കാടിറങ്ങുന്ന മൃഗങ്ങളും കാടു കയറുന്ന മനുഷ്യരും

വയനാടും ഇടുക്കിയുമുൾെപ്പടെ വനമേഖലാ പരിസരങ്ങളിൽ പതിവായി മൃഗശല്യത്തെയും ആൾനാശത്തെയും പറ്റി വാർത്തകൾ വരുന്നു. ഇതിൽ ജനരോഷം ശക്തമാണ്. ശാസ്ത്രീയമായി ഇൗ വിഷയത്തെ പരിശോധിക്കേണ്ടത് എങ്ങനെയാണ്? എന്താണ് പ്രതിവിധി? പരിസ്ഥിതി-വനം-കാലാവസ്ഥ മാറ്റം വകുപ്പിന്റെ നേതൃത്വത്തില്‍ ദീർഘകാല വീക്ഷണത്തോടെ രാജ്യത്താകെ ഭാവിയിലെ ആക്ഷൻ പ്ലാനായി (2026-30) പുറത്തിറക്കിയ രേഖയുടെ പശ്ചാത്തലത്തിൽ മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് എഴുതുന്നു. ഇൗ ചർച്ചയിലൂടെ ആഴ്ചപ്പതിപ്പ് മറ്റൊരു സംവാദത്തിനുകൂടി വേദിയാവുകയാണ്. ദിവസവും മനുഷ്യർ ...
Your Subscription Supports Independent Journalism
View Plansവയനാടും ഇടുക്കിയുമുൾെപ്പടെ വനമേഖലാ പരിസരങ്ങളിൽ പതിവായി മൃഗശല്യത്തെയും ആൾനാശത്തെയും പറ്റി വാർത്തകൾ വരുന്നു. ഇതിൽ ജനരോഷം ശക്തമാണ്. ശാസ്ത്രീയമായി ഇൗ വിഷയത്തെ പരിശോധിക്കേണ്ടത് എങ്ങനെയാണ്? എന്താണ് പ്രതിവിധി? പരിസ്ഥിതി-വനം-കാലാവസ്ഥ മാറ്റം വകുപ്പിന്റെ നേതൃത്വത്തില്‍ ദീർഘകാല വീക്ഷണത്തോടെ രാജ്യത്താകെ ഭാവിയിലെ ആക്ഷൻ പ്ലാനായി (2026-30) പുറത്തിറക്കിയ രേഖയുടെ പശ്ചാത്തലത്തിൽ മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് എഴുതുന്നു. ഇൗ ചർച്ചയിലൂടെ ആഴ്ചപ്പതിപ്പ് മറ്റൊരു സംവാദത്തിനുകൂടി വേദിയാവുകയാണ്.
ദിവസവും മനുഷ്യർ വന്യജീവികളാൽ ആക്രമിക്കപ്പെട്ട വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു ഒറ്റമൂലി ലഭ്യമല്ലാത്തതിനാല്‍ ഇത് ഇനിമുതല്‍ ഒരു നിത്യവാര്‍ത്ത ആകാനാണ് സാധ്യത. കുറച്ചു വർഷങ്ങളായി മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം (Human –wild life conflict) കൂടിവരുകയാണ്. പ്രധാനമായും ആന, കടുവ തുടങ്ങിയ വന്യമൃഗങ്ങളാണ് ഇതില്‍ പ്രതിസ്ഥാനത്തുള്ളത്.
വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യമരണങ്ങളിൽ 2019-20 , 2020-21, 2021-22 വർഷങ്ങളിൽ ആനയുടെ ആക്രമണംമൂലം യഥാക്രമം 585, 461, 533 പേരും കടുവയുടെ ആക്രമണംമൂലം 50, 44, 31 പേരും മരണപ്പെട്ടു. ഇന്ത്യയില്‍ വർഷത്തിൽ ആനകളുടെ ആക്രമണംമൂലം ശരാശരി 500 പേർ മരിക്കുന്നു. തിരിച്ച് 100 ആനകളും ചാകുന്നു. 1997ലെ ‘മൈക്’ കരാറിൽ (Monitoring Illegal Killing of Elephants) ഒപ്പുവെച്ച ഒരു രാജ്യമാണ് ഇന്ത്യ.
കേരളത്തിൽ 10 വർഷത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം 1310 പേർ മരിച്ചിട്ടുണ്ട്. എട്ടു വർഷത്തിനുള്ളിൽ 70 കോടിയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. 2022-23 വർഷത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 8873 വന്യജീവി ആക്രമണങ്ങളിൽ 4193 എണ്ണം ആനമൂലവും 244 എണ്ണം കടുവകളും 1524 എണ്ണം കാട്ടുപന്നികളും 32 എണ്ണം കാട്ടുപോത്ത് മൂലവും ആയിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടുകൾപ്രകാരം കേരളത്തിൽ 1004 പ്രദേശങ്ങൾ സംഘർഷസാധ്യത ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്, കണ്ണൂർ, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഈ പ്രദേശങ്ങൾ ഉള്ളത്.
വന്യജീവി സംഘർഷങ്ങൾമൂലം വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് അവരുടെയും വളർത്തുമൃഗങ്ങളുടെയും ജീവനുകളും സ്വത്തും വിളയും നശിപ്പിക്കപ്പെടുന്നതിനാൽ കോടികളുടെ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് വര്‍ഷങ്ങളായി കൂടിവരുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ജനങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും മടിച്ചിരിക്കയാണ്. ഇത് ജനങ്ങളിൽ വനങ്ങള്‍ക്കും വനജീവികൾക്കുമെതിരെ ശത്രുക്കൾക്കെതിരെയെന്നപോലെ അസഹിഷ്ണുത കൂട്ടുന്നു. പണ്ടുണ്ടായിരുന്ന സഹവർത്തിത്വത്തിന്റെ വഴി തുറന്ന സംഘർഷത്തിലേക്ക് നീളുകയും ചെയ്യുന്നു.
ഭൂമിയില്‍ മനുഷ്യന്റെ അതിജീവനത്തിനും ഉപജീവനത്തിനും സന്തുഷ്ടതക്കും അടിസ്ഥാനമായ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് വനങ്ങളും ജന്തുജാലങ്ങളും ചേർന്ന ജൈവവൈവിധ്യം അടിസ്ഥാനമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം കൂടുന്നതിനനുസരിച്ചും, മാറിക്കൊണ്ടിരിക്കുന്ന കൃഷി ആവശ്യങ്ങൾക്കും അവയുടെ സ്വഭാവത്തിന് അനുസരിച്ചും നിരന്തരം വ്യാപിപ്പിക്കുന്ന ഖനന-വ്യവസായ ആവശ്യങ്ങൾക്കും മനുഷ്യർ കൂടുതൽ കൂടുതൽ കടന്ന് കയറി വനത്തിെൻറ വിസ്തൃതിയും വൈവിധ്യവും കുറച്ചുകൊണ്ടിരിക്കയാണ്. ഈ അവസ്ഥയിൽ രണ്ട് വിഭാഗങ്ങളും തങ്ങളുടെ നിലനിൽപിന് ആത്യാവശ്യമായ ജൈവപരമോ സാമ്പത്തികപരമോ ആയ പരിമിതമായ ഒരേ ഇടത്തിലെ പ്രകൃതിവിഭവങ്ങള്‍ക്കായി പരസ്പരം മത്സരം ഉണ്ടാകുന്നതാണ് സംഘർഷത്തിന്റെ അടിസ്ഥാന കാരണം.
സംഘർഷഭരിതമായ അവസ്ഥയിൽ മനുഷ്യരും വിവേചന ശേഷിയില്ലെന്ന് കരുതുന്ന മിണ്ടാപ്രാണികളായ വന്യജീവികളും രണ്ടുചേരിയായി തിരിഞ്ഞു പരസ്പരവിരുദ്ധമായ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി ഒരിടത്ത് നിലനിൽക്കുന്നു. ഇൗ അവസ്ഥയിൽ മനുഷ്യരെയും വന്യജീവികളെയും സംഘർഷങ്ങളിൽനിന്ന് രക്ഷപ്പെടുത്തുന്നതിന് കൈയടികള്‍ കിട്ടുന്ന താൽക്കാലിക എടുത്തുചാട്ടങ്ങള്‍ക്ക് അപ്പുറം ശാസ്ത്രീയമായ സമവായ നിലപാടുകൾതന്നെ വേണ്ടിവരും.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പ്രധാനമായും കാരണമാകുന്നത് കാലങ്ങളായിട്ടുള്ള, തികച്ചും ആന്ത്രോപോജനിക്കുമായ (മനുഷ്യനിർമിതം) ആവാസവ്യവസ്ഥയുടെ സമ്മർദങ്ങളും ഭൂപ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ്. ഇതിന് രോഗലക്ഷണങ്ങളെമാത്രം കണ്ട് ചികിത്സിക്കാതെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹാരം തേടണം.
അതിനാൽതന്നെ ഇപ്പോൾ നടത്തപ്പെടുന്ന വികസനത്തിന്റെയും, ജൈവവൈവിധ്യം നിലനിർത്തുന്ന ഏതുതരം ചർച്ചകളിലും ഈ വന്യജീവിസംഘർഷ പ്രശ്നം ലഘൂകരിക്കുന്നത് ഒരു പ്രധാന വിഷയമായി വരേണ്ടതുണ്ട്. ഇന്ത്യയിലാകെ ഇത്തരം വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ധർ ചേർന്ന് പരിസ്ഥിതി-വനം-കാലാവസ്ഥ മാറ്റം വകുപ്പിന്റെ നേതൃത്വത്തില്‍ ദീർഘകാല വീക്ഷണത്തോടെ ആക്ഷൻ പ്ലാനായി (2026 -30) ഒരു രേഖ തയാറാക്കിയിട്ടുണ്ട്. പുറമെ അധികം ചർച്ചചെയ്യപ്പെടാത്ത ഈ രേഖയുടെ വായനയിൽ വിദഗ്ധർ മുന്നോട്ടുവെച്ച അടിസ്ഥാന വിവരങ്ങളും അനുബന്ധ ചിന്തകളുമാണ് ഈ ലേഖനത്തിന്റെ ആധാരം.
വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ മൂന്ന് രീതിയിലുള്ള സമീപനമാണ് രേഖയിൽ വിദഗ്ധർ സ്വീകരിച്ചിട്ടുള്ളത്. ഒന്നാമതായി, മനുഷ്യരും വന്യജീവികളുമായി ഇടപെടുമ്പോഴുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ കുറക്കാനായി താല്‍ക്കാലിക ‘ബാന്‍ഡ് എയ്ഡ്’ ചികിത്സകള്‍ക്കു പകരം അവയുടെ അടിസ്ഥാന കാരണങ്ങളെ കണ്ടെത്തുകയും ഇവയിൽ ഉൾപ്പെടുന്ന വിവിധ മേഖലകളിലെ (വനം, മൃഗസംരക്ഷണം, പരിസ്ഥിതി, കാലാവസ്ഥ മാറ്റം, കൃഷി, ആരോഗ്യം തുടങ്ങിയ) വൈദഗ്ധ്യ സഹായത്തോടെ പരിഹാരത്തിന് ശ്രമിക്കുകയും വേണം.
രണ്ടാമതായി, ഇതിനായി ഇപ്പോള്‍ ലോകത്ത് ലഭ്യമായിട്ടുള്ള ആധുനികമായ സാങ്കേതികവിദ്യകൾക്ക് ഒപ്പംതന്നെ വനപ്രദേശത്ത് തലമുറകളായി ജീവിച്ചുവരുന്ന വനവാസി-ഗോത്ര വിഭാഗങ്ങളിലുള്ളവരുടെ പാരമ്പര്യമായ അറിവുകളും നാടന്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കണം. മൂന്നാമതായി, മനുഷ്യരുടെ മാത്രം താൽപര്യങ്ങള് പരിഗണിച്ച് വന്യജീവികളുടെ നിലനിൽപ് അവഗണിച്ച് ഏകപക്ഷീയമല്ലാതെ രണ്ട് ഭാഗത്തും ആഘാതങ്ങൾ കുറക്കുന്നത് പരിഗണിച്ചായിരിക്കണം പ്രവർത്തനം.
ഇതിനായി വിവിധതലത്തില്‍ ജനങ്ങളുടെ ഭാഗത്ത് തുടർച്ചയായ ബോധവത്കരണ പരിപാടികളും അക്രമങ്ങള്‍ കുറക്കാനുള്ള സുരക്ഷ, പ്രതിരോധ നടപടികളും ഉണ്ടാകുന്ന ആഘാതങ്ങൾക്ക് തക്കതായ നഷ്ടപരിഹാരവും വേണ്ടതുണ്ട് എന്നൊക്കെയാണ് ഇതിലെ പ്രശ്ന സമീപന രീതികള്‍.
അടിസ്ഥാനപരമായി ചില മാർഗനിർദേശക (ഗൈഡിങ്) തത്ത്വങ്ങൾ ആദ്യമേ മുന്നില്‍വെച്ച് അതിനെ അവലംബിച്ചാണ് പിന്നിടുള്ള പ്രവർത്തനങ്ങള്‍ നിര്‍ദേശിക്കുന്നത്. ഇത് പ്രകാരം ആദ്യംതന്നെ ഉദ്ദേശിക്കുന്നത് മനുഷ്യരും വന്യജീവികളും തമ്മിൽ ഒരു പ്രദേശത്ത് പരസ്പരം യോജിച്ചുള്ള സഹവർത്തിത്വമാണ്. അതിനാല്‍തന്നെ ഇത് പ്രകൃതിയിൽ മനുഷ്യരുടെയും വന്യജീവികളുടെയും അടിസ്ഥാന ആവശ്യങ്ങൾ ഒരുപോലെ തുലനംചെയ്ത് പരിഗണിക്കുന്നവിധത്തിലായിരിക്കണം പരിഹാരങ്ങൾ എന്ന ആശയത്തെയും മുന്നോട്ടുവെക്കുന്നുണ്ട്.
പ്രശ്നപരിഹാരത്തിനായി എടുക്കുന്ന നടപടികൾ ഏതു തരത്തിലുള്ളതായാലും അത് പ്രശ്നത്തിന്റെ, ഇരുവിഭാഗത്തിന്റെയും എല്ലാ വശവും പരിശോധിച്ച് ഹോളിസ്റ്റിക് സമഗ്ര സമീപനത്തിലുള്ളതായിരിക്കണം എന്നാണ് ഇതിലെ കാഴ്ചപ്പാട്. ഒരു ഭാഗത്ത് വനത്തെയും വന്യജീവികളെയും പരിരക്ഷിക്കുമ്പോഴും മറുഭാഗത്ത് ഇവയൊക്കെ ഏതു വിധേനയും മനുഷ്യരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ കുറക്കാൻ ഏറ്റവും നന്നായി ഉപകരിക്കുന്നതുമാകണം.
വന്യജീവികളുടെ സ്വഭാവരീതിപ്രകാരം ആന, കടുവ തുടങ്ങിയവ ഒരു ഭൂപ്രദേശത്ത് വിശാലമായി പരന്നുകിടക്കുന്നതിനാലും പ്രകൃതിയിൽ അവർക്ക് മനുഷ്യരെപ്പോലെ ഭരണപരമായതോ രാഷ്ട്രീയപരമായതോ ആയ അതിർത്തികൾ ബാധകമല്ലാത്തതിനാലും നിലവിലുള്ള ഭരണപരമായ റവന്യൂ അതിർത്തികൾക്കുമപ്പുറം ഭൂപ്രകൃതിക്കനുസരിച്ച് (Landscape) സമീപനരീതിയില്‍ രൂപപ്പെടുത്തിയതായിരിക്കണം ഇതോടനുബന്ധിച്ച ഭാവിയിലെ നിയന്ത്രണ പ്രവർത്തനങ്ങളും നടപടിക്രമങ്ങളും. ഇതിനർഥം വിവിധ സംസ്ഥാനങ്ങളും അതിലെ ജില്ല അധികാരികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോജിച്ചുവേണം ഇതില്‍ പ്രവർത്തിക്കേണ്ടത് എന്നതാണ്.
സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും പതിവ് പ്രവർത്തനരീതിപോലെ മുകളിൽനിന്ന് താഴേക്ക് അടിച്ചേൽപിക്കുന്നത് അല്ലാത്തവയും, താഴെയുള്ളവരെയും പ്രാദേശികവാസികളെയും ഉൾപ്പെടുത്തി പങ്കാളിത്ത സമീപനത്തിലൂടെയുമായിരിക്കണം ഇവ വിഭാവനം ചെയ്യപ്പെടേണ്ടത്. പ്രാദേശിക സര്‍ക്കാറുകളും ജനപ്രതിനിധികളും ഊരുകൂട്ടങ്ങളും വനപാലകരും കാടിനെ ആശ്രയിച്ചു കഴിയുന്നവരും ഇതില്‍ ഒരുപോലെ പങ്കാളികളാകണം. ഇതിനായി ആദിവാസി മേഖലകളില്‍ പലയിടത്തും നടപ്പാക്കാന്‍ മറന്നുപോയ വനാവകാശ നിയമം (Forest right act 2006) ഇവിടെ സജീവമാകേണ്ടതുണ്ട്.
ഇതോടൊപ്പംതന്നെ സാധാരണ ജനങ്ങളിലും സർക്കാർ വിഭാഗങ്ങളിലെ ജീവനക്കാരിലും (വനം, മൃഗസംരക്ഷണം, പരിസ്ഥിതി, ആദിവാസി, പ്രാദേശിക സർക്കാറുകൾ തുടങ്ങിയ) എല്ലാതലത്തിലും ഇതിനായി ബോധവത്കരണം, കാര്യശേഷി വർധനക്കുള്ള ടൂളുകളും വികസിപ്പിക്കണം. ഇതിനായി വിവിധ തലങ്ങളില്‍ തുടര്‍ പരിശീലനങ്ങള്‍ വേണ്ടതുണ്ട്. ഇതൊക്കെയാണ് ഇതിന്റെ പ്രധാന മാർഗനിർദേശക(ഗൈഡിങ് ) തത്ത്വങ്ങൾ.
ചാലകശക്തികൾ
പ്രശ്നത്തിന്റെ പരിഹാരങ്ങൾ തേടുമ്പോൾ ഒന്നാമതായി കാലാകാലമായി മനുഷ്യർ തുടരുന്ന പ്രവൃത്തികളും അവ പ്രകൃതിയിലും കാലാവസ്ഥയിലും ആവാസവ്യവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സംഘർഷങ്ങളുടെ കാരണമായ ചാലകശക്തികൾ (Driving force) എന്നു കാണാം. ഇവയെ തിരിച്ചറിഞ്ഞു മുന്‍ഗണനകള്‍ നല്കി പരിഹാര നടപടികള്‍ എടുക്കണം. രണ്ടാമതായി, ഈ ചാലകശക്തികൾ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന ചില സമ്മർദങ്ങളാണ് (Pressure) സംഘർഷങ്ങളിലേക്ക് നയിക്കുന്നതെന്നും കാണാം. അതിനാൽ, ഈ സമ്മർദങ്ങൾ കൂടിവന്നു മനുഷ്യർക്കിടയിലും വന്യജീവികളിലും തുടര്‍ സംഘർഷങ്ങളിലേക്ക് എത്തപ്പെടുന്ന ചില അവസ്ഥ (State) കളിലേക്ക് നയിക്കുന്നു.
ഇത്തരം അവസ്ഥകൾ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ (Vulnerability) കൂട്ടുകയും ചെയ്യുന്നുണ്ട്. ഇത് ആന്ത്രോപോജെനിക് ആയി നടന്നുകൊണ്ടിരിക്കുന്ന ചാക്രികമായ പ്രക്രിയയാണ്. വനമേഖലകളിൽ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന സമ്മർദങ്ങൾ കുറക്കാനും, അനുകൂലമായ അവസ്ഥകൾ നിരന്തരം മോണിറ്റർ ചെയ്ത് സംഘര്‍ഷസാധ്യതകൾ ഉണ്ടാകുന്നത് കുറക്കാനും നിരന്തരം ശ്രമങ്ങൾ വേണ്ടതുണ്ട്.
വിദഗ്ധസമിതി സംഘർഷങ്ങൾ ഉണ്ടാകാനുള്ള ചാലകശക്തി കാരണങ്ങളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയില്‍ പ്രധാനമായിട്ടുള്ളത് ഇവയൊക്കെയാണ്: വര്‍ഷങ്ങള്‍ കഴിയുംതോറും മനുഷ്യരിൽ ഉണ്ടാകുന്ന ജനസംഖ്യ വർധനയും വിവിധ ഭൂപ്രദേശങ്ങളിൽ ആളുകളുടെ സാന്ദ്രതയിലും വിന്യാസത്തിലും ഡിസ്പേഴ്സലിലും (വിതരണം) ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങൾ. ഫുഡ് ചെയിനിലെ വ്യത്യാസങ്ങള്‍ അനുസരിച്ച് വനങ്ങളിലെ മൃഗങ്ങളിലും ഇതുപോലെ എണ്ണം കൂടുതലും സാന്ദ്രത കൂടുതലും ഉണ്ടാകാം. മാറുന്നകാലത്തെ ജനങ്ങളിലെ ജീവിതശൈലികളിലെയും തൊഴിലുകളിലെയും മാറ്റങ്ങൾ, ഒപ്പം ഇവയെ സ്വാധീനിക്കുന്ന സാമ്പത്തികമായി ജനങ്ങളിലെ ഉയർന്ന അഭിലാഷങ്ങൾ ഇവയൊക്കെ കൂടുതൽ ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിക്കാനും വനങ്ങളെ നശിപ്പിക്കാനും മനുഷ്യര്‍ക്ക് പ്രേരകമാകുന്നുണ്ട്.
മുതലാളിത്ത വ്യവസ്ഥയില്‍ പുതിയ വികസന പരിപ്രേക്ഷ്യത്തിൽ ജനങ്ങളിൽ പൊതുബോധമായി സൃഷ്ടിച്ചെടുത്തിട്ടുള്ള വന്യജീവികൾ, വനങ്ങൾ, കാലാവസ്ഥ മാറ്റം, ദുരന്തങ്ങൾ ഇവയെക്കുറിച്ചുള്ള ലഘൂകരിക്കപ്പെട്ട മനോഭാവങ്ങൾ മേൽപറഞ്ഞ അവസ്ഥകളെ വര്‍ത്തമാനകാലത്ത് പോഷിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പംതന്നെ ത്വരിതമായി നടത്തപ്പെടുന്ന ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, നഗരവികസനം, നിർമാണ പ്രവർത്തനങ്ങൾ, ഖനന/ വ്യവസായ പ്രവൃത്തികൾ, ടൂറിസം എല്ലാം ആവാസവ്യവസ്ഥകളെ ബാധിക്കുന്നതാണ്.
ത്വരിതസാമ്പത്തിക വികസനമെന്ന ലക്ഷ്യത്തിൽ ഊന്നിയ ഈ മേഖലകളുമായി ബന്ധപ്പെട്ട ഭരണപരമായ എല്ലാ നയമാറ്റങ്ങളും നിയമഭേദഗതികളും നിലവില്‍ ഒരു സ്ഥലത്തെ വനമേഖലകളുടെ വിസ്തൃതിയോ ഗുണമോ കുറക്കുന്നതാണ്. ഇതിനെ തുടർന്നുണ്ടായിട്ടുള്ള വനമേഖലകളിലെ ആവസവ്യവസ്ഥകളുടെ തകർച്ചകളും ഭാഗികമായ മുറിപ്പെടലുകളും നഷ്ടപ്പെടലുകളും ഈ സംഘർഷങ്ങളുടെ ചാലകശക്തികളാണ്. ഈ ചാലകശക്തികളുടെ തീവ്രത കുറക്കാൻ താഴെ പറയുന്ന ലക്ഷ്യങ്ങൾ വെച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

ഇനിമുതൽ വനമേഖലകളിലല്ലെങ്കിലും നാട്ടിൽ എവിടെയും നടപ്പാക്കുന്ന കൃഷി, തോട്ടം, ഇൻഫ്രാസ്ടക്ചർ –റോഡുകൾ, പാലങ്ങൾ, റെയിൽ, ഗ്രാമവികസനം, ടൂറിസം, വൈദ്യുതി, ഊർജം, ഖനനം ഈ മേഖലകളിലൊക്കെ എല്ലാ പ്രവർത്തനങ്ങളിലും ആസൂത്രണംതൊട്ട് തന്ത്രപരമായ പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ വേണ്ടതുണ്ട്. അതുപോലെ ഇനിമുതല്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ നടപ്പാക്കപ്പെടുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ വികസന പ്രവർത്തനങ്ങളും വന്യജീവിസംഘർഷങ്ങൾക്ക് നേരിട്ടോ അല്ലാതെയോ കാരണമായേക്കാമെന്ന സാധ്യത മുന്നിൽ കാണേണ്ടതുണ്ട്.
പ്രത്യേകിച്ച് തോട്ടമേഖലകളിലും ഗ്രാമീണ-വന മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ ഭരണഘടന ആർട്ടിക്ൾ 480 പ്രകാരം പരിസ്ഥിതി, വന-വന്യജീവി സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് കർശനപരിശോധനകൾ നടത്തേണ്ടതുണ്ട്. വന്യജീവികളുടെ സഞ്ചാരപഥം തടസ്സപ്പെടുത്തുകയോ അവയുടെ സഞ്ചാരപഥത്തിന്റെ വിസ്തൃതി കുറക്കുകയോ ചെയ്യുന്ന ഏതൊരു ചെറിയ ഇടപെടലും അവയെ വേറെ സ്ഥലങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും അത് ജനവാസ മേഖലയുംകൂടിയാകുമ്പോള് അതുവഴി സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഇത്തരം പ്രവൃത്തികൾ ആസൂത്രണ ഘട്ടത്തില്‍തന്നെ ആദ്യമേ കണ്ടെത്തി മുളയിലേ നുള്ളിക്കളയണം.
ജനസംഖ്യാ വർധനക്കും വിവിധ ആവശ്യങ്ങൾക്കായിട്ടുള്ള ആളുകളുടെ മൈഗ്രേഷനുകൾക്കുമൊപ്പം പ്രദേശത്തെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും ആവശ്യവും കൂടിവന്നുകൊണ്ടിരിക്കുകയാണ്. ഇതിനനുപാതമായി കാട് മനുഷ്യവാസ പ്രദേശങ്ങളോ കൃഷിയിടങ്ങളോ തരിശോ ആയിക്കൊണ്ടിരിക്കുന്നുണ്ട്. ഇവ അവിടങ്ങളിലുള്ള വന്യജീവികളുടെ അതിജീവനം സാധ്യമല്ലാതാക്കുന്നു. അതിനാൽ സംഘർഷങ്ങൾ കുറക്കാൻ വനഭൂമിക്ക് പുറമേ അവക്ക് ചുറ്റുമുള്ള ഇടങ്ങളിൽകൂടി ഭ്രവിനിയോഗവും ജലലഭ്യതയും സസ്യജാലങ്ങളുടെ മാറ്റങ്ങളും നിരന്തരം കൃത്യമായി മോണിറ്റർ ചെയ്യപ്പെടേണ്ടതുണ്ട്.
സംഘർഷം സാധ്യത മുൻകൂട്ടി അറിഞ്ഞ് ആക്രമണം/അപകടത്തിൽനിന്ന് രക്ഷെപ്പടാനും സുരക്ഷാമാർഗം അവലംബിക്കാനും ജനത്തെ പ്രാപ്തരാക്കണം. അപകടസാധ്യത മനസ്സിലാക്കാനും മുൻകൂട്ടി അറിയാനും സംവിധാനങ്ങൾ ഉണ്ടായിരിക്കണം.സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അവയുടെ അതിജീവനം സാധ്യമാക്കുകയും ചികിത്സ, സാമ്പത്തിക സഹായങ്ങൾ എന്നിവ സമയത്തിന് ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി ഈ പ്രദേശങ്ങളില്‍ ആംബുലന്‍സ്, ആശുപത്രി സൗകര്യങ്ങള്‍ കൂട്ടണം. ഇവയെ കുറിച്ചൊക്കെ പൊതുജനങ്ങളിൽ ധാരണ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
വനമേഖലയിൽ ജീവിക്കുന്നവർക്ക് വനജീവികളോടൊപ്പം സഹവർത്തിത്വത്തോടെ ഒന്നിച്ച് പുലരാനുള്ള/ സഹവസിക്കാനുള്ള ശേഷി ഉണ്ടാക്കണം. കാടുകളുമായി അടുത്ത് ജീവിക്കുന്ന പല ആദിവാസി/ഗോത്ര വിഭാഗങ്ങളിലും ഇവയൊക്കെ നാട്ടറിവുകളായി കൂടെയുണ്ട്. മൃഗങ്ങളുടെ പെരുമാറ്റം, സ്വഭാവം ,ജീവികളടെ മാറ്റം തിരിച്ചറിയൽ, അതിനനുസരിച്ചുള്ള പ്രതികരണങ്ങൾ ഇതിലൊക്കെ നൈപുണ്യമുണ്ടാകുന്നത് പ്രശ്നപരിഹാരത്തിനുള്ള വിവേകപൂർണമായ ചില പ്രാദേശിക ഉത്തരങ്ങളാണ്. കാടുകളെയും വന്യമൃഗങ്ങളെയും അവയുടെ പെരുമാറ്റരീതികളെയും സംബന്ധിച്ച ശരിയായ വിവരങ്ങൾ അറിയാനും കൈകാര്യംചെയ്യാനും പൊതുജനങ്ങൾക്ക് പ്രാപ്തി ഉണ്ടാക്കിയെടുക്കണം.
ഇത് ഇവയെ സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് കുറക്കാനും പൊതുജനത്തിലെ ഭീതി കുറക്കാനും സഹായിക്കുന്നതുമായിരിക്കണം. ഇതിനായി പത്ര-ഇലക്ട്രോണിക് മീഡിയ പ്രവർത്തകരെയും മീഡിയകളെയും സജ്ജമാക്കണം. വന്യമൃഗങ്ങളെക്കുറിച്ചുള്ള നെഗറ്റിവ് ഇമേജ് ഉണ്ടാക്കുന്ന വാർത്തകൾ ജനങ്ങളെ അവര്‍ക്കെതിരെ ‘തോക്കെടുത്ത്’ തിരിക്കുവാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍ ഇത്തരം വിവരങ്ങള്‍ നൽകുന്നത് നിരുത്സാഹപ്പെടുത്തി അവയുമായി സഹവസിക്കാനുള്ള അറിവുകൾ കൂടുതല്‍ നൽകണം.
വന്യജീവി സംഘർഷങ്ങൾ കുറക്കാനുള്ള മെസേജുകൾ ശാസ്ത്രീയമായി വിവിധ ഭാഷകളിൽ നിർമിക്കുകയും അവയൊക്കെ മീഡിയകളിൽ തുടർച്ചയായി നൽകുകയും പ്രചരിപ്പിക്കുകയും വേണം. 2022ൽ ഓസ്കർ അവാർഡ് കിട്ടിയ ‘എലിഫന്റ് വിസ്പേഴ്സ്’ എന്ന ഡോക്യുമെന്ററി ഇത്തരത്തിൽ ഒരു ഉദാഹരണമാണ്. മറിച്ച് പടയപ്പ എന്ന, മുമ്പ് ആളുകളോട് സൗഹൃദമായി പെരുമാറിയിരുന്ന ഇടുക്കിയിലെ ആനയെക്കുറിച്ച് ഇപ്പോൾ വരുന്ന മീഡിയ വാർത്തകൾ ആളുകളെ ആനകൾക്ക് എതിരായിത്തീർക്കാനാണ് സാധ്യതകൾ.
ചെറുപ്പത്തിലേ പിടികൂടുക: വിദ്യാർഥികളിൽ പ്രകൃതിസംരക്ഷണത്തെയും സുസ്ഥിര വികസനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽ ആരംഭിച്ച നാഷനൽ ഗ്രീൻ ക്രോപ്സ് പ്രവർത്തനം മാതൃകാപരമായി രാജ്യത്താകെ വ്യാപിപ്പിച്ച് കാര്യക്ഷമമാക്കുന്നത് വന്യമൃഗങ്ങളോടുള്ള സമീപനം ശരിയായ ദിശയിലാകാൻ സഹായകരമായിരിക്കും. ചെറുപ്രായത്തിലേ നാഷനൽ ഗ്രീൻ കോർപ്സ് കാഡറ്റുകൾ ഇത്തരം സന്ദേശങ്ങൾ സ്വായത്തമാക്കി ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക്ക് എത്തിക്കയും വോണം. ഇവരെ ‘ഗ്രീൻ കമ്യൂണിറ്റി അംബാസഡർ’മാരായി മാറ്റാം.
ചാലകശക്തികൾ ഉണ്ടാക്കുന്ന സമ്മർദങ്ങള്‍
ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ച ചാലകശക്തികൾ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്ന സമ്മർദങ്ങളെ കുറക്കാനുള്ള പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്. ഇവ ഉണ്ടാകുന്നത് മിക്കതും വിശക്കുമ്പോള്‍മാത്രം ഇരതേടുന്ന, ആവാസവ്യവസ്ഥയില്‍ മാറ്റംവരുത്താത്ത വന്യജീവികളെ അപേക്ഷിച്ച് പരിസരങ്ങളെ മാറ്റിത്തീര്‍ക്കുന്ന ‘ആന്ത്രോപോജനിക്’ ആയതിനാൽ മനുഷ്യരുടെ പക്ഷത്തുനിന്നുതന്നെയാണ് ഇടപെടലുകളും വേണ്ടത്.
മനുഷ്യരുടെ അതിജീവന പ്രവൃത്തികൾ പലതും വനവിഭവങ്ങൾ നശിപ്പിച്ചോ വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ വിസ്തൃതി കുറച്ചോ ആവാസവ്യവസ്ഥ അവക്ക് അതിജീവിക്കാൻ പറ്റാത്ത വിധത്തിൽ മാറ്റിത്തീർത്തോ ആയിരിക്കും സാധ്യമാകുന്നത്. ഇങ്ങനെ ജൈവവൈവിധ്യം (Bio diversity), ഭക്ഷ്യശൃംഖല (Food chain break) എന്നിവ നശിക്കുന്നു. ഇതിനെ തുടർന്ന് വന്യമൃഗങ്ങൾ നിലനിൽപിനായി മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കൂടുതൽ കടന്നുകയറുന്നു. അപ്പോൾ മനുഷ്യരുടെ ജീവനോപാധികളായ വളർത്തു മൃഗങ്ങളോ കാർഷികവിളകളോ അല്ലെങ്കില്‍ മനുഷ്യജീവന്തന്നെയോ ഇവയുടെ ഇരകളാകുകയും ചെയ്യുന്നു.
വന്യജീവികളുടെ ആഹാരലഭ്യതക്കും വെള്ളലഭ്യതക്കും ഉണ്ടാകുന്ന പ്രധാനമായ സമ്മർദങ്ങള്‍ക്ക് പുറമെ സഞ്ചാര ഇടനാഴികൾക്ക് ഉണ്ടാകുന്ന തടസ്സങ്ങളാണ് മറ്റൊന്ന്. ജൈവപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇരതേടിയോ ഇണതേടിയോ ആണ് മിക്കവാറും വന്യജീവികൾ ഇങ്ങനെ സഞ്ചരിക്കുന്നത്. ഈ സഞ്ചാര പാതകൾ പലതും ജനിതകമായ ‘തലവരകൾ’പോലെ വർഷങ്ങളായി നിലനിൽക്കുന്നതുമായിരിക്കും. ഇത് പലപ്പോഴും ഓരോ വന്യജീവിക്കും വെവ്വേറെ ആയിരിക്കും.
ഇവയുടെ തടസ്സം അവയെ വഴിമാറ്റി ചിലപ്പോൾ മനുഷ്യവാസസ്ഥലങ്ങളിലൂടെ ‘മാർഗത്തെ സാധൂകരിക്കാത്ത ലക്ഷ്യത്തിലെത്താൻ’ പ്രേരിപ്പിക്കുന്നതാണ്. ഭക്ഷണം, വെള്ളം, സുരക്ഷ, പുനരുൽപാദനം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇങ്ങനെസഞ്ചരിക്കുന്നത്. ഇവയൊക്കെ ഇവരുടെ ഭൂമിയിലെ നിലനിൽപിനാവശ്യവുമാണ്. അതുപോലെ തന്നെയാണ് ഇവയിൽ ചിലതിന്റെ ദേശാടന സ്വഭാവങ്ങളും. ഇതിന്റെ താരകളും ദിക്കുകളും സ്ഥലകാല സ്വഭാവങ്ങളും തിരിച്ചറിയണം.
ഇത് തടയപ്പെടുമ്പോഴാണ് സാധാരണ വഴി വിട്ട ഇവ മനുഷ്യവാസ പ്രദേശങ്ങളിലെത്തി പ്രശ്നമുണ്ടാക്കുന്നത്. ഇതിനായി ഈ മേഖലകളിൽ തടസ്സങ്ങൾ ഇല്ലാത്ത കണക്ടിവിറ്റിയുള്ള ഭൂപ്രദേശങ്ങൾ ആവശ്യമുണ്ട്. റോഡ്, റെയിൽ, കൃഷി, പുഴകൾ, കുന്നുകൾ, ഇവയൊക്കെ ഇവക്ക് തടസ്സങ്ങളാണ്. മേൽപറഞ്ഞവയെ നിയന്ത്രിക്കാനായി വനമേഖലകളിൽ പ്രധാന കോറിഡോറുകൾ, മൈഗ്രേഷൻ റൂട്ടുകൾ, തിരിച്ചറിയണം. ഇവയിൽ സംഘർഷമേഖലയിൽ ഉള്ളവയെ സർക്കാർതലത്തിൽ ഏറ്റെടുത്ത് ശരിയായി സംരക്ഷിക്കണം.
അതിനാൽ, ഇവയുടെ റൂട്ടുകളുടെ സംരക്ഷണം വിമാനങ്ങളുടെ ആകാശപാതപോലെ പ്രധാന വിഷയമാണ്. സഞ്ചാരപഥങ്ങൾ മോണിറ്റർ ചെയ്തുകൊണ്ടിരിക്കണം.
കാടുകൾക്ക് പുറത്ത് സ്വകാര്യഭൂമികളിൽ ഇവയുടെ താരകൾ ഉണ്ടെങ്കിൽ വേണ്ട നഷ്ടപരിഹാരങ്ങൾ നൽകി അതിന്റെ യഥാർഥ ഭൂവുടമകളുമായി സർക്കാർ ധാരണയിലെത്തണം. റോഡുകൾ, റെയിലുകൾ, തുരങ്കങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾമൂലം ഇവക്ക് മറ്റു തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഇതിനായി ഏറ്റവും എളുപ്പവഴിയിൽ ക്രോസ് ചെയ്യാവുന്ന, എത്താവുന്ന അണ്ടർപാസുകളോ ഓവർ പാസുകളോ നിർമിക്കണം.
മൂന്നു സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന നീലഗിരി ബയോസ്ഫിയറില്‍ മുതുമലൈ, സത്യമംഗലം, ബന്ദിപ്പൂർ മേഖലയില്‍ വേനല്‍ക്കാലത്ത് വരള്‍ച്ച ഉണ്ടാകുന്നതുകൊണ്ടാണ് സ്വതവേ ഇതില്‍ മൂന്നില്‍ ഒന്ന് വിസ്തൃതി ഉള്‍ക്കൊള്ളുന്ന, വെള്ളം ലഭ്യമാകുന്ന കേരളത്തിലെ വയനാട്ടിലേക്ക് ആനകളടക്കം ആകര്‍ഷിക്കപ്പെടുന്നത്.
സ്വാഭാവിക ജീവജാലങ്ങളെ മാറ്റി ഈ പ്രദേശത്ത് അധിനിവേശ സസ്യങ്ങളോ മറ്റ് മൃഗങ്ങളോ എത്തിപ്പെടുമ്പോൾ ഇവിടെയുള്ള വന്യജീവികൾക്ക് ആവശ്യമുള്ള തീറ്റ ലഭിക്കാതെയാകുന്നു. ചിലപ്പോള്‍ ഏകവിള കൃഷിരീതികളും അവയുടെ തീറ്റ ഇല്ലാതെയാക്കും. അപ്പോഴും ഇവിടങ്ങളിലെ വന്യജീവികൾക്ക് ഇരതേടി കാടിന് പുറത്തു പോകേണ്ടിവരും. കേരളത്തിൽ അറിയപ്പെടുന്ന 80 തരം അധിനിവേശ സസ്യങ്ങളിൽ 30 എണ്ണം വനങ്ങള്‍ക്കു ഭീഷണിയാണ്.
ആനതൊട്ടാവാടി, കൊങ്ങിണി പൂവ്, പാവാട പൂവ്, തോട്ടപ്പയർ, ചുഴലി പാറകം, മഞ്ഞക്കൊന്ന, മിക്കാനിയ, ലന്റാനാ... തുടങ്ങിയവയാണിവ. കേരളത്തിൽ 30,000 ഹെക്ടർ അക്കേഷ്യാ, യൂക്കാലിപ്റ്റ്സ് മരങ്ങളുണ്ട് എന്നാണ് കണക്ക്. അടിക്കാടുകള്‍ വളരുന്നത് ഇല്ലാതാക്കുന്നതിന് പുറമെ ഇവ മണ്ണിലെ ജലസ്രോതസ്സുകളും വലിച്ചെടുത്ത് വറ്റിക്കും. വയനാട് മുത്തങ്ങ മേഖലയിൽ മഞ്ഞക്കൊന്ന മുതലായ അധിനിവേശ സസ്യങ്ങളും വനം വകുപ്പ് തന്നെ വ്യാപകമായി പ്രചരിപ്പിച്ച യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങളും ആനകൾക്ക് കിട്ടേണ്ടുന്ന മറ്റ് തീറ്റ സസ്യങ്ങൾ നശിപ്പിച്ചതിന് കാരണമായിട്ടുണ്ട്.
സംഘർഷങ്ങൾ ഉണ്ടാകുന്ന ഹോട്ട് സ്പോട്ടുകളില്‍ ആവാസവ്യവസ്ഥയുടെ മാറ്റങ്ങളും അവയുടെ നശീകരണവും ജലദൗർലഭ്യവും പ്രാദേശിക സസ്യങ്ങളുടെ നാശവും അധിനിവേശസസ്യങ്ങളുടെ കടന്നുകയറ്റവും സ്ഥിരമായി മോണിറ്റർ ചെയ്തുകൊണ്ടിരിക്കണം. അധിനിവേശ സസ്യങ്ങള്‍, ഏകവിളകള്‍ എന്നിവ സംഘർഷങ്ങൾ കൂട്ടുന്നതാണ്. കാട്ടില്‍ പച്ചപ്പുല്ലു കിട്ടാത്തതിനാല്‍ ആന മാത്രമല്ല പന്നി, മാന്‍, മയില്‍, കുരങ്ങുകള്‍, മുള്ളന്‍പന്നി തുടങ്ങിയവ നാട്ടിലിറങ്ങുന്നുണ്ട്. ഈ അവസരത്തില്‍ തമിഴ്നാട്ടില്‍ വനങ്ങളില്‍നിന്നു മുഴുവന്‍ മഞ്ഞക്കൊന്നയും മുറിച്ചുമാറ്റുന്നതും കേരളത്തില്‍ 4141 ഹെക്ടര്‍ സ്ഥലം അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനമാക്കുന്നതും ഒടുവില്‍ ലഭിക്കുന്ന നല്ല വാര്‍ത്തകളാണ്.
ഇപ്പോള്‍ പല സ്ഥലത്തും വനപ്രദേശങ്ങള്‍ മാലിന്യം നിക്ഷേപിക്കാനുള്ള ഇടങ്ങളായി മാറിയിട്ടുണ്ട്. ഇൗ മാലിന്യ നിക്ഷേപങ്ങൾ വന്യമൃഗങ്ങളെ ഇരതേടി അവിടെ എത്തിക്കും. കൂടാതെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വനങ്ങളുടെ ചുറ്റുമുള്ള സമീപ ജനവാസ പ്രദേശങ്ങളിലെ മാലിന്യ പ്രശ്നം വന്യജീവികളെ ഇരതേടാനായി അവിടേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. ഇങ്ങനെ ഭക്ഷ്യാവശിഷ്ടങ്ങൾ, മാംസാവശിഷ്ടങ്ങൾ ഇടുന്ന സ്ഥലങ്ങളിൽ നായ്ക്കളും പന്നികളും കരടികളും എത്തും. അവയെ ഇരയാക്കാൻ കടുവകൾ ആര്‍ത്തിയോടെ എത്തുന്നതും പതിവാണ്. കാടുകളില്‍ തീറ്റകള്‍ ലഭിക്കാതെ സസ്യാഹാരികളായ മൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ അവയെ ഇരയാക്കുന്ന മാംസഭോജികള്‍ പിന്നാലെ വരും.
വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുന്ന ഹോട്ട് സ്പോട്ടുകളിൽ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രത്യേകിച്ച് പച്ചക്കറി/അറവുശാല/ഭക്ഷ്യമാലിന്യ സംവിധാനങ്ങൾ ശാസ്ത്രീയമാകേണ്ടതുണ്ട്. അതിനോടൊപ്പം ഇത്തരം പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലും പഴം-പച്ചക്കറി-ധാന്യങ്ങൾ അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പും (സ്റ്റോറേജ്) ഗോഡൗണുകളും സുരക്ഷിതമായിരിക്കണം. ജനവാസപ്രദേശങ്ങളിലുള്ള ചീഞ്ഞുപോകുന്ന പഴങ്ങളും പച്ചക്കറികളും അടുക്കള മാലിന്യങ്ങളും സസ്യഭുക്കുകളായ വന്യജീവികളെ അങ്ങോട്ടേക്ക് ആകർഷിക്കാം.
വന്യജീവികളുടെ അനാരോഗ്യ അവസ്ഥ, പരിക്ക് പറ്റിയിട്ടുള്ളവ, കൂടിയ പ്രായം, ആയാസപ്പെടാതെ അവിടങ്ങളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ആഹാരം ഇവയൊക്കെ ഇതിനെ സാധ്യമാക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ച് ഇരകളെ ആക്രമിച്ച് കീഴ്പ്പെടുത്താൻ പറ്റാത്ത മൃഗങ്ങളുടെ ഇരതേടാനുള്ള എളുപ്പവഴിയുമാണിത്. പ്രായാധിക്യമുള്ളതോ പരിക്കുപറ്റുന്നതോ ആയ വന്യജീവികളാണ് പൊതുവേ ജനമേഖലയിൽ എത്തപ്പെടുത്തുന്നതെന്നു അനുഭവങ്ങളിൽനിന്ന് മനസ്സിലാക്കാം.
വയനാടൻ ചുരത്തിൽ താഴെ വരെ കുരങ്ങുകൾ എത്തുന്നതും, പാലക്കാട് പ്രദേശത്ത് കരടി എത്തിയതും കേരളത്തിൽനിന്ന് നാട് കടത്തപ്പെട്ട അരിക്കൊമ്പൻ റേഷൻഷാപ്പിലും വീടുകളുടെ അടുക്കളകളിലും എത്തപ്പെട്ടു കൊണ്ടിരുന്നതും ഇത്തരത്തിലാണ്. മാലിന്യ നിക്ഷേപ ഇടങ്ങളിൽ പന്നികളെയും നായ്ക്കളെയും ഉരഗങ്ങളെയും ഇരയാക്കാൻ കടുവകൾ എത്താം. വനത്തിലെ കുരങ്ങുകൾ, ആനകൾ ഇവ വനമേഖലകളിലെ റിസോർട്ടുകളിലെ ഭക്ഷണമാലിന്യങ്ങൾ തേടി പുറത്തെത്തുന്നുണ്ട്. ഒരിക്കൽ ഉപ്പിന്റെ രുചി അറിഞ്ഞുകഴിഞ്ഞാൽ മൃഗങ്ങൾക്ക് അവ ഉപേക്ഷിക്കാൻ വിഷമമാണ്.
ഇക്കോ ടൂറിസം എന്ന പേരില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന അധിക പദ്ധതികളും അവിടേക്ക് താങ്ങാന്‍ പറ്റുന്നതിലുമധികം എണ്ണം കൂടുതലായി എത്തപ്പെടുന്ന ടൂറിസ്റ്റുകളും സമീപപ്രദേശങ്ങളിലെ വന്യജീവികള്‍ക്ക് വിഷമകരമായി മാറിയിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള മോട്ടോര്‍ റോഡുകള്‍ മിക്കതും വന്യജീവികളുടെ സഞ്ചാരത്തിനു ഭംഗം വരുത്തുന്നതാണ്.
കൂടാതെ കാടുകൾക്ക് നടുവിൽ പണിതുയർത്തിയിട്ടുള്ള റിസോർട്ടുകളിൽ രാത്രിയിൽ ആളുകൾക്ക് ആർത്തുല്ലസിക്കാനായി കാട്ടാനകളെത്താൻ കമ്പിവേലികൾക്ക് പുറത്ത് ഉപ്പിന്റെ രുചിയുള്ള ഭക്ഷണങ്ങൾ ഇട്ട് കൊടുക്കുന്നതും വാർത്തകളാണ് – റിസോർട്ടുകളിൽ രാത്രിയിൽ നടത്തപ്പെടുന്ന ഹൈ ഡെസിബെല്‍ പാട്ട് മേളവും വർണവെളിച്ചങ്ങളും അസഹനീയതമൂലം മൃഗങ്ങളെ കാട്ടില്‍നിന്ന് ആട്ടിയോടിക്കുന്നുമുണ്ട്.
സമീപകാലത്ത് കൂടിവന്നിട്ടുള്ള ആഗോളതാപനത്തെ തുടർന്നുള്ള കാലാവസ്ഥ മാറ്റവും വന്യജീവികളുടെ മൈഗ്രേഷന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം രോഗാണുക്കളും സഞ്ചരിച്ച് ‘സ്പില്‍ ഓവര്‍’ ചെയ്തു മൃഗജന്യ രോഗങ്ങള്‍ ഉണ്ടാക്കാം. അവ മനുഷ്യരിലേക്ക് പകരുകയും ചെയ്യും. എബോള, മേർസ്, ആന്ത്രാക്സ് എന്നിവയൊക്കെ ഇതിന്റെ മെഡിക്കൽ തെളിവാണ്.
കോവിഡുപോലും ഇങ്ങനെ വവ്വാലുകള്‍ വഴി ഒരുതരം ഇൗനാമ്പേച്ചി വഴി മനുഷ്യരില്‍ എത്തിയതാണ് എന്നാണ് കരുതുന്നത്. ദക്ഷിണ കര്‍ണാടകയില്‍ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കുരങ്ങുപനി വയനാട്ടിലെ വനമേഖലയില്‍ എത്തി പകരുന്നത് ഇതിന്റെ ഒരു പ്രാദേശിക തെളിവാണ്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വീട്ടുമൃഗങ്ങളുമായി ഇടപെടലുകൾ ഉണ്ടാകുന്നത് പല മൃഗജന്യരോഗങ്ങളും അവയിലേക്ക് എത്തിച്ചേരാനും സാധ്യതകളുമുണ്ട്. ഇതിന് ഏകാരോഗ്യം കാഴ്ചപ്പാടില്‍ (One Health) പരിപാടികള്‍ ആസൂത്രണംചെയ്യണം.
മുമ്പത്തെ രീതിയില്‍നിന്ന് മാറി കൂടുതല്‍ ജനങ്ങൾ ഉപജീവനത്തിനുമുപരി വാണിജ്യ ആവശ്യങ്ങൾക്കായി വർധിച്ച തോതിൽ വനവിഭവങ്ങളെ അതിരു കവിഞ്ഞു ആശ്രയിക്കുന്നതും ഈ പ്രദേശങ്ങളില്‍ അവക്ക് വീണ്ടെടുക്കാനാകാതെ ക്ഷയം സംഭവിച്ച് സ്വാഭാവിക ആവാസവ്യവസ്ഥക്ക് തകരാറുകൾ ഉണ്ടാക്കുന്നുണ്ട്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ അവിടെ ജീവിക്കുന്നവരുടെ ഉപജീവനം തന്നെയാണ് പലപ്പോഴും വഴിയാധാരമാക്കുന്നത്. അതിനാൽ സംഘർഷങ്ങളെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങൾ കുറക്കാനും ഉചിത നടപടികൾ വേണ്ടതുണ്ട്.
ഇതിനായി പകരംവെക്കാവുന്ന സ്വീകാര്യമായ ഉപജീവന മാർഗങ്ങളും തൊഴിൽ മാർഗങ്ങളും ദാരിദ്ര്യലഘൂകരണ സ്കീമുകളും ഇവിടങ്ങളിൽ വ്യാപകമാക്കണം. വന ഉൽപന്നങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് വനനശീകരണം കുറക്കുന്നതിന് സഹായകരമായതും വരുമാനം ലഭിക്കുന്നതുമായ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കൂടുതൽ വനവിഭവ, ചെറുകിട സംരംഭങ്ങൾ കണ്ടെത്തണം. മാനുകള്‍ക്കും മയിലുകള്‍ക്കും മുയലുകള്‍ക്കും ആനകള്‍ക്കും തീറ്റ ആവശ്യങ്ങള്‍ക്കായി വനങ്ങളിലെ സ്വാഭാവിക പുൽമേടുകൾ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മൃഗസംരക്ഷണ വകുപ്പ് കുറഞ്ഞ തീറ്റപ്പുല്ലുകള്‍ മാത്രം തിന്നു കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന കന്നുകാലികളെ വിതരണംചെയ്യേണ്ടതുണ്ട്.
വനമേഖലയിൽ വീടുകളിൽ പാചകത്തിനായി വിറകിന്റെ ആവശ്യത്തിനായി മരങ്ങൾ നശിപ്പിക്കുന്നത് കുറക്കാൻ എൽ.പി.ജി സിലിണ്ടറുകളും അടുപ്പുകളും മണ്ണെണ്ണയും സബ്സിഡിയോടെ വിതരണം ചെയ്യണം. ഒരു പ്രദേശത്തെ ഭക്ഷ്യ സുരക്ഷയും ഇന്ധനക്ഷാമവും അവിടെയുള്ള സ്ത്രീകളെയായിരിക്കും പ്രധാനമായും ബാധിക്കുക. അതിനാൽ ഈ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീപദവി പഠനം പ്രത്യേകം പരിഗണിക്കണം.
വരുമാനത്തിനായി കാടുകളെ ആശ്രയിക്കുന്നത് കുറക്കാൻ ഈ പ്രദേശങ്ങളിൽ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ, ചെറുകിട വ്യവസായ യൂനിറ്റുകൾ, മൈക്രോ ഫിനാൻസ് യൂനിറ്റുകൾ, മറ്റ് തരത്തിലുള്ള കൃഷി വിളകൾ (crop diversification) തുടങ്ങണം. ഇത്തരം മേഖലകളിൽ കാർഷികവിളകൾക്കും വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ് പദ്ധതികൾ വ്യാപകമാക്കി എല്ലാവരെയും എൻറോള്‍ ചെയ്ത് നടപ്പാക്കണം. നിലവിലുള്ള പ്രധാൻമന്ത്രി ഫസൽ ബീമാ യോജന പദ്ധതിയിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്.
അണക്കെട്ടുകള്‍, മറ്റു വന്‍കിട നിർമാണ പ്രവൃത്തികള്‍മൂലം പുറത്താക്കപ്പെടുന്നവർക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും നടപ്പാക്കിവരുന്ന റീസെറ്റിൽമെന്റ് സ്കീമുകൾ ഇതുപോലുള്ള സംഘർഷമേഖലകളിൽ, വന്യജീവികളും മനുഷ്യരും ഇടകലർന്ന് വരാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധ നൽകണം.
അടുത്തതായി വന്യമൃഗങ്ങൾ മനുഷ്യവാസമേഖലയിൽ അതിക്രമിച്ച് കടക്കുന്നത് ഏതുവിധേനയും തടയേണ്ടതുണ്ട്. ഇതിനായി അവയുടെ സഞ്ചാരങ്ങള്‍/ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്ന, നേരത്തേയുള്ള അപകട സൂചനകൾ തിരിച്ചറിയുന്ന രീതികളും അതിനോടൊപ്പം ‘വാണിങ്’ നൽകുന്ന രീതികളും വേണ്ടതുണ്ട്. ഇങ്ങനെയുള്ള ഒരു ‘അലർട്ട് യന്ത്രം’ തൃശൂർ വെറ്ററിനറി കോളജിൽ വികസിപ്പിച്ചതായി വാർത്തകൾ കണ്ടു. ഇതിനായി സാറ്റലൈറ്റ്, ടെലിമെട്രി, സാങ്കേതിക വിദ്യകളും ഡ്രോണുകളും ഇൻഫ്രാറെഡ് ടെക്നോളജികളും കമ്യൂണിറ്റി റേഡിയോ സംവിധാനങ്ങളും വാട്സ്ആപ് ഗ്രൂപ്പുകളും വ്യാപകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
മൃഗങ്ങളെ അകറ്റാനും ജനവാസമേഖലകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും കടന്നുവരുന്നത് തടയാനും വേലികളോ കിടങ്ങുകളോ പണിയേണ്ടതുണ്ട്. ഇങ്ങനെ ഉണ്ടാക്കുന്ന കിടങ്ങുകൾ/വേലികൾ അവയുടെ നിലവിലുള്ള സഞ്ചാരപഥങ്ങൾ തടയുന്നതോ കണക്ടിവിറ്റി മുറിയപ്പെടുന്നതോ ആകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്്. ഇവ പണിയുന്നത് ലേഖനത്തിന്റെ ആദ്യഭാഗത്ത് വിശദീകരിച്ചതുപോലെ സംസ്ഥാന-ജില്ല-ഭരണപരമായ അതിർത്തികൾ കണക്കാക്കാതെ മൃഗങ്ങളുടെ തരംതിരിച്ചും, അവയുടെ വാർഷികമോ സീസണലോ ആയ മൈഗ്രേഷനും ഭൂപ്രകൃതിക്കും അനുസരിച്ചായിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതിനായി നിലവിലെ സോളാര്‍ ഇലക്ട്രിക് വേലികള്‍ക്ക് ഒപ്പം അതിര്‍ത്തികളില്‍ മുള്ളുകളുള്ള നാരങ്ങ ചെടികളുടെ വേലികളും തേനീച്ച കൂടുകള്‍ ഇടക്കിടെ സ്ഥാപിക്കുന്ന ബീ ഹൈവ് ഫെന്‍സിങ് രീതികളും നടപ്പാക്കാം. ഇത് ആഫ്രിക്കയിലെ കെനിയയില്‍ ഡോ. ലുസി കിങ് വിജയകരമായി തെളിയിച്ച രീതിയാണ്. കേരളം കഴിഞ്ഞവര്‍ഷം 158.4 കി.മീ. ട്രെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. 237 മീറ്റർ കോമ്പൗണ്ട് മതിൽ, 42.6 കി.മീ. സോളാർ വേലിയും കെട്ടി.
വയനാട്ടിൽ 341, ഇടുക്കിയിൽ 249 വീതം കുളങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ വനമേഖലകൾ അവയുടെ വഹിക്കാനുള്ള ശേഷി -carrying capacity- ക്കപ്പുറം വന്യമൃഗങ്ങൾ വർധിക്കുമ്പോൾ, മനുഷ്യവാസ പ്രദേശങ്ങൾ സംഘർഷമേഖലകളായി മാറുമ്പോൾ ശാസ്ത്രീയ സംവിധാനങ്ങളും വേണം. ഇതിനായി പരിജ്ഞാനവും പരിശീലനവും കിട്ടിയ മൃഗസംരക്ഷകർ വേണ്ടതുണ്ട്. ഇവർക്ക് മൃഗങ്ങളെ ഉപദ്രവിക്കാതെ/പരിക്കുപറ്റാതെ പിടിക്കാനും സൂക്ഷിക്കാനും (റെസ്ക്യൂ സെന്റര്‍) മാറ്റാനും സാധിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും വേണം. ഇപ്പോള്‍ നടപ്പാക്കി വരുന്ന ‘ട്രാന്‍സ് ലൊക്കേഷന്‍’ രീതി അത്ര വിജയകരമല്ല എന്നാണ് ശാസ്ത്രീയ അഭിപ്രായം.
സംഘര്‍ഷ മേഖലകളിൽ വനം-മൃഗ സംരക്ഷണ വകുപ്പുകൾക്ക് പ്രാദേശികമായ ആളുകളുടെ സഹകരണത്തോടെ പട്രോളിങ് നടത്താം. ഇതിനായി പരമ്പരാഗതമായി പാപ്പാൻമാരായ യുവാക്കളെയും ദിവസതൊഴിലാളികളെയും ആവശ്യമുള്ള ട്രെയിനിങ് നൽകി അപ്രന്റീസുമാരായി ഏർപ്പാടാക്കാം. മനുഷ്യരും വന്യജീവികളും ഒരേ സ്പേസിൽതന്നെ ഇടകലർന്ന് ജീവിക്കുമ്പോൾ അവയുടെ നെഗറ്റിവ് ഇംപാക്ടുകളും ഉണ്ടാവും.
ഇതു തടയാൻ ഇവിടങ്ങളിൽ റാപിഡ് റെസ്പോൺസ് ടീം ഉണ്ടാകണം. തിരിച്ചറിയപ്പെട്ട ഹോട്ട് സ്പോട്ടുകളിലൊക്കെ പ്രാഥമിക പ്രതിപ്രവർത്തനങ്ങൾക്കായി വില്ലേജ് ക്ല സ്റ്ററുകൾ ഉണ്ടാകണം. ഹബ്ബുകൾ കേന്ദ്രീകരിച്ച് കൺട്രോൾ മുറികൾ ഉണ്ടാക്കണം. ഇവിടെ പ്രവർത്തിക്കുന്നവർക്ക് ഫസ്റ്റ് എയ്ഡ്, ബേസിക് ലൈഫ് സപ്പോർട്ട് ചികിത്സ ഇവയൊക്കെ അറിഞ്ഞിരിക്കണം. പ്രദേശത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി നല്ല ലെയ്സന്‍ ബന്ധങ്ങളും വേണം. വിവരവിനിമയത്തിനും പ്രവർത്തനങ്ങള്‍ക്കും ഗൈഡ് ലൈനുകളും വേണ്ട സംസ്ഥാന-കേന്ദ്ര ഫണ്ടുകളും വേണം. ഇതിനായി ദേശീയതലത്തിൽ നാഷനൽ കൺസോർട്യം സ്ഥാപിതമാകേണ്ടതുണ്ട്.

വന്യമൃഗങ്ങളുടെ ചലനം നിരീക്ഷിച്ച് നാട്ടുകാരെ അറിയിക്കാൻ പ്രാദേശിക സമൂഹത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരെ/സന്നദ്ധപ്രവര്‍ത്തകരെ ഏൽപിക്കാവുന്നതാണ്. ഹോംഗാർഡ് സമ്പ്രദായംപോലെയുള്ള ഇവർക്ക് ബൾക്ക് മെസേജിങ്, പ്രാദേശിക ടി.വി ചാനലുകൾ, എഫ്.എം റേഡിയോ ഇവയുടെ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ കൃഷി, ടൂറിസം, വ്യവസ്യായ വകുപ്പുകൾ എന്നിവയൊക്കെ സംയുക്തമായി ഒാരോ ഭൂപ്രദേശത്തും അതിനനുസരിച്ച് അവരുടെ നയങ്ങൾ പരസ്പരം ബന്ധപ്പെടുത്തി രൂപപ്പെടുത്തിയായിരിക്കണം മുന്നോട്ടുപോകുന്നത്.
വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കും വനപാലകരായ വളന്റിയർമാർക്കും വന്യമൃഗങ്ങളുമായി ഇടപെടാനുള്ള സുരക്ഷാ പരിശീലനങ്ങളും നൽകേണ്ടതുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് രക്ഷനേടാനുള്ള സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും അവർക്ക് നൽകേണ്ടതുണ്ട്. മൃഗങ്ങളെ പരിചയമുള്ള ആന പാപ്പാന്മാർ, ഇടയന്മാർ, മൃഗസംക്ഷകർ, നാട്ടറിവുകളുടെ കലവറകളായ വനവാസികളിലെ മുൻനിര പ്രവർത്തകർ ഇവരെയൊക്കെ ശാക്തീകരിച്ച് വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള പ്രവർത്തനങ്ങളിൽ കണ്ണിചേർക്കേണ്ടതുണ്ട്. ഇതിനായി പാരമ്പര്യവും പ്രാദേശികവുമായ അറിവുകളും ആധുനിക സാങ്കേതികവിദ്യകളുമായി വിളക്കിച്ചേർക്കേണ്ടതുണ്ട്.
ആദ്യമേ പരാമർശിക്കപ്പെട്ട ചാലകശക്തികളും അതിന്റെ ഫലമായി ഉണ്ടാകുന്ന സമ്മർദങ്ങളും ഒരു ഭൂപ്രദേശത്ത് സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഭാഗമായി നിലവിലുള്ള മനുഷ്യരെയും വന്യജീവികളെയും വഹിക്കാനുള്ള കാരിയിങ് കപ്പാസിറ്റി കുറക്കും. ആ മേഖലയിൽ അവർക്ക് അതിജീവിതത്തിനാവശ്യമായ വിഭവലഭ്യതയുടെ ഗുണങ്ങളും വ്യാപ്തിയും കുറക്കുന്ന അവസ്ഥ ഉണ്ടാകും. ഇത് ഇവർക്കിടയിൽ പരസ്പരം മത്സരം ഉണ്ടാക്കി അതുവഴി മനുഷ്യരുടെ അധിവാസ സ്ഥലങ്ങളിലേക്ക് കടന്നുകയറ്റം ഉണ്ടാകും.
ഇത് തുടർച്ചയായി ഉണ്ടാകുമ്പോൾ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമ്പോൾ ജനങ്ങളുടെ ചിന്താരീതി അപ്പാടെതന്നെ വന്യജീവികൾക്കെതിരായി മാറിയെന്നും വരാം. തുടർന്ന് ജനം ഒന്നടങ്കം വന്യജീവികളെ നശിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഘട്ടത്തിലെത്താം. പലയിടത്തായി ഇടക്കിടെ ഇങ്ങനെ സംഘട്ടനം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ജനങ്ങൾ ഇതിനെതിരെ എടുക്കുന്ന നടപടികളുടെ ഫലപ്രാപ്തിയിലും സംശയാലുക്കളായി മാറും.
ഇതിന്റെ ഉദാഹരണമാണ് പലയിടത്തും ജനം വനംവകുപ്പ് ജീവനക്കാര്‍ക്ക് എതിരെ തിരിയുന്നത്. ഇങ്ങനെ വിളനാശം, വളർത്തുമൃഗങ്ങളുടെ നാശം, ജീവൻ സുരക്ഷാ പ്രശ്നങ്ങൾമൂലം മനുഷ്യരുടെ പക്ഷത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ ‘ഷൂട്ട് അറ്റ് സൈറ്റ്’ എന്ന നിലയില്‍ കൊന്നുതീർക്കുക എന്ന ഉത്തരത്തിൽതന്നെ ചെന്നുനിൽക്കുമ്പോൾ വന്യജീവികളുടെ അതിജീവനംതന്നെ വിഷമകരമായി മാറും. അതിനാൽ, വന്യജീവികളിൽനിന്നും എല്ലാതരത്തിലുമുള്ള ആക്രമണസാധ്യത പരമാവധി കുറക്കാനുള്ള ശ്രമങ്ങളാണ് സർക്കാറിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് വേണ്ടത്.
ഇത് ഭാവിയിൽ തടയാനായി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ, ജനവിഭാഗങ്ങളുടെ സഹകരണത്തോടെ നടപ്പാക്കേണ്ടതുണ്ട്. ‘ഷൂട്ട് അറ്റ് സൈറ്റ്’ രീതിയില്‍ മൃഗവേട്ടയല്ല ഇതിനുള്ള ഉത്തരം. ഏകാരോഗ്യത്തിന്റെ (One Health) കാഴ്ചപ്പാടില്‍ മനുഷ്യരും വന്യജീവികളും വനങ്ങളും ആവാസവ്യവസ്ഥയും ഉള്‍പ്പെടുന്ന വന്യജീവി സംഘര്‍ഷങ്ങള്‍ ഉയര്‍ന്ന പരിഗണന വേണ്ടുന്ന പൊതുജനാരോഗ്യ വിഷയവുംകൂടിയാണ്.
പ്രകൃതിദുരന്തങ്ങള്‍പോലെ കാലാവസ്ഥാ മാറ്റത്തിന്റെ മറ്റൊരു പരിണിതഫലങ്ങളുംകൂടിയാണ് ഈ മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍. ഈ വിഷയം രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളില്‍ ഉൾപ്പെടുത്താനും ഭരണത്തില്‍ വരുന്നവര്‍ മുന്‍ഗണന നല്കി നടപടികളെടുക്കാനുംജനങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദം വേണ്ടതുണ്ട്.