പൗരബോധമില്ലായ്മയിൽ ഉയരുന്ന കൂമ്പാരം
വ്യക്തികൾക്ക് സർക്കാറിനോടൊപ്പംതന്നെ ഉത്തരവാദിത്തമുള്ളതാണ് മാലിന്യസംസ്കരണം. എന്തുകൊണ്ടാണ് അത് കേരളത്തിൽ നടക്കാത്തത്? പൗരബോധത്തിൽ പ്രശ്നമുണ്ടോ? -മുംബൈ ടിസ്സിലെ അധ്യാപകനായ ലേഖകൻ ചില വിചാരങ്ങൾ മുന്നോട്ടുവെക്കുന്നു.ബ്രഹ്മപുരത്തെ മാലിന്യ തീപിടിത്തം ഗൗരവമായ ഒരു പ്രശ്നമായി സർക്കാർ പരിഗണിച്ചു എന്ന് കരുതാൻ കഴിയില്ല. മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പേജിൽ പറഞ്ഞ കാര്യങ്ങളാണ് ശരി എന്ന് ഇടതുപക്ഷം വലിയതോതിൽ പ്രചരിപ്പിക്കുന്നുമുണ്ട്....
Your Subscription Supports Independent Journalism
View Plansവ്യക്തികൾക്ക് സർക്കാറിനോടൊപ്പംതന്നെ ഉത്തരവാദിത്തമുള്ളതാണ് മാലിന്യസംസ്കരണം. എന്തുകൊണ്ടാണ് അത് കേരളത്തിൽ നടക്കാത്തത്? പൗരബോധത്തിൽ പ്രശ്നമുണ്ടോ? -മുംബൈ ടിസ്സിലെ അധ്യാപകനായ ലേഖകൻ ചില വിചാരങ്ങൾ മുന്നോട്ടുവെക്കുന്നു.
ബ്രഹ്മപുരത്തെ മാലിന്യ തീപിടിത്തം ഗൗരവമായ ഒരു പ്രശ്നമായി സർക്കാർ പരിഗണിച്ചു എന്ന് കരുതാൻ കഴിയില്ല. മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പേജിൽ പറഞ്ഞ കാര്യങ്ങളാണ് ശരി എന്ന് ഇടതുപക്ഷം വലിയതോതിൽ പ്രചരിപ്പിക്കുന്നുമുണ്ട്. മന്ത്രി പറഞ്ഞത് സർക്കാർ നയമല്ല, പകരം കേരളത്തിൽ ഇതുവരെ പ്രായോഗികമായി നടപ്പാക്കാൻ കഴിയാതെപോയ ചില വസ്തുതകളാണ്. ക്ഷേമരാഷ്ട്ര സംവിധാനത്തിലുള്ള ഒരു സർക്കാറല്ല മാലിന്യനിർമാർജനത്തിനു വേണ്ടത്. ക്ഷേമരാഷ്ട്ര സങ്കൽപത്തെ കുറിച്ചുള്ള കേരളീയ (ഇടതു വായന) വായന പൗരന് പൂർണസംരക്ഷണവും അതോടൊപ്പം പങ്കാളിത്തമില്ലാത്തതുമായ ഒരു ഭരണത്തെ കുറിച്ചാണ്. വ്യക്തികൾക്ക് സർക്കാറിനോടൊപ്പംതന്നെ ഉത്തരവാദിത്തമുള്ളതാണ് മാലിന്യസംസ്കരണം. എന്നാൽ, കേരളത്തിലെ ഉയർന്ന സാക്ഷരതാനിരക്കും സാമൂഹിക-രാഷ്ട്രീയ ബോധവും മാലിന്യ ഉൽപാദനത്തെ കുറച്ചിട്ടില്ല. ഉയർന്ന പൗരബോധമുള്ള ഒരു സമൂഹത്തിലാണ് വീടുകളിൽനിന്നും വലിയതോതിൽ മാലിന്യം ഉണ്ടാകുന്നത്. ഇതൊരു സാമൂഹിക പ്രശ്നമാണ്. ക്ഷേമരാഷ്ട്ര സർക്കാർ ഇവിടെ പൗരന് സംരക്ഷണം നൽകണമെന്നു പറയുന്നതിന് പരിമിതികളുണ്ട് എന്നതും മനസ്സിലാക്കേണ്ടതുണ്ട്.
ലോകത്തെ മാലിന്യ ഉൽപാദനത്തിന് കുറവ് വരുത്തുന്ന മാലിന്യനിർമാർജനത്തിന് ഒരു മാതൃക ചൂണ്ടിക്കാണിക്കാൻ ഇല്ല എന്ന വസ്തുതകൂടി നമ്മുടെ മുന്നിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളുടെ കണക്കെടുത്താൽ ഉൽപാദിപ്പിക്കുന്ന മൊത്തം മാലിന്യത്തിന്റെ 39 ശതമാനമാണ് പുനരുപയോഗം ചെയ്യുന്നത്. 2020ലെ കണക്ക് പ്രകാരം യൂറോപ്യൻ യൂനിയൻ ഇതര രാജ്യങ്ങളിലേക്ക് 32.7 ദശലക്ഷം ടണ്ണിന്റെ മാലിന്യ കയറ്റുമതി നടത്തി. അമേരിക്ക ഏകേദശം 1.07 ദശലക്ഷം ടൺ മാലിന്യം കയറ്റുമതി നടത്തി. ലോകത്തെ ഏറ്റവും ദുർബലമായ മാലിന്യനിർമാർജന നിയമങ്ങളുള്ള രാജ്യങ്ങളിലേക്കാണ് ഇത്തരം കയറ്റുമതികൾ നടക്കുന്നത്. 2018ൽ ഏകദേശം ഒമ്പതു ലക്ഷം ടൺ മാലിന്യമാണ് അമേരിക്കയിൽനിന്നുമാത്രം ഇന്ത്യാനയിലെത്തിയത്. ഇതിൽ പ്രധാനം പ്ലാസ്റ്റിക് മാലിന്യമാണ്. മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാനും ജൈവവളം നിർമിക്കാനും ഇത്തരം രാജ്യങ്ങൾ മുന്നിലാണ്. അതോടൊപ്പം നേരത്തേ സൂചിപ്പിച്ചപോലെ പരിസ്ഥിതി നിയമങ്ങൾ ദുർബലമായതും മാലിന്യ നിർമാർജന നിയമങ്ങൾ വേണ്ടത്ര ഇല്ലാത്തതുമായ രാജ്യങ്ങളിലേക്ക് മാലിന്യം കയറ്റുമതി ചെയ്യുകയെന്നത് അവരുടെ മാലിന്യനിർമാർജന പദ്ധതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ മാലിന്യ നിർമാർജനത്തിന് ഒരു ആഗോള മാതൃകയില്ല എന്നു പറയാം. മൂന്നാം ലോകരാജ്യങ്ങളുടെ മാലിന്യനിർമാർജന പദ്ധതികളെ സ്വാധീനിക്കുന്നതും ഈ ആഗോള മാതൃകയാണ്.
2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരമാണ് നമ്മുടെ രാജ്യത്ത് മാലിന്യനിർമാർജനം നടക്കുന്നത്. അതോടൊപ്പം വിവിധ സംസ്ഥാനങ്ങൾ അവരുടേതായ നിയമങ്ങൾ നടപ്പാക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമം, കുടിവെള്ള സംരക്ഷണം ഒക്കെ ഈ നിയമസംരക്ഷണത്തിന്റെ പരിധിയിൽ വരും. എന്നാൽ, മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ സർക്കാർ നിയമങ്ങൾ നടപ്പാക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
ചില പരിമിതമായ നിയമനിർമാണങ്ങൾ ഒഴിച്ചാൽ കാര്യമായ സർക്കാർ ഇടപെടൽ ഉണ്ടാകുന്നില്ല എന്നതും വസ്തുതയാണ്. മുംബൈ നഗരത്തിൽ നടപ്പാക്കിയ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ഇത്തരം പ്ലാസ്റ്റിക് ബാഗ് നിർമാണത്തിൽ ഏർപ്പെടുന്ന നിരവധി അസംഘടിത തൊഴിലാളികളുടെ തൊഴിൽ മുടക്കി എന്ന വസ്തുത നിലനിൽക്കുമ്പോഴും മുംബൈ നഗരത്തിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ വലിയ കുറവുണ്ടാെയന്ന് മുംബൈ മുനിസിപ്പൽ കോർപറേഷൻതന്നെ അംഗീകരിച്ചതാണ്. പ്രേത്യകിച്ചും നഗരത്തിലെ ഓടകളിൽ പ്ലാസ്റ്റിക് ബാഗുകൾമൂലമുണ്ടാകുന്ന തടസ്സങ്ങൾ നീക്കം ചെയ്യപ്പെട്ടു എന്നത് നേട്ടമാണ്. മുംബൈപോലുള്ള നഗരങ്ങളിൽ മാലിന്യ നിർമാർജനമെന്നാൽ ജാതീയമായി സംഘടിപ്പിക്കപ്പെട്ട ഒരു തൊഴിൽമേഖലകൂടിയാണ്. അതുകൊണ്ടുതന്നെ മുഖ്യധാരക്ക് മാലിന്യനിർമാർജനത്തിന്റെ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നില്ല. മുംബൈ നഗരത്തിലെ ഏറ്റവും ദരിദ്രരായ തൊഴിലാളികളാണ് നഗരത്തെ മാലിന്യത്തിൽനിന്നുള്ള പ്രശ്നങ്ങളിൽനിന്ന് സംരക്ഷിക്കുന്നത്. മുംബൈ നഗരസഭ തങ്ങളുടെ മാലിന്യനിർമാർജനത്തെ ഉത്തമമാതൃകയായി അവതരിപ്പിക്കുന്നതിന്റെ പ്രധാനകാരണം മാലിന്യം ശേഖരിക്കുന്നതു മുതൽ വേർതിരിക്കുന്നതു വരെ തൊഴിലാളികളായതുകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങളും വരുമാന കുറവും സാമൂഹികമായ ഒറ്റപ്പെടലും ഒരു വിഭാഗത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത ഇന്ത്യൻ നഗരങ്ങളിലെ യാഥാർഥ്യമാണ്.
കേരളത്തിൽ ഇത്തരം മാതൃക നിലനിൽക്കില്ല എന്നാലും ഹരിത കർമസേനപോലുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും അവയോടുള്ള മലയാളികളുടെ സമീപനം ഗുണപരമായ ഒന്നല്ല. മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന മലയാളി പൊതുബോധത്തെയാണ് ബ്രഹ്മപുരം ചോദ്യംചെയ്തത്. മാലിന്യനിർമാർജനം ഒരു സാമ്പത്തിക പ്രക്രിയകൂടിയാണ്. ചാക്രിക സാമ്പത്തിക മാതൃക എന്നത് ഒരു യൂറോപ്യൻ നിർമിതിയായിരുന്നു. പരിസ്ഥിതിക്ക് നാശം കുറച്ചുകൊണ്ട് പുനരുപയോഗം എന്നതാണ് ഈ മാതൃക മുന്നോട്ടുവെക്കുന്നത്. കേരളത്തിൽ ഈ സാമ്പത്തിക നയത്തിന്റെ ഒരു മാതൃകയാണ് ബ്രഹ്മപുരം. എന്നാൽ, ഇതിൽനിന്നുള്ള സാമ്പത്തിക നേട്ടം സ്വകാര്യ കമ്പനിക്കും നഷ്ടം ജനങ്ങൾക്കുമായി എന്നതാണ് വസ്തുത.
മാലിന്യനിർമാർജനം ഒരു സർക്കാർ പദ്ധതിയല്ല, പൂർണമായും ഭരണകൂട ഉത്തരവാദിത്തത്തിൽ നടക്കേണ്ട ഒന്നല്ല. അതിൽ കേരളത്തിലെ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ട്. മാലിന്യം ശേഖരിക്കാനും നിർമാർജനം ചെയ്യാനും സർക്കാറും മുനിസിപ്പൽ കോർപറേഷനും പഞ്ചായത്തും തയാറാണ് എന്ന കാരണംകൊണ്ടുകൂടിയാണ് കേരളത്തിൽ ഒരുവിധ നിയന്ത്രണമില്ലാതെ മാലിന്യം കുമിഞ്ഞുകൂടുന്നത്. മാത്രവുമല്ല കേരളത്തെപ്പോലുള്ള ഒരു ഭൂപ്രദേശത്ത് ബ്രഹ്മപുരംപോലെയുള്ള പദ്ധതികൾ പ്രായോഗികമല്ല. ഇത്തരം മാലിന്യനിർമാർജന കേന്ദ്രങ്ങൾ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ കണക്കുപ്രകാരം ഒരു വ്യക്തിക്കുമേൽ അഞ്ചു മുതൽ 40 രൂപ വരെ സർക്കാർ മാലിന്യസംസ്കരണത്തിനുവേണ്ടി ചെലവാക്കുന്നുണ്ട്. ഈ പണം സ്വകാര്യമേഖലക്കാണ് എത്തുന്നത്. മാലിന്യത്തിൽനിന്നും വിവിധതരം ഉൽപന്നങ്ങളും ജൈവവളവും ഉൽപാദിപ്പിക്കാം. എന്നാൽ, കേരളത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ വിപണിക്ക് മലയാളി ഉപഭോക്തൃബോധം പിന്തുണ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിന് പുറത്തെ വിപണിയെ ആശ്രയിച്ചാണ് ഈ വ്യവസായം നിലനിൽക്കുന്നത്.