ദയാബായിയുടെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് യു.ഡി.എഫ്. സംസ്ഥാനത്തിന്റെ എല്ലായിടത്തും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും.
സര്‍ക്കാരിന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്. സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയാല്‍ ദയാബായി സമരം അവസാനിപ്പിക്കും. ആരോഗ്യമന്ത്രി നാട്ടില്‍ എത്തിയാലുടന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടും.
എന്തെങ്കിലും പ്രഹസനം കാട്ടി സര്‍ക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ. കാസര്‍കോട് ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതുകൊണ്ട് മതിയായ ചികിത്സ ലഭിക്കാതെ ഇരുപതോളം പേരാണ് മരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സമരത്തിലൂടെ ആവശ്യപ്പെടുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് നടത്തി പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുമെന്ന് തീരുമാനിച്ചിരുന്നു. അഞ്ച് വര്‍ഷമായി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നില്ല. ഡേ കെയര്‍ സെന്ററുകളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കുഞ്ഞിനെയും കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായത് ഇത്തരം ഡേ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.