മഴയോർമകളിൽ മുങ്ങി നിവർന്നിരുന്ന മലയാളി മഴയെ പേടിച്ചു തുടങ്ങിയിരിക്കുന്നു..
അശാസ്ത്രീയമായ വികസനനയങ്ങളുടെ അനിവാര്യ ദുരന്തങ്ങളെന്ന നിലയിലാണോ ഉരുൾപൊട്ടലുകളും മണ്ണൊലിപ്പും പ്രളയവും കേരളത്തിൽ തുടർക്കഥയാകുന്നത്? എന്താണ് ഇതിന് പ്രതിവിധി?
മഴ മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വം ഉളവാക്കുന്ന ഒന്നായിരുന്നു. മഴയെ സംബന്ധിച്ച് പലർക്കും പല വിധത്തിലുള്ള ഓർമകളായിരിക്കും. ഇടവപ്പാതിയിൽ സ്കൂളിലേക്ക് പോകുമ്പോൾ മഴയിൽ നനഞ്ഞ ഓർമകൾ കുട്ടിക്കാലത്തുണ്ടായിരിക്കും. എന്നാൽ സമീപകാലത്ത് മഴയെ കേരളീയർ പേടിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. നമ്മുടെ പ്രിയപ്പെട്ട ഒരാൾ നമ്മെ പീഡിപ്പിക്കുന്നതുപോലെ മഴയും എന്ന നിലയിലേക്ക് നമ്മുടെ ചിന്ത മാറിയിരിക്കുന്നു. 38,863 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശമായ കേരളംപോലുള്ള പ്രദേശത്ത് ഏതാണ്ട് 1200 മീറ്റർ ഉയരെ നിൽക്കുന്ന ഇടുക്കിയും സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാടും തമ്മിലുള്ള ദൂരം 130 കിലോമീറ്റർ ആണ്. അതായത് ചെങ്കുത്തായ ചരിവുള്ള ഒരു പ്രദേശമാണ് നമ്മുടേത്. ഇവിടത്തെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും സമുദ്രത്തിൽനിന്ന് ഉയർന്നുവന്നതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ 44 നദികൾ ഉണ്ടായതുകൊണ്ടാണ് കേരളം മനുഷ്യവാസയോഗ്യമായ ഒരു പ്രദേശമായി മാറിയത്. കേരളത്തിെൻറ ഭൂപ്രകൃതി സ്വാഭാവികമായ ഒരു വാട്ടർ മാനേജ്മെൻറ് സംവിധാനം അഥവാ ഫലപ്രദമായ ഒരു ഡ്രെയിനേജ് സിസ്റ്റം സാധ്യമാക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ ആഗോളതാപനഫലമായി നിരപ്പ് ഉയരുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സമുദ്രങ്ങളിലെ താപനില ഉയരുന്നതോടെ ഐസ് ഉരുകുകയും ജലത്തിെൻറ അളവ് കൂടുകയും ചെയ്യുന്നു. കൂടാതെ ജലത്തിെൻറ ചൂട് കൂടുന്നത് ജലം വികസിക്കുന്നതിന് ഇടയാക്കുകയും ജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നു. അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം കടലിലെ പ്ലാസ്റ്റിക്കിെൻറ അളവ് ഉയർത്തുകയും ഇത് കടൽജലത്തിെൻറ താപനില വർധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. 2018ൽ സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സി.എം.എഫ്.ഐ) നടത്തിയ പഠനത്തിൽ 2050 ഓടുകൂടി പ്രധാനപ്പെട്ട സമുദ്രങ്ങളിലെല്ലാം മത്സ്യസമ്പത്തിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക് നിക്ഷേപം ഉണ്ടാകുമെന്ന പഠനം പുറത്തുവന്നിട്ടുണ്ട്. 2020ലെ സമുദ്ര ജലനിരപ്പ് ഉയർന്നത് നൂറ്റാണ്ടിലെ തന്നെ സർവകാല റെക്കോഡാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് 1.4 മില്ലിമീറ്റർ ആയിരുന്നുവെങ്കിൽ 2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ഇത് 3.6 മില്ലിമീറ്റർ ആയി വർധിച്ചിരിക്കുകയാണ്. അതായത് കടൽജലത്തിെൻറ വർധന നൂറ്റാണ്ടുകളായുള്ള പ്രതിഭാസം ആണെങ്കിലും അത് കഴിഞ്ഞ പത്തുവർഷംകൊണ്ട് എത്രത്തോളം ത്വരിതപ്പെട്ടുവെന്ന് ഇതിലൂടെ വ്യക്തമാണ്.
2017ൽ ആൽഫ്രഡ് വീഗിനാർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ പറയുന്നത് ലോകത്തിൽ ഏറ്റവും മാലിന്യപൂരിതമായ കടൽ മുംബൈ, കേരള, അന്തമാൻ-നികോബാർ ദ്വീപുകളോട് ചേർന്ന കടലാണ് എന്നതാണ്. സ്വാഭാവികമായും ഇത് വിരൽചൂണ്ടുന്നത് അറേബ്യൻ മേഖലയിലെ ചൂട് വീണ്ടും വർധിക്കും എന്നതിലേക്കാണ്. ഭൂമിയുടെ ചൂടിെൻറ 90 ശതമാനം ആഗിരണം ചെയ്യുന്നത് സമുദ്രമാണെന്നിരിക്കേ ഇത് നമ്മുടെ കരയെ ഏത് രീതിയിൽ ബാധിക്കുന്നു എന്ന് തിരിച്ചറിയാൻ സമുദ്രവും അതിൽ ഉണ്ടാകുന്ന വ്യതിയാനവും എത്രത്തോളം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഫോസിൽ ഇന്ധനങ്ങളുടെ ജലത്തിൽ ഉണ്ടായ വർധനവും അതുവഴി പുറത്തുവരുന്ന ഗ്രീൻഹൗസ് വാതകങ്ങളുടെ സാന്നിധ്യവും സമുദ്രജലത്തിെൻറ താപം വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്നത്. 2013ൽ പുറത്തുവന്ന ഇൻറർ ഗവൺമെൻറൽ പാനൽ ഓഫ് ക്ലൈമറ്റ് ചേഞ്ച് 5th അസസ്മെൻറ് റിപ്പോർട്ട് പ്രകാരം 1970ന് ശേഷം ഉണ്ടായ ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ വഴി കടൽ 93 ശതമാനം അധിക താപം ആഗിരണം ചെയ്തുവെന്ന് വെളിപ്പെടുത്തുന്നു. താപവർധന ഉണ്ടാകുമ്പോൾ ജലത്തിൽ ലയിച്ചിട്ടുള്ള ഓക്സിജെൻറ അളവ് കുറയുന്നതിനും ജലനിരപ്പ് ഉയരുന്നതിനും നേരത്തേ പരാമർശിച്ച സമുദ്രജല താപം ഉയരാനുള്ള സാഹചര്യങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സ്വാഭാവികമായും ഇത് സമുദ്രജലത്തിലെ പി.എച്ച് മൂല്യം ഏഴിൽനിന്ന് താഴോട്ടു പോകുന്നതിനും കടലിലെ മത്സ്യസമ്പത്തിനെയും കടലിലെ ജൈവവ്യവസ്ഥയെയും ബാധിക്കുന്നതിനും ഇടയാക്കുന്നു.
അറബിക്കടലിലെ ജലത്തിെൻറ തോത് വർധിക്കുന്നത് സ്വാഭാവികമായും അതിതീവ്ര മഴയും പ്രളയവും ഉണ്ടാകുമ്പോൾ നദികളിലെ തന്നെ അധികജലം വാർന്നുപോകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ഇങ്ങനെയുണ്ടാകുന്ന ന്യൂനമർദം അതിതീവ്ര മഴക്കുള്ള സാധ്യത കൂട്ടുന്നു. ഇവയുടെ ഭാഗമായിത്തന്നെ നമുക്ക് പരിചിതമല്ലാത്ത പല പ്രശ്നങ്ങൾക്കും അതുവഴി ഉരുൾപൊട്ടൽപോലെയുള്ള ദുരന്തങ്ങൾക്കും ഇടവരുത്തുന്നു.
ബംഗാൾ ഉൾക്കടലിലെ താപനില 28 ഡിഗ്രിയായിരുന്നപ്പോൾ താരതമ്യേന ശാന്തമായ കടലായി ശാസ്ത്രസമൂഹം രേഖപ്പെടുത്തിയ അറബിക്കടലിലെ താപനില ഇതിനേക്കാൾ ഒന്നോ രണ്ടോ സെൽഷ്യസ് താഴെയായിരുന്നു. എന്നാൽ കഴിഞ്ഞ 40 വർഷമായി അറബിക്കടലിലെ താപനില 1.2 ഡിഗ്രി സെൽഷ്യസ് മുതൽ 1.4 ഡിഗ്രി c വരെ വർധിച്ചിരിക്കുകയാണ്. നിലവിൽ ഗോവൻ തീരത്തിന് സമീപമുള്ള ഭാഗങ്ങളിൽ താപനില 30 ഡിഗ്രി c മുതൽ 31 ഡിഗ്രി c വരെയാണ്.
സമുദ്രജലത്തിലെ താപനിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ചുഴലിക്കാറ്റ്, സൈക്ലോൺ, എൽനിനോ, ലാനിനോ തുടങ്ങിയ പ്രതിഭാസങ്ങളിലേക്ക് നയിക്കുന്നു. നിർഭാഗ്യവശാൽ ഇത്തരം അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവയെപ്പറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ തയാറാവുന്നില്ല.
നിലവിൽ കേരളത്തിൽ ലാൻഡ് വേഴ്സസ് ഓണർഷിപ് എന്നുള്ള രീതിയിൽ മാത്രമാണ് ഭൂപരിഷ്കരണം നടത്തിയിട്ടുള്ളത്. യഥാർഥത്തിൽ ഒരാൾക്ക് എത്ര പുരയിടം ആകാം, എത്ര നെൽവയൽ ആകാം, എത്ര തോട്ടമാകാം എന്ന ചോദ്യമാണ് ഉയരേണ്ടത്. ഭൂമിയുടെ അടിസ്ഥാന സ്വഭാവം മാറ്റുംവിധമുള്ള ഭൂവിനിയോഗം അനുവദിക്കുക എന്നത് തികച്ചും അശാസ്ത്രീയമാണ്. കേരളത്തിലെ ജനങ്ങൾക്ക് അധിവസിക്കാനുള്ള സൗകര്യവും അതുപോലെ വ്യവസായിക ആവശ്യങ്ങൾക്കുള്ള സൗകര്യവും പുരയിടങ്ങളിൽതന്നെ ഉണ്ടാവണം. കൃഷിഭൂമി കൃഷിചെയ്യുന്നവർക്ക് കിട്ടത്തക്കവിധം ക്രമീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കൃഷിചെയ്യാതെ കൃഷിഭൂമി തരിശിടുന്നവർക്ക് ഭാരിച്ച നികുതി ചുമത്തുകയും വേണം. അതുകൊണ്ടുതന്നെ ലാൻഡ് വേഴ്സസ് ഓണർഷിപ് എന്ന പരമ്പരാഗത നിലപാടുമാറ്റി ഭൂമിയുടെ തരത്തിനനുസരിച്ച് ലാൻഡ് വേഴ്സസ് ക്യാരക്ടർ എന്നുള്ള രീതിയിൽ ഒരു ഭൂപരിഷ്കരണം നമുക്ക് ഉണ്ടായേ മതിയാകൂ.
130 കിലോമീറ്റർ ദൂരത്തിൽ ചെങ്കുത്തായ ഭൂപ്രകൃതിയോടുകൂടിയ ഒരു സംസ്ഥാനം എന്നുള്ള രീതിയിലും കടലിൽനിന്ന് ഉയർന്നുവന്ന പ്രദേശം എന്ന നിലയിലും ഇതിെൻറ വിനിയോഗം വളരെ പ്രധാനപ്പെട്ടതാണ്. മറിച്ചാവുകയാണെങ്കിൽ ഇനിയുമേറെ ദുരന്തങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇവിടെയാണ് 'സിൽവർ ലൈൻ' പോലുള്ള പ്രോജക്ടുകൾ നടപ്പിലാക്കുന്നതിലെ അപകടം നാം തിരിച്ചറിയേണ്ടത്. സത്യത്തിൽ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തുക എന്ന ഉദ്ദേശ്യം ആണ് ഈ പദ്ധതിക്കുള്ളതെങ്കിൽ 'Better to be late than being the late' എന്ന വേഗതയെ സംബന്ധിച്ച ഗവൺമെൻറിെൻറ തന്നെ പരസ്യവാചകം ഒന്നോർക്കുന്നത് നല്ലതാണ് എന്നാണ് എെൻറ പക്ഷം. തീർച്ചയായും ആൾക്കാരെ കൊന്നുകൊണ്ടുള്ള സ്പീഡ് നമുക്ക് വേണ്ട എന്ന് തീരുമാനിക്കേണ്ട സമയംതന്നെയാണിത്. ജലക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആൾക്കാർ ഒഴിഞ്ഞുപോകുന്നതിനു മുന്നേ തന്നെ കെ. റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ കാണാൻ പോയി എന്നതിലൂടെ വെളിപ്പെടുന്നത് ഈ ഗവൺമെൻറിെൻറ വികലമായ വികസന കാഴ്ചപ്പാട് തന്നെയാണ്.
കേരള മാനേജ്മെൻറ് അക്ഷരാർഥത്തിൽ വാട്ടർ മാനേജ്മെൻറ് ആണെന്നിരിക്കെ നദികളെ പട്ടിണിക്കിടേണ്ടതുണ്ടോ എന്നത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. 44 നദികളിൽ 81 ഡാമുകൾ കെട്ടിനിർത്തുകയും വേനൽക്കാലത്ത് പെയ്യുന്ന മഴ മുഴുവൻ പിടിച്ചുവെക്കുകയും മഴക്കാലത്ത് മഴ തുറന്നുവിടുകയും വില നിശ്ചയിച്ച് നഷ്ടക്കണക്ക് പ്രഖ്യാപിക്കുകയും ആണ് ഇവിടെ. അപ്പോൾ മഴയുടെ ഉടമകൾ ആര് എന്ന ചോദ്യം പ്രസക്തമാവുകയാണ്. വെള്ളത്തിെൻറയും പാറയുടെയും അതുപോലെ മറ്റു പ്രകൃതിവിഭവങ്ങളുടെയുമൊക്കെ മുൻഗണന ആർക്കാണ് എന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ഇവിടത്തെ പ്രകൃതിവിഭവങ്ങൾ ഇവിടത്തെ ജനങ്ങൾക്കും അവരുടെ പാർപ്പിടാവശ്യങ്ങൾക്കും ഒക്കെയാണ് വിനിയോഗിക്കേണ്ടത്. നിർഭാഗ്യവശാൽ കടലിൽ കല്ലിടാനും അദാനിയുടെ പദ്ധതിക്കും മറ്റുമുപയോഗിച്ച ശേഷമുള്ള മുൻഗണന മാത്രമേ മറ്റുള്ളവർക്ക് ലഭിക്കുന്നുള്ളൂ. പ്രകൃതിവിഭവങ്ങളുടെ കാര്യത്തിലെന്നപോലെതന്നെ നദികളുടെ കാര്യത്തിലും. അവയിലൂടെ ജലം ഒഴുകുകയാണ്. അതിനുള്ള അവകാശം അനുവദിച്ചു നൽകിയേ പറ്റൂ. നദിയിലൂടെ ജലം ഒഴുകുക എന്നത് കാർഷികാവശ്യങ്ങൾക്കും കുടിവെള്ളാവശ്യങ്ങൾക്കും നമ്മുടെ സംസ്കാരത്തിെൻറ വീണ്ടെടുപ്പിനുതന്നെയും അനിവാര്യമാണ്.
ജലവൈദ്യുതി പദ്ധതിയിൽ പലപ്പോഴും 2400 അടി വെള്ളം പിടിച്ചുവെക്കുന്നത് അതിെൻറ ഉയരം നിലനിർത്താൻ വേണ്ടി മാത്രമാണ്. യഥാർഥത്തിൽ ചക്രം കറക്കാൻ വേണ്ടി ഉപയോഗിക്കുന്ന ജലത്തിെൻറ അളവ് ഇതിെൻറ നൂറിൽ ഒരംശംപോലും വരുന്നില്ല. ഉയരെ നിന്ന് വെള്ളം വീഴുന്നതിന് പഴയതുപോലെ ഇത്രയും ജലം പിടിച്ചുവെക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തായാലും നദിയെ പട്ടിണിക്കിടുന്നത് നാടിനെ പട്ടിണിക്കിടുന്നതിന് തുല്യമാണ്.
മറ്റൊരു പ്രധാന കാര്യം, ഇപ്പോൾ ഉണ്ടാകുന്നതുപോലെയുള്ള പ്രളയമോ അതിതീവ്രമഴയോ ഉണ്ടാകുമ്പോൾ അതിനെ നേരിടാനുള്ള തയാറെടുപ്പ് എത്രത്തോളം നടക്കുന്നു എന്നതാണ്. തീവ്രമഴ പലയിടങ്ങളിലും പെയ്യുമ്പോഴോ ചുവന്ന മഴ ഉണ്ടാകുമ്പോഴോ കിണർ ഇടിഞ്ഞുതാഴുമ്പോഴോ നാം ഇതിനോട് വേണ്ടരീതിയിൽ പ്രതികരിക്കുന്നില്ല. പെട്ടിമുടി ദുരന്തത്തെ തുടർന്ന് 'നാസ'യുടെ വർഷപാതത്തിെൻറ ഡാറ്റ അപഗ്രഥിച്ചപ്പോൾ അവിടെ ദുരന്തമുണ്ടായ വർഷത്തെക്കാൾ അതിതീവ്രമഴ അതിനു തൊട്ടുമുൻപുള്ള വർഷം ലഭിച്ചിരുന്നതായി കണ്ടെത്തുകയുണ്ടായി. എന്നാൽ ആദ്യവർഷം വലിയ ദുരന്തം ഉണ്ടായില്ലെങ്കിലും മഴ അത്രത്തോളം ശക്തമല്ലായിരുന്നിട്ടുകൂടി തൊട്ടടുത്ത വർഷം ദുരന്തം ഉണ്ടാവുകയായിരുന്നു. അതായത് തീവ്രമഴ ഉണ്ടാകുമ്പോൾതന്നെ ഇത്തരം പ്രത്യാഘാതങ്ങൾ സംഭവിക്കണമെന്നില്ല. ഒരുവർഷം തീവ്രമായ മഴ ചെങ്കുത്തായ ഒരു പ്രദേശത്ത് ലഭിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ അവിടെ അത് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് പരിശോധിച്ചാൽ ഒരുപക്ഷേ ഇത്തരം ദുരന്തങ്ങളും നാശങ്ങളും ഉണ്ടാകുന്നത് നമുക്ക് തടയാൻ സാധിച്ചേനെ.
ഫ്ലഡ് ഫോർകാസ്റ്റിങ് എത്രത്തോളം അത്യാവശ്യമാണ് എന്നതാണ് ഇനി പരിശോധിക്കേണ്ട കാര്യം. സെൻട്രൽ വാട്ടർ കമീഷെൻറ (C.W.C) ഉത്തരവാദിത്തത്തിൻകീഴിൽ വരുന്ന ഫോർകാസ്റ്റിങ്ങിനായി ഇപ്പോഴും കേരളത്തിൽ ഒരൊറ്റ സെൻറർപോലും ഇല്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. 2018ൽ ഇത്രയധികം പ്രളയം ഉണ്ടായിക്കഴിഞ്ഞശേഷവും ഒന്നുപോലും സ്ഥാപിക്കാൻ സിവക് തയാറായില്ല എന്നത് അവിശ്വസനീയമാണ്. 2018 ആയാലും ഇപ്പോൾ ആയാലും ഡാം തുറന്നുവിട്ട കെ.എസ്.ഇ.ബിക്കും ഫ്ലഡ് ഫോർകാസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ C.W.Cക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. അതേസമയം ദുരന്തകാരണം C.M.D (സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ്) മഴ ഫോർകാസ്റ്റ് ചെയ്യാത്തതുകൊണ്ടാണ് സംഭവിച്ചതെന്ന് പറയുമ്പോഴും അതിനാവശ്യമായ നടപടികൾ കൈക്കൊണ്ടില്ല എന്നതാണ് വസ്തുത. അറബിക്കടലിൽ ബംഗാൾ ഉൾക്കടലിനേക്കാൾ താപനില വർധിച്ചതും അറബിക്കടൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം കൂടുതൽ പ്രക്ഷുബ്ധമായതും കണക്കിലെടുത്തുകൊണ്ട് അറബിക്കടലിൽ കൂടുതൽ മാപിനികൾ, റഡാറുകൾ സ്ഥാപിക്കേണ്ടതായിരുന്നു; പക്ഷേ അത് ചെയ്തില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന തീവ്രമായ മാറ്റങ്ങൾ കാണാതെ പഴയ ചരിത്രംെവച്ചുകൊണ്ടാണ് ഇപ്പോഴും പെരുമാറുന്നത്. C.M.D കാട്ടുന്ന നിസ്സംഗതക്ക് സമാനമായ നിലപാടാണ് കേരളത്തോടും കേരളത്തിലെ ജനങ്ങളോടും അറബിക്കടലിനോടും വർധിച്ചുവരുന്ന പ്രളയങ്ങളോടുമെല്ലാം C.W.C കാണിക്കുന്നത്. ഇതിനോടൊന്നുംതന്നെ കേരള ഗവൺമെൻറ് പ്രതികരിച്ചുകാണുന്നില്ല.
ഡാമിെൻറ ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ടതാണ് മറ്റൊരു കാര്യം. 2018ലെ പ്രളയത്തെക്കുറിച്ച് പഠിച്ച സി.ഡബ്ല്യു.സി റിപ്പോർട്ടിൽ അവരുടെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോൾതന്നെ ഇനിയങ്ങോട്ട് എന്ത് ചെയ്യണം എന്നതിനെ കുറിച്ച് പറയുന്നിടത്ത് വളരെ പ്രസക്തമായ ചില കാര്യങ്ങളുണ്ട്. ഒന്നാമതായി ഡാം തുറന്നുവിടുന്നതിനുമുമ്പായി അലർട്ട് ചെയ്യുക, രണ്ടാമതായി ഫ്ലഡ് മാപ്പ് ചെയ്യുക, മൂന്നാമതായി ഡാമുകളുടെ ഡ്രയിനിങ് കപ്പാസിറ്റി ഉറപ്പുവരുത്തുക. നിലവിൽ നദിയിലുള്ള ജലത്തിെൻറ അളവ് മനസ്സിലാക്കിയേ ഡാം തുറന്നു വിടാവൂ. ഇതിന് കെ.എസ്.ഇ.ബിക്ക് പ്രാപ്തി ഇല്ല. അതുകൊണ്ട് കെ.എസ്.ഇ.ബിയെ ഡാമുകളുടെ ഉടമസ്ഥാവകാശത്തിൽനിന്നും മാറ്റി കൂടുതൽ ഉത്തരവാദിത്തമുള്ള ഡാം സേഫ്റ്റി അതോറിറ്റിപോലുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കേണ്ടതാണ്. ഇത് 2018ൽ പെരിയാറിനെ മുൻനിർത്തി C.W.C ചൂണ്ടിക്കാണിച്ചതാണ്.
വളരെ സുപ്രധാനമായ മറ്റൊരു കാര്യം Inundation Map (ഫ്ലഡ് മാപ്) തയാറാക്കുകയാണ്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നത് നമ്മുടെ നിയന്ത്രണത്തിലുള്ളതല്ലാത്ത മഴ തുടങ്ങിയ കാരണങ്ങൾകൊണ്ടാണെന്ന് നമുക്കറിയാം. എന്നാൽ അതിതീവ്ര മഴ പെയ്യുമ്പോൾ ഡാം തുറന്നുവിടുകയല്ലാതെ നിവൃത്തിയില്ല എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം 'റൂൾ കർവ്' കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാവില്ല. ഒരു വർഷത്തിലെ ഓരോ ദിവസവും എത്ര അടി വെള്ളം ഒരു ഡാമിൽ വെക്കണമെന്നതിെൻറ അളവാണ് റൂൾ കർവ്. ഇതിനായി മൺസൂണിന് മുമ്പ് ഡാമിലെ ജലനിരപ്പ് താഴ്ത്തിവെക്കണം. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ ഡാമുകൾ ഫ്ലഡ് വർധിപ്പിക്കാനുള്ള സങ്കേതമായി ഇത് മാറുകയാണ്. കഴിഞ്ഞ 25 വർഷത്തെ അനുഭവത്തെ ആധാരമാക്കി ഇടുക്കി ഡാമിെൻറ റൂൾ കർവ് ഫുൾ റിസർവോയർ ലെവലിെൻറ 74 ശതമാനമായി നിജപ്പെടുത്തേണ്ടതാണ്. 2379 അടി ജലം മാത്രം അനുവദിക്കാമായിരുന്ന ഈ സമയം ഉണ്ടായിരുന്നത് 2398 അടിയാണ്. ഒരു രണ്ടു നില കെട്ടിടത്തിന് സമാനമായ ഉയരത്തിൽ അധികം വെള്ളം കെട്ടിനിർത്തി എന്നർഥം. 2018ൽ ഇത് ചൂണ്ടിക്കാട്ടിയിട്ടും കുറക്കാൻ തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ റൂൾ കർവ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയും അത് നിർബന്ധമായി പാലിക്കുകയും വേണം. ഒരു സീസണിൽ വേനലാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അപ്പർ റൂൾ കർവും മൺസൂൺ ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ ലോവർ റൂൾ കർവും ക്രമീകരിക്കേണ്ടതാണ്. എന്നാൽ ഇവിടെ അപ്പർ റൂൾ കർവ് മാത്രമേ ഉള്ളൂ എന്ന നിലയിലാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് തെളിവാണ് എല്ലാവർഷവും നവംബർ 30ന് എപ്പോഴും ഡാം നിറഞ്ഞിരിക്കണമെന്ന കേരളത്തിെൻറ നിലപാട്.
ഫ്ലഡ് മാപ്പിങ്ങും ഏറെ പ്രധാനമാണ്. ഡാമിൽ വെള്ളം നിറഞ്ഞാൽ എത്ര ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത് എന്ന കാര്യം കൃത്യമായി പറഞ്ഞാൽ ജനങ്ങൾക്ക് നിർദേശങ്ങൾക്കനുസരിച്ച് വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയെ പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ കഴിയും. അതുകൊണ്ടുതന്നെ തുടർച്ചയായ പ്രളയം ഉണ്ടാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ മാപ്പ് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
അതുപോലെ രക്ഷാപ്രവർത്തനങ്ങളുടെ കാര്യത്തിലും വളരെ സുപ്രധാനമായ നിലപാട് നമുക്ക് സ്വീകരിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഒരു S.D.R.F (സ്റ്റേറ്റ് ഡിസാസ്റ്റർ റസ്ക്യൂ ഫോഴ്സ്) സംഘടിപ്പിച്ചേ പറ്റൂ. എൻ.ഡി.ആർ.എഫിെൻറ ചുവടുപിടിച്ച് നൂറുപേരടങ്ങുന്ന ഒരു സംഘത്തെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പരിശീലനകേന്ദ്രത്തിൽ രൂപവത്കരിച്ചിരുന്നുവെങ്കിലും ഇപ്പോൾ നിലവിലില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഓടിക്കൂടുന്നവർ അല്ലെങ്കിൽ പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ തുടങ്ങിയ സമവാക്യങ്ങൾ പൊളിച്ച് എഴുതേണ്ടത് അത്യാവശ്യമാണ്. ദുർബലമായ പ്രദേശങ്ങൾ മാപ്പ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ വളരെ പ്രധാനമായ മറ്റൊരു കാര്യമാണ്, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുക എന്നതും.
എഴുത്ത്: കെ.പി. വിനോദ് കുമാർ, കെ.വി. ശ്രീജിത്
കുറിപ്പ്: 'അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും നമ്മുടെ നയസമീപനവും' എന്ന വിഷയത്തിൽ മയ്യിൽ ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിെൻറ സംക്ഷിപ്തരൂപമാണിത്. പ്രമുഖ സാമൂഹിക- രാഷ്ട്രീയ നിരീക്ഷകനും മുൻപ് വി.എസ്. അച്യുതാനന്ദൻ ഗവൺമെൻറിെൻറ കാലത്തെ ഐ.ടി സെക്രട്ടറിയുമാണ് ജോസഫ് സി. മാത്യു.