മാലിന്യ സംസ്കരണത്തിൽ നമുക്ക് ഇനി എന്താണ് ചെയ്യാനുള്ളത്?
ബ്രഹ്മപുരംപോലുള്ള ലാൻഡ് ഫില്ലിങ്ങുകൾ ഒരു ബദലേയല്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. എന്താണ് നമുക്ക് മാലിന്യ സംസ്കരണത്തിൽ ഇനി ചെയ്യാനുള്ളത്? എന്താണ് സാധ്യതകൾ, വെല്ലുവിളികൾ? -ഗവേഷകയായ ലേഖിക മാലിന്യവിഷയത്തിന്റെ അധികം ശ്രദ്ധിക്കപ്പെടാത്തവിഷയങ്ങളും പ്രശ്നങ്ങളും ബദലുകളും അവതരിപ്പിക്കുന്നു.ബ്രഹ്മപുരം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിൽ എമ്പാടുമുള്ള പല ലാൻഡ്ഫില്ലുകളിലും ഇതുപോലെ പലതവണയായി തീപിടിത്തം സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്...
Your Subscription Supports Independent Journalism
View Plansബ്രഹ്മപുരംപോലുള്ള ലാൻഡ് ഫില്ലിങ്ങുകൾ ഒരു ബദലേയല്ല എന്ന് വ്യക്തമായിക്കഴിഞ്ഞു. എന്താണ് നമുക്ക് മാലിന്യ സംസ്കരണത്തിൽ ഇനി ചെയ്യാനുള്ളത്? എന്താണ് സാധ്യതകൾ, വെല്ലുവിളികൾ? -ഗവേഷകയായ ലേഖിക മാലിന്യവിഷയത്തിന്റെ അധികം ശ്രദ്ധിക്കപ്പെടാത്തവിഷയങ്ങളും പ്രശ്നങ്ങളും ബദലുകളും അവതരിപ്പിക്കുന്നു.
ബ്രഹ്മപുരം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിൽ എമ്പാടുമുള്ള പല ലാൻഡ്ഫില്ലുകളിലും ഇതുപോലെ പലതവണയായി തീപിടിത്തം സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് 2016ൽ മുംബൈയിലെ ഡിയോനാർ ലാൻഡ് ഫില്ലിൽ ഉണ്ടായ തീ അണച്ചത് ആഴ്ചകളെടുത്താണ്. 2018ൽ വീണ്ടും അഗ്നിബാധ ആവർത്തിച്ചു. ഡൽഹിയിലെ ഭൽസ്വ ലാൻഡ്ഫില്ലിൽ മിക്കവാറും എല്ലാ വർഷവും തീ പിടിക്കുന്നുണ്ട്. ഇത് സമീപത്ത് താമസിക്കുന്ന ആൾക്കാരുടെ ജീവനും ഉപജീവനമാർഗവും അപകടത്തിലാക്കുന്നുണ്ട്. പറഞ്ഞുവരുന്നത് മാലിന്യസംസ്കരണം വളരെയധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഒരു വിഷയമായി ഇന്ത്യയിൽ മാറിയിട്ട് വർഷങ്ങളായി എന്നു തന്നെയാണ്.
എന്തുകൊണ്ടാണ് ലാൻഡ് ഫില്ലുകൾക്ക് തീ പിടിക്കുന്നത്?
ബ്രഹ്മപുരം ഉൾപ്പെടെ ഇന്ത്യയിലുള്ള മിക്ക ലാൻഡ്ഫില്ലുകളും ശാസ്ത്രീയമായി ഡിസൈൻ ചെയ്തവയല്ല. 2007ലാണ് ഹൈകോടതി വിധിപ്രകാരം ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാംമെന്ന തീരുമാനത്തിൽ എത്തുന്നത്. ഒരു മാലിന്യപ്ലാന്റ് വരുന്നതുവരെയുള്ള താൽക്കാലിക പരിഹാരം മാത്രമായിരുന്നു അത്. കൊച്ചി നഗരപരിധിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം കൂടാതെ ചുറ്റുമുള്ള അഞ്ച് മുനിസിപ്പാലിറ്റികളുടെയും മൂന്നു ഗ്രാമപഞ്ചായത്തുകളുടെയും മാലിന്യം കൂടി ബ്രഹ്മപുരത്താണ് നിക്ഷേപിക്കുന്നത്.
കൃത്യമായി വേർതിരിക്കാതെ നിക്ഷേപിക്കുന്ന ഈ മാലിന്യം വിഘടിക്കുമ്പോൾ താപവും മീഥേൻ വാതകവും സൃഷ്ടിക്കുന്നു. ഇത് തീപിടിത്തത്തിന് കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന ഈ തീക്ക് ആഴ്ചകളോളം കത്താനുള്ള ശേഷിയുണ്ട്. കൂടെ വിഷപ്പുകയും വാതകങ്ങളും അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യും. ലാൻഡ്ഫിൽ തീയിൽനിന്നുള്ള പുകയിൽ കാർബൺ മോണോക്സൈഡ്, ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ലാൻഡ്ഫില്ലുകൾ കത്തിയാൽ മാത്രമാണ് പ്രശ്നമെന്ന് ധരിക്കരുത്. ലാൻഡ്ഫില്ലുകളിൽനിന്ന് ഒലിച്ചുവരുന്ന ലീച്ചേറ്റ്സ് ചുറ്റുമുള്ള ജലസ്രോതസ്സുകളെ മലിനമാക്കും. പരിസ്ഥിതി മലിനീകരണം കൂടാതെ ഇവ കുടിവെള്ളത്തിലൂടെയും മത്സ്യങ്ങളിലൂടെയും മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ പല അസുഖങ്ങൾക്കും വഴിവെക്കും. ഇക്കാരണങ്ങൾകൊണ്ടൊക്കെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ 2020കളോടെ ലാൻഡ്ഫിൽ സംവിധാനം പൂർണമായും നിരോധിക്കപ്പെടുന്നത്.
ലാൻഡ്ഫില്ലിങ് അല്ലാതെ മറ്റെന്തെല്ലാം സാങ്കേതികവിദ്യകളാണ് നിലവിലുള്ളത്? യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും അധികം ഉപയോഗിച്ചുവരുന്നതും ഇന്ത്യയിലെ നിലവിലെ നയങ്ങൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സാങ്കേതിക വിദ്യയാണ് ഇൻസിനറേഷൻ (incineration). ഒരു ഫർനസിൽ മാലിന്യങ്ങൾ ഉയർന്ന താപനിലയിൽ (സാധാരണനിലയിൽ 800 തൊട്ട് 1000 ഡിഗ്രി സെൽഷ്യസ് വരെ) കത്തിക്കുന്നതിനെയാണ് ഇൻസിനറേഷൻ എന്ന് പറയുന്നത്. ഈ പ്രക്രിയക്കിടെ ഉണ്ടാകുന്ന താപംകൊണ്ട് നീരാവി ഉൽപാദിപ്പിക്കുകയും അതിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യാം. അത് കൂടാതെ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഈ ചൂട് കെട്ടിടങ്ങൾ ചൂടാക്കാനോ ചൂടുവെള്ളം ഉൽപാദിപ്പിക്കാനോ പോലുള്ള മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അവിടത്തെ തണുത്ത കാലാവസ്ഥയിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും. ഇതിനെയാണ് വേസ്റ്റ് ടു എനർജി എന്ന് വിളിക്കുന്നത്.
നിലവിലെ രീതിയനുസരിച്ച് മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഈ ടെക്നോളജികൾ ഇംപോർട്ട് ചെയ്ത് ഇതിനെ ഒരു ‘quick fix solution’ ആയിട്ടാണ് കണ്ടുവരുന്നത്. എന്നാൽ, ഇന്ത്യയിൽ തുടങ്ങിെവച്ചിട്ടുള്ള വേസ്റ്റ് ടു എനർജി പ്ലാന്റുകളിൽ പകുതിയിേലറെ പ്രവർത്തനരഹിതമായി കിടക്കുകയാണ്. കാരണം എന്തെന്നാൽ,
1. നമ്മുടെ ഭക്ഷണരീതിക്കും ജീവിതശൈലിക്കും അനുസരിച്ച് ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ കലോറിഫിക് വാല്യൂ, അതായത് കത്താനുള്ള ശേഷി, പടിഞ്ഞാറൻ രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ്. കൃത്യമായി പറഞ്ഞാൽ വെറും മൂന്നിൽ ഒന്ന് മാത്രമാണ്. അങ്ങനെയുള്ള മാലിന്യം പൂർണമായി കത്തിക്കണമെങ്കിൽ ഇരട്ട ഊർജം ആവശ്യമാണ്. അതിന് ഇരട്ടി െചലവും വരും. പൂർണമായി കത്താത്ത മാലിന്യത്തിൽനിന്ന് വിഷവാതകങ്ങൾ പുറത്തുവരും. ഇതു പിന്നീട് പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾക്കു വഴിവെക്കും. ഭക്ഷണമാലിന്യം വേർതിരിച്ച് അതിെന കമ്പോസ്റ്റിങ് ചെയ്യുക എന്നതാണ് നമുക്ക് ഉചിതം എന്ന് പല പഠനങ്ങളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
2. എല്ലാ മാലിന്യങ്ങളും ഊർജമാക്കിമാറ്റാൻ പറ്റുകയില്ല. ഉദാഹരണത്തിന് മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ, ബാറ്ററികൾ ഉൾപ്പെടുന്ന അപകടകരമായ മാലിന്യങ്ങൾ എന്നിവ കത്തിക്കാനാവില്ല. വേർതിരിച്ചതിനുശേഷം റീസൈക്കിൾ ചെയ്യാനാവാത്ത ‘reject waste’കളേ കത്തിക്കേണ്ടതായുള്ളൂ. ഉദാഹരണത്തിന് ഭക്ഷ്യമാലിന്യം, പേപ്പർ, കാർഡ്ബോർഡ്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റൽ, തുണികൾ എന്നീ മാലിന്യങ്ങൾ ഒരു പരിധിവരെ റീസൈക്കിൾ ചെയ്യാവുന്നവയാണ്. എന്നാൽ, ഇവയിൽതന്നെയുള്ള ചില വകഭേദങ്ങൾ ഉദ്ദേശിച്ച ക്വാളിറ്റിയിൽ റീസൈക്കിൾ ചെയ്യാൻ ആവുകയില്ല. ഉദാഹരണത്തിന് polysterene foam എന്ന പ്ലാസ്റ്റിക് വകഭേദം, ഫോൺ സ്ക്രീനിൽ ഉപയോഗിക്കുന്ന tampered ഗ്ലാസ്, പ്രത്യേക ഡൈകൾ ഉപയോഗിച്ചുണ്ടാക്കുന്ന തുണികൾ എന്നിവ റീസൈക്കിൾ ചെയ്യാനാവില്ല. അതുപോലെ സാനിറ്ററി പാഡുകൾ, ഉപയോഗിച്ച മാസ്കുകൾ, സിറിഞ്ച് എന്നിങ്ങനെയുള്ള മെഡിക്കൽ വെസ്റ്ററുകൾ കത്തിക്കലല്ലാതെ വേറെ വഴിയില്ല. ആദ്യം ചെയ്യേണ്ടത് ഇതുപോലെ പലതരം മാലിന്യങ്ങളെ പലതായി വിഭജിച്ചു വേർതിരിച്ച് കത്തിക്കാനുള്ളതുമാത്രം കത്തിക്കുക എന്നതാണ്. അതിനുപകരം വേർതിരിക്കാത്ത മാലിന്യങ്ങൾ ഇൻസിനറേറ്ററിലേക്ക് പോകുമ്പോൾ അത് പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവില്ല.
3. മാലിന്യത്തിൽനിന്നും വൈദ്യുതി ഉണ്ടാക്കുക എന്നത് വളരെയധികം ചെലവേറിയ ഒരു പ്രക്രിയയാണ്. അതിനുള്ള സാമ്പത്തികശേഷി നമ്മുടെ ഗവൺമെന്റുകൾക്കില്ല. പ്രത്യേകിച്ചും ലോക്കൽ ഗവൺമെന്റുകൾക്ക്. ഈ ഒരു സാഹചര്യത്തിൽ ‘വേസ്റ്റ് ടു എനർജി’ എന്ന സാങ്കേതികവിദ്യക്ക് ഒരുപാട് പരിമിതികൾ മൂന്നാം ലോക രാജ്യങ്ങളിലുണ്ട്.
കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്റെ പരിമിതികൾ
മേൽപറഞ്ഞ ലാൻഡ്ഫില്ലിങ് വേസ്റ്റ് ടു എനർജി എന്നീ സാങ്കേതികവിദ്യകൾ കേന്ദ്രീകൃതമായ രീതിയിലാണ് പ്രവർത്തിക്കുക. എന്നുെവച്ചാൽ ദൂരെയുള്ള സ്ഥലങ്ങളിൽനിന്നും മാലിന്യം ശേഖരിച്ച് ഒരു സ്ഥലത്തു കൊണ്ടുവന്ന് അതിനെ നിർമാർജനം ചെയ്യുക. ഇത് നല്ലരീതിയിൽ നടക്കാതെ വരുമ്പോൾ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് മാലിന്യപ്ലാന്റിന് അഥവാ ലാൻഡ്ഫില്ലിന് സമീപപ്രദേശത്ത് താമസിക്കുന്ന ആൾക്കാർ മാത്രമാണ്. ഇതിൽ ഒരു സാമൂഹിക അസമത്വം നിലനിൽക്കുന്നുണ്ട്. നഗരത്തിന്റെ മുഴുവൻ, പലപ്പോഴും മറ്റു നഗരങ്ങളുടെയും മാലിന്യഭാരം യഥാർഥത്തിൽ ചുമക്കുന്നത് ഈ കുറച്ച് ആൾക്കാരാണ്. ആരോഗ്യപ്രശ്നങ്ങൾക്കു പുറെമ അവർക്ക് സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു.
ഭൂമിയുടെ മൂല്യം കുറയുക, വീടുകളിൽ സന്ദർശകരുടെ എണ്ണം കുറയുക, സ്ത്രീകളുടെ ജോലിഭാരം വർധിക്കുക, കുട്ടികൾക്ക് പുറത്തുപോയി കളിക്കാനുള്ള അവസരങ്ങൾ പരിമിതപ്പെടുക എന്നിങ്ങനെ തുടരുന്നു അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ. എന്നാൽ, ഇതിൽനിന്നും ദൂരെ മാറി താമസിക്കുന്നവർക്ക് പൊതുവെ ഒരു ‘Out of sight, out of mind’ മനോഭാവമാണ് കണ്ടുവരുന്നത്. മാലിന്യം നമ്മുടെ കൺവെട്ടത്തുനിന്ന് മാറുന്നതുവരെ മാത്രമാണ് നമ്മൾക്ക് ആശങ്ക. നമ്മൾ ഉൽപാദിപ്പിക്കുന്ന മാലിന്യം ഇവിടെ പോകുന്നു എങ്ങനെ നിർമാർജനം ചെയ്യപ്പെടുന്നു എന്നതിൽ ഒരുത്തരവാദിത്തവും നമ്മൾ കേന്ദ്രീകൃത സംവിധാനത്തിൽ ഏറ്റെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു പരിഹാരവഴിയാണ് വികേന്ദ്രീകൃത മാലിന്യസംസ്കരണം.
വികേന്ദ്രീകൃത മാലിന്യസംസ്കരണം
വികേന്ദ്രീകൃത മാലിന്യസംസ്കരണം ഊന്നൽകൊടുക്കുന്നത് ഉറവിടത്തിൽതന്നെ മാലിന്യം വേർതിരിച്ച് പരമാവധി അടുത്തുതന്നെ അതിനെ നിർമാർജനം ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, വീടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷണമാലിന്യങ്ങൾ നമുക്ക് വീടിന്റെ ചുറ്റളവിൽ അഥവാ സമീപപ്രദേശത്തുതന്നെ ശാസ്ത്രീയമായി നിർമാർജനം ചെയ്യാൻ ഒരു പരിധിവരെ സാധിക്കും. നമ്മൾ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം നമ്മൾതന്നെ ഏറ്റെടുക്കുക എന്ന ഒരു രാഷ്ട്രീയം കൂടെ വികേന്ദ്രീകൃത മാലിന്യസംസ്കരണം മുന്നോട്ട് വെക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനംതന്നെയാണ് കേരളം. 2012 കാലഘട്ടത്തിൽ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴ മുനിസിപ്പാലിറ്റി വികേന്ദ്രീകൃതമായ മാലിന്യം സംസ്കരിക്കുന്നതിൽ നടത്തിയ മുന്നേറ്റം രാജ്യത്തെമ്പാടും അന്താരാഷ്ട്രതലത്തിലും ശ്രദ്ധനേടിയിരുന്നു. അത് പിന്നീട് പല മുനിസിപ്പാലിറ്റികളും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ 2018 ഖരമാലിന്യ നയത്തിൽ വികേന്ദ്രീകൃത ഖരമാലിന്യ സംസ്കരണത്തിന് വളരെയധികം ഊന്നൽ കൊടുക്കുന്നുണ്ട്. എന്നാലും നിലവിലെ വികേന്ദ്രീകൃത മാലിന്യസംസ്കരണ രീതികളിൽ ഒരുപാട് പോരായ്മകളുണ്ട്.
സാങ്കേതികമായ പോരായ്മകൾ
നിലവിലെ രീതിയിൽ ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്നതിന് ചെറുകിട ബയോഗ്യാസ് പ്ലാന്റുകൾ, ബയോ ബിന്നുകൾ, പൈപ്പ് കമ്പോസ്റ്റിങ്, ഏറോബിക് ബിന്നുകൾ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകളാണ് നമ്മുടെ നാട്ടിൽ ഉപയോഗിച്ചുവരുന്നത്. ബൈക്കോബിന്നുകൾക്കും പൈപ്പ് കമ്പോസ്റ്റിങ്ങിനും അധികം സ്ഥലം ആവശ്യം ഇല്ലാത്തതിനാൽ വീടുകളിലും അപ്പാർട്മെന്റുകളിലും വളരെ എളുപ്പമായി ഉപയോഗിക്കാവുന്നതാണ്. ഏറോബിക് ബിന്നുകൾക്ക് കുറച്ചുകൂടി സ്ഥലം ആവശ്യമാണ്. ഒരു കമ്യൂണിറ്റി ലെവലിൽ അതായത് കുറച്ച് വീടുകൾ അഥവാ അപ്പാർട്മെന്റുകൾ ചേർന്ന് പരിപാലിക്കുകയാണെങ്കിൽ ഏറോബിക് ബിൻ യൂനിറ്റുകളാണ് ഉചിതം. എന്നാൽ, ഇവ ഉപയോഗിക്കുമ്പോൾ കരുതേണ്ട കുറച്ചുകാര്യങ്ങൾ കൂടെയുണ്ട്. ഈ പറഞ്ഞ ബിന്നുകളിൽ മാലിന്യം സംസ്കരിക്കുന്ന പ്രവർത്തനം നടത്തുന്നത് ബാക്ടീരിയകളും മണ്ണിരകളും ഒക്കെയാണ്. അവർക്ക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്നത് അതിന്റെ പരിപാലനത്തിന്റെ ഭാഗമാണ്. അധികം അമ്ലമോ ക്ഷാരമോ ഉൾപ്പെടുന്ന മാലിന്യങ്ങൾ ഉദാഹരണത്തിന് മുട്ടത്തോട്, നാരങ്ങ, വിനാഗിരി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ബാക്ടീരിയകളെ നശിപ്പിക്കും. ബാക്ടീരിയ വളരുന്നതിന് ഇടക്കിടെ ഇനോക്കുലവും ഉണങ്ങിയ ഇലകളും ചേർത്തുകൊടുക്കുകയും വേണം.
ബയോഗ്യാസ് പ്ലാന്റ് കുറച്ചുകൂടെ സെൻസിറ്റിവായ സാങ്കേതികവിദ്യയാണ്. അതിന്റെ പരിപാലനം ബിന്നുകളെ അപേക്ഷിച്ചു താരതമ്യേന ബുദ്ധിമുട്ടുള്ളതാണ്. നമ്മുടെ നാട്ടിലെ ഭൂരിഭാഗം ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തനരഹിതമാണ്. കാരണം എന്തെന്നാൽ:
1. അപര്യാപ്തമായ ഫീഡ്സ്റ്റോക്ക്: ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനക്ഷമമാകണമെങ്കിൽ അതിന്റെ ലോഡിങ് കപ്പാസിറ്റിക്ക് പര്യാപ്തമായ മാലിന്യം തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കണം. അതിൽ മുടക്കുവരുന്നത് അഥവാ അത് കൂടുന്നത്, രണ്ടും അതിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
2. പോഷകങ്ങളുടെ അസന്തുലിതാവസ്ഥ: ഭക്ഷ്യവസ്തുക്കളിലെ കാർബണിന്റെയും നൈട്രജന്റെയും അനുപാതം ഒരു ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനത്തിന് നിർണായകമാണ്. അനുപാതം വളരെ ഉയർന്നതോ കുറവോ ആണെങ്കിൽ, ബയോഗ്യാസ് ഉൽപാദനത്തിന് ഉത്തരവാദികളായ സൂക്ഷ്മാണുക്കൾ തഴച്ചുവളരില്ല, കൂടാതെ ബയോഗ്യാസ് ഉൽപാദനം കുറയുകയും ചെയ്യാം.
3. പി.എച്ച് അസന്തുലിതാവസ്ഥ: ബയോഗ്യാസ് പ്ലാന്റിന്റെ പി.എച്ച് 6.5 മുതൽ 7.5 വരെ നിലനിർത്തണം. പി.എച്ച് വളരെ കുറവോ വളരെ കൂടുതലോ ആണെങ്കിൽ, അത് സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ബയോഗ്യാസ് ഉൽപാദനം കുറയുകയും ചെയ്യും.
4. അനുചിതമായ മിശ്രിതം: സൂക്ഷ്മജീവികളുടെയും പോഷകങ്ങളുടെയും ഏകീകൃത വിതരണം ഉറപ്പാക്കാൻ ഫീഡ്സ്റ്റോക്ക് ശരിയായി മിശ്രിതമാക്കേണ്ടതുണ്ട്.
5. താപനില നിയന്ത്രണത്തിലെ അപര്യാപ്തത: താപനില വളരെ കുറവാണെങ്കിൽ, സൂക്ഷ്മജീവികളുടെ പ്രവർത്തനം മന്ദഗതിയിലാകും, അത് വളരെ ഉയർന്നതാണെങ്കിൽ സൂക്ഷ്മാണുക്കൾ മരിക്കും. അതിനാൽ, ശരിയായ താപനില നിയന്ത്രണം അത്യാവശ്യമാണ്.
6. ബയോഗ്യാസ് പ്ലാന്റിനുള്ളിലെ പൈപ്പുകളോ ഫിൽട്ടറുകളോ അടഞ്ഞുപോയാൽ, അത് ഒഴുക്ക് കുറയാനും ബയോഗ്യാസ് ഉൽപാദനം കുറയാനും ഇടയാക്കും.
നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തനരഹിതമാകുന്നതിനു കാരണം മേൽപറഞ്ഞ കാര്യങ്ങളെ പറ്റി സാധാരണക്കാർക്ക് പരിജ്ഞാനമില്ല എന്നതുകൊണ്ടാണ്. ഇനി അഥവാ ഇത്ര സങ്കീർണമായ കാര്യങ്ങൾ പഠിച്ചെടുത്തു എന്നുതന്നെ ഇരിക്കട്ടെ, അതിനനുസരിച്ചുള്ള പരിപാലനം നടത്താനുള്ള സമയം ആരുടെ പക്കലും ഇല്ല. എന്നാൽ ഇവ പ്രവർത്തനം മുടക്കുമ്പോൾ ആരെയെങ്കിലും സമീപിക്കാം എന്നുെവച്ചാൽ അതിനുള്ള ആൾക്കാരുടെ ലഭ്യതയും കുറവാണ്.
ഇതിനു വേണ്ടിയുള്ള ഒരു ഡെഡിക്കേറ്റഡ് workforce എന്നനിലക്കും അതുപോലെ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന മാലിന്യങ്ങൾ വീണ്ടും വേർതിരിച്ച് വാല്യൂ ചെയിനിലേക്ക് കടത്താനും വേണ്ടിയാണ് 2017ൽ കേരള ഗവണ്മെന്റ് ഹരിത കർമസേനക്ക് രൂപംകൊടുത്തത്. എന്നാൽ, ചില മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഒഴികെ മിക്ക സ്ഥലങ്ങളിലും ഹരിത കർമസേനക്ക് അവരുടെ പ്രവർത്തനം മാലിന്യം തരംതിരിക്കലിനപ്പുറം വിപുലീകരിക്കാനായിട്ടില്ല. മാത്രമല്ല തുച്ഛമായ വരുമാനത്തിലും പലപ്പോഴും മോശമായ തൊഴിൽ സാഹചര്യങ്ങളിലുമാണ് അവർ പണിയെടുക്കുന്നത്. ആളുകളുടെ സഹകരണക്കുറവും യൂസർഫീ കൊടുക്കുന്നതിലുള്ള അഭാവവും അവർക്ക് മുന്നിൽ വലിയ വെല്ലുവിളികളായി തുടരുന്നു.
വ്യക്തിഗത ശേഷിയിൽ, മിനിമം ചെയ്യേണ്ട ചില കാര്യങ്ങൾ
1. പരമാവധി മാലിന്യം ഉൽപാദിപ്പിക്കുന്നത് കുറക്കുക.
2. പുനരുപയോഗശേഷിയുള്ള വസ്തുക്കൾ പരമാവധി പുനരുപയോഗിക്കുക.
3. ഉറവിട മാലിന്യസംസ്കരണത്തിൽ മേൽപറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി സാങ്കേതികവിദ്യകളെ പരിപാലനംചെയ്യുക.
4. ഹരിത കർമസേനയോട് സഹകരിച്ച് മാലിന്യം ഉറവിടത്തിൽ വേർതിരിച്ചു കൊടുക്കുകയും കൃത്യമായി യൂസർഫീ കൊടുക്കുകയും ചെയ്യുക.
വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിലെ മേൽപറഞ്ഞ പോരായ്മകൾ എല്ലാം നികത്തിയാലും ചില മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ കേന്ദ്രീകൃത സംവിധാനങ്ങൾതന്നെ വേണം. അതിന്റെ സ്കെയിൽ ഇക്കണോമി മാലിന്യത്തിന്റെ അളവ് അനുസരിച്ച് മാറും. ഉദാഹരണത്തിന് ഇലക്ട്രോണിക് വേസ്റ്റ് റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം ഓരോ പഞ്ചായത്തിലും തുടങ്ങേണ്ട കാര്യമില്ല. ചിലപ്പോൾ സംസ്ഥാനത്തുതന്നെ ഒന്നു മതിയാവും. ഇതെല്ലാം കൃത്യമായി പ്ലാൻചെയ്ത് ചെയ്യേണ്ട കാര്യങ്ങളാണ്.
ആരു ചെയ്യും പ്ലാനിങ്?
നിലവിൽ തങ്ങളുടെ ഭരണപരിധിയിൽ വരുന്ന ഖരമാലിന്യങ്ങൾ കൈകാര്യം ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. എന്നാൽ, ഭൂരിഭാഗം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇപ്പറഞ്ഞ പ്ലാനിങ്ങിനുള്ള കാര്യശേഷിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ കാര്യശേഷി ഉണ്ടാക്കിയെടുക്കാൻ കേരളംപോലൊരു സംസ്ഥാനത്തിന് കുറച്ചുകൂടി എളുപ്പമാണ്. അധികാര വികേന്ദ്രീകരണത്തിലും ജനകീയാസൂത്രണത്തിലും മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ. അത്തരം നേട്ടങ്ങൾ നാം മാലിന്യസംസ്കരണ രംഗത്തും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
ഇതിനൊരു ഉത്തമ ഉദാഹരണമാണ് canalpy എന്ന പേരിൽ ആലപ്പുഴയിൽ ആരംഭിച്ച ടെക്നോളജി ആൻഡ് ഗവേർണൻസ് (TAGS) ഫോറം എന്ന സംരംഭം. 2017ൽ ആലപ്പുഴയുടെ കനാൽ നവീകരണത്തിനായി ഐ.ഐ.ടി ബോംബെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (KILA) ചേർന്നാണ് canalpyക്ക് രൂപംകൊടുക്കുന്നത്. വികേന്ദ്രീകൃതമായി പ്ലാനിങ് ആൻഡ് ഇംപ്ലിമെന്റേഷൻ നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാൻവേണ്ടി ലോക്കൽ എൻജിനീയറിങ് വിദ്യാർഥികളെ കാര്യക്ഷമത ഉള്ളവരാക്കുക എന്ന ലക്ഷ്യമായിരുന്നു ഈ സംരംഭത്തിന്. മാലിന്യനിർമാർജനത്തിനാവശ്യമായ ഡേറ്റ ജനറേഷൻ, സിറ്റുവേഷൻ അസസ് മെന്റ് പഠനങ്ങൾ, ശുചിത്വ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ നഗരസഭയെ സഹായിക്കുക എന്നിങ്ങനെ സാങ്കേതികമായും ഭരണപരമായും സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ TAGS ഒരു വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്.
യൂനിവേഴ്സിറ്റികളിൽ ഒതുങ്ങിപ്പോകുന്ന അക്കാദമിക് അറിവുകളും കഴിവുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രവർത്തനമികവിനുവേണ്ടി ഉപയോഗിക്കുക എന്ന നൂതന ആശയമാണ് TAGSനെ നയിക്കുന്നത്. ഇതുപോലെ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും പ്ലാൻ ചെയ്യാൻ കഴിവുള്ള സാങ്കേതികവിദഗ്ധരുടെ ലഭ്യത വികേന്ദ്രീകൃത ആസൂത്രണങ്ങളുടെയും തീരുമാനങ്ങളുടെയും കാര്യക്ഷമത ഒരു പരിധിവരെ മെച്ചപ്പെടുത്താൻ സഹായകരമാകും.
ഇതുപോലുള്ള ചർച്ചകൾ ബ്രഹ്മപുരത്തെ തീ അണയുന്നതോടൊപ്പം അണയാനുള്ളതല്ല. മാലിന്യരഹിത കേരളത്തിലേക്ക് നമുക്ക് ഇനിയും അധികദൂരം മുന്നോട്ടുപോവേണ്ടതുണ്ട്. പൊതുജനങ്ങളുടെ സഹകരണം ഇതിൽ അത്യന്താപേക്ഷിതമാണ്. അതിനായുള്ള ബോധവത്കരണ പ്രചാരണങ്ങൾ വരുംദിനങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം.
(െഎ.െഎ.ടി ബോംബെയിലെ അശാങ്ക് ദേശായി സെന്റർ ഫോർ പോളിസി സ്റ്റഡീസിൽ ഗവേഷകയാണ് ലേഖിക)