മുസ്ലിം സ്ത്രീ പ്രശ്നത്തിെൻറ പുതിയ അർഥങ്ങൾ
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1231 പ്രസിദ്ധീകരിച്ചത്
സമകാലിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ മുസ്ലിം സ്ത്രീകൾ സക്രിയവും ഉൗർജസ്വലവുമായി ഇടപെടുന്നുണ്ട്. മുഖ്യധാരാ പാർട്ടികളുടെ നടപ്പുശീലങ്ങളെ പൊളിച്ചുകളഞ്ഞാണ് മുന്നേറ്റം. ഹരിത വിഷയം കൈകാര്യംചെയ്ത രീതിയിലൂടെ മുസ്ലിംലീഗും 'പ്രഫഷനൽ സ്ഥാപനങ്ങളിലെ മുസ്ലിം സ്ത്രീകളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം' എന്ന വാദത്തിലൂടെ സി.പി.എമ്മും എന്താണ് പറയാൻ ശ്രമിക്കുന്നത്? എന്താണ് അതിെൻറ രാഷ്ട്രീയ അർഥതലങ്ങൾ?
കേരളത്തിൽ മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട ചർച്ചകൾ വിപുലമായ സ്ഥിതിക്ക് അതിെൻറ ചില പ്രത്യേകതകൾ കൂടുതൽ വിശകലനം അർഹിക്കുന്നുണ്ട്. ഇരകളായ മുസ്ലിം സ്ത്രീ എന്ന അധീശ വാർപ്പുമാതൃകയിൽനിന്നു മാറി വീക്ഷിച്ചാൽ, ശബ്ദവും ഇടവുമുള്ള മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയം ഇന്ന് ഏറെ പ്രബലമാണ്. പക്ഷേ മുഖ്യധാരാ രാഷ്ട്രീയം മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെപറ്റി സംസാരിക്കുന്നവർ തന്നെ നിരവധി അവ്യക്തതകളിലും ഒരുവേള പ്രശ്നകരമായ സമീപനങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
നജ്മ തബ്ശീറ, മുഫീദ തസ്നി, ഫാത്തിമ തഹ്ലിയ തുടങ്ങിയ ഹരിതയിലെ മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളുടെ ചോദ്യങ്ങളെ മുസ്ലിംലീഗ് കൈകാര്യംചെയ്ത രീതിയായാലും പ്രഫഷനൽ സ്ഥാപനങ്ങളിലെ വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന സി.പി.എമ്മിെൻറ സമീപനമായാലും രാഷ്ട്രീയമായി പ്രശ്നമുള്ള നിലപാടുകളാണ്. രാഷ്ട്രീയ ചലനാത്മകത കൈവരിച്ച മുസ്ലിം സ്ത്രീ ന്യൂനപക്ഷ സ്ഥാനത്തിെൻറ സവിശേഷതകളിൽനിന്നു ആലോചിക്കുമ്പോൾ ഇതു കൂടുതൽ വ്യക്തമാകുന്നുണ്ട്.
ഇരകളും രാഷ്ട്രീയശേഷിയും
ഏതർഥത്തിലും ഒരു രക്ഷകപിതാവിനെപോലെ മുസ്ലിം സ്ത്രീകളെ വിവിധ തീവ്രവാദ ആശയങ്ങളിൽനിന്നു മോചിപ്പിക്കാനിറങ്ങുന്ന സമീപനം സ്ത്രീ രാഷ്ട്രീയത്തിെൻറ ബോധനശാസ്ത്രമല്ല; മറിച്ച് പുരുഷ മേധാവിത്വത്തിെൻറയും അധികാരത്തിെൻറയും മേൽകീഴ് നോട്ടമാണ് മുന്നോട്ടുവെക്കുന്നത്. മുസ്ലിം സ്ത്രീകളുടെ കാര്യം വരുമ്പോൾ സ്ത്രീവാദത്തിെൻറ സ്വാധീനം, തീവ്ര ആശയങ്ങളുടെ സ്വാധീനം ഒക്കെ മുസ്ലിം ലീഗിനെയും സി.പി.എമ്മിനെയും അലട്ടുന്നതെന്തുകൊണ്ടാണ്? സ്ത്രീകൾ വിവിധ ആശയങ്ങളിൽ ആകൃഷ്ടരാവുന്നത് എങ്ങനെയാണ് പ്രശ്നമാകുന്നത്? ഒരു ആശയത്തിെൻറ തീവ്രതയും മിതത്വവും അളക്കാൻ സ്ത്രീകൾക്ക് തന്നെ സ്വയം കഴിയില്ലേ? ഇത് ഏതെങ്കിലും പാർട്ടി നിശ്ചയിക്കേണ്ട കാര്യമാണോ? മുസ്ലിം സ്ത്രീകൾ എന്തു ചിന്തിക്കണം, പ്രവർത്തിക്കണം എന്ന കാര്യത്തിൽ ഒരു പാർട്ടിയോ കൂട്ടമോ ഉത്കണ്ഠപ്പെടുന്നത് അത്ര നിഷ്കളങ്കമായ ഒരു രാഷ്ട്രീയ ബോധമാണോ? ഇത്തരം ചോദ്യങ്ങൾ വളരെ മുന്നെ തന്നെ പ്രാഥമികമായി സ്ത്രീപക്ഷവാദികൾ തന്നെ ഉയർത്തിയതാണ്. കാരണം കേരളത്തിലെ രാഷ്ട്രീയ / സാമൂഹിക പ്രസ്ഥാനങ്ങളുടെ ശരീരനിർമിതിയുടെ പ്രശ്നമാണിത്. സ്ത്രീകളെ ഒരു പാർട്ടി സമൂഹത്തിെൻറ ഉപഗണങ്ങളായി നിശ്ചയിക്കുന്നതിെൻറ കുഴപ്പമാണിത്. മറിച്ച്, വേറിട്ടൊരു രാഷ്ട്രീയ ശക്തിയുടെ പ്രശ്നമാണ് സ്ത്രീകൾ ഉന്നയിക്കുന്നതെന്ന സമീപനമാണ് ഉണ്ടാവേണ്ടത്.
സ്ത്രീകളെക്കുറിച്ചു വ്യവഹരിക്കുന്ന രാഷ്ട്രീയ ഭാഷ നിരപേക്ഷമല്ലെന്നും അതു സാമൂഹിക ഭാവനയിൽ ഉൾച്ചേർന്ന പുരുഷാധികാര പ്രവണതയുടെ ഭാഗമാണെന്നും ഹരിതയിലെ മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകൾ തന്നെ ഉന്നയിച്ച കാര്യമാണ്. അതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നു കരുതുന്നവരാണ് മുസ്ലിം ലീഗ് നേതാക്കൾ എന്ന് ഇതിനകം വ്യക്തമായതാണ്. കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്താവട്ടെ, ഹരിതയിലെ മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളോട് ഐക്യപ്പെടാൻ ശ്രമിച്ചവരാണ് സി.പി.എം. എന്നാൽ ഇതേ വാർപ്പുമാതൃകകൾ മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ മറ്റൊരു രീതിയിൽ ആവർത്തിക്കുന്ന സി.പി.എം എവിടെയാണ് മുസ്ലിം ലീഗിൽനിന്ന് വ്യത്യസ്തമാവുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്.
മാത്രമല്ല, വിവിധതരത്തിൽ മുഖ്യധാരാ പാർട്ടികൾക്ക് അകത്തും പുറത്തും പൊരുതുന്ന അനേകം മുസ്ലിം സ്ത്രീകളുടെ ചലനാത്മകതയെ റദ്ദുചെയ്യുന്ന സമീപനമാണ് ഇവിടെ വികസിച്ചുവരുന്നത്. ലളിതമായി പറഞ്ഞാൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിഭാഗമായി സ്ത്രീകളെ കാണാൻ കഴിയാത്തതിെൻറ കുഴപ്പമാണിത്. എന്നാൽ, മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ നിർവാഹകത്വത്തിെൻറ പ്രശ്നം മാത്രമല്ല ഇതിൽ അടങ്ങിയിട്ടുള്ളത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിം സ്ത്രീ കർതൃത്വത്തിനു കൈവന്ന ചില പുതിയ ചട്ടക്കൂടുകളുടെ പ്രശ്നംകൂടിയാണിത്.
സംരക്ഷിക്കപ്പെടേണ്ടവളും സംശയിക്കപ്പെടേണ്ടവളും
ഇന്ത്യയിലെ ഫാഷിസ്റ്റ് കടന്നാക്രമണത്തിെൻറ ഇരകളാണ് മുസ്ലിം ന്യൂനപക്ഷമെന്ന കാര്യത്തിൽ സി.പി.എമ്മിനും മുസ്ലിം ലീഗിനും തർക്കമുണ്ടാവാൻ സാധ്യതയില്ല. കഴിഞ്ഞയാഴ്ച നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച്, മുസ്ലിം സ്ത്രീകളെ മുത്തലാഖിൽനിന്നു മോചിപ്പിച്ച 'രക്ഷകനു'വേണ്ടി സംഘ്പരിവാർ പ്രാർഥനാ സമ്മേളനം നടത്തുകയുണ്ടായി. വേദികളിൽ പുരുഷൻമാരായ ആർ.എസ്.എസുകാരും ചില മുസ്ലിം ആൺ ടോക്കൺ പ്രതിനിധികളെയും അണിനിരത്തിയാണ് വിധേയത്വത്തിെൻറ ഈ ദൈവശാസ്ത്ര പ്രകടനം അരങ്ങേറിയത്. മുസ്ലിം സ്ത്രീയുടെ രക്ഷകനായി നരേന്ദ്ര മോദിയെ അവതരിപ്പിക്കുകയാണ് സംഘ്പരിവാർ ചെയ്തത്.
രക്ഷകരെ കാത്തിരിക്കുന്ന 'ഇരകൾ' ആയാണ് സംഘ്പരിവാർ ഫാഷിസ്റ്റുകൾ മുസ്ലിം സ്ത്രീകളെ കാണുന്നത്. ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ ഇരവത്കരിക്കപ്പെട്ട അടഞ്ഞ സ്വത്വമാണ്; തുല്യ പൗരത്വമല്ല മുസ്ലിം സ്ത്രീകൾക്ക് സംഘ്പരിവാർ നൽകുന്നത്. മുസ്ലിം സ്ത്രീക്കു സംഘ്പരിവാർ നൽകുന്ന ഈ സൗജന്യ രക്ഷക്കു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾകൂടിയുണ്ട്. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണമെന്ന പേരിൽ മുസ്ലിം ന്യൂനപക്ഷാവകാശങ്ങളെയാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സ്ത്രീ വിമോചനത്തിെൻറ പ്രശ്നമല്ലെന്നും ഹിന്ദു പാരമ്പര്യ സംരക്ഷണ പ്രശ്നമാണെന്നും പറഞ്ഞ നരേന്ദ്ര മോദി, എന്നാൽ മുത്തലാഖ് നിരോധനം സ്ത്രീ അവകാശ പ്രശ്നമാണെന്നാണ് അഭിപ്രായപ്പെട്ടത്.
എന്നാൽ, പുതിയകാലത്തെ മുസ്ലിംസ്ത്രീ രാഷ്ട്രീയം സംഘ്പരിവാറിെൻറ ഈ ന്യൂനപക്ഷ വിരുദ്ധ അജണ്ടയെ തുറന്നുകാണിക്കുന്ന ജനകീയ മുന്നേറ്റത്തിനു നേതൃത്വം നൽകിയവരാണ്. ഉദാഹരണമായി, മുത്തലാഖ് നിരോധനത്തിനു ശേഷം വികസിച്ച പൗരത്വ പ്രക്ഷോഭ കാലത്ത് ഇന്ത്യയിലെ തെരുവുകളിൽ പുതിയ രാഷ്ട്രീയ ശക്തിയായി മുസ്ലിം സ്ത്രീകൾ സംഘടിച്ചിരുന്നു. സംഘ്പരിവാർ നിർമിച്ച 'ഇരയായ' മുസ്ലിം സ്ത്രീ എന്ന ഇമേജിനു ഈ പ്രക്ഷോഭങ്ങൾ സാരമായി പരിക്കേൽപിച്ചിരുന്നു. ഗുലിഫ്ഷാ, സഫൂറ സർഗാർ തുടങ്ങി നിരവധി മുസ്ലിംസ്ത്രീ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചാണ് സംഘ്പരിവാർ ഭരണകൂടം ഇതിനോട് പ്രതികരിച്ചത്. ദേശസുരക്ഷക്കു ഭീഷണിയാണ് ഈ മുസ്ലിം സ്ത്രീകൾ എന്നാണ് ഹിന്ദുത്വ ഭരണകൂടം പ്രചരിപ്പിച്ചത്. അതിനാൽതന്നെ പുതിയൊരു വാർപ്പുമാതൃക മുസ്ലിം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാൻ സംഘ്പരിവാർ ഈ സാഹചര്യത്തിൽ ശ്രമിച്ചു. മുസ്ലിം സ്ത്രീയെ ഇരയാക്കി ചിത്രീകരിക്കാനുള്ള സംഘ്പരിവാർ ശ്രമത്തിനേറ്റ തിരിച്ചടികൾക്കൊടുവിലാണ് അവർ പുതിയൊരു സമീപനം മുസ്ലിം സ്ത്രീകളെക്കുറിച്ച് വികസിപ്പിച്ചത്. രണ്ടു രാഷ്ട്രീയ തന്ത്രങ്ങൾ സംഘ്പരിവാർ ഇതിനായി സമന്വയിപ്പിച്ചു.
ഒന്ന്: മുസ്ലിം രാഷ്ട്രീയത്തിെൻറ വൈവിധ്യങ്ങളെ ഒരു സുരക്ഷാ പ്രശ്നമാക്കുക. രണ്ട്: മുസ്ലിംകളെ ദേശീയതയെ ആക്രമിക്കുന്ന ബാഹ്യ ശത്രുവാക്കുക. അതിനാൽ തന്നെ പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ദേശീയതയുടെ പുറം അപരത്വം മാത്രമല്ല ദേശത്തിെൻറയും ഭരണകൂടത്തിെൻറയും സുരക്ഷയും ചേർന്നുവരുന്നതാണ് മുസ്ലിം ന്യൂനപക്ഷ പ്രശ്നത്തിെൻറ സ്വഭാവം. ഇത് ദേശരാഷ്ട്രത്തിനകത്തു ജനസാമാന്യത്തിെൻറ നിയന്ത്രണ ഉപകരണങ്ങളുടെ ഭാഗമായും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയ സവിശേഷതയായും മാറുന്നു. മുസ്ലിംകളുടെ രാഷ്ട്രീയ വിമർശനം രാജ്യത്തിെൻറ അഖണ്ഡതക്കു മാത്രമല്ല സുരക്ഷക്കും ഭീഷണിയാണെന്ന ഇരട്ടയുക്തി പൊതുഭാവനയുടെ ഭാഗമായി മാറി. മുസ്ലിം സ്ത്രീ രാഷ്ട്രീയ മുന്നേറ്റങ്ങൾ അങ്ങനെ പുതിയൊരു പ്രശ്ന പരിസരത്തിലേക്കു വികസിച്ചു. ഭീകരനായ മുസ്ലിം പുരുഷെൻറ 'ഇര' എന്നതിൽനിന്നുമാറി ഒരു 'സസ്പെക്റ്റ്' (സംശയിക്കേണ്ടയാൾ) ആയി മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ പദവി മാറുന്നത് ഇതിെൻറ ഭാഗമാണ്. ഫ്രം വിക്റ്റിംസ് റ്റു സസ്പെക്റ്റ്സ്: മുസ്ലിം വിമൻ ആഫ്റ്റർ 9/11 എന്ന ഷാകിറ ഹുസൈെൻറ പഠനം (യേൽ യൂനിവേഴ്സിറ്റി പ്രസ് 2019) മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണിത്. പ്രസ്തുത പാഠങ്ങളെ അവഗണിച്ചു മുസ്ലിം സ്ത്രീയെക്കുറിച്ച് ഒരു രാഷ്ട്രീയ സംഭാഷണം ഇന്ന് അസാധ്യമാണ്.
പാർലമെൻറ് ആക്രമണം മുതലുള്ള ഇന്ത്യൻ വാർ ഓൺ ടെറർ വ്യവഹാരങ്ങളിലും വർഗീയ കലാപങ്ങളെക്കുറിച്ചുള്ള പതിവു മതേതര - ദേശീയവാദ വ്യവഹാരങ്ങളിലും കാണാത്ത ചില കുറ്റങ്ങളും സംശയങ്ങളും സഫൂറ സർഗാറിനെതിരെയും ഗുലീഫ്ഷാക്കെതിരെയും സമർപിക്കപ്പെട്ട കുറ്റപത്രങ്ങളിൽ കാണുന്നുണ്ട്. ദേശസുരക്ഷക്കു ഭീഷണി, ദേശീയതയുടെ ശത്രുക്കൾ എന്നിങ്ങനെയുള്ള വിവരണങ്ങൾ ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകൾക്കു മേലെ നിരന്തരം വികസിച്ചുവരുന്നു. കാമ്പസുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന പുതിയ പ്രശ്നങ്ങളുടെ ഭാഗമാണിത്.
മുസ്ലിം സ്ത്രീകളോടു പഠിക്കുന്ന സർവകലാശാലകളിൽ പല അധ്യാപകരുംതന്നെ 'സൂക്ഷിച്ച്' അഭിപ്രായം പറയാൻ ഉപദേശിക്കുന്ന കാലഘട്ടമാണിത്. ഇസ്ലാമോഫോബിയ ആൻഡ് സെക്യൂരിറ്റൈസേഷൻ: റിലീജ്യൻ, എത്നിസിറ്റി ആൻഡ് ഫിമെയിൽ വോയ്സ് (പൽഗ്രേവ് 2016) എന്ന പഠനത്തിൽ താനിയ സഈദ് നിരീക്ഷിക്കുന്നപോലെ മുസ്ലിം സ്ത്രീ ശരീരം ഒരു 'സുരക്ഷാപ്രശ്നമായി' മാറിയിരിക്കുന്നുവെന്നാണ് ഇതിെൻറ കാരണം. മുസ്ലിം ന്യൂനപക്ഷ പ്രസ്ഥാനമായ മുസ്ലിംലീഗ് ''ഞങ്ങളുടെ കുട്ടികളെ ഞങ്ങൾ സംരക്ഷിക്കും'' എന്നു പറഞ്ഞാൽ തീരുന്ന സംരക്ഷണയുക്തിയിൽ ഒരുങ്ങുന്നതല്ല ഈ പുതിയ പ്രശ്നമണ്ഡലം. അതുപോലെ പൊട്ടൻഷ്യൽ ടെററിസ്റ്റ് എന്ന ദേശസുരക്ഷാ വ്യവഹാരത്തിെൻറ ഭാഷ സംസാരിക്കുന്ന സി.പി.എം വ്യത്യസ്തമായ എന്തെങ്കിലും സമീപനം മുസ്ലിം സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ച് മുന്നോട്ടുവെക്കുന്നുണ്ടെന്നു കരുതാനാവില്ല. തീവ്ര ചിന്തകളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുള്ള വ്യക്തിയായി മുസ്ലിം സ്ത്രീയെ ചിത്രീകരിക്കുന്നത് രാഷ്ട്രീയപരമായി പ്രശ്നകരമാണ്. സംഘ്പരിവാർ ഭരിക്കുന്ന ഇന്ത്യയിൽ പൊതുവ്യവഹാരത്തിെൻറ ഈ മാറ്റം പുതിയകാലത്തെ ഇസ്ലാമോഫോബിയയുടെ താൽപര്യ സംരക്ഷണത്തിെൻറ പേരിൽ വിമർശിക്കപ്പെടേണ്ടതുമുണ്ട്.
പുതിയ മുസ്ലിം സ്ത്രീ പ്രശ്നം
സംഘ്പരിവാർ നിർമിച്ച രക്ഷകവ്യവഹാരം (saviour discourse) മുസ്ലിം സ്ത്രീകളെ കാണുന്നത് വിമോചിക്കപ്പെടേണ്ട ഇരകളായാണ്. കരുതൽ ആവശ്യമുള്ള എന്നാൽ വഴികേടിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന പിതൃരൂപമായാണ് സി.പി.എമ്മും ലീഗും പെരുമാറുന്നത്. ലീഗിെൻറ സംരക്ഷണയുക്തിയും സി.പി.എമ്മിെൻറ സംശയയുക്തിയും യോജിക്കുന്ന മേഖലകൾ ഇനിയും വിശദീകരിക്കേണ്ടതുണ്ട്.
സ്ത്രീകളെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതാണ് സി.പി.എമ്മിെൻറയും ലീഗിെൻറയും രീതി. അതിനാലാണ് സി.പി.എം സ്വന്തം അണികൾക്ക് വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ പദവിയെ പറ്റി ഒരു സമീപനം നൽകുന്നത്. ഹരിതപോലുള്ള സ്വതന്ത്ര സ്ത്രീ വേദികൾ നിർമിക്കുന്ന ലീഗും മറ്റൊന്നല്ല ചെയ്യുന്നത്.
എന്നാൽ, തീവ്രവാദ ആശയങ്ങളിലേക്ക് പോകാൻ സാധ്യതയുള്ള, അതിനാൽ തന്നെ സംശയിക്കപ്പെടേണ്ട, പൊട്ടൻഷ്യൽ ടെററിസ്റ്റ് എന്ന കാറ്റഗറിയിൽപെടാൻ സാധ്യതയുള്ള, വിഭാഗമായാണ് മുസ്ലിം സ്ത്രീകളെ സി.പി.എം അറിഞ്ഞോ അറിയാതെയോ അടയാളപ്പെടുത്തുന്നത്. സംശയിക്കപ്പെടുന്ന പൗരത്വം എന്ന നിലയിൽ മുസ്ലിം സ്ത്രീകൾ പുതിയൊരു രാഷ്ട്രീയ വ്യവഹാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന പ്രശ്നം അങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്നു.
മറുവശത്ത് ലീഗാവട്ടെ, സ്വന്തം ശബ്ദവും നിർവഹണവും ഉള്ള മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നവരായി രംഗത്തുവരുകയും എന്നാൽ കാതലായ സ്ത്രീപ്രശ്നങ്ങളെ അവഗണിച്ചുമാണ് മുന്നോട്ടുപോവുന്നത്. ഹരിത വിഷയത്തിൽ ലീഗിൽ തുടരുന്ന ആശയക്കുഴപ്പം ഇതാണ് സൂചിപ്പിക്കുന്നത്. സ്വാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന മുസ്ലിം സ്ത്രീ രാഷ്ട്രീയം ഇന്നത്തെ ലീഗ് നേതൃത്വം വിഭാവന ചെയ്യുന്ന സംരക്ഷണ രാഷ്ട്രീയത്തിൽനിന്ന് ഏറെ അകലെയാണ്. ഈ വൈരുധ്യം പരിഹരിക്കാതെ ലീഗിനു മുന്നോട്ടു പോവാൻ കഴിയില്ല.
സംരക്ഷിക്കപ്പെടേണ്ടവളായി മുസ്ലിം സ്ത്രീയെ ചുരുക്കുകയാണ് ലീഗു ചെയ്യുന്നതെങ്കിൽ സംശയിക്കപ്പെടേണ്ടവളായി മുസ്ലിം സ്ത്രീയെ ചുരുക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഇതാവട്ടെ ലീഗും സി.പി.എമ്മും മാത്രമല്ല, മത/ രാഷ്ട്രീയ സംഘടനകൾ പൊതുവെ പിന്തുടരുന്ന ഒരു സമീപനമാണ്. എങ്കിലും പ്രബല രാഷ്ട്രീയ കക്ഷികൾ തന്നെ ഇങ്ങനെ പെരുമാറുന്നത് കാര്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, സി.പി.എം നിർമിക്കുന്ന സംശയിക്കപ്പെടേണ്ട മുസ്ലിം സ്ത്രീ എന്ന ഇസ്ലാമോഫോബിക് വ്യവഹാരത്തിനു സ്ത്രീ രാഷ്ട്രീയത്തിനപ്പുറത്തെ മാനങ്ങൾ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. ഇത്തരമൊരു ആഖ്യാനം സംഘ്പരിവാറിെൻറ മുസ്ലിം സുരക്ഷാവത്കരണ പദ്ധതികളുടെയും അപരത്വ ഹിംസയുടെയും ഉപാധികളിൽനിന്നും രാഷ്ട്രീയമായി വ്യത്യാസപ്പെടുന്നില്ലെന്നാണ് ഏറെ ഗൗരവമുള്ള കാര്യം. ഇന്നലെ കേരളത്തിൽ സി.പി.എം പറയുന്ന കാര്യങ്ങൾ ഇന്ന് ദേശീയതലത്തിൽ സംഘ്പരിവാർ ഏറ്റെടുക്കുന്ന ഒരു രാഷ്ട്രീയ സന്ദർഭത്തെ സി.പി.എം തിരിച്ചറിയുന്നുണ്ടോയെന്നതാണ് ചോദ്യം. ഇതിനെ ചെറുക്കാൻ മുസ്ലിംലീഗിെൻറ സംരക്ഷണയുക്തി മതിയാകില്ലെന്ന തിരിച്ചറിവും നിർണായകമാണ്. ഇരയായും സംരക്ഷിക്കപ്പെടേണ്ടവളായും സംശയിക്കപ്പെടേണ്ടവളായും തങ്ങളെ ചുരുക്കുന്ന രാഷ്ട്രീയത്തെക്കൂടി മറികടന്നു മുസ്ലിം സ്ത്രീ രാഷ്ട്രീയ മുന്നേറ്റങ്ങൾ വ്യത്യസ്തമായ വഴികൾ കണ്ടെത്തുമെന്നുതന്നെയാണ് കരുതേണ്ടത്.