മരിയനാട് എസ്റ്റേറ്റിൽ സംഭവിക്കുന്നത് എന്ത്?; എന്തിനാണ് ആദിവാസികൾ സമരം ചെയ്യുന്നത്
വയനാട്ടിലെ മരിയനാട് എസ്റ്റേറ്റിൽ ഭൂരഹിതരായ ആദിവാസികൾ തങ്ങൾക്ക് നീക്കിവെച്ച ഭൂമി പിടിച്ചെടുത്ത് കുടിൽകെട്ടി സമരം തുടരുകയാണ്. എന്താണ് സമരത്തിന്റെ ഉദ്ദേശ്യം? എന്താണ് സമരഭൂവിലെ കാഴ്ചകൾ?
''എനിക്ക് വീടില്ല, സ്ഥലല്ല. വീട് പാസായി വരും, സ്ഥലല്ലന്ന് പറഞ്ഞിട്ട് കിട്ടില്ല. അതുകാരണം ഞാൻ ഇങ്ങട്ട് കേറിവന്നതാ... എനിക്ക് ഇവിടുന്ന് ഭൂമി കിട്ടിയാലേ ഞാനിവിടുന്ന് പോകുള്ളൊ. എനിക്കൊരു ചെറിയ കൊച്ചുണ്ട്. അമ്മയെപ്പോലെ കൊച്ച് ആകണ്ട, കൊച്ചിന് സ്ഥലം വേണല്ലോ, അതിന് നാളെക്കും ജീവിക്കാനുള്ളതല്ലേ''- മരിയനാട് എസ്റ്റേറ്റിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വലിച്ചുകെട്ടിയ ഷെഡിനു മുന്നിൽനിന്ന് ലീല ഇത് പറയുമ്പോൾ അവകാശനിഷേധങ്ങൾ തുടരുന്നതിന്റെ നിരാശ അവരുടെ...
Your Subscription Supports Independent Journalism
View Plans''എനിക്ക് വീടില്ല, സ്ഥലല്ല. വീട് പാസായി വരും, സ്ഥലല്ലന്ന് പറഞ്ഞിട്ട് കിട്ടില്ല. അതുകാരണം ഞാൻ ഇങ്ങട്ട് കേറിവന്നതാ... എനിക്ക് ഇവിടുന്ന് ഭൂമി കിട്ടിയാലേ ഞാനിവിടുന്ന് പോകുള്ളൊ. എനിക്കൊരു ചെറിയ കൊച്ചുണ്ട്. അമ്മയെപ്പോലെ കൊച്ച് ആകണ്ട, കൊച്ചിന് സ്ഥലം വേണല്ലോ, അതിന് നാളെക്കും ജീവിക്കാനുള്ളതല്ലേ''- മരിയനാട് എസ്റ്റേറ്റിലെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വലിച്ചുകെട്ടിയ ഷെഡിനു മുന്നിൽനിന്ന് ലീല ഇത് പറയുമ്പോൾ അവകാശനിഷേധങ്ങൾ തുടരുന്നതിന്റെ നിരാശ അവരുടെ മുഖത്ത് പ്രകടമാണ്.
ലീലയെപ്പോലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 300ഓളം ആദിവാസി കുടുംബങ്ങളാണ് പുൽപള്ളി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റിൽ തോരാമഴയും തണുപ്പും വകവെക്കാതെ ഒരുതുണ്ട് ഭൂമിക്കായി കുടിൽകെട്ടി സമരം ചെയ്യുന്നത്. ഇതിൽ ഭൂരഹിതരായവരും കൈവശരേഖ കിട്ടിയവരും പ്രളയഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ഇരുളം ഭൂസമര സമിതിയുടെയും ആദിവാസി ഗോത്ര മഹാസഭയുടെയും നേതൃത്വത്തിൽ ഒരുഭാഗത്തും മറുഭാഗത്ത് ഇതര ആദിവാസി സംഘടനകളുടെ നേതൃത്വത്തിലുമാണ് ഭൂസമരം.
മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്കടക്കം അർഹമായ ഭൂമി പതിച്ചുനൽകുന്നതിന് രണ്ടു പതിറ്റാണ്ടിനുശേഷവും സർക്കാർ അലംഭാവം തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരിടവേളക്കുശേഷം വയനാട്ടിൽ വീണ്ടും ആദിവാസികൾ സമരവഴിയിലേക്ക് ഇറങ്ങിയത്. മേയ് 31ന് ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 150ഓളം കുടുംബങ്ങൾ തുടങ്ങിവെച്ച കുടിൽകെട്ടി സമരത്തിലേക്ക് ഓരോ ദിവസവും കൂടുതൽ കുടുംബങ്ങൾ എത്തുകയാണ്. ''ഞങ്ങൾക്ക് എവിടെയെങ്കിലും ജീവിക്കണ്ടേ. മക്കൾക്ക് ജീവിക്കണ്ടേ. കുറച്ചു മണ്ണ് മാത്രമാണ് ആവശ്യം. പൊലീസ് വന്നോട്ടെ ഭയമില്ലെ''ന്ന് മുത്തങ്ങ സമരത്തിൽ പങ്കെടുത്ത് കൈവശരേഖ ലഭിച്ചിട്ടും ഭൂമി ലഭിക്കാത്ത ചീരാൽ കോളനിയിലെ ബാബു പറയുന്നു.
മരിയനാട് തോട്ടത്തിലെ ആദിവാസികൾ ഒഴികെയുള്ള മുഴുവൻ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണം, മുത്തങ്ങ പാക്കേജിൽ ഉൾപ്പെട്ടവർക്കും പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കും മുൻഗണന നൽകി ഭൂമി അടിയന്തരമായി പതിച്ചുനൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കുടിവെള്ളമോ പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യങ്ങളോ സമരഭൂമിയിലില്ല. ദൂരെ സ്ഥലങ്ങളിൽ പോയി തലച്ചുമടായി വെള്ളം കൊണ്ടുവരണം. പ്ലാസ്റ്റിക് ഷീറ്റുകളും മറ്റുംകൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക കുടിലുകളിലാണ് കുടുംബങ്ങൾ കനത്ത മഴയെ അവഗണിച്ച് കഴിയുന്നത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കക്കൂസുകളാണ് ഈ കുടുംബങ്ങൾ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്.
അതിരാവിലെ എത്തുന്ന വനംവകുപ്പ് ജീവനക്കാർ കുടിലുകളെല്ലാം നശിപ്പിക്കും. തോട്ടത്തിൽ കയറി വിറക് ശേഖരിക്കരുതെന്നും മുളവെട്ടരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും ഇവിടത്തെ ആദിവാസി കുടുംബങ്ങൾ പറയുന്നു. സമരം ഒരുമാസം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികളൊന്നും ഇവിടെ സന്ദർശിക്കാൻ തയാറായിട്ടില്ല.
ആദിവാസി പുനരധിവാസത്തിന് കൈമാറിയ ഭൂമി
ഒരിടവേളക്കുശേഷമാണ് വയനാട്ടിൽ ഭൂമിക്കായുള്ള ആദിവാസികളുടെ സമരം വീണ്ടും ശക്തിപ്പെടുന്നത്. കേന്ദ്രസർക്കാറിന്റെ F No 8-16/2002 -EC തീയതി 21.8.2002 നമ്പർ ഉത്തരവ് പ്രകാരവും സുപ്രീംകോടതിയുടെ IA No. 1137, 1139 and WP(c) No. 202/1995 ഉത്തരവ് പ്രകാരവും വനംവകുപ്പിനു കീഴിലുള്ള മരിയനാട് എസ്റ്റേറ്റ് ഭൂരഹിത പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പതിച്ചുനൽകുന്നതിനായി നീക്കിവെച്ചിട്ടുള്ളതാണ്. അറിയിപ്പ് എന്ന പേരിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും ചെതലയത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ പേരിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
അതായത് മുത്തങ്ങ സമരത്തിനുശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആദിവാസി പുനരധിവാസത്തിനായി കേരളത്തിൽ കൈമാറിയ 19,000 ഏക്കറിൽ ഉൾപ്പെടുന്നതാണ് മരിയനാട് എസ്റ്റേറ്റ്. എസ്റ്റേറ്റിലെ 250ഓളം ഏക്കർ ഭൂമി വനം വകുപ്പിനു കീഴിലെ വനം വികസന കോർപറേഷൻ (ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ) തോട്ടമായി കൈവശം വെച്ചിരിക്കുകയായിരുന്നു. തോട്ടം ഭൂരഹിതർക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ കോർപറേഷൻ പദ്ധതി അവസാനിപ്പിച്ചു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത, അർഹരായ 289 കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകാൻ തീരുമാനിച്ചപ്പോൾ മരിയനാട് എസ്റ്റേറ്റും പരിഗണിച്ചിരുന്നു. എന്നാൽ, എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാനുണ്ടെന്ന പേരിൽ ആദിവാസികൾക്ക് ഭൂമി പതിച്ചുനൽകുന്നത് നീട്ടിക്കൊണ്ടുപോയി.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 40 കുടുംബങ്ങൾക്ക് നൽകാനായി എസ്റ്റേറ്റിന്റെ ഒരുഭാഗത്ത് 40 ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. സമരത്തിൽ പങ്കെടുക്കുന്ന ഏതാനും കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശരേഖ കൈമാറിയിരുന്നു. എന്നാൽ, തൊഴിലാളികൾ തടസ്സപ്പെടുത്തുന്നുവെന്ന കാരണം പറഞ്ഞ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടി അധികൃതർ നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽതന്നെ സുപ്രീംകോടതി വിധി അനുസരിച്ച് ആദിവാസികൾക്ക് പതിച്ചുനൽകാനായി കേന്ദ്രം അനുവദിച്ച ഭൂമിയിലെ സമരവും കുടിയേറ്റവും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് ആദിവാസികൾ പറയുന്നു.
ഉത്തരമില്ലാതെ നീളുന്ന ഭൂസമരങ്ങളുടെ പട്ടികയിലേക്ക് മരിയനാടിനെ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിൽതന്നെയാണ് ആദിവാസികൾ ഇവിടെ കുടിൽകെട്ടി സമരം ചെയ്യുന്നത്. 130ഓളം സ്ഥിരം തൊഴിലാളികളാണ് എസ്റ്റേറ്റിലുണ്ടായിരുന്നത്. ഇതിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പല തൊഴിലാളി കുടുംബങ്ങളും എസ്റ്റേറ്റ് ഭൂമി കൈവശം വെച്ചിരിക്കുകയാണ്. തങ്ങൾക്കുള്ള േപ്രാവിഡന്റ് ഫണ്ട് (പി.എഫ്) ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ പൂർണമായി തന്നാൽ മാത്രമേ എസ്റ്റേറ്റ് വിട്ടുപോകുകയുള്ളൂ എന്നാണ് ഈ കുടുംബങ്ങൾ പറയുന്നത്. ഇവർക്കുള്ള ആനുകൂല്യങ്ങൾ എത്രയും വേഗത്തിൽ കൈമാറി, എസ്റ്റേറ്റ് ഭൂമി നീതിയുക്തമായി അർഹരായ ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.
ജില്ല ഭരണകൂടം ചർച്ചക്ക് വിളിച്ചെങ്കിലും ഭൂമി കിട്ടാതെ തിരിച്ചുപോകില്ലെന്ന ഉറച്ച നിലപാടിൽതന്നെയാണ് സമരക്കാർ. നേരത്തേ അളന്നുതിട്ടപ്പെടുത്തിയ 40 ഏക്കർ കുടുംബങ്ങൾക്ക് കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാമെന്നും ബാക്കിയുള്ള ഭൂമി കൂടി അളക്കുന്നതിനായി എസ്റ്റേറ്റിൽനിന്ന് കുടിയിറങ്ങണമെന്നുമാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഭൂമിയിൽനിന്ന് ഇറങ്ങില്ലെന്നും അളക്കാൻ തങ്ങളും സഹായിക്കാമെന്ന നിലപാടിലാണ് സമരക്കാർ.
കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ട ജനത
ഭൂമി കൊടുക്കാമെന്ന വാഗ്ദാനം നൽകി വർഷങ്ങളായി ആദിവാസി കുടുംബങ്ങൾ കബളിപ്പിക്കപ്പെടുകയാണ്. ഈ ജനതയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾക്കും നിലവിളികൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുത്തങ്ങ സമരത്തിൽ വെടിയേറ്റ് മരിച്ച യോഗിയുടെ മകൻ ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് വയനാട്ടിൽ കൃഷിയോഗ്യമായ ഭൂമിക്കുവേണ്ടി വർഷങ്ങളായി അലയുന്നത്.
ഭൂമിക്കുവേണ്ടി കേരളത്തിൽ നിരവധി വലുതും ചെറുതുമായ ഭൂസമരങ്ങൾ നടന്നെങ്കിലും സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന വലിയൊരു വിഭാഗത്തിന്റെ സ്വപ്നം ഇന്നും അകലെയാണ്. ആദിവാസികൾക്കിടയിൽ പട്ടിണിമരണങ്ങള്‍ തുടർക്കഥയായതോടെയാണ് 2001ല്‍ ആദിവാസികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. അഞ്ചേക്കര്‍ കൃഷിഭൂമി നല്‍കണമെന്ന ആവശ്യമുന്നയിച്ച് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വീട്ടുപടിക്കല്‍ കുടില്‍കെട്ടി സമരമാരംഭിച്ചു. 48 ദിവസത്തെ സമരത്തിനൊടുവില്‍ പുനരധിവാസവും ഭൂവിതരണവും സർക്കാർ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.
മുഴുവൻ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കും ഭൂമി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകി. നിക്ഷിപ്ത വനഭൂമി നിയമമനുസരിച്ച് സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്ക് 30,000 ഏക്കർ ഭൂമി ലഭിക്കാൻ അർഹതയുണ്ടായിരുന്നു. പേക്ഷ, ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. പിന്നാലെയാണ് സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ മുത്തങ്ങ വനത്തില്‍ പ്രവേശിച്ച് കുടിൽകെട്ടി സമരം ആരംഭിക്കുന്നത്. എന്നാല്‍, 2003 ഫെബ്രുവരിയിൽ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തി. പൊലീസും സര്‍ക്കാറും ചേര്‍ന്ന് അതിക്രൂരമായി അടിച്ചമര്‍ത്തിയ ആദിവാസി മുന്നേറ്റം പലരീതിയില്‍ ചര്‍ച്ചയായി.
പക്ഷേ, സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തങ്ങ പാക്കേജ് ഇപ്പോഴും നടപ്പായിട്ടില്ല. സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പരിമിതമായ അളവില്‍ മാത്രമാണ് നടപ്പാക്കപ്പെട്ടത്. പിന്നീട് മാറിമാറി വന്ന സർക്കാറുകൾ ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടപ്പായില്ല. പിന്നാലെ ചെങ്ങറ, അരിപ്പ ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി ഭൂസമരങ്ങൾക്ക് കേരളം സാക്ഷിയായി. ഏറ്റവും ഒടുവിൽ നടന്നതാണ് സുൽത്താൻ ബത്തേരിക്കു സമീപം തൊവരിമല ഹാരിസൺ മലയാളം പ്ലാന്റേഷനോട് ചേർന്ന വനഭൂമിയിൽ നടന്ന സമരം. 2019 ഏപ്രിലിൽ സി.പി.ഐ എം.എല്‍ റെഡ് സ്റ്റാര്‍, ഓള് ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ഭൂസമരസമിതി, ആദിവാസി ഭാരത് മഹാസഭ തുടങ്ങിയവര്‍ സംയുക്തമായാണ് സമരം നടത്തിയത്.
1970ല്‍ അച്യുതമേനോന് സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനമേഖല ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നതായിരുന്നു സമരക്കാരുടെ ആവശ്യം. പിന്നീട് സമരനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബലമായി ഒഴിപ്പിക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. ഇതിനിടെ മുത്തങ്ങയിൽനിന്ന് കുടിയിറക്കപ്പെട്ടവർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചുകൊടുത്ത ഭൂമി വാസയോഗ്യമല്ലാത്തതും കൃഷിയോഗ്യമല്ലാത്തതുമാണ്. അതിനാൽ പല കുടുംബങ്ങളും ഭൂമി ഉപേക്ഷിച്ച് വയനാട്ടിലേക്കുതന്നെ തിരിച്ചുവരുകയാണ്.
വിഭവകൊള്ള നടക്കുമ്പോഴും കാഴ്ചക്കാരായി വനം വകുപ്പ്
കേന്ദ്രസർക്കാർ ആദിവാസികൾക്കായി ഭൂമി പതിച്ചുനൽകാൻ ഉത്തരവിടുമ്പോൾ മരിയനാട് എസ്റ്റേറ്റിൽ 600ഓളം ഏക്കർ ഭൂമിയുണ്ടായിരുന്നതായി ആദിവാസി നേതാക്കൾ പറയുന്നു. വന വികസന കോർപറേഷൻ എസ്റ്റേറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകി അവരെ പിരിച്ചുവിടാനുള്ള നടപടികളൊന്നും വനം വകുപ്പ് കൈക്കൊണ്ടില്ല.
ഇതോടെ യൂനിയനുകളുടെ പിന്തുണയോടെ 130ഓളം വരുന്ന തൊഴിലാളികൾ ഭൂമി കൈയേറി കൈവശപ്പെടുത്തി. പിന്നാലെ ഭൂമിയിൽ പലവിധ കൈയേറ്റങ്ങളും നടന്നു. 2004 മുതൽ ഈ ഭൂമിയിലെ കാപ്പിയും കുരുമുളകുമെല്ലാം പുറത്തേക്കാണ് പോകുന്നത്. വൻതോതിൽ വിഭവകൊള്ള തുടരുമ്പോഴും ഭൂമി പതിച്ചുനൽകാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ വനംവകുപ്പ് കാഴ്ചക്കാരായി നിന്നു. സുപ്രീംകോടതി പതിച്ചു നൽകാൻ ഉത്തരവിട്ടതോടെ ഈ ഭൂമി എസ്.സി, എസ്.ടി കുടുംബങ്ങളല്ലാത്തവർ കൈവശം വെക്കുന്നത് ക്രിമിനൽകുറ്റമാണ്.
എന്നാൽ, വനം വകുപ്പിന്റെ ഒത്താശയോടെയാണ് എസ്റ്റേറ്റിൽ വിഭവകൊള്ള തുടരുന്നതെന്ന് ആദിവാസി ഗോത്രസഭ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. പതിച്ചുനൽകുന്നതുവരെ തോട്ടത്തിന്റെ പൂർണസംരക്ഷണ ചുമതല വനം വകുപ്പിനാണ്. തോട്ടത്തിൽനിന്ന് വിഭവകൊള്ള തുടരുമ്പോഴും തടയാനോ കേസെടുക്കാനോ തയാറായില്ല. വനവികസന കോർപറേഷനാണ് വിഷയത്തിൽ ഇടപെടേണ്ടതെന്ന വിചിത്രന്യായമാണ് വനം വകുപ്പ് പറയുന്നത്.
കൈവശരേഖയുണ്ട്, ഭൂമിയില്ല
2014ലെ നിൽപുസമരത്തെ തുടർന്ന് പ്രഖ്യാപിച്ച മുത്തങ്ങ പാക്കേജിന്റെ ഭാഗമായി മുത്തങ്ങയിൽനിന്ന് കുടിയിറക്കപ്പെട്ടവർക്ക് പതിച്ചുനൽകാനുള്ള ഭൂമിയിൽ മരിയനാട് എസ്റ്റേറ്റും ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ 289 കുടുംബങ്ങളാണ് പാക്കേജിൽ ഉൾപ്പെട്ടത്. ഇതിൽ 40 കുടുംബങ്ങൾക്ക് മരിയനാട് എസ്റ്റേറ്റിലെ 40 ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും 2015ൽ നൂൽപുഴയിൽ നടന്ന പട്ടയമേളയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 12 കുടുംബങ്ങൾക്ക് പട്ടയം കൈമാറുകയും ചെയ്തു. ഇതിൽ കൈവശരേഖ ലഭിച്ച 12 കുടുംബങ്ങൾക്കുപോലും ഇതുവരെ ഭൂമി കൈമാറിയിട്ടില്ല.
ഈ കുടുംബങ്ങളെല്ലാം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അന്ന് ഭൂമി അളക്കുന്നത് തൊഴിലാളികൾ തടഞ്ഞതോടെയാണ് തുടർനടപടികൾ നിർത്തിവെച്ചത്. നിലവിൽ പത്തോളം തൊഴിലാളി കുടുംബങ്ങളാണ് സ്ഥിരമായി ഈ ഭൂമിയിലുള്ളത്. ബാക്കിയെല്ലാവരും വിളവെടുപ്പ് സമയത്ത് ഇവിടെയെത്തി വിളവെടുക്കുകയാണ്. എന്നാൽ, തൊഴിലാളികളല്ല വിളവെടുക്കുന്നതെന്നും പിന്നിൽ മറ്റു സംഘങ്ങളാണെന്നും ആക്ഷേപമുണ്ട്. കൂടാതെ, മുത്തങ്ങ പാക്കേജിലെ കുടുംബങ്ങൾക്ക് പല സ്ഥലങ്ങളിലും ഭൂമി പതിച്ചുനൽകിയെങ്കിലും വാസയോഗ്യവും കൃഷിയോഗ്യവുമല്ലാത്ത ഭൂമികളായിരുന്നു ഇതിൽ ഭൂരിഭാഗവും.
മരിയനാട് എസ്റ്റേറ്റ് പോലെ കൃഷിയോഗ്യമായ ഭൂമിയുണ്ടായിരിക്കെയാണ് ആദിവാസികൾക്ക് ചെങ്കുത്തായ സ്ഥലങ്ങളും വാസ, കൃഷിയോഗ്യമല്ലാത്ത ഭൂമികളും പതിച്ചുനൽകുന്നത്. ഇവരെല്ലാം ഭൂമി ഉപേക്ഷിച്ച് തിരിച്ചുവരുകയാണ്.
സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഭൂമി പതിച്ചുനൽകാതെ നടപടികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ ആദിവാസി കുടുംബങ്ങൾ ഇവിടെ കൈയേറി സമരം നടത്തുന്നത്.
''കോടികളുടെ കാപ്പിയും കുരുമുളകും കൊള്ളയടിച്ചു''
ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകാനായി അനുവദിച്ചു വനവികസന കോർപറേഷന്റെ കൈവശമുണ്ടായിരുന്ന മരിയനാട് കാപ്പിത്തോട്ടത്തിൽനിന്നു കോടികളുടെ വിഭവകൊള്ളയാണ് നടക്കുന്നതെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ പറയുന്നു.
18 വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കാപ്പിയും കുരുമുളകും ഉൾപ്പെടെയുള്ള വിളകൾ അപഹരിക്കപ്പെട്ടു.
വനം വകുപ്പിന്റെയും യൂനിയൻ നേതാക്കളുടെയും ഒത്താശയോടെയാണ് ഈ വിഭവകൊള്ള നടക്കുന്നത്. നഷ്ടക്കണക്കുകളുടെ പേരിലാണ് തോട്ടം അടച്ചുപൂട്ടിയത്. പിന്നാലെ തൊഴിലാളികളായിരുന്നവർ തങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് തിരിഞ്ഞു. ഇക്കാലയളവിൽ ഇവിടെനിന്നും കോടികളുടെ വിളകൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഇത് എവിടെ പോയെന്ന് അധികൃതർ വ്യക്തമാക്കണം. വിളകളിൽ നല്ലൊരു പങ്കും തോട്ടത്തിന് പുറത്തുള്ളവരാണ് മോഷ്ടിച്ചത്. ആദിവാസികളെ ഉപയോഗപ്പെടുത്തിയായിരുന്നു പലപ്പോഴും ഈ കൊള്ള. ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ട വിളകൾ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി പലരും സമ്പന്നരുമായി.
ഇതിനുപിന്നിൽ രാഷ്ട്രീയക്കാരുടെ പങ്കുണ്ട്. മരിയനാട് സമരഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന അർഹരായവർക്ക് ഭൂമി ലഭ്യമാക്കണം. മുത്തങ്ങ പാക്കേജിൽ ഉൾപ്പെട്ടവർക്കും പ്രളയത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കും മുൻഗണന നൽകി ഭൂമി അടിയന്തരമായി പതിച്ചുനൽകണം. തൊഴിലാളികളുടെ പേരിൽ നടന്ന വിഭവകൊള്ളയും അതിന് ഒത്താശചെയ്ത വനം വകുപ്പ് നിലപാടും അന്വേഷണ വിധേയമാക്കണം.
ജില്ലയിൽ ഉടമസ്ഥരില്ലാത്ത തോട്ടങ്ങൾ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. ബീനാച്ചി എസ്റ്റേറ്റിന്റെ വലിയൊരു ഭാഗം ഭൂരഹിതരായ ആദിവാസികൾക്ക് കൈമാറി ബാക്കി ഭൂമി വികസന പ്രവർത്തനങ്ങൾക്ക് കൈമാറുന്നതിനും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു.