എലിമിനേഷൻ ‘റൗണ്ട്’ അത്ര എളുപ്പമല്ല
രാജ്യത്ത് ക്ഷയരോഗം വർധിക്കുന്നതായാണ് സൂചനകൾ. ചികിത്സയിലൂെട ഇൗ രോഗത്തെ ഇല്ലാതാക്കാനാവുമെന്ന് വ്യക്തം. പക്ഷേ, ചില സാമൂഹിക ഘടകങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ലേഖകൻ.‘Yes, we can end TB’. നമുക്ക് ടി.ബി രോഗത്തിന് അന്ത്യം കുറിക്കാൻ സാധ്യമാണ് –എന്നതായിരുന്നു ഈ വർഷം മാർച്ച് 24ന് ആചരിക്കപ്പെട്ട ലോക ടി.ബി ദിനത്തിന്റെ സന്ദേശം. ഇത് സാധ്യമാക്കാന്‍ തന്നാല്‍ കഴിവത് എല്ലാം ചെയ്യുമെന്ന് അന്ന് പരിപാടിയില്‍ പങ്കെടുത്ത എല്ലാ ആരോഗ്യപ്രവര്‍ത്തകരും...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് ക്ഷയരോഗം വർധിക്കുന്നതായാണ് സൂചനകൾ. ചികിത്സയിലൂെട ഇൗ രോഗത്തെ ഇല്ലാതാക്കാനാവുമെന്ന് വ്യക്തം. പക്ഷേ, ചില സാമൂഹിക ഘടകങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ലേഖകൻ.
‘Yes, we can end TB’. നമുക്ക് ടി.ബി രോഗത്തിന് അന്ത്യം കുറിക്കാൻ സാധ്യമാണ് –എന്നതായിരുന്നു ഈ വർഷം മാർച്ച് 24ന് ആചരിക്കപ്പെട്ട ലോക ടി.ബി ദിനത്തിന്റെ സന്ദേശം. ഇത് സാധ്യമാക്കാന്‍ തന്നാല്‍ കഴിവത് എല്ലാം ചെയ്യുമെന്ന് അന്ന് പരിപാടിയില്‍ പങ്കെടുത്ത എല്ലാ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും നെഞ്ചില്‍ കൈവെച്ച് പ്രതിജ്ഞ ചെയ്തിരുന്നു. 140 വർഷങ്ങൾക്കുമുമ്പ്, 1882ൽ ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയയെ കണ്ടെത്തി. അന്ന്, ജര്‍മനിയില്‍ ബർലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീനിൽ തന്റെ കണ്ടുപിടിത്തം ലോകത്തോട് പ്രഖ്യാപിക്കുമ്പോൾ ഡോ. റോബർട്ട് കോക്ക് (Robert Koch) മറ്റൊരു വാചകംകൂടി തന്റെ ഹൃദയത്തിൽ ചേർത്ത് പറഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു: ‘‘മനുഷ്യകുലത്തിന് നാശം വരുത്തുന്ന ഈ രോഗാണുവിന് ഒരു അന്ത്യം വരുത്തിയില്ലെങ്കിൽ തന്റെ ജീവിതത്തിന് എന്ത് അർഥമാണ് ഉണ്ടാകുക?’’ അതെ, ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ലോകത്തിന് ഇതിന് സാധ്യമായിട്ടില്ല. അത് സമീപ ഭാവിയിൽതന്നെ സാധ്യമാകുമെന്ന ഈ വർഷത്തെ ടി.ബി ദിന പ്രസ്താവനയോടുള്ള ചില പ്രതികരണങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
ഇപ്പോഴും ലോകത്തിലാകെ ലക്ഷക്കണക്കിനു പേർ ടി.ബി രോഗികളാവുകയും ആയിരക്കണക്കിനു പേർ മരിക്കുകയും ചെയ്യുന്നുണ്ട്. ഇവരിൽ നാലിലൊന്നു പേരും ഇന്ത്യക്കാരാണ്. ഭൂരിഭാഗം രോഗികളും ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്ര ജനവിഭാഗത്തിൽപെട്ടവരാണ്. വ്യവസായ വിപ്ലവാനന്തരം ഉണ്ടായിട്ടുള്ള സാമൂഹിക-സാമ്പത്തിക പുരോഗതിയിലൂടെയും സാനിറ്ററി ശീലങ്ങളിലൂടെയും ടി.ബിക്കെതിരെ മരുന്നും പ്രതിരോധ ചികിത്സയും കണ്ടെത്തുന്നതിനുമുമ്പുതന്നെ മിക്ക പാശ്ചാത്യ വികസിത രാജ്യങ്ങളിലും ടി.ബി വ്യാപനവും മരണങ്ങളും കുറച്ചുകൊണ്ടു വന്നതായിട്ടാണ് ചരിത്രം. ടി.ബിക്കെതിരായ ആദ്യ ഔഷധം സ്ട്രെപ്ടോമൈസിന്‍ കണ്ടെത്തി പ്രയോഗിക്കുന്നതുതന്നെ 1940കൾക്കു ശേഷമാണ്. ക്ഷയരോഗത്തിന് എതിരായ വാക്സിന് ബി.സി.ജി വ്യാപകമായി ഉപയോഗിക്കുന്നത് 1950കള്‍ക്കുശേഷമാണ്. ടി.ബി രോഗത്തെ സാമൂഹിക വികസനത്തിന്റെ മാനദണ്ഡമായാണ് (Barometer of social development) കണക്കാക്കപ്പെടുന്നത് – അതിനാൽതന്നെ അനാരോഗ്യത്തിന്റെ സാമൂഹിക നിർണയ ഘടകങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിയ രാജ്യങ്ങളിൽ ഇതിന്റെ വ്യാപനം കുറവുമാണ് ^ അസന്തുലിത, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ശുചിത്വക്കുറവ് ഇവയൊക്കെയാണവ.
ഇന്ത്യയിലെ ടി.ബി രോഗത്തിന്റെ സാമൂഹികപരമായ മൂലകാരണങ്ങൾ നിർണയിക്കാൻ നടത്തിയ പഠനവിവരങ്ങൾ അന്താരാഷ്ട്ര ജേണലിൽ (PLOS Medicine) സമീപകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഔദ്യോഗികമായി കേന്ദ്ര സർക്കാറിന്റെ കീഴിൽ എല്ലാ സംസ്ഥാനങ്ങളിലും ജില്ലതലത്തിൽ വിവരങ്ങൾ വീടുകളിൽ സന്ദർശനം നടത്തി ശേഖരിച്ച ഡേറ്റ വിശകലനം ചെയ്താണ് ഇത് തയാറാക്കിയിട്ടുള്ളത് (District level house hold survey). ഇതിൽ ഇന്ത്യയിലെ ടി.ബി രോഗബാധയുണ്ടാകാനുള്ള കാരണങ്ങളുടെ റിസ്കുകൾ ആളുകളിലെ വിവിധ സാമ്പത്തിക ശ്രേണികളിൽ തരംതിരിച്ച് കണക്കാക്കി തിരിച്ചിട്ടുണ്ട്. Attributable Risk എന്ന യൂനിറ്റിലാണ് ഇത് കണക്കാക്കുന്നത്. ഇതുപ്രകാരം തിരിച്ചറിയപ്പെട്ട റിസ്കുകൾ ഒഴിവാക്കിയാൽ എത്ര ശതമാനം ടി.ബി രോഗബാധ കുറക്കാൻ പറ്റും എന്നാണ് എസ്റ്റിമേറ്റ് ചെയ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ അപകടകരമായിട്ടുള്ള കാരണം പോഷകാഹാരക്കുറവ് (Low body mass index) ആണ്. ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളിൽ ഇതിന്റെ ആട്രിബ്യൂട്ടബിൾ റിസ്ക് 34 ശതമാനവും ധനികവിഭാഗത്തിൽ 20 ശതമാനവുമാണ്. ഇതിനർഥം പോഷകാഹാരക്കുറവിന് പരിഹാരമുണ്ടാക്കിയാൽ യഥാക്രമം 34 ശതമാനം, 20 ശതമാനം ടി.ബി ഈ ജനവിഭാഗങ്ങളിൽ തടയാമെന്നാണ്. പിന്നീടുള്ള റിസ്ക് ഫാക്ടറുകളുടെ ആട്രിബ്യൂട്ടബിൾ റിസ്ക് ദരിദ്ര ജനവിഭാഗങ്ങളിലും ധനികവിഭാഗങ്ങളിലും (ബ്രാക്കറ്റിൽ) യഥാക്രമം ലഭിച്ചത് താഴെ കൊടുക്കുന്നു. വീട്ടുമുറികളിലെ വായുമലിനീകരണം 28 ശതമാനം (6 ശതമാനം), പുകവലി 16 ശതമാനം (6 ശതമാനം), മദ്യ ഉപയോഗം 4 ശതമാനം (1. 3 ശതമാനം) എന്നിങ്ങനെയാണ്. പാവപ്പെട്ടവരിലെ ടി.ബി വര്‍ധനയുടെ കാരണങ്ങള്‍ ഇവയൊക്കെയാണ്. പ്രമേഹരോഗം, എച്ച്.ഐ.വി എന്നിവയുള്ള ഈ ജനവിഭാഗങ്ങളിൽ ആട്രിബ്യൂട്ടബിൾ റിസ്ക് 2 ശതമാനവും (4 ശതമാനം), 7 ശതമാന (5.6 ശതമാനം) വുമാണ്. ഈ വിശകലനത്തിൽതന്നെ ടി.ബി രോഗനിയന്ത്രണത്തിന് വേണ്ടത് ഉചിതമായ ഔഷധ ചികിത്സകൾക്കൊപ്പം ജനങ്ങളിലെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളും ആരോഗ്യ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തലുമാണ്. മൈക്കിൾ മാര്മൊട്ട് ചൂണ്ടിക്കാണിച്ച സാമൂഹികപരവും സാമ്പത്തികപരവുമായ അസമത്വങ്ങളാണ് ടി.ബിപോലുള്ള രോഗങ്ങളുടെ മൂലകാരണങ്ങള്‍.
പ്രതിവർഷം ലോകത്തുണ്ടാകുന്ന ഒരു കോടിക്കടുത്തുള്ള ടി.ബി രോഗബാധിതരിൽ 20 ലക്ഷം പേർ ഇന്ത്യക്കാരാണ് (2021ൽ ഇന്ത്യയിൽ ക്ഷയരോഗ ചികിത്സാ പരിപാടിയിൽ 19 ലക്ഷം രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു). പ്രതിവർഷം ഇന്ത്യയിൽ രണ്ടു ലക്ഷത്തിലധികം ടി.ബി രോഗികൾ മരിക്കുന്നുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇന്ത്യയിൽ 2020ൽ 17.5 ലക്ഷം ടി.ബി രോഗികളെ പുതുതായി കണ്ടെത്തിയത് 2021ൽ 21 .3 ലക്ഷമായി വർധിച്ചതായി പറയുന്നു. രോഗബാധയുള്ള മുഴുവൻ പേരും ചികിത്സക്ക് എത്താത്തതിനാലും ഇവരിൽതന്നെ പലരുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതിനാലും യഥാർഥ വിവരങ്ങൾ ലഭ്യമല്ല. ഈയൊരു സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളിലെ ക്ഷയരോഗത്തിന്റെ യഥാർഥ അവസ്ഥ തിരിച്ചറിയാനായി 2019 തൊട്ട് 2021 വർഷങ്ങളിൽ കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു രാജ്യാന്തര സർവേയും പരിശോധനകളും നടത്തപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങൾപ്രകാരം ഇന്ത്യക്കാരിൽ പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾക്ക് (31.3 ശതമാനം) ടി.ബി രോഗാണുബാധയുണ്ടായിട്ടുണ്ട്. ഇവരിൽ 95 ശതമാനം പേരിലും ക്ഷയരോഗാണു നിഷ്ക്രിയമായി കിടക്കുമെങ്കിലും ബാക്കിയുള്ള അഞ്ചു ശതമാനം പേരിൽ അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗാണുക്കൾ സജീവമായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാം. അതേ അവസരത്തിൽ ആളുകളിൽ ക്ഷയരോഗത്തിനായി കഫപരിശോധന നടത്തിയപ്പോൾ ശരാശരി ലക്ഷം ആളുകളിൽ 316 പേർ ആക്ടിവ് ടി.ബി രോഗികളാണ് (3/1000) എന്നും കണ്ടെത്തിയിട്ടുണ്ട്: രാജ്യത്ത് രോഗബാധ ഏറ്റവും കുറവുള്ള കേരളത്തിൽ ലക്ഷം ആളുകളിൽ 115 പേർ ടി.ബി രോഗികളുള്ളപ്പോൾ (1.1/1000) ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ ഇത് ലക്ഷം പേരിൽ 534 പേരിലായിരുന്നു - (5. 3/ 1000). ടി.ബി രോഗികളിലെ സ്ത്രീ പുരുഷ അനുപാതം 4.7: 1.5 ആയിരുന്നു. പ്രായത്തിനനുസരിച്ച് അമ്പതു വയസ്സിനു മുകളില്‍ ഉള്ളവരില്‍ രോഗബാധ അഞ്ച് ഇരട്ടിയിലധികം കൂടുന്നുമുണ്ടായിരുന്നു. ലബോറട്ടറി പരിശോധനയിൽ ആക്ടിവ് ടി.ബി രോഗം ഉറപ്പാക്കിയ ഇവരിൽ 67 ശതമാനത്തിനും രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും 37 ശതമാനം പേർ മാത്രമേ എന്തെങ്കിലും ചികിത്സ തേടിയിട്ടുള്ളൂ എന്നാണ് സർവേയിൽ മനസ്സിലാക്കിയത്. ഇവരിൽതന്നെ പകുതിയിൽ താഴെ പേർ മാത്രമേ ഏതെങ്കിലും സർക്കാർ ആശുപത്രികളിൽനിന്ന് ചികിത്സ തേടിയിട്ടുള്ളൂ. 1997 മുതൽ തുടങ്ങിയ പുതുക്കിയ ദേശീയ ക്ഷയരോഗ ചികിത്സാ പരിപാടി (Revised TB Control Programme) അനുസരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾതൊട്ട് മെഡിക്കൽ കോളജുകൾ വരെ ചികിത്സയും പരിശോധനകളും നേരിട്ടുള്ള നിരീക്ഷണത്തിൽ തികച്ചും സൗജന്യമാണ്. പുതുതായി കണ്ടെത്തപ്പെട്ട രോഗികളിൽ രണ്ടു ശതമാനത്തോളം പേർ നിലവിലുള്ള മരുന്നുകളെ അതിജീവിക്കുന്ന രോഗാണുബാധയുള്ളവരാണ് (Multi Drug Resistant) എന്നാണ് പിന്നീടുള്ള സി.ബി നാറ്റ് പരിശോധനയിൽ തെളിഞ്ഞത്.
ഇപ്പോൾ നിലവിലുള്ള ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിപ്രകാരം രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമയോ പനിയോ, കഫത്തിൽ രക്തം കലർന്ന തുപ്പൽ, ശരീരഭാരം കുറയൽ -ഈ രോഗലക്ഷണങ്ങൾ ഉള്ളവർ ക്ഷയരോഗ പരിശോധനക്ക് വിധേയമാകണം. രോഗം നിർണയിക്കപ്പെടുന്നവർക്ക് പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ പ്രത്യേക നിരീക്ഷണത്തിൽ ആറുമാസം നീളുന്ന ഔഷധചികിത്സക്കും വിധേയമാകേണ്ടതുണ്ട്. ചികിത്സ പൂർത്തിയാക്കിയശേഷം രോഗം പൂർണമായി ഭേദപ്പെട്ടു എന്ന് ഉറപ്പിച്ച് മാത്രമാണ് രോഗമുക്തി ഡിക്ലയർ ചെയ്യുന്നത്. രോഗ പരിശോധനയുടെ ദിവസംതന്നെ രോഗിയുടെ വിവരങ്ങൾ ‘നിശ്ചയ്’ എന്ന ഓൺലൈൻ പോർട്ടലിൽ ചേർക്കും. ദിവസേന പുരോഗതി മോണിറ്റർ ചെയ്യപ്പെടുന്നുമുണ്ട്. ഇതേസമയംതന്നെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ (നിശ്ചയ് പോഷൺ യോജന) രോഗിയുടെ ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 500 രൂപ സർക്കാർ നിക്ഷേപിക്കുന്നുമുണ്ട്. രോഗിയെ പ്രതിമാസം നിരീക്ഷിച്ച് പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് ആയിരം രൂപവീതം ഓണറേറിയവും നൽകുന്നുണ്ട്. 2012 മുതൽ രാജ്യത്ത് ടി.ബി രോഗം നിർണയിക്കപ്പെട്ടാൽ ഏത് മേഖലയിലുള്ള (സർക്കാർ, സ്വകാര്യ) ചികിത്സകരായാലും വിവരം ടി.ബി അധികൃതരെ അറിയിക്കണമെന്ന് ചട്ടം ഉണ്ടെങ്കിലും ഇതു പാലിക്കാത്തതിന്റെ പേരിൽ ഇതുവരെ ആരെയും ശിക്ഷിച്ചതായി കേട്ടിട്ടില്ല.
മനുഷ്യർ വളർത്തുമൃഗങ്ങളെ പോറ്റിത്തുടങ്ങുന്നതിനു മുന്നിലുള്ള കാലങ്ങളിൽ ടി.ബിയുടെ ബാക്ടീരിയകൾ അടിസ്ഥാനപരമായി മൃഗങ്ങളിലായിരുന്നു വസിച്ചിരുന്നതെന്നും കൊറോണ വൈറസ് പോലെ, മനുഷ്യരിലേക്ക് സ്പിൽഓവർ ചെയ്തതുപോലെ മൃഗജന്യമായി എത്തിയതാണെന്നുമാണ് പരിണാമ ബയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. അതിന് 25,000ത്തോളം വർഷത്തെ ചരിത്രമേയുള്ളൂ. മനുഷ്യരില്‍ എത്തിക്കഴിഞ്ഞാല്‍ ശരീരത്തില്‍ ‘ഇക്കോ സിസ്റ്റവുമായി’ പൊരുത്തപ്പെട്ടു സ്ഥിരതാമസമാക്കുന്ന ഇവയെ ഒഴിവാക്കാന്‍ പ്രയാസവുമാണ്.
ഇന്ത്യ ഇപ്പോൾ ലക്ഷ്യമാക്കുന്നത് 2025ഒാടെ ടി.ബി രോഗത്തെ, വ്യാപനം കുറച്ച് ഇല്ലാതാക്കാനാണ്. ഇതുപ്രകാരം അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ ശരാശരി 10,000 പേരിൽ 30 പേർ ടി.ബി രോഗികളുള്ള ഇന്ത്യയിൽ/ 10,000 പേരിൽ 10 പേർ ടി.ബി രോഗികളുള്ള കേരളത്തിൽ അതു വെറും 5 ആയി ചുരുക്കുക എന്നാണ് ലക്ഷ്യമാക്കുന്നത്. അതും മുപ്പത് ശതമാനത്തോളം പേരിൽ അണുബാധയുള്ള, രോഗബാധിതരിൽ പകുതിയോളം പേർ ചികിത്സ തേടാത്ത, ചികിത്സ തേടാത്ത ഒരാൾ ഒരു വർഷത്തിനുള്ളിൽ പത്തിലധികം പേരിലേക്ക് രോഗം പകർത്താൻ സാധ്യതയുള്ള അവസ്ഥയിൽ ഇത് സാധ്യമാകുമോ? ദാരിദ്ര്യത്തിനും പോഷകാഹാരക്കുറവിനും വായുമലിനീകരണത്തിനും ചികിത്സാ പരിഹാരമില്ലാതെ ഇത് സാധ്യമാക്കാവുന്ന എളുപ്പവഴികൾ വൈദ്യശാസ്ത്രത്തിൽ നിർദേശിക്കുന്നുണ്ടോ?
പുതുതായി കണ്ടെത്തിയ രോഗികളിൽ 90 ശതമാനത്തിനെയെങ്കിലും നോട്ടിഫൈ ചെയ്ത് ചികിത്സിച്ച് അവരിൽ 90 ശതമാനത്തിനെ രോഗമുക്തമാക്കാനാണ് ഇപ്പോൾ ലക്ഷ്യംവെക്കുന്നത്. കണ്ടെത്തിയവരുടെ എത്രയോ ഇരട്ടി പേരുടെ ശരീരകോശങ്ങളിൽ തക്കതായ അവസരങ്ങൾ പാർത്ത് ക്ഷയരോഗാണുക്കൾ ഉറങ്ങിക്കിടക്കുന്നുമുണ്ട്. അതിനാൽ ‘എലിമിനേഷൻ’ റൗണ്ട് മുദ്രാവാക്യംപോലെ അത്ര എളുപ്പകരമായിരിക്കില്ല. Yes, We can end TB ^അതെ, ഞങ്ങൾക്കിത് സാധ്യമാണെന്നു നെഞ്ചിൽ കൈവെച്ച് പ്രതിജ്ഞയെടുക്കുമ്പോൾ മറ്റനേകം ചോദ്യങ്ങൾക്കും പരിഹാരങ്ങൾ തേടാനുണ്ടെന്ന യാഥാർഥ്യവും കൂടി തിരിച്ചറിയേണ്ടതുണ്ട്. ടി.ബിക്ക് അറുതിവരുത്താൻ വൈദ്യശാസ്ത്രത്തിലെ ഔഷധങ്ങൾക്കപ്പുറം സാമൂഹിക നിർണയ ഘടകങ്ങൾ നിയന്ത്രിക്കുന്ന ‘നോൺ ഫാർമക്കോളജിക്കൽ’ പ്രവർത്തനങ്ങളും ആവശ്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് അത് ആരോഗ്യപ്രവർത്തനത്തിന്റെ ഭാഗമാകുമ്പോേഴ പ്രതിജ്ഞകൾ യാഥാർഥ്യമാവുകയുള്ളൂ.
(കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിൽ കമ്യൂണിറ്റി മെഡിസിന് വകുപ്പ് മേധാവിയാണ് ലേഖകൻ)