Begin typing your search above and press return to search.
proflie-avatar
Login

ഉ​ഷാ​കു​മാ​രി​ക്ക​​​ും ശാ​ന്ത​കു​മാ​രി​ക്ക​ും 100 കോ​ടി വി​ല​യു​ള്ള ഭൂ​മി ആ​ര്​ തി​രി​ച്ചു​ന​ൽ​കും?

ഉ​ഷാ​കു​മാ​രി​ക്ക​​​ും ശാ​ന്ത​കു​മാ​രി​ക്ക​ും 100 കോ​ടി വി​ല​യു​ള്ള ഭൂ​മി ആ​ര്​ തി​രി​ച്ചു​ന​ൽ​കും?
cancel

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റു​ന്ന​തി​​ന്റെ മ​റ്റൊ​രു ചി​ത്രം കൂ​ടി​യാ​ണ്​ ഇൗ ​റി​പ്പോ​ർ​ട്ട്. 100 കോ​ടി വി​ല​വ​രു​ന്ന ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യ ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ഭൂ​മി ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. അ​വ​ർ​ക്ക്​ എ​ന്തു​കൊ​ണ്ട്​ ഭൂ​മി ന​ഷ്​​ട​മാ​യി? അ​വ​ർ​ക്ക്​ നീ​തി ല​ഭി​ക്കു​മോ? - മാ​ധ്യ​മം ലേ​ഖ​ക​ൻ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം.അ​ഗ​ളി-ആ​ന​ക്കട്ടി റോ​ഡി​ൽ ഒ​രു സെ​ന്റ് ഭൂ​മി​ക്ക് 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വി​ലവ​രും. അ​ങ്ങ​നെ​യെ​ങ്കി​ൽ 100 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​യു​ള്ള ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ണ് അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി ഊ​രി​ലെ...

Your Subscription Supports Independent Journalism

View Plans

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റു​ന്ന​തി​​ന്റെ മ​റ്റൊ​രു ചി​ത്രം കൂ​ടി​യാ​ണ്​ ഇൗ ​റി​പ്പോ​ർ​ട്ട്. 100 കോ​ടി വി​ല​വ​രു​ന്ന ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യ ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ഭൂ​മി ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. അ​വ​ർ​ക്ക്​ എ​ന്തു​കൊ​ണ്ട്​ ഭൂ​മി ന​ഷ്​​ട​മാ​യി? അ​വ​ർ​ക്ക്​ നീ​തി ല​ഭി​ക്കു​മോ? - മാ​ധ്യ​മം ലേ​ഖ​ക​ൻ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം.

​ഗ​ളി-ആ​ന​ക്കട്ടി റോ​ഡി​ൽ ഒ​രു സെ​ന്റ് ഭൂ​മി​ക്ക് 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും വി​ലവ​രും. അ​ങ്ങ​നെ​യെ​ങ്കി​ൽ 100 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​യു​ള്ള ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ണ് അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി ഊ​രി​ലെ ര​ണ്ട് ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ൾ. പ​രേ​ത​നാ​യ ശി​വ​കു​മാ​റി​ന്റെ മ​ക്ക​ളാ​യ 20 വ​യ​സ്സു​ള്ള ഉ​ഷാ​കു​മാ​രി​യും 16 വ​യ​സ്സു​ള്ള ശാ​ന്ത​കു​മാ​രി​യും. പ​ക്ഷേ, അ​വ​രു​ടെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടി​രി​ക്കു​ന്നു. പി​റ​ന്ന മ​ണ്ണി​ൽ​നി​ന്ന് ആ​ദി​വാ​സി കു​ടും​ബ​ത്തെ തു​ട​ച്ചു​നീ​ക്കി​യ​തി​ന്റെ ച​രി​ത്ര​രേ​ഖ​യാ​ണ് അ​ട്ട​പ്പാ​ടി ഭൂ​തി​വ​ഴി ഊ​രി​ലെ ന​ഞ്ച​ന്റെ ഭൂ​മി​യു​ടെ ടി.​എ​ൽ.​എ കേ​സ്. അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന, ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന ആ​ദി​വാ​സി​ക​ളു​ടെ മ​റ്റൊ​രു നി​സ്സ​ഹാ​യ നി​ല​വി​ളി​യു​ടെ തു​ട​ർ​ച്ച​യാ​ണി​ത്.

1975ലെ ​കേ​ര​ള പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ത്തിന്റെ (​ഭൂ​മി കൈ​മാ​റ്റ​ൽ നി​യ​ന്ത്ര​ണ​വും അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​കൊ​ടു​ക്ക​ലും) നി​യ​മ​പ്ര​കാ​രം ഭൂ​തി​വ​ഴി ഉൗ​രി​ലെ ശി​വ​കു​മാ​റി​ന് പി​താ​മ​ഹ​നി​ൽ​നി​ന്ന് കി​ട്ടേ​ണ്ട 10 ഏ​ക്ക​റി​ല​ധി​ക​മാ​ണ്​ അ​ന്യാ​ധീ​ന​പ്പെ​ട്ട​ത്. 11.50 ഏ​ക്ക​റെ​ന്നാ​യി​രു​ന്നു ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്. 1999ൽ ​നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മ​പ്ര​കാ​രം അ​തി​ൽ അ​ഞ്ചേ​ക്ക​ർ മാ​ത്ര​മേ ആ​ദി​വാ​സി ഭൂ​മി സ്വ​ന്ത​മാ​ക്കി​യ ആ​ൾ​ക്ക് കൈ​വ​ശംവെ​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. എ​ന്നാ​ൽ, നി​യ​മ​മൊ​ന്നും അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ ര​ക്ഷ​ക്ക് എ​ത്തി​ല്ല. മാ​താ​വ് വൃ​ദ്ധ​യാ​യ വ​ഞ്ചി​യും ഭാ​ര്യ ശാ​ന്തി​യും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ മാ​ത്ര​മേ ശി​വ​കു​മാ​റി​ന്റെ കു​ടും​ബ​ത്തി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​പ്പു​ള്ളൂ. കു​ടും​ബ​ത്തി​ലെ പു​രു​ഷ​ന്മാ​ർ എ​ല്ലാം മ​രി​ച്ചു. ശി​വ​കു​മാ​റി​ന്റേ​ത് അ​സ്വ​ാഭാ​വി​ക മ​ര​ണ​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ ​മ​ര​ണ​വും അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ചോ​ദ്യം ആ​രും ഉ​ന്ന​യി​ച്ചി​ട്ടി​ല്ല.

1975ൽ ​അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​യ​മ​സ​ഭ നി​യ​മം പാ​സാ​ക്കി​യ​ത്​ ആ​ദി​വാ​സി​ക​ൾ​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഭൂ​മി തി​രി​ച്ചു​കി​ട്ടി​യാ​ൽ കൃ​ഷിചെ​യ്തു ജീ​വി​ക്കാം എ​ന്ന​വ​ർ സ്വ​പ്നം​ക​ണ്ടു. ഇ​ന്ന് ആ ​സ്വ​പ്ന​മെ​ല്ലാം അ​സ്​​ത​മി​ച്ച സ്ഥി​തി​യി​ലാ​ണ്. അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി​യെ ക്കു​റി​ച്ച് സം​സാ​രി​ച്ചാ​ൽ സ്വ​ന്തം ജീ​വ​ൻ​കൂ​ടി ന​ഷ്ട​പ്പെ​ടും എ​ന്ന ഭ​യം അ​വ​രെ പി​ടി​കൂ​ടി​യി​രി​ക്കു​ന്നു. ജീ​വ​ൻ വേ​ണോ ഭൂ​മി വേ​ണോ എ​ന്നാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കു നേ​രെ ഭൂ​മാ​ഫി​യ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യം. അ​തി​നാ​ൽ ഭൂ​തി​വ​ഴി​യി​ലെ ശി​വ​കു​മാ​റി​ന്റെ കു​ടും​ബ​ത്തി​ന് ഈ ​ലോ​ക​ത്തെ ഭ​യ​മാ​ണ്. മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ കാ​ണാ​ൻ​പോ​ലും ശി​വ​കു​മാ​റി​ന്റെ കു​ടു​ംബം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ, ടി.​എ​ൽ.​എ​സ് കേ​സി​ന്റെ ഫ​യ​ലു​ക​ൾ മാ​ത്ര​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ന​ഞ്ച​ൻ ന​ൽ​കി​യ ആ​ദ്യ​ പ​രാ​തി

1975ൽ ​നി​യ​മ​സ​ഭ അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി തി​രി​ച്ചുപി​ടി​ക്കു​ന്ന​തി​ന് നി​യ​മം പാ​സാ​ക്കി​യെ​ങ്കി​ലും 1986ലാ​ണ് അ​തി​ന് ച​ട്ടം രൂ​പ​വ​ത്ക​രി​ച്ച​ത്. അ​തോ​ടെ​യാ​ണ് അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി സ​ജീ​വ​മാ​യ​ത്. ഭൂ​തി​വ​ഴി ഊ​രി​ലെ ആ​ദി​വാ​സി​യാ​യ ചി​ന്ന​ന് 11.50 ഏ​ക്ക​ർ ഭൂ​മി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് മ​ണ​പ്പ, കാ​ട​ൻ, ന​ഞ്ച​ൻ എ​ന്നി​ങ്ങ​നെ മൂ​ന്നു​ മ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​രി​ൽ ന​ഞ്ച​നാ​ണ് 1975ലെ ​നി​യ​മ​പ്ര​കാ​രം അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ​ക്ക് ന​ഞ്ച​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ​നി​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഉ​​ഷാ​​കു​​മാ​​രി​​യുടെയും  ശാ​​ന്ത​​കു​​മാ​​രി​​യുടെയും സ്ഥലം

ഉ​​ഷാ​​കു​​മാ​​രി​​യുടെയും ശാ​​ന്ത​​കു​​മാ​​രി​​യുടെയും സ്ഥലം

ന​ഞ്ച​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത് പ്ര​കാ​രം തന്റെ അ​ച്ഛ​ന്റെ അ​വ​കാ​ശ സ്വ​ത്താ​യ പ​ത്തേ​ക്ക​ർ കൃ​ഷിസ്ഥ​ല​ത്ത് ജ​ന്മി​യു​ടെ റി​സ​ർ​വ് മാ​നേ​ജ​ർ (അ​ര​ക്കു​റു​ശ്ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ) ര​ണ്ടു​പേ​ർ​ക്ക് വീ​തി​ക്കേ​ണ്ട സ്വ​ത്താ​യ​തി​നാ​ൽ അ​ത് പി​രി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഭൂ​രേ​ഖ വാ​ങ്ങി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ആ ​ഭൂ​മി ഇ​പ്പോ​ൾ കൃ​ഷി ​ചെ​യ്തുകൊ​ണ്ടി​രി​ക്കു​ന്ന മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്ക് വി​റ്റു​വെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. പി​ന്നീ​ട് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സ്ഥ​ലം​വി​ട്ടുപോ​യി. ‘‘ഭൂ​മി​യു​ടെ പേ​രി​ൽ ത​ർ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ അ​ഞ്ചേ​ക്ക​ർ സ്ഥ​ല​വും ഒ​രു ജോ​ടി ഉ​ഴ​വു​ക​ളെ​യും ത​രാ​മെ​ന്നു പ​റ​ഞ്ഞ് നാ​യ്ക്ക​ർ​ത​ന്നെ ച​തി​ച്ചു. അ​ഞ്ചേ​ക്ക​ർ ഭൂ​മി​യും ഉ​ഴ​വുകാ​ള​ക​ളെ​യും കി​ട്ടും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ താ​ൻ കാ​ത്തി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് മാ​രിമു​ത്തു നാ​യ്ക്ക​ർ ഈ ​ഭൂ​മി മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​​ന്റെ സ്വ​ത്താ​ണെ​ന്ന് പ​റ​ഞ്ഞ് കു​ടി​യി​രിപ്പ് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​ർ ഓ​ഫി​സി​ൽ​നി​ന്ന് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി. ഇ​ത്ര​യും കാ​ലം ഭൂ​മി തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വേ​ഴാ​മ്പ​ലി​നെ പോ​ലെ ഞാ​ൻ ജീ​വി​ക്കു​ക​യാ​ണെ​ന്ന്’’ ന​ഞ്ച​ൻ പ​രാ​തി​യി​ൽ കു​റി​ച്ചു.

ന​ഞ്ച​ന്റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ബ് ക​ല​ക്ട​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 1985 ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ തു​ട​ർന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ചാ​ര​ണ​ക്ക് ഇ​രു​കൂ​ട്ട​ർ​ക്കും നോ​ട്ടിസ് അ​യ​ച്ചു. 1985 ഒ​ക്ടോ​ബ​ർ 19ന് ​രാ​വി​ലെ 11ന് ​അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നോ​ട്ടിസ് ന​ൽ​കി​യ​ത്. മാ​രി​മു​ത്തു നാ​യ്ക്ക​ർ കൈ​യേ​റി​യ ഭൂ​മി സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫി​സ​ർ ജൂ​ലൈ 18ന് ​റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​ത് പ്ര​കാ​രം ഭൂ​മി​യി​ൽ 15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഓ​ടു​മേ​ഞ്ഞ വീ​ടും ഓ​ടു​മേ​ഞ്ഞ ക​രി​മ്പാ​ട്ടു​ന്ന ഷെ​ഡും മോ​ട്ടോ​ർപു​ര​യും മ​റ്റു​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. നെ​ല്ലും ക​രി​മ്പും കൃ​ഷി​ചെ​യ്യു​ന്ന ഭൂ​മി​യാ​ണ്. ഭൂ​മി​യു​ടെ തെ​ക്കുവ​ശ​ത്ത് ശി​രു​വാ​ണി പു​ഴ​യും വ​ട​ക്ക് അ​ഗ​ളി-​ആ​ന​ക്ക​ട്ടി റോ​ഡു​മാ​ണ്. ചു​രു​ക്ക​ത്തി​ൽ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള മ​നോ​ഹ​ര​മാ​യ പ​ത്ത് ഏ​ക്ക​ർ ഭൂ​മി. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ൽ ഭൂ​മി കൈ​യേ​റി​യ​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ആ​ർ.​ഡി.​ഒ​ക്ക് മാ​രി​മു​ത്തു നാ​യ്ക്ക​രും പ​രാ​തി ന​ൽ​കി. നോ​ട്ടിസ് അ​യ​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രാ​തി​യി​ൽ വാ​ദി​ച്ചു.

സ​ബ് ക​ല​ക്ട​റു​ടെ ഇ​ട​പെ​ട​ൽ

ന​ഞ്ച​ന്റെ പ​രാ​തി​യി​ൽ വി​ചാ​ര​ണ ന​ട​ത്തി​യ കാ​ല​ത്ത് ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ എ​സ്. സു​ബ്ബ​യ്യ​നാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച ഏ​ക സ​ബ് ക​ല​ക്ട​റാ​ണ് അ​ദ്ദേ​ഹം. പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ സു​ബ്ബ​യ്യ​നെ അ​ക്കാ​ല​ത്ത് ഭൂ​മാ​ഫി​യ​സം​ഘം കൈ​യേ​റ്റം ചെ​യ്ത​താ​യി ആ​ദി​വ​ാസി​ക​ൾ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി ഇ.െ​ക. നാ​യ​നാ​ർ ഈ ​സം​ഭ​വം സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ സം​സാ​രി​ച്ചി​രു​ന്നു. സു​ബ്ബ​യ്യ​ൻ ന​ഞ്ച​ന്റെ കേ​സി​ൽ ച​ട്ട​ങ്ങ​ളി​ലെ റൂ​ൾ മൂ​ന്ന് (ഒ​ന്ന്) പ്ര​കാ​രം ഹ​ര​ജി​ക്കാ​ര​നും പ്ര​തി​ഭാ​ഗ​ത്തി​നും നോ​ട്ടീസ് അ​യ​ച്ചു. 1987 സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​ന് ഹി​യ​റി​ങ് ന​ട​ത്തി. നോ​ട്ടീസി​ന് മ​റു​പ​ടി​യാ​യി ഹ​ര​ജി​ക്കാ​ര​നും പ്ര​തി​ഭാ​ഗ​വും വാ​ദം കേ​ൾ​ക്ക​ലി​ന് ഹാ​ജ​രാ​യി. ത​ന്റെ ഹ​ര​ജി​യി​ൽ പ​രാ​മ​ർ​ശി​ച്ച​തു​പോ​ലെ ഭൂ​മി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ന​ഞ്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദി​വാ​സി ഭൂ​മി കൈ​വ​ശംവെ​ച്ചി​രു​ന്ന മാ​രി​മു​ത്തു നാ​യ്ക്ക​ർ ആ​ണ് ഒ​റ്റ​പ്പാ​ലം റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. 1975ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ് ആ​റ് (ര​ണ്ട്) പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം 1983 ജ​നു​വ​രി ഒ​ന്നി​ന് അ​വ​സാ​നി​ച്ച​തി​നാ​ൽ ഹ​ര​ജി നി​ല​നി​ർ​ത്താ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഭാ​ഗം (മാ​രി​മു​ത്തു നാ​യ്ക്ക​ർ) വാ​ദി​ച്ചു. അ​ത് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ​യു​ള്ള അ​വ​കാ​ശ​വാ​ദ​മാ​ണെ​ന്നും ഈ ​വാ​ദം തീ​ർ​ത്തും അ​സം​ബ​ന്ധ​മാ​ണെ​ന്നും സ​ബ് ക​ല​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി. 1985 സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഭൂ​മി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സ​മ​യം നീ​ട്ടിന​ൽ​കി​യി​രു​ന്നു. സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച 1986 ഡി​സം​ബ​ർ അ​ഞ്ചി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം ഭൂ​മി പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം 1987 ഡി​സം​ബ​ർ നാ​ലു​വ​രെ നീ​ട്ടി. അ​തി​നാ​ൽ മാ​രി​മു​ത്തു നാ​യ്ക്ക​ർ ഉ​ന്ന​യി​ച്ച എ​തി​ർ​പ്പു​ക​ൾ അ​സാ​ധു​വാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ബ് ക​ല​ക്ട​ർ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ വാ​ദം നി​ര​സി​ച്ചു.

അ​ഗ​ളി വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ അ​ന്വേ​ഷ​ണറി​പ്പോ​ർ​ട്ട് പ്ര​കാ​രം സ​ർ​വേ ന​മ്പ​ർ 637/2,4,5ൽ ​ഉ​ൾ​പ്പെ​ട്ട 10.00 ഏ​ക്ക​ർ ഭൂ​മി ഹ​ര​ജി​ക്കാ​ര​ൻ മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ജ​ന്മി​യു​ടെ റി​സ​ർ​വ് മാ​നേ​ജ​റാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് ഭൂ​മി ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ര​ജി​സ്​​ട്രാ​ർ ഓ​ഫി​സി​ലെ 326/64 ന​മ്പ​ർ ആ​ധാ​രപ്ര​കാ​രം 4.08 ഹെ​ക്ട​ർ ഭൂ​മി ആ​ദി​വാ​സി​യാ​യ ന​ഞ്ച​നി​ൽ​നി​ന്നും തീ​റു വാ​ങ്ങി​യ​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ആ ​ഭൂ​മി മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്ക് കൈ​മാ​റി. 1970ന് ​ശേ​ഷ​മാ​ണ് ആ ​ഭൂ​മികൈ​മാ​റ്റം ന​ട​ന്ന​തെ​ന്ന് രേ​ഖ​ക​ൾ പ​റ​യു​ന്നു. അ​തി​നാ​ൽ 1975ലെ ​നി​യ​മ​പ്ര​കാ​രം അ​ന്യാ​ധീ​ന​പ്പെ​ട്ട മു​ഴു​വ​ൻ ഭൂ​മി​യും ആ​ദി​വാ​സി​ക​ൾ​ക്ക് തി​രി​ച്ചു​കൊ​ടു​ക്ക​ണം. ഭൂ​മി ആ​ദി​വാ​സി​യാ​യ ന​ഞ്ച​ന് പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടാ​ൻ നി​യ​മ​പ്ര​കാ​രം അ​ർ​ഹ​ത​യു​ണ്ട്. സ​ബ് ക​ല​ക്ട​ർ​ക്ക് നി​യ​മ​പ​ര​മാ​യി മ​റ്റൊ​ന്നും ചെ​യ്യാ​നാ​വി​ല്ല. അ​പേ​ക്ഷ​ക​നാ​യ ന​ഞ്ച​ന് 1975ലെ ​ആ​ദി​വാ​സി ഭൂ​മിപ്ര​കാ​രം അ​ഗ​ളി വി​ല്ലേ​ജി​ലെ സ​ർ​വേ ന​മ്പ​ർ 637/2 ,4 ,5 എ​ന്നി​വ​യി​ൽ​പെ​ട്ട പ​ത്തേ​ക്ക​ർ ഭൂ​മി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് സ​ബ് ക​ലക്ടർ 1987 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഉ​ത്ത​ര​വി​ട്ടു. നി​യ​മ​ത്തി​ലെ വ​കു​പ്പ് ആ​റ് (മൂ​ന്ന്) പ്ര​കാ​രം സ​ബ് ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​രപ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വാ​യ​ത്.

അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ൽ നാ​ട​ക​ത്തി​ലെ ആ​ദ്യ അ​ങ്ക​ത്തി​ന് ഇ​വി​ടെ തി​ര​ശ്ശീ​ല വീ​ണു. ആ​ദി​വാ​സി​യാ​യ ന​ഞ്ച​ൻ നേ​ടി​യ ആ​ദ്യവി​ജ​യ​മാ​യി​രു​ന്നു ആ ​ഉ​ത്ത​ര​വ്.

അ​പ്പീ​ലി​ന്മേ​ലു​ള്ള ക​ല​ക്ട​റു​ടെ വി​ചാ​ര​ണ

1975ലെ ​നി​യ​മ​പ്ര​കാ​രം സ​ബ് ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രെ ക​ല​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാം. അ​ത് പ്ര​കാ​രം മാ​രി​മു​ത്തു നാ​യ്ക്ക​ർ 1987 ന​വം​ബ​ർ ഏ​ഴി​ന് ക​ല​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി. പാ​ല​ക്കാ​ട് ക​ല​ക്ട​ർ ന​ഞ്ച​ന്റെ അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി സം​ബ​ന്ധി​ച്ച് ക​ല​ക്ട​ർ ഒ​റ്റ​പ്പാ​ലം അ​സി. ക​ല​ക്ട​റോ​ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടി. വി​ല്ലേ​ജ് ഓ​ഫി​സ​ർ 1988 ജൂ​ലൈ 16ന് ​ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വീ​ണ്ടും ക​ല​ക്​​ട​റു​ടെ മു​ന്നി​ലെ​ത്തി. അ​തി​ൽ ഏ​ക​ദേ​ശം 11.50 ഏ​ക്ക​ർ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു​വെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭൂ​മി​യു​ടെ സ്കെ​ച്ച് ത​യാ​റാ​ക്കി​യ​തി​ലും 11.50 ഏ​ക്ക​ർ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല​ട​ക്കം 10 ഏ​ക്ക​ർ ഭൂ​മി​യാ​ണ്. റി​പ്പോ​ർ​ട്ട് ത​ഹ​സി​ൽ​ദാ​റും ഒ​പ്പു​വെ​ച്ച് അ​സി. ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. 1988 ഫെ​ബ്രു​വ​രി 23ന് ​റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് ല​ഭി​ച്ചു.

1987ലെ ​ഉ​ത്ത​ര​വ്

1987ലെ ​ഉ​ത്ത​ര​വ്

അ​ന്ന് പാ​ല​ക്കാ​ട് ക​ല​ക്ട​ർ ജി​ജി തോം​സ​ൺ ആ​യി​രു​ന്നു. അ​ദ്ദേ​ഹം കേ​സി​ലെ രേ​ഖ​ക​ളെ​ല്ലം പ​രി​ശോ​ധി​ച്ചു. അ​പ്പീ​ൽ ഹ​രജി​യി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ മു​ഖേ​ന അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടും ല​ഭി​ച്ചു. 1988 ഫെ​ബ്രു​വ​രി 23ന് ​രാ​വി​ലെ 10 മ​ണി​ക്ക് പാ​ല​ക്കാ​ട് ക​ല​ക്ട​ർ​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ​ക്കാ​ര​നും പ്ര​തി​ക്കും നോ​ട്ടി​സ് ന​ൽ​കി. ഏ​പ്രി​ൽ 11ന് ​അ​ഗ​ളി വി.​ഐ.​പി ​െഗ​സ്റ്റ് ഹൗ​സി​ലാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​ത്. മാ​രി​മു​ത്തു നാ​യ്ക്ക​ർ പാ​ല​ക്കാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ രേ​ഖ​യു​ടെ (ന​മ്പ​ർ 4295/1967) ഫോ​ട്ടോ​സ്റ്റാ​റ്റ് പ​ക​ർ​പ്പ് ഹാ​ജ​രാ​ക്കി, അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം സ​ർ​വേ ചെ​യ്യാ​ത്ത 4.08 ഹെ​ക്ട​ർ ഭൂ​മി വാ​ങ്ങി​യെ​ന്ന് വാ​ദി​ച്ചു. 1973ലെ ​വാ​ങ്ങ​ൽ (പ​ർ​ച്ചേ​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ (ഒ.​എ ന​മ്പ​റി​ലെ 78/1973) ഫോ​ട്ടോ​സ്റ്റാ​റ്റ് പ​ക​ർ​പ്പും ലാ​ൻ​ഡ് ​ട്രൈ​ബ്യൂ​ണ​ൽ 4.0960 ഹെ​ക്ട​ർ ഭൂ​മി ( 499/1970) അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​ന്റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്കി. അ​തുപ്ര​കാ​രം 1973 ജ​നു​വ​രി 29നാ​ണ് ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. ഭൂ​മി​യു​ടെ ന​ട​പ്പു​കു​ടി​യാ​ൻ എ​ന്ന​നി​ല​യി​ലാ​ണ് മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്ക് ഭൂ​മി ല​ഭി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

1967ൽ 45 ​വ​യ​സ്സു​ണ്ടാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് 41 വ​യ​സ്സു​ള്ള മാ​രി​മു​ത്തു നാ​യ​്ക്ക​ർ​ക്ക് ഭൂ​മി ആ​ധാ​രം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​മാ​ണ​രേ​ഖ. എ​ന്നാ​ൽ, 1975ലെ ​നി​യ​മ​ത്തെ മ​റി​ക​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ എ​സ്. സു​ബ്ബ​യ്യന്റെ 1987 ​സെ​പ്റ്റം​ബ​ർ ഏ​ഴി​ലെ ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ല​ക്ട​ർ​ക്ക് വ്യ​ക്ത​മാ​യി. 1989 മേ​യ് ആ​റി​ന് ക​ല​ക്ട​ർ ജി​ജി തോം​സ​ൺ 1975 നി​യ​മപ്ര​കാ​രം ന​ഞ്ച​ന് അ​ന്യാ​ധീ​ന​പ്പെ​ട്ട മു​ഴു​വ​ൻ ഭൂ​മി​യും തി​രി​ച്ചു ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. പ​ക​ർ​പ്പ് ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ​ക്കും മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്കും അ​യ​ച്ചു. ഇ​ക്കാ​ല​ത്ത് ടി.​എ​ൽ.​എ കേ​സി​ലെ ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ വ​ൻ​ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം ഉ​ണ്ടാ​യി. ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ​വ​രും ഉ​ത്ത​ര​വു​ക​ൾ​ക്ക് മു​ന്നി​ൽ ക​ണ്ണ​ട​ച്ചു. ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ പ​ണം പു​ഴ​പോ​ലെ ഒ​ഴു​ക്കി. 1975ൽ ​നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മം ആ​ദി​വാ​സി​ക​ളു​ടെ അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് അ​വ​രു​ടെ ജീ​വി​ത​ത്തെ മാ​റ്റിത്തീ​ർ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി​രു​ന്നു​വെ​ങ്കി​ലും ഉ​ത്ത​ര​വു​ക​ളൊ​ന്നും ന​ട​പ്പാ​ക്കി​യി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ നി​യ​മം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ആ​ദി​വാ​സി കു​ട്ടി​ക​ൾ ആ​ഹാ​ര​മി​ല്ലാ​തെ കൊ​ല്ല​പ്പെ​ടി​ല്ലാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റാ​ണ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ അ​ക്കാ​ല​ത്ത് ആ​ദി​വാ​സി​ക​ളോ​ട് ചെ​യ്ത​ത്. ഭൂ​തി​വ​ഴി​യി​ലെ ന​ഞ്ച​നും ക​ട​മ്പ​ ക​ട​ക്കാ​നാ​യി​ല്ല.

ക​ട​ലാ​സി​ന്റെ വി​ല​യി​ല്ലാ​ത്ത ഉ​ത്ത​ര​വു​ക​ൾ

ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ക​ൾ ചു​വ​പ്പ് നാ​ട​യി​ൽ കു​രു​ങ്ങി. ശ​ക്ത​ന്മാ​ർ​ക്കു മു​ന്നി​ൽ നി​യ​മം വ​ഴി​മാ​റി. ഉ​ത്ത​ര​വ് ല​ഭി​ച്ചു​വെ​ന്ന കാ​ര്യം ആ​ദി​വാ​സി​ക​ളെ അ​റി​യി​ക്കാ​റി​ല്ല. ആ​ദി​വാ​സി​ക​ൾ അ​റി​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല. ഉ​ത്ത​ര​വു​മാ​യി അ​വ​ർ ആ​രെ​യാ​ണ് സ​മീ​പി​ക്കു​ക. അ​താ​ണ് അ​ട്ട​പ്പാ​ടി​യു​ടെ കേ​ന്ദ്രപ്ര​ശ്നം. ആ​രെ​ങ്കി​ലും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​ർ കൈ​യേ​റ്റ​ക്കാ​രും ഉ​ദ്യോ​ഗ​സ്​​ഥ​രും ഒ​റ്റ​ക്കെ​ട്ടാ​യി ആ​ദി​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തും. അ​ഗ​ളി പൊ​ലീ​സ്​ ഭൂ​മാ​ഫി​യ സം​ഘ​ത്തി​ന് സ​ഹാ​യി​ക​ളാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ആ​ദി​വാ​സി​ക​ളു​ടെ ഭൂ​പ്ര​ശ്ന​ത്തി​ൽ എം.​എ​ൽ.​എ മു​ത​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ ആ​രും ഇ​ട​പെ​ടി​ല്ല. ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാം അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. അ​തി​നാ​ൽ ന​ഞ്ച​ന​ട​ക്കം ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി​ക​ളി​ൽ ആ​ർ​ക്കും നീ​തി ല​ഭി​ച്ചി​ല്ല. 1960ൽ ​കൊ​ങ്ങ​ശ്ശേ​രി കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ് അ​ഗ​ളി പൊ​ലീ​സ്​ ആ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ. ഇ​പ്പോ​ഴും അ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. .

1996ൽ ​ഇ​ട​തു സ​ർ​ക്കാ​ർ കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പു​തി​യ നി​യ​മം പാ​സാ​ക്കി​യെ​ങ്കി​ലും രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ഒ​പ്പു​വെ​ക്കാ​തെ തി​രി​ച്ച​യ​ച്ചു. അ​തി​ൽ അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി ഒ​രു ഹെ​ക്ട​ർ​ വ​രെ (ര​ണ്ട​ര ഏ​ക്ക​ർ) കൈ​യേ​റ്റ​ക്കാ​ര​ന് കൈ​വ​ശം വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​തി​നി​ട​യി​ൽ മാ​രി​മു​ത്തു നാ​യ്ക്ക​ർ മ​രി​ച്ച​തോ​ടെ കു​ടും​ബം മ​റ്റൊ​രു നീ​ക്കം ന​ട​ത്തി. ആ​ർ.​ഡി.​ഒ​യു​ടെ​യും ക​ല​ക്ട​റു​ടെ​യും ഉ​ത്ത​ര​വ് അ​ട്ട​ിമ​റി​ച്ചു ഭൂ​മി ഭാ​ഗ​പ​ത്രം ന​ട​ത്തി. എ​തി​ർ​ക്കാ​ൻ മ​റു​ഭാ​ഗ​ത്ത് ആ​ദി​വാ​സി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ട്ട​പ്പാ​ടി​യി​ൽ കൈ​യേ​റ്റ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ന​ട​ത്തു​ന്ന അ​ട്ട​ിമ​റി​ക്ക് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​യ്ക്ക​രു​ടെ കു​ടും​ബം ന​ട​ത്തി​യ നീ​ക്കം.

മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ കു​ടും​ബം 1999 ഏ​പ്രി​ൽ ഏ​ഴി​ന് അ​ഗ​ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ സെ​റ്റി​ൽ​മെ​ന്റ് ആ​ധാ​രം ച​മ​ച്ചു. ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലെ 501ാം ന​മ്പ​ർ സെ​റ്റി​ൽ​മെന്റ് ആ​ധാ​ര​പ്ര​കാ​രം മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക്ക​ളാ​യ ദേ​വ​രാ​ജി​ന് 1.92 ഏ​ക്ക​ർ, പ​ഴ​നിസ്വാ​മി​ക്ക് 1.76, ആ​ന​ന്ദ​ന് 1.77, ര​വി​ക്ക് 1.64, ശെ​ൽ​വ​കു​മാ​റി​ന് 2.20 (അ​തി​ൽ 90 ​സെ​ന്റ് വി​റ്റു), ശെ​ൽ​വ​കു​മാ​റി​ന്റെ ഭാ​ര്യ രാ​ജേ​ശ്വ​രി​ക്ക് ഒ​രു ഏ​ക്ക​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഭൂ​മി ഭാ​ഗം​വെ​ച്ച​ത്. സ​ബ് ര​ജി​സ്ട്രാ​ർ​ക്ക് മു​ന്നി​ൽ ഇ​ത് ആ​ദി​വാ​സി ഭൂ​മി കൈ​യേ​റി​യ​താ​ണെ​ന്നും തി​രി​ച്ചു ന​ൽ​കാ​ൻ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല. സ​ബ് ര​ജി​സ്ട്രാ​ർ അ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​തു​മി​ല്ല. ആ​ധാ​രം ല​ഭി​ച്ച​തി​നാ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ല്ലാ​വ​ർ​ക്കും ഭൂ​മി​യു​ടെ ക​രം അ​ട​ച്ച് നി​കു​തി ര​സീ​തും ന​ൽ​കി. 1975ലെ ​നി​യ​മ​വും ഉ​ത്ത​ര​വു​ക​ളും ഇ​വ​രു​ടെ ഭൂ​മി കൈ​മാ​റ്റ​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​യി​ല്ല. ഇ​പ്പോ​ൾ ഇ​വ​രെ​ല്ലാം വാ​ദി​ക്കു​ന്ന​ത് ആ​ദി​വാ​സി​യാ​യ ന​ഞ്ച​നോ അ​ദ്ദേ​ഹ​ത്തിന്റെ ​മ​ക​നാ​യ ശി​വ​കു​മാ​റി​നോ ഇ​വി​ടെ ഭൂ​മി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ്. ആ​ദി​വാ​സി​ക്ക് ഭൂ​മി​യു​ണ്ടാ​യി​രു​ന്ന​തി​ന് തെ​ളി​വെ​ന്താ​ണ് എ​ന്നാ​ണ് മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ ആ​വ​കാ​ശി​ക​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യം. അ​തി​ന് മു​ന്നി​ൽ ആ​ദി​വാ​സി​ക​ൾ നി​സ്സ​ഹാ​യ​രാ​ണ്.

മൂ​ന്നാം അ​ങ്ക​ത്തി​ൽ1999ലെ ​നി​യ​മം

1999ലെ ​പ​ട്ടി​ക​വ​ർ​ഗ ഭൂ​മി കൈ​മാ​റ്റ നി​യ​ന്ത്ര​ണ​വും പു​നഃ​സ്ഥാ​പ​ന​വും നി​യ​മം പാ​സാ​ക്കി​യ​തോ​ടെ 1975ലെ ​നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വു​ക​ളെ​ല്ലാം റ​വ​ന്യൂ വ​കു​പ്പ് അ​സാ​ധു​വാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി​യാ​ല​യി​ലെ പ​ഴ​യ ഫ​യ​ലു​ക​ളെ​ല്ലാം ത​ട്ടി​യെ​ടു​ത്ത് പു​തി​യ വി​ചാ​ര​ണ​ക​ൾ​ക്കു​ള്ള പ​ണിതു​ട​ങ്ങി. മ​ണ്ണാ​ർ​ക്കാ​ട് റ​വ​ന്യൂ ഓ​ഫി​സി​ൽ​നി​ന്ന് 2009 ഡി​സം​ബ​ർ 16ന് ​വീ​ണ്ടും വി​ചാ​ര​ണ ന​ട​ത്താ​ൻ ന​ഞ്ച​നും മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്കും നോ​ട്ടിസ് അ​യ​ച്ചു. നോ​ട്ടി​സ് ല​ഭി​ച്ച​പ്പോ​ൾ 1975ലെ ​നി​യ​മം ന​ട​പ്പാ​ക്കി​യെ​ടു​ക്കാ​ൻ പ​രാ​തി ന​ൽ​കി​യ ന​ഞ്ച​നും എ​തി​ർക​ക്ഷി​യാ​യ മാ​രി​മു​ത്തു നാ​യ്ക്ക​രും ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞി​രു​ന്നു.

മാ​രി​മു​ത്തു​വി​ന്റെ ഭാ​ര്യ ബൊ​മ്മ​ക്കാ​ൾ ആ​ണ് വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​യ​ത്. മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​വ​കാ​ശി​ക​ൾ എ​ന്ന​നി​ല​യി​ൽ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മാ​യി കു​ടും​ബം ഭൂ​മി ഭാ​ഗം​ചെ​യ്തു​വെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. ഭാ​ഗ​പ​ത്ര​ത്തിന്റെ ​പ​ക​ർ​പ്പും അ​വ​ർ ഹാ​ജ​രാ​ക്കി. അ​തു​പ്ര​കാ​രം മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ര​ണ​ശേ​ഷം ഭാ​ര്യ​യും ഒ​മ്പ​ത് മ​ക്ക​ളും ചേ​ർ​ന്ന് 1997ൽ ​ഭാ​ഗ​പ​ത്രം ത​യാ​റാ​ക്കി​യി​രു​ന്നു. അ​തി​ൽ ഭാ​ര്യ​ക്ക് ഒ​രു ഏ​ക്ക​ർ, മ​ക്ക​ളാ​യ ദേ​വ​രാ​ജ്- 1.92 ഏ​ക്ക​ർ, ആ​ന​ന്ദ​ൻ- 1.77, പ​ഴ​നിസ്വാ​മി - 1.77, ര​വി- 1.77, ശെ​ൽ​വ​രാ​ജ്- 2.20 എ​ന്നി​ങ്ങ​നെ​യാ​ണ് ഭൂ​മി ന​ൽ​കി​യ​ത്. ന​ഞ്ച​ൻ മ​രി​ച്ച​തി​നാ​ൽ മ​ക​ൻ ശി​വ​കു​മാ​റാ​ണ് ഹാ​ജ​രാ​യ​ത്. ഭൂ​മി വി​റ്റ​താ​ണോ പാ​ട്ട​ത്തി​ന് ന​ൽ​കി​യ​താ​ണോ​യെ​ന്ന് ശി​വ​കു​മാ​റി​ന് അ​റി​യി​ല്ല. അ​ച്ഛ​ൻ​ ത​ന്നെ​യാ​ണ് കേ​സ് കൊ​ടു​ത്ത​തെ​ന്ന് ശി​വ​കു​മാ​ർ മൊ​ഴി ന​ൽ​കി. ഭൂ​മി നി​ല​വി​ൽ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ കൈ​വ​ശ​മാ​ണെ​ന്നും രേ​ഖ​പ്പെ​ടു​ത്തി.

കൈയേറിയ ഭൂമി -മറ്റൊരു കാഴ്ച

കൈയേറിയ ഭൂമി -മറ്റൊരു കാഴ്ച

ക​ല​ക്ട​ർ കേ​സി​ലെ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ച് പു​തി​യ ഉ​ത്ത​ര​വ് 2010ൽ ​നി​ർ​ദേ​ശം ന​ൽ​കി. 1999ലെ ​നി​യ​മ​പ്ര​കാ​രം കൈ​മാ​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​മി കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഗ​തി​ക​ളി​ൽ അ​ത് കൈ​മാ​റ്റം വാ​ങ്ങി​യ ആ​ളി​ന് ര​ണ്ട് ഹെ​ക്ട​ർ​വ​രെ (അ​ഞ്ച് ഏ​ക്ക​ർ) കൈ​വ​ശംവെ​ക്കാ​ൻ അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കും. ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വ് വ​ഴി അ​തി​ന്റെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കൈ​വ​ശംെവ​ച്ചി​രി​ക്കു​ന്ന പ​ത്തേ​ക്ക​ർ ഭൂ​മി​യി​ൽ​നി​ന്ന് അ​ഞ്ചേ​ക്ക​ർ ഭൂ​മി മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് ന​ൽ​കാം. അ​തി​ല​ധി​ക​മു​ള്ള ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച് ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​ക​ണം എ​ന്നാ​ണ് നി​യ​മം.

ന​ഞ്ച​ന്റെ പി​താ​മ​ഹ​നാ​ണ് ഈ ​കേ​സി​ൽ പ​റ​യു​ന്ന സ്ഥ​ലം അ​ര​ക്കു​റു​ശ്ശി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് ഭൂ​മി ആ​ദ്യം കൈ​മാ​റി​യ​ത്. ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് ഇ​പ്പോ​ഴ​ത്തെ കൈ​വ​ശ​ക്കാ​ര​നാ​യ മാ​രി​മു​ത്തു​വി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് നോ​ട്ടിസ് ന​ൽ​കി വി​ചാ​ര​ണ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ട് എ​ഴു​തി. അ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ​ക്ക് ഭൂ​മി വി​ൽ​പന ന​ട​ത്തി​യ​പ്പോ​ൾ 14,000 രൂ​പ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര അ​ർ​ഹ​ത​യി​ല്ല. ര​ണ്ട് ഹെ​ക്ട​ർ ഭൂ​മി നി​ല​നി​ർ​ത്തി ബാ​ക്കി തി​രി​ച്ചുകൊ​ടു​ക്കു​മ്പോ​ൾ ച​മ​യ​ങ്ങ​ളു​ടെ വി​ല ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​ക​ണം എ​ന്നാ​ണ് ഫ​യ​ലി​ൽ കു​റി​ച്ച​ത്. ഇ​തോ​ടെ കേ​സി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക്ക​ളാ​യ ദേ​വ​രാ​ജ്, രാ​ജ​മ്മാ​ൾ, പ​ഴ​നിസ്വാമി, ആ​ന​ന്ദ​ൻ, ര​വി, ശെ​ൽ​വ​കു​മാ​ർ, ശെ​ൽ​വ​കു​മാ​റി​ന്റെ ഭാ​ര്യ രാ​ജേ​ശ്വ​രി എ​ന്നീ ഏ​ഴു പേ​ർ കോ​ട​തി​യി​ൽ എ​ത്തി. 2011 മാ​ർ​ച്ച് 21ലെ ​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം മൂ​ന്ന് മാ​സ​ത്തി​ന​കം കേ​സ് തീ​ർ​പ്പാ​ക്ക​ണം എ​ന്നാ​യി​രു​ന്നു.

2011ലെ ​മെ​മ്മോ​റാ​ണ്ടം

പു​തി​യ വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ന് ആ​ർ.​ഡി.​ഒ 2011 ജ​നു​വ​രി​യി​ൽ മാ​രി​മു​ത്തു​വി​ന്റെ ഭാ​ര്യ ബൊ​മ്മ​ക്കാ​ൾ​ക്ക് നോ​ട്ടി​സ് അ​യ​ച്ചു. തു​ട​ർ​ന്ന് വി​ചാ​ര​ണ ന​ട​ത്തി. മാ​രി​മു​ത്തു നാ​യ്ക്ക​ർ കൈ​വ​ശം​വെ​ച്ചി​രു​ന്ന ആ​ദി​വാ​സി ഭൂ​മി 10 ഏ​ക്ക​റി​ൽ അ​ധി​ക​മാ​യി​രു​ന്ന​തി​നാ​ൽ ഭൂ​മി കൈ​മാ​റ്റം അ​സാ​ധു​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. 1999ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ് (അ​ഞ്ച്) പ്ര​കാ​രം അ​പേ​ക്ഷ​ക​നാ​യ ന​ഞ്ച​​​ന്റെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് അ​ഞ്ചേ​ക്കറി​ൽ കൂ​ടു​ത​ലു​ള്ള ഭൂ​മി പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​ക​ണ​മെ​ന്ന് 2011 ജ​നു​വ​രി 11ന് ​ഒ​റ്റ​പ്പാ​ലം റ​വ​ന്യൂ ഡി​വി​ഷ​ന​ൽ ഓ​ഫി​സ​ർ ഉ​ത്ത​ര​വി​ട്ടു.

ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ നാ​യ്ക്ക​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ക​ല​ക്ട​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി. ആ ​മെ​മ്മോ​റാ​ണ്ട​ത്തി​ലെ വാ​ദം വി​ചി​ത്ര​മാ​ണ്. റ​വ​ന്യൂ വ​കു​പ്പ് അ​പ്പീ​ൽ ഹ​ര​ജി​ക്കാ​ർ​ക്ക് നോ​ട്ടിസ് ന​ൽ​കു​ക​യോ അ​വ​രെ കേ​ൾ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ധാ​ന ആ​ക്ഷേ​പം. അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രാ​യി ഏ​ഴു പേ​രു​ണ്ട്. മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക​ൻ ദേ​വ​രാ​ജ്, അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ രാ​ജ​മ്മാ​ൾ, പ​ഴ​നിസ്വാ​മി, ആ​ന​ന്ദ​ൻ, ര​വി, ശെ​ൽ​വ​കു​മാ​ർ, ശെ​ൽ​വ​കു​മാ​റി​​​ന്റെ ഭാ​ര്യ രാ​ജേ​ശ്വ​രി എ​ന്നി​വ​ർ. അ​പ്പീ​ൽ ഹ​ര​ജി​ക്കാ​ർ ഭൂ​മി ക​രം അ​ട​ച്ച് കൈ​വ​ശംവെ​ച്ചി​രി​ക്കു​ന്ന​വ​രാ​ണ്. 2011ൽ ​ആ​ർ.​ഡി.​ഒ അ​യ​ച്ച നോ​ട്ടിസ് പ്ര​കാ​രം ഏ​തോ ഒ​രു ശി​വ​കു​മാ​റാ​ണ് പ​രാ​തി​ക്കാ​ര​ൻ. അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രുെ​ട കൈ​വ​ശം ഇ​രി​ക്കു​ന്ന ഭൂ​മി ശി​വ​കു​മാ​റി​ന്റെ​യോ അ​ദ്ദേ​ഹ​ത്തി​ന്റെ മു​ൻ​ഗാ​മി​ക​ളു​ടെ​യോ കൈ​വ​ശ​ത്തി​ലോ ഉ​പ​യോ​ഗ​ത്തി​ലോ ഉ​ട​മ​സ്ഥ​ത​യി​ലോ ഇ​രി​ക്കു​ന്ന​ത് അ​ല്ല. ഈ ​ഭൂ​മി പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​രു​ടെ​യെ​ങ്കി​ലും കൈ​വ​ശ​ത്തി​ൽ ഇ​രു​ന്ന ഭൂ​മി​യു​മ​ല്ല. ഭൂ​തി​വ​ഴി​യ​ിലെ ശി​വ​കു​മാ​റി​ന് ഈ ​ഭൂ​മി​യി​ൽ ഒ​ര​വ​കാ​ശ​വും ഇ​ല്ലെ​ന്ന് അ​വ​ർ വാ​ദി​ച്ചു. 1999ലെ ​നി​യ​മ​ത്തി​ലെ ഏ​ഴ് (ബി) ​പ്ര​കാ​രം അ​ന്വേ​ഷി​ച്ച് ബോ​ധ്യ​പ്പെ​ടാ​തെ​യാ​ണ് ശി​വ​കു​മാ​റി​ന്റെ ക​ള​വാ​യ അ​പേ​ക്ഷ​യി​ൽ അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രു​ടെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് ആ​ർ.​ഡി.​ഒ ഉ​ത്ത​ര​വി​ട്ട​ത്. അ​പ്പീ​ൽ ഹ​ര​ജി​ക്കാ​രു​ടെ ഭൂ​മി​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പു​രോ​ഗ​തി തി​ട്ട​പ്പെ​ടു​ത്തു​ക​യോ ഭൂ​മി അ​ള​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഭൂ​മി അ​ള​ന്ന് കൃ​ഷി​യും പു​രോ​ഗ​തി​യും തി​ട്ട​പ്പെ​ടു​ത്താ​തെ 2011 ജ​നു​വ​രി 11ലെ ​ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു. അ​തി​നാ​ൽ ഒ​റ്റ​പ്പാ​ലം ആ​ർ.​ഡി.​ഒ​യു​ടെ 2011ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണം. ഹ​ര​ജി​ക്കാ​രെ കേ​ട്ട് ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശം പ​രി​ശോ​ധി​ച്ച് പു​തി​യ ഉ​ത്ത​ര​വി​റ​ക്ക​ണം. അ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​ർന​ട​പ​ടി നി​ർ​ത്തി​െ​വ​ക്ക​ണ​മെ​ന്നാ​ണ് മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​വ​ർ ഉ​ന്ന​യി​ച്ച വാ​ദ​ത്തി​നെ​ല്ലാം സ​ബ് ക​ല​ക്ട​ർ വ്യ​ക്ത​മാ​യി മ​റു​പ​ടി അ​ക്ക​മി​ട്ട് ന​ൽ​കി. 2009 ഡി​സം​ബ​ർ 11ന് ​ന​ട​ന്ന വി​ചാ​ര​ണ​യി​ൽ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ ഭാ​ര്യ ബൊ​മ്മ​ക്കാ​ൾ ഹാ​ജ​രാ​യി​രു​ന്നു. അ​തി​നാ​ൽ മ​ക്ക​ൾ​ക്ക് ടി.​എ​ൽ.​എ കേ​സി​ലു​ള്ള ഭൂ​മി ഭാ​ഗം​വെ​ച്ച് ന​ൽ​കി​യ​തി​നാ​ൽ കൈ​വ​ശ​ക്കാ​ർ അ​പ്പീ​ൽ പ​രാ​തി​ക്കാ​രാ​ണെ​ന്ന വാ​ദം നി​ല​നി​ൽ​ക്കി​ല്ല. മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​വ​കാ​ശി​ക​ൾ ഭ​ാര്യ ബൊ​മ്മ​ക്കാ​ളും മ​ക്ക​ളു​മാ​ണ്. അ​തി​നാ​ൽ വി​ചാ​ര​ണ​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ല്ലെ​ന്ന മ​ക്ക​ളു​ടെ വാ​ദം നി​ല​നി​ൽ​ക്കി​ല്ല. ശി​വ​കു​മാ​ർ ന​ഞ്ച​ന്റെ മ​ക​നാ​ണ്. ന​ഞ്ച​നും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്ന് ഭൂ​മി ന​ൽ​കി​യ​തി​ന്റെ വ്യ​ക്ത​മാ​യ രേ​ഖ​യു​ള്ള​തി​നാ​ൽ ശി​വ​കു​മാ​ർ ടി.​എ​ൽ.​എ കേ​സു​മാ​യി ബ​ന്ധ​മു​ള്ള ആ​ള​ല്ലെ​ന്ന വാ​ദ​ത്തി​നും അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് സ​ബ് ക​ല​ക്ട​ർ മ​റു​പ​ടി ന​ൽ​കി. അ​തി​നാ​ൽ 2015 ജൂ​ൺ 26ന് ​പ​രാ​തി നി​ര​സി​ച്ച് ഉ​ത്ത​ര​വാ​യി.

2015ൽ ​വീ​ണ്ടും വി​ചാ​ര​ണ

ക​ല​ക്ട​ർ​ക്ക് 2015ൽ ​അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി 17 പേ​രാ​യി. മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക​ൻ ദേ​വ​രാ​ജ് തു​ട​ങ്ങി​യ ഏ​ഴു പേ​രും 2008ൽ ​ശെ​ൽ​വ​കു​മാ​റി​ൽ​നി​ന്ന് ഭൂ​മി വാ​ങ്ങി​യ എ​ട്ടുപേ​രും ര​വി​യി​ൽ​നി​ന്നും ഭൂ​മി വാ​ങ്ങി​യ ര​ണ്ടു പേ​രും ചേ​ർ​ത്ത് 17 പേ​രാ​ണ് അ​പ്പീ​ൽ ന​ൽ​കി​യ​ത്. ടി.​എ​ൽ.​എ​സ് ന​ട​ക്കു​മ്പോ​ൾ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക്ക​ളാ​യ ശെ​ൽ​വ​കു​മാ​ർ 2008ൽ ​എ​ട്ട് ആ​ധാ​ര​ങ്ങ​ളി​ലാ​യി 86.25 സെ​ന്റ് ഭൂ​മി​യും ര​വി 12.50 സെ​ന്റും വി​റ്റു. മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് കോ​ഴി​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ (10 സെ​ന്റ് ), രാ​ധാ​കൃ​ഷ്ണ​​​ന്റെ ഭാ​ര്യ സി.​ബി. ദീ​പമോ​ൾ (12.75 സെ​ന്റ്), അ​ഗ​ളി കോ​വി​ൽ​മേ​ട് വ​ട​ക്കേ​ട​ത്ത് ജോ​സ​ഫി​​​ന്റെ മ​ക​ൻ വി.​ജെ. ബി​നോ​യ് (11.50 സെ​ന്റ്), അ​ഗ​ളി ഭൂ​തി​വ​ഴി കോ​വി​ൽ​മേ​ട് പ​ന​ച്ചി​ക്കാ​ല​യി​ൽ വീ​ട്ടി​ൽ റെ​ജി​യു​ടെ ഭാ​ര്യ റെ​ജീ​ന റെ​ജി (അ​ഞ്ച് സെ​ന്റ്), അ​ഗ​ളി അ​യ്ക്കാ​ക്കാ​ട്ടി​ൽ കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൻ എ.​കെ. അ​ജ​യ​കു​മാ​ർ (17 സെ​ന്റ് ), അ​ഗ​ളി കോ​വി​ൽ​മേ​ട് ശ്രീ​ധ​ര​​​ന്റെ മ​ക​ൻ എ. ​മു​ര​ളി (അ​ഞ്ച് സെ​ന്റ്), കോ​വി​ൽമേ​ട് തോ​ട്ടി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ കി​ട്ടു​വി​​​ന്റെ മ​ക​ൻ ടി.​കെ. വി​ജ​യ​ൻ (അ​ഞ്ച് സെ​ന്റ്), പെ​രി​ന്ത​ൽ​മ​ണ്ണ എ​ട​ല​പാ​റ പാ​തി​രി​ക്കോ​ട് പോ​സ്റ്റ് മു​ള്ള​ത്ത് ഹൗ​സി​ൽ ശ​ങ്ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ അ​ച്യു​ത​ൻ നാ​യ​ർ (20 സെ​ന്റ് ) എ​ന്നി​ങ്ങ​നെ എ​ട്ട​ുപേ​ർക്കാണത്.

മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​റ്റൊ​രു മ​ക​നാ​യ ര​വി​യി​ൽ​നി​ന്ന് 2008ൽ 7.5 ​സെ​ന്റ് ഭൂ​മി വാ​ങ്ങി​യ പി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ഞ്ച് സെ​ന്റ് വാ​ങ്ങി​യ പി. ​ച​ന്ദ്രി​ക എ​ന്നി​ങ്ങ​നെ 10 പേ​രാ​ണ് പു​തി​യ ഹ​ര​ജി​ക്കാ​രാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്.

ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ അ​പ്പീ​ലി​ൽ 2015 ജൂ​ലൈ 14ന് ​വി​ചാ​ര​ണ ന​ട​ത്താ​ൻ സ​ബ് ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ഗ​ളി അ​ഹാ​ഡ്സ് കാ​ര്യാ​ല​യ​ത്തി​ലാ​യി​രു​ന്നു വി​ചാ​ര​ണ. ന​ഞ്ചന്റെ ​മ​ക​ൻ ശി​വ​കു​മാ​ർ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​യി. ഭൂ​മി ത​ന്റെ​പൂ​ർ​വി​ക​രി​ൽ​നി​ന്നും നി​സ്സാ​രവി​ല​യ്ക്ക് അ​പ്പീ​ൽ വാ​ദി​ക​ൾ കൈ​യ​ട​ക്കി​യ​താ​ണെ​ന്നും ത​​​ന്റെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി​യാ​ണെ​ന്നും ശി​വ​കു​മാ​ർ വാ​ദി​ച്ചു. ഒ​റ്റ​പ്പാ​ലം ആ​ർ.​ടി.​ഒ ഉ​ത്ത​ര​വി​ട്ട കേ​സാ​ണെ​ന്നും സൂ​ചി​പ്പി​ച്ചു. അ​തി​നാ​ൽ, നി​യ​മ​പ​ര​മാ​യി​ ത​ന്നെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും മൊ​ഴി ന​ൽ​കി. 1975 നി​യ​മ​മ​നു​സ​രി​ച്ച് അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി മു​ഴു​വ​നും തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന് ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. 1999ലെ ​നി​യ​മ​പ്ര​കാ​രം അ​ഞ്ചേ​ക്ക​ർ ഭൂ​മി കൈ​യേ​റ്റ​ക്കാ​രു​ടെ കൈ​വ​ശം ഇ​രി​ക്ക​ട്ടെ എ​ന്നു​ത​ന്നെ​യാ​ണ് ശി​വ​കു​മാ​ർ വാ​ദി​ച്ച​ത്. നി​യ​മം മാ​റി​യ​ത് ശി​വ​കു​മാ​ർ അ​ട​ക്ക​മു​ള്ള ആ​ദി​വാ​സി​ക​ൾ​ക്ക് മ​ന​സ്സി​ലാ​യി. അ​വ​ർ മ​റ്റ് മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റാ​യി. അ​പ്പോ​ഴും കൈ​യേ​റ്റ​ക്കാ​ർ 1999ലെ ​നി​യ​മ​വും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​തി​നാ​ൽ ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ഭൂ​മി​യെ​ങ്കി​ലും തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ശി​വ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​പ്പീ​ൽ​വാ​ദി​ക​ളാ​യ ദേ​വ​രാ​ജ് അ​ട​ക്ക​മു​ള്ള ഏ​ഴു​പേ​ർ​ക്കു​വേ​ണ്ടി അ​ഡ്വ. കെ. ​ശ​ശി​കു​മാ​ർ ഹാ​ജ​രാ​യി ഭൂ​മി സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ചാ​ര​ണ സെ​പ്റ്റം​ബ​ർ എ​ട്ടി​ലേ​ക്ക് മാ​റ്റി​വെ​ച്ച​ത്. എ​ട്ടി​ലെ വി​ചാ​ര​ണ​യി​ലും അ​ഡ്വ. കെ. ​ശ​ശി​കു​മാ​ർ ഹാ​ജ​രാ​യി 10 ഏ​ക്ക​ർ ഭൂ​മി പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പെ​ട്ട മൂ​ന്നു​പേ​ർ (സ​ഹോ​ദ​ര​ങ്ങ​ൾ) മാ​രി​മു​ത്തു നാ​യ്ക്ക​ർ​ക്ക് കൈ​മാ​റ്റം ചെ​യ്ത​താ​ണെ​ന്നും 1999ലെ ​കെ.​എ​സ്.​ടി നി​യ​മ​ത്തി​ലെ വ​കു​പ്പ് അ​ഞ്ച് (ര​ണ്ട് ) പ്ര​കാ​രം ര​ണ്ട് ഹെ​ക്ട​ർ ഭൂ​മി കൃ​ഷി ആ​വ​ശ്യ​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ ഇ​ത​രവി​ഭാ​ഗ​ത്തി​ന് കൈ​വ​ശംവെ​ക്കാ​വു​ന്നതാണെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. മൂ​ന്നു​പേ​രി​ൽ ഓ​രോ​രു​ത്ത​രും കൈ​മാ​റി​യ​താ​യി ക​ണ​ക്കാ​ക്കു​മ്പോ​ൾ ര​ണ്ട് ഹെ​ക്ട​റി​ൽ താ​ഴെ ഭൂ​മി മാ​ത്ര​മേ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഓ​രോ​രു​ത്ത​രും കൈ​മാ​റി​യി​ട്ടു​ള്ളൂ എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ന​ഞ്ച​ന്റെ​യും ശി​വ​കു​മാ​റി​​​ന്റെ​യും അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ ക​ക്ഷി​ക​ളാ​യി ചേ​ർ​ത്ത് വി​ചാ​ര​ണ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ 2015 ഡി​സം​ബ​ർ 15ലേ​ക്ക് കേ​സ് മാ​റ്റി​വെ​ച്ചു. ഇ​തേ കാ​ല​ത്തു​ത​ന്നെ കേ​സ്​ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ത​ങ്ങ​ൾ കോ​ട​തി​യല​ക്ഷ്യ​ത്തി​ന് കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും കാ​ണി​ച്ച് അ​പ്പീ​ൽ വാ​ദി​ക​ളു​ടെ വ​ക്കീ​ൽ ക​ല​ക്ട​ർ​ക്ക് നോ​ട്ടിസും അ​യ​ച്ചു. എ​ന്നാ​ൽ, 2015 ജൂ​ലൈ 14 മു​ത​ൽ വി​വി​ധ തീ​യ​തി​ക​ളി​ലാ​യി നി​ര​വ​ധിത​വ​ണ വി​ചാ​ര​ണ തീ​യ​തി അ​നു​വ​ദി​ക്കു​ക​യും അ​പ്പീ​ൽ വാ​ദി​ക​ളു​ടെ വ​ക്കീ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വി​ചാ​ര​ണ തീ​യ​തി നീ​ട്ടിന​ൽ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്.

ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്റെ അ​സാ​ധാ​ര​ണ മൊ​ഴി

വി​ചാ​ര​ണ നീ​ണ്ട​പ്പോ​ൾ മാ​രി​മു​ത്തു നാ​യ്ക്ക​രി​ൽ​നി​ന്ന് ഭൂ​മി വാ​ങ്ങി​യ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള 10 പേ​ർ ഹൈ​കോ​ടതി​യെ സ​മീ​പി​ച്ചു. 2020 ന​വം​ബ​ർ 25ലെ ​വി​ധി​യി​ൽ മൂ​ന്നു​മാ​സ​ത്തി​ന​കം തീ​ർ​പ്പു​ക​ൽ​പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വാ​യി. അ​ത​നു​സ​രി​ച്ച് 2021 ഫെ​ബ്രു​വ​രി 23ന് ​വി​ചാ​ര​ണ തു​ട​ങ്ങി. അ​പ്പീ​ൽ വാ​ദി​യാ​യ ദേ​വ​രാ​ജ് അ​ട​ക്ക​മു​ള്ള ഏ​ഴുപേ​ർ​ക്കു​വേ​ണ്ടി സീ​നി​യ​ർ അ​ഡ്വ. ഷി​ജു വ​ർ​ഗീ​സ്​ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്തു. അ​ഡ്വ. സ​നോ​ജ് കെ. ​നെ​ൽ​സ​ൺ ഹാ​ജ​രാ​യി. വി​ചാ​ര​ണ​ക്കാ​യി മ​റ്റൊ​രു തീ​യ​തി അ​നു​വ​ദി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് വ​ക്കീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ക്ട​ർ വി​ചാ​ര​ണ ആ​ദ്യം 2021 മാ​ർ​ച്ച് ഒ​മ്പ​തി​നും പി​ന്നീ​ട് മേ​യ് 20ലേ​ക്കും മാ​റ്റി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വി​ചാ​ര​ണ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ൺ 15ലേ​ക്ക് കേ​സ്​ മാ​റ്റി​വെ​ച്ചു. അ​ന്ന് വി​ചാ​ര​ണ​ക്ക് അ​പ്പീ​ൽ​വാ​ദി​ക​ൾ ഹാ​ജ​രാ​യി​ല്ല. തു​ട​ർ​ന്ന് കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ള്ള ലോ​ക്ഡൗ​ണി​ന് ശേ​ഷം ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ന​ട​ന്ന വി​ചാ​ര​ണ​യി​ൽ അ​പ്പീ​ൽ വാ​ദി​ക​ൾ എ​തി​ർ​ക​ക്ഷി​യാ​യ ന​ഞ്ച ന്റെ ​ഏ​കമ​ക​ൻ ശി​വ​കു​മാ​ർ മ​രി​െ​ച്ച​ന്ന് അ​റി​യി​ച്ചു (അ​തൊ​രു ദു​രൂ​ഹ​മ​ര​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്).

മ​രി​ച്ച ന​ഞ്ച​ന്റെ​യും ശി​വ​കു​മാ​റി​ന്റെ​യും അ​ന​ന്ത​രാ​വ​കാ​ശി​ക​ളെ ക​ക്ഷി​ക​ളാ​യ ചേ​ർ​ത്ത് വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​ന് കേ​സ് 2021 ഡി​സം​ബ​ർ 15ലേ​ക്ക് മാ​റ്റി​വെ​ച്ചു. അ​തേ​സ​മ​യം അ​പ്പീ​ൽ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സ് എ​ടു​ക്കു​മെ​ന്നു കാ​ണി​ച്ച് ക​ല​ക്ട​ർ​ക്ക് ദേ​വ​രാ​ജിന്റെ ​വ​ക്കീ​ൽ ക​ത്ത് ന​ൽ​കി. ദേ​വ​രാ​ജി​നും ഏ​ഴു​പേ​ർ​ക്കും വേ​ണ്ടി അ​ഡ്വ. സി​നോ​ജ് കെ. ​നെ​ൽ​സ​ൺ ഹാ​ജ​രാ​യി. സീ​നി​യ​ർ അ​ഡ്വ. ഷി​ജു വ​ർ​ഗീ​സ്​ ഹാ​ജ​രാ​കു​ന്ന​തി​ന് മ​റ്റൊ​രു വി​ചാ​ര​ണ തീ​യ​തി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ അ​പ്പീ​ൽ വാ​ദി​ക​ൾ വി​ചാ​ര​ണ​വേ​ള​ക​ളി​ൽ കേ​സ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​തി​നുശേ​ഷം കേ​സ്​ അ​ടി​യ​ന്ത​ര​മാ​യി തീ​ർ​പ്പു​ ക​ൽ​പി​ക്കു​ന്ന​തി​ന് നോ​ട്ടിസ്​ ന​ൽ​കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​തും കേ​സി​​​ന്റെ തീ​ർ​പ്പി​ന് അ​നാ​വ​ശ്യ​മാ​യ താ​മ​സം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണെ​ന്നും സ​ബ് ക​ല​ക്ട​ർ വി​ചാ​ര​ണ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് അ​ഡ്വ. സ​ിനോ​ജ് കെ. ​നെ​ൽ​സ​ൺ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്താ​വ​ന നേ​ര​ത്തേ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും അ​റി​യി​ച്ചു. അ​പ്പീ​ൽ എ​തി​ർ​ക​ക്ഷി​യാ​യി മ​രി​ച്ച ന​ഞ്ച​ന്റെ ഭാ​ര്യ വ​ഞ്ചി, ശി​വ​കു​മാ​റിന്റെ ഭാ​ര്യ ശാ​ന്തി, മ​ക്ക​ളാ​യ ഉ​ഷാ​കു​മാ​രി, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ ഹാ​ജ​രാ​യി. നാ​ലുപേ​രും ഒ​രേ സ്വ​ര​ത്തി​ൽ നാ​ട​ക​ത്തി​ലെ​ പോ​ലെ ത​ർ​ക്ക​ഭൂ​മി ത​ങ്ങ​ളു​ടെ​യ​ല്ലെ​ന്നും കേ​സി​ൽനി​ന്നും ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നും അ​പേ​ക്ഷി​ച്ചു. ഈ ​മൊ​ഴി​യി​ലൂ​ടെ ഭൂ​തി​വ​ഴി​യി​ലെ ആ​ദി​വാ​സി കു​ടും​ബം അ​ട്ട​പ്പാ​ടി​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു അ​നു​ഭ​വ​മാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. 1975ലെ ​നി​യ​മം പാ​സാ​ക്കി ഏ​താ​ണ്ട് നാ​ല​ര പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ദി​വാ​സി​ക​ൾ പി​റ​ന്ന മ​ണ്ണി​ൽ ജീ​വി​ക്കാ​നാ​യി പോ​രാ​ടി ജീ​വി​തം ത​ക​ർ​ന്നി​രി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം അ​വ​രു​ടെ മൊ​ഴി​യി​ലു​ണ്ട്. സ്വ​ന്തം പി​താ​വി​ന്റെ ഭൂ​മി​യാ​ണെ​ന്ന സ​ത്യംപോ​ലും വി​ളി​ച്ചു​പ​റ​യാ​ൻ ക​ഴി​യാ​ത്ത ജീ​വി​താ​വ​സ്ഥ​യി​ലാ​ണ​വ​ർ.

മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ മ​ക്ക​ളാ​യ ര​വി​യും സെ​ൽ​വ​കു​മാ​റും കൈ​മാ​റ്റം​ചെ​യ്ത ഭൂ​മി​യി​ലെ നി​ല​വി​ലെ കൈ​വ​ശ​ക്കാ​രാ​യ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്കം 10 പേ​രും വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​യി. മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ കു​ടും​ബ​ത്തി​​​ന്റെ​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി 2008 മു​ത​ൽ 2013 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ഞ്ച് സെ​ന്റ് മു​ത​ൽ 20 സെ​ന്റ് വ​രെ ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ആ​ദി​വാ​സി ഭൂ​മി​യാ​ണ് എ​ന്ന​റി​യാ​തെ​യാ​ണ് ഭൂ​മി വാ​ങ്ങി​യ​തെ​ന്നും വാ​ദി​ച്ചു. ത​ങ്ങ​ളു​ടെ ഭൂ​മി ഒ​ഴി​വാ​ക്കി മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നും പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ കൈ​വ​ശ​ക്കാ​രാ​യ അ​പ്പീ​ൽ വാ​ദി​ക​ൾ​ക്ക് ഭൂ​മി ല​ഭി​ച്ച​തി​​​ന്റെ ആ​ധാ​ര​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ളും ഹാ​ജ​രാ​ക്കി.

ഇ​രു​ള​ട​ഞ്ഞ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശി​യ ഇ​ട​പെ​ട​ൽ

പാ​ല​ക്കാ​ട് ക​ല​ക്ട​ർ മൃ​ൺമ​യി ജോ​ഷി അ​ട്ട​പ്പാ​ടി​യി​ലെ മ​നു​ഷ്യത്വവി​രു​ദ്ധ​മാ​യ അ​വ​സ്ഥ ടി.​എ​ൽ.​എ കേ​സി​ലെ ഫ​യ​ലുക​ളി​ൽ​നി​ന്ന് മ​ന​സ്സി​ലാ​ക്കി. നീ​തി​ബോ​ധ​മു​ള്ള ആ​ർ​ക്കും ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ എ​തി​ർ​ക്കാ​നാ​വി​ല്ല. ഒ​രു ആ​ദി​വാ​സി കു​ടും​ബ​ത്തി​ലെ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ (മ​ണ്ണ​പ്പ, കാ​ട, ന​ഞ്ച​ൻ) കു​ടും​ബ​ഭൂ​മി കൈ​മാ​റി​യ​തി​നാ​ൽ മൂ​ന്നു​പേ​ർ കൈ​മാ​റി​യെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ല​ക്ട​ർ ഒ​ന്നാ​മ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ​രു​ത്ത​രും കൈ​മാ​റി​യ​ത് ര​ണ്ട് ഹെ​ക്ട​റി​ൽ താ​ഴെ ഭൂ​മി​യാ​െ​ണ​ന്ന വാ​ദ​വും ക​ല​ക്ട​ർ നി​രാ​ക​രി​ച്ചു. അ​തി​നാ​ൽ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി എ​ന്ന് ക​ണ​ക്കാ​ക്കി 1999ലെ ​പ​ട്ടി​ക​വ​ർ​ഗ​ഭൂ​മി കൈ​മാ​റ്റ നി​യ​ന്ത്ര​ണ​വും പു​ന​ര​വ​കാ​ശ സ്​​ഥാ​പ​ന​വും നി​യ​മ​ത്തി​ലെ വ​കു​പ്പ് അ​ഞ്ച് (ര​ണ്ട്) പ്ര​കാ​രം അ​ഞ്ചേ​ക്ക​ർ ഭൂ​മി നി​ല​നി​ർ​ത്തി ബാ​ക്കി ഭൂ​മി, ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ അ​ന​ന്ത​ര അ​വ​കാ​ശി​ക​ൾ​ക്ക് ന​ൽ​കി ഒ​റ്റ​പ്പാ​ലം ആ​ർ.​ടി.​ഒ​യു​ടെ 2021 ജ​നു​വ​രി 11ലെ ​ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ഭാ​വി​യു​ടെ അ​ടി​ത്ത​റ​യാ​കു​ന്ന വ​ച​ന​ങ്ങ​ൾ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. അ​ധി​കാ​രം ഉ​പ​യോ​ഗ​ിച്ച് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ആ​ദി​വാ​സി​ക​ളെ കീ​ഴ്പ്പെ​ടു​ത്തി ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​യാ​തെ പ​റ​ഞ്ഞു. അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി 1987 മു​ത​ൽ പ​രേ​ത​നാ​യ ന​ഞ്ച​നും അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ശേ​ഷം മ​ക​നാ​യ ശി​വ​കു​മാ​റും നി​യ​മപോ​രാ​ട്ടം ന​ട​ത്തി. ശി​വ​കു​മാ​ർ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന​ന്ത​രാ​വ​കാ​ശി​ക​ളാ​യ മാ​താ​വ് വ​ഞ്ചി​യും ഭാ​ര്യ ശാ​ന്തി​യും മ​ക്ക​ളാ​യ ഉ​ഷാ​കു​മാ​രി, ശാ​ന്ത​കു​മാ​രി എ​ന്നി​വ​രെ​യും കേ​സി​ൽ വി​ചാ​ര​ണ ചെ​യ്തി​രു​ന്നു. 1987 മു​ത​ലു​ള്ള ഈ ​ഫ​യ​ലി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​വ​സാ​ന​ത്തെ വി​ചാ​ര​ണ വേ​ള​യി​ലാ​ണ് ന​ഞ്ചന്റെ ​അ​വ​കാ​ശി​ക​ൾ ത​ങ്ങ​ൾ​ക്ക് ഭൂ​മി​യി​ൽ അ​വ​കാ​ശ​മി​ല്ല എ​ന്ന് മൊ​ഴി ന​ൽ​കി​യ​ത്.

ന​ഞ്ച​ന്റെ അ​വ​കാ​ശി​ക​ളാ​യും അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും ന​ൽ​കി​യ മൊ​ഴി കൈ​യേ​റ്റ​ക്കാ​രു​ടെ സ​മ്മ​ർ​ദ​ത്തി​ൽ ന​ൽ​കി​യ​താ​ണെ​ന്ന​ല്ലാ​തെ മ​റ്റൊ​രു കാ​ര​ണ​വും ക​ണ്ടെ​ത്താ​നാ​വി​ല്ലെ​ന്ന് ക​ല​ക്ട​ർ അ​ടി​വ​ര​യി​ട്ടു രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​ഭ​യ​മു​ള്ള ജ​ന​ത​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളെ​ന്ന് ക​ല​ക്ട​ർ ഇ​വ​രു​ടെ മൊ​ഴി​ക​ളി​ൽ​നി​ന്ന് തി​രി​ച്ച​റി​ഞ്ഞു. സാ​മൂ​ഹി​ക അ​ടി​മ​ത്തം അ​ട്ട​പ്പ​ാടി​യി​ൽ നി​ല​നി​ൽ​ക്കു​ന്നുവെ​ന്ന് മൊ​ഴി ന​ൽ​കാ​നെ​ത്തി​യ ആ​ദി​വാ​സി​ക​ളു​ടെ ശ​രീ​രഭാ​ഷ​യി​ൽ​നി​ന്ന് അ​വ​ർ വാ​യി​ച്ചെ​ടു​ത്തു. ഈ ​കു​ടും​ബ​ത്തി​ന് ഭൂ​മാ​ഫി​യ​യു​ടെ വാ​ൾ​മു​ന​യി​ൽ​നി​ന്ന് മോ​ച​നം നേ​ടാ​നാ​വു​ന്നി​ല്ല. അ​ന്യാ​ധീ​നപ്പെ​ട്ട ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ആ​ദി​വാ​സി ജീ​വി​തത്തി​ന്റെ നി​സ്സ​ഹാ​യ​ത​യാ​ണെ​ന്നും അ​വ​ർ​ക്ക് ബോ​ധ്യ​മാ​യി.

 മൃ​ൺമ​യി ജോ​ഷി

മൃ​ൺമ​യി ജോ​ഷി

കേ​സി​ലെ വി​ചാ​ര​ണ​യി​ൽ തു​ട​ര​ത്തു​ട​രെ തീ​യ​തി നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​പ്പീ​ൽ വാ​ദി​ക​ളു​ടെ വ​ക്കീ​ൽ മു​ഖാ​ന്ത​ര​മു​ള്ള ആ​വ​ശ്യം കേ​സി​​​ന്റെ തീ​ർ​പ്പി​ന് അ​നാ​വ​ശ്യ​മാ​യ കാ​ല​താ​മ​സം സൃ​ഷ്ടി​ച്ചു​വെ​ന്നും ക​ല​ക്ട​ർ 2022 ജ​നു​വ​രി 17ലെ ​ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ക​ല​ക്ട​ർ മൃ​ൺമ​യി ജോ​ഷി​യു​ടെ ഉ​ത്ത​ര​വി​നൊ​രു ര​ഹ​സ്യ​സ്വ​ഭാ​വ​മു​ണ്ട്. ഭൂ​മി​ക്കു​മേ​ൽ ആ​ദി​വാ​സി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ഉ​റ​പ്പി​ക്ക​ലാ​യി​രു​ന്നു അ​തി​ന്റെ ല​ക്ഷ്യം. പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന​ത് ത​ട​യു​ക​യും അ​വ​രു​ടെ ഭൂ​മി സം​ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു നി​യ​മ​ത്തി​​​ന്റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ, അ​ട്ട​പ്പാ​ടി​യി​ൽ അ​ത് പ്ര​യോ​ജ​ന​പ്പെ​ട്ട​ത് അ​ധി​കാ​ര​ത്തെ നി​യ​ന്ത്രി​ക്കു​ന്ന കൈ​യേ​റ്റ സം​ഘ​ത്തി​നാ​ണ്. ന​ഞ്ച​ന്റെ അ​ന​ന്ത​ര അ​വ​കാ​ശി​ക​ൾ ഭൂ​മാ​ഫി​യയു​ടെ സ​മ്മ​ർ​ദ​ത്തി​ൽ ന​ൽ​കി​യ മൊ​ഴി ക​ണ​ക്കി​ലെ​ടു​ക്കാ​നാ​വി​ല്ല. അ​പ്പീ​ൽ വാ​ദി​ക​ളാ​യ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ ന​ട​ത്തി​യ 1997ലെ ​ഭാ​ഗ​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ടി.​എ​ൽ.​എ കേ​സ് നി​ല​നി​ൽ​ക്കേ​യാ​ണ്. അ​തി​നാ​ൽ ഭാ​ഗ​പ​ത്രം ന​ട​ക്കു​മ്പോ​ൾ ആ​ദി​വാ​സി ഭൂ​മി​യാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന വാ​ദം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. കേ​സി​നെ​ക്കു​റി​ച്ച് പൂ​ർ​ണ അ​റി​വോ​ടെ​യും ഭൂ​മി​യി​ന്മേ​ൽ ടി.​എ​ൽ.​എ കേ​സ് ഉ​ണ്ടെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ചു​മാ​ണ് കൈ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ആ ​കൈ​മാ​റ്റ​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മി കൈ​മാ​റു​മ്പോ​ൾ അ​ത് ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഏ​തൊ​രു പൗ​ര​ന്റെ​യും ചു​മ​ത​ല​യാ​ണ്. വി​വ​രം അ​റി​വി​ല്ലാ​യി​രു​ന്നു എ​ന്ന് ര​ണ്ടാം അ​പ്പീ​ൽ വാ​ദി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ (അ​ഞ്ച് സെ​ന്റ് മു​ത​ൽ 20 സെ​ന്റ് വ​രെ വാ​ങ്ങി​യ 10 പേ​രു​ടെ) അ​വ​കാ​ശ​വാ​ദ​വും സാ​ധൂ​ക​ര​ണ​ത്തി​ന് അ​ർ​ഹ​മ​ല്ല.

1999ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ് അ​ഞ്ച് (ഒ​ന്ന്) പ്ര​കാ​രം 1960 ജ​നു​വ​രി ഒ​ന്നി​നും 1986 ജ​നു​വ​രി 24നും ​ഇ​ട​ക്കു​ള്ള ര​ണ്ട് ഹെ​ക്ട​റി​ൽ (അ​ഞ്ച് ഏ​ക്ക​ർ) അ​ധി​ക​മു​ള്ള ഭൂ​മി കൈ​മാ​റ്റം അ​സാ​ധു​വാ​ണ്. അ​തി​നാ​ലാ​ണ് മു​ഴു​വ​ൻ അ​പ്പീ​ൽ വാ​ദ​ങ്ങ​ളും ത​ള്ളി​യ​ത്. നി​യ​മപ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ച്ചാ​ണ്, ഒ​റ്റ​പ്പാ​ലം ആ​ർ.​ടി.​ഒ​യു​ടെ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചാ​ണ് ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.

2022 ഫെ​ബ്രു​വ​രി 15ലെ ​പ​രാ​തി

ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ​ക്ക് കൈ​മാ​റി. മാ​ർ​ച്ച് 16ന് ​സ​ബ് ക​ല​ക്ട​ർ അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ താ​ലൂ​ക്ക് ഓ​ഫി​സ​ർ​ക്കും ഉ​ത്ത​ര​വ് കൈ​മാ​റി. ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ർത്തി​യാ​ക്കി സ്​​കെ​ച്ച് സ​ഹി​തം മ​ഹ​സ​ർ ത​യാ​റാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​ത്ത്. ഫ​യ​ലി​ൽ പി​ന്നെ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഒ​ന്നും സം​ഭ​വി​ക്കാ​നും ഇ​ട​യി​ല്ല. ഉ​ദ്യോ​ഗ​സ്​​ഥ​രും കോ​ട​തി​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​വും ആ​ദി​വാ​സി​ക​ൾ​ക്ക് ഒ​പ്പ​മ​ല്ല. പാ​ല​ക്കാ​ട് ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഈ ​കു​ടും​ബ​ത്തി​ന് ഒ​രു സെ​ന്റ് ഭൂ​മി​പോ​ലും തി​രി​കെ പി​ടി​ച്ചു​ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ട്ട​പ്പാ​ടി​യി​ലെ റ​വ​ന്യൂ വ​കു​പ്പി​​ന്റെ രീ​തി​ശാ​സ്​​ത്ര​മാ​ണ​ത്. 2022 ജ​നു​വ​രി​യി​ൽ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​തോ​ടെ ഭൂ​മി കൈ​വ​ശംവെ​ക്കു​ന്ന​വ​ർ പു​തി​യ നീ​ക്കം തു​ട​ങ്ങി. അ​വ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് പു​തി​യ അ​പേ​ക്ഷ ന​ൽ​കി.

ഈ ​ഭൂ​മി വാ​ങ്ങി​യ​വ​ർ എ​ല്ലാ​വ​രും ഒ​രേ​ സ്വ​ര​ത്തി​ൽ പ​റ​യു​ന്ന​ത് ആ​ധാ​രം എ​ഴു​തു​ന്ന സ​മ​യ​ത്ത് ആ​ദി​വാ​സി ഭൂ​മി​യാ​ണെ​ന്ന സ​ത്യം അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ്. മാ​രിമു​ത്തു നാ​യ്ക്ക​രു​ടെ അ​വ​കാ​ശി​ക​ളും അ​വ​രി​ൽനി​ന്ന് ഭൂ​മി വാ​ങ്ങി​യ​വ​രും ഉ​ത്ത​മവി​ശ്വാ​സ​പ്പെ​ടു​ത്തി ത​ന്ന​തി​​​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് സ്​​ഥ​ല​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്നാ​ണ്. അ​തി​നാ​ൽ മാ​രി​മു​ത്തു നാ​യ്ക്ക​രു​ടെ അ​വ​കാ​ശി​ക​ളി​ൽ​നി​ന്നും 1999ലെ ​നി​യ​മ​പ്ര​കാ​രം ര​ണ്ട് ഹെ​ക്ട​റി​ൽ കൂ​ടു​ത​ലു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ്. മ​റ്റു​ള്ള​വ​ർ തീ​റ് വാ​ങ്ങി​യ​താ​യ ഭൂ​മി​ക​ൾ അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ത് ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നും അ​വ​ർ മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി. 2022 ഫെ​ബ്രു​വ​രി 15നാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

ടി.​എ​ൽ.എ കേ​സ് നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഭാ​ഗ​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്​​തത്. ഇ​ത് ന​ട​ക്കു​മ്പോ​ൾ നി​ല​വി​ൽ 1975ലെ ​നി​യ​മ​മാ​യി​രു​ന്നു. ആ​ർ.​ടി.​ഒ ഉ​ത്ത​ര​വ് പ്ര​കാ​രം മു​ഴു​വ​ൻ ഭൂ​മി​യും ആ​ദി​വാ​സി​ക​ൾ​ക്ക് തി​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​ഗ​ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ ആ​ധാ​രം ന​ട​ത്തി​യ​ത്. ആ​ദി​വാ​സി ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടു എ​ന്ന കേ​സ്​ നി​ല​നി​ൽക്കെ എ​ങ്ങ​നെ​യാ​ണ് ഈ ​ഭാ​ഗ​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. ആ​ദി​വാ​സി ഭൂനി​യ​മം പാ​ലി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ് നി​യ​മം അ​ട്ടി​മ​റി​ച്ച് നി​കു​തി അ​ട​ച്ചു​ന​ൽ​കി​യ​ത്. 1999ലെ ​ആ​ദി​വാ​സി ഭൂ​മി നി​യ​മ​പ്ര​കാ​രം 21 വ​ർ​ഷം ആ​ദി​വാ​സി​ക​ൾ​ക്ക് നീ​തി നി​ഷേ​ധി​ച്ചു. ഉ​ത്ത​ര​വ് വ​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

ഭൂ​തി​വ​ഴി ഊ​രി​ലെ ന​ഞ്ച​ന്റെ ഭൂ​മി​യാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ൻ ശി​വ​കു​മാ​ർ ദു​രൂ​ഹ സാ​ഹ​ചര്യ​ത്തി​ൽ മ​രി​ച്ചു. ന​ഞ്ച​ന്റെ ഭാ​ര്യ വ​ഞ്ചി, ശി​വ​കു​മാ​റി​​​ന്റെ ഭാ​ര്യ ശാ​ന്തി, ശി​വ​കു​മാ​റി​​​ന്റെ മ​ക​ൾ ഉ​ഷാ​കു​മാ​രി, ശാ​ന്ത​കു​മാ​രി എ​ന്നി​വ​രാ​ണ് ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ൾ. കു​ടു​ംബ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് സ്​​ത്രീ​ക​ളാ​ണ്. അ​വ​ർ നി​ശ്ശ​ബ്ദ​രാ​ണ്. ഭ​യ​ത്തി​ന്റെ ക​രി​മ്പ​ടം അ​വ​രെ മ​ഞ്ഞു​പോ​ലെ മൂ​ടി​യി​രി​ക്കു​ന്നു.

2022 ജ​നു​വ​രി 17ന് ​അ​ഞ്ച് ഏ​ക്ക​ർ ഒ​ഴി​ച്ചു​ള്ള ഭൂ​മി, തി​രി​ച്ചു​പി​ടി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത് അ​വ​ർ​ക്ക​റി​യി​ല്ല. ക​ല​ക്ട​ർ​ക്കും മീ​തെ അ​ധി​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അഗ​ളി ൈട്ര​ബ​ൽ താ​ലൂ​ക്ക് ത​ഹ​സി​ൽദാ​ർ. ഉ​ത്ത​ര​വ് താ​ലൂ​ക്കി​ലെ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി. ആ​ദി​വാ​സി ഭൂ​മി​ക്കു​മേ​ൽ അ​വ​കാ​ശം സ്ഥാ​പി​ച്ചി​രി​ക്കാ​ൻ വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി കോ​ട​തി​യി​ൽ എ​ത്തി​യാ​ൽ അ​നു​കൂ​ല​മാ​യി വി​ധി സ​മ്പാ​ദി​ക്കാം. പി​ന്നീ​ട് വി​ധി ന​ട​പ്പാ​ക്കാ​ൻവേ​ണ്ടി പൊ​ലീ​സ്​ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടാം. പൊ​ലീ​സ്​ ഭൂ​മി​യി​ലെ​ത്തി ആ​ദി​വാ​സി​ക​ളെ ക​ട​ലാ​സ് കാ​ണി​ച്ച് എ​ല്ലാ​റ്റി​നെ​യും അ​ക​ത്താ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തും. ആ​രെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യാ​ൽ ജീ​വ​നി​ൽ കൊ​തി​യു​ണ്ടെ​ങ്കി​ൽ പി​ൻ​വാ​ങ്ങാ​ൻ മാ​ഫി​യ ആ​വ​ശ്യ​പ്പെ​ടും. അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന നാ​ഞ്ചി​യ​മ്മ​യു​ടെ ദേ​ശീ​യ അ​വാ​ർ​ഡു​പോ​ലും ത​ട​യു​മെ​ന്ന് ഭൂ​മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കെ.​കെ. ര​മ എം.​എ​ൽ.​എ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ച്ച​തി​ന്റെ പേ​രി​ൽ ഭീ​ഷ​ണി ഉ​ണ്ടാ​യി. എം.​എ​ൽ.​എ​ക്കെ​തി​രെ​ പോ​ലും ഭീ​ഷ​ണി ഉ​യ​ർ​ത്താ​ൻ ക​രു​ത്തു​ള്ള​വ​രാ​ണ് ഭൂ​മാ​ഫി​യ സം​ഘം. സം​സ്​​ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം ഭൂ​മി ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​ക്കു​ന്ന ഓ​ഫി​സ്​ അ​ഗ​ളി​യി​ലെ സ​ബ് ര​ജി​ സ്ട്രാർ ഓ​ഫി​സ്​ ആ​യി​രി​ക്കും. വ്യാ​ജരേ​ഖ ഉ​പ​യോ​ഗി​ച്ച് ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ലം അ​ട്ട​പ്പാ​ടി​ ത​ന്നെ. അ​ധി​കാ​ര​ബ​ന്ധ​വും കൈ​യി​ൽ പ​ണവു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഏ​ത് ഉ​ദ്യോ​ഗ​സ്​​ഥ​നെ​യും വി​ല​യ്ക്ക് വാ​ങ്ങി​ നി​ല​ക്കു​നി​ർ​ത്താം.


പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ നീ​തി ല​ഭി​ക്കു​മോ?

നൂ​റു​കോ​ടി സ്വ​ത്തി​​​ന്റെ ഉ​ട​മ​ക​ളാ​ണെ​ങ്കി​ലും പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​തം ഭീ​തി​യി​ലാ​ണ്. അ​വ​ർ​ക്കു മു​ന്നി​ൽ നീ​തി​യു​ടെ എ​ല്ലാ വാ​തി​ലു​ക​ളും അ​ട​യ്ക്ക​പ്പെ​ട്ടു. നി​സ്സ​ഹാ​യ​രാ​യ അ​വ​ർ നി​ല​വി​ളി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​വി​ധം ഭ​യ​നി​ഴ​ലി​ലാ​ണ്. ഒ​രു ഫോ​ൺ​കാൾ പോ​ലും അ​വ​രി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത് ഭ​യ​ത്തി​​​ന്റെ വി​റ​യ​ലാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു സ്​​ത്രീ​ക​ൾ അ​മ്മ​യും അ​ച്ഛ​മ്മ​യു​മാ​ണ്. മു​ന്നി​ൽ കൈ​യേ​റ്റ​ക്കാ​രാ​യ പ​ട​നാ​യ​ക​ന്മാ​ർ ഏ​റെ​യു​ണ്ട്. ജീ​വ​നി​ൽ കൊ​തി​യു​ണ്ടെ​ങ്കി​ൽ ശ​ബ്ദി​ക്ക​രു​തെ​ന്നാ​ണ് അ​വ​രു​ടെ താ​ക്കീ​ത്. നി​ശ്ശ​ബ്ദ​രാ​യി​നി​ന്ന് കാ​ല​ത്തി​​ന്റെ സാ​ക്ഷി​ക​ളാ​യി മാ​റാ​ൻ മാ​ത്ര​മേ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​ഴി​യു​ന്നു​ള്ളൂ.

News Summary - attappadi land encroachment