Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

എഴുത്തുകുത്ത്​
cancel

വെറുപ്പിക്കാത്ത 'വെറുപ്പ്''വെറുപ്പ് (Hate) പ്രത്യേക പതിപ്പ് (ലക്കം: 1254) പലരിലും വെറുപ്പ് സൃഷ്ടിച്ചേക്കാമെങ്കിലും ചില തുറന്നുപറച്ചിലുകൾ അനിവാര്യമാകുമ്പോൾ ആ ദൗത്യം ഏറ്റെടുത്ത മാധ്യമം ആഴ്ചപ്പതിപ്പ് തികച്ചും ഉത്തരവാദിത്തപരമായ കടമ നിർവഹിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 'അന്ന് ഗുജറാത്ത് ഇന്ന് ഇന്ത്യ' എന്ന കെ.ഇ.എന്നിന്റെ ദീർഘലേഖനം വായനയുടെ പലഘട്ടങ്ങളിലും മുന്നോട്ടുപോകാൻ സാധിക്കാത്തവിധം മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതരത്തിലുള്ള വംശഹത്യയുടെ ചരിത്രം പങ്കുവെച്ചു. ലേഖനത്തിന്റെ അവസാനഭാഗമായപ്പോൾ ഖുത്ബുദ്ദീൻ അൻസാരിയുടെയും അശോക് മോച്ചിയുടെയും സമാഗമം കടന്നുവന്നത് മനസ്സിന് ആശ്വാസം...

Your Subscription Supports Independent Journalism

View Plans

വെറുപ്പിക്കാത്ത 'വെറുപ്പ്'

'വെറുപ്പ് (Hate) പ്രത്യേക പതിപ്പ് (ലക്കം: 1254) പലരിലും വെറുപ്പ് സൃഷ്ടിച്ചേക്കാമെങ്കിലും ചില തുറന്നുപറച്ചിലുകൾ അനിവാര്യമാകുമ്പോൾ ആ ദൗത്യം ഏറ്റെടുത്ത മാധ്യമം ആഴ്ചപ്പതിപ്പ് തികച്ചും ഉത്തരവാദിത്തപരമായ കടമ നിർവഹിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. 'അന്ന് ഗുജറാത്ത് ഇന്ന് ഇന്ത്യ' എന്ന കെ.ഇ.എന്നിന്റെ ദീർഘലേഖനം വായനയുടെ പലഘട്ടങ്ങളിലും മുന്നോട്ടുപോകാൻ സാധിക്കാത്തവിധം മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതരത്തിലുള്ള വംശഹത്യയുടെ ചരിത്രം പങ്കുവെച്ചു. ലേഖനത്തിന്റെ അവസാനഭാഗമായപ്പോൾ ഖുത്ബുദ്ദീൻ അൻസാരിയുടെയും അശോക് മോച്ചിയുടെയും സമാഗമം കടന്നുവന്നത് മനസ്സിന് ആശ്വാസം പകർന്നു. കുടിനീർ നൽകിയും പനിനീർപൂവ് കൈമാറിയും ഇരയും വേട്ടക്കാരനും ഒന്നിച്ചപ്പോൾ അക്ഷരാർഥത്തിൽ സമാധാനത്തിന്റെ തുരുത്തിൽ എത്തിയതുപോലെ തോന്നി. ഒറ്റപ്പെട്ട അൻസാരിമാർക്കും അശോക് മോച്ചിമാർക്കും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും തീരത്തണയാൻ കഴിയുമെങ്കിലും എല്ലാത്തിന്റെയും കടിഞ്ഞാൺ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് മാറാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം; വർഗീയത മുഖമുദ്രയായ പാർട്ടികൾക്ക് പ്രത്യേകിച്ചും.

'വെറുപ്പ്: ഇന്ത്യയുടെ ദേശീയവികാരം?' എന്ന സുനന്ദന്റെ ലേഖനം ഇന്ത്യയുടെ ദേശീയത എന്താണ്? അല്ലെങ്കിൽ എന്തായിരിക്കണം എന്ന് പറയാതെ പറഞ്ഞുതരുന്നുണ്ട്. ദേശീയഭാഷയുടെ അടിച്ചേൽപിക്കൽ പോലെ ദേശീയ വികാരവും നിർബന്ധപൂർവം പരിശീലിപ്പിക്കപ്പെടുന്നു എന്നു പറയുന്നതാണ് ലേഖനത്തിന്റെ കാതൽ.

അയൽരാജ്യത്തോടുള്ള വെറുപ്പ് എത്രകണ്ട് വർധിക്കുന്നുവോ അത്രകണ്ട് നമ്മുടെ ദേശീയവികാരത്തിന് മാർക്ക് കൂടുതൽ ലഭിക്കുന്നുവെന്ന് മനസ്സിലാക്കുന്നിടത്താണ് 'വെറുപ്പി'ന്റെ അർഥം തേടുന്നത്. കളിയുടെ ലഹരിയിലമർന്ന് തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ അയൽരാജ്യത്തെ കളിക്കാരന് ഒരു കൈയടി നൽകുന്നതിൽ വരെ ദേശീയവികാരത്തിന് മാർക്ക് നിശ്ചയിക്കുമ്പോൾ 'വെറുപ്പ്' സൃഷ്ടിക്കപ്പെടുകതന്നെയല്ലേ ചെയ്യുന്നത്? അയൽരാജ്യങ്ങളുടെ പശ്ചാത്തലത്തിൽ വെറുപ്പിന്റെ അർഥതലങ്ങൾ തേടിയ പ്രസ്തുത ലേഖനം മതം, ജാതി, ദേശീയത എന്നിവയെല്ലാം വെറുപ്പിന് എങ്ങനെ ആക്കം കൂട്ടുന്നുവെന്ന് പറഞ്ഞുതരുന്നു.

ജുസാർ ജെ. ബൻദൂക് വാലയുടെ നേർ അനുഭവങ്ങളുടെ വിവരണം, വേട്ടക്കാർ എന്ന നിലയിൽ ഇരകളുടെ ഛായാപടം എന്ന വിജു വി. നായരുടെ ലേഖനം, വംശഹത്യയുടെ ജ്ഞാനശാസ്ത്രം എന്ന ജെനി റൊവേനയുടെ ലേഖനം, വെറുപ്പിനെ എളുപ്പം വെറുക്കാനാവുമോ -കെ. അഷ്റഫിന്റെ ലേഖനം -തുടങ്ങിയവ എല്ലാം ചേർന്നപ്പോൾ 'വെറുപ്പ്' പ്രത്യേക ലക്കം സമ്പൂർണമായി.

ദിലീപ് വി. മുഹമ്മദ്, മൂവാറ്റുപുഴ

ഒരു ലേഖനം മാത്രമാക്കിയത് ശരിയായില്ല

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്മരണ (ലക്കം: 1255) വായിച്ചപ്പോൾ തോന്നിയ ഒരു പ്രതികരണമാണ് ഈ എഴുത്തിന് ആധാരം. സി.പി.എം കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ കേഡർ പാർട്ടിയായ മുസ്‍ലിംലീഗിന്റെ സമുന്നതനായൊരു നേതാവ് മരണപ്പെട്ടത് കേവലം ഒരു അനുസ്മരണ ലേഖനത്തിൽ ഒതുക്കിയത് ശരിയായില്ല.

ഇസ്മായിൽ പതിയാരക്കര

തമ്പിയുടെ എഴുത്ത് ഗാനങ്ങളെപ്പോൽ സുന്ദരം

ശ്രീകുമാരൻ തമ്പി എഴുതുന്നത് മലയാള സിനിമയുടെയും ചലച്ചിത്രഗാന ശാഖയുടെയും ചരിത്രമാണ്. ചലച്ചിത്ര പ്രേമികൾക്ക് കണ്ട സിനിമകളും കേട്ട ഗാനങ്ങളും ഓർമിക്കാൻ ഈ ലേഖനങ്ങൾ ഉപകാരപ്രദമാണ്. അദ്ദേഹം കാലഗണനാക്രമത്തിൽ തന്നെയാണ് സിനിമാഗാന ചരിത്രമെഴുതുന്നത്. ഒരു സിനിമയും ഒരു ഗാനവും വിട്ടുകളയുന്നുമില്ല. എല്ലാ സിനിമകളുടെയും വിജയ പരാജയങ്ങളും അതിൽ ഗാനങ്ങൾക്കുള്ള സവിശേഷമായ പങ്കും അദ്ദേഹം സൂക്ഷ്മതയോടെ വിശദമാക്കുന്നു. ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും പാടിയവരെയും എടുത്തുപറയുകയും അവർക്ക് അതിലുള്ള പങ്ക് വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത് ഒരു ആധികാരിക ചരിത്രമായി സൂക്ഷിച്ചുവെക്കാവുന്നതാണ്. പിന്നീട് റഫറൻസിന് ഇത് ഉപകാരപ്രദമാവുകയും ചെയ്യും. സിനിമാ ചരിത്രത്തിൽ കാലത്തിന് വളരെ പ്രാധാന്യമുണ്ട്. ഓരോ കാലഘട്ടത്തിലും ഉണ്ടായ സിനിമകളും ഗാനങ്ങളും വ്യത്യസ്തമാണ്. കാലം തെറ്റാതെ ഇതെല്ലാം എഴുതുന്നതിന് നല്ല ഓർമശക്തിയും ഗവേഷണപാടവവും ആവശ്യമാണ്. കഠിനപ്രയത്നംകൊണ്ട് സാധിക്കാവുന്ന കാര്യമാണ് ഇതെല്ലാം. ചെറുപ്പം മുതൽ സിനിമയിൽ താൽപര്യമുള്ള ശ്രീകുമാരൻതമ്പിക്കു മാത്രമേ അതു കഴിയുകയുള്ളൂ.

സിനിമയുടെ എല്ലാ രംഗങ്ങളിലും വിജയകരമായി പ്രവർത്തിച്ചയാളാണ് ശ്രീകുമാരൻ തമ്പി. സിനിമാരംഗത്ത് പ്രവർത്തിച്ച പ്രതിഭാസമ്പന്നന്മാരെയെല്ലാം അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. അവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുന്നതിൽ ആദ്യം മുതൽ തന്നെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം.

ഗാനരംഗത്ത് പ്രവർത്തിച്ചവരെയെല്ലാം അദ്ദേഹത്തിന് അടുത്തറിയാം. ''തുമ്പപ്പൂ പെയ്യണ പൂനിലാവേ'' എന്ന പാട്ട് കമുകറയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴും ''പൂവാണു തേനാണു നീയെന്നെല്ലാം'' എന്ന ഗാനം കെ.പി.എ.സി സുലോചനയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴുമാണ് ആ ഗാനത്തിന് പൂർണത കൈവരുന്നത്. മെഹബൂബ് പാടുന്ന പാട്ടുകൾക്ക് അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദം അനുയോജ്യമാണ്. പി. ലീലയുടെ മൃദുശബ്ദവും ശാന്താ പി. നായരുടെ മധുരശബ്ദവും അവർ പാടുമ്പോൾ മാത്രമാണ് സ്വാഭാവികത കൈവരിക്കുന്നത്. വിളിക്കാതെ ഈശ്വരൻ ഒരിക്കൽ രാജകൊട്ടാരത്തിൽ വിരുന്നിനുപോയ അനുഭവം ശ്രീകുമാരൻ തമ്പി വളരെ അർഥവത്തായി കാവ്യാത്മകമായി അവതരിപ്പിക്കുന്നു. ആ ഗാനം ഒരിക്കൽ കേട്ടവർ പിന്നീടൊരിക്കലും മറക്കുകയുമില്ല. തമ്പി എഴുതുന്നതെല്ലാം കഥയും കവിതയുംപോലെ ആസ്വാദ്യകരമാണ്.

സദാശിവൻ നായർ, എരമല്ലൂർ

സർവരാജ്യ വായനക്കാരേ, സംഘടിക്കുവിൻ

ലോകത്തെ ഏറ്റവും വലിയ അസംഘടിത വിഭാഗം വായനക്കാരായിരിക്കും. വായനക്കാരന്റെ ഭാരം വർധിച്ച് അവന്റെ മുതുകൊടിയാറായിട്ടുണ്ട്. പക്ഷേ, അവനുവേണ്ടി ശബ്ദിക്കാൻ അവനോ അവനെ വിറ്റ് കാശാക്കി പ്രശസ്തിയിലേക്കുയരുന്ന എഴുത്തുകാരനോ തയാറാവുന്നില്ല. എഴുത്തുകാരുടെയും പ്രസാധകരുടെയും കൽപനകൾ റാൻ മൂളി അനുസരിക്കാൻ വിധിക്കപ്പെട്ട വെറും അടിമയാണ് വായനക്കാരൻ.

മുമ്പ് നാൽപത് പൈസയും ഒരു രൂപയുമായിരുന്ന ദിനപത്രത്തിന് ഇന്ന് ഏഴു രൂപയും എട്ടു രൂപയുമാണെന്ന് ഓർക്കുക. അടുത്തുതന്നെ അത് പത്തുരൂപയും പന്ത്രണ്ടുരൂപയുമാക്കാൻ സാധ്യതയുണ്ട്. മുമ്പ് നാൽപത് പൈസക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പ് വാങ്ങിയത് ഓർക്കുന്നു. ഇന്ന് ഒരു ആഴ്ചപ്പതിപ്പിന്റെ വില ഇരുപത്തഞ്ചും മുപ്പതും രൂപയാക്കിയിട്ടുണ്ട്. വായനക്കാരൻ ഇതെല്ലാം വാങ്ങി വായിക്കാൻ വിധിക്കപ്പെട്ടവനാണ്. മറ്റുള്ള സാധനങ്ങൾക്കും ഇതേപോലെ വില കൂടിയിട്ടില്ലേ എന്നു ചോദിച്ചേക്കാം. ബസ്ചാർജിന്റെയും എണ്ണയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധിക്കുമ്പോൾ എതിർശബ്ദങ്ങൾ സംഘടിത വിഭാഗങ്ങളിൽനിന്നുമുയരാറുണ്ട്. എന്നാൽ, വായനക്കാരന് അവൻ പ്രധാനമായും ആശ്രയിക്കുന്ന പ്രസിദ്ധീകരണങ്ങൾക്ക് വില വർധിക്കുമ്പോൾ മറുശബ്ദം പുറപ്പെടുവിക്കാൻ കഴിയാതെ വരുന്നു.

വായനക്കാരൻ പലപ്പോഴും വഞ്ചിക്കപ്പെടുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഭീമമായ കാശ് കൊടുത്ത് അവൻ വാങ്ങുന്ന പത്രത്തിൽ അല്ലെങ്കിൽ പ്രസിദ്ധീകരണത്തിൽ നിറയെ പരസ്യങ്ങളായിരിക്കും. പലപ്പോഴും വായനക്കാരൻ തേടുന്ന വാർത്ത അല്ലെങ്കിൽ ഒരു വസ്തുത പ്രസിദ്ധീകരണത്തിലില്ലാതെപോവുന്നു. അപ്പോൾ വാർത്ത തേടി പല പത്രങ്ങൾ വായിക്കേണ്ടിവരുന്നു.

വിരലിലെണ്ണിത്തീർക്കാൻ കഴിയാത്തവിധം പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് മലയാളത്തിലിറങ്ങുന്നത്. മറ്റു ഭാഷകളിലിത്രത്തോളം പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമിറങ്ങുന്നുണ്ടോ എന്നറിയില്ല. ദിനപത്രങ്ങൾക്കു പുറമെ ഉച്ചപ്പത്രങ്ങളും സായാഹ്ന പത്രങ്ങളുമിറങ്ങുന്നുണ്ട്. ബാല പ്രസിദ്ധീകരണങ്ങളും വനിതാ മാസികകളും കുടുംബ മാസികകളും നിരവധി. രാഷ്ട്രീയ സാമുദായിക സംഘടനകളും ഇതെല്ലാം പരസ്പരം മത്സരിച്ച് ഇറക്കുന്നുണ്ട്.

മറ്റു പുസ്തകങ്ങളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. എങ്ങനെയെങ്കിലും നാലു പുസ്തകമെഴുതി പേരെടുക്കണമെന്ന ലക്ഷ്യം മാത്രമേ നമ്മുടെ എഴുത്തുകാർക്കുള്ളൂ. ഒരു പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും കണ്ട് വാങ്ങാൻ ചെന്നാൽ അതിന്റെ വില നോക്കുമ്പോൾ നമ്മെ വിഴുങ്ങാൻ വരുന്നതുപോലെ തോന്നും. പേടിച്ച് തിരിഞ്ഞോടേണ്ടി വരും.

മാധ്യമം ആഴ്ചപ്പതിപ്പ് പോലുള്ള പ്രസിദ്ധീകരണങ്ങൾ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി ഇറങ്ങുന്നവയാണ്. മുടക്കുന്ന പണത്തിന്റെ മൂല്യമനുസരിച്ച് വായനക്കാരന് വേണ്ട വിഭവങ്ങളൊരുക്കുന്ന ഒന്നോ രേണ്ടാ പ്രസിദ്ധീകരണങ്ങളിൽപെട്ടതാണ് മാധ്യമം ആഴ്ചപ്പതിപ്പ്. ഇരുപത്തഞ്ച് വയസ്സിലേക്ക് എത്തുന്ന ഘട്ടത്തിൽ എല്ലാവിധ വിജയാശംസകളും നേരുന്നു.

കെ.എ. റഹീം, കുളത്തൂർ

ഖെദ്ദ: വാണിജ്യസിനിമക്ക് പറ്റിയ കഥ

ലക്കം 1255ൽ പ്രസിദ്ധീകരിച്ച 'ഖെദ്ദ' എന്ന കഥയിലൂടെ മനു ജോസഫ്‌ കുടിയേറ്റകര്‍ഷകരുടെ ജീവിതം പറഞ്ഞുതരുകയാണ്. അതില്‍ കപ്പയുണ്ട്, ചമ്മന്തിയുണ്ട്, വെടിയിറച്ചിയുണ്ട്, കൃഷിയുണ്ട്, സ്നേഹവും പകയും കൊലപാതകവുമുണ്ട്. കാര്യങ്ങളെല്ലാം ചേരുംപടി ചേര്‍ത്തുെവച്ചിട്ടുമുണ്ട്.

വര്‍ക്കിയുടെ ഏകമകള്‍ സോഫി കൂട്ടുകാരോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ വരുകയാണ്. അതില്‍ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍സുഹൃത്തുക്കളും ഉണ്ട്. അവരില്‍ ഒരാളായ റോഷനുമായി സോഫി ഗാഢപ്രണയത്തിലാണെന്ന രഹസ്യം കഥാന്ത്യംവരെ മറച്ചുെവച്ചത് കഥയുടെ സസ്പെന്‍സ് നിലനിര്‍ത്താനായിരിക്കണം. രണ്ടു ആണ്‍പിള്ളേരേയും കൂട്ടി വര്‍ക്കിയും സഹായി പാപ്പനും നായാട്ടിനായി കാട്ടിലേക്ക് പോകുന്നു. കുട്ടികള്‍ക്ക് അവരോടൊപ്പം കൂടാതെ വീട്ടിലേക്ക് പോകാനാണ് താൽപര്യം. പക്ഷേ, നായാട്ടിന്‍റെ ത്രില്ല് വർണിച്ച് അയാള്‍ കൂടെ കൂട്ടുന്നു.

''ഉള്‍ക്കാട്ടില്‍െവച്ച് വര്‍ക്കി ഒരു പന്നിയെ വെടിവെക്കുന്നു. വെടികൊണ്ട പന്നി പ്രാണരക്ഷാർഥം പാഞ്ഞുപോയ വഴിയിലെ ചോരത്തുള്ളികള്‍ നോക്കി വര്‍ക്കിയോടൊപ്പം റോഷനും പാപ്പനോടൊപ്പം ശ്രീജിത്തും പോകുന്നു. പെട്ടെന്ന് വര്‍ക്കിയുടെ രൂപവും ഭാവവും മാറുന്നു. തോക്കിന്‍പാത്തികൊണ്ട് അയാള്‍ റോഷനെ അടിച്ചുവീഴ്ത്തുന്നു. 'പുന്നോലിയിലെ പെണ്ണിനെ മയക്കി കെട്ടുമെന്ന് വിചാരിച്ചോടാ..? അതിന്‌ പുന്നോലില്‍ ആണുങ്ങള്‍ ഇല്ലാണ്ടിരിക്കണം. അവളിത് പറഞ്ഞപ്പോ മുതല്‍ ചോരയിങ്ങനെ തെളച്ചു കിടന്നതാ. പിന്നെ നിന്നെ എങ്ങനെ ഒഴിവാക്കണം എന്നു തന്നെയാ ഇതുവരെ ആലോചിച്ചേ. അതിനുവേണ്ടിയാടാ ഒരിക്കല്‍ ഉപേക്ഷിച്ച ഈ കാട് ഞാന്‍ വീണ്ടും തിരഞ്ഞെടുത്തത്. നീ ഒറ്റയ്ക്ക് വരൂന്നാ വിചാരിച്ചേ. പാവം അവനെന്തു പിഴച്ചു. നീ കാരണം അവനും.' വര്‍ക്കി കാഞ്ചി വലിച്ചു. അതിന്‍റെ പ്രകമ്പനം കാടിനെയാകെ ഇളക്കി. കുറച്ചകലെ മറ്റൊരിടത്തുകൂടെ വെടിയൊച്ച മുഴങ്ങി. യജമാനന്‍റെ നിർദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പാപ്പനും ശീലിച്ചു തുടങ്ങിയിരിക്കുന്നു" എന്നു പറയുന്നിടത്ത് കഥ തീരുന്നു.

ഒരു വാണിജ്യ സിനിമക്ക് പറ്റുന്ന ചേരുവകളെല്ലാം കഥയിലുണ്ട്. എങ്കിലും എന്തോ കഥ പൊലിച്ചില്ലെന്നാണ് എന്‍റെ അഭിപ്രായം.

സണ്ണി ജോസഫ്‌, മാള

നിലകൊള്ളേണ്ടത് സമാധാനത്തിന്റെ ചേരിയിൽ മാത്രം

ആഴ്ചപ്പതിപ്പ് ലക്കം: 1254 'തുടക്കം', യുദ്ധവിരുദ്ധ കവിതകൾ, യുെക്രയ്ൻ കവിതകൾ എന്നിവ ശ്രദ്ധ അർഹിക്കുന്നു. 'തുടക്ക'ത്തിൽ പറയുന്നതുപോലെ, ലോകജനതക്കു വേണ്ടത് സമാധാനമാണ്. കൊലയും ചോരയുമില്ലാത്ത സുന്ദരമായ ലോകം. പക്ഷേ, അധീശവർഗക്കാർക്ക് അവയുടേതായ തത്ത്വസംഹിതകളാണുള്ളത്. മറ്റുള്ളവരെ ചൊൽപ്പടിക്ക് നിർത്തുക എന്ന മനോഭാവം. ഇവിടെ നീതിയും ജനാധിപത്യവും ഒന്നും ബാധകമല്ല. കീഴടങ്ങാൻ കൂട്ടാക്കാത്ത ആളുകളെ കടന്നുകയറി ആക്രമിക്കുന്നു. വിമതനൊപ്പം ഏഷണികൂടി നിന്നവൻ പിന്മാറുന്നു. ഇതാണ് ഇപ്പോൾ യുക്രെയ്നിൽ നടക്കുന്ന സംഭവങ്ങളുടെ ചുരുക്കം.

യുക്രെയ്നിലേക്ക് കടന്നുചെല്ലാനും ജനങ്ങളെ കൊല്ലാനും ആർക്കാണ് അധികാരം? ഇത്, ജനാധിപത്യത്തെ അട്ടിമറിച്ചുള്ള നഗ്നമായ അധിനിവേശമാണ്. യൂറോപ്പിനെ മാത്രമല്ല, ലോകത്തെ മുഴുവനും റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അമ്പരപ്പിൽ ആഴ്ത്തിയിരിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ ലോകം പ്രയത്നിക്കണം. അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങൾ എത്ര വംശീയ മുൻവിധികളോടെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. കൊല്ലപ്പെടുന്നവർ നമ്മൾതന്നെ എന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നതാണ് ഖേദകരം. ലോകത്തെ അധിനിവേശ ശക്തികൾ എത്രയും പെട്ടെന്ന് നരഹത്യയും അക്രമവും അവസാനിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തെ അടിയന്തര പരിഹാരം. നാമെല്ലാം നിലകൊള്ളേണ്ടത് സമാധാനം എന്ന ചേരിയിലാണ്. അതിൽ മാത്രമാണ്.

അനിൽ രാമചന്ദ്രൻ കൃഷ്ണപുരം

മാറ്റം വേണം, മുസ്‍ലിംലീഗിനും

ലക്കം 1255ൽ വിടവാങ്ങിയ മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഇബ്രാഹിം കോട്ടക്കലിന്റെ ലേഖനം വായിച്ചു. ഒരു കുടുംബത്തിൽനിന്നുതന്നെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിലെ യുക്തിയെക്കുറിച്ചുള്ള ന്യായമായ ചോദ്യങ്ങൾ ഉണ്ടെങ്കിലും മുസ്‍ലിംലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം പാണക്കാട് കുടുംബം അനിവാര്യമാണെന്ന് പറയാം. അതല്ലെങ്കിൽ കാലക്രമേണ ആ പാർട്ടി അങ്ങനെ ആയിത്തീർന്നിരിക്കുന്നു.

ചരിത്രത്തിൽ ലീഗ് പല വെല്ലുവിളികളെയും നേരിട്ടിട്ടുണ്ട്. വെല്ലുവിളികളെ മറികടന്നിട്ടുമുണ്ട്. എന്നാൽ മുമ്പത്തേക്കാൾ സങ്കീർണമാണ് കാര്യങ്ങൾ. കോൺഗ്രസിന്റെ ദേശവ്യാപകമായ ശിഥിലീകരണം ലീഗിന് മേലും കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നത് ലീഗിനുണ്ടാക്കിയ ആഘാതം പുറമേക്ക് കാണുന്നതിനേക്കാൾ ഭീകരമാണ്.

പരമ്പരാഗതമായി ലീഗിന് കീഴിൽ അണിനിരന്നിരുന്ന സംഘടനകൾ അധികാരമില്ലാത്ത ലീഗിനെ കൈയൊഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് കണ്ടറിഞ്ഞുകൊണ്ടുതന്നെ ഇടതുമുന്നണി ഇവക്ക് നേരെ കണ്ണെറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പരമ്പരാഗതമായി കൂടെ നിൽക്കുന്ന സമുദായ സംഘടനകളെ പഴയപോലെ കൂടെ നിർത്തുക എന്നത് അത്ര എളുപ്പമാകില്ല. മറ്റൊരു പ്രധാന വെല്ലുവിളി, മുസ്‍ലിം ലീഗ് പേറുന്ന 'മതേതര' പ്രതിച്ഛായയെയും മുസ്‍ലിം വിഷയങ്ങളിലുള്ള പ്രതികരണങ്ങളെയും ഒരേസമയം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതാണ്.

ഏതൊക്കെ വെല്ലുവിളികൾ ഉണ്ടായാലും മുസ്‍ലിംലീഗ് ഉയർത്തുന്ന സ്വത്വ രാഷ്ട്രീയത്തിന് ഇന്ത്യയിൽ എക്കാലത്തും വലിയ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ കാലത്തിന് അനുസരിച്ച് മുസ്‍ലിംലീഗ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹരിത വിഷയത്തിൽ നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങളെല്ലാം കാലത്തിന്റെ ചുമരെഴുത്ത് വായിക്കാതെയുള്ള പ്രാമാണിത്വത്തിന്റെയും ആണഹങ്കാരത്തിന്റെയും ആയിരുന്നു. പുതുതായി ചുമതലയേൽക്കുന്ന സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്ക് ഈ വെല്ലുവിളികളെയെല്ലാം തരണംചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

സിയാദ്, കണ്ണൂർ

അരുത്, സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പദങ്ങളും പ്രയോഗങ്ങളും

ഇന്ത്യൻ ഭരണഘടന സ്ത്രീ-പുരുഷ തുല്യതയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുതരുന്നുണ്ട്. അതുപോലെ ലിംഗവിഭാഗം എന്ന നിലയിലുള്ള ​ഒരുതരം വിവേചനവും പാടില്ല എന്നും പറയുന്നുണ്ട്. എന്നാൽ, ഇതിനു വിരുദ്ധമായി സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ മലയാളം പത്രങ്ങളിൽ തുടർച്ചയായി കടന്നുവരുന്നത് ശ്രദ്ധയിൽ പെടുത്തുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

1. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ സൂചിപ്പിക്കാൻ 'മാനഭംഗം' എന്ന പദം ഉപയോഗിക്കുന്നത്.

2. ചരമ കോളങ്ങളിൽ മരിച്ച സ്ത്രീയുടെ പേര് പറയുന്നതിനു മുമ്പേ ഇന്നയാളുടെ ഭാര്യ/മകൾ ആയ എന്നു പറഞ്ഞുകൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി.

3. സ്ത്രീകളുടെ വിജയം വാർത്തയാക്കുമ്പോൾ (ഉദാ. പിഎച്ച്.ഡി റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകൾ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമർശിക്കുന്ന രീതി.

4. സ്ത്രീകൾ ആർക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാൽ സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള 'ഒളിച്ചോടി' എന്ന പ്രയോഗം.

5. അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മരണസംഖ്യ സൂചിപ്പിക്കാൻ സ്ത്രീകൾ അടക്കം ഇത്രപേർ എന്ന് പ്രയോഗിക്കുന്നത്.

6. വീട്ടുത്തരവാദിത്തങ്ങൾ നിഎഴുത്തുകുത്ത്​ർവഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീക്ക് മാത്രം നൽകുന്ന 'വീട്ടമ്മ' എന്ന പദപ്രയോഗം.

(ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആകാശവാണി 'വീട്ടമ്മമാർക്ക് വേണ്ടി' എന്ന പരിപാടിയുടെ പേര് മാറ്റിയത് ശ്രദ്ധയിൽപ്പെടുത്തുന്നു.)

അതിനാൽ നമ്മുടെ പൊതുബോധത്തിൽ ഉറച്ചുപോയ ഇത്തരം ഭാഷാപ്രയോഗങ്ങൾ സ്ത്രീകളുടെ സ്വത്വത്തെ അവഗണിക്കുന്നതും അന്തസ്സിനെ ഇകഴ്ത്തുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്ക് നിരക്കാത്തതുമാണ്. അതുകൊണ്ട് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഇത്തരം വാർത്തകളും പ്രയോഗങ്ങളും പത്രങ്ങളിൽ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു.സ്ത്രീസുരക്ഷക്കും സ്ത്രീ-പുരുഷ സമത്വത്തിനും ലിംഗനീതിക്കും വേണ്ടി സർക്കാർ നൂതന പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തീർച്ചയായും ഇക്കാര്യത്തിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സുൽഫത്ത് .എം, ഡോ. സ്മിത പന്ന്യൻ, ഷീന ജാനകി - 'മലയാളപ്പെൺകൂട്ടം'