Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനിസാരമല്ല കോവിഡ്​...

നിസാരമല്ല കോവിഡ്​ കാലത്തെ​ ഫ​ംഗൽബാധ, മരണംവരെ സംഭവിക്കാം; രോഗബാധയുള്ളവർ സൂക്ഷിക്കണം

text_fields
bookmark_border
infoclinicindia Health & Wellness Website covid
cancel

കോവിഡ്​ കാലത്ത്​ ഫ​ംഗൽ രോഗബാധയുള്ളവർ അതീവ ശ്രദ്ധപുലർത്തണമെന്ന്​ ഡോക്​ടർമാരുടെ കൂട്ടായ്​മയായ ഇൻഫോക്ലിനിക്​. അവരുടെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ്​ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. മ്യൂക്കർ മൈക്കോസിസ് (mucor mycosis),ആസ്പർജില്ലോസിസ്( aspergillosis) കാൻഡിഡിയാസിസ്‌ (candidiasis) തുടങ്ങിയ, കലകളിലും കോശങ്ങളിലും ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള ഫംഗൽ രോഗബാധയുള്ളവരാണ്​ കൂടുതൽ മുൻകരുതൽ എടുക്കേണ്ടത്​.

ഫംഗസുകൾ നമ്മുക്ക്​ ചുറ്റും

നാം ശ്വസിക്കുന്ന വായുവിൽ മുതൽ നിത്യവും ഇടപെടുന്ന വിവിധ സാഹചര്യങ്ങളിൽ ഫംഗസുകളുടെ സാന്നിധ്യമുണ്ട്​. താരതമ്യേന ലഘുവായ രോഗബാധ മുതൽ ജീവൻ അപഹരിക്കാൻ കഴിയുന്ന തരത്തിലുള്ള വലിയ രോഗബാധകൾ വരെ ഫംഗസ് മൂലം ഉണ്ടാവാം. സാധാരണ ഗതിയിൽ ഇത്തരം ഫംഗസുകൾക്ക് മനുഷ്യരുടെ ശരീരത്തെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയാറില്ല.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലും അവസ്ഥകളിലും ഇവ മനുഷ്യനിൽ അപകടകരമായ രോഗങ്ങൾ ഉണ്ടാക്കും. നിലവിൽ ഇന്ത്യയിൽ പലയിടത്തും ലോകത്തി​െൻറ ചില ഭാഗങ്ങളിലും കോവിഡ് രോഗബാധക്ക് ശേഷം ഫംഗൽബാധ വർധിക്കുന്നതായും അതു മൂലമുള്ള മരണം സംഭവിക്കുന്നതായും ധാരാളം വാർത്തകൾ കാണുന്നുണ്ട്​. പ്രമേഹം, സ്റ്റിറോയ്ഡ് ചികിത്സയിൽ ഉള്ളവർ, അവയവ സ്വീകർത്താക്കൾ, മജ്ജ മാറ്റിവെക്കപ്പെട്ടവർ, ഡയാലിസിസ് രോഗികൾ, കീമോതെറാപ്പി ചെയ്യുന്നവർ, ക്യാൻസർ രോഗികൾ തുടങ്ങിയവരെല്ലാം കോവിഡാനന്തരമുള്ള പൂപ്പൽ ബാധയെ സൂക്ഷിക്കണം. ഇൗ രോഗങ്ങളുള്ളവരിൽ കോവിഡ് കൂടിയാവുമ്പോൾ രോഗപ്രതിരോധ സംവിധാനം താറുമാറാകുകയും ഫംഗൽ രോഗബാധയുടെ സാധ്യത വർധിക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങൾ

ശരീരത്തിലെ ഏത് ഭാഗത്തെയാണ് ഫംഗസ് രോഗം ബാധിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും. മുഖത്തും തലയോട്ടിയിലും ഉള്ള സൈനസ്, ത്വക്ക്, ശ്വാസകോശം, ദഹന വ്യൂഹം എന്നിങ്ങനെ പല ഭാഗങ്ങളെയും ബാധിക്കാം. എന്നാലും ഇപ്പോൾ കോവിഡ് രോഗികളിൽ കൂടുതലും സൈനസിനേയും തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്ന മ്യൂക്കർ മൈക്കോസിസ് ആണ് കാണുന്നത്. അതിശക്തമായ തലവേദന, മുഖം വേദന, വിട്ടുമാറാത്ത പനി, മുഖം ഒരു ഭാഗം മാത്രമായോ മൊത്തമായോ നീര്​വെച്ചു വീങ്ങുക, കണ്ണ് വേദന, കാഴ്ചയ്ക്ക് മങ്ങൽ, കണ്ണിലെ കൃഷ്ണമണി ചലിപ്പിക്കാൻ പറ്റാതെ ആവുക, കണ്ണ് പുറത്തേക്ക് തള്ളിവരുക, ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ ന്യൂമോണിയയുടെ തുപോലെയുള്ള ചുമ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ, തലച്ചോറിനെ ബാധിച്ചാൽ ഛർദ്ദി, തളർച്ച തുടങ്ങിയവയാണ്​ പ്രധാന ലക്ഷണങ്ങൾ.


എന്ത്കൊണ്ട് കോവിഡ് രോഗികൾ

കോവിഡ് ഉള്ള രോഗികൾക്ക് എല്ലാം മ്യൂക്കർ മൈക്കോസിസ് വരുന്നില്ല. എന്നാൽ മേൽപ്പറഞ്ഞ അപകട സാധ്യത കൂടുതലുള്ളവർ പ്രത്യേകിച്ച് പ്രമേഹം, ഡയാലിസിസ് രോഗികൾ ,അവയവ സ്വീകർത്താക്കൾ മുതലായവർ ഒക്കെ രോഗപ്രതിരോധശക്തി കുറഞ്ഞവരാണ്. അവർക്ക് കോവിഡ് വരുന്നതോടുകൂടി രോഗപ്രതിരോധശക്തി ഒന്നുകൂടി കുറഞ്ഞ അവസ്ഥയിൽ ആവുകയും മറ്റ് രോഗബാധകളുടെ സാധ്യത വർധിക്കുകയും ചെയ്യുന്നു. കോവിഡ് ചികിത്സക്ക് ജീവൻ രക്ഷാ ഔഷധമായി നൽകുന്ന സ്റ്റീറോയിഡ് മരുന്നുകൾ ചില പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശക്തി അപകടത്തിലാക്കുകയും ചെയ്യാം. സ്റ്റീറോയ്​ഡ്​ മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കോവിഡ്-19 ഈ മൂന്നും ഉള്ള രോഗി മ്യൂക്കർ മൈക്കോസിസിനു ഏറ്റവും പറ്റിയ ഇരയാണ് എന്നതാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതിലൂടെ കോവിഡ് രോഗികളിൽ ഈ ഫംഗസ് വ്യാപിക്കുന്നു എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

രോഗനിർണയവും ചികിത്സയും

രോഗലക്ഷണങ്ങൾ ഉള്ള കോവിഡ്19 രോഗികൾ പ്രത്യേകിച്ചും അപകട സാധ്യത കൂടുതൽ ഉള്ളവർ ആണെങ്കിൽ എത്രയും വേഗം പരിശോധന നടത്തണം .എംആർഐ ഉൾപ്പെടെയുള്ള സ്​കാൻ പരിശോധനകൾ, ബയോപ്​സി മുതലായവ ചെയ്യാവുന്നതാണ്

ചികിത്സഎത്രയും വേഗം രോഗനിർണയം നടത്തുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതാണ് പ്രധാനം. 40% മുതൽ 80% വരെ മരണ സാധ്യതയുള്ള രോഗം ആയതിനാൽ എളുപ്പത്തിൽ ഇടപെട്ടെ മതിയാവൂ. ആൻറിഫംഗൽ മരുന്നുകൾ കുത്തി വെപ്പായി കൊടുക്കുക. കലകളിലേക്ക് ഫംഗസ് ആഴ്ന്നിറങ്ങി കേടുപാട് വന്ന ഭാഗം സർജറി ചെയ്ത് നീക്കം ചെയ്യുന്നത് കൂടുതൽ ഫംഗൽ വ്യാപനം തടയാൻ തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് അടിയന്തര പ്രാധാന്യത്തോടെ നിയന്ത്രിക്കുക.

ആസ്പർജില്ലോസിസ് (Aspergillosis)

പണ്ട് രോഗ പ്രതിരോധ ശക്തി കുറഞ്ഞവരിൽ മാത്രം കാണുന്നു എന്ന് വിശ്വസിച്ചിരുന്ന ആസ്പർജില്ലസ് ഫംഗസ് നേരത്തെ വൈറസുകൾ അണുബാധ ഉണ്ടാക്കിയ ശ്വാസകോശത്തെ ആക്രമിക്കാമെന്നും (secondary infection) ശ്വാസകോശത്തിൽ ആണുബാധ (pulmonary aspergillosis) ഉണ്ടാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട് . ഇന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും സാധാരണ വൈറസ് കോവിഡ് ആയതിനാൽ കോവിഡ് അനുബന്ധ അസ്‌പേർജില്ലോസിസ് എന്ന അവസ്‌ഥ (covid 19 associated pulmonary aspergillosis) കൂടുതലായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതൽ അസ്‌പർജില്ലോസിസ് കാണുന്നത് ഗുരുതര സ്ഥിതിയിൽ ഐസി യു വിൽ അഡ്​മിറ്റായ, വെൻറിലേറ്ററിൽ കിടന്ന കോവിഡ് രോഗികളിലാണ്. കോവിഡ് ന്യൂമോണിയ വന്ന രോഗികൾ ചികിത്സക്ക് പ്രതികരിക്കാതിരിക്കുമ്പോൾ, ശ്വാസകോശത്തിലെ തകരാറുകൾ അപ്രതീക്ഷിതമായി മോശമാകുമ്പോൾ ഡോക്ടർമാർ പരിഗണിക്കേണ്ട ഒരു അവസ്ഥയാണ് കോവിഡ് അനുബന്ധ ശ്വാസകോശ ആസ്‌പെർജില്ലോസിസ്. രോഗനിർണയവും ചികിത്സയും വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ആണുബാധയാണിത്.

കാൻഡിഡിയാസിസ്

കോവിഡ് രോഗികളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ഫങ്കസ് അണുബാധയാണ് കാൻഡിഡിയാസിസ്. സി ഡി സി റിപ്പോർട്ട്‌ പ്രകാരം കാൻഡിഡാ ഓറിസ് ആണ് കോവിഡ് രോഗികളിൽ ആണുബാധ ഉണ്ടാക്കുന്ന കാൻഡിഡകളിൽ പ്രധാനി. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന ഗ്ലൗ, അപ്രോൺ തുടങ്ങിയവയിൽ നിന്നും ഈ ഫംഗസ് പകർന്നു കിട്ടാം എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

1. പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിർത്തുക.

2. അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള കൃത്യമായ രീതിയിൽ മാത്രം സ്റ്റിറോയ്ഡ് ഉപയോഗിക്കുക.

3. ഐസിയു ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഉള്ള രോഗികളുടേയും ആരോഗ്യ പ്രവർത്തകരുടേയും വ്യക്തിശുചിത്വം പരിപാലിക്കുക.

4. കോവിഡ് നെഗറ്റീവ് ആയ ശേഷവും അപകടസാധ്യത കൂടുതലുള്ളവരിൽ ഉണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യ സഹായം തേടുക

ഓക്​സിജൻ നൽകുന്നത് വഴിയാണ് ഫംഗൽ ബാധ ഉണ്ടാകുന്നതെന്നും അതിനാൽ ഓക്​സിജൻ വർജ്ജിക്കണം എന്നൊ​െക്കയുള്ള വ്യാജവിവരങ്ങൾ പ്രചരിക്കുന്നുണ്ട്​. അത്തരം തീരുമാനങ്ങൾ ആത്മഹത്യാപരമായിരിക്കും.​

വിവരങ്ങൾക്ക്​ കടപ്പാട്:​ ഡോ: നീതു ചന്ദ്രൻ (ഇ എൻ ടി സ്പെഷ്യലിസ്റ്റ്), ഡോ. ഷമീർ വി.കെ (അസി. പ്രൊഫസർ ജനറൽ ,മെഡിസിൻ ഇൻഫോക്ലിനിക്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infoclinicfungal infection#Covid19
Next Story