ഇബ്രാഹിം ഇനിയും എത്രനാൾ ജയിലിൽ കഴിയണം?
67 വയസ്സുകാരനായ, രോഗങ്ങളാൽ വലയുന്ന ഇബ്രാഹിം ആറു വർഷമായി വിചാരണ തടവുകാരനായി ജയിലിലാണ്. ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തെ ഇൗ കോവിഡ് കാലത്തും ജയിലിലടച്ചിരിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും നിയമസംവിധാനങ്ങളുടെ തെറ്റായ രീതിയുമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ ഡോ.പി.ജി.ഹരി
കോവിഡിനെ പിടിച്ചുകെട്ടാന്‍ നടത്തുന്ന ശ്രമങ്ങള്‍ നീതിയുക്തവും യുക്തിസഹവുമാകണമെങ്കില് ആദ്യം ഇന്ത്യന്‍ ജയിലുകളിലെ അമിത ആൾക്കൂട്ടത്തെ കുറക്കണം. പരിമിതവും ദയനീയവുമായ ഭൗതിക സാഹചര്യങ്ങളില്‍ വര്‍ഷങ്ങളായി അതിനുള്ളില്‍ കഴിയുന്ന രാഷ്ട്രീയ വിചാരണതടവുകാരുടെ മോചനം സാധ്യമാക്കുകയും വേണം. അങ്ങനെ പറയാൻകാരണം നിലവില്‍ നീതിനിര്‍വഹണത്തില്‍ സംഭവിക്കുന്ന കാലതാമസം ഒരിക്കലും കുറ്റാരോപിതരുടെ കുഴപ്പമല്ല. മറിച്ച് അതിെൻറ നടത്തിപ്പിലെ സങ്കീര്‍ണമായ ചിട്ടവട്ടങ്ങളും സാങ്കേതിക നൂലാമാലകളും ഔദ്യോഗികസംവിധാനങ്ങളിലെ മെെല്ലപ്പോക്കുമൊക്കെയാണ്. ഇതുമൂലം, ചില സാമൂഹിക ആവശ്യങ്ങൾക്കു വേണ്ടി പ്രസംഗിക്കുകയോ പോസ്റ്റര്‍ ഒട്ടിക്കുകയോ പൊതുയോഗത്തില്‍ പങ്കെടുക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നതുപോലും വര്‍ഷങ്ങളോളം ജയിലുകള്‍ക്കുള്ളില്‍ ആയിപ്പോകുന്ന കൊടും 'കുറ്റ'മായിത്തീരുന്നത് കാണാം.
ജസ്റ്റിസ് മദന്ലോക്കര് 'വയര്‍' എന്ന ഓണ്‍ലൈനിൽ ഇന്ത്യൻ ജയിലുകളുടെയും കോടതികളുടെയും ശോചനീയാവസ്ഥ വിവരിച്ചിട്ടുണ്ട് (2021 മേയ് 12). 10 മുതല്‍ 20 വര്‍ഷംവരെ വിവിധ ഹൈകോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പത്ത് ലക്ഷത്തിലധികവും ജില്ല കോടതികളില്‍ 27 ലക്ഷവുമാണ്. 20 മുതല്‍ 30 കൊല്ലംവരെ തീര്‍പ്പാക്കാത്ത കേസുകള്‍ ഹൈകോടതിയിൽ 1.5 ലക്ഷം. ജില്ല കോടതിയില്‍ 4.9 ലക്ഷം. 91,913 കേസുകൾ ഹൈകോടതികളിലും ഒരുലക്ഷത്തിലധികം കേസുകൾ ജില്ല കോടതിയിലുമായി 30 വര്‍ഷത്തിലധികം കാലമായി ഉറങ്ങുകയാണെന്നുമാണ്. മാത്രമല്ല, ജയിലുകളില്‍ കഴിയുന്നവരില്‍ 69 ശതമാനംപേരും വിചാരണ തടവുകാരാണ് എന്നും കണക്കുകളും പഠനങ്ങളും നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലും അതിസുരക്ഷ ജയിലുകളിലെയും കേന്ദ്ര-ജില്ല ജയിലുകളിലെയും തടവുകാരുടെ അവസ്ഥ ഇതുതന്നെയാണ്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യവും ജഡ്ജിമാരടക്കമുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഹൈകോടതി ജഡ്ജിമാരുടെ കാര്യത്തില്‍ 411 ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ലായെന്ന് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാഷനല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡിലെ പഠനങ്ങളെയാണ് അദ്ദേഹം ഇതിനായി ആശ്രയിച്ചിരിക്കുന്നത്. രാജ്യത്ത് വലുതും ചെറുതുമായ 1350 ജയിലുകളിലായി മൊത്തം നാലര ലക്ഷത്തോളം തടവുകാരാണ് ഞെരുങ്ങി കഴിയുന്നത്. പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യയുടെ 2018ൽ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ 1845 പേരാണ് പ്രസ്തുത വർഷം തടവറകളില്‍ മരിച്ചത്. നീണ്ടുപോകുന്ന വിചാരണയുടെ കണക്കുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു.
ഇതോടൊപ്പംതന്നെ ജയിലുകളില്‍ സംഭവിക്കുന്ന അസ്വാഭാവികമരണങ്ങള്‍ ആത്മഹത്യയടക്കം കഴിഞ്ഞ മൂന്ന് വർഷമായി പ്രകടമായ വർധന കാണിക്കുന്നു എന്നതും ഗുരുതരമായ മനുഷ്യാവകാശപ്രശ്നമാണ്. എന്‍.സി.ആര്.ബിയുടെ 2019 വരെയുള്ള റിപ്പോര്‍ട്ടില്‍165 ആണ് വര്‍ഷത്തെ ജയിലിനുള്ളിലെ അസ്വാഭാവികമരണം. 2017ല്‍ അത് 133ഉം 18ല്‍ 149ഉം ആകുന്നു.
തടവറയില്‍ അടയ്ക്കപ്പെട്ടു എന്നതുകൊണ്ട് ഒരാളിെൻറ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശവും മരണംവരെ ആത്മാഭിമാനത്തോടെ ഇരിക്കാനുള്ള അവകാശവും നഷ്ടപ്പെടുന്നില്ലായെന്നത് പരമോന്നത കോടതി പലപ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഏതൊരു പൗരെൻറയും അവകാശമായതിനാല്തന്നെ തടവുപുള്ളികളുടെ ആരോഗ്യകാരണത്താലുള്ള ജാമ്യത്തിനു അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി ഇൗ അടുത്ത് ചൂണ്ടിക്കാണിച്ചിരുന്നു. കോവിഡിെൻറ പശ്ചാത്തലത്തില്‍ ജയിലുകളിലെ ഭൗതികസാഹചര്യങ്ങളും മറ്റു പരിമിതികളും കണക്കാക്കി രാഷ്ട്രീയതടവുകാര്‍ക്ക് അടിയന്തര ജാമ്യമോ പരോളോ നൽണമെന്നത് രാജ്യത്ത് അവശേഷിക്കുന്ന മനുഷ്യാവകാശമെങ്കിലും നശിക്കാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ആവശ്യംകൂടിയായിരിക്കുന്നു.
രാജ്യത്ത് ഇപ്പോൾ അധികാരസംവിധാനങ്ങള്ക്കൊപ്പം ചേര്ന്നുനിന്നുമാത്രമേ രാഷ്ട്രീയപ്രവര്‍ത്തനം നടക്കുകയുള്ളൂ. ഭരണകൂടവിമര്ശനങ്ങളോ പ്രതിഷേധങ്ങളോ നിങ്ങളെ ജയിലിലെത്തിക്കുമെന്നത് മാത്രമല്ല, കേവലം പോസ്റ്റര്‍ ഒട്ടിച്ചതാണെങ്കില്പോലും വര്‍ഷങ്ങളോളം ജാമ്യം കിട്ടില്ലായെന്നതും സാധാരണമായിരിക്കുന്നു. എല്ലാകാലത്തും ഭൂരിഭാഗം രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ ജനങ്ങളുടെ അവകാശബോധത്തെയും രാഷ്ട്രീയ ശ്രമങ്ങളെയും തടഞ്ഞിട്ടുള്ളതായി കാണാം. ഇബ്രാഹിം, താഹ ഫസല്‍, വിജിത്ത് വിജയന്, രൂപേഷ്, ഡാനിഷ്, രാജൻ ചിറ്റിലപ്പിള്ളി, ഡോ. ദിനേശ് എന്നിവരാണ് കേരളത്തില്‍ പ്രധാനമായും ഇപ്പോഴും ജയിലിനുള്ളില്‍ ഇങ്ങനെ കഴിയുന്നത്. കേരളത്തില്‍നിന്നും മറ്റും അറസ്റ്റുചെയ്തു മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കഴിയുന്ന മലയാളികള്‍ അരഡസനോളം വേറെയും. ഇതില്‍ പലരുടെയും പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യു.എ.പി.എ കേസുകളുടെ എണ്ണവും അതില്‍ ഇതാണ് കോടതിനടപടികളുടെ വേഗതയും രീതിയുമെങ്കില് പലരും ജീവിതകാലം മുഴുവന്‍ വിചാരണതടവുകാരായിരിക്കേണ്ടിവരുമോ എന്നും ഭയപ്പടേണ്ടിയിരിക്കുന്നു.
ഇബ്രാഹിമിനെപോലെ, തീർത്തും സാധാരണക്കാരനായ 67വയസ്സുകാരനെ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലിലടച്ചിരിക്കുകയാണ്. അതിനെതിരെ ഇപ്പോഴാണ് ശബ്ദമുയരുന്നത്.
ഇബ്രാഹിമിെൻറ തടവറജീവിതം
വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത് നെടുങ്കരണയിലെ ഹാരിസണ്‍ മലയാളം തോട്ടം തൊഴിലാളിയായിരുന്നു ഇബ്രാഹിം. അവിടെ തൊഴിലാളി സംഘാടകനുമായിരുന്നു. അറസ്റ്റിലാകുന്നതിനു മുന്‍പ് തന്നെ രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇപ്പോഴും ഹൃേദ്രാഗത്തി
െൻറ മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നയാളുമാണ്. രൂക്ഷമായ പ്രമേഹബാധ അദ്ദേഹത്തിെൻറ പല്ലുകളെ സാരമായി ബാധിച്ചു. കൃത്രിമ പല്ല് വെക്കുന്നതിനായി ബാക്കി പല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്തതിനാല്‍ ഭക്ഷണം കഴിക്കാന്‍പോലും കഴിയുന്നില്ലായെന്ന് ജയില്‍ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചപ്പാത്തിപോലും വെള്ളത്തില്‍ കുതിര്‍ത്തി മാത്രമേ കഴിക്കാന്‍ കഴിയൂ. കഴിഞ്ഞ ഒരു മാസംകൊണ്ട് ശരീരഭാരം എട്ടു കിലോയോളം കുറഞ്ഞു എന്നത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉത്കണ്ഠയിലാക്കുന്നു. ദിവസം 22ഓളം ടാബ്ലെറ്റുകളാണ് ഇപ്പോഴും അദ്ദേഹം കഴിക്കുന്നത്. കേവലം ആരോഗ്യപശ്ചാത്തലത്തില്പോലും ജാമ്യംകൊടുക്കാവുന്ന ശാരീരികാവസ്ഥയുള്ള ഒരാളിനെ കോവിഡ് പോലൊരു മഹാമാരിക്കാലത്ത് ബന്ധുക്കളില്‍നിന്ന് അകറ്റി അതിസുരക്ഷാ ജയിലില്‍ പൂട്ടിയിടുക എന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഈ ആറുവര്‍ഷത്തിനിടയില്‍ രണ്ടു പ്രാവശ്യമായി പൊലീസ് എസ്കോര്‍ട്ടില്‍ വീട്ടില്‍വന്നു അന്നുതന്നെ തിരിച്ചുപോയതാണ് ആകെ കിട്ടിയ 'അനുമതി'.
2016ല്‍ ഒരു എന്‍.ഐ.എ കേസും കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മറ്റൊരു കേസുമായിരുന്നു (548/2016)ഇദ്ദേഹത്തിെൻറ പേരില്‍ ചുമത്തിയിരുന്നത്. സെഷൻസ് കോടതിയിലെ കേസുകളിൽ കഴിഞ്ഞവര്‍ഷം തെളിവുകളുടെ അഭാവവും അന്വേഷണ സാങ്കേതികവീഴ്ചകളും ചൂണ്ടിക്കാട്ടി വെറുതെവിട്ടിരുന്നു.
സ്റ്റാന്‍സ്വാമി എന്ന സാമൂഹികപ്രവര്‍ത്തകനായ പുരോഹിതനെ ഭീമ കൊറേഗാവ് കേസില്‍ മഹാരാഷ്ട്രയില്‍ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് അന്നത്തെ കേരള മുഖ്യമന്ത്രി കുറിച്ച വരികള്‍ അദ്ദേഹത്തിനുപോലും ഓർമയുണ്ടാകില്ല. അല്ലെങ്കിൽ കേരളത്തില്‍ ചാർജ് ചെയ്ത കേസുകളുടെ കാര്യത്തില്‍ മറ്റൊന്നാകുമായിരുന്നു അവസ്ഥ.
ഏതു കൊടുംകുറ്റവാളിക്കും നിയമം അനുവദിക്കപ്പെടുന്ന ദ്രുതവിചാരണയും ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങളും എന്തുകൊണ്ടായിരിക്കും കേരളത്തില്‍ നടക്കാതെ പോകുന്നത്? ഇബ്രാഹിമിെൻറ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദൻ, ബി.
ആര്.പി. ഭാസ്കര്‍, സണ്ണി എം. കപിക്കാട്, ജയൻ ചെറിയാന്, മീനകന്ദസ്വാമി, ടി.ടി. ശ്രീകുമാര്‍, ജെ. ദേവിക, കൽപറ്റ നാരായണന്, പ്രഫ. എം.എം. ഖാന്, ഗീതാനന്ദന് തുടങ്ങി നിരവധിപേര്‍ പങ്കാളികളായ പരിപാടിയില്‍ ഇൗ ചോദ്യം ഉയർത്തിയിരുന്നു.
തെൻറ ഭര്‍ത്താവിനെ എത്രയും പെട്ടെന്ന് ജയില്മുക്തനാക്കണമെന്ന് ജമീല ആവശ്യപ്പെടുന്നു. സാധാരണക്കാരിയും ദിവസക്കുലിക്കാരിയുമാണ് ജമീല. പരോളോ ജാമ്യമോ അനുവദിച്ചില്ലെങ്കില്‍ ഇബ്രാഹിമിെൻറ ജീവന്‍തന്നെ അപകടത്തിലായിപോകുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
2015 ജൂലൈ 13ന് വടകരക്കടുത്ത് പയ്യോളിയില്‍നിന്ന് മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ്ചെയ്ത കേസ് അഞ്ച് വര്‍ഷത്തോളമുള്ള ജയിൽവാസത്തിനുശേഷമാണ് സെഷന്‍സ് കോടതി വിടുതല്‍ ചെയ്തത്. രണ്ടാമത്തെ കേസ് വയനാട്ടിലാണ് ചുമത്തപ്പെട്ടത്. ജില്ലയിലെ വെള്ളമുണ്ടയില്‍ സീനിയർ പൊലീസ് ഒാഫിസര്‍ എ.ബി. പ്രമോദിെൻറ വീട്ടില്‍ അതിക്രമിച്ചുകയറി മോട്ടോര്‍സൈക്കിള്‍ കത്തിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും കലാപാഹ്വാനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്ക് ഭക്ഷണവും ആയുധവും ഒളിത്താവളവും തയാറാക്കി കൊടുത്തു എന്നതാണ് കുറ്റം. സെഷന്‍സ് 143, 147, 148, 427, 452, 506 (11) ഐ.പി.സിയും ഒപ്പം യു.എ.പി.എ 16,15, 20, 38, 39 ചേര്‍ത്ത് 2016ല്‍ എന്‍.ഐ.എക്ക് കൈമാറി. കേസ് പക്ഷേ ഇപ്പോള്‍പോലും വിചാരണ ആരംഭിച്ചിട്ടില്ല. മനുഷ്യാവകാശപ്രവര്‍ത്തകനും ജനകീയ മനുഷ്യാവകശ പ്രസ്ഥാനം പ്രസിഡൻറുമായ അഡ്വ. തുഷാർ നിർമല്‍ സാരഥി കേരളത്തിലെ മുഴുവന്‍ യു.എ.പി.എ കേസുകളും വിശകലനം ചെയ്ത അഭിപ്രായത്തില്‍ ഇത്തരം നിയമങ്ങളുടെ പിന്നിലെ ഉദ്ദേശ്യം സ്വതന്ത്രവും ആത്മാർഥവുമായി തൊഴിലാളികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും പ്രവർത്തിക്കുന്നവരെ അവസാനിപ്പിക്കുകയെന്നതാണെന്ന് സൂചിപ്പിക്കുന്നു. ഭരണകൂടത്തിനു വൈരനിര്യാതനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒന്നു മാത്രമാണ് യു.എ.പി.എ എന്നുപറയാം.
എതിര്‍പ്പുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമങ്ങള്‍ എന്നനിലയില്‍ കേരളത്തിലടക്കം ചില സംസ്ഥാനങ്ങളില്‍ രൂപവത്കൃതമായതാണ് യു.എ.പി.എ അവലോകന കമ്മിറ്റി. കമ്മിറ്റി തലവൻ ഹൈകോടതി ജഡ്ജിയായിരിക്കും. കേരളത്തിലെ കമ്മിറ്റി തലവൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥ് ആയിരുന്നു.
കഴിഞ്ഞ നിയമസഭയുടെ അവസാനകാലത്ത് പന്തീരാങ്കാവിലെ ചെറുപ്പക്കാരും വിദ്യാർഥികളുമായ അലനും താഹക്കുമെതിരെ ഇലക്ഷന് ബഹിഷ്കരണ പോസ്റ്ററുകള്‍ ഒട്ടിച്ചു എന്ന പേരില്‍ യു.എ.പി.എ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിലില്‍ അടച്ചത് വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തി. അപ്പോൾപോലും മേൽപറഞ്ഞ കമ്മിറ്റി 2014 മുതല്‍ 19 വരെ ചാർജ്ചെയ്ത 1516 കേസുകളാണ് പരിശോധിച്ചത്. അതില്‍ 52 കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി മാധ്യമങ്ങൾക്ക് മുന്നില്‍ പൊലീസ് മേധാവി പ്രഖ്യാപിച്ചെങ്കിലും ജാമ്യത്തിെൻറ കാര്യത്തില്‍പോലും നിലവില്‍ കേരളത്തിലെ യു.എ.പി.എ തടവുകാരില്‍ എത്രപേര്‍ക്ക് എന്തെങ്കിലും തരത്തിൽ ഗുണകരമായതായി അറിയില്ല. നിയമപ്രകാരം തന്നെ ഇത്തരമൊരു കമ്മിറ്റിയുണ്ടാകുകയും ആ സമിതിയുടെ മുന്നിൽ പുനരവലോകനത്തിനു വന്നാല്‍ ഏഴ് ദിവസത്തിനുള്ളില്‍ യു.എ.പി.എ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്തിരിക്കണമെന്ന് നിബന്ധനയുള്ളപ്പോഴാണ് പോസ്റ്റര്‍ ഒട്ടിച്ചതിനും മുദ്രാവാക്യംവിളിച്ചതിനുമൊക്കെ നമ്മുടെ യുവത്വങ്ങളുടെ വര്‍ഷങ്ങള്‍ ഇരുമ്പഴിക്കുള്ളില്‍ പൊലിയുന്നത്.
സമരങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം ഭയപ്പെട്ടിരുന്ന, കലാകാരന്മാരെയും അധ്യാപകരെയും ശത്രുക്കളായി കണ്ടിരുന്ന, ഭരണാധികാരികള്‍ മുന്‍പും ഉണ്ടായിരുന്നു. അവരുടെ ആശയശാസ്ത്രങ്ങളും മനോഘടനയും പിന്തുടരുന്നവരാണ് ജനങ്ങളെ ഭീമ കൊറേഗാവിെൻറ പേരിലായാലും പൗരത്വസമരമായാലും കര്‍ഷകസമരമായാലും യു.എ.പി.എ, എന്‍.ഐ.എ പോലെയുള്ള നിയമത്തിെൻറ പ്രയോഗത്തിലൂടെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നത്. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ്ചെയ്യപ്പെട്ട പ്രമുഖ വ്യക്തികള്‍ 16 പേെരയും അവരുടെ പ്രവര്‍ത്തനമേഖലയും നോക്കിയാല്‍ തന്നെ അത് തിരിച്ചറിയാം. മലയാളിയും തടവുകാര്‍ക്കിടയില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന പ്രഫ. റോണ വില്സെൻറ കൈയില്‍നിന്ന് പിടിച്ചെടുത്തു എന്നനിലയില്‍ കോടതിയില്‍ ഹാജരാക്കിയ ലാപ്ടോപ്പ് പരിശോധന നടത്തിയ അന്താരാഷ്ട്ര സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി ആക്സലിെൻറ കണ്ടെത്തല്‍ ഇതില്‍ റിമോട്ട് ആക്സസ് സോഫ്റ്റ് െവയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ഹാക്കിങ് സംവിധാനം ഉപയോഗിച്ച് വ്യാജതെളിവുകള്‍ സ്ഥാപിക്കുകയായിരുന്നു എന്നാണ്. അഡ്വ. സുരേന്ദ്ര ഗാഡ്ലിങ്, ഫാദര്‍ സ്റ്റാന്‍സ്വാമി തുടങ്ങി ഒട്ടുമിക്കയാള്ക്കാരുടെയും ആരോഗ്യാവസ്ഥ വളരെ മോശമായിരിക്കുമ്പോള്പോലും ജാമ്യം അനുവദിക്കാന്‍ തയാറാകുന്നില്ലായെന്നത് ആഗോള സാംസ്കാരിക-സാഹിത്യ വ്യക്തിത്വങ്ങളുടെ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നു. നോം ചോസ്കി (അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്,) ഓള്‍ഗ ടൊകാര്‍ചുക് (നൊ
േബല്ജേതാവ്, പോളണ്ട് -2018) ജോസ് അേൻറാണിയ (മുന്‍ വർക്കിങ് ഗ്രൂപ്പ് പ്രസിഡൻറ്, യു.എന്‍), വോള്‍സോയിങ്ക (നൊേബല്ജേതാവ് നൈജീരിയ 1986), പ്രഫ. പാർഥ ചാറ്റര്ജിയ, (കൊളംബിയ യൂനിവേഴ്സിറ്റി), പ്രഫ. അശുതോഷ്, (ബ്രൗണ്‍ സർവകലാശാല), ഷാഹിദുൽ ആലം (മനുഷ്യാവകാശപ്രവര്‍ത്തകന്‍), അലൻറൂസ്ബ്രിജര് (മുൻ ചീഫ് -ദ ഗാര്ഡിയന്), നവോമിക്ലാന് (മാധ്യമപ്രവര്‍ത്തക) എന്നിവരും ബ്രിട്ടനിലെയും യൂറോപ്പിലെയും പാര്‍ലമെൻറ് അംഗങ്ങളുമടക്കം 57 പേര് ഇന്ത്യൻ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ജഡ്ജിക്കും അയച്ച കത്ത് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ സജീവചര്‍ച്ചയാണ്.
57 ലോകപ്രശസ്ത വ്യക്തിത്വങ്ങള്‍, ഭീമ കൊറേഗാവ് കേസില്‍ ജയിലിലായിരിക്കുന്ന പ്രശസ്തരും പ്രമുഖരുമായ 16 പേര്‍ക്ക് വേണ്ടി അവരുടെ ആരോഗ്യാവസ്ഥയും നിലവിലെ ലോകസാഹചര്യവും കണക്കിലെടുത്ത് പ്രധാനമായും നാല് ആവശ്യങ്ങളാണ് ലോകത്തിനു മുന്നിലും അധികാരികള്‍ക്ക് മുന്നിലും ഉയര്‍ത്തിയിരിക്കുന്നത്. ഒന്ന്, പരിമിത സാഹചര്യത്തിൽ അനുവദനീയമായതിനെക്കാള്‍ എണ്ണം തടവുകാര്‍ തിങ്ങിഞെരുങ്ങി കഴിയുന്നവരെ ഉടൻ വിട്ടയക്കുക. രണ്ട്, മൂന്നുവര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇവരെ ബന്ധുക്കള്‍ക്ക് ഒപ്പം വിട്ടയക്കുക (ജാമ്യത്തിലോ പരോളിലോ). മൂന്ന്, രാഷ്ട്രീയതടവുകരോട് ഭരണകൂടം ഉത്തരവാദിത്തവും കരുതലുമെടുക്കുക. നാല്, ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സായി ജീവിക്കാനും മരിക്കാനുമുള്ള അവകാശം ഉറപ്പാക്കുക.
മാധ്യമപ്രവര്‍ത്തകരെ ഇത്തരം കേസുകളിൽപെടുത്തിയും മാധ്യമ മാനേജ്മെൻറുകളെ മറ്റു പലതരത്തിലുള്ള സമ്മർദങ്ങളിലാക്കിയും ഇത്തരത്തില്‍ ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ എത്താതിരിക്കലും ഭരണകൂടത്തിനു അനുകൂലതരത്തില് മാത്രമെത്തിക്കലുമാണ് ഇപ്പോള്നടക്കുന്ന മറ്റൊരു തന്ത്രം. മുന്‍കാല ദുരന്തങ്ങളുടെ ചരിത്രംപോലെതന്നെ ഇതിനെയും തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ജയിലില്‍നിന്നു പെട്ടെന്ന് പോരാനും ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ പൊതുപ്രവര്‍ത്തകരെ ഒരിക്കലും പുറത്തിറക്കാതെയിരിക്കാനും ഉപയോഗിക്കുക എന്നതുതന്നെയാണ് കേരളത്തിലെ സംവിധാനങ്ങളും പ്രയോഗിക്കുന്ന തന്ത്രം.
അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജയിലുകളിലെ വിചാരണതടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കുക എന്ന നിർദേശത്തിനുമേല്‍ വിയ്യൂര്‍ സെൻട്രൽ ജയിലില്‍നിന്ന് 200ഓളം തടവുകാരെ നിബന്ധനകളോടെ താൽക്കാലികമായി വിട്ടയച്ചിട്ടും ഇബ്രാഹിമിനെപോലൊരു അറുപത്തിയേഴു വയസ്സുകാരനെ അഴിക്കുള്ളില്തന്നെ അടച്ചിരിക്കുന്നത്. 2016 മുതല്‍ ഇതുവരെ എന്‍.ഐ.എ കോടതിക്കുമുന്നില്‍ നാല് പ്രാവശ്യവും രണ്ട് ജാമ്യാപേക്ഷ ഹൈകോടതിക്കു മുന്നിലും നൽകിയെങ്കിലും കേവലം അപ്രസക്ത കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കുകയായിരുന്നു. 1970 മുതല്‍ ഹാരിസണ്‍ ആൻഡ് മലയാളം തോട്ടങ്ങളില്‍ പണിയെടുക്കുകയും തൊഴിലാളി യൂനിയന്‍ നേതൃത്വം വഹിക്കുകയും ചെയ്ത ഇബ്രാഹിം 1990കളില്‍ ഹാരിസണ്‍ തോട്ടങ്ങളില്‍ നടന്ന നിര്‍ബന്ധിത പിരിച്ചുവിടലിനെതിരെ നടന്ന തൊഴിലാളി സമരത്തിൽ പെങ്കടുത്തിരുന്നു. അന്ന് അറസ്റ്റിലായ 12 പേരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. അതോടെ പിരിച്ചുവിടലിനു വിധേയനായി. ഇത്തരത്തില്‍ ശക്തമായ വർഗരാഷ്ട്രീയ ബോധവും സാമൂഹികപ്രതിബദ്ധതയും വഴി കുടുംബം കൂടി ഒരുപിടി കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവന്നത് ഒരു പരാതിയായിട്ടല്ല ജമീല വിവരിക്കുന്നത്.
22 വര്‍ഷത്തോളം പണിയെടുത്ത ഹാരിസണ്‍ തോട്ടത്തില്‍നിന്ന് ജമീലയടക്കം എട്ട് സ്ത്രീ തൊഴിലാളികളെ പിരിച്ചുവിടുന്നതിലും മറ്റു കാരണങ്ങളൊന്നുമില്ലായിരുന്നു. ''1998 മുതല്‍ അടുത്തൊക്കെ താൽക്കാലിക പണിക്കു പോയാണ് രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. അടുത്തദിവസങ്ങളിലായി പുനരാരംഭിച്ച തൊഴിലുറപ്പ് പദ്ധതിയാണ് ഇപ്പോള്‍ മറ്റൊരു ആശ്രയം'' -ജമീല കൂട്ടിച്ചേര്‍ക്കുന്നു. ഗ്രാമവാസികള്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങി എല്ലാവരും ബഹുമാനിക്കുന്നൊരു മനുഷ്യന്‍കൂടിയാണ് തെൻറ അച്ഛന് എന്നു മകന് നൗഫൽ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഈ കുടുംബം താമസിക്കുന്ന വീടും സ്ഥലവും ഉപ്പ സുഹൃത്തിനു ബാങ്ക് ലോണിനായി സഹായിച്ചതിെൻറ ബാക്കി തീര്‍ക്കാനുണ്ട്. കടംകൊടുത്ത ഒരുപാട് പേരില്‍നിന്ന് തിരിച്ചു ചോദിക്കാന്‍പോലും മടിയായിരുന്നു എന്ന് അദ്ദേഹത്തിെൻറ സുഹൃത്തുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭൂരഹിതരായ തോട്ടം തൊഴിലാളി സുഹൃത്തുക്കള്‍ക്ക് ബാങ്ക്ലോണ്‍ എടുക്കുന്നതിനുവേണ്ടി തെൻറ കൈവശമുള്ള ഭൂമിയില്‍നിന്ന് അഞ്ചു സെൻറ് വീതം എഴുതിനൽകിയ സംഭവങ്ങള്‍, തെളിവിനായി പലരും ലോണ്ബാധ്യത തീര്‍ന്ന് തിരിച്ചെഴുതിനൽകിയ ആധാരങ്ങള്‍ കാട്ടിത്തരുന്നു. ഒക്കെയും പരസ്പരവിശ്വാസത്തി
െൻറയും സൗഹൃദത്തിെൻറയും വാക്കുറപ്പില്‍ മാത്രം നൽകിയത്. കമ്പനിയിലെ തൊഴില്‍സമരവും അറസ്റ്റും പിരിച്ചുവിടലുമൊക്കെ കഴിഞ്ഞ് അടുത്തൊരു പട്ടണത്തില്‍ ചെറിയൊരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി തൊഴിലെടുത്ത് ആഴ്ചയിലോ രണ്ടാഴ്ചയിലോ വീട്ടില്‍ വന്നുപോയിരുന്ന ഇബ്രാഹിമിനെ ആദ്യത്തെ മാനേജ്മെൻറും പൊലീസിലെ സ്പെഷല്ബ്രാഞ്ചുകളും പുതിയ തൊഴിലുടമക്ക് മുന്നില്‍ ഏതോ ഭീകരപ്രശ്നക്കാരന് എന്ന പ്രതിച്ഛായ സൃഷ്ടിച്ച് തൊഴില്‍ നഷ്ടപ്പെടുത്തി. ജമീലയടക്കം എട്ടോളം വനിത തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ നൽകിയ കേസില്‍ മാനേജ്മെൻറിന് അനുകൂലമായി വിധി വന്നപ്പോള്‍ തൊഴിലാളികള്‍ക്കടക്കം മധുരം വിതരണംചെയ്താണ് മാനേജ്മെൻറ് ആഘോഷമാക്കാന്‍ ശ്രമിച്ചതെന്ന് അന്നത്തെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഓര്‍ക്കുന്നു. അര്‍ഹമായതും പിരിച്ചുവിടുമ്പോള്‍ നൽകേണ്ടതുമായ ഒരു അവകാശവും ജമീലക്ക് നൽകിയിട്ടില്ല. അതെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുറച്ചെങ്കിലും ആശ്വാസമായേനെ.
യു.എ.പി.എ, ടാഡ, പോട്ട, പോക്സോ തുടങ്ങിയ കേസുകളിലും ജാമ്യത്തിനു യു.എ.പി.എ, 43 ഡി(5) യാണ് മാനദണ്ഡമാക്കുന്നത്. ഒരു വ്യക്തിക്കെതിരായ ആരോപണം സത്യമാണെന്ന് പ്രഥമദൃഷ്ട്യാ വിശ്വസിക്കാന്‍ കേസ്ഡയറിയില്നിന്നോ കുറ്റപത്രത്തില്നിന്നോ ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ജാമ്യം അര്‍ഹിക്കുന്നില്ല എന്നാണ് 43 ഡി (5) പറയുന്നത്. ചുരുക്കത്തില്‍, ഭരണകൂടതാൽപര്യങ്ങള്ക്ക് എതിരു നിൽക്കുന്നുവെന്ന് തോന്നുന്ന ആരെയും കാലങ്ങളോളം ജയിലില്‍ സൂക്ഷിക്കാം എന്നുവരുന്നു. 90 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന, മുഴുവന്‍ സമയം ചക്രക്കസേരയില്‍ ജീവിതം കഴിക്കുന്ന പ്രഫ. സായിബാബ, അടുത്തകാലംവരെ ഫാ. സ്റ്റാന്‍സ്വാമി, പാര്‍ക്കിന്‍സണ്‍സ് രോഗബാധയാല്‍ അലട്ടുന്നയാള്, തുടങ്ങി കേരളത്തില്‍ ഇബ്രാഹിം എന്ന 67കാരനായ ഹൃദ്രോഗിക്കുവരെ ജാമ്യം നിഷേധിക്കുന്നത് ഇത്തരം ചില പഴുതുകള്‍ ചൂണ്ടിക്കാട്ടിയാണ്.
ജാമ്യമൊരു അവകാശവും ജയില്‍ ഒരു അപവാദവുമെന്ന് 1977ല്‍ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്തരം രാഷ്ട്രീയപ്രവര്‍ത്തകരുടെ കാര്യത്തില്‍ തിരിച്ചാണ് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തില്‍നിന്നുള്ള കെ.എ. നജീബിന് ഹൈകോടതി ജാമ്യം നൽകിയത്. ഇതിനെതിരെ ഗവണ്‍മെൻറി
െൻറ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി ജ. എന്‍.സി. രമണയുടെ െബഞ്ചാണ് ഈ അടുത്തകാലത്ത് വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍ നടത്തി ഹൈകോടതി അനുവദിച്ച ജാമ്യവിധി ശരിെവച്ചത്. പക്ഷേ, അപ്പോഴേക്ക് നജീബിനു അഞ്ചു വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്കഴിയേണ്ടിവന്നു. ഇത്തരം കേസുകളില്‍ പ്രതികളാകുന്നതോടുകൂടി അവരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ എല്ലാംതന്നെ ഇല്ലാതാകുന്നു എന്ന അർഥമില്ലായെന്നും ചില നിരീക്ഷണം നടത്തിയിട്ടുണ്ട് പരമോന്നത കോടതി.
ഇബ്രാഹിം എന്‍.കെ ഒരു ഒറ്റപ്പെട്ട പേരല്ല എന്ന് ഇന്ത്യയിലെ പൊലീസ്-ജയില്‍-കോടതി-നീതിന്യായ സംവിധാനത്തെ പരിശോധിക്കുന്ന ആര്‍ക്കും എളുപ്പം മനസ്സിലാകും.