സാനിയ: ഇന്ത്യൻ വനിതകൾക്കൊരു പ്രചോദനം
അന്താരാഷ്ട്ര ടെന്നിസിൽനിന്ന് സാനിയ മിർസ വിരമിച്ചിരിക്കുന്നു. ഇന്ത്യൻ വനിതാ ടെന്നിസിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് സാനിയ മത്സരരംഗം വിടുന്നതെന്ന് ലേഖകൻ. എന്താണ് സാനിയ കളിപ്രേമികൾക്കും ടെന്നിസിനും നൽകിയത്?
നിരുപമ വൈദ്യനാഥൻ 1998ൽ ഗ്ലോറിയ പിസിചിനിയെ പരാജയപ്പെടുത്തി ആസ്േട്രലിയൻ ഓപൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ കടന്നപ്പോൾ ഇന്ത്യൻ വനിതാ ടെന്നിസിൽ പുതിയൊരു അധ്യായം തുടങ്ങുകയായിരുന്നു. ഒാപൺ യുഗത്തിൽ ഒരു ഇന്ത്യൻ വനിത ഒരു ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്ന ആദ്യ സംഭവം. നിരുപമ മങ്കാദിലൂടെ ഗ്രാൻസ്ലാം ടെന്നിസ് വനിതാ വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യ ഒരു ചുവടുകൂടി മുന്നേറിയിരിക്കുന്നു.
കാൽനൂറ്റാണ്ട് കടന്നുപോയി. സാനിയ മിർസ 36ാം വയസ്സിൽ ഗ്രാൻസ്ലാം പോരാട്ടങ്ങൾ അവസാനിപ്പിച്ചത് ഇന്ത്യൻ വനിതാ ടെന്നിസിനെ ഏറെ ഉയരത്തിൽ എത്തിച്ചാണ്. സിംഗിൾസിൽ 27ാം റാങ്കും ഡബിൾസിൽ ഒന്നാം റാങ്കും സ്വന്തമാക്കിയ താരം 2023ലെ ആസ്േട്രലിയൻ ഓപൺ മിക്സഡ് ഡബിൾസ് ഫൈനൽ പൂർത്തിയാക്കി കണ്ണീർ വാർത്തത് രോഹൻ ബൊപ്പണ്ണയുമൊത്ത് ഫൈനലിൽ പരാജയപ്പെട്ടതുകൊണ്ടായിരുന്നില്ല. മറിച്ച്, താൻ മേജർ ടൂർണമെന്റുകളിൽ അരങ്ങേറ്റം കുറിച്ച അതേ വേദിയിൽ വിടവാങ്ങൽ മത്സരം കളിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണുകൾ നിറഞ്ഞത്.
ദുബൈ ഓപൺ മത്സരങ്ങളോടെ ഫെബ്രുവരിയിൽ സാനിയ മിർസ സജീവ ടെന്നിസിനോട് വിടപറയുമ്പോൾ ഇന്ത്യൻ ടെന്നിസിൽ ഒരു യുഗസമാപ്തിയാകും അത്. ആറാം വയസ്സിൽ ടെന്നിസ് റാക്കറ്റ് കൈയിലെടുത്ത സാനിയ രണ്ടു പതിറ്റാണ്ട് കളിക്കളത്തിൽ തുടർന്നു. പരിക്കും പ്രസവവുമൊക്കെ ഇടവേളകൾ സൃഷ്ടിച്ചതു മാറ്റിവെച്ചാൽ ഒരു വ്യാഴവട്ടത്തിലേറെ ടെന്നിസിലെ ഇന്ത്യയുടെ വിജയമുദ്രയായിരുന്നു സാനിയ. പോയവർഷം വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കുമൂലം യു.എസ് ഓപണിൽ കളിക്കാൻ കഴിയാതെപോയതിനാൽ മടങ്ങിവന്നു.
ആസ്േട്രലിയൻ ഓപണിൽ ഡബിൾസിൽ കസാഖ്സ്താന്റെഅന്നാ ഡാനിലീനക്കൊപ്പം മത്സരിച്ച സാനിയക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമായില്ല. പക്ഷേ, മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയുമൊത്ത് ഫൈനലിൽ കടന്നു. സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ ടീം ഫൈനലിൽ ബ്രസീലിന്റെ ലൂയിസാ സ്റ്റെഫാനി – റഫേൽ മത്തായോസ് സഖ്യത്തോടാണ് പരാജയപ്പെട്ടത് (6–7, 2–6). റണ്ണർഅപ് േട്രാഫി സ്വീകരിച്ച സാനിയ വികാരഭരിതമായാണ് സംസാരിച്ചത്. ‘‘ഞാൻ കരയുന്നെങ്കിൽ അത് സന്തോഷം കൊണ്ടാണ്’’ -സാനിയ പറഞ്ഞു.
നാല് ഒളിമ്പിക്സ്, ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറു ഗ്രാൻസ്ലാം കിരീടങ്ങൾ, വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യു.ടി.എ) ടൂർണമെന്റിൽ 42 കിരീടങ്ങൾ, ലോക റാങ്കിങ്ങിൽ 30നുള്ളിൽ സ്ഥാനം നേടിയ (2007 ആഗസ്റ്റ് 27ന് 27ാം റാങ്ക്) താരം. വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ കളിക്കാരി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ആേഫ്രാ–ഏഷ്യൻ ഗെയിംസിലുമായി 14 മെഡലുകൾ. ഏഷ്യൻ ഗെയിംസിൽ എട്ടും ആേഫ്രാ-ഏഷ്യൻ ഗെയിംസിൽ നാലും കോമൺവെൽത്ത് ഗെയിംസിൽ രണ്ടും മെഡലുകളാണ് സാനിയ രാജ്യത്തിനായി നേടിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമെന്ന ലേബൽ സാനിയക്ക് അവകാശപ്പെട്ടത്.
നിരുപമ മങ്കാദും കിരൺ ബേദിയും നിരുപമ വൈദ്യനാഥനുമൊക്കെ തുടക്കമിട്ട ഇന്ത്യയുടെ ടെന്നിസ് മികവ് സാനിയയിലൂടെ പൂർണതയിൽ എത്തുകയായിരുന്നു. ഇമ്രാൻ മിർസയുടെയും നസീമയുടെയും മകളായി 1986 നവംബർ 15ന് മുംബൈയിൽ ജനിച്ച സാനിയ മിർസയുടെ കുടുംബം ഹൈദരാബാദിലേക്കു മാറിയശേഷമാണ് സാനിയയിലെ ടെന്നിസ് താരം ശ്രദ്ധിക്കപ്പെട്ടത്. ഹൈദരാബാദ് സെന്റ് മേരീസ് കോളജിൽനിന്ന് ബിരുദം നേടുമ്പോൾ സാനിയ മിർസ ഇന്ത്യയുടെ ഒന്നാം നമ്പർ വനിതാ താരമായി മാറിക്കഴിഞ്ഞിരുന്നു.
സാനിയക്ക് ഒരു അനുജത്തിയുണ്ട്. അനാം മിർസ. മുഹമ്മദ് അസ്ഹറുദ്ദീന്റെ പുത്രൻ മുഹമ്മദ് അസദുദ്ദീൻ ആണ് അനാമിന്റെ ഭർത്താവ്. തുടക്കത്തിൽ പിതാവ് ആയിരുന്നു പരിശീലകൻ. പിന്നീട് റോജൻ ആൻഡേഴ്സന്റെ ശിക്ഷണം ലഭിച്ചു. കരുത്തേറിയ ഫോർഹാൻഡ് ഷോട്ടുകളും ഇരു കരങ്ങളും ഉപയോഗിച്ചുള്ള ബാക്ക്ഹാൻഡ് ശൈലിയുമായി സാനിയ ടെന്നിസ് കോർട്ടുകൾ കീഴടക്കി. 2003 ഫെബ്രുവരിയിലായിരുന്നു പ്രഫഷനൽ രംഗത്തെ അരങ്ങേറ്റം. 2013 വരെ മാത്രമാണ് സിംഗിൾസിൽ ശ്രദ്ധയൂന്നിയത്. പിന്നീട് ഡബിൾസ് ആയി ഇഷ്ട ഇനം.
2010ൽ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയയെ പിന്നീട് പാകിസ്താൻകാരിയായി കാണാൻ ചിലർ ശ്രമിച്ചു. മറുവശത്ത് സാനിയയുടെ വസ്ത്രധാരണത്തെ ചിലർ മതവിരുദ്ധതയായി കാണാനും ഒരുങ്ങി. പക്ഷേ, സാനിയ എന്നും ഇന്ത്യക്കാരിയായി ജീവിച്ചു. രാജ്യത്തിനായി കളിച്ചു.
പ്രസവത്തിനായി 2018ൽ മത്സരരംഗം വിട്ട സാനിയ, ഇസ്ഹാൻ മിർസ മാലിക്കിന്റെ അമ്മയായി 2020ൽ തിരിച്ചുവന്നു. ‘‘സത്യം പറഞ്ഞാൽ, എന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിക്കുന്ന സ്വഭാവക്കാരിയാണ് ഞാൻ. അതുകൊണ്ടാണ് പരിക്കുമൂലം വിടവാങ്ങൽ നേരത്തേയാക്കേണ്ടെന്ന് തീരുമാനിച്ചതും’’ -കഴിഞ്ഞവർഷം വിരമിക്കാനുള്ള തീരുമാനം മാറ്റിയതിനെക്കുറിച്ച് സാനിയ പ്രതികരിച്ചു. 2022ലെ ഡബ്ല്യു.ടി.എ ഫൈനൽസോടെ വിരമിക്കാനായിരുന്നു ആദ്യ തീരുമാനം. അപ്പോഴാണ് കൈമുട്ടിനു പരിക്കേറ്റത്.
പരിക്കിനു കീഴടങ്ങാൻ തയാറല്ലെന്നു വ്യക്തമാക്കിയ സാനിയ മത്സരിച്ചുതന്നെ കോർട്ടു വിടാൻ ആഗ്രഹിച്ചു. ഒരു കായികതാരത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉത്തമ ഉദാഹരണം. പരിക്കുമൂലം മത്സരിക്കാതെ രംഗം വിട്ടാൽ അതൊരു കീഴടങ്ങൽ ആകുമെന്ന് സാനിയയിലെ കരുത്തയായ വനിത ചിന്തിച്ചു. ഈ നിശ്ചയദാർഢ്യമാണ് മതവും രാജ്യവുമൊക്കെ പറഞ്ഞു വിമർശിക്കാൻ തുടങ്ങിയവരുടെ വായടപ്പിച്ചതും. കായികലോകം അവൾക്കൊപ്പം നിന്നു. രാജ്യം സാനിയക്കു പിന്നിൽ ഒറ്റക്കെട്ടായി. രാജ്യത്തിനുവേണ്ടി കളിക്കളത്തിൽ സമർപ്പിക്കപ്പെട്ട ജീവിതത്തിനു ലഭിച്ച അംഗീകാരമായിരുന്നു ആ ദൃഢമായ പിന്തുണ.
ബെയ്ജിങ് ഒളിമ്പിക്സിൽ (2008) കളിച്ച സാനിയ 2021ൽ ടോക്യോ ഒളിമ്പിക്സിലും മത്സരിച്ച് ഒളിമ്പിക് മത്സരവേദി വിട്ടപ്പോൾ ഒരു ദുഃഖം മാത്രം ബാക്കി. സാധ്യമാകുമായിരുന്നൊരു ഒളിമ്പിക് മെഡൽ വഴുതിമാറിയതിലെ ദുഃഖം. 1996ൽ അറ്റ്ലാന്റയിൽ ലിയാണ്ടർ പേസ് വെങ്കലം നേടിയശേഷം ടെന്നിസ് കോർട്ടിൽനിന്നൊരു ഒളിമ്പിക് മെഡൽ സാനിയയിലൂടെ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 2016ൽ റിയോയിൽ സാനിയ-രോഹൻ ബൊപ്പണ്ണ ടീം മിക്സഡ് ഡബിൾസിൽ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. സെമിഫൈനലിൽ യു.എസിന്റെ വീനസ് വില്യംസ്-രാജീവ് റാം സഖ്യത്തോടായിരുന്നു തോൽവി (6-2, 2-6, 3-10). പൊരുതിത്തോറ്റുവെന്നുതന്നെ പറയാം. വെങ്കല മെഡലിനായുള്ള മത്സരത്തിലാവട്ടെ, ചെക്ക് താരങ്ങളായ റാദെക് സ്റ്റെഫാനെക്ക്-ലൂസി ഹ്രദെകാ സഖ്യത്തോടായിരുന്നു തോൽവി (1-6, 6-7).
പക്ഷേ, 2012ൽ ലണ്ടൻ ഒളിമ്പിക്സിൽ മിക്സഡ് ഡബിൾസിലെ തന്റെ മെഡൽസാധ്യത തകർത്തത് ടെന്നിസ് അസോസിയേഷനാണെന്ന് സാനിയ കുറ്റപ്പെടുത്തി. ‘എയ്സ് എഗൻസ്റ്റ് ഓഡ്സ്’ (Ace against Odds) എന്ന ആത്മകഥയിൽ ഇക്കാര്യം സാനിയ പരമാർശിച്ചിട്ടുണ്ട്. രോഹൻ ബൊപ്പണ്ണയുമായി നല്ലതുപോലെ സെറ്റ് ആയിരുന്ന മിക്സഡ് ഡബിൾസ് ടീം അഴിച്ചുപണിത് ലിയാണ്ടർ പേസിനെ പങ്കാളിയാക്കിയതോടെ താളംതെറ്റിയെന്ന് സാനിയ വിശ്വസിക്കുന്നു. സാനിയയുടെ മിക്സഡ് ഡബിൾസ് പങ്കാളിയാകുന്നതിനെച്ചൊല്ലി ഉടലെടുത്ത തർക്കം മഹേഷ് ഭൂപതി-ലിയാണ്ടർ പേസ് സൗഹൃദവും തകർത്തു. സൗന്ദര്യപ്പിണക്കം ഡേവിസ് കപ്പിൽ ഇന്ത്യയുടെ സാധ്യതകളും ഇല്ലാതാക്കി.
സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിംഗിസുമൊത്ത് മൂന്നു തവണ ഗ്രാൻസ്ലാം ഡബിൾസ് ജയിച്ച സാനിയ (2015ൽ വിംബിൾഡൺ, യു.എസ് ഓപൺ; 2016ൽ ആസ്േട്രലിയൻ ഓപൺ) മിക്സഡ് ഡബിൾസിൽ രണ്ടു തവണ ഗ്രാൻസ്ലാം വിജയിച്ചത് മഹേഷ് ഭൂപതിയുമൊത്തായിരുന്നു (2009ൽ ആസ്േട്രലിയൻ ഓപണും 2012ൽ ഫ്രഞ്ച് ഓപണും). 2014ൽ യു.എസ് ഓപൺ ജയിച്ചപ്പോൾ ബ്രസീൽതാരം ബ്രൂണോ സോറെസ് ആയിരുന്നു കൂട്ട്. മാർട്ടിനയുമൊത്ത് തുടരെ മൂന്നു മേജർ കിരീടങ്ങൾ ചൂടിയ സാനിയ 2016ൽ ഡബിൾസിൽ ലോക ഒന്നാം നമ്പറുമായി. ഈ കൂട്ടുകെട്ടിന് സാന്റിന (Santina) എന്നു പേരും വീണു. ടെന്നിസ് ലോകം ആസ്വദിച്ചൊരു കൂട്ടുകെട്ടായിരുന്നു അത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തും കോർട്ടിലെ മികച്ച പാർട്ണറും രോഹൻ ബൊപ്പണ്ണയാണെന്നു പറഞ്ഞ സാനിയ, തന്റെ ആദ്യ മിക്സഡ് ഡബിൾസ് പാർട്ണർ രോഹൻ ആയിരുന്നെന്ന് ഓർമിച്ചു. ‘‘അന്ന് എനിക്ക് 14 വയസ്സ്, ഞങ്ങൾ ദേശീയ കിരീടം ചൂടി. 22 വർഷം കടന്നുപോയി. ഇപ്പോൾ അവസാന ഗ്രാൻസ്ലാമിൽ പങ്കെടുക്കാൻ ഇതിലും മികച്ചൊരു കൂട്ടാളിയെ കിട്ടാനില്ല’’ -സാനിയ പറഞ്ഞു. അതുപോലെ ആസ്േട്രലിയൻ ഓപൺ വേദിയായ മെൽബൺ പാർക്കിലെ സ്പോർട്സ് കോംപ്ലക്സും റോഡ് ലെവർ അരീനയും നേട്ടങ്ങളുടെ ഒരു ഭൂതകാലം ഓർമപ്പെടുത്തി. 2005ൽ ആസ്േട്രലിയൻ ഓപണിലായിരുന്നു സാനിയയുടെ ഗ്രാൻസ്ലാം അരങ്ങേറ്റം. അഭിമാനപൂർവം തിരിഞ്ഞുനോക്കാനുള്ള അവസരമായി 2023ലെ ടൂർണമെന്റ്.
‘‘എന്റെ മകനു മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാൻ ഇടവരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. അതുകൊണ്ടുതന്നെ ഇത് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. നാലുവയസ്സുകാരൻ പുത്രനും എന്റെ മാതാപിതാക്കളും എന്റെ പരിശീലകരും രോഹന്റെ ഭാര്യയുമെല്ലാം കാൺകെയായിരുന്നു ഈ ഫൈനൽ’’ -ആസ്േട്രലിയൻ ഓപണിനു ശേഷം സാനിയ വിശദീകരിച്ചു.
‘‘2005ൽ ഇവിടെ സെറീനാ വില്യംസിനെതിരെ സിംഗിൾസ് മൂന്നാം റൗണ്ടിൽ മത്സരിച്ചതാണ് എന്റെ ഓർമയിൽ എത്തുന്നത്. അന്നെനിക്ക് 18 വയസ്സായിരുന്നു. പിന്നീട് എത്രയോ തവണ ഇവിടെ വന്നു. കിരീടങ്ങൾ സ്വന്തമാക്കി. മേജർ ടൂർണമെന്റുകളോട് വിടപറയാൻ ഇതിലും മികച്ചൊരു വേദി വേറെയില്ല.’’ മേജർ പോരാട്ടങ്ങൾ അവസാനിപ്പിച്ച സാനിയക്ക് ദുബൈ ഓപൺ ഒരു ഹംസഗാനം മാത്രം.
സാനിയയെ ലോകമറിയുന്ന ടെന്നിസ് കളിക്കാരിയായി വളർത്തിയ പിതാവ് ഇമ്രാൻ മിർസയെ സംബന്ധിച്ചിടത്തോളം 2015ൽ സാനിയ വിംബിൾഡൺ ഡബിൾസ് കിരീടം (മാർട്ടിന ഹിംഗിസുമൊത്ത്) നേടിയതാണ് അവിസ്മരണീയ നേട്ടം. പിന്നെ ഡബിൾസിൽ ഒന്നാം നമ്പർ താരമായി 91 ആഴ്ചകളും. എന്നാൽ, ചില ടെന്നിസ് പണ്ഡിതർ പറയുന്നത് 2009ൽ മഹേഷ് ഭൂപതിയുമൊത്ത് സാനിയ മിർസ ആസ്േട്രലിയൻ ഓപൺ മിക്സഡ് ഡബിൾസിൽ നേടിയ വിജയം കായികലോകത്തിന്റെ ഉന്നതങ്ങളിലെത്താൻ ഇന്ത്യൻ വനിതകൾക്കുണ്ടായിരുന്ന മാനസിക തടസ്സം മറികടന്ന സംഭവമായി എന്നാണ്. ബാഡ്മിന്റണിൽ ഉൾപ്പെടെ ഇന്ത്യൻ വനിതകൾ പിന്നീട് കൈവരിച്ച നേട്ടങ്ങൾക്ക് സാനിയയുടെ മേൽപറഞ്ഞ വിജയം വഴിതുറന്നിട്ടുവെന്ന് ചിന്തിക്കാം.
പുരുഷവിഭാഗം ടെന്നിസിൽ രാമനാഥൻ കൃഷ്ണൻ തുടങ്ങി, പുത്രൻ രമേശും ജയദീപ് മുഖർജിയും േപ്രംജിത് ലാലും അമൃത് രാജ് സഹോദരങ്ങളുമൊക്കെ തുടർന്ന മഹത്തായൊരു പാരമ്പര്യം ഇന്ത്യക്കുണ്ട്. വനിതാ ടെന്നിസിൽ സ്ഥിതി അതല്ല. നിരുപമ മങ്കാദും കിരൺ ബേദിയും ഒക്കെ ഏഷ്യൻ തലത്തിൽ ഒരുങ്ങിയപ്പോൾ നിരുപമ വൈദ്യനാഥൻ അൽപംകൂടി മുന്നേറി. പക്ഷേ, സാനിയയുടെ വരവോടെ ഇന്ത്യൻ ടെന്നിസിൽ പുതിയ പ്രതീക്ഷകൾ ഉയർന്നു. സാനിയക്കൊപ്പം മത്സരിക്കാൻ തന്നെ മത്സരമായി. 2003ലെ വിംബിൾഡണിൽ റഷ്യയുടെ അലിസ ക്ലിബനോവയോടൊത്ത് ജൂനിയർ ഡബിൾസ് വിജയിച്ചായിരുന്നു തുടക്കം.
ഇന്ത്യയുടെ വനിതാ ടെന്നിസിൽ സാനിയക്കു പകരം സാനിയ മാത്രം എന്നായി സ്ഥിതി. ഏതാണ്ട് രണ്ടു പതിറ്റാണ്ട് ഇന്ത്യയിലെ വനിതകൾക്ക് പ്രചോദനമാകാൻ സാനിയക്ക് കഴിഞ്ഞു. എത്രയെത്ര അമ്മമാർ തങ്ങളുടെ കുട്ടികളെ ആ പേരു വിളിച്ചു. സാനിയ എന്ന നാമം വിജയം സ്വപ്നം കാണാൻ േപ്രരണയായി. ഇന്ത്യൻ കൗമാരങ്ങൾക്ക് പ്രതീക്ഷ മാത്രമല്ല ആത്മവിശ്വാസവും പ്രദാനംചെയ്തു. ഒളിമ്പിക്സിൽ സാധ്യമാകുമായിരുന്ന ഒരു മെഡൽ നേട്ടം മാത്രം കൈവിട്ടു. അതിനു കാരണം നമ്മുടെ കായിക സംഘാടകരും.
മനസ്സ് ചിന്തിക്കുംപോലെ ശരീരം വഴങ്ങുന്നില്ല എന്ന് തോന്നിയാൽ കളിക്കളം വിടാൻ താരങ്ങൾ തയാറാവുക പതിവാണ്. സാനിയ മിർസയും ഏതാനും നാളുകളായി അങ്ങനെ ചിന്തിച്ചിരുന്നു. സാനിയക്കുശേഷം ആര് എന്ന ചോദ്യത്തിന് ഇന്ത്യ ഉത്തരം കണ്ടെത്തിയിട്ടില്ല എന്ന യാഥാർഥ്യം അവശേഷിക്കുന്നു. സാനിയ പരിശീലകയായി സജീവമായാൽ ഒരുപക്ഷേ, സാനിയ തന്നെ പുത്തൻ താരങ്ങളെ കണ്ടെത്തും. പക്ഷേ, ഇന്ത്യൻ വനിതാ ടെന്നിസിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് സാനിയ മത്സരരംഗം വിടുന്നത്. സാനിയയെന്ന നാമം; അവരുടെ സാന്നിധ്യം ഒക്കെയാകും വരും തലമുറകൾക്ക് പ്രചോദനം.