ആത്മവിദ്യാലയത്തിന്റെ തിരുമുറിവ്
''അവരും ഒന്നായിരിക്കുന്നതിന്'' (യോഹന്നാൻ 17, 22) എന്ന തിരുവചനത്തിലൂടെ, ദൈവവിശ്വാസികൾക്കിടയിൽ ഭിന്നതയും വിഭാഗീയതയും യേശുക്രിസ്തു വിലക്കിയിരിക്കുകയാണ്. സ്നേഹത്തിലും ഐക്യത്തിലും ജറൂസലം നിവാസികളെ ഒരുമിച്ച് നിർത്താനുള്ള തന്റെ പരിശ്രമങ്ങൾക്ക് തണുത്ത പ്രതികരണം ലഭിച്ചപ്പോൾ അൽപം നിരാശനായി യേശു മൊഴിഞ്ഞു: ''പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്ര ആഗ്രഹിച്ചു. പക്ഷേ നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു'' (ലൂക്ക 13,35). 'പഴയനിയമ'ത്തിൽ പ്രവാചകനായ ഏശയ്യയുടെ പുസ്തകം 31ാം അധ്യായം 5ാം വാക്യത്തിലും ഈ...
Your Subscription Supports Independent Journalism
View Plans''അവരും ഒന്നായിരിക്കുന്നതിന്'' (യോഹന്നാൻ 17, 22) എന്ന തിരുവചനത്തിലൂടെ, ദൈവവിശ്വാസികൾക്കിടയിൽ ഭിന്നതയും വിഭാഗീയതയും യേശുക്രിസ്തു വിലക്കിയിരിക്കുകയാണ്. സ്നേഹത്തിലും ഐക്യത്തിലും ജറൂസലം നിവാസികളെ ഒരുമിച്ച് നിർത്താനുള്ള തന്റെ പരിശ്രമങ്ങൾക്ക് തണുത്ത പ്രതികരണം ലഭിച്ചപ്പോൾ അൽപം നിരാശനായി യേശു മൊഴിഞ്ഞു: ''പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴ് ചേർത്തുനിർത്തുന്നപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്ര ആഗ്രഹിച്ചു. പക്ഷേ നിങ്ങൾ സമ്മതിച്ചില്ല. ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു'' (ലൂക്ക 13,35). 'പഴയനിയമ'ത്തിൽ പ്രവാചകനായ ഏശയ്യയുടെ പുസ്തകം 31ാം അധ്യായം 5ാം വാക്യത്തിലും ഈ പരാമർശമുണ്ട്. സ്വാർഥതാൽപര്യങ്ങൾക്കും സങ്കുചിതമനോഭാവത്തിനും അടിമപ്പെട്ടവരെക്കുറിച്ചുള്ള ഈ തിരുവചനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട്.
സുദീർഘമായ ഒരു വിദ്യാഭ്യാസചരിത്രമുള്ളയാളാണ് ഈ ലേഖകൻ. ബിരുദങ്ങൾക്കും ബിരുദാനന്തരബിരുദത്തിനൊക്കെയായി പല പ്രമുഖ കലാലയങ്ങളുടെ ഇടനാഴികളിലൂടെ ഏറെ സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ രണ്ട് കലാലയങ്ങളോട് വിടപറഞ്ഞ് പടിയിറങ്ങുമ്പോൾ വികാരാധീനനായി കരഞ്ഞിട്ടുണ്ട്: ഒന്ന് കോഴിക്കോട് മെഡിക്കൽ കോളജിനോട് വിടപറഞ്ഞപ്പോൾ, രണ്ടാമത് ദൈവശാസ്ത്രപഠനം കഴിഞ്ഞ് ആലുവ പുഴയോരത്തുള്ള മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയുടെ പടിയിറങ്ങിയപ്പോൾ. ഈ രണ്ടു സ്ഥാപനങ്ങൾ എന്റെ ജീവിതത്തെ ഇന്നും ആഴമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഉത്തരോത്തരം വളർന്ന് സാധാരണക്കാർക്ക് വൈദ്യസേവനം നൽകുന്നത് കാണുമ്പോൾ വലിയ അഭിമാനം തോന്നാറുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളും നവതിയുടെ നിറവിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടർമാരിൽ ഞാൻ മാത്രമേ ഇതുവരെ വൈദികനായിട്ടുള്ളൂ. മംഗലപ്പുഴയിൽനിന്നുള്ള വൈദികരിലും അങ്ങനെത്തന്നെ ഒരു താരതമ്യമുണ്ട്. അതെല്ലാം ദൈവനിശ്ചയം.
പക്ഷേ, ഗുരുകുലസമ്പ്രദായം എന്ന് വിളിക്കാവുന്ന മംഗലപ്പുഴ സെമിനാരിയെക്കുറിച്ചോർക്കുമ്പോൾ പൂർവവിദ്യാർഥികളായ വൈദികർക്ക് വലിയ വേദനയുണ്ട്. കാരണം സെമിനാരി ഹൃദയം പിളർക്കപ്പെട്ടിരിക്കുന്നു. 1997ൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വിഭജനം യാഥാർഥ്യമായി. കേരള കത്തോലിക്ക സഭയുടെ ഐക്യത്തിന്റെ പ്രതീകമെന്ന് അഭിമാനിച്ചിരുന്ന സെമിനാരി മൂന്നായി വിഭജിക്കപ്പെട്ടു! സീറോ മലബാർ - ലത്തീൻ - മലങ്കര വൈദികാർഥികൾ ഏകോദര സഹോദരങ്ങളെപ്പോലെ പഠിച്ചും പ്രാർഥിച്ചും കളിച്ചും വളർന്ന പൊതുഭവനത്തോട് കണ്ണീരോടെ വിടപറഞ്ഞു മൂന്നു വഴിക്ക് പിരിഞ്ഞുപോയി. പൂർവവിദ്യാർഥികളായ നിരവധി വൈദികർ പ്രതിഷേധസ്വരമുയർത്തി. താഴിട്ടു പൂട്ടിയ കവാടത്തിന് പുറത്ത് അവർ കണ്ണീർ പൊഴിച്ച് വിടവാങ്ങി. സെമിനാരിയുടെ കൂറ്റൻ ഗേറ്റിലെ കമ്പികൾക്കിടയിലൂടെ അവസാനമായി അവർ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കരിങ്കൽ നിർമിതമായ സെമിനാരി ഗാത്രത്തെ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി പിരിഞ്ഞുപോയി. അവർക്കറിയാം അവരുടെ വിലാപങ്ങൾ കേൾക്കാൻ ആരുമില്ല, കാരണം പ്രബലന്മാരായ അധികാരികളുടെ തീരുമാനത്തിനു മുമ്പിൽ അവർ ആരുമല്ല. എല്ലാ അധികാരങ്ങളും ചില വ്യക്തികളിൽ കേന്ദ്രീകരിച്ചാൽ നിസ്സഹായർ വെറും കീടങ്ങൾ മാത്രം.
തിരുവോണാഘോഷം, ആലുവ ശിവരാത്രി, പ്രഫഷനൽ നിലവാരമുള്ള നാടക അരങ്ങേറ്റം, വാശിയേറിയ ഗ്രൂപ്പ് സോങ് മത്സരങ്ങൾ, ചെറിയ ഗ്രൂപ്പുകളുടെ പാചക സായാഹ്നങ്ങൾ, ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം, സ്പോർട്സ് ഇനങ്ങൾ ഇതെല്ലാം ചേർന്നുള്ള ഫ്രൂട്ട് സാലഡിന്റെ മധുരസ്മരണയാണ് മംഗലപ്പുഴ. ഏറ്റവും മധുരതരം ആലുവപ്പുഴയുടെ കുഞ്ഞോളങ്ങൾതന്നെ. ദൈവശാസ്ത്രവിഷയങ്ങളിൽ പ്രഗല്ഭരായ പ്രഫസർമാരെ 'എൻസൈക്ലോപീഡിയ' എന്ന് അഭിസംബോധന ചെയ്യുന്നതാണ് കൂടുതൽ ഉചിതം. കേരളസഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പു മുതൽ ഫാ. ജോസഫ് വടക്കൻ തുടങ്ങിയവർ മംഗലപ്പുഴയുടെ മക്കളാണ്. കേരളത്തിലും വിദേശത്തുമുള്ള നിരവധി ബിഷപ്പുമാരെ വാർത്തെടുത്ത അച്ചാണ് മംഗലപ്പുഴ സെമിനാരി. എന്നിട്ടും സെമിനാരിയുടെ റീത്തടിസ്ഥാനത്തിലുള്ള വിഭജനത്തെ 'അരുത്' എന്ന് പറയാൻ കാര്യമായി ആരും ഉണ്ടായിരുന്നില്ല എന്നത് അനുസരണത്തിന്റെ മകുടോദാഹരണം സൃഷ്ടിക്കാനായിരിക്കാം!
1657ൽ അലക്സാണ്ടർ ഏഴാമൻ മാർപാപ്പ വിശ്വാസവളക്കൂറുള്ള മലബാറിലേക്ക് കർമലീത്ത മിഷണറിമാരെ അയക്കുന്നതോടെ മംഗലപ്പുഴയുടെ വിത്തുകൾ പാകപ്പെട്ടു. 1682ൽ വരാപ്പുഴയിൽ ഒരു ചെറിയ സെമിനാരി ആരംഭിച്ചു. എന്തോ ചില കാരണങ്ങളാൽ അത് അവസാനിപ്പിച്ചു. 1764ൽ അത് പുനരാരംഭിച്ചു. 1774ൽ സെമിനാരിയിൽ ലത്തീൻകാരും സുറിയാനിക്കാരും ഒരുമിച്ച് പഠനം തുടർന്നു. പിന്നീട് 1866ൽ പുത്തൻപള്ളിയിലേക്ക് സെമിനാരി മാറ്റിസ്ഥാപിച്ചു. 1888ൽ ഈ സ്ഥാപനം മലബാറിന്റെ കേന്ദ്ര മേജർ സെമിനാരിയാക്കി മാറ്റി.1932ൽ ആലുവപ്പുഴയോരത്ത് ഇന്ന് കാണുന്ന വിശാലാന്തരീക്ഷത്തിൽ സെമിനാരി പ്രവർത്തനമാരംഭിച്ചു. വെറും രണ്ടായിരം രൂപ മൂലധനവും വിശ്വാസികളുടെ പ്രാർഥനയുടെ ശക്തിയുമായിരുന്നു പ്രധാന ഊർജം. ഈ ഘട്ടത്തിൽ പാറായിൽ അവിര വർക്കി തരകൻ സംഭാവന ചെയ്ത രണ്ടായിരം രൂപയും ചേർത്താണ് പെരിയാറിന്റെ തീരത്ത് നാൽപത് ഏക്കർ സ്ഥലം വാങ്ങി ഘട്ടം ഘട്ടമായി ഗോഥിക് ശൈലിയിലുള്ള മനോഹരമായ ദേവാലയവും അനുബന്ധ ഹോസ്റ്റൽ കെട്ടിടങ്ങളും പണിതീർത്ത് ഇന്ന് കാണുന്ന നിലയിലെത്തിച്ചത്. തത്ത്വശാസ്ത്രവിദ്യാർഥികൾക്കായി അധികം ദൂരത്തിലല്ലാത്ത കർമലഗിരി കുന്നിൽ എല്ലാ സൗകര്യങ്ങളോടും കൂടി വലിയ ബ്ലോക്ക് പണിതു. 1964ൽ മാർപാപ്പ ഈ സെമിനാരിയെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. 1972ൽ ഇത് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ആക്കി ഉയർത്തിയതോടെ സ്ഥാപനം ഒരു യൂനിവേഴ്സിറ്റിയുടെ നിറവിലായി. കർമലീത്ത വൈദികർ സെമിനാരിഭരണം മൂന്നു റീത്തുകളും ഉൾപ്പെടുന്ന കേരള കാത്തലിക്ക് ബിഷപ് കോൺഫറൻസിനെ ഏൽപിച്ചു. റോമിൽനിന്ന് അന്ന് കൊടുത്ത കൽപനയിൽ ഈ പൊന്തിഫിക്കൽ സെമിനാരി വ്യത്യസ്ത റീത്തുകളുടെ ഒരു സ്ഥാപനമാണെന്നും സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾക്ക് പൊതുവായുള്ള സെമിനാരിയാണെന്നും 1976ൽ പരസ്യമായ ഉത്തരവ് ഇറക്കിയതിനു ശേഷം എന്തുകൊണ്ട് 1997ൽ സെമിനാരി ഹൃദയത്തെ വിഭജിക്കുന്ന ഒരു തീരുമാനം ഉണ്ടായി എന്നത് അത്ഭുതാവഹമാണ്. ഇത് ചരിത്രപരമായി ശരിയായിരുന്നോ എന്ന് തീർച്ചയായും വിശ്വാസികൾ വിലയിരുത്തും. എത്രയോ വിശുദ്ധാത്മാക്കളുടെ സാന്നിധ്യംകൊണ്ട് പവിത്രമാണ് മംഗലപ്പുഴ മണ്ണ്. ധന്യന്മാരായ ഫാ. ഔറേലിയൻ ഒ.സി.ഡി (OCD), ഫാ. സക്കറിയാസ്, വാഴ്ത്തപ്പെട്ട രാമപുരം കുഞ്ഞച്ചൻ, നിരവധി ദൈവദാസസ്ഥാനം ലഭിച്ചവർ - ഇവരുടെ ആത്മാക്കൾ തങ്ങളുടെ മാതൃസ്ഥാപനം വിഭജിക്കപ്പെട്ടതിൽ പരലോകത്തിലിരുന്ന് കണ്ണീർ പൊഴിക്കുന്നുണ്ടാകണം. പെരിയാറിനേക്കാൾ ആഴവും പരപ്പും നീളവും വീതിയുമുള്ള മംഗലപ്പുഴ എന്ന ആത്മീയപ്രവാഹത്തെ ഒഴുക്കുനിലച്ച്, മലിനജലം നിറഞ്ഞ മറ്റൊരു 'ചാവുകടലാ'ക്കി മാറ്റണമോ? ഈ വിഭജനം യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്നേറ്റ മറ്റൊരു തിരുമുറിവല്ലേ? ഇനിയെങ്കിലും ഒരു പുനർചിന്ത നമുക്കാവില്ലേ!
'LUX ET SAL' എന്നതാണ് മംഗലപ്പുഴ സെമിനാരിയുടെ മുദ്രാവാക്യം. ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും എന്ന യേശുവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ രുചി നഷ്ടപ്പെട്ടവർക്ക് സമാശ്വാസമാകാനും കണ്ണുകളിലെ നന്മയുടെ വെളിച്ചം നഷ്ടമായവർക്ക് മാർഗദീപമാകാനും അഭിഷേകംചെയ്യുന്നവരാണ് വൈദികർ എന്നർഥമാക്കുന്ന മുദ്രാവാക്യം. അനൈക്യത്തിൽ ഉലയുന്ന അവസ്ഥയാണ് വിഭജനംകൊണ്ടുണ്ടായ നേട്ടം. സാമ്പത്തിക സുഃസ്ഥിതി പരുങ്ങലിലാണെന്ന് സെമിനാരി അധികൃതർ പറയുന്നു. ഇത് വരാൻ പോകുന്ന വിപത്തുകളുടെ ദൃശ്യമായ ഒരു അഗ്രം മാത്രമാണെന്ന് പൂർവവിദ്യാർഥികൾ ഭയപ്പെടുന്നു. ലോകത്തിലെത്തന്നെ ഏറ്റവും പ്രശസ്തവുമായ മംഗലപ്പുഴ സെമിനാരി ആത്മീയ കരുത്തോടെ ദൈവശുശ്രൂഷയുടെ മലയിൽ സ്ഥാപിക്കപ്പെട്ട ദീപസ്തംഭമായി നിലനിൽക്കട്ടെ എന്നതാണ് ഈ നവതിവർഷത്തിൽ എല്ലാ പൂർവവിദ്യാർഥികളുടെയും വിശ്വാസികളുടെയും ആശംസയും പ്രാർഥനയും.