Begin typing your search above and press return to search.
proflie-avatar
Login

കൊല്ലം നഗരസഭ ക്രമക്കേടുകളുടെ ഇല്ലമാകുന്നതെങ്ങനെ?

കൊല്ലം നഗരസഭ ക്രമക്കേടുകളുടെ ഇല്ലമാകുന്നതെങ്ങനെ?
cancel

‘‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട’’ എന്നാണ് മലയാളികളുടെ ചൊല്ല്. കശുവണ്ടിയും കയറും കൈത്തറിയും നിറഞ്ഞ കൊല്ലം ഇപ്പോൾ ചരിത്രത്തിലെ ഓർമയാണ്. സർക്കാറിന്റെ തന്നെ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽപറത്തിയാണ് കൊല്ലമടക്കം പല നഗരസഭകളും പ്രവർത്തിക്കുന്നത്. കെടുകാര്യസ്ഥത, ഉദ്യോഗസ്ഥ-രാഷ്ടീയ കൂട്ടുകെട്ട്, ക്രമക്കേട്, പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ അനർഹരുടെ വൻപട, പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥ, ധൂർത്ത് എന്നിങ്ങനെ പല വീഴ്ചകളും നഗരസഭകളിൽ കാണാം. നഗരസഭകളുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘമാണ് പദ്ധതികൾ പലതും അട്ടിമറിക്കുന്നത്. അതിന് തെളിവാണ് കൊല്ലം...

Your Subscription Supports Independent Journalism

View Plans

‘‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട’’ എന്നാണ് മലയാളികളുടെ ചൊല്ല്. കശുവണ്ടിയും കയറും കൈത്തറിയും നിറഞ്ഞ കൊല്ലം ഇപ്പോൾ ചരിത്രത്തിലെ ഓർമയാണ്. സർക്കാറിന്റെ തന്നെ നിർദേശങ്ങളും ഉത്തരവുകളും കാറ്റിൽപറത്തിയാണ് കൊല്ലമടക്കം പല നഗരസഭകളും പ്രവർത്തിക്കുന്നത്. കെടുകാര്യസ്ഥത, ഉദ്യോഗസ്ഥ-രാഷ്ടീയ കൂട്ടുകെട്ട്, ക്രമക്കേട്, പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയിൽ അനർഹരുടെ വൻപട, പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്ന അവസ്ഥ, ധൂർത്ത് എന്നിങ്ങനെ പല വീഴ്ചകളും നഗരസഭകളിൽ കാണാം. നഗരസഭകളുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ സംഘമാണ് പദ്ധതികൾ പലതും അട്ടിമറിക്കുന്നത്. അതിന് തെളിവാണ് കൊല്ലം കോർപറേഷനിലെ ഓഡിറ്റ് പരിശോധന റിപ്പോർട്ട്.

നികുതിപ്പണം പാഴാക്കുന്ന സ്വയംതൊഴിൽ സബ്സിഡി

വർത്തമാന കേരളത്തിൽ സ്വന്തമായി എന്തെങ്കിലും തൊഴിൽ സംരംഭം തുടങ്ങാൻ വ്യക്തികൾക്കും കൂട്ടായ്മകൾക്കും താൽപര്യമുണ്ടാകുക സ്വാഭാവികം. സർക്കാറിന് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമുണ്ട്. എന്നാൽ, അത് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് താൽപര്യമില്ല. 2020-21 വാർഷിക പദ്ധതിയിൽ കൊല്ലത്ത്​ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി 1.19 കോടി പദ്ധതിക്ക് അനുവദിച്ചു. അതിൽ 92.25 ലക്ഷം ചെലവഴിച്ചു. തൊഴിൽസംരംഭങ്ങൾ തുടങ്ങാൻ വായ്പ എടുത്തവർക്ക് വായ്പയുടെ ഒരു നിശ്ചിത ശതമാനം സബ്സിഡി നൽകി തുക വായ്പനൽകുന്ന ബാങ്കിലേക്ക് കൈമാറുന്ന രീതിയാണ് നിർവഹണ ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. ഓഡിറ്റിന് ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽനിന്നും ചെലവായി കാണിച്ച 92.25 ലക്ഷം രൂപയിൽ 90.82 ലക്ഷം രൂപ ഇന്ത്യൻ ബാങ്കിന്റെ പോളയത്തോട് ശാഖയിലെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ്​ കണക്ക്. ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ പദ്ധതി നടത്തിപ്പിലെ പരാജയമാണ് കണ്ടത്. ഗുണഭോക്തൃ ലിസ്റ്റ് കൊല്ലം നഗരസഭ കൗൺസിൽ അംഗീകരിച്ചിരുന്നു. എന്നാൽ, സംരംഭകർ ബാങ്കിൽനിന്നും മുഴുവൻ വായ്പ എടുത്തിട്ടുണ്ട് എന്നുറപ്പാക്കാതെ നിർവഹണ ഉദ്യോഗസ്ഥ സബ്സിഡി തുക ബാങ്കിന് കൈമാറി. ഈ കാരണത്താൽ ബാങ്കിന് കൈമാറിയ 90.02 ലക്ഷം രൂപയിൽ വായ്പ എടുത്ത ഗുണഭോക്താക്കളുടെ വിഹിതമായി 30.37 ലക്ഷം രൂപ മാത്രമാണ് വിതരണംചെയ്തത്. ബാക്കി 60.45 രൂപ ഒരു വർഷം ബാങ്കിൽ ഉപയോഗമില്ലാതെ കിടന്നു. നിർവഹണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച സംസ്ഥാന സർക്കാറിന്റെ റവന്യൂ ചെലവ് 60.45 ലക്ഷം രൂപ അധികരിച്ചു കാണിക്കാൻ ഇടയാക്കി.

ഡെപ്യൂട്ടി മേയർ കൊല്ലം മധു കോർപറേഷൻ ബജറ്റ് അവതരിപ്പിക്കുന്നു

ഡെപ്യൂട്ടി മേയർ കൊല്ലം മധു കോർപറേഷൻ ബജറ്റ് അവതരിപ്പിക്കുന്നു

2012 മാർച്ചിൽ ബാങ്കിന്റെ കൈയിലെ തുക തിരിച്ച് സംസ്ഥാന സർക്കാറിന്റെ കണക്കിൽ അടക്കാൻ ആവശ്യപ്പെട്ട്​ നിർവഹണ ഉദ്യോഗസ്ഥൻ കത്തെഴുതി. ഇതെത്തുടർന്ന് 60.45 ലക്ഷം തിരിച്ചടച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വികസന ഫണ്ടിൽനിന്നും വായ്പാതുകയുടെ 75 ശതമാനം സബ്സിഡിയായി നൽകുന്നത്. എന്നാൽ, സംരംഭകർ വായ്പയെടുത്ത് എന്തെങ്കിലും തൊഴിൽ ചെയ്യുന്നു​േണ്ടായെന്ന് നിർവഹണ ഉദ്യോഗസ്ഥൻ ഉറപ്പാക്കിയില്ല. ഓഡിറ്റ് പരിശോധനയിൽ വ്യക്തിഗത സംരംഭങ്ങൾ പലതും യഥാർഥത്തിൽ നിലവിലില്ല എന്നു ക​െണ്ടത്തി. ഇതുമൂലം വിലപ്പെട്ട പദ്ധതിപ്പണം പാഴാകുന്നുവെന്നും മനസ്സിലായി. ഇത് കേരളം മുഴുവൻ നടക്കുന്ന സംരംഭക തട്ടിപ്പാണ്.

പ്രോജക്ട് ഓഫിസർ നഗര ദാരിദ്ര്യനിർമാർജന സെൽ നിർവഹണ ഉദ്യോഗസ്ഥനായി 2020-21ലെ വാർഷിക പദ്ധതിയിൽ ചിലത് നടപ്പാക്കി. രേഖകൾ പ്രകാരം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കൾ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നും വായ്പ എടുക്കും. അതിന്റെ സബ്സിഡി തുക നിർവഹണ ഉദ്യോഗസ്ഥൻ ബാങ്കിലേക്ക് കൈമാറും. പദ്ധതി വിഭാവനം ചെയ്തതുപ്രകാരം 2021 മാർച്ചിൽ തുക ബാങ്ക് ഓഫ് ഇന്ത്യയുടെ കടപ്പാക്കട ബ്രാഞ്ചിലേക്ക് കൈമാറി. എന്നാൽ, ഓഡിറ്റ് പരിശോധനയിൽ ബാങ്കിലേക്ക് കൈമാറിയ തുകയിൽ 13,76,200 – രൂപയിൽ 7,63,000– രൂപ കഴിഞ്ഞ 21 മാസക്കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഗുണഭോക്താക്കൾ ബാങ്കിൽനിന്നും വായ് എടുത്തിട്ടില്ല. അതായത്​ ഏതാണ്ട്​ 55 ശതമാനവും ചെലവഴിച്ചിട്ടില്ല എന്നർഥം.

വായ്പ സബ്സിഡിയിലെ വീഴ്ച

2020-21ലെ വാർഷിക ദാരിദ്ര്യനിർമാർജന സെൽ ഓഫിസർ പരിസ്ഥിതി സൗഹാർദ സംരംഭങ്ങളുടെ ഭാഗമായി സ്റ്റീൽപാത്രങ്ങളും ഗ്ലാസുകളും വാടകക്ക് കൊടുക്കുന്ന കുടുംബശ്രീ സംരംഭ യൂനിറ്റുകൾക്ക് സബ്സിഡി നൽകാൻ ഒരു പദ്ധതി തയാറാക്കി 6.63 ലക്ഷം രൂപ വകയിരുത്തി. പദ്ധതിയുടെ ഭാഗമായി 1.95 ലക്ഷം രൂപ ബാങ്കിൽനിന്നും വായ്പ എടുത്ത് സ്റ്റീൽപാത്രങ്ങളും ഗ്ലാസുകളും വാങ്ങി വാടകക്ക് നൽകി. കുടുംബശ്രീ സംരംഭകർക്ക് വായ്പ തുകയുടെ 85 ശതമാനം (1,65,750 രൂപ) സബ്സിഡിയായി നൽകാനായിരുന്നു പദ്ധതി. തുടർന്ന് നാലു സംരംഭകർ മുന്നോട്ടു വന്നുവെന്നും അവർ ബാങ്കിൽനിന്നും വായ്പ എടുത്ത് സംരംഭം ആരംഭിക്കുമെന്നും കാണിച്ച് 6,63,000 രൂപ ബാങ്ക് ഓഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖക്ക് 2020 ആഗസ്റ്റ് 11ന് കൈമാറി. എന്നാൽ, 2021 ഒക്ടോബർ വരെ ആരും വായ്പ എടുക്കുകയോ സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്തില്ല. 2021 ഒക്ടോബറിൽ മണക്കാട് ഏരിയ വികസന സൊസൈറ്റി 1.95 ലക്ഷം രൂപ വായ്പ എടുത്ത് 816 കിലോ സ്റ്റീൽപാത്രങ്ങൾ വാങ്ങിയതിന്റെ ഇൻവോയിസ് (1.92 ലക്ഷം രൂപ) ബാങ്കിൽ സമർപ്പിച്ചു. 2002 ജൂണിൽ തിരിച്ചടച്ചതിനെ തുടർന്ന് സബ്സിഡി ഉൾപ്പെടുത്തി വായ്പ അക്കൗണ്ട് തീർപ്പാക്കി. 1.92 ലക്ഷം രൂപയുടെ സബ്സിഡി തുകയായ 1,63,200 രൂപ മണക്കാട് എ.ഡി.എസിന്റെ വായ്പ അക്കൗണ്ടിൽ നൽകിയതായി ബാങ്ക് സ്ഥിരീകരിച്ചു.

അതേസമയം, മണക്കാട് എ.ഡി.എസ് ഭാരത് അലുമിനിയം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽനിന്നും 1.92 ലക്ഷം രൂപക്ക് 861 കിലോ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയെന്നാണ് നഗരസഭയിലെ രേഖകളിൽ കാണുന്നത്. എന്നാൽ, മണക്കാട് എഡി.എസിന്റെ സ്റ്റോക്ക് രജിസ്റ്ററിൽ 861 കിലോ സ്റ്റീൽപാത്രങ്ങൾ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയിൽ 300 സ്റ്റീൽപ്ലേറ്റുകൾ, രണ്ട് സ്റ്റീൽ കുട്ട, 10 സ്റ്റീൽ ബക്കറ്റ്, 28 പാത്രങ്ങൾ, 10 സ്പൂൺ-തവികൾ മാത്രമാണ് വാങ്ങിയത്. ഇത് ഏറ്റവും കൂടിയാൽ 150 കിലോ മാത്രം. ബാക്കി 711 കിലോ എവിടെ? ബാങ്കിൽ വായ്പ തരപ്പെടുത്താൻ നൽകിയ ഇൻവോയ്സ് യഥാർഥത്തിൽ സാധനം വാങ്ങിയതിന്റേത​െല്ലന്ന് ഓഡിറ്റിൽ കണ്ടെത്തി.

2020 ആഗസ്റ്റിൽ ബാങ്കിലേക്ക് കൈമാറിയ തുകയിൽ 49,98,00 രൂപ (4.99 ലക്ഷം) ബാങ്കിൽ കിടക്കുകയാണ്. ഏതാണ്ട് 24 ശതമാനമാണ് ചെലവഴിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തും മുമ്പ് പദ്ധതിപ്പണം മുഴുവൻ ബാങ്കിലേക്ക് കൈമാറി നഗരസഭയുടെ പദ്ധതിച്ചെലവ് പെരുപ്പിച്ച് കാണിച്ചതുമാത്രം മിച്ചം. ഒരു പ്രയോജനമില്ലാതെ പണം ബാങ്കിൽ കിടപ്പാണ്.

സാമൂഹിക അടുക്കളയിൽ ഒരു നേരത്തെ ആഹാരത്തിന് 354 രൂപ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൂർണ ലോക്ഡൗൺ നിലവിൽവന്നതിനെ തുടർന്ന് ദുർബല വിഭാഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക അടുക്കള തുടങ്ങി. നഗരസഭ വാർഷിക പദ്ധതിയിൽ (2020- 21) ഇതിന്റെ ഭാഗമായി അരക്കോടിയിലധികം (55 ലക്ഷം) രൂപ വകയിരുത്തി. ഇതിൽ 53.94 ലക്ഷം ചെലവഴിച്ചുവെന്നാണ് കണക്ക്. ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകൾ ഓഡിറ്റ് ചെയ്തപ്പോൾ കാര്യങ്ങളാകെ തകിടം മറിഞ്ഞു. സാമൂഹിക അടുക്കള രൂപവത്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവുകൾ പ്രകാരം സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ സാമൂഹിക അടുക്കളകൾക്കുള്ള ധനസഹായം പ്രധാനമായും സ്പോൺസർഷിപ്പുകൾ വഴിയായിരിക്കണമെന്ന് പറയുന്നുണ്ട്​. മതിയായ സ്പോൺസർഷിപ് ലഭിക്കാത്ത സാഹചര്യത്തിൽ വിടവ് നികത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ഉപയോഗിക്കാം. തനത് ഫണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ വികസന ഫണ്ടുകൾ പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർ എന്നിവരെ ബോധ്യപ്പെടുത്തി അറിയിപ്പിന് വിധേയമായി ഉപയോഗിക്കാം. എന്നാൽ, വികസനഫണ്ടിൽ 55 ലക്ഷം രൂപ വകയിരുത്തി 54 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ നഗരകാര്യ ഡയറക്ടറെ അറിയിച്ച് അനുമതി വാങ്ങിയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചില വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമാണ് പണം നൽകിയത്.

ദീപ, തൃപ്തി കാറ്ററിങ് നഗരസഭയുടെ കീഴിലുള്ള ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുദിവസം 60 രൂപാ നിരക്കിലാണ് ഭക്ഷണം നൽകിയത്. അതിന് 37,49,640 രൂപ നൽകി. ആശുപത്രികളിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതായി ഓഡിറ്റിന് ഹാജരാക്കിയ രേഖകൾ വ്യക്തമാക്കുന്നില്ല. ഉത്തരവുകളുടെ അഭാവത്തിൽ നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് ഉചിതമായില്ല. സ്റ്റിയറിങ് കമ്മിറ്റി തീരുമാനപ്രകാരം ലോക്ഡൗൺ കാലയളവിൽ നൽകാൻ തീരുമാനിച്ച ഭക്ഷണം ലോക്ഡൗൺ പിൻവലിച്ചതിനുശേഷം ജൂൺ മുതൽ സെപ്റ്റംബർ വരെ തുടർന്നതിന് ന്യായീകരണവും ഫയലിലില്ല.

ശക്തികുളങ്ങര ഡിവിഷനിൽ സാമൂഹിക അടുക്കള നടത്തിയതിന് കൃഷ്ണകുമാറിന്​ 10,35,325 രൂപ നൽകിയതായി കണ്ടെത്തി. 2020 മേയ് 11 മുതൽ 2020 ജൂൺ 18 വരെയുള്ള ദിവസങ്ങളിൽ സാമൂഹിക അടുക്കള നടത്തിയതിന് സാധനങ്ങൾ വാങ്ങിയ വകയിൽ തുക നൽകി. ഇതോടൊപ്പം 33 ദിവസം പാചകം ചെയ്തതിന് ഏഴു പേർക്ക് 1,50,150 രൂപയും ചപ്പാത്തി സപ്ലൈ ചെയ്തതിന് 44,700 രൂപ എം. നൗഷാദിനും നൽകി. ഒരു നിയന്ത്രണവുമില്ലാതെ സർക്കാർ നിർദേശങ്ങളെയെല്ലാം അവഗണിച്ച് സർക്കാർ പണം ധൂർത്തടിച്ചുവെന്നാണ് ഓഡിറ്റ് വിലയിരുത്തൽ.

കോവിഡ് കാലയളവിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവുകളിൽ സൗജന്യ ഭക്ഷണം നൽകേണ്ടവരുടെ പട്ടികയിൽ നിർധനർ, അഗതി കുടുംബങ്ങൾ, കിടപ്പുരോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർ മാത്രമാണ്. മറ്റുള്ളവർക്ക് ഒരുനേരം 30 രൂപയുടെ ഭക്ഷണം നൽകും. അതിൽ 10 രൂപ സർക്കാർ സബ്സിഡി ദുരിതാശ്വാസ നിധിയിൽനിന്നും നൽകാനുമാണ് തീരുമാനിച്ചത്. ഒരു മാനദണ്ഡമൊന്നും നോക്കാതെ എല്ലാവർക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുകയാണ്​ ശക്തികുളങ്ങര സാമൂഹിക അടുക്കളയിൽ നടന്നത്​. ഫയലിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 2020 മേയ് 13 മുതൽ ജൂൺ 19 വരെയുള്ള ദിവസങ്ങളിൽ 1178 പ്രഭാതഭക്ഷണവും 1175 ഉച്ചഭക്ഷണവും 1122 അത്താഴവുമാണ് നൽകിയത്. ഇതിനായി 12,30,175 രൂപ ചെലവഴിച്ചു. ഇക്കണക്കനുസരിച്ച് ഒരു നേരത്തെ ആഹാരത്തിന് 354 രൂപയാണ് ചെലവ്​. ശക്തികുളങ്ങര സാമൂഹിക അടുക്കളയിലേക്ക് വാങ്ങിയ സാധനങ്ങളുടെ രേഖകൾ ഇങ്ങനെയാണ്​ പറയുന്നത്​:

‘ഒരു മഹാമേള ആഘോഷമാക്കുന്ന’ രീതിയിൽ ഒരു നിയന്ത്രണവുമില്ലാതെ സാധനങ്ങൾ വാങ്ങി സർക്കാർ പണം ധൂർത്തടിക്കാൻ നഗരസഭ കൂട്ടുനിന്നുവെന്നാണ് ഓഡിറ്റിന്റെ വിലയിരുത്തൽ. ദിവസവും 30 കിലോ ചിക്കൻ, 55 കിലോ മാവ്, 700ൽ കൂടുതൽ ചപ്പാത്തി എന്നിവയുടെ ആവശ്യകത യുക്തിസഹമല്ല. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ കൈയിൽനിന്ന് 8.50 ലക്ഷം രൂപ മുൻകൂർ അനുമതിയില്ലാതെ ചെലവഴിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഓഡിറ്റർ ആവശ്യപ്പെട്ടു. ചാർജ് ഓഫിസർ ചെലവിനാവശ്യമായി കാണിച്ച പല ബില്ലുകളിലും (എസ്റ്റിമേറ്റ്) കടയുടെയോ വ്യക്തിയുടെയോ പേരോ വിലാസമോ ഇല്ല. ഇരവിപുരം ടൗൺഹാൾ തുടങ്ങിയ സ്ഥലങ്ങളിലെ സാമൂഹിക അടുക്കളയിലെ ആകെ ചെലവ് 1.75 ലക്ഷം രൂപയിൽ താഴെമാത്രമായിരിക്കെ ശക്തികുളങ്ങര സാമൂഹിക അടുക്കളയിൽ മാത്രം ഇത്രയധികം തുക വന്നത് ബില്ലുകൾ പാസാക്കും മുമ്പ് വിലയിരുത്തേണ്ടതായിരുന്നു. സർക്കാറിന്റെയോ നഗരകാര്യ ഡയറക്ടറുടെയോ പ്രത്യേക അനുമതിയില്ലാതെയാണ് 54 ലക്ഷം രൂപ വികസന ഫണ്ടിൽനിന്നും ചെലവാക്കിയത്.


പഠനമുറിക്ക് അനുവദിച്ചത് അഞ്ച് കോടി; ചെലവഴിച്ചത് ഒരു കോടി

സംസ്ഥാനത്തെ ഗവ. എയ്ഡഡ്-ടെക്നിക്കൽ-സ്പെഷൽ സ്കൂളുകളിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർഥികളുടെ നിലവിലുള്ള വീടിനോടൊപ്പം 120 അടി വലുപ്പത്തിൽ പഠനമുറി നിർമിക്കാൻ രണ്ടു ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നാലു ഗഡുക്കളായി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യണം. സംസ്ഥാനത്ത് 2017-18 വർഷം 6623 പഠനമുറികൾ അനുവദിച്ചതിൽ 5725 പൂർത്തിയാക്കിയെന്നാണ് എ.കെ. ബാലൻ 2020 മാർച്ച് 12ന് നിയമസഭയെ അറിയിച്ചത്. 2018-19 വർഷം അനുവദിച്ച 4977 പഠനമുറികളിൽ 3246 എണ്ണം പൂർത്തീകരിച്ചു.

2019-20ൽ നിർമിക്കാൻ ഭൗതികലക്ഷ്യം നിശ്ചയിച്ച് നൽകിയതിൽ നിലവിൽ 4833 പഠനമുറികളുടെ നിർമാണം ആരംഭിക്കുകയും 403 പഠനമുറികളുടെ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. പ്രതിമാസ പുരോഗതി റിപ്പോർട്ട് തയാറാക്കി, പദ്ധതി പുരോഗതി കൃത്യമായി അവലോകനം ചെയ്ത് ബന്ധപ്പെട്ട ജില്ല പട്ടികജാതി ഓഫിസർമാരുടെയും അവലോകനയോഗങ്ങളിൽ ചർച്ചചെയ്ത് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നാണ്​ മുൻ മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയത്. പഠനമുറി എന്ന സർക്കാറിന്റെ സ്വപ്നപദ്ധതിയും നഗരസഭ അട്ടിമറിച്ചു. പട്ടികജാതി വികസന ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി 2019- 20 മുതൽ 2021- 22 വരെയുള്ള വർഷങ്ങളിലാണ് പഠനമുറി പദ്ധതി നടപ്പാക്കിയത്. മൂന്ന് വർഷം ആകെ നീക്കിവെച്ചത് അഞ്ച് കോടിയോളം (4.98 കോടി) രൂപയാണ്. ഇതിൽ ചെലവഴിച്ചത് 1.01 കോടി രൂപ മാത്രം. ഏതാണ്ട് അഞ്ചിൽ ഒന്ന്. കണക്ക്​ ഇങ്ങനെ:


മൂന്ന് വർഷങ്ങളിലായി പദ്ധതി നടപ്പിലാക്കാൻ 53 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. ഇതിൽ 38 ഗുണഭോക്താക്കൾ പണി പൂർത്തീകരിച്ചുവെന്നും 11 പേർ ആദ്യ രണ്ട് ഗഡുക്കൾ (1.25 ലക്ഷം) മാത്രവും നാലു ഗുണഭോക്താക്കൾ ആദ്യ ഗഡുമാത്രവും (50,000 രൂപ) വാങ്ങി ഇതുവരെ പണി പൂർത്തീകരിച്ചിട്ടില്ലെന്നുമാണ് കണക്ക്.

തദ്ദേശ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ അനുസരിച്ച് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നവർക്ക് നിലവിലെ വീടിന്റെ വിസ്തീർണം 800 ചതുരശ്ര അടിയിൽ കൂടാൻ പാടില്ല. കാരണം, ദരിദ്രർക്കുള്ള പദ്ധതിയാണിത്. 120 ചതുരശ്ര അടി വിസ്തീർണമുള്ള പഠനമുറി നിർമിക്കാൻ അസി. എൻജിനീയറുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി രണ്ടു ലക്ഷം രൂപ നൽകാം. എന്നാൽ, ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ഗുരുതര വീഴ്ചപറ്റിയെന്ന്​ വ്യക്തം. ഓഡിറ്റ് സംഘം നടത്തിയ ഫീൽഡ് പരിശോധനയിൽ ഗുണഭോക്താക്കൾ പലരും അനർഹരാണ്. അർഹരായ പട്ടികജാതിക്കാരെ പട്ടികയിൽനിന്ന് മാറ്റിയതിൽ ഇടപെടൽ നടന്നു. പട്ടികജാതി ഫണ്ട് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തതായി ഓഡിറ്റ് നിരീക്ഷിച്ചു. ഇതിന് ചില ഉദാഹരണങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗുണഭോക്താവായ പട്ടത്താനം, ശബരിയിൽ നന്ദനാ സുന്ദർ സമർപ്പിച്ച അപേക്ഷയിൽ നിലവിലെ വീടിന് 1400 ചതുരശ്ര അടി വിസ്തീർണമുണ്ട്.

സ്ഥലപരിശോധനയിൽ ഗുണഭോക്താവ് പ്രത്യേകം പഠനമുറി നിർമിച്ചിട്ടില്ല. കുടുംബം ഉയർന്ന ലക്ഷണങ്ങളും സാമ്പത്തിക നിലവാരവും പുലർത്തുന്നു. രാമാനുജ നഗറിൽ കല്ലുവിള വീട്ടിൽ, സ്വരൂപ് കൃഷ്ണൻ നിർമാണത്തിന് ആവശ്യമായ പ്ലാൻ സമർപ്പിച്ച് അംഗീകാരം വാങ്ങിയില്ല. നിലവിൽ 1200 ചതുരശ്ര അടിയിൽ കൂടുതൽ രണ്ട് നിലകളുള്ള വീടുണ്ട്. കടപ്പാക്കട, ഹരിശ്രീ നഗറിൽ (സരളം) ആതിര വിജയന് നിലവിൽ 1000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുണ്ട്. കടവൂർ, ചേലോടി കിഴക്കതിൽ, മിഥുൻ മോഹന് നിലവിൽ 900 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടിന് പഠനമുറി നിർമിക്കാൻ അനുമതി നൽകി. ഈ നാലുപേരും അർഹരായിരുന്നില്ല. അനർഹരായ ഈ നാലുപേരെ തിരഞ്ഞെടുത്തതുവഴി എട്ടു ലക്ഷം രൂപയുടെ ദുരുപയോഗം നടന്നു. ഈ തുക തിരിച്ചുപിടിച്ച് സർക്കാർ ഖജനാവിൽ തിരിച്ചടക്കണം. പരമാവധി 120 അടി ചതുരശ്ര അടി വിസ്തീർണമുള്ള പഠനമുറി നിർമിക്കാൻ മാത്രമേ അനുവാദം നൽകാൻ പാടുള്ളൂ. എന്നാൽ, പല ഗുണഭോക്താക്കൾക്ക് 120 ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള പഠനമുറി നിർമാണത്തിന് അനുമതി നൽകി. അവരിൽ പലരും മാനദണ്ഡപ്രകാരം അർഹരല്ല. അഞ്ച് കോടിയിൽ ഒരുകോടി ചെലവഴിച്ചപ്പോൾ അതിലും ദുരുപയോഗം നടന്നു. അഞ്ചു കോടി വകയിരുത്തിയതിൽ ഒരു കോടി ചെലവഴിച്ചു. അതിൽ 50 ശതമാനം അനർഹരായ പലരും തട്ടിയെടുത്തു. അർഹരായ പലരുടെയും പഠനമുറി പൂർത്തീകരിച്ചില്ല. ഈ കണക്ക് പരിശോധിച്ചാൽ പഠനമുറി പദ്ധതിയുടെ അഞ്ചു ശതമാനം പ്രയോജനംപോലും പട്ടികജാതി വിഭാഗത്തിന് കിട്ടിയില്ലെന്ന് വിലയിരുത്തേണ്ടി വരും.

കണക്കില്ലാത്ത ചെലവഴിക്കാവുന്ന പട്ടികജാതി സ്കോളർഷിപ്

സംസ്ഥാന സർക്കാറോ കേന്ദ്രസർക്കാറോ സർക്കാറുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികളോ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് യോഗ്യത നേടിയ പട്ടികജാതി-വർഗത്തിൽപെട്ട വിദ്യാർഥികൾക്ക് കോഴ്സ് കാലാവധിവരെയുള്ള എല്ലാ അക്കാദമിക് വർഷത്തിലും സ്കോളർഷിപ് നൽകാം. കഴിഞ്ഞ മൂന്നു വർഷത്തിലും കൊല്ലം മുനിസിപ്പൽ കോർപറേഷനിൽ പട്ടികജാതി വികസന ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി ഈ പദ്ധതി നടപ്പാക്കി.

സംസ്ഥാന സർക്കാർ ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തപ്പോൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ തുടർവിദ്യാഭ്യാസം ഉറപ്പുവരുത്താൻ എല്ലാ വർഷങ്ങളിലും ധനസഹായം നൽകി മെച്ചപ്പെട്ട പഠനം ഉറച്ചുവരുത്താൻ ലക്ഷ്യംവെച്ചിരുന്നു. എന്നാൽ, കൊല്ലം നഗരസഭയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ ആർക്കും പഠനകാലാവധിയിൽ എല്ലാ വർഷവും ധനസഹായം നൽകിയതായി കാണുന്നില്ല. ഓരോ വർഷവും വ്യത്യസ്​ത ഗുണഭോക്താക്കളെ കണ്ടെത്തി. പദ്ധതിയുടെ പൂർണ ലക്ഷ്യം കൈവരിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നതായി ഓഡിറ്റ് വിലയിരുത്തി. പദ്ധതി മാർഗനിർദേശം അനുസരിച്ച് തിരഞ്ഞെടുത്ത കുട്ടികളുടെ കോഴ്സ്, പഠനകാലാവധി നൽകിയ തുക എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. എന്നാൽ, ഓഡിറ്റ് പരിശോധിച്ച് 2019 -20, 2020- 21, വർഷങ്ങളിൽ രജിസ്റ്റർ അപൂർണമാണ്. കോഴ്സ് കാലാവധി, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിന്റെ വ്യക്തമായ തെളിവുകളും അതിൻപ്രകാരം തെരഞ്ഞെടുത്തതിന്റെ സാക്ഷ്യപത്രങ്ങളും രേഖകളിലില്ല. ഇതുകാരണം അർഹതപ്പെട്ടവർ തഴയപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഓഡിറ്റിന് സാധിച്ചിട്ടില്ല.

2018-19ലെ പദ്ധതിയിൽ ഉൾപ്പെടുത്തി 8,75,000 രൂപ ചെലവിട്ടിരുന്നു. ഈ പദ്ധതിയുടെ സ്പിൽ ഓവർ പ്രോജക്ടിൽ 2019-20ൽ (664/20) 3,20,000 രൂപയും ചെലവഴിച്ചു. രണ്ടു വർഷങ്ങളിലായി 11,95,000 രൂപ ചെലവഴിച്ചപ്പോൾ നഗരസഭയിലെ രജിസ്റ്റർ പ്രകാരം 52 കുട്ടികൾക്കായി 10,75,000 രൂപ മാത്രം നൽകിയതായി രേഖപ്പെടുത്തി. 2020-21ൽ പ്രോജക്ടിന്റെ ഭാഗമായി 28,75,000 രൂപ നൽകിയതായി ചെലവ് രേഖകൾ സാക്ഷ്യപ്പെടുത്തുമ്പോൾ നഗരസഭയുടെ രജിസ്റ്റർ പ്രകാരം 132 കുട്ടികൾക്ക് 27,95,000 രൂപ നൽകിയതായി രേഖപ്പെടുത്തി. രജിസ്റ്ററിൽ കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമല്ല. ട്രഷറിയിൽനിന്നും കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക പരിശോധിക്കുന്നതിന് ഓഡിറ്റിന് സാധിച്ചിട്ടില്ല. വരും വർഷങ്ങളിൽ അർഹതപ്പെട്ട കുട്ടികൾക്ക് സ്കോളർഷിപ് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് പൂർണ വിവരങ്ങളുള്ള രജിസ്റ്റർ വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

തകർന്നടിഞ്ഞ മറൈൻ അ​േക്വറിയം

നഗരസഭ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ബീച്ചിനു സമീപത്തായി മറൈൻ അ​േക്വറിയം ഹാർബർ എൻജിനീയറിങ് നിർമിക്കാൻ തീരുമാനിച്ചു. മത്സ്യസമ്പത്തിനെയും സമുദ്രജീവികളെയും ജനങ്ങൾക്ക് അടുത്തറിയുന്നതിനും നഗരസഭക്ക് അധിക വരുമാനം ലഭിക്കുന്നതിനും വേണ്ടിയായിരുന്നു ഈ പദ്ധതി. അതിനായി 1.50 കോടി രൂപ (2013 -14 ൽ 75 ലക്ഷം, 2016- 17 ൽ 75 ലക്ഷം) നഗരസഭ ഹാർബർ എൻജിനീയറിങ് വകുപ്പിനു കൈമാറി. എൻജിനീയറിങ് സബ്ഡിവിഷൻ, കൊല്ലം അ​േക്വറിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം പൂർത്തീകരിച്ചു. അ​േക്വറിയം മത്സ്യങ്ങൾ (33 ഇനങ്ങളിൽപെട്ട 220ലധികം മത്സ്യങ്ങൾ) ഉൾപ്പെടെ 2019 ജൂലൈ എട്ടിനു നഗരസഭക്കു കൈമാറി. മറൈൻ അ​േക്വറിയം 2019 ജൂലൈ 14ന് ജനങ്ങൾക്ക്​ തുറന്നുകൊടുത്തു.

മറൈൻ അ​േക്വറിയത്തിന്റെ ഫീസ് പിരിക്കാനും പരിപാലനം നടത്താനുമുള്ള കരാർ 2019 നവംബർ 27 മുതൽ മൂന്നുവർഷത്തേക്ക് ടെൻഡർ നടപടികളിലൂടെ ടി.കെ. സുരേഷ്ബാബുവിന് (മറൈൻ വേൾഡ്) നൽകി. ഈ കരാർ പ്രകാരം അ​േക്വറിയം കൈമാറുമ്പോൾ 21 ഗ്ലാസ് ടാങ്കുകളിലും മറൈൻ കുളത്തിലുമായി 220ൽ അധികം മത്സ്യങ്ങൾ ഉണ്ടായിരുന്നതായി റവന്യൂ ഇൻസ്പെക്ടർ സാക്ഷ്യപ്പെടുത്തി. എന്നാൽ, 2020 മേയ് അഞ്ച്, 2021 സെപ്റ്റംബർ ഏഴ് എന്നീ തീയതികളിൽ ടി.കെ. സുരേഷ്ബാബു സമർപ്പിച്ച അപേക്ഷകൾപ്രകാരം 2020 മാർച്ച് 12 മുതൽ കോവിഡ് വ്യാപനംമൂലം മറൈൻ അ​േക്വറിയം അടച്ചിടേണ്ടി വന്നു. തന്മൂലം മീനുകൾ ചത്തതായും പകുതിയോളം ടാങ്കുകളിൽ മീനുകൾ ഇല്ലാതായതായും സൂചിപ്പിച്ചു.

കൊല്ലം ബീച്ചിന് സമീപത്തെ മറൈൻ അക്വേറിയം

കൊല്ലം ബീച്ചിന് സമീപത്തെ മറൈൻ അക്വേറിയം

കരാർ തുടങ്ങുമ്പോൾതന്നെ വ്യവസ്ഥകൾ ലംഘിച്ചു. 2019 ഒക്ടോബർ 16ലെ ടെൻഡർ നോട്ടീസ് പ്രകാരം ടെൻഡറിൽ പങ്കെടുക്കുന്ന കരാറുകാരന് 20 മറൈൻ ഫിഷ് ടാങ്കുകളെങ്കിലുമുള്ള പൊതുമേഖലാ മറൈൻ അ​േക്വറിയം പരിപാലിച്ചതിന്റെ മുൻപരിചയം ഉണ്ടായിരിക്കണം. ഇതിനു തെളിവായി ഏർപ്പെട്ട കരാറിന്റെയോ സർട്ടിഫിക്കറ്റിന്റെയോ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കരാർ ലഭിച്ച ടി.കെ. സുരേഷ് ബാബു സമർപ്പിച്ചത് അക്വാടെക് ബയോട്ടിക്സ് എന്ന സ്വകാര്യ സ്ഥാപനം നൽകിയ സർട്ടിഫിക്കറ്റ് മാത്രമാണ്. പൊതുമേഖലയിലുള്ള മറൈൻ അ​േക്വറിയം പരിപാലിച്ചതിന്റെ മുൻപരിചയം സ്ഥാപിക്കാനായി സ്വകാര്യ സ്ഥാപനം നൽകിയ സാക്ഷ്യപത്രം നഗരസഭ അംഗീകരിച്ചു. അതിലൂടെ ഒന്നര കോടി രൂപ മുടക്കി സ്ഥാപിച്ച അ​േക്വറിയത്തിന്റെ പരിപാലനം കരാർ വ്യവസ്ഥപ്രകാരമുള്ള അടിസ്ഥാന യോഗ്യതപോലും ഹാജരാക്കാൻ കഴിയാതിരുന്ന സുരേഷ്ബാബുവിനു നൽകി. കരാറിൽ പങ്കെടുത്ത അ​േക്വറിയം ആർട്ട് എന്ന മറ്റൊരു സ്ഥാപനത്തിന്റെ പ്രതിനിധി ഇതേക്കുറിച്ചു നഗരസഭയിൽ പരാതി നൽകിയിരുന്നു. അതിന്മേൽ അന്വേഷണം നടത്തി നടപടിയെടുത്തതായി രേഖകളില്ല. 2022 മാർച്ച് 15ലെ കൗൺസിൽ യോഗത്തിന്റെ അജണ്ട കുറിപ്പ് പ്രകാരം 21 ഗ്ലാസ് അ​േക്വറിയത്തിലും ഒരു കുളത്തിലുമായി 35 ഇനങ്ങളിൽപെട്ട 220 മത്സ്യങ്ങളെ കണ്ടെത്താൻ പരിശോധനയിലൂടെ കഴിഞ്ഞു എന്ന് റവന്യൂ ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ 2020 മേയ് 25, 2021 ഒക്ടോബർ ഏഴ് എന്നീ തീയതികളിൽ സുരേഷ്ബാബു സമർപ്പിച്ച അപേക്ഷകൾ പ്രകാരം 2020 മാർച്ച് 12 മുതൽ കോവിഡ് വ്യാപനംമൂലം മറൈൻ അ​േക്വറിയം അടച്ചിടേണ്ടിവന്നുവെന്നും മീനുകൾ ചത്തുപോവുകയും പകുതിയോളം ടാങ്കുകളിൽ മീനുകൾ ഇല്ലാതാവുകയും ചെയ്തു. എന്നിട്ടും 220ലധികം മത്സ്യങ്ങളെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് 2020ൽ റവന്യൂ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയത് അത്ഭുതമാണ്.

2022 ഡിസംബർ 12ന് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓഡിറ്റ് നടത്തിയ സംയുക്ത പരിശോധനയിൽ മൂന്നു ഗ്ലാസ് ടാങ്കുകളിലും കുളത്തിലുമായി ആകെ അഞ്ചിൽതാഴെ മത്സ്യങ്ങൾ മാത്രമാണ് അ​േക്വറിയത്തിലുള്ളത്. കൃത്യമായ പരിപാലനത്തിന്റെ അഭാവത്താൽ അ​േക്വറിയത്തിന്റെ അനുബന്ധ ഉപകരണങ്ങളും മേൽക്കൂരയും മറ്റും നശിച്ചു. രണ്ടു സന്ദർഭങ്ങളിലായി മത്സ്യങ്ങൾ ചത്തുപോയതായി കരാർ എടുത്ത വ്യക്തി രേഖാമൂലം അറിയിച്ചിരുന്നു. തൽസ്ഥിതി പരിശോധിച്ച് നഷ്ടം വിലയിരുത്തിയതായി രേഖകളിൽ കാണുന്നില്ല. ആകെ ലേലത്തുകയായ 5,09,000 രൂപയുടെ 25 ശതമാനം ആദ്യ ഗഡുവായും ബാക്കിയുള്ള തുക 24 തവണകളായും അടക്കണമെന്നായിരുന്നു കരാർ. എന്നാൽ, ഇതുവരെ 1,83,242 രൂപ മാത്രമാണ് കരാർ എടുത്ത വ്യക്തി നഗരസഭയിൽ ഒടുക്കിയത്. 2021 മാർച്ച് മുതൽ കരാറുകാരൻ വാടക

ഒട​ുക്കുന്നില്ല. 2022 മാർച്ച് 15ലെ കൗൺസിൽ യോഗത്തിന്റെ അജണ്ട കുറിപ്പ് പ്രകാരം 2022 ജനുവരി വരെ 3,16,709 രൂപ കുടിശ്ശിക കരാറുകാരൻ നഗരസഭയിൽ ഒടുക്കണം. കരാറിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ താൽപര്യപത്രം ക്ഷണിച്ചു. ഏപ്രിൽ 30നു മുമ്പ് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി കൗൺസിൽ 2022 മാർച്ച് 15ന് തീരുമാനിച്ചു. നാളിതുവരെ നിലവിലെ സ്ഥിതി വിലയിരുത്തി മുൻ കരാറുകാരന്റെ വീഴ്ചമൂലം നഗരസഭക്കുണ്ടായ നഷ്ടം നികത്തുന്നതിനോ അ​േക്വറിയം നവീകരിച്ചു പുനർലേലം ചെയ്യുന്നതിനോ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടില്ല. ഒന്നര കോടി രൂപ ചെലവാക്കി സ്ഥാപിച്ച മറൈൻ അ​േക്വറിയം നിലവിൽ ഉപയോഗശൂന്യമായി. ജനറേറ്റർ, വൈദ്യുതി കണക്ഷനുകൾ, ഫിഷ് ടാങ്കുകൾ മുതലായവ ഏകദേശം നശിച്ച അവസ്ഥയിലാണ്. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു വലിയ തുക ചെലവാക്കേണ്ടിവരും.

1.5 കോടി രൂപ കൊല്ലം നഗരസഭ ഹാർബർ എൻജിനീയറിങ് വകുപ്പിലേക്ക് അ​േക്വറിയത്തിന്റെ നിർമാണത്തിന്​ കൈമാറിയിരുന്നു. 2018-19ൽ മറൈൻ അ​േക്വറിയത്തിന്റെ പാനലിങ് ചെയ്യാനായി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ 2019 മാർച്ച് 11ലെ ഉത്തരവ് പ്രകാരം അഞ്ചുലക്ഷം രൂപ അധികമായി അനുവദിച്ച​ു. 2019 ജൂ​െലെ എട്ടിന് നിർമാണം പൂർത്തിയാക്കി അ​േക്വറിയം നഗരസഭക്ക് നൽകിയപ്പോൾ 1.41 കോടി രൂപ ഹാർബർ എൻജിനീയറിങ് ചെലവാക്കിയതിന്റെ യൂട്ടിലൈസഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുകയായ 14 ലക്ഷം രൂപ ഇതുവരെ തിരികെ അടച്ചിട്ടില്ല.

ചിന്നക്കട ക്ലോക്ക് ടവറിനു സമീപം അമിനിറ്റി സെന്റർ

2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 1,10,00,000 (1.10 കോടി) രൂപ വകയിരുത്തി ചിന്നക്കട ക്ലോക്ക് ടവറിനു സമീപം ഒരു അമിനിറ്റി സെന്റർ സ്ഥാപിക്കാനായി വിഭാവനം ചെയ്ത പ്രവൃത്തി അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റ് എന്ന സ്ഥാപനത്തിനെ ഏൽപിച്ചു. ജനുവരി മൂന്നിന് ഒപ്പിടുകയും, 16,10,000 രൂപ മൊബിലൈസേഷൻ അഡ്വാൻസ് ആയി ഹാബിറ്റാറ്റിന് കൈമാറി. കെ.എം.ബി.ആർ ചട്ടപ്രകാരം സ്ഥലപരിശോധന നടത്തിയപ്പോൾ ഹാബിറ്റാറ്റ് സമർപ്പിച്ച, നഗരസഭ അംഗീകരിച്ച കെട്ടിടത്തിന്റെ ലേ ഔട്ടിൽ ചട്ടലംഘനങ്ങൾ കണ്ടെത്തി.

തിരുവനന്തപുരം-കൊല്ലം എൻ.എച്ച് 66ൽ വരുന്ന റോഡിലെ മേൽപാലവുമായി വെറും 0.80 മീറ്റർ അകലം മാത്രമാണ് ഈ കെട്ടിടത്തിനുള്ളത്. എൻ.എച്ച് 66 റോഡിനു 25 മീറ്റർ വൈഡനിങ് പ്രപ്പോസൽ ഉള്ളതും ഈ നിർമാണം വൈഡനിങ്ങിൽ ഉൾപ്പെടുന്നതുമാണ്. റെയിൽവേ ലൈനിൽനിന്നും ചട്ടപ്രകാരമുള്ള അകലം (30 മീറ്റർ) പാലിക്കുന്നില്ല. നിർമാണത്തിന് സമീപമുള്ള തങ്കപ്പൻ മെമ്മോറിയൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽനിന്നും അകലം (2 മീറ്റർ) പാലിക്കുന്നില്ല. പൊതു ആവശ്യങ്ങൾക്കായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഇളവ് നൽകാൻ വ്യവസ്ഥയുണ്ട്. അതുപ്രകാരം ഇളവ് ലഭിക്കാനായി 2018 ആഗസ്റ്റ് എട്ടിനു തദ്ദേശ അഡീഷനൽ സെക്രട്ടറിക്കു കത്തയച്ചിരുന്നു. എന്നാൽ, 2022 ജൂലൈ 20ന് ലഭിച്ച മറുപടി നിർമാണ ഇളവനുവദിക്കാൻ കഴിയില്ലെന്നായിരുന്നു. റെയിൽവേയുടെയോ ദേശീയപാത അതോറിറ്റിയുടെയോ അനുമതി വാങ്ങിയില്ല. ഹാബിറ്റാറ്റുമായി കരാർ ഒപ്പിട്ട് അഡ്വാൻസ് കൈമാറി. നിർമാണം ആരംഭിക്കും മുമ്പ് സാങ്കേതിക അനുമതി നൽകിയ നഗരസഭയുടെ എൻജിനീയറിങ് വിഭാഗം ഈ നിർമിതിയിലെ കെ.എം.ബി.ആർ പ്രകാരമുള്ള അപാകത ചൂണ്ടിക്കാട്ടിയതായി രേഖകളിൽ കാണുന്നില്ല.

ചിന്നക്കടയിലെ മൺമതിൽ മേൽപാലംചിന്നക്കടയിലെ മൺമതിൽ മേൽപാലം

ചിന്നക്കടയിലെ മൺമതിൽ മേൽപാലംചിന്നക്കടയിലെ മൺമതിൽ മേൽപാലം

നിർമാണം ഏറ്റെടുത്ത ഹാബിറ്റാറ്റ് 2020 ജൂൺ ഒന്നിന് സമർപ്പിച്ച ബിൽ പ്രകാരം 20,90,480 രൂപയുടെ പ്രവൃത്തി പൂർത്തിയാക്കി. നിയമാനുസൃത നികുതികളും മറ്റും കിഴിവ് ചെയ്ത തുക കരാറുകാരന് അനുവദിക്കണമെന്നാണ്. ഈ നിർമാണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ 11 കെ.വി ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ 2,73,406 രൂപ 2018 സെ പ്റ്റംബർ ഏഴിന് നിക്ഷേപിച്ചു. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ഓഡിറ്റ് സംയുക്ത സ്ഥലപരിശോധന നടത്തിയപ്പോൾ നിർമാണങ്ങൾ നിലച്ചതായും ഈ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നതായും കണ്ടു. ഭീമമായ സാമ്പത്തിക ബാധ്യതയുള്ള പ്രവൃത്തി ആരംഭിക്കും മുമ്പ് നിയമപ്രകാരം അനിവാര്യമായ അനുമതി നേടിയെടുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന കെട്ടിടം ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലേക്ക് മാറി. കൂടാതെ, സംസ്ഥാന സർക്കാറിന്റെ 18.83 ലക്ഷം നിഷ്ഫലമായിത്തീർന്നു.

വിതരണം ചെയ്ത കന്നുകുട്ടികൾ എവിടെ?

2021-22ലെ വാർഷിക പദ്ധതിയിൽ സീനിയർ വെറ്ററിനറി സർജൻ നിർവഹണ ഉ​േദ്യാഗസ്ഥനായി പ്രത്യേക കന്നുകുട്ടി പരിപാലന പരിപാടി ഉൾപ്പെടുത്തി. 31.25 ലക്ഷം രൂപ വകയിരുത്തി. ഒരു ഗുണഭോക്താവിന് 12,500 രൂപ എന്ന കണക്കിൽ ആറുമാസത്തിനു താഴെ പ്രായമുള്ള കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകാനാണ് തുക നൽകുക. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കന്നുകുട്ടികൾക്ക് തീറ്റ നൽകാനുള്ള തുക നിർവഹണ ഉദ്യോഗസ്ഥൻ കന്നുകുട്ടി പദ്ധതി നടപ്പാക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. അദ്ദേഹം ഗുണഭോക്താക്കൾക്ക് കാലിത്തീറ്റ നൽകാൻവേണ്ടി സംഘങ്ങൾക്ക് തുക കൈമാറുകയാണ്​ ചെയ്യുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് പരിശോധന നടത്തിയപ്പോൾ പദ്ധതി തകിടംമറിഞ്ഞ അവസ്ഥയിലാണ് കാണാനായത്.

പദ്ധതിയുടെ ഭാഗമായി 250 കന്നുകുട്ടികളെ തിരഞ്ഞെടുക്കുകയും കന്നുകുട്ടിക്ക് 12,500 രൂപ എന്ന നിരക്കിൽ 31.25 ലക്ഷം രൂപ നഗരസഭയുടെ വികസന ഫണ്ടിൽനിന്നും പിൻവലിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കിയ അഞ്ച് മൃഗാശുപത്രിയിലെ 48 കന്നുകുട്ടികളെ മൃഗാശുപത്രി ജീവനക്കാരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. ഇതിൽ 19 കന്നുകുട്ടികളെ വിൽക്കുകയോ അവ മരണപ്പെടുകയോ ചെയ്തു. പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി കന്നുകുട്ടികളെ വെറ്ററിനറി സർജൻ (കാഫ് ഫീഡ്) പരിശോധിക്കുകയും വളർച്ച ഉറപ്പാക്കുകയും ചെയ്യണം. ഇത്തരത്തിലൊരു പരിശോധന നടത്തിയിട്ടില്ല. ഇല്ലാത്ത കന്നുകുട്ടികൾക്കുവേണ്ടി ചെലവാകുന്ന തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ശ്രമിച്ചില്ല. ഇത് പദ്ധതി പണം പാഴായി പോവുന്നതിനിടയാക്കിയതായി ഓഡിറ്റ് നിരീക്ഷിച്ചു.


നിബന്ധനകൾപ്രകാരം ആറുമാസം പ്രായമുള്ള കന്നുകുട്ടികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, ഒന്നരക്കു മുകളിൽ പ്രായമുള്ള കിടാരിയെ പദ്ധതിയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തി. ഇല്ലാത്ത കന്നുകുട്ടിയുടെ തീറ്റവാങ്ങുക. ഒരു വീട്ടിൽ തന്നെ നാലും അഞ്ചും കന്നുകുട്ടികളെ (രണ്ടിൽ കൂടുതൽ പാടില്ല) പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുക, ഇൻഷുറൻസ് ഇല്ലാത്ത കന്നുകുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ഗുരുതര വീഴ്ചകൾ പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായി. കിടാരികളെ നൽകുന്ന പദ്ധതി നടപ്പാക്കിയതിലും വൻവീഴ്ചകളുണ്ടായി. വെറ്ററിനറി സർജൻ നിർവഹണ ഉദ്യോഗസ്ഥനായി 2021-22ലെ വാർഷിക പദ്ധതിയിൽ കിടാരി വളർത്തൽ എന്ന പദ്ധതിക്ക് 12 ലക്ഷം വകയിരുത്തി. കിടാരിയുടെ വിലയുടെ പകുതി തുക പദ്ധതിയിൽനിന്നും ചെലവഴിച്ചും ബാക്കി പകുതിത്തുക ഗുണഭോക്തൃ വിഹിതമായി സ്വീകരിച്ചും നല്ലയിനം കിടാരികളെ വാങ്ങിനൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2021-22ലും 2022-23ലുമായി 67 കിടാരിയെ വാങ്ങിനൽകിയതായും ഇതിനുവേണ്ടി 7,87,250 രൂപ (3,93,625 പദ്ധതി ചെലവ്, 3,93,625 രൂപ ഗുണഭോക്തൃ വിഹിതം) ചെലവഴി​ച്ചതായുമാണ് കണക്ക്.

ഓഡിറ്റിന് ഹാജരാക്കിയ രേഖകളുടെ പരിശോധനക്ക് പുറമെ കിടാരികളെ ലഭിച്ച ഗുണഭോക്താക്കളുടെ ഭവനങ്ങൾ മൃഗാശുപത്രി അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. അഞ്ച് മൃഗാശുപത്രികളുടെയും ഒരു ജില്ല വെറ്ററിനറി കേന്ദ്രത്തിന്റെയും കീഴിലായി ആകെ നൽകിയ 67 കിടാരികളിൽ 31 എണ്ണം ഓഡിറ്റ് ഭൗതിക പരിശോധന നടത്തിയതിൽ 19 എണ്ണം (ഗുണഭോക്താക്കൾ വിൽക്കുകയോ ചത്തുപോവുകയോ) നിലവിലില്ല. ഈ കണക്ക് പ്രകാരം ഏതാണ്ട് 61 ശതമാനം നഷ്ടപ്പെട്ടു.

31 കിടാരികളിൽ 19നെ കാണാൻ സാധിക്കാത്തതിന് കാരണങ്ങളുണ്ട്. ഓഡിറ്റ് ഭൗതിക പരിശോധന നടത്തിയ ഭവനങ്ങളിൽ ഭൂരിഭാഗവും കന്നുകാലികളെ വളർത്തുന്നതിൽ തൽപരരോ അതിനാവശ്യമായ സാമ്പത്തിക ഭദ്രതയുള്ളവരോ ആയിരുന്നില്ല. പകുതി വിലക്ക് ലഭിക്കുന്ന കിടാരികളെ കുറച്ചുകാലം പോറ്റിവളർത്തിയശേഷം ഉയർന്ന ലാഭത്തിനു മറിച്ചു വിൽക്കുകയെന്ന ലക്ഷ്യംമാത്രമാണ് ഗുണഭോക്താക്കൾക്കുണ്ടായിരുന്നത്. നഗരസഭക്ക് ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതിൽ പറ്റിയ വീഴ്ചയാണ് ഇതിനുകാരണം. മെച്ചപ്പെട്ട കിടാരികളെ തിരഞ്ഞെടുത്ത് വിതരണം ചെയ്യണമെന്ന് പദ്ധതി മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെങ്കിലും പൊള്ളാച്ചിയിൽനിന്നും വരുത്തിച്ച് കിടാരികളെ കരാറുകാരൻ (പദ്ധതിയുടെ ഭാഗമായി നൽകാൻ തിരഞ്ഞെടുക്കപ്പെട്ടയാൾ) നൽകുകയാണ് ചെയ്തത്. കരാറുകാരനായ ഷൗക്കത്തിന് കേരളത്തിൽ ഫാമോ കന്നുകാലി വളർത്തൽ കേന്ദ്രമോ നിലവിലില്ല. ഒരു കമീഷൻ ഏജന്റായി മാത്രം പ്രവർത്തിക്കുന്നയാളാണ്​ ഇദ്ദേഹം. കിടാരികളുടെ ഗുണമേന്മ കുറവാണ് കിടാരികളെ ഉപേക്ഷിക്കാൻ കാരണമായത്. കേരളത്തിൽ കന്നുകാലിവളർത്തൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് സർക്കാറിന്റെ പദ്ധതിപ്പണം കൊല്ലം നഗരസഭയിൽ ചെലവാക്കിയത്.

ഷീ ലോഡ്ജിലെ വൻ ചെലവ്

2019 മാർച്ച് മുതൽ പോളയത്തോട് എന്ന സ്ഥലത്ത് വാടക കെട്ടിടത്തിൽ ഷീ ലോഡ്ജ് പ്രവർത്തിച്ചുതുടങ്ങി. ഇതുവരെ ഷീ ലോഡ്ജിലെ മുറികൾ നൽകിയ വകയിൽ 1,61,700 രൂപ വാടകയായി ലഭിച്ചു. ഇതിൽനിന്നും വൈദ്യുതി, വെള്ളം മുതലായ ചെലവുകൾക്ക് 55,630 രൂപ നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. നഗരസഭ ഷീ ലോഡ്ജ് ആരംഭിക്കാനായി 2018 മേയിലാണ് പോളയത്തോട് 22,950 രൂപക്ക് ഒരു കെട്ടിടം വാടക​ക്കെടുത്തത്. ഷീ ലോഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ രണ്ടുപേരെ മാസം 10,000 രൂപ വേതനത്തിന് ലോഡ്ജിന്റെ നടത്തിപ്പിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഷീ ലോഡ്ജിൽ 8,29,309 രൂപയുടെ ഫർണിച്ചർ വാങ്ങി. ഇതുവരെ വാടക, വേതനം, ഫർണിച്ചർ തുടങ്ങിയവക്ക് 32,05,314 രൂപ ചെലവായി. കണക്കുകൾ ഇങ്ങനെയാണ്​:

ഓഡിറ്റ് നടത്തിയ ഫയൽ പരിശോധനയിലും ഷീ ലോഡ്ജിൽ നടത്തിയ ഭൗതിക പരിശോധനയിലും കണ്ടത് നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ്. അടച്ചുറപ്പുള്ള അഞ്ച് മുറികളുള്ള വാടക കെട്ടിടത്തിലാണ് ഷീ ലോഡ്ജ് നിലവിൽ പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത സൗകര്യം ഉറപ്പാക്കാൻ വേണ്ടി ആരംഭിക്കുന്ന ഷീ ലോഡ്ജുകൾ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവനുസരിച്ച് തദ്ദേശ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലാണ് ഷീ പ്രവർത്തിക്കേണ്ടത്. ഉയർന്ന വാടക നൽകി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് നിലവിലെ ഉത്തരവുകൾ പ്രകാരം അനുവദിക്കുന്നില്ല. ഷീ ലോഡ്ജ് കെട്ടിടനിർമാണത്തിനോ നിലവിലുള്ള കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനോ മാത്രമേ വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ, നാല് വർഷത്തിൽ 32 ലക്ഷത്തിൽ കൂടുതൽ തുക ചെലവഴിച്ചിരിക്കുകയാണ്. 2019 മാർച്ചിൽ 8,29,309 രൂപ ചെലവഴിച്ച് ആർട്ട് കോയിൽനിന്നും ഫർണിച്ചർ, കിടക്ക തുടങ്ങിയ സാധനങ്ങൾ വാങ്ങിയെന്നാണ് കണക്ക്. കേവലം അഞ്ചു മുറികൾ മാത്രം ഉപയോഗത്തിലുള്ള ഒരു കെട്ടിടത്തിലേക്ക് 20 ഡ്രസിങ് ടേബിൾ, 20 ബെഡ് സൈഡ് ലോക്കർ, 20 ബെഡ്, 20 കട്ടിൽ, 20 സ്റ്റീൽ മേശ തുടങ്ങിയവ വാങ്ങിയത് തികച്ചും അനാവശ്യമാണ്. ഏഴ് ഡ്രസിങ് ടേബിൾ, 11 മേശ, 10 സ്റ്റീൽ ലോക്കർ മുതലായവ ഉപയോഗിക്കാതെ വെച്ചിരിക്കുന്നു. ആവശ്യത്തിലധികം ഫർണിച്ചർ വാങ്ങി പദ്ധതി പണം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു.


10,000 രൂപ മാസവേതനത്തിൽ രണ്ട് സ്ത്രീകൾ ആത്മാർഥമായ സേവനം നൽകുന്നുണ്ടെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്നും ഷീ ലോഡ്ജ് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളൊന്നുമില്ല. എന്തെങ്കിലും പ്രചാരണ പരിപാടികളിലൂടെ കൂടുതൽ സ്ത്രീകൾ ഷീ ലോഡ്ജ് സൗകര്യം ഉപയോഗപ്പെടുത്താൻ ഒരു ശ്രമം നടത്തിയിട്ടില്ല. നിയമപ്രകാരം കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിപോലുമില്ല (അത് നിയമക്കുരുക്കിലാണ്). നാലു വർഷത്തിൽ 32 ലക്ഷം രൂപ ചെലവാക്കിയപ്പോൾ 1,61,700 രൂപ മാത്രമാണ് വരുമാനമുണ്ടായത്.

ഷീ ലോഡ്ജിൽ താമസിക്കാൻ വരുന്നവരുടെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണം ബെഡ് സൈഡ് ലോക്കർ എന്ന 6900 രൂപ വിലയുള്ള സാധനം വാങ്ങിയത്. എന്നാൽ, ഇതിന് സുരക്ഷിതമായി പൂട്ടിവെക്കാനുള്ള പൂട്ട് സംവിധാനം ഇല്ല. സ്റ്റീലിൽ പണിതീർത്ത ഈ ലോക്കറിന് 6900 രൂപ വിലയുണ്ടോ എന്ന കാര്യം പരിശോധനക്ക് വിധേയമാക്കണം. അതുപോലെ തന്നെ 2500 രൂപ വിലയുള്ള ഫോം ബെഡുകളാണ് വാങ്ങിയത്. ഓഡിറ്റ് അന്വേഷണത്തിൽ താമസിക്കാൻ വരുന്നവർ സ്ഥിരമായി കിടക്കകളെ കുറിച്ച് പരാതി പറയുന്നതായും അറിയാൻ കഴിഞ്ഞു. ആർട്ട്കോ നൽകിയിരിക്കുന്ന കിടക്കകളെ കുറിച്ചും പരിശോധന നടത്തണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

നഗരസഭയുടെ മറ്റൊരു സംരംഭമാണ് നിലച്ചുപോയ പകൽ വീട്. കെട്ടിടനിർമാണത്തിനുശേഷം നിലച്ചുപോയ പകൽവീട് പദ്ധതി നഗരസഭയുടെ കെടുകാര്യസ്ഥതയുടെ അടയാളമാണ്. 2018 -19 വർഷത്തെ പ്രോജക്ടിൽ ഇരവിപുരം സോണൽ ഡിവിഷൻ 37ൽ ആക്കോലിൽ എന്ന സ്ഥലത്ത് 35,77,612 രൂപ ചെലവഴിച്ച് നിർമിച്ച പകൽവീട് 1609/2020 സെപ്റ്റംബർ 16ന് ഉദ്ഘാടനം ചെയ്തു. എന്നാൽ, ഇതുവരെ തുറന്നുപ്രവർത്തിച്ചിട്ടില്ല. 2023 ഫെബ്രുവരി നാലിൽ നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഈ സംയുക്ത പരിശോധന ഓഡിറ്റ് നടത്തിയപ്പോൾ വളരെ വൃത്തിഹീനമായ അവസ്ഥയിൽ കെട്ടിടം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ് കണ്ടെത്തിയത്.

അലക്കുകുഴി നിവാസികളുടെ പുനരധിവാസം

നഗരസഭ പരിധിയിൽ കൊല്ലം റെയിൽവേ സ്റ്റേഷന് എതിർവശമുള്ള സർക്കാർ പുറമ്പോക്ക് അലക്കുകുഴിയിൽ താമസക്കാരായ കുടുംബങ്ങളെ മുണ്ടക്കൽ വില്ലേജിലെ റവന്യൂ ഭൂമിയിൽ സൗജന്യ പാട്ടക്കരാർ വ്യവസ്ഥയിൽ കെട്ടിടം നിർമിച്ച് പുനരധിവസിപ്പിക്കാൻ നഗരസഭ തീരുമാനിച്ചു. ഇതിനെത്തുടർന്ന് 20 കുടുംബങ്ങൾക്ക് 500 ചതുരശ്ര അടി വിസ്തീർണമുള്ള പ്രത്യേകം വീടുകൾ നിർമിക്കാനുള്ള കരാർ കോർപറേഷൻ സെക്രട്ടറിയും കുടുംബശ്രീ സംസ്ഥാന മിഷനും തമ്മിൽ 2018 നവംബർ 17ന് ഒപ്പുവെച്ചു. നിർമാണ ചുമതല നഗരസഭ എൻജിനീയറുടെ മേൽനോട്ടത്തിൽ കുടുംബശ്രീ ഗ്രൂപ്പുകളെ ഏൽപിച്ചു.

വീടുകൾ നിർമിക്കാൻ വേണ്ടി നഗരസഭ എൻജിനീയറിങ് വിഭാഗം അംഗീകരിച്ച തുക 10.20 ലക്ഷം രൂപയായിരുന്നു. ഇതിൽ നാലു ലക്ഷം പി.എം.എ.വൈ, ലൈഫ് പദ്ധതിയിലൂടെ ഒാരോ ഗുണഭോക്താവിനും അർഹമായ തുകയും ബാക്കി തുക നഗരസഭയുടെ തനത് പ്ലാൻ ഫണ്ടിൽനിന്നും സംസ്ഥാന സർക്കാർ അനുമതിയോടെ ലഭ്യമാക്കാൻ നിശ്ചയിച്ചു. വീടുകളുടെ നിർമാണം കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ പൂർത്തീകരിച്ചതായും 2.05 കോടി രൂപ നൽകിയതായും ഓഡിറ്റിന് ഹാജരാക്കിയ രേഖകൾ വ്യക്തമാക്കുന്നു.

പി.എം.എ.വൈ ലൈഫ് ഭവനപദ്ധതി പ്രകാരം വ്യക്തിഗത ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് അനുവദനീയ ധനസഹായം നാലു ലക്ഷം മാത്രമാണ്. ഇതിൽ കൂടുതൽ അനുവദിക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ളത് ഭവന സമുച്ചയങ്ങൾ നിർമിക്കുമ്പോൾ മാത്രമാണ്. അതുതന്നെ ഏറ്റവും ഉയർന്ന തുക 10 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാ ൽ, ഈ പദ്ധതിയിൽ ഗുണഭോക്താവിന് മൂന്ന് സെന്റുവീതം ഭൂമി അളന്ന് തിരിച്ചു കൊടുത്തതായും (സൗജന്യമായി) അവിടെ വീടു നിർമിക്കാൻ പി.എം.എ.വൈ ലൈഫ് പദ്ധതി വിഹിതം കൂടാതെ പ്ലാൻ ഫണ്ടിൽനിന്ന് 6.25 ലക്ഷം രൂപകൂടി ചെലവഴിച്ചതായും കാണുന്നു. ഇങ്ങനെ 10.25 ലക്ഷം അധികമായി ചെലവഴിക്കാനുള്ള സർക്കാർ അംഗീകാരം നേടുന്നതിനുള്ള ചുമതല കൊല്ലം നഗരസഭ കുടുംബശ്രീ മിഷൻ എക്സി. ഡയറക്ടറെ ഏൽപിക്കുകയും (2018 മാർച്ച് 17ലെ കത്ത്) കുടുംബശ്രീ മിഷൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടിയായി അവ്യക്തമായ മറുപടി സർക്കാർ നൽകുകയും ചെയ്തു. ഈ പ്രത്യേക പുനരധിവാസ പദ്ധതിക്കു മാത്രം സൗജന്യമായി ഭൂമിയും 10.25 ലക്ഷം രൂപയുടെ വീടും നിർമിച്ചു നൽകിയത് സർക്കാർ ഉത്തരവുകളുടെ ലംഘനമായി ഓഡിറ്റ് വിലയിരുത്തി. ഈ വിഷയത്തിൽ കൊല്ലം നഗരസഭ സംസ്ഥാന സർക്കാറിന് കത്തെഴുതുകയോ അംഗീകാരം നേടിയെടുക്കുകയോ ചെയ്തതായി രേഖകൾ വ്യക്തമാക്കുന്നില്ല.

അലക്കുകുഴി കോളനിക്കാർക്ക് കോർപറേഷൻ നിർമിച്ച വീടുകൾ (ഫയൽ ചിത്രം)

അലക്കുകുഴി കോളനിക്കാർക്ക് കോർപറേഷൻ നിർമിച്ച വീടുകൾ (ഫയൽ ചിത്രം)

കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പുകളെയാണ് ഭവനനിർമാണത്തിന്റെ ചുമതല ഏൽപിച്ചിരുന്നത്. എന്നാൽ, 2.05 കോടി രൂപയുടെ പ്രവൃത്തി നിർവഹിച്ചതിന്റെ പരിശോധനക്ക് ആവശ്യമായിട്ടുള്ള മെഷർമെന്റ് പുസ്തകങ്ങളും പ്രവൃത്തി പൂർത്തീകരിച്ചതിന് തുക ആവശ്യപ്പെട്ടുള്ള ബിൽ കോപ്പികളും ഓഡിറ്റ് പരിശോധനക്ക് ഹാജരാക്കിയിട്ടില്ല. നഗരസഭ എൻജിനീയറിങ് വിഭാഗം പ്രൈസ് സോഫ്റ്റ് വെയറിൽ തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് ഒരു വീടിന്റെ 10.20 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. നഗരസഭ സെക്രട്ടറി കുടുംബശ്രീ എക്സി. ഡയറക്ടർക്ക് അയച്ച കത്തിലും ഈ തുകയാണ് കാണിച്ചിരുന്നത്. എന്നാൽ, കുടുംബശ്രീയുമായുണ്ടാക്കിയ കരാറിൽ ഈ തുക 10.25 ലക്ഷം രൂപയായി ഉയർത്തി. 20 വീടുകൾ നിർമിക്കാൻ ഒരു ലക്ഷം രൂപ അധികം നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു.

പൂർത്തീകരിക്കാത്ത മുണ്ടയ്ക്കലെ 20 വീടുകൾ

2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അലക്കുകുഴി നിവാസികളെ മുണ്ടയ്ക്കൽ വില്ലേജിൽ പുനരധിവസിപ്പിക്കാൻ 20 ഡിവിഷൻ നിർമിക്കുകയും കൈമാറുകയും ചെയ്തിരുന്നു. ഈ വീടുകളിൽ അധിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 2020-21ലെ വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി ചുറ്റുമതിൽ, സ്ട്രീറ്റ് ലൈറ്റ്, സോക്പിറ്റ്, ടെറസിലേക്കുള്ള ഗോവണിപ്പടി എന്നിവയാണ് പദ്ധതിയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. 20 വീടുകൾ നിർമിച്ചതുപോലെ ഈ പ്രവൃത്തികളും കുടുംബശ്രീ നിർമാണ ഗ്രൂപ്പുകളെ ഏൽപിക്കാൻ ധാരണയായി. കരാർ 2022 മാർച്ച് 10ന് സെക്രട്ടറിയും കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും കുടുംബശ്രീ നിർമാണ ഗ്രൂപ്പും ചേർന്ന് ഒപ്പുെവച്ചു. കരാർ പ്രകാരം ആകെ 22,62,224 രൂപയാണ് നിർമാണം നടത്തിയതിനുവേണ്ടി കുടുംബശ്രീ നിർമാണ ഗ്രൂപ്പിന് നൽകേണ്ടത്.

കരാർ പ്രകാരം സമ്മതിച്ച നിർമാണ ചെലവിന്റെ 20 ശതമാനം തുകയായ 4,52,445 രൂപ മുൻകൂറായി 2022 മാർച്ചിൽ നിർമാണ ഗ്രൂപ്പിന് കൈമാറിയതായി രേഖകൾ വ്യക്തമാക്കുന്നു. ഓഡിറ്റ് നടത്തിയ പരിശോധനയിൽ ഇതുവരെ 10 സോക്സ് പിറ്റ്, 10 ഗോവണിപ്പടികൾ തുടങ്ങിയവ മാത്രമാണ് പൂർത്തീകരിച്ചത്. കരാർ പ്രകാരം മുഴുവൻ പ്രവൃത്തികളും കരാർ തീയതി മുതൽ ഏഴുമാസത്തിനുള്ളിൽ പൂർത്തീകരിക്കണം. എന്നാൽ, കരാർ ഒപ്പു​െവച്ച് ഒമ്പതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാത്തതിനുള്ള കാരണം ഓഡിറ്റിന് ഹാജരാക്കിയ രേഖകളിൽ വ്യക്തമല്ല. കരാർപ്രകാരം കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കാത്തപക്ഷം കുടുംബശ്രീ നിർമാണ ഗ്രൂപ്പിൽനിന്നും കാലതാമസം വരുന്ന ഓരോ ആഴ്ചയിലും ബാക്കിയുള്ള കരാർ തുകയുടെ 0.5 ശതമാനം വീതം പിഴ ചുമത്താവുന്നതാണ്. അതിലും നടപടിയുണ്ടായിട്ടില്ല.

നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളിൽ അരങ്ങേറുന്ന കെടുകാര്യസ്ഥതയുടെയും ക്രമ​േക്കടിന്റെയും നേർച്ചിത്രമാണ് ഓഡിറ്റ് റിപ്പോർട്ട്. തദ്ദേശ മന്ത്രി എം.ബി. രാജേഷ് എന്തെല്ലാം പ്രഖ്യാപനങ്ങൾ നടത്തിയാലും ഇതിന് പരിഹാരം ഏറെ അകലെയാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സംവിധാനമാകെ പടർന്നുപിടിച്ച അർബുദമാണ് ഇതിന് കാരണം.

News Summary - Kollam Municipal Corporation corruption