Begin typing your search above and press return to search.
proflie-avatar
Login

വരട്ടെ പ്ലാസ്റ്റിക് ഉടമ്പടി

വരട്ടെ പ്ലാസ്റ്റിക് ഉടമ്പടി
cancel
കെനിയയിലെ നൈറോബിയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടന്ന യുനൈറ്റഡ് നേഷൻസ് എൻവയൺമെന്റ് അസംബ്ലി 5.2​െന്റ പ്രസക്​തി എന്താണ്​? പ്ലാസ്റ്റിക്​​ സൃഷ്​ടിക്കുന്ന അതിഭയാനക പരിസ്​ഥിതി പ്രശ്​നങ്ങളിൽനിന്ന്​ അതെങ്കിലും മോചനം സൃഷ്​ടിക്കുമോ?

2018ലെ ലോക പരിസ്ഥിതിദിനത്തിന്‍റെ ആതിഥേയ രാജ്യം ഇന്ത്യയും വിഷയം പ്ലാസ്റ്റിക് മലിനീകരണവുമായിരുന്നു. Beat the Plastic Pollution എന്നതായിരുന്നു അന്നത്തെ സന്ദേശം.

''ഭൗതിക വികസനത്തിനുള്ള നമ്മുടെ ത്വര പരിസ്ഥിതിയെ ഹനിക്കുന്നതാകരുതെന്ന് ഉറപ്പാക്കുക നമ്മളോരോരുത്തരുടെയും കർത്തവ്യമാണ്'' എന്ന് സൂചിപ്പിച്ചുകൊണ്ട് 2022ഓടുകൂടി ഇന്ത്യയിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകൾ മുഴുവനും നിരോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്ദിഗ്ധമായി ലോകത്തോട് പ്രഖ്യാപിച്ചു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കുകളുടെ മേൽ തൊട്ടടുത്ത ഗാന്ധിജയന്തി ദിനം മുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന്, ഒരു വർഷം കഴിഞ്ഞ് 2019 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പ്രസ്താവിച്ച 2018 പരിസ്ഥിതി ദിനത്തിലെ പ്ലാസ്റ്റിക് നിർമാർജനമെന്ന ഉറപ്പ് ആവർത്തിക്കുകയും ചെയ്തു.

ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകളുടെ മേലും മൾട്ടി ലെയർ പ്ലാസ്റ്റിക്കുകളുടെ മേലും കർശന നിയന്ത്രണമേർപ്പെടുത്താനായി 2016ലാണ് പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടം നിലവിൽവന്നത്. ഇപ്പോൾ ആ ചട്ടങ്ങളിൽ വെള്ളം ചേർത്തുകൊണ്ടുള്ള പുതിയ ഭേദഗതി വിജ്ഞാപനം പുറത്ത് വന്നിരിക്കുകയാണ്. 2021 ആഗസ്റ്റിലാണ് ഭേദഗതി വിജ്ഞാപനമെങ്കിലും അതിലെ പ്രധാന ചട്ടങ്ങൾ 2022 സെപ്റ്റംബറിലേ പ്രാബല്യത്തിൽ വരുകയുള്ളൂ; ബാക്കിയുള്ള കുറച്ച് ചട്ടങ്ങൾ 2022 ഡിസംബറിലും. എന്നുമാത്രമല്ല അടുത്ത പത്ത് വർഷത്തേക്ക് ഈ ചട്ടങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും ഗവൺമെൻറുകളോ ഏജൻസികളോ ഒരു തരത്തിലുള്ള നിയമപരമായ നിയന്ത്രണവും കൊണ്ടുവരാൻ പാടില്ല എന്നും എഴുതിച്ചേർത്തിട്ടുണ്ട്. കോർപറേറ്റുകൾ ചേർന്ന് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു പര്യാപ്തമായ രീതിയിൽ തയാറാക്കിയ അപ്രായോഗികമായ എക്സ്റ്റൻറഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി ഫോർ പ്ലാസ്റ്റിക് പാക്കേജിങ്ങും വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ചെറുകിട ഉൽപാദകർ ഉൽപാദിപ്പിക്കുന്ന ക്യാരിബാഗുകൾ, ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ, സ്ട്രോകൾ തുടങ്ങിയ ഉൽപന്നങ്ങളെ മാത്രമേ പുതുക്കിയ പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങൾ നിയന്ത്രിക്കുന്നുള്ളൂ. ബ്രാൻറഡ് കമ്പനികളെയും വൻകിട കൺസ്യൂമർ ഗുഡ്സ് കമ്പനികളെയും പ്ലാസ്റ്റിക് പാക്കേജിങ്​ കുറയ്ക്കുന്നതിന് നിർബന്ധിക്കുന്ന ഒരു വ്യവസ്ഥയും ഈ നിയമത്തിലില്ല. അതായത് ഇന്ത്യയിലെ ഇന്നത്തെ പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി പരിഹരിക്കുന്നതിനോ കുറക്കുന്നതിനോ ഉള്ള ക്രിയാത്മകമായ ഒന്നും ഈ നിയമത്തിലില്ല. പെട്രോളിയം -പ്ലാസ്റ്റിക് വ്യവസായികളെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും എടുത്തിട്ടുണ്ടുതാനും.


യു.എൻ.ഇ.എ 5.2

2022 ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ യുനൈറ്റഡ് നേഷൻസ് എൻവയൺമെൻറ് അസംബ്ലി 5.2 കെനിയയിലെ നൈറോബിയിൽ നടക്കുകയാണ്. ആഗോളതലത്തിലുള്ള പാരിസ്ഥിതിക നിയമങ്ങളെയും നയങ്ങളെയും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഏറ്റവും ഉന്നതമായ സംവിധാനമാണ് യു.എൻ.ഇ.എ. രണ്ടു വർഷത്തിലൊരിക്കലാണ് ഈ സമ്മേളനം നടക്കാറുള്ളത്. ആഗോളതലത്തിൽ സമുദ്രങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ യു.എൻ.ഇ.എ 3ൽ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെക്കുറിച്ചും അത് നേരിടുന്നതിനുള്ള തടസ്സങ്ങളെക്കുറിച്ചും പോംവഴികളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു താൽക്കാലിക എക്സ്പേർട്ട് ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. യു.എൻ.ഇ.എ 4ൽ അവരുടെ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതുവരെ നടന്ന ചർച്ചകളും തീരുമാനങ്ങളും സൂചിപ്പിക്കുന്നതിന് ആഗോളതലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ കൈകാര്യംചെയ്യുന്നതിന് ഒരു രാജ്യാന്തര ഉടമ്പടി ഉണ്ടായേക്കും എന്നാണ്. അതിനുള്ള ആവശ്യം വിവിധ രാജ്യങ്ങളും സംഘടനകളും ഉന്നയിക്കുകയും രാജ്യങ്ങളുടെ പിന്തുണ തേടുകയും ചെയ്തുതുടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ട് ആഗോള ഉടമ്പടി?

ആഗോളതലത്തിൽ പ്ലാസ്റ്റിക് ഉൽപാദനത്തിലുണ്ടാകുന്ന ക്രമാതീതമായ വർധന തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിഞ്ഞ ആറുവർഷമായി ആഗോളതലത്തിൽ പ്ലാസ്റ്റിക്കുകളുടെ ഉൽപാദനം പ്രതിവർഷം 300 കോടി ടൺ ആണ്. അതായത് ലോകത്തെ സകല മനുഷ്യരുടെയും ആകെ ശരീരഭാരത്തെക്കാളും കൂടുതലാണിത്. 2020ൽ കോവിഡ് മൂലം ഉൽപാദനം കുറഞ്ഞിട്ടും അത് 367 കോടി ടൺ ആയിരുന്നു. 2030ഓടെ ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയും അമേരിക്കയും അറബ് രാജ്യങ്ങളുമടക്കം പെട്രോളിയത്തിൽനിന്ന്​ പ്ലാസ്റ്റിക്കുകൾ വൻതോതിൽ ഉൽപാദിപ്പിക്കാനുള്ള വമ്പൻ പദ്ധതികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളെ കാര്യക്ഷമമായി പുനഃചംക്രമണം ചെയ്താൽ പ്ലാസ്റ്റിക് മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന എല്ലാ പ്രതീക്ഷകളും വൃഥാവിലാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പ്ലാസ്റ്റിക് കണ്ടുപിടിച്ച ശേഷം ഇക്കാലമത്രയും ഉൽപാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കുകളുടെ വെറും 9 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യപ്പെട്ടിട്ടുള്ളൂ എന്നും 12 ശതമാനം പ്ലാസ്റ്റിക്കുകൾ ഇൻസിനറേറ്ററുകളിൽ കത്തിച്ചു കളഞ്ഞിട്ടുണ്ട് എന്നും ബാക്കിയുള്ളവ ലോകത്തിന്‍റെ പലഭാഗത്തായി കുമിഞ്ഞുകൂടിയിട്ടുണ്ടെന്നും യു.എൻ.ഇ.എ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ന് ലോകത്തിലുള്ള സകല റീസൈക്കിളിങ്​ സംവിധാനങ്ങളും ഒരുമിച്ചു വിചാരിച്ചാലും തീരാത്തത്ര പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ ദിവസവും കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. സിമൻറ് ഫാക്ടറികളിൽ ഇന്ധനമായി പ്ലാസ്റ്റിക്കുകൾ എരിച്ചുകളയാമെന്നു കരുതുന്നു. പക്ഷേ, ആകെയുള്ള സിമൻറ് ഉൽപാദനത്തിന്റെ ശേഷിയും ഭാവിയിലെ വികസനവും കണക്കിലെടുത്താലും പ്ലാസ്റ്റിക് വീണ്ടും മിച്ചമാണ്. റോഡ് നിർമാണത്തിനായി പ്ലാസ്റ്റിക്കുകളുപയോഗിച്ചു തീർക്കാമെന്നുവെച്ചാലും തീർക്കാനാകുന്നതിലും ഏറെയാണ് പ്ലാസ്റ്റിക് മാലിന്യം.

ഒറ്റത്തവണ ഉപയോഗത്തിനുള്ള പാക്കേജിങ്ങിനടക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉൽപാദനം കുറച്ചുകൊണ്ടും പുനരുപയോഗ സാധ്യതയും ഉയർന്ന പുനഃചംക്രമണ സാധ്യതയുമുള്ള പ്ലാസ്റ്റിക്കുകളെ നിലനിർത്തിക്കൊണ്ടും മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധി നമുക്ക് മറികടക്കാനാവൂ. അതാകട്ടെ ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി ചെയ്യാവുന്ന കാര്യവുമല്ല. ആഗോളതലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂടോ ഉടമ്പടിയോ ഇപ്പോൾ നിലവിലില്ല. സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കുന്നതിനും മൈക്രോ പ്ലാസ്റ്റിക്കുകളെ നിയന്ത്രിക്കുന്നതിനുമുള്ള ചില നീക്കുപോക്കുകളും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളുടെ രാജ്യാന്തര നീക്കം നിയന്ത്രിക്കുന്നതിനുള്ള ബേസൽ കൺവെൻഷനും റോട്ടർഡാം കൺവെൻഷനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പരിപാലനത്തെ പരിമിതമായെങ്കിലും നിയന്ത്രിക്കുന്ന സ്റ്റോക്ക്ഹോം കൺവെൻഷനും ഉണ്ടെങ്കിലും അതൊന്നുംതന്നെ പോരാതെവന്നിരിക്കുകയാണ്.

2019ൽ ആൻറിഗ്വ - ബർബുഡാ പ്രധാനമന്ത്രി പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി നടത്തിയ സെൻറ് ജോൺസ് പ്രഖ്യാപനത്തെ കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കരികോം പിന്തുണക്കുകയും സ്റ്റൈറോഫോം അടക്കമുള്ള പ്ലാസ്റ്റിക്കുകളുടെ മേൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തു.

2019ൽതന്നെ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുന്നതിനായി ആസിയാൻ രാജ്യങ്ങൾ അംഗീകരിച്ച ബാങ്കോക് പ്രഖ്യാപനവുമുണ്ടായി.

2019 നവംബറിൽ സൗത്ത് ആഫ്രിക്കയിൽ കൂടിയ ആഫ്രിക്കൻ മിനിസ്റ്റീരിയൽ കോൺഫറൻസ് ഓൺ എൻവയൺമെൻറ് നടത്തിയ ഡർബൻ പ്രഖ്യാപനത്തിലും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോളതലത്തിൽ ഇടപെടലുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

സ്വീഡൻ അടക്കമുള്ള ഉത്തരധ്രുവ - ഉത്തര അറ്റ്​ലാൻറിക് രാജ്യങ്ങളിലെ പരിസ്ഥിതി - കാലാവസ്ഥാ വകുപ്പുകളുടെ മന്ത്രിതലത്തിലുള്ള കൂട്ടായ്മ 2021 നവംബറിൽ ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി ഉടമ്പടിവേണമെന്നും യു.എൻ.ഇ.എ 5.2 ൽ തന്നെ അതിന് തുടക്കം കുറിക്കണമെന്നും സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു.

ആഗോള പ്ലാസ്റ്റിക് ഉടമ്പടി

നാലു പ്രധാന ഘടകങ്ങളാണ് ആഗോള പ്ലാസ്റ്റിക് ഉടമ്പടിയുടെ കാതൽ.

1. ഓരോ രാജ്യവും അവരുടെ പ്ലാസ്റ്റിക് ഉപയോഗത്തെയും പ്ലാസ്റ്റിക് മലിനീകരണത്തെയും കുറിച്ചുള്ള സ്ഥിതിവിവരങ്ങൾ ശേഖരിച്ച് ആഗോളതലത്തിൽ പങ്കുവെക്കുകയും രാജ്യത്തിലെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുകയും ചെയ്യുന്ന ദേശീയ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

2. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറക്കുന്നതിനും ബദൽ ഉൽപന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികൾ ഓരോ രാജ്യത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണം.

3. ആഗോളതലത്തിൽ ഈ പ്രവർത്തനങ്ങൾക്ക് ഏകമാന സ്വഭാവം ഉണ്ടാകുകയും ഏകോപനം ഉണ്ടാവുകയും വേണം.

4. ഇത്തരം പ്രവർത്തനങ്ങൾക്കായി വികസ്വര - അവികസിത രാജ്യങ്ങൾക്കാവശ്യമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ലഭ്യമാക്കണം.

നിയമസാധുതയുള്ള, പ്രാബല്യമുള്ള ഒരു ആഗോള ഉടമ്പടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.


എന്താണ് തടസ്സം?

ഒരു ആഗോള ഉടമ്പടിക്കുള്ള രണ്ട് കരട് രൂപങ്ങൾ യു.എൻ.ഇ.എയുടെ പരിഗണനയിലുണ്ട്. ഒന്ന്, റുവാണ്ടയും പെറുവും ചേർന്ന് തയാറാക്കിയ സമഗ്രവും നിയമസാധുതയുള്ളതുമായ കരട് ഉടമ്പടി. രണ്ട്, ജപ്പാൻ തയാറാക്കിയ കരട് ഉടമ്പടി.

എല്ലാവിധത്തിലുമുള്ള പ്ലാസ്റ്റിക് മലിനീകരണത്തെയും ചെറുക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂടാണ് റുവാണ്ട - പെറു സംഘം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ സമുദ്രതീരങ്ങളിലെയും സമുദ്രങ്ങളിലെയും പ്ലാസ്റ്റിക് മലിനീകരണത്തെ മാത്രം ലക്ഷ്യമിടുന്ന ചട്ടക്കൂടാണ് ജപ്പാൻ മുന്നോട്ട് വെക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണത്തിന്‍റെ കാര്യത്തിൽ റുവാണ്ട -പെറു സംഘം തുറന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ ആഗോള ഉച്ചകോടിയുടെ ഭരണസമിതിക്ക് ആവശ്യമെന്ന് തോന്നുന്ന കൂട്ടിച്ചേർക്കലുകളും നിയന്ത്രണങ്ങളും അനുവദിക്കുന്ന തരത്തിലാണ് അവരുടെ കരട് ചട്ടക്കൂട്. എന്നാൽ ജപ്പാനാകട്ടെ ഒരു തരത്തിലുമുള്ള കൂട്ടിച്ചേർക്കലുകൾക്കും ഇടകൊടുക്കാത്ത ഒരു അടഞ്ഞ ഉടമ്പടിയാണ് വിഭാവനം ചെയ്യുന്നത്. ആഗോള ഉടമ്പടി കാര്യക്ഷമമായി നടപ്പിലാക്കാൻ റുവാണ്ട - പെറു സംഘം വളരെ ശക്തമായ ഒരു സംഘടനാ സംവിധാനം മുന്നോട്ടു വെക്കുന്നുണ്ട്. ജപ്പാൻ അക്കാര്യത്തിൽ വലിയ വ്യക്തതയൊന്നും നൽകിയിട്ടുമില്ല.

യു.എൻ.ഇ.എ 6ലേക്കെത്തുമ്പോൾ ആഗോള ഉടമ്പടി സാധ്യമാകുന്ന തരത്തിൽ വളരെ വേഗത്തിൽ ഇക്കൊല്ലം മുതൽ കാര്യങ്ങൾ നീക്കണമെന്നുള്ള കാര്യത്തിലും ഉടമ്പടിക്ക് നിയമസാധുതയും പ്രാബല്യവും ഉണ്ടാകണമെന്ന കാര്യത്തിലും രാജ്യങ്ങൾ ദേശീയതലത്തിൽ പ്രവർത്തനപദ്ധതികളുണ്ടാക്കുകയും ആഗോളതലത്തിൽ സഹകരണം ഉറപ്പാക്കുകയും ഗവേഷണത്തിനും മറ്റുമുള്ള സഹായങ്ങൾ ചെയ്യണമെന്നുമുള്ള കാര്യത്തിലും ഇരുകൂട്ടർക്കും യോജിപ്പാണുള്ളത്.

റുവാണ്ടൻ പെറു സംഘം രൂപവത്​കരിച്ച കരട് ഉടമ്പടിക്ക് ഇപ്പോൾത്തന്നെ യൂറോപ്യൻ യൂനിയനിൽനിന്നടക്കം 40 ഓളം രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. വേറൊരു സംഘം രാജ്യങ്ങൾ സമ്മേളന സമയത്ത് അനുകൂല നിലപാടെടുക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുമുണ്ട്. എന്നാൽ അമേരിക്കയും ബ്രസീലും റഷ്യയും ഇന്ത്യയും ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ജപ്പാന്‍റെ താൽപര്യം വളരെ വ്യക്തമാണ്. സമുദ്രതീരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കത്തിച്ചുകളയുകയാണ് പോംവഴിയെന്നും അതിനായി അത്യന്താധുനികമായ വേസ്റ്റ് ടു എനർജി പദ്ധതികൾ നടപ്പിലാക്കിയാൽ മതിയെന്നും അത് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനംകൂടിയാണെന്നും ജപ്പാൻ കുറച്ചു കാലമായി പ്രചരിപ്പിച്ചുവരുന്നുണ്ട്. ഈ വാദഗതിക്ക് മേൽക്കൈ ലഭിക്കുകയാണെങ്കിൽ അതിന്‍റെ നേട്ടം ജപ്പാനു തന്നെയായിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ വേസ്റ്റ് ടു എനർജി പ്ലാൻറുകളും കമ്പനികളും ഉള്ള രാജ്യം ജപ്പാനാണ്. കമ്പനികൾക്ക് വിപണി പിടിച്ചടക്കാനുള്ള ഒരവസരമായാണ് ജപ്പാൻ ഈ ആഗോള ഉടമ്പടിയെ കാണുന്നതെന്ന് സംശയിക്കേണ്ടി വരും.

പ്ലാസ്റ്റിക് ഉൽപാദനം കുറക്കുക എന്ന തീരുമാനത്തോട് പെട്രോളിയം കമ്പനികൾ യോജിപ്പിലല്ല എന്നറിയുന്നു. സർക്കാറുകൾക്കുമേൽ പെട്രോളിയം വ്യവസായത്തിന് നല്ല സ്വാധീനമാണുള്ളതെന്നത് രഹസ്യമല്ലല്ലോ. അങ്ങനെയെങ്കിൽ അമേരിക്കയടക്കമുള്ള ചില രാജ്യങ്ങൾ ജപ്പാനെ പിന്തുണക്കാനും സാധ്യതയുണ്ട്. അമേരിക്കയുടെ സ്വാധീനവലയത്തിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളും ജപ്പാന്‍റെ പക്ഷത്തേക്ക് ചായുകയാണെങ്കിൽ ആഗോള പ്ലാസ്റ്റിക് ഉടമ്പടി ഒരു വലിയ പാരിസ്ഥിതിക ദുരന്തമായി അവസാനിക്കും.

ഇന്ത്യയുടെ നിലപാട് ഇതിൽ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ആസ്ട്രേലിയയിൽനിന്നും കൽക്കരി ഗുജറാത്തിലെത്തിച്ച് അതിൽനിന്നും പി.വി.സി പ്ലാസ്റ്റിക്കുണ്ടാക്കാനുള്ള വമ്പൻ പദ്ധതിക്ക് അനുമതി നേടിയ അദാനിയെയും ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഉൽപാദകരായ റിലയൻസിനെയും പിണക്കാൻ പെട്രോളിയം, കെമിക്കൽ, പെട്രോകെമിക്കൽ ഇൻവെസ്റ്റ്മെൻറ് മേഖലകൾ എന്ന വമ്പൻ പദ്ധതികൾക്ക് പശ്ചാത്തലമൊരുക്കാൻ നടക്കുന്ന ഇന്ത്യാ ഗവൺമെന്‍റ്​ തയാറാകുമോ എന്നതാണ് ചോദ്യം.

ആർജവമുള്ള സംസ്ഥാന സർക്കാറുകൾക്ക് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിനെ ശരിയായ തീരുമാനമെടുക്കാൻ സ്വാധീനിക്കാവുന്നതാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഇതിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ പെട്രോളിയത്തിൽനിന്ന് വൻതോതിൽ പ്ലാസ്റ്റിക്കുകളുൽപാദിപ്പിക്കാനുള്ള വലിയ വ്യവസായ വികസന പദ്ധതികൾക്ക് കേരളവും തയാറെടുക്കുന്ന നിലക്ക്, പരിസ്ഥിതിക്കു വേണ്ടി ഒരു വിട്ടുവീഴ്ചക്ക് തയാറാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യ.

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ജനങ്ങളെ ബോധവത്​കരിച്ചും അന്താരാഷ്ട്രതലത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയും വലിയ സമ്മേളനങ്ങൾക്ക് ആതിഥ്യമരുളിയും ലോകത്തോടും രാജ്യത്തോടും പരിസ്ഥിതിയോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചും നടക്കുന്ന ലോക നേതാക്കന്മാരുടെ ചെമ്പ് പുറത്താകാൻ യു. എൻ.ഇ.എ 5.2 കാരണമായേക്കും. അവരവിടെ എടുക്കുന്ന നിലപാടായിരിക്കും അവരുടെ ഈ വിഷയത്തിലെ ആത്മാർഥതയുടെ അളവുകോൽ. നമുക്ക് കാത്തിരുന്നു കാണാം.

Show More expand_more
News Summary - UN Environment Assembly to tackle plastics