മഹാമാരി എപ്പോഴാണ് അവസാനിക്കുക?
കോവിഡ് വൻ ആൾനാശവും മറ്റ് നാശനഷ്ടവും വിതച്ച് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാണ് മനുഷ്യകുലം കോവിഡിൽനിന്ന് മുക്തിനേടുക? ഇൗ കോവിഡ് കാലത്തെ മനുഷ്യസമൂഹം അതിജീവിക്കില്ലേ? എന്താണ് സാധ്യതകൾ? -നിരീക്ഷണം.
ഒരു പാന്‍ഡമിക് എങ്ങനെ, എപ്പോള്‍ അവസാനിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ പറ്റാത്തതുകൊണ്ട് തന്നെയാണ് കോവിഡ് 19 ഒരു പാന്‍ഡമിക് ആയി മാറുന്നത്. ചരിത്രം തിരഞ്ഞാല്‍ ഒരു പാന്‍ഡമിക്കിന് വിവിധ അർഥത്തില്‍ മൂന്ന് തരത്തിലുള്ള അന്ത്യമുണ്ട്. ഒന്നാമത്തേത് വൈദ്യശാസ്ത്രപരമായ (Medical end) അന്ത്യമാണ്. ഇതനുസരിച്ച് ലോകത്തെല്ലായിടത്തും രോഗനിരക്കുകള്‍ ഗണ്യമായി കുറഞ്ഞുവരണം. രണ്ടാമത്തേത് സാമൂഹികപരമായ (Social end) അന്ത്യമാണ് -ഇത് ജനങ്ങളിലെ രോഗത്തെക്കുറിച്ചുള്ള ഭയവും ആശങ്കകളും അവസാനിച്ച് സാമൂഹികജീവിതം തിരിച്ചുപിടിക്കലാണ്. മൂന്നാമത്, രാഷ്ട്രീയപരമായ അന്ത്യം ആണ് (Political end). ഇത് ഭരണകൂടം തീരുമാനിക്കുന്നതാണ്. രോഗപ്പകർച്ച നിയന്ത്രണത്തില്‍ അല്ലെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ നേതൃത്വങ്ങള്‍ പാൻഡമിക്ക് അവസാനിച്ചതായി പ്രഖ്യാപിക്കുന്നതാണ് ഇത്.
ഇതില്‍ ശരിയായിട്ടുള്ളതും സ്വീകാര്യമായിട്ടുള്ളതും ഒന്നാമത്തെ വൈദ്യശാസ്ത്രപരമായ അന്ത്യമാണ്. സ്ഥിതിവിവരക്കണക്കുകള്വെച്ച് അത് ഇനിയും അകലെയാണ്. എണ്ണത്തിൽ കൂടുതൽ മനുഷ്യര്‍ അതിവേഗതയില്‍ അന്താരാഷ്ട്രപരമായി ഇടപെടലുകളും യാത്രകളും നടത്തുന്നതിനാല്‍ ഇതിന് ഇനിയും സമയം വേണ്ടിവരും. ഇതിനു രണ്ടു കാര്യങ്ങള്‍ സാധ്യമാകേണ്ടതുണ്ട്. ഒന്നുകില്‍ ജനങ്ങളില്‍ നല്ലൊരു ശതമാനത്തിനും പ്രകൃത്യാ രോഗബാധമൂലമോ (ക്ലിനിക്കല്‍ അല്ലെങ്കില്‍ സബ് ക്ലിനിക്കല്‍ ആയി), കൃത്രിമമായ വാക്സിനുകള്മൂലമോ രോഗപ്രതിരോധം ഉണ്ടാകണം. അല്ലെങ്കില്‍ വൈറസുകളുടെ വീര്യം കുറഞ്ഞുവരുകയോ എണ്ണത്തില്‍ പെരുകാനും മനുഷ്യരില്‍ പകരാനുമുള്ള കഴിവ് കുറഞ്ഞും വരണം. ഇതില്‍ ഏതെങ്കിലും ഒറ്റക്കോ /ഒന്നിച്ചോ സംഭവിക്കാവുന്ന സമയമുഹൂർത്തത്തില് ആയിരിക്കും ഇതൊന്നു അടങ്ങുക. അനിശ്ചിതമായ ഇവയൊക്കെ ഇപ്പോഴുള്ള പാൻഡമിക്കിെൻറ അന്ത്യം കൃത്യമായി പ്രവചിക്കാൻ പറ്റാത്തതിനാൽ ചില അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള 'മോഡലിങ്' പഠനങ്ങൾ ഉപയോഗിച്ച് എത്തിയ ചില ഭാവിനിഗമനങ്ങളാണ്. ഇത് രണ്ടും സാധ്യമാകുന്ന 'വരും വരായ്കകളിലെ' ചില ശാസ്ത്രചിന്തകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അനുമാനത്തിലുള്ള (Assumptions) പ്രസക്തപ്രവചനങ്ങളാണ് ഈ ലേഖനത്തിലെ ഉള്ളടക്കം.
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് നേരിട്ടു പകരുന്ന പ്രൊപഗേറ്റിവ് (Propagative) രോഗങ്ങൾ മുഴുവൻ നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ഉയർന്നുപൊങ്ങി (Bell shaped) ഒരു 'സ്മൂത്ത്കർവ്' ആയി നേരെ താണുവരില്ല. പകരം പരമാവധി ഉയർന്ന് താഴേക്കു കുറഞ്ഞുവരുന്ന വഴിയിൽ ഇടക്കിടെ തിരകൾ/ തരംഗങ്ങൾപോലെ പലതവണ ഉയർന്നും താഴ്ന്നു(Spikes) മായിരിക്കും കുറഞ്ഞുവരുന്നത്. അതിനിടെ ആ പ്രദേശത്തെ ആളുകളുടെ ഇടപെടലുകളും യാത്രകളും അകത്തോട്ടും പുറത്തോട്ടുമുള്ള ആളുകളുടെ ഒഴുക്കും/ മൈഗ്രേഷൻ അനുസരിച്ചും രോഗപകർച്ചകൾ ഉയർന്നും താണുമിരിക്കും. ഒടുവിൽ നിശ്ചിത ശതമാനംപേർക്ക് രോഗപ്രതിരോധം ഉണ്ടാകുമ്പോൾ അത് അടങ്ങി സ്ഥിരതയിൽ എത്തി ഇടക്ക് വിവിധ സ്ഥലകാലങ്ങളിൽ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെട്ട് സ്ഥായിയാകും). ഇങ്ങനെ കുറെ നാശങ്ങൾ വിതച്ച് അവസാനം എൻഡമിക്ക് അവസ്ഥയിൽ എത്തുമെന്നതാണ് പകർച്ചവ്യാധികളുടെ 'നാച്ചുറൽ ഹിസ്റ്ററി' (Natural history) നിഗമനങ്ങള്‍.
സാധ്യത 1: ജനങ്ങളിൽ ഉണ്ടാകുന്ന കോവിഡും ഇമ്യൂണിറ്റിയും
ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്പ്് ഇമ്യൂണിറ്റിയുടെ ചില അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ ബാക്ടീരിയകൊണ്ടോ വൈറസുകൊണ്ടോ അണുബാധ ഉണ്ടായാൽ ഒരു വ്യക്തിക്ക് തുടർന്ന് അതിനെതിരെ പ്രതിരോധം ഉണ്ടാക്കും. ഇത് എത്ര നാൾ, ഏത് അളവില്‍ നിലനിൽക്കും എന്നത് ഓരോ രോഗാണുവിെൻറയും സ്വഭാവത്തിനനുസരിച്ച് മാറാവുന്നതാണ്. രോഗാണുബാധയെ തുടർന്ന് ശരീരത്തിൽ രോഗാണുവിനെതിരെ ആൻറിബോഡികളും പ്രതിരോധകോശങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നതുകൊണ്ടും ഇവക്ക് ദീർഘനാൾ നീണ്ടുനിൽക്കുന്ന ഓർമയും ഉണ്ടാക്കുന്നതിനാൽ പിന്നീട് അതേ രോഗാണു ശരീരത്തിൽ പ്രവേശിക്കപ്പെടുമ്പോൾ ഇവയെ തിരിച്ചറിഞ്ഞ് കൂടുതൽ പ്രതിരോധ വസ്തുക്കൾ ഉൽപാദിപ്പിച്ച് പ്രത്യാക്രമണം നടത്തി രോഗാണുവിനെ നശിപ്പിക്കാൻ പറ്റുന്നതുകൊണ്ടുമാണ് ഇത് സാധ്യമാക്കുന്നത്. അതിനാല്‍ വീണ്ടും ഉടനെ അതേ രോഗബാധ ഉണ്ടാകാന്‍ സാധ്യതകള്‍ കുറവായിരിക്കും. രോഗാണുബാധ ഉണ്ടായാലും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവണമെന്നില്ല. ഇങ്ങനെ ഒരു രോഗാണുവിനെതിരെ 'സ്പെസിഫിക്' ആയി ഉണ്ടാക്കപ്പെട്ട ആൻറിബോഡികള്‍ ശരീരത്തില്‍ പ്രസ്തുത രോഗാണുവിെൻറ ഭീഷണി മാറിക്കഴിഞ്ഞാല്‍ ക്രമേണ കുറഞ്ഞുവരാം. എന്നാല്‍ T സെല്‍ അടിസ്ഥാനമായിട്ടുള്ള (സിഡി4, സിഡി8) പ്രതിരോധ കോശങ്ങള്‍ പ്രസ്തുത രോഗാണുവിെൻറ ഓർമ (Memory) ദീർഘകാലം നിലനിർത്തുകയും പിന്നീട് എപ്പോഴെങ്കിലും വീണ്ടും അതേ രോഗാണു ശരീരത്തില്‍ എത്തുമ്പോള്‍ എളുപ്പം തിരിച്ചറിഞ്ഞു പ്രതികരിച്ച് പ്രതിരോധ വസ്തുക്കള്‍ ഉപയോഗിച്ച് അവയെ നശിപ്പിക്കാനും ശ്രമിക്കും. ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയവക്ക് ഇങ്ങനെയുള്ള പ്രതിരോധം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. ടൈഫോയിഡ്, എലിപ്പനി ഇവയുടെ പ്രതിരോധം കുറച്ചുവർഷങ്ങൾ മാത്രമെ ഉണ്ടാക്കുകയുള്ളൂ. ചില രോഗങ്ങൾക്ക് വീണ്ടും അണുബാധ ഉണ്ടായാൽപോലും പ്രതിരോധ വസ്തുക്കൾ ഉള്ളതിനാൽ രോഗം തീവ്രമാകാതെ ഭേദമാകാനും സാധ്യതകളുണ്ട്.
കോവിഡ് വൈറസ് ഉണ്ടാക്കുന്ന ഇമ്യൂണിറ്റിയെ കുറിച്ച് ഇപ്പോള്‍ നമുക്ക് കുറെ കാര്യങ്ങള്‍ അറിയാനായിട്ടുണ്ട്. കോവിഡ് രോഗബാധയുണ്ടായവരിൽ ലഭിക്കുന്ന ഇമ്യൂണിറ്റിയെ കുറിച്ചും അവയുടെ ദൈർഘ്യത്തെ കുറിച്ചും വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും ലോകാരോഗ്യ സംഘടന 2021 മേയ് മാസം പത്തിന് രേഖ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് കോവിഡ രോഗബാധയുണ്ടായവരിൽ തുടർച്ചയായി പഠനം നടത്തിയപ്പോൾ അവരുടെ ശരീരത്തിൽ രണ്ട് തൊട്ട് നാല് ആഴ്ചകൾക്കുള്ളിൽ തന്നെ വൈറസിനെതിരെ ആൻറിബോഡികൾ ഉണ്ടാക്കുന്നുണ്ടെന്നും ഇത് ആറ് തൊട്ട് എട്ട് മാസം വരെ നിലനിൽക്കുന്നുണ്ടെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് (ഇത് ഇനിയും നീണ്ടുനിൽക്കാനും സാധ്യതകള്‍ ഉണ്ട്). ഇത് എത്ര അളവ് ഉണ്ടാക്കുമെന്നും എത്ര കാലം നീണ്ടുനിൽക്കുമെന്നതും രോഗതീവ്രതക്കനുസരിച്ച് കൂടിയും പ്രായം കൂടുന്നതിനനുസരിച്ച് കുറയുകയും ചെയ്യും. അതിനാൽ ഒരിക്കൽ രോഗം വന്നവരിൽ തൊണ്ണൂറ് ശതമാനത്തിനും ഇതുകൊണ്ട് ഈ കാലയളവിൽ വീണ്ടും രോഗബാധ ഉണ്ടാകാൻ സാധ്യത ഇല്ല. അഥവാ ഉണ്ടാകുകയാണെങ്കില്‍ രോഗതീവ്രത കുറയാനുമാണ് സാധ്യത എന്ന് വ്യക്തമായിട്ടുണ്ട്. ഇതിനോടൊപ്പം ഇമ്യൂണിറ്റി ഓർമകൾ സൂക്ഷിക്കുന്ന ബി സെല്ലുകൾ ഒപ്പം സിഡി 4, സി ഡി 8 സെല്ലുകളും രോഗബാധിതരിൽ ഉൽപാദിക്കപ്പെടുന്നതിനാൽ ഈ പ്രതിരോധം വർഷങ്ങൾക്കപ്പുറം നീണ്ടുനിൽക്കുമെന്നാണ് അനുമാനിക്കുന്നത്. പക്ഷേ, കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാൻ ശരീരത്തിൽ വേണ്ട ആൻറിബോഡിയുടെ ലെവൽ (ടൈറ്റർ) എത്രയാണെന്ന് ഇതുവരെ കണക്കാക്കാന്‍ ആയിട്ടില്ല. കൂടാതെ, രോഗബാധിതരിൽ ഉണ്ടാക്കുന്ന രോഗപ്രതിരോധം ഭാവിയിൽ ഉണ്ടായേക്കാവുന്ന 'ഇമ്യൂണിറ്റി എസ്കേപ്' വൈറസുകളിൽനിന്ന് എത്രമാത്രം സംരക്ഷണം കിട്ടുമെന്ന് ഇേപ്പാൾ പ്രവചിക്കാനും സാധ്യമല്ല. എന്നാലും വലിയൊരു ശതമാനം രോഗം വന്നു വിമുക്തിനേടിയവരും വലിയൊരു ശതമാനം വാക്സിന് ലഭിച്ചിട്ടുള്ളവരും ആണെങ്കില്‍ ഇവ രണ്ടുംകൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന 'മുന്നണി ശക്തി' ഉണ്ടാക്കുന്ന 'ഹേർഡ് ഇമ്യൂണിറ്റി' ഉയർന്നതും ആണെങ്കിൽ ആ രാജ്യങ്ങളില്‍ പാൻഡമിക്കിെൻറ ശക്തി ക്ഷയിക്കാന്‍ സാധ്യതകളുണ്ട്. ഇത് ഇപ്പോഴുള്ള അവസ്ഥയില്‍ ലോകത്തില്‍ എല്ലായിടത്തും ഒരേപോലെ, ഒന്നിച്ചു സംഭവിക്കണമെന്നില്ല. ഈ എൻഡ് പോയൻറ് വിവിധ രാജ്യങ്ങളില്‍ താഴെ സൂചിപ്പിക്കുന്ന നാലു തരത്തിൽ സംഭവിക്കാവുന്നതാണ്.
ഒന്നാമതായി, രാജ്യത്തിലെ എല്ലായിടത്തും മേല്‍ പറഞ്ഞതുപോലെ ഒരുപോലെ ഹേർഡ് ഇമ്യൂണിറ്റി ഉണ്ടായി രോഗപ്പകർച്ചക്ക് വിരാമമുണ്ടാകാം. എല്ലാ ജനവിഭാഗങ്ങൾക്കും ഫലപ്രദമായ വാക്സിൻ നൽകിയ ചെറിയ രാജ്യങ്ങളിൽ ഇത് സാധ്യമാണ്.
രണ്ടാമത്, രാജ്യത്തിലെതന്നെ ചില സംസ്ഥാനങ്ങളിൽ അല്ലെങ്കില്‍ ചില പ്രദേശങ്ങളിൽ/നഗരങ്ങളില്‍ മാത്രം രോഗപ്പകർച്ചകളും വാക്സിനും നൽകപ്പെട്ട ഇടങ്ങളിൽ ഇതിന് സാധ്യത ഉണ്ട്. കൂടുതല്‍ ആളുകൾക്ക് രോഗബാധയും ഒപ്പം വാക്സിനും ലഭിച്ച യു.കെ, അമേരിക്ക ഇവിടെയൊക്കെ ഇങ്ങനെ സംഭവിക്കാം. ഇതേ അവസരത്തില്‍ അവിടങ്ങളിലുള്ള മറ്റു ഹേർഡ് ഇമ്യൂണിറ്റി ഉണ്ടാകാത്ത സ്ഥലങ്ങളില്‍ രോഗപ്പകർച്ച തുടരുകയും ചെയ്യും.
മൂന്നാമതായി, രോഗപ്പകർച്ച വളരെ വ്യാപകമായി ഉണ്ടായിട്ടുള്ള ചില രാജ്യങ്ങളിൽ, രോഗാനന്തരം ആളുകളില്‍ ഉണ്ടായിട്ടുള്ള ഹേർഡ് ഇമ്യൂണിറ്റിയുടെ ഫലമായി താൽക്കാലികമായി രോഗവ്യാപനം ശമിക്കാം. പക്ഷേ, കാലക്രമേണ ഈ ഇമ്യൂണിറ്റി ക്ഷയിച്ചുവരുകയും അല്ലെങ്കിൽ വൈറസുകൾക്ക് ജനിതകമാറ്റം ഉണ്ടായി ഇവിടെ വീണ്ടും പൊട്ടിപ്പുറപ്പെടലുകൾ ഉണ്ടാകുകയും ചെയ്യാം. ഇത് സംഭവിക്കാതിരിക്കാൻ ഇത്തരം സ്ഥലങ്ങളിൽ ഇമ്യൂണിറ്റി ഉത്തേജനത്തിന് വാക്സിൻ നൽകേണ്ടി വരും.
അവസാനമായി, പ്രത്യേകിച്ച് ശരിയായ രീതിയിൽ വാക്സിനേഷൻ ലഭിച്ചിട്ടില്ലാത്ത ജനസമൂഹങ്ങളിൽ ഇപ്പോഴുള്ള രോഗവ്യാപനതോത് കൂടിവന്ന് ഹേർഡ് ഇമ്യൂണിറ്റി പരിധിക്കടുത്ത് എത്തുമ്പോൾ മാത്രം വൈറസ് വ്യാപനം കുറഞ്ഞ് സ്ഥായിയായി അവിടവിടെ മാത്രം ചില 'ഔട്ട് ബ്രേക്കുകള്‍' ഉണ്ടായി ഒടുവില്‍ 'എൻഡമിക്ക്' സ്ഥിതിയിലെത്തും. പിന്നീട് അവിടെ ചില സീസണുകളിലും അല്ലെങ്കിൽ വർഷങ്ങൾ കൂടുമ്പോൾ നിശ്ചിത ഇടവേളകളിൽ 'ചാക്രികമായും' രോഗവ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും (Seasonal and cyclic trend). ജനങ്ങളുടെ സഞ്ചാരം, ഇടകലരുന്ന മേളകൾ, വൈറസുകൾക്ക് ജനിതകമാറ്റം ഇവക്കനുസരിച്ച് ഔട്ട് ബ്രേക്കുകളും പ്രതീക്ഷിക്കാം. ഇന്ത്യ, ബ്രസീല്‍പോലുള്ള രാജ്യങ്ങളില്‍ ഈ അവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
സാധ്യത 2: വൈറസുകളുടെ ശക്തി എണ്ണത്തിലും വീര്യത്തിലും കുറയുന്നതുകൊണ്ട്
നിലവിൽ കൊറോണ വൈറസ് ഗണത്തിൽപ്പെട്ട സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം വൈറസുകൾ (229E, NL63, OC43, HKU1) നമ്മുടെ സമൂഹത്തിൽ വളരെ വ്യാപകമായിട്ടുണ്ട്. ഇപ്പോഴുള്ള SARS Cov 2 വൈറസും ക്രമേണ വീര്യം കുറഞ്ഞ് അഞ്ചാമതായി ഇപ്പോഴുള്ള മറ്റ് നാലു സീസണൽ ജലദോഷ കൊറോണ വൈറസ് ക്ലബിൽ അംഗമായി ചേരുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് പ്രവചിക്കുന്നത്. ഇതിന് ഉപോൽബലകമായി ഇവർ കൊറോണ വൈറസിെൻറ ചരിത്രത്തിെൻറ പിന്തുണ തേടുന്നു. ജനിതകപഠനങ്ങൾ കാണിക്കുന്നത് ഇപ്പോൾ സീസണലായി ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസിെൻറ പൂർവികർ/ മുൻതലമുറക്കാർ കുറെ വർഷങ്ങൾക്കുമുമ്പ് 1890ൽ ലോകത്ത് പിറന്ന, പരക്കെ മരണം വിതച്ച അക്കാലത്തെ 'പാൻഡമിക്' വൈറസുകൾ ആയിരുന്നു എന്നാണ്. പിന്നീട് മനുഷ്യരിലൂടെ പല തലമുറ കടന്നപ്പോള്‍ കാലക്രമേണ അവയുടെ വീര്യം കുറഞ്ഞുവന്ന് വെറും നിരുപദ്രവി ആയ 'ജലദോഷ വൈറസ്' ആയി മാറിപ്പോയിട്ടുണ്ട്.
പൈതൃകമായി ഈ SARS Cov 2 വൈറസും കൊറോണ എന്ന ഒരേ കുലത്തിൽപെട്ടതിനാൽ സമാനമായ സ്ഥിതി പ്രാപിക്കാൻ സാധ്യതയുണ്ട് എന്നാണ് അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റി 'യുട്ടാ യൂനിവേഴ്സിറ്റി'യിലെ വിദഗ്ധരുടെ വാദം. ഇതിനെ പിന്തുണക്കുന്ന ബയോളജിശാസ്ത്രം ഇവയൊക്കെയാണ്. ഒരു സമൂഹത്തില്‍ വൈറസ് ജനങ്ങളിൽ കൂടുതൽ വ്യാപിച്ച് അവരുടെ എണ്ണം ഹേർഡ് ഇമ്യൂണിറ്റി പരിധിയിലെത്തിയാൽ (എൻഡമിക്ക്) രോഗപ്പകർച്ച മന്ദഗതിയിലാകും. അതിനോടൊപ്പം രോഗം ബാധിച്ചിട്ടുള്ളവരിലെ കൂട്ടായ പ്രതിരോധവും ജനങ്ങളിലെ തുടർച്ചയായ അണുബാധയെ തുടർന്നുണ്ടായേക്കാവുന്നതുമായ ഇമ്യൂണിറ്റി ഉത്തേജനവും (immune booster) ആളുകളിലെ രോഗാണുബാധയെ ലഘുവായ രോഗലക്ഷണങ്ങൾ ഉള്ളവരായി മാറ്റാം. ഇങ്ങനെ ലഘുവായ രോഗലക്ഷണമുണ്ടായിട്ടുള്ളവരിൽനിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന വൈറസുകളുടെ എണ്ണവും അവയുടെ വീര്യവും പകർത്തുന്ന സമയദൈർഘ്യവും കുറവായിരിക്കും. പോരാതെ ഈ വൈറസുകൾ മൂലം പിന്നീട് തുടര്‍ രോഗബാധ ഉണ്ടാകുന്നവരും (Secondary cases) ഇതേപോലെ ലഘു ലക്ഷണങ്ങൾ ഉള്ളവരും മറ്റു അധികം പേരിലേക്ക് പകർത്താത്തവരും ആയിരിക്കും.
രണ്ടാമതായി, ഇനിയങ്ങോട്ട് ഒാരോ രാജ്യത്തും വിവിധ പ്രദേശങ്ങളിൽ രോഗം ബാധിച്ചും വാക്സിൻ ലഭിച്ചും രോഗപ്രതിരോധം ലഭിച്ചവരുടേയും അനുപാതമായി രോഗപ്രതിരോധം ഇല്ലാതെ രോഗം ലഭിക്കാൻ സാധ്യത ഉള്ളവര്‍ ഇവരുടെയും പ്രായഘ ട ന, ഇവകളുടെ ആ പ്രദേശങ്ങളിലെ വിതരണവൈവിധ്യത്തിനനുസരിച്ചായിരിക്കും രോഗപ്പകർച്ച ഉണ്ടാക്കുക. എല്ലാ രാജ്യങ്ങളിലുംനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് ഇനി രോഗം വരാൻ സാധ്യതയുള്ളവരില്‍ ഭൂരിഭാഗവും പ്രായം കുറവായ കുട്ടികളായിരിക്കാനാണ് സാധ്യത (കഴിഞ്ഞ നാളുകള്‍ സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് ഇത് ഒരു സാധ്യതയാണ്). പോരാതെ ചിക്കൻപോക്സ്, പോളിയോ തുടങ്ങിയ പല വൈറൽ രോഗങ്ങളും പ്രായമുള്ളവരെ അപേക്ഷിച്ച് കുട്ടികളിൽ ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അപൂർവമായി കുട്ടികളിൽ ഉണ്ടാകുന്ന 'മിസ്ക്' ഇതിനൊരു അപവാദമാണ്. എങ്കിലും പൊതുവേ മറ്റൊരു വൈറല്‍ രോഗമായതിനാൽ കോവിഡിനും ഇത് ബാധകമാണ്. ഇതേ കാരണത്താലും വൈറസ് ബാധയെ തുടർന്ന് കുട്ടികൾക്ക് പെട്ടെന്നുതന്നെ ശക്തമായ ഇമ്യൂണിറ്റി രൂപപ്പെട്ടുവരുന്നതിനാലും അവരിൽനിന്ന് എണ്ണത്തിൽ കുറഞ്ഞ വൈറസുകൾ മാത്രമേ പുറത്തുവന്ന് മറ്റുള്ളവരിലേക്ക് പടരാൻ ഭാവിയിൽ സാധ്യതയുള്ളൂ.
മൂന്നാമതായി, ഇവരുടെ വാദം ഇനി ഭാവിയിൽ ഉണ്ടാകാവുന്നത് മേൽ കൊടുത്തിട്ടുള്ള ലഘുവായ വൈറസ് ബാധകളും രോഗം ഇപ്പോഴുണ്ടായവരിെല / ഒരിക്കല്‍ ഭാഗികമായി ആൻറിബോഡി പ്രതിരോധം ഉണ്ടായി ക്ഷയിച്ചവരിലെ ചെറിയ തോതിലുള്ള രോഗബാധയുമായിരിക്കും. ഭൂരിഭാഗം ജനങ്ങളിലും ഇത് വൈറസ് ശരീരത്തില്‍ എത്തുമ്പോള്‍ തന്നെ ശരീരത്തിലെ പ്രതിരോധ രാസവസ്തുവായ ഇൻറർഫെറോൺ പ്രവർത്തനത്തെ ത്വരിതപ്പെടുത്തി അവരിലെ 'സ്വാഭാവിക' പ്രതിരോധത്തെത്തന്നെ ഉയർത്തുമെന്നാണ്.
നാലാമതായിട്ടുള്ള വാദം, ജനങ്ങളിൽ ഇപ്പോഴുള്ള കോവിഡ് പ്രതിരോധ മുൻകരുതലുകൾ (Covid appropriate behaviours) കൊണ്ടുതന്നെ രോഗാണുവിനെ കൂടുതൽ ആളുകളിലേക്ക് പകർത്താനുള്ള അതിെൻറ ശേഷി കുറയുമെന്നാണ്. അതിനാല്‍ വൈറസുകളുടെ ആർ നോട്ട് (R Naught ) ഇപ്പോഴുള്ള 2.5ൽനിന്നും ഒന്നിനടുത്ത് താണുവരും. ആര് നോട്ട് ഒന്നില്‍ താഴെ എത്തുമ്പോള്‍ രോഗപ്പകർച്ചയും കുറയും. (ആര് നോട്ട് -ഒരു രോഗി എത്ര പേരിലേക്ക് രോഗാണുവിനെ പകർത്തുന്ന സൂചിക) ഇനിയും തുടരേണ്ട ശാരീരിക അകലംപാലിക്കൽ, മാസ്ക് ഉപയോഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടൽ, അടച്ചിട്ട മുറികളിലല്ലാതെ ഓപൺസ്പേസുകളിൽ മാത്രമുള്ള കൂടിച്ചേരലുകൾ ഇവയൊക്കെയാണ് ഈ മോഡലിങ്ങിൽ ഇവർ ഇതിൽ പരിഗണിച്ചത്.
അഞ്ചാമതായിട്ടുള്ള വാദം, നേരിട്ട് വൈറസ് ബാധമൂലമോ കോവിഡ് 19 വാക്സിനുകൾ ലഭിക്കുന്നതുമൂലവും ലഭ്യമാക്കുന്ന പ്രതിരോധ ശക്തി ക്രമേണ കുറഞ്ഞുവന്നാലും, അല്ലെങ്കില്‍ നൽകുന്ന വാക്സിനുകള്‍ തീർത്തും അവരിലെ വൈറസ് അണുബാധ കുറച്ചില്ലെങ്കിലും ഇവർക്കൊക്കെ ആവർത്തിച്ച് രണ്ടാമത് ഉണ്ടാകുന്ന അണുബാധ ലഘുവായിരിക്കുന്നതിനാലും (മുന്‍ വിവരിച്ച) അതിനോടൊപ്പം ഇവരിലെ ഇമ്യൂണിറ്റി സെല്ലുകളിലെ മെമ്മറി നിലനിൽക്കുന്നതിനാലും ഇവ വീണ്ടും അണുബാധ ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് കരുത്താർജിക്കുന്നതിനാലും വൈറസുകളെ തളർത്താനാകുമെന്നാണ് ഉറപ്പിച്ചു പറയുന്നത്.
ഇതിനെ പിന്തുണക്കുന്ന രീതിയിലാണ് പരിണാമ ശാസ്ത്രജ്ഞരും തെളിവുകള്‍ നിരത്തുന്നത്. ഇവലൂഷൻ ശാസ്ത്ര തത്ത്വം (ജനിതകപരിണാമം) പ്രകാരം മറ്റുള്ള ജീവികളെ പൂർണമായും ആശ്രയിച്ച് കഴിയുന്ന വൈറസ്പോലുള്ള സൂക്ഷ്മാണുക്കൾ അവയുടെ അതിജീവനത്തിനും വ്യാപനത്തിനും സഹായിക്കുന്നവിധത്തിലായിരിക്കും ആതിഥേയജീവി -Host- യുമായി പരസ്പരം ബന്ധപ്പെട്ടു പരിണമിക്കുക എന്നതാണ് രീതി. അതിനാൽ തലമുറകൾ കടന്ന് പിൻഗാമികളായിവരുന്ന വൈറസുകൾ ആതിഥേയരായ മനുഷ്യർക്ക് നാശം/മരണം ഉണ്ടാക്കുന്നത് കുറച്ചുകൊണ്ടായിരിക്കും പാരസ്പര്യം നിലനിർത്തി അതിജീവന സാധ്യത വർധിപ്പിച്ച് മ്യൂട്ടേറ്റ്ചെയ്യുക. അതിനാൽ ആദ്യ വംശപരമ്പരകളെ അപേക്ഷിച്ച് അനേക തലമുറകൾ പിന്നിടുംതോറും വൈറസുകളുടെ തീവ്രത കുറഞ്ഞ് വരും; പ്രത്യേകിച്ച് എതിരായി 'ആൻറി വൈറല്‍' ഔഷധങ്ങൾ ഇല്ലാത്ത സ്ഥിതിയില്‍. പുതുതായി ഉണ്ടായി കൂടുതൽ പടർന്ന് പിടിക്കപ്പെടുന്ന പാൻഡമിക്കുകൾക്ക് മുഴുവൻ ഈ സ്വഭാവമായിരിക്കും ഉണ്ടായിരിക്കുക. (ഉദാ: എച്ച്1എൻ1, ഇൻഫ്ലുവൻസ).
ഈ അനുമാനങ്ങളെ പിന്തുണക്കുന്ന രീതിയിൽ 'ഡോസ് ഇഫക്ട്' തിയറിയുമുണ്ട്. ശരീരത്തിൽ എത്തപ്പെടുന്ന രോഗാണുവിെൻറ ഡോസ് അനുസരിച്ചാണ് (ഇനോക്കുലം) ഒരാൾക്ക് രോഗതീവ്രത നിശ്ചയിക്കപ്പെടുന്നത്. ശരീരത്തില്‍ എത്തുന്നത് കുറച്ച് എണ്ണം രോഗാണുവാണെങ്കിൽ അതിന് അനുസരിച്ചായിരിക്കും രോഗതീവ്രതയുമെന്നർഥം. അതിനാൽ ഇപ്പോഴുള്ള സാർസ് കൊറോണ 2 വൈറസും സീസണൽ ജലദോഷമുണ്ടാക്കുന്ന നാല് കൊറോണ വൈറസുകൾക്കൊപ്പം അഞ്ചാമതായി ബെഞ്ചിൽ സ്ഥാനം പിടിക്കാനാണ് സാധ്യത എന്നാണ് ഇവരുടെ പ്രവചനം.
ഇത് സംഭവിക്കാന്‍ ഒരു കണ്ടീഷനുണ്ട്: ഇവരിൽ ഇേപ്പാഴുള്ള ഇമ്യൂണിറ്റിയെ തള്ളിക്കളയുന്ന 'വികൃതികളായ മ്യൂട്ടേഷനുകൾ' (variance of concerns) ഉണ്ടാകാതിരിക്കുകയും വേണം. അതിനാല്‍തന്നെ ഇതിനിടയിൽ രോഗികളില്‍നിന്ന് നിശ്ചിത ഇടവേളകളില്‍ സാമ്പിളുകള്‍ ശേഖരിച്ച് ജനിറ്റിക്ക് സ്വീകൻസുകൾ ചെയ്ത് 'വേരിയൻസ് ഓഫ് കൺസേൺ' ഉണ്ടാകുന്നത് വിലയിരുത്തണം. (അതിനിടയിൽ ഇത് ത്വരിതപ്പെടുത്താന്‍ പറ്റാവുന്നവർക്ക് മുഴുവൻ ഫലപ്രാപ്തി തെളിയിക്കപ്പെട്ട വാക്സിൻ നൽകാനാണ് മെഡിക്കൽ വിദഗ്ധർ ആവശ്യപ്പെടുന്നത്).
സാധ്യത 3: സമീപഭാവിയിൽ എപ്പോഴാണ് ഇത് സംഭവിക്കുക?
ലേഖനത്തിെൻറ ആദ്യ ഭാഗത്ത് നൽകിയതുപോലെ ഈ പാൻഡമിക്കും ഇനിയും മുകളില്‍ നൽകിയ രണ്ടു സാധ്യതകൾ അനുസരിച്ച് വലുപ്പത്തിലും സമയദൈർഘ്യത്തിലും വ്യത്യസ്തമായ തരംഗങ്ങള്‍ ഉണ്ടാക്കി മാത്രമേ തിരിച്ചുപോകുകയുള്ളൂ. കോവിഡ് തരംഗങ്ങള്‍ കേസുകള്‍ വർധിച്ചു ഇരട്ടിച്ചു 'പീക്കിലേക്കു' പോകുന്ന അതേ സമയവേഗതയില് തന്നെയായിരിക്കും പടികള്‍ ഇറങ്ങി തിരിച്ചുവരുന്നത്. ഇതനുസരിച്ച് 100 - 200- 400 ഇങ്ങനെ ഇരട്ടിച്ചുപോകുന്ന സമയം (doubling time) 20 ദിവസമാണെങ്കില്‍ അതേ തോതില്‍ ആയിരിക്കും 100-50-25 ആയി 'മാത്തമറ്റിക്കലായി' കുറഞ്ഞുവരുന്നതും (Halfing time) എന്നതാണ് സമയനിയമക്രമം. ഇതനുസരിച്ച് പാൻഡമിക് പിന്മടക്കം മിക്ക രാജ്യങ്ങളിലും മിക്കവാറും 2021 വർഷത്തിനു ശേഷമേ സംഭവിക്കൂ എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ സമവായത്തിൽ അഭിപ്രായപ്പെടുന്നത്. ഇതിെൻറ സമയക്രമം വിവിധ രാജ്യങ്ങളില്‍, വിവിധ പ്രദേശങ്ങളില്‍ മുമ്പ് നൽകിയ (സാധ്യത1, 2)സ്ഥിതി പ്രാപിക്കുന്നതിന് അനുസരിച്ചായിരിക്കും. ഓരോ രാജ്യത്തും അവിടങ്ങളിലെ ജനവിഭാഗങ്ങളില്‍ ഉണ്ടാകുന്ന / ഉണ്ടാക്കിയെടുക്കുന്ന പരിധിക്ക് മുകളിലുള്ള 'ഹേർഡ് ഇമ്യൂണിറ്റി'യിലൂടെയായിരിക്കും നമുക്ക് സാധ്യമാക്കി എടുക്കാന്‍ പറ്റുന്നത്. മറുവശം ഇതേ അവസരത്തില്‍ ബയോളജിക്കലായി 'എവോലുഷന് തിയറി' പ്രകാരം വൈറസുകളുടെ വീര്യം/ എണ്ണം കുറഞ്ഞുവരുന്നതിനും സാധ്യതകള്‍ ഉണ്ട്. ഇത് ഭാവിയില്‍ എപ്പോഴാണ് സാധ്യമാകുക? ഇതുപോലെയുള്ള അറിവുകളുടെ അനിശ്ചിതാവസ്ഥകളില്‍ ചരിത്രാനുഭവങ്ങള്‍ പലപ്പോഴും വഴികാട്ടികളാകും. അതിനാല്‍ ഇപ്പോഴുള്ള പാൻഡമിക്കിെൻറ ഭാവി പ്രവചനത്തിന് ലോകത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടുള്ള പാൻഡമിക്കിെൻറ സമയചരിത്രവും പഠിച്ചിരിക്കണം. ഒരു നൂറ്റാണ്ടിനുമപ്പുറം ഭൂമിയില്‍ 1918ൽ ആരംഭിച്ച സ്പാനിഷ് ഫ്ലൂ 'ഇരുപത്തി അഞ്ചു മാസത്തെ' താണ്ഡവത്തിന് ശേഷമാണ് ഒന്നടങ്ങിയത്. അമേരിക്കയിലോ ഫ്രാൻസിലോ ഉത്ഭവിച്ച ഈ പാൻഡമിക്ക് ആദ്യം റിപ്പോർട്ട് ചെയ്തത് സ്പെയിനിലെ മഡ്രിഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ABC പത്രത്തിലായതിനാലാണ് 'സ്പാനിഷ് ഫ്ലൂ' എന്ന പേർ കിട്ടിയത്. ഇത് നാല് തരംഗങ്ങളിലൂടെയാണ് കടന്നുപോയത്. ആദ്യത്തെ മൂന്നെണ്ണവും വലിയ ഇടവേളകളില്ലാതെ തുടർച്ചയായി ഉണ്ടാക്കുകയും ഒാരോ തരംഗവും 4 മാസത്തോളം നീണ്ടുനിൽക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നാം തരംഗം - 1918 ഫെബ്രുവരി 15 തൊട്ട് ജൂൺ 18 വരെ.
രണ്ടാം തരംഗം 1918 ആഗസ്റ്റ് 1 തൊട്ട് ഡിസംബർ 2 വരെ.
മൂന്നാം തരംഗം 1918 ഡിസംബർ തൊട്ട് 1919 ഏപ്രിൽ 30 വരെ.
നാലാം തരംഗം 1919 ഡിസംബർ 19 തൊട്ട് 1920 ഏപ്രിൽ 30 വരെ.
അവസാനത്തേത് 8 മാസത്തെ ഇടവേളക്ക് ശേഷമാണ് ഉണ്ടായത്. ഇതിനിടയിൽ ഈ ഫ്ലൂ ഭൂമിയിലെ 50 കോടിയിലേറെ പേരെ ബാധിച്ച് 5 കോടി പേരുടെ ജീവനെടുത്തിരുന്നു.
ഇവ രണ്ടും താരതമ്യം നടത്തുന്നത് പാൻഡമിക്കിെൻറ ഗതി മനസ്സിലാക്കാൻ സഹായകരമായിരിക്കും.
1918 -സ്പാനിഷ് ഫ്ലൂ: ഇൻഫ്ലുവൻസ വിഭാഗത്തിലുള്ളതാണ് - Hi NI വൈറസ് ആണ് -
അന്ന് രാജ്യാന്തര യാത്രകൾ കുറവായിരുന്നതിനാൽ പകുതിയോളം രാജ്യങ്ങളെ മാത്രമേ സ്പാനിഷ് ഫ്ലൂ ബാധിച്ചിരുന്നുള്ളൂ. ഇതുമൂലം മരണപ്പെട്ടവരിൽ കൂടുതലും (അന്ന് ശരാശരി ആയുസ്സ് 45 വയസ്സ് മാത്രമുണ്ടായിരുന്ന) സമൂഹത്തിൽ പ്രായക്കൂടുതലുള്ള 40 വയസ്സിന് മേലുള്ളവരായിരുന്നു. മരണകാരണം വൈറസ് ബാധക്ക് ശേഷം രണ്ടാമത് ബാധിക്കുന്ന ബാക്ടീരിയകൾ ഉണ്ടാക്കിയ ന്യുമോണിയമൂലമായിരുന്നു. ശരാശരി മരണനിരക്ക് 2.5 ശതമാനം ആയിരുന്നു.
2020 -കോവിഡ് 19: ഇപ്പോഴുള്ള കൊറോണ ഗ്രൂപ്പിൽപ്പെട്ട സാർസ് കോവി 2 വൈറസ് എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. പ്രായം കൂടിയ അറുപത് വയസ്സിന് മേലുള്ളവരെയാണ് ഗുരുതരമായി ബാധിക്കുന്നത്.
ശ്വാസകോശത്തിൽ ന്യുമോണിയക്കു പുറമേ എല്ലാ അവയവങ്ങളെയും ബാധിച്ച് മൾട്ടിപ്പിൾ ഓർഗൻ ഫെയിലർ / അമിത പ്രതിരോധ പ്രവർത്തനം- ഉണ്ടാക്കിയാണ് മരണം സംഭവിക്കുന്നത്.
രോഗത്തെ നേരിടാൻ ഔഷധങ്ങളും ചികിത്സാ സംവിധാനങ്ങളും ഇൻറൻസിവ് കെയർ സംവിധാനങ്ങളും ലഭ്യമാണ്. വൈറസിെൻറ ഘടന തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന വാക്സിനുകൾ ലഭ്യമായിട്ടുണ്ട്. സിന്തറ്റിക്ക് ബയോളജിയുടെ അറിവുകളും സാങ്കേതിക വിദ്യകളും കൈപ്പിടിയിലുണ്ട്. അതുകൊണ്ട് തന്നെയാവണം ലോകത്താകെ പതിനേഴ് കോടി പേരെ ബാധിച്ചിട്ടും മുപ്പത്തഞ്ച് ലക്ഷം പേരേ മരണപ്പെട്ടിട്ടുള്ളൂ. ഈ കാരണങ്ങൾകൊണ്ടുതന്നെ ഈ പാൻഡമിക് നിയന്ത്രണം മനുഷ്യരാശിക്ക് അതിലും വേഗം സാധ്യമാകേണ്ടതുമാണ്.
ഫലപ്രദമായ ചികിത്സ ഇല്ലാത്ത സ്പാനിഷ്ഫ്ലൂ മുട്ട് മടക്കിയത് 25 മാസമെടുത്താണ്. കോവിഡ് ആദ്യത്തെ വെടിപൊട്ടിച്ചത് ലോകം അറിഞ്ഞത് 2020 ജനുവരിയിലാണ്. ഇപ്പോള്‍ പതിനഞ്ചു മാസം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഇനി മിനിമം പത്തു മാസത്തിനിടയില്‍ 2022 വർഷത്തിെൻറ ആദ്യ പകുതിയില്‍ തന്നെ മുന്‍ ശുഭാപ്തി സാധ്യതകളുടെ വെളിച്ചത്തില്‍ ഈ പാൻഡമിക് കൊടിയിറങ്ങുമെന്നു പ്രതീക്ഷിക്കാം. അതിനാല്‍ അതുവരെ മാസ്കുകള്‍ നമ്മുടെ വേഷത്തിെൻറ ഭാഗമാക്കുകയും ശാരീരിക അകലം ശീലങ്ങളുടെ ഭാഗവുമായി തന്നെ തുടരേണ്ടി വരും. അതിനനുസരിച്ച് ജനജീവിതത്തെ സാധാരണനിലയിലേക്ക്-നോർമൽ സി- തിരിച്ച് കൊണ്ടുവരുന്നത് പടിപടിയായി തുറന്ന് കൊടുത്ത് മാത്രമേ സാധ്യമാകുകയുള്ളൂ.
ഇപ്പോഴുള്ള ഡാറ്റ വിവരങ്ങള്‍ വെച്ച് ഇന്ത്യയിലും ഇപ്പോഴുണ്ടായിട്ടുള്ള രണ്ടാം തരംഗം കുറഞ്ഞുവന്ന് ജൂലൈ മാസത്തോടെ കെട്ടടങ്ങുമെന്നും പിന്നീട് ആറോ എട്ടോ മാസങ്ങൾക്ക് ശേഷം മൂന്നാം തരംഗമായി തിരിച്ചുവരാനും സാധ്യത ഉണ്ടെന്നാണ് കേന്ദ്രസർക്കാറിെൻറ കീഴിലുള്ള ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധർ (SUTHRA) എന്ന മോഡൽ ഉപയോഗിച്ച് പ്രവചനം നടത്തിയിട്ടുള്ളത്. ഇനി ഒരു സമൂഹത്തിൽ എത്ര ശതമാനം പേർക്ക് ഇമ്യൂണിറ്റി കിട്ടാതെ ഇനിയും രോഗസാധ്യതക്ക് അവശേഷിച്ചിരിപ്പുണ്ട്, അവരില്‍ എത്രപേര്‍ കോവിഡ് മുൻകരുതലുകളില്ലാതെ എത്ര മാത്രം, എത്ര സമയം ശാരീരികമായി അകലം പാലിക്കാതെ അടുപ്പത്തിൽ എത്ര സമയം ചെലവഴിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് മൂന്നാംതരംഗം ഉണ്ടാകുന്നതും ശക്തി പ്രാപിക്കുന്നതും പിന്മടങ്ങുന്നതും അല്ലെങ്കില്‍ ഒരിക്കലും വരാതിരിക്കുന്നതും. ഇത് നമ്മള് തന്നെ ആലോചിച്ച് വിവേകപരമായ തിരഞ്ഞെടുപ്പു നടത്തി എടുക്കേണ്ടുന്ന തീരുമാനമാണ്.