ്പടി നൽകുന്നു. കൂടാതെ രാജ്യങ്ങളുടെ വ്യക്തിഗതവും കൂട്ടായതുമായ കാലാവസ്ഥാ ലക്ഷ്യങ്ങളുടെ സുതാര്യമായ നിരീക്ഷണം, റിപ്പോർട്ട് ചെയ്യൽ, നടപ്പാക്കൽ എന്നിവക്കുള്ള ചട്ടക്കൂടും കരാർ സൃഷ്ടിക്കുന്നു.
2015 ഡിസംബറിൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ആഗോള കർമപദ്ധതിയായ പാരിസ് ഉടമ്പടിയിൽ അമേരിക്കയും 200ൽപരം മറ്റു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചപ്പോൾ, ഇന്നത്തെ കുട്ടികൾക്കും യുവതലമുറക്കും ‘കൂടുതൽ സുരക്ഷിതവും കൂടുതൽ സമ്പന്നവും കൂടുതൽ സ്വതന്ത്രവുമായ ഒരു ലോകം’ (‘A world that is safer and more secure, more prosperous, and more free’) ആണ് കിട്ടാൻ പോകുന്നതെന്ന് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ പറയുകയുണ്ടായി.
2016 ഏപ്രിലിൽ പാരിസ് കരാറിൽ അമേരിക്ക ഒപ്പുവെക്കുകയും 2016 സെപ്റ്റംബറിൽ ഒരു എക്സിക്യൂട്ടിവ് ഉത്തരവ് വഴി അത് അംഗീകരിക്കുകയുംചെയ്തു. ഇതിനു പുറമെ, ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ സംഭാവന ചെയ്യാൻ പ്രസിഡന്റ് ഒബാമ അമേരിക്കയെ പ്രതിജ്ഞാബദ്ധമാക്കി. കരാറിന്റെ നിബന്ധനകൾ പ്രകാരം ആഗോള ഉദ്‌വമനത്തിന്റെ കുറഞ്ഞത് 55 ശതമാനമെങ്കിലും പ്രതിനിധാനം ചെയ്യുന്ന കുറഞ്ഞത് 55 രാജ്യങ്ങളെങ്കിലും ഔപചാരികമായി ചേർന്നാലേ പാരിസ് കരാർ പ്രാബല്യത്തിൽ വരൂ. ഇത് 2016 ഒക്ടോബർ 5നാണ് തികയുന്നത്. 30 ദിവസത്തിനുശേഷം, അതായത്, 2016 നവംബർ 4ന് പാരിസ് കരാർ പ്രാബല്യത്തിലായി. 2025 ആകുമ്പോഴേക്കും മൊത്തത്തിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം 2005ലെ നിലവാരത്തേക്കാൾ 26 മുതൽ 28 ശതമാനം വരെ കുറക്കുമെന്നും യു.എസ് INDC (Intended Nationally Determined Contributions) വഴി അറിയിച്ചിരുന്നു.
എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ, പുതുതായി അധികാരമേറ്റ പ്രസിഡന്റ് ട്രംപ്, ഒബാമ വിഭാവനംചെയ്ത ‘കൂടുതൽ സുരക്ഷിതവും സമ്പന്നവും സ്വതന്ത്രവുമായ’ ലോകത്തിന്റെ അവസ്ഥയാകെ അപകടത്തിലാക്കി! മേൽപറഞ്ഞ എല്ലാ അഭിലാഷങ്ങളും വാഗ്ദാനങ്ങളും കാറ്റിൽ പറത്തി 2017 ജൂൺ 1ന്, സാമ്പത്തിക ആശങ്കകളുടെ പേരു പറഞ്ഞ് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനായുള്ള പാരിസ് കരാറിലെ എല്ലാ പങ്കാളിത്തവും അമേരിക്ക നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ കരാർ യു.എസ് സമ്പദ്‌വ്യവസ്ഥയെ ‘ദുർബലപ്പെടുത്തുകയും’ യു.എസിനെ ‘ശാശ്വതമായ പ്രതികൂലാവസ്ഥയിലാക്കുകയും’ ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമവായം ട്രംപ് നിരസിക്കുകയും ആഗോളതാപനം എന്ന ആശയം അമേരിക്കയുടെ മത്സരശേഷിയെ തകർക്കാൻ ചൈന സൃഷ്ടിച്ചതാണെന്ന് പറയുകയുംചെയ്തു. ഒബാമയുടെ ‘ക്ലീൻ പവർ പ്ലാനും’ മറ്റു പരിസ്ഥിതി നിയന്ത്രണങ്ങളും റദ്ദാക്കാൻ അദ്ദേഹം ഒരു എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിച്ചു. കരാറിലെ ചില നിബന്ധനകൾ കാരണം അദ്ദേഹത്തിന് നാലു വർഷം കാത്തിരിക്കേണ്ടിവന്നുവെന്നതുകൊണ്ട് ഇത്തരമൊരു പിന്മാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ലോകത്തിന് അന്ന് അനുഭവിക്കേണ്ടിവന്നില്ല!
പാരിസ് കരാറിന്റെ ആർട്ടിക്കിൾ 28, പ്രസ്തുത കരാറിൽ ഒപ്പുവെച്ച ഒരു രാജ്യത്തിന് എങ്ങനെ അതിൽനിന്ന് പിന്മാറാം എന്നാണ് വിവരിക്കുന്നത്. കരാർ പ്രാബല്യത്തിൽ വന്ന തീയതി മുതൽ (2016 നവംബർ 4) മൂന്ന് വർഷത്തിനു ശേഷം ഏത് സമയത്തും, ഒരു കക്ഷിക്ക് രേഖാമൂലമുള്ള അറിയിപ്പ് നൽകി ഈ കരാറിൽനിന്ന് പിന്മാറാം. പിൻവലിക്കൽ അറിയിപ്പ് ലഭിച്ച തീയതി മുതൽ ഒരു വർഷം കഴിയുമ്പോഴോ അല്ലെങ്കിൽ പിൻവലിക്കൽ അറിയിപ്പിൽ വ്യക്തമാക്കിയേക്കാവുന്ന പിന്നീടുള്ള തീയതിയിലോ അത്തരം ഏതൊരു പിൻവലിക്കലും പ്രാബല്യത്തിൽ വരും.
അതായത്, 2016 നവംബർ 4ന് ശേഷം മൂന്നു വർഷം കഴിഞ്ഞു മാത്രമേ യു.എസിന് പിന്മാറ്റ അറിയിപ്പ് നൽകാനാകുമായിരുന്നുള്ളൂ. നാലു വർഷത്തെ പിന്മാറ്റ പ്രക്രിയ യു.എസ് പാലിക്കുമെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. നിശ്ചിത മൂന്നു വർഷത്തിന് ശേഷം, 2019 നവംബർ 4ന്, പിന്മാറാനുള്ള ഉദ്ദേശ്യം അറിയിച്ചുകൊണ്ട് ഭരണകൂടം ഔദ്യോഗിക അറിയിപ്പ് നൽകി. അത് പ്രാബല്യത്തിൽ വരാൻ വീണ്ടും ഒരു വർഷം കാത്തിരുന്നു. 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുദിവസം കഴിഞ്ഞ്, 2020 നവംബർ 4ന് പിൻവാങ്ങൽ പ്രാബല്യത്തിൽ വന്നു.
2020ലെ തെരഞ്ഞെടുപ്പിനെത്തുടർന്ന്, പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ജോ ബൈഡൻ അധികാരമേറ്റ ആദ്യ ദിവസംതന്നെ പാരിസ് കരാറിൽ വീണ്ടും ചേരുമെന്ന് പ്രഖ്യാപിച്ചു. 2021 ജനുവരി 20ന്, പ്രസിഡന്റ് ബൈഡൻ അധികാരമേറ്റതിന് തൊട്ടുപിന്നാലെ, കരാറിൽ വീണ്ടും ചേരുന്നതിനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുെവച്ചു. പിൻവാങ്ങൽ പ്രാബല്യത്തിൽ വന്ന് 107 ദിവസങ്ങൾക്കുശേഷം, 2021 ഫെബ്രുവരി 19ന്, പാരിസ് കരാറിൽ അമേരിക്ക ഔദ്യോഗികമായി വീണ്ടും ചേർന്നു. ചുരുക്കത്തിൽ 107 ദിവസം മാത്രമാണ് യു.എസ് കരാറിൽനിന്ന് പുറത്തായിരുന്നത്! ഇതിന്റെ അർഥം, ആ വർഷങ്ങളിലെ കരാർ പ്രകാരമുള്ള പ്രതിബദ്ധതകൾ പാലിക്കാൻ അമേരിക്ക ബാധ്യസ്ഥരായിരുന്നു എന്നാണ്. ചുരുക്കത്തിൽ അന്നത്തെ ട്രംപിന്റെ പിന്മാറ്റം കൊണ്ട് കാര്യമായ കുഴപ്പമൊന്നുമുണ്ടായില്ല.
പാരിസ് ഉടമ്പടിയിൽനിന്ന് പിൻവാങ്ങൽ തീരുമാനത്തിൽ ഒപ്പിട്ട ശേഷം അമേരിക്കൻ പ്രസിഡന്റ് ട്രംപ്
പാരിസ് ഉടമ്പടിയിൽ വീണ്ടും ചേരുക മാത്രമല്ല, 2021 ഏപ്രിലിൽ, 2030 ആകുമ്പോഴേക്കും (2005ലെ നിലവാരത്തിൽനിന്ന്) കാർബൺ ഉത്സർജനം 50 മുതൽ 52 ശതമാനം വരെ കുറക്കുന്നതിനും 2050ഓടെ നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കാനും യു.എസ് NDC ലക്ഷ്യങ്ങൾ പുതുക്കിനൽകി. തുടർന്ന് 2024 ഡിസംബറിൽ, 2035 ആകുമ്പോഴേക്കും ഉത്സർജനം 61 മുതൽ 66 ശതമാനം വരെ കുറക്കാനുള്ള ലക്ഷ്യവുമായി NDC മൂന്നാമതും പുതുക്കി (NDC 3.0).
ഈ ധാരണകളൊക്കെ അട്ടിമറിച്ചടാണ് പാരിസ് കരാറിൽനിന്ന് അമേരിക്കയെ പിൻവലിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. കരാറിൽനിന്ന് ഔദ്യോഗികമായി പുറത്തുപോകാൻ യു.എസിന് പഴയപോലെ നാലു വർഷം കാത്തിരിക്കേണ്ട, ഇത്തവണ ഒരു വർഷം കാത്തിരുന്നാൽ മതിയാകും. ശുദ്ധമായ ഊർജം, ഇലക്ട്രിക് വാഹനങ്ങൾ, മറ്റ് ഊർജ ലക്ഷ്യങ്ങൾ എന്നിവക്കായുള്ള ബൈഡൻ ഭരണകൂടത്തിന്റെ ഫെഡറൽ സംഭരണ ലക്ഷ്യങ്ങളെ ട്രംപ് മരവിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാന ആശങ്കകളെത്തുടർന്ന് ബൈഡൻ താൽക്കാലികമായി നിർത്തിവെച്ച ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പദ്ധതികൾക്കുള്ള അവലോകനങ്ങൾ പുനരാരംഭിക്കാൻ ട്രംപ് നിർദേശിച്ചുകഴിഞ്ഞു. 2030ഓടെ യു.എസ് വാഹന വിൽപനയുടെ 50 ശതമാനം വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 2021ലെ ബൈഡന്റെ എക്സിക്യൂട്ടിവ് ഉത്തരവും ട്രംപ് റദ്ദാക്കി. ബൈഡൻ കാലഘട്ടത്തിലെ പല പരിസ്ഥിതി നിയന്ത്രണങ്ങളെയും മാറ്റിമറിക്കാൻ അദ്ദേഹം ഒരു ‘ദേശീയ ഊർജ അടിയന്തരാവസ്ഥ’ തന്നെ പ്രഖ്യാപിച്ചിരിക്കയാണ്!
ട്രംപിന്റെ പ്രചാരണത്തിനായി ഫോസിൽ ഇന്ധന വ്യവസായം 75 ദശലക്ഷം ഡോളർ സംഭാവന നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഫോസിൽ ഇന്ധന വികസനം പരിമിതപ്പെടുത്തുകയും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയുംചെയ്യുന്ന നിയന്ത്രണങ്ങൾ പൊളിച്ചുമാറ്റുക എന്നതാണ് ട്രംപിന്റെ ഊർജ നയങ്ങളുടെ ലക്ഷ്യം. ഈ സമീപനത്തിൽ ഫെഡറൽ ഭൂമികൾ ഡ്രില്ലിങ്ങിനായി വീണ്ടും തുറക്കുക, പുനരുപയോഗ ഊർജത്തിനുള്ള പ്രോത്സാഹനങ്ങൾ നിർത്തലാക്കുക എന്നിവ ഉൾപ്പെടുന്നു. ദീർഘകാല പാരിസ്ഥിതിക സുസ്ഥിരതയുടെ ചെലവിൽ സാമ്പത്തിക വളർച്ചയിൽ ഹ്രസ്വകാല ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ നയങ്ങൾ എന്ന് വിമർശകർ വാദിക്കുന്നു.
അമേരിക്ക പാരിസ് കരാറിൽനിന്ന് പിൻവലിയുമെങ്കിലും 1992ൽ രൂപവത്കൃതമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിം വർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC) എന്ന മാതൃ ചട്ടക്കൂട് കൺവെൻഷന്റെ ഭാഗമായി തുടരും. അതിനാൽ, യു.എസിന് ഇപ്പോഴും അതിന്റെ ഹരിതഗൃഹ വാതക ഇൻവെന്ററി റിപ്പോർട്ടുകൾ നൽകേണ്ടിവരും. അവർക്ക് വർഷംതോറും നടക്കുന്ന COPകളിലും സംബന്ധിക്കാം.
ട്രംപിന്റെ പിന്മാറ്റം ഉയർത്തുന്ന ആഗോള പ്രശ്നങ്ങൾ
പാരിസ് ഉടമ്പടി ബന്ധനാത്മകമല്ലെങ്കിലും അതിന്റെ പ്രതീകാത്മകവും പ്രായോഗികവുമായ പ്രാധാന്യം വളരെ വലുതാണ്. പുനരുപയോഗ ഊർജത്തിൽ ആഗോള നിക്ഷേപങ്ങൾ നടത്തുന്നതിനും, സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിനും ഇതുപകരിച്ചു. ഫോസിലിതര ഊർജ സ്രോതസ്സുകളായ സൗരോർജം, കാറ്റ്, ഗ്രീൻ ഹൈഡ്രജൻ, തിരമാല എന്നിവയുടെ ഉപയോഗവും സാങ്കേതിക വിദ്യയും ഗണ്യമായി വളർന്നു.
പെട്രോളിയം, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ശുദ്ധമായ ഊർജ നിക്ഷേപങ്ങൾ ഇരട്ടിയായി. 2023ൽ ദുബൈയിൽ നടന്ന COP 28 ചർച്ചകളിൽ ‘ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള പരിവർത്തനം’ (transition away) എന്ന തീരുമാനമുണ്ടായത് ഇതിന്റെ കൂടെ വെളിച്ചത്തിലാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ‘ഘട്ടംഘട്ടമായി നിർത്തണം’ (phase out) എന്ന വാക്കായിരുന്നു വേണ്ടിയിരുന്നത് എന്ന് വാദിച്ച രാജ്യങ്ങളും ഉണ്ടായിരുന്നു. അന്ന് ഈ വാദത്തെ യു.എസും യൂറോപ്യൻ യൂനിയനുമുൾപ്പെടെയുള്ള പാശ്ചാത്യ മഹാശക്തികളെല്ലാം പിന്തുണച്ചുവെന്നത് മറന്നുകൂടാ.
സാധാരണ, അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാലും നയങ്ങൾക്കും നിലപാടുകൾക്കും കാര്യമായ മാറ്റമുണ്ടാകാറില്ല. പക്ഷേ ട്രംപ് അതു ചെയ്തു! അമേരിക്കയുടെ 47ാമത് പ്രസിഡന്റായി അധികാരമേറ്റെടുത്ത ഡോണൾഡ് ട്രംപ് തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളിലൊന്നായ ‘‘ഡ്രിൽ, ബേബി, ഡ്രിൽ’’ ആവർത്തിച്ചു. യു.എസിൽ കൂടുതൽ എണ്ണ, വാതക ഉൽപാദനത്തിനും ഉപഭോഗത്തിനുംവേണ്ടി മുന്നോട്ട് പോകുമെന്ന വാശിയിലാണ്!
ലോകം കണ്ടതിൽ ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു 2024 എന്ന ലോക കാലാവസ്ഥാ സംഘടനയുടെ (WMO) സ്ഥിരീകരണം ശ്രദ്ധിക്കുക. WMOയുടെ വിശകലനം അനുസരിച്ച്, ആഗോള ശരാശരി ഉപരിതല താപനില 1850-1900 ശരാശരിയേക്കാൾ 1.55 ഡിഗ്രി സെൽഷ്യസിനു മുകളിൽ ആയിരുന്നു. ഇതിനർഥം, 1850-1900ലെ ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ആഗോള ശരാശരി താപനിലയുള്ള ആദ്യ കലണ്ടർ വർഷം നമ്മൾ അനുഭവിച്ചിരിക്കുന്നു എന്നാണ് (ഇപ്പോൾ ദീർഘകാല ശരാശരി വർധന 1.3 ഡിഗ്രി സെൽഷ്യസ്). അതുപോലെ തന്നെ, അമേരിക്കയിലെ ലോസ് ആഞ്ജലസിൽ അടുത്തിടെയുണ്ടായ (2025 ജനുവരി 7 മുതൽ) കാട്ടുതീയുടെ കാരണം കാലാവസ്ഥയിൽ വന്ന മാറ്റംതന്നെയാണ് എന്നാണ് ശാസ്ത്രമതം. കാട്ടുതീ, വരൾച്ച, നിരന്തരമായ ചൂട്, മിന്നൽ കൊടുങ്കാറ്റുകൾ എന്നിവയെല്ലാം ചൂട് വർധിച്ചുവരുന്ന ലോകത്ത് വഷളാകുകയും നിയന്ത്രണാതീതമായ ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പണ്ടേ സ്ഥിരീകരിക്കപ്പെട്ടതാണ്.
ലോസ് ആഞ്ജലസ് കാട്ടുതീ ദുരന്തം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്ന് ട്രംപ് സ്ഥിരീകരിച്ചതെന്നതാണ് വൈരുധ്യം. തീവ്രമായ ചുഴലിക്കാറ്റ്, വരൾച്ച, താരതമ്യേന ഉയർന്ന താപനില എന്നിവയുൾപ്പെടെയുള്ള അഭൂതപൂർവമായ സങ്കീർണ കാലാവസ്ഥാ സാഹചര്യങ്ങളുമായി തീപിടിത്തങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ വിവരിച്ചിട്ടുണ്ട്. ലോസ് ആഞ്ജലസിൽ തീപിടിത്തം കുറഞ്ഞത് 27 മരണങ്ങൾക്കും 250 ശതകോടി ഡോളറിന്റെ നാശനഷ്ടങ്ങൾക്കും കാരണമായി. പക്ഷേ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും രാഷ്ട്രീയവിഭജനം സൃഷ്ടിക്കാനുമാണ് ട്രംപ് ഈ ദുരന്തത്തെ ഉപയോഗിച്ചത്.
2009ലെ കോപ്പൻഹേഗൻ COPയുടെ സാമ്പത്തിക പ്രതിബദ്ധതകളെ അടിസ്ഥാനമാക്കിയാണ് പാരിസ് കരാർ രൂപംകൊണ്ടിട്ടുള്ളത്. വികസ്വര രാജ്യങ്ങളെയും കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിന് വികസിത രാജ്യങ്ങൾ 2020ഓടെ, പ്രതിവർഷം 100 ശതകോടി ഡോളർ സമാഹരിച്ച് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നതാണ്. പക്ഷേ, ഈ 100 ശതകോടി ഡോളർ എന്ന ലക്ഷ്യത്തിലേക്കെത്തുന്നത് 2022ൽ മാത്രമാണ്. അതുപോലെതന്നെ, 2025ന് മുമ്പ്, ‘‘വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് പ്രതിവർഷം 100 ശതകോടി ഡോളർ എന്ന നിലയിൽനിന്ന് ഒരു പുതിയ കൂട്ടായ അളവ് ലക്ഷ്യം (New Collective Quantified Goal on Climate Finance, NCQG) സ്ഥാപിക്കും’’ എന്നും തീരുമാനിച്ചിരുന്നു. ഈ പിന്തുണ ദരിദ്ര രാഷ്ട്രങ്ങളുടെ കാലാവസ്ഥാ ലഘൂകരണ നടപടികളിലും (mitigation) പൊരുത്തപ്പെടൽ ശ്രമങ്ങളിലും (adaptation) അവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ പുതിയതായി അമേരിക്കയിൽ ഉയരുന്ന പ്രതിഷേധങ്ങളിൽ ഒന്ന്
അസർബൈജാനിലെ ബകുവിൽ 2024 നവംബർ 11 മുതൽ 23 വരെ നടന്ന COP 29ൽ, മാരത്തൺ ചർച്ചകൾക്കൊടുവിൽ, വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം 2035ഓടെ പ്രതിവർഷം 300 ശതകോടി ഡോളറായി ഉയർത്തുന്ന ഒരു സുപ്രധാന തീരുമാനത്തിൽ എത്തിച്ചേരുകയുണ്ടായി. ധനസഹായം 2035ഓടെ പൊതു-സ്വകാര്യ സ്രോതസ്സുകളിൽനിന്ന് പ്രതിവർഷം 1.3 ട്രില്യൺ (1,30,000 കോടി) ഡോളറായി വർധിപ്പിക്കുന്നതിനുവേണ്ടി ഒരുമിച്ച് പ്രവർത്തിക്കും എന്നും പറഞ്ഞിട്ടുണ്ട്. മുൻപറഞ്ഞ NCQGയിൽ എത്രയാണ് ധനസഹായം (ഗ്രാന്റ്), എത്രയാണ് വായ്പ എന്നീ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. അത്തരം കാര്യങ്ങൾ അടുത്ത വർഷം ബ്രസീലിലെ ബെലെം, എന്ന സ്ഥലത്ത് നടക്കാൻ പോകുന്ന COP 30ൽ വെച്ചു തീരുമാനിക്കും. ഇതിന്റെ ഭാവിയും തുലാസിലാണ്. അമേരിക്ക പിന്മാറിയാൽ മറ്റ് വികസിത രാഷ്ട്രങ്ങൾ ആ ബാധ്യത ഏറ്റെടുക്കുമോ എന്ന് കണ്ടുതന്നെ അറിയണം.
വികസ്വര രാജ്യങ്ങളെ കാലാവസ്ഥാ ലഘൂകരണം, പൊരുത്തപ്പെടൽ എന്നിവയിൽ സഹായിക്കുന്നതിന് 2024ൽ യു.എസ് ഏകദേശം 1100 കോടി ഡോളർ നൽകി. സമുദ്രനിരപ്പ് ഉയരൽ, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ, മറ്റ് കാലാവസ്ഥാ പ്രത്യാഘാതങ്ങൾ എന്നിവക്കെതിരായ പോരാട്ടത്തിൽ ദുർബല രാജ്യങ്ങളെ പിന്തുണക്കുന്നതിന് ഈ ഫണ്ടുകൾ നിർണായകമായിരുന്നു. മുൻ ബൈഡൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയുടെ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 300 കോടി ഡോളർ നൽകുന്നതിന് കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ പണം യു.എൻ ഫണ്ടിന് ലഭിച്ചിട്ടില്ല. ട്രംപിന്റെ കീഴിൽ ഇത് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. UNFCCC സെക്രട്ടേറിയറ്റിന്റെ ബജറ്റിന്റെ ഏകദേശം 22 ശതമാനം യു.എസ് ആണ് നൽകുന്നത്. 2024-2025 വർഷത്തേക്ക് പ്രവർത്തന ചെലവ് 96.5 ദശലക്ഷം ഡോളർ എന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ മറ്റൊരു പ്രതിഷേധം
പാരിസ് ഉടമ്പടിയിലെ കക്ഷികളായ രാജ്യങ്ങൾക്ക് NDC പ്രക്രിയ നിർബന്ധമാണെങ്കിലും, ഒരു കക്ഷി അവരുടെ NDC പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ ചുമത്താനുള്ള വകുപ്പൊന്നുമില്ല. രാജ്യങ്ങൾക്ക് അവരുടെ NDCകൾ നിർണയിക്കാൻ പൂർണ വിവേചനാധികാരമുണ്ട്. 2035ൽ 2005ലെ നിലവാരത്തേക്കാൾ മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനം 61-66 ശതമാനം കുറക്കുക എന്ന ലക്ഷ്യം യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ NDCയുടെ ഭാഗമായി നിശ്ചയിച്ചിരുന്നു. മറ്റു ഘടകങ്ങൾക്കൊപ്പം ഇതൊക്കെ ജലരേഖയായി മാറുമോ?
ആഗോളതലത്തിൽ, ട്രംപിന്റെ തീരുമാനം മറ്റു രാജ്യങ്ങളെ അവരുടെ കാലാവസ്ഥാ അഭിലാഷങ്ങൾ കുറക്കാൻ ധൈര്യപ്പെടുത്തിയേക്കും. മാത്രമല്ല, വമ്പന്മാർ ഉത്തരവാദിത്തരഹിതമായി പെരുമാറുമ്പോൾ, വികസ്വര, ദരിദ്രരാജ്യങ്ങൾ പരിമിതമായ സ്വന്തം ധനശേഷി ലഘൂകരണത്തിന് (mitigation) പകരം പൊരുത്തപ്പെടലിന് (adaptation) മാറ്റിവെക്കുന്നതാണു ബുദ്ധി എന്ന് തീരുമാനിച്ചാൽ കുറ്റം പറയാൻ കഴിയില്ല. പ്രാദേശികമായി ശരിയാക്കാൻ പറ്റുന്ന കാര്യമല്ലല്ലോ എമിഷനും താപനവുമൊക്കെ! അതുപോലെ തന്നെ, ഫോസിൽ ഇന്ധനങ്ങളെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങൾ പുനരുപയോഗ ഊർജത്തിലേക്കുള്ള പരിവർത്തനങ്ങൾ വൈകിപ്പിക്കുന്നതിനുള്ള ന്യായീകരണമായി യു.എസ് പിന്മാറ്റത്തെ കാണാൻ സാധ്യതയുണ്ട്. കൂടാതെ, യു.എസ് നേതൃത്വത്തിന്റെ അഭാവം അന്താരാഷ്ട്ര കാലാവസ്ഥാ ചർച്ചകളിലെ വിശ്വാസത്തെയും സഹകരണത്തെയും ദുർബലപ്പെടുത്തുകയും കൂട്ടായ പ്രവർത്തനം കൈവരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയുംചെയ്യും.
സ്വന്തം രാജ്യത്തെ അനുഭവങ്ങൾ ഉണ്ടായിട്ടുകൂടി ട്രംപിനെ പോലുള്ള ശാസ്ത്രനിരാസകർ പാഠങ്ങൾ പഠിക്കുന്നില്ല എന്നതാണ് ലോകത്തിന്റെ ദുര്യോഗം. ലോസ് ആഞ്ജലസ് ദുരന്തമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഭവിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളൊന്നും നിലപാടുകളിൽ മാറ്റംവരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ മഹാദുരന്തങ്ങളാകും ലോകം ഏറ്റുവാങ്ങുക. കാലാവസ്ഥാ മാറ്റമെന്നത് യാഥാർഥ്യമാണെന്നും, പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുന്നത് അമേരിക്കൻ ജനങ്ങളെ കാലാവസ്ഥാ ആഘാതങ്ങളിൽനിന്ന് സംരക്ഷിക്കില്ല എന്നും പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മനസ്സിലാക്കിയാൽ മാത്രമേ പാരിസ് ഉടമ്പടിയും ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളും വിജയിക്കൂ.
================