Begin typing your search above and press return to search.
proflie-avatar
Login

സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ; ഇനി ടെൻഷൻ വേണ്ട

സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ;  ഇനി ടെൻഷൻ വേണ്ട
cancel

ഡോ. മുഹമ്മദ് നസീർ

(സീനിയർ കൺസൽട്ടൻറ് & ആർത്രോ പ്ലാസ്റ്റിക് സർജൻ, ഓർത്തോപീഡിക്‌സ് & ട്രോമാ വിഭാഗം, കിംസ് ഹെൽത്ത് തിരുവനന്തപുരം)

കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതിനായിരത്തിലധികം ശസ്ത്രക്രിയകൾ ഡോ. മുഹമ്മദ് നസീർ വിജയകരമായി പൂർത്തിയാക്കി. ഇതിൽ അയ്യായിരത്തിലധികം ജോയന്റ് റീപ്ലേസ്മെന്റ് സർജറികളായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കകത്തുനിന്നും വിദേശത്തുനിന്നും നേടിയെടുത്ത വർഷങ്ങളുടെ അനുഭവസമ്പത്ത് ആരോഗ്യരംഗത്ത് ഫലപ്രദമായി ഉപയോഗിക്കുകയാണ് അദ്ദേഹം. സ്​പോർട്സ് മെഡിസിൻ, സന്ധി മാറ്റിവെക്കൽ, കുട്ടികളിലുണ്ടാകുന്ന ഡീഫോമിറ്റീവ്സ്, ഓസ്റ്റിയോത്രൈറ്റിസ് എന്നീ രോഗ ചികിത്സകളിൽ ഡോ. മുഹമ്മദ് നസീർ വിദഗ്ധനാണ്. റോ​േബാട്ടിക് സർജറിയിലും പരിശീലനം നേടിയിട്ടുള്ള അദ്ദേഹം ആർത്രോസ്കോപിക് കീഹോൾ സർജറിയിലും വിദഗ്ധനാണ്.

കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശിയാണ് ഡോ. മുഹമ്മദ് നസീർ. മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് മെഡിക്കൽ സയൻസ് പഠിക്കുന്നതും ഡോക്ടറുടെ കുപ്പായമണിയുന്നതും. രണ്ട് മക്കളും ഡോക്ടർമാരാണ്. മൂത്ത മകൻ ഡോ. എഹ്സാൻ ഓർത്തോപീഡിക്സിൽ തന്നെയാണ് സ്പെഷലൈസ് ചെയ്തത്. ഇളയ മകൻ ഡോ. മെഹ്സിൻ സൈക്കാട്രിയിൽ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്നു. ഭാര്യ ഡോ. ഷെറിൻ നസീർ കിംസ്ഹെൽത്തിൽ ഇമേജിങ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. എത്ര തിരക്കുകൾക്കിടയിലും കുടുംബവുമായി ​െചലവഴിക്കാൻ സമയം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഡോക്ടർപറയുന്നു. ‘‘എന്നും കുടുംബമാണ് എന്നെ ചേർത്തുപിടിച്ചത്. മെഡിക്കൽ രംഗത്തേക്ക് പുതുതായി കടന്നു വരുന്നവരോടായി ചിലത് പറയാനുണ്ട്. രോഗിയോടും തന്റെ സഹപ്രവർത്തകരോടും നീതിപുലർത്തുക. പ്രതിഫലം നോക്കാതെ രോഗികളെ സഹായിക്കുക, കഷ്ടപ്പാടിനുള്ള പ്രതിഫലം ഒരിക്കൽ നിങ്ങളെ തേടിയെത്തും.’’ ഡോ. മുഹമ്മദ് നസീർ പറയുന്നു.


മധ്യവയസ്സിനു ശേഷം സന്ധിവേദനയെക്കുറിച്ച് പരിഭവം പറയാത്തവർ വളരെ കുറവാണ്. സന്ധികളിലെ തേയ്മാനം മൂലമാണ് പ്രായമായവരിൽ സന്ധിവേദനയും സ്വാഭാവിക ചലനത്തിനുള്ള പ്രയാസവും അനുഭവപ്പെടുന്നത്. മരുന്നുകൾ കഴിക്കുന്നതിലൂടെ മാത്രം ഇതു മാറ്റിയെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. നിരന്തരമായ വേദനസംഹാരികളുടെ ഉപയോഗം മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ദീർഘനാളത്തേക്ക് ഇത്തരം മാർഗങ്ങൾ പിന്തുടരുന്നതും നല്ലതല്ല. സന്ധി വേദനയുമായി ബന്ധപ്പെട്ട ഈ സാഹചര്യങ്ങൾ മറികടക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗമാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (ജോയന്റ് റീപ്ലേസ്മെൻറ് സർജറി). കാലക്രമേണ സന്ധികളിൽ ഉണ്ടാകുന്ന തേയ്മാനത്തിനു പുറമെ അപകടങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കൃത്യമായി പരിഹരിക്കുന്നതിനും സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ സാധിക്കും.

സന്ധിമാറ്റിവെക്കൽ

പ്രായമേറിയവരിൽ കൂടുതൽപേരും അനുഭവിക്കുന്ന പ്രശ്നം കാൽമുട്ടു വേദനയാണ്. ഏറ്റവും കൂടുതൽ സന്ധിമാറ്റിവെക്കൽ നടക്കുന്നതും കാൽമുട്ടുകളിലാണ്. കൂടുതൽ നേരം നിൽക്കുന്നവരിലാണ് കാൽമുട്ട് വേദന കണ്ടുവരുന്നത്‌. ഇവിടെയുള്ള തരുണാസ്ഥികളിൽ കേടുപാടുകൾ സംഭവിക്കുന്നത് വേദനക്ക് കാരണമാകും. ഇവർക്ക് മികച്ച ഫലം നൽകുന്നതാണ് ജോയന്റ് റീപ്ലേസ്‌മെന്റ് സർജറി. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ മൂലം സന്ധികളുടെ ചലനം നഷ്ടമാകുന്നത് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ ഗുണം ചെയ്യും.

സാധാരണ 55 വയസ്സിനു മുകളിൽ പ്രായമുള്ളവരിലാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ, ആമവാതം (റുമാറ്റോയ്ഡ് ആർത്രൈറ്റിസ്) പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആവശ്യമെങ്കിൽ കുറഞ്ഞ പ്രായത്തിൽ തന്നെ സന്ധി മാറ്റിവെക്കൽ നടത്താറുണ്ട്. മധ്യവയസ്കരായ സ്ത്രീകളിലാണ് ആമവാതം കൂടുതലായി അനുഭവപ്പെടുക.

ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ സന്ധി വേദനക്കും സന്ധികളുടെ ദൃഢതക്കും കാരണമാകുന്നു. ഇത്​ കാലക്രമേണ സന്ധിയുടെ രൂപവൈകൃതത്തിന് വഴിവെക്കും. നട്ടെല്ല്, ഇടുപ്പ്, കാൽപാദം തുടങ്ങിയ സന്ധികളിലേക്ക് ബാധിക്കുന്നതിനും അവയുടെ പ്രവർത്തനക്ഷമത കുറയുന്നതിനും കാരണമാകും.

പ്രായമായവരിൽ കണ്ടുവരുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ്, യൂറിക് ആസിഡ് പ്രധാന സന്ധികളെ ബാധിക്കുന്നത് മൂലമുണ്ടാകുന്ന ഗൗട്ടി ആർത്രൈറ്റിസ് എന്നിവ പരിഹരിക്കുന്നതിനും സന്ധിമാറ്റിവെക്കൽ ഏറെ ഫലപ്രദമാണ്. പ്രായമായ പുരുഷന്മാരിൽ ചലനത്തെ ബാധിക്കുന്ന വിധത്തിൽ ശരീരത്തിലെ വിവിധ സന്ധികളിൽ വേദന അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തിലും സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വളരെ ഗുണം ചെയ്യും.

എന്താണ് സന്ധിമാറ്റിവെക്കൽ?

പ്രവർത്തനക്ഷമത നഷ്ടപ്പെട്ട സന്ധിയുടെ ഉപരിതല ഭാഗം നീക്കംചെയ്​ത്​ പകരം കൃത്രിമ സന്ധി വെച്ചുപിടിപ്പിക്കുന്നതാണ് സന്ധിമാറ്റിവെക്കൽ പ്രക്രിയ. സന്ധികളിലെ വേദന, രൂപവൈകൃതം തുടങ്ങിയവ പരിഹരിക്കാൻ ഇതുവഴി സാധിക്കും.

കാൽമുട്ട്, ഇടുപ്പ് എന്നിവിടങ്ങളിലെ സന്ധികളിലാണ് സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ പ്രധാനമായും നടക്കുന്നത്. എന്നാൽ തോൾസന്ധി, കൈമുട്ട്, കാൽക്കുഴ തുടങ്ങിയ സന്ധികളും മാറ്റിവെക്കാറുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങളുമായി യോജിച്ചുപോകുന്ന പ്രത്യേക ലോഹസങ്കരങ്ങൾ, ഒക്സിനിയം, സെറാമിക് തുടങ്ങിയവ ഉപയോഗിച്ചാണ് കൃത്രിമ സന്ധി നിർമിക്കുന്നത്.

തുറന്ന ശസ്ത്രക്രിയവഴി സന്ധികളിലെ തേയ്മാനം സംഭവിച്ച ഭാഗങ്ങൾ നീക്കംചെയ്ത് പകരം കൃത്രിമ സന്ധി വെച്ചുപിടിപ്പിക്കുന്നു. ഏകദേശം രണ്ടു മണിക്കൂർ സമയമാണ് സന്ധി മാറ്റിവെക്കലിന് ആവശ്യമായി വരുന്നത്. ശസ്ത്രക്രിയക്ക് തൊട്ടടുത്ത ദിവസംതന്നെ സന്ധികളിലെ ചലനം ഉറപ്പാക്കുന്നതിനായി രോഗിയെ പരിശീലിപ്പിക്കും. ഫിസിയോതെറപ്പി പോലുള്ള വ്യായാമങ്ങളും ഇതിന്റെ ഭാഗമാണ്. പേശികളുടെ ആയാസം, ബലം എന്നിവ ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണ്.

സാധാരണ മൂന്നോ നാലോ ദിവസത്തെ ആശുപത്രിവാസം മാത്രമാണ് സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായി വരുക. ഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക കാലയളവിൽ കൃത്യമായി ഫിസിയോതെറപ്പിയും ചെയ്യേണ്ടതുണ്ട്. രണ്ടു മാസത്തിനകംതന്നെ രോഗിക്ക് സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്താനും ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടാനും സാധിക്കും.

ഇരു കാൽമുട്ടുകളിലും പ്രശ്നമുള്ള രോഗികളിൽ ആരോഗ്യ സ്ഥിതി നിർണയിച്ച ശേഷം ഒരേ സമയം രണ്ട് കാൽമുട്ടുകളിലും സന്ധിമാറ്റിവെക്കൽ സാധ്യമാണ്. ഇരു കാലുകളും ഒരുപോലെ ഫലപ്രദമായ ചലനം സാധ്യമാക്കാൻ ഇത് സഹായിക്കും.

വേദനകളിൽ നിന്ന് മുക്തമാക്കി ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഈ ശസ്ത്രക്രിയ ഫലപ്രദമാകുന്നതിന് രോഗിയുടെ പൂർണ പിന്തുണ കൂടി ആവശ്യമാണ്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതിന് ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പിന്തുടരേണ്ടതുണ്ട്. സാധാരണ 25 വർഷം വരെയാണ് ഒരു കൃത്രിമ സന്ധിയുടെ കാലാവധി. ഈ സമയത്ത് വേദന അനുഭവപ്പെടുകയാണെങ്കിൽ റിവിഷൻ സർജറി ആവശ്യമായി വരും.

മുൻകരുതൽ പ്രധാനം

സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്ന സമയത്തും അതിനുശേഷവും അണുബാധ സംഭവിക്കാതിരിക്കാൻ വലിയ പ്രാധാന്യം നൽകണം. ഏതെങ്കിലും ഘട്ടത്തിൽ അണുബാധയുണ്ടായാൽ കൃത്രിമ സന്ധി വെച്ചുപിടിപ്പിച്ച ഭാഗത്തെ അത് ഗുരുതരമായി ബാധിക്കും. അതിനാൽ ശസ്ത്രക്രിയക്കു മുമ്പുതന്നെ ഇത്തരം അണുബാധക്ക് കാരണമാകുന്ന രോഗാവസ്ഥകളെ നിയന്ത്രിക്കേണ്ടതുണ്ട്. രക്തത്തിലെ അണുബാധ, ഞരമ്പിനെ ബാധിച്ച രോഗങ്ങൾ, കാലിലേക്ക് രക്തയോട്ടം ഇല്ലാത്തവർ, സോറിയാസിസ്, മൂത്രാശയ അണുബാധയുള്ളവർ, ശരീരത്തിൽ എവിടെയെങ്കിലുമുള്ള പഴുപ്പ് തുടങ്ങിയവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്താകമാനം 200 ശസ്ത്രക്രിയകളിൽ ഒന്ന് എന്നനിലയിൽ അണുബാധ സംഭവിക്കുന്നുണ്ട്. ഈ അണുബാധ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ ഗുരുതരമാകാനും സാധ്യതയുണ്ട്.

ശസ്ത്രക്രിയാ നടപടികളുടെ സമയത്തും തീർത്തും അണുമുക്തമായ സാഹചര്യം ഒരുക്കിയാണ് സന്ധി മാറ്റിവെക്കൽ നടത്തുന്നത്. പ്രായാധിക്യം മൂലം ശരീരത്തിന്റെ സുഗമമായ ചലനം നഷ്ടമാകുന്നവർക്ക് ആയാസരഹിതമായ പുതിയൊരു ജീവിതം നൽകാൻ സന്ധിമാറ്റിവെക്കൽ വഴിയൊരുക്കും. കഴിഞ്ഞ 30 വർഷത്തിനിടെ ആയിരക്കണക്കിന് രോഗികൾക്ക് സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ അനുഭവം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. മികച്ച ഫലം ലഭിക്കുന്നുവെന്നതിനാൽ സന്ധിവേദന കാരണം ദുരിതമനുഭവിക്കുന്നവർ ധാരാളമായി സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയാറാകുന്നു. 1970കളിൽ ലോകത്ത് പ്രചാരം നേടിയ ജോയന്റ് റീപ്ലേസ്‌മെന്റ് സർജറി മനുഷ്യജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ഇന്ന് മുൻപന്തിയിലാണ്.


Show More expand_more
News Summary - health article: Arthroplasty