കണ്ടില്ലെന്നു നടിക്കരുത് ഗോദയിലെ പ്രതിഷേധം
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാരഥിയും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആക്രമണ ആരോപണങ്ങൾ ഉന്നയിച്ച് രണ്ടാമതും രാജ്യാന്തര ഗുസ്തി താരങ്ങൾ രംഗത്തുവന്നിരിക്കുന്നു. അവർക്കെതിരെ പി.ടി. ഉഷ രംഗത്തുവന്നതോെട സംഭവത്തിന് പലതരം മാനങ്ങൾ കൈവന്നു. എന്താണ് ഗോദയിലും പുറത്തും നടക്കുന്നത്?
‘‘ഠണ്ഡീ ഹവാ കേ ചോംകേ, ചൽതേ ഹേ ഹൽകേ ഹൽ ഹേ, ഐസേ മേ ദിൽ നാ തോഡോ, വാദേ കരോ നാ കൽ കേ.’’ 2018ൽ ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തലവനായിരുന്ന, ബ്രിജ് ഭൂഷൺ ശരൺ സിങ് മാധ്യമപ്രവർത്തകർക്കു മുന്നിൽ പാടി. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഒരുക്കിയ ഡിന്നറിനിടെയാണ് സംഭവം. ചോദ്യം ചോദിക്കരുത്; ഫോട്ടോയും എടുക്കരുത്. പകരം പാട്ടുപാടാം. മൂന്നു തവണ ബ്രിജ് ഭൂഷൺ പാടിയതായാണ് ഓർമ. അന്ന്, അദ്ദേഹം പാടിയതുപോലെ കുളിർക്കാറ്റ് കടന്നുവന്ന അന്തരീക്ഷമായിരുന്നത്. ആറുതവണ ലോക്സഭാംഗമായ ഈ ബി.ജെ.പി നേതാവ് ഇന്ന് പാടിയാൽ ചുറ്റും വീശുന്നത് ഉഷ്ണക്കാറ്റാണ്. ചിലപ്പോൾ അത് തീക്കാറ്റായി മാറിയെന്നിരിക്കും.
റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാരഥിയായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആക്രമണ ആരോപണങ്ങൾ ഉന്നയിച്ച് രണ്ടാമതും രാജ്യാന്തര ഗുസ്തി താരങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് മറുപടി നൽകിയത്. പക്ഷേ, ഇത്രയും ഗൗരവമുള്ള പ്രശ്നത്തിൽ കേന്ദ്രസർക്കാർ എന്തുകൊണ്ട് ഗൗരവമായി ഇടപെടുന്നില്ല? താരങ്ങൾ ജനുവരിയിൽ, ആദ്യമായി സമരം തുടങ്ങിയപ്പോൾ പിന്തുണയുമായെത്തിയ രാഷ്ട്രീയക്കാരെ അകറ്റിനിർത്തിയെങ്കിൽ രണ്ടാംഘട്ട സമരത്തിൽ രാഷ്ട്രീയ പിന്തുണ ഒഴിവാക്കുന്നില്ല. പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി രംഗത്തെത്തിത്തുടങ്ങി. ഇങ്ങനെയൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത് കേന്ദ്രസർക്കാറിന്റെ, പ്രത്യേകിച്ച് കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെയും അലംഭാവമാണ്. സംശയം വേണ്ട.
ബോക്സിങ്ങിൽ ഒളിമ്പിക്സ് വെങ്കല മെഡൽ വിജയിയും ആറു തവണ ലോക ചാമ്പ്യനുമായ, മുൻ രാജ്യസഭാംഗം മേരി കോമിനെ വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക അതിക്രമ പരാതികൾ അന്വേഷിക്കാനുള്ള സമിതിയുടെ അധ്യക്ഷയായി നിയോഗിച്ചത് പരാതിയുടെ ഗൗരവം ഉൾക്കൊണ്ടാണ്. പക്ഷേ, ഈ സമിതി സമർപ്പിച്ച റിപ്പോർട്ട് രഹസ്യമാക്കിെവച്ചതിനെയാണ് താരങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ഒപ്പം, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾെപ്പടെ ഏഴു പേർ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ജനുവരിയിൽ സമരം അവസാനിപ്പിക്കാൻ കായിക മന്ത്രാലയം നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ബ്രിജ് ഭൂഷനെതിരെ മാത്രമല്ല; ചില പരിശീലകർക്കെതിരെയും ലൈംഗിക ആക്രമണ പരാതി ഉയർന്നിരുന്നു.
കരുത്തനായ ബി.ജെ.പി നേതാവിനെതിരെ പരസ്യമായി രംഗത്തുവന്നതിനാൽ തങ്ങളുടെ ജീവനുതന്നെ ഭീഷണിയുണ്ടെന്നു താരങ്ങൾ പറയുന്നു.
അന്വേഷണ സമിതി മുമ്പാകെ 15 പേർ മൊഴി നൽകി. ഇപ്പോൾ പരാതിക്കാർ ഏഴായി ചുരുങ്ങിയത് പലവിധത്തിലുള്ള സമ്മർദംമൂലമാണെന്ന് സമരത്തിലുള്ളവർ പറയുന്നു.
‘‘ഏഷ്യൻ ഗെയിംസും ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളും അടുത്തെത്തിയിരിക്കെ, മെഡൽ സാധ്യതയുള്ള താരങ്ങളുടെ പരിശീലനം മുടങ്ങുന്നതായി സംഗീത ഫോഗട്ട് പറഞ്ഞു.
1999ൽ ഗോണ്ടയിൽനിന്ന് ലോക്സഭയിൽ എത്തിയ ബ്രിജ് ഭൂഷൺ പിന്നീട് കൈസർഗഞ്ച് മണ്ഡലം കുത്തകയാക്കി. 2009ൽ ബി.ജെ.പിയുമായി തെറ്റി സമാജ് വാദി പാർട്ടിയിൽ എത്തിയ ബ്രിജ് ഭൂഷൺ വിജയം കൈവിട്ടില്ല. ബി.ജെ.പിയിൽ മടങ്ങിയെത്തിയ അദ്ദേഹം ഇപ്പോൾ ആറാം തവണയാണ് ലോക്സഭയിൽ എത്തുന്നത്. ബി.ജെ.പി തഴഞ്ഞാലും ബ്രിജ് ഭൂഷൺ ജയിക്കുമെന്ന് അവർക്കറിയാം. ‘‘ബാഹുബലി നേതാ’’ എന്നാണ് അദ്ദേഹം നാട്ടിൽ അറിയപ്പെടുന്നത്. രാഷ്ട്രീയത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിച്ച ബ്രിജ് ഭൂഷൺ ഒരു വ്യാഴവട്ടമായി റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ രാജാവായി വാഴുന്നു. മൂന്നു തവണയായി 12 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് നാലു വർഷത്തേക്ക് മത്സരിക്കാനാവില്ല. അതു കഴിയുമ്പോൾ 70 വയസ്സ് എന്ന കടമ്പ വരും. യഥാർഥത്തിൽ ഫെഡറേഷന്റെ ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി തീർന്നു. രാജിവെക്കാമെന്ന വാദത്തിൽ കഴമ്പില്ല. ഭരണത്തിൽനിന്നു മാറിയാലും ഫെഡറേഷന്റെ കടിഞ്ഞാൺ ബ്രിജ് ഭൂഷന്റെ കൈയിൽതന്നെയാകും. കോടതിക്കു മാത്രമേ അദ്ദേഹത്തെ തടയാൻ കഴിയൂ.
ഉഷ മറക്കുന്നത് ആരെ?
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ തലപ്പത്ത് എത്തിയ ആദ്യ വനിതയാണ് കേരളത്തിന്റെ ഒരേയൊരു ഉഷ. വനിതാ ഗുസ്തി താരങ്ങൾ സമരം തുടങ്ങിയപ്പോൾ അവരെ കാണുകയും അനുകമ്പ കാട്ടുകയും ചെയ്ത പി.ടി. ഉഷ, താരങ്ങൾ രണ്ടാമത് സമരത്തിന് ഇറങ്ങിയപ്പോൾ നടത്തിയ പ്രസ്താവന രാജ്യവ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഒളിമ്പിക്സ് അസോസിയേഷന്റെ അത്ലറ്റ്സ് കമീഷനു പരാതി നൽകാതെ പൊതുവേദിയിൽ സമരത്തിന് ഇറങ്ങിയത് രാജ്യത്തിന് അപമാനകരമാണെന്നാണ് ഉഷയുടെ ഭാഷ്യം. അതിലേറെ അപമാനകരമല്ലേ ലൈംഗിക ആരോപണവിധേയരെ സംരക്ഷിക്കുന്നതും അക്കാര്യം ലോകം അറിയുന്നതും. താരങ്ങൾ ഗതികെട്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിർന്നത്. കൗമാരക്കാരും യുവതികളുമായുള്ള താരങ്ങളുടെ ആത്മാഭിമാനത്തിന്റെ വില പി.ടി. ഉഷ മനസ്സിലാക്കാതെ പോയത് കഷ്ടമാണ്.
ഉഷ വനിതാ ഗുസ്തി താരങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ സാനിയ മിർസയും യുവ ബോക്സർ നിഖാന്ത് സരിനുമൊക്കെ താരങ്ങളെ പിന്തുണച്ചു. ഒളിമ്പിക്സിൽ ഇന്ത്യക്കായി വ്യക്തിഗത സ്വർണം നേടിയ രണ്ടു പേരും – അഭിനവ് ബിന്ദ്രയും നീരജ് ചോപ്രയും – സമരക്കാരെ പരസ്യമായി പിന്താങ്ങി. ആറ് തവണ ശീതകാല ഒളിമ്പിക്സിൽ പങ്കെടുത്ത ശിവ േകശവൻ പിന്തുണയുമായി രംഗത്തുവന്നത് മലയാളികൾക്ക് അഭിമാനമായി.
കപിൽ ദേവ്, വീരേന്ദ്ര സെവാഗ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ തുടങ്ങിയ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾ പിന്തുണച്ചപ്പോൾ ഇപ്പോഴുള്ളവർ മൗനം പാലിക്കുന്നതിന്റെ കാരണം വ്യക്തമാണ്.
താരങ്ങൾക്ക് അച്ചടക്കമില്ലെന്നു കുറ്റപ്പെടുത്തിയ പി.ടി. ഉഷ വനിതാ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ ബാധ്യസ്ഥയാണ്. കായികരംഗത്ത് പുലർത്തേണ്ട ധാർമികത മറന്ന സംഘടനാ ഭാരവാഹികളെ പാർട്ടി നോക്കി പിന്തുണക്കരുത്. തെറ്റു തിരുത്താൻ ഉഷ തയാറാകണം.
കായിക താരങ്ങളായ വനിതകളെ എന്നും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തുപോന്ന നാടാണ് നമ്മുടേത്. വനിതാ താരങ്ങൾ പരിശീലകർക്കെതിരെ മോശമായ പെരുമാറ്റത്തിന് പരാതി ഉയർത്തിയ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. നടപടികളും എടുത്തിട്ടുണ്ട്. അവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. പക്ഷേ, ഗുസ്തി താരങ്ങളുടെ പരാതി അത്തരത്തിലുള്ളതല്ല. താരങ്ങൾ സംഘടനയിലോ പൊലീസിലോ പരാതിപ്പെടാതെ ന്യൂഡൽഹിയിൽ ജന്തർമന്തറിൽ പരസ്യ പ്രതിഷേധവുമായി എത്തുകയായിരുന്നു തുടക്കത്തിൽ. ഇതിനെ ചിലരെങ്കിലും ചോദ്യംചെയ്തു. പക്ഷേ, ജൂനിയർ താരങ്ങളുടെ ഭാവി കണക്കിലെടുത്താണ് പൊലീസ് കേസിനും മറ്റും പോകാതിരുന്നതെന്ന് സീനിയർ താരങ്ങൾ പറഞ്ഞു. പൊലീസിലോ സംഘടനയിലോ പരാതിപ്പെട്ടിട്ടും കാര്യമില്ലായിരുന്നെന്നു വ്യക്തമായല്ലോ.
റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ സാക്ഷി മലിക്, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം തവണ മെഡലും നേടിയ വിനേഷ് ഫോഗട്ട്, ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ അൻഷു മലിക് എന്നിവരും രാജ്യാന്തര താരങ്ങളായ സരിത മോർ, സോനം മലിക്, അഞ്ജും പംഗൽ എന്നിവരുമാണ് പരസ്യമായി രംഗത്തുവന്നത്. ഇവർക്കു പിന്തുണയുമായി സമരത്തിൽ പങ്കെടുത്തതാകട്ടെ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ബജ്റങ് പൂനിയയും ഒളിമ്പിക്സിൽ വെള്ളി നേടിയ രവി കുമാർ ദാഹിയയുമൊക്കെയാണ്.
കഴിഞ്ഞ നാല് ഒളിമ്പിക്സിൽ തുടരെ ഇന്ത്യക്ക് മെഡൽ നേടിത്തന്ന ഇനമാണ് ഗുസ്തി. ഒളിമ്പിക്സിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വ്യക്തിഗത മെഡലും ഗുസ്തിയിൽ ആയിരുന്നു; 1952ൽ ജാദവിലൂടെ ലഭിച്ച വെങ്കലം. ബ്രിട്ടീഷ് ഇന്ത്യയുടെ കായിക ചരിത്രത്തിൽ തന്നെ ഗുസ്തി ശ്രദ്ധേയ സ്ഥാനം നേടിയിരുന്നു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് മുതൽ തുടരെ നാല് ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച ഇനമാണ് ഗുസ്തി. വനിതകൾ വൈകിയാണ് ഗോദയിൽ ഇറങ്ങിയതെങ്കിലും വളരെപ്പെട്ടെന്ന് രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ചു.
രണ്ടുതവണ ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം സുശീൽ കുമാർ കൊലപാതകക്കേസിൽ ജയിലിൽ ആയതിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യൻ ഗുസ്തിരംഗം മോചനം നേടുന്നതിനു മുമ്പാണ് വനിതകൾ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയത്.
രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വനിതകൾ കായികരംഗത്ത് വൻ നേട്ടമാണ് കൈവരിക്കുന്നത്. 2000ത്തിൽ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരി വെങ്കലം നേടിയതു മുതൽ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2016ൽ റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു കിട്ടിയ രണ്ടു മെഡലും വനിതകളുടെ സംഭാവനയായിരുന്നു. പി.വി. സിന്ധുവും സാക്ഷി മലിക്കുമാണ് ഇന്ത്യയുടെ അഭിമാനം കാത്തത്. ടോക്യോയിലാകട്ടെ ആദ്യ ദിനത്തിൽതന്നെ ഇന്ത്യയെ മെഡൽ പട്ടികയിൽ എത്തിച്ചത് ഭാരോദ്വഹന താരം മീര ബായ് ചാനുവാണ്.
ഇത്തരം അവസരത്തിൽ നമ്മുടെ വനിതാ താരങ്ങൾക്ക് സുരക്ഷിതമായി, അഭിമാനത്തോടെ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയണം. വനിതാ താരങ്ങളെ ആദരവോടെ കാണാൻ പൊതുസമൂഹത്തിനു സാധിക്കണം. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
ലൈംഗികമായ ഉപദ്രവം മാത്രമല്ല വനിതകൾ നേരിടുന്ന പ്രശ്നം. ടോക്യോ ഒളിമ്പിക്സിൽ തിളങ്ങാൻ കഴിയാതെ പോയ തന്നെ ഫെഡറേഷൻ പ്രസിഡന്റ് മാനസികമായി ഏറെ പീഡിപ്പിച്ചെന്നും ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചെന്നും വിനേഷ് ഫോഗട്ട് നടത്തിയ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. വിനേഷ് അതുവരെ രാജ്യത്തിനായി കൈവരിച്ച നേട്ടങ്ങൾ മറക്കാമോ?
ഫെഡറേഷനുകളിലെ പുരുഷ ആധിപത്യമല്ല പ്രശ്നം. യഥാർഥ സ്പോർട്സ് പ്രേമികൾ സംഘാടകരിൽ വരാത്തതാണു കാരണം. യഥാർഥ സ്പോർട്സ് പ്രേമി കായിക താരങ്ങളെ വേർതിരിച്ചു കാണില്ല. പരാജയപ്പെടുമ്പോൾ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കായികതാരങ്ങൾ ഉണ്ടെങ്കിലേ സംഘടനകൾ ഉണ്ടാകൂ എന്ന് ഓർക്കണം. സംഘടനകളിലെ രാഷ്ട്രീയ അതിപ്രസരവും പ്രശ്നമാണ്.
രാജ്യാന്തര മത്സരങ്ങൾ വിജയിച്ചുവരുമ്പോൾ തങ്ങളെ സ്വീകരിക്കുകയും ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്യുന്നവർ ഇപ്പോൾ തങ്ങളെ കേൾക്കാൻ തയാറാകുന്നില്ലെന്ന് സാക്ഷി മലിക് കുറ്റപ്പെടുത്തി. 2016ൽ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയെത്തിയപ്പോൾ സർക്കാർ ഒരുക്കിയ സ്വീകരണവേളയിൽ സാക്ഷിയെ പേരെടുത്തു വിളിച്ച് വിശേഷങ്ങൾ തിരക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ കാണാൻ തയാറാകണം. പ്രധാനമന്ത്രിയെ എങ്ങനെ ബന്ധപ്പെടണമെന്ന് അറിയാത്തതിനാലാണ് മാധ്യമങ്ങളുടെ സഹായം തേടുന്നതെന്ന് സാക്ഷിയെപ്പോലെ ഒരു ഒളിമ്പിക്സ് മെഡൽ ജേത്രി പറയുന്നത് ഗൗരവമുള്ളതാണ്. മേയ് ഏഴിനു നടക്കേണ്ട ഫെഡറേഷൻ തിരഞ്ഞെടുപ്പിനുള്ള നടപടികൾ നിർത്തിവെക്കാൻ കേന്ദ്ര കായിക മന്ത്രാലയം നിർദേശിച്ചിരുന്നു. താൽക്കാലിക സമിതി രൂപവത്കരിച്ച് 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്താനാണ് നിർദേശം.
ബി.ജെ.പിക്ക് ബ്രിജ് ഭൂഷണിനെ പിണക്കാൻ രാഷ്ട്രീയമായി ബുദ്ധിമുട്ടുണ്ട്. പാട്ടുപാടിയാണോ വോട്ടുപിടിക്കുന്നതെന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചതാണ്. പാട്ടും പാടി ജയിക്കുമെന്നതാണു സ്ഥിതിയെന്ന് ഒപ്പമുണ്ടായിരുന്ന ഐ.ഒ.എ ഭാരവാഹി പറഞ്ഞത് ഓർക്കുന്നു.
രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അടുത്ത സെഷൻ ഈ വർഷം മുംബൈയിൽ നടക്കും. ഇന്ത്യ 2036ൽ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുകയുമാണ്. അഹ്മദാബാദാണ് വേദിയായി ഉയർത്തിക്കാട്ടുക. ഇങ്ങനെയൊരു അവസരത്തിൽ വനിതാ കായികതാരങ്ങൾക്ക് പ്രേത്യക കരുതൽ ഉറപ്പുവരുത്തണം.
വനിതാ ഗുസ്തി താരങ്ങൾക്കുണ്ടായ അനുഭവം കായികരംഗത്തെ പൊതുപ്രശ്നമായി കണക്കാക്കി പരിഹാരം കാണണം. എല്ലാ കായിക സംഘടനകളിലും വനിതകളുടെ പ്രശ്നങ്ങൾ കേൾക്കാൻ മാത്രമല്ല പരിഹരിക്കാനും സ്ഥിരം സംവിധാനം വേണം. ഒളിമ്പിക്സ് അസോസിയേഷന്റെ തലപ്പത്ത് വനിത വന്നുവെന്നു മാത്രമല്ല, ഭരണസമിതിയിലും ഒട്ടേറെ പ്രമുഖ വനിതാ താരങ്ങളുണ്ട്. ഇതൊരു നല്ല സൂചനയായി കണക്കാക്കാം. പക്ഷേ, ഗുസ്തി താരങ്ങളുടെ പരാതിയുടെ ഗൗരവം ഉൾക്കൊണ്ട് പ്രശ്നം പ്രധാനമന്ത്രിയുടെ മുന്നിലെത്തിക്കാൻ ഐ.ഒ പ്രസിഡന്റും രാജ്യസഭാ അംഗവുമായ പി.ടി. ഉഷക്കു കഴിയണം.
പരസ്യമായി പ്രതികരിക്കാൻ തയാറായ വനിതാ താരങ്ങളും അവർക്കൊപ്പം നിന്ന പുരുഷന്മാരും അനുമോദനം അർഹിക്കുന്നു. രാഷ്ട്രീയം മാറ്റിെവച്ച്, മാറ്റങ്ങൾക്ക് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും കേന്ദ്ര സ്പോർട്സ് മന്ത്രാലയവും നേതൃത്വം നൽകട്ടെ.
‘‘ഒരു കായികതാരം എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഈ സമരം കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. താരങ്ങൾ രാജ്യത്തിനു വേണ്ടി മെഡൽ നേടിയപ്പോൾ നമ്മളെല്ലാവരും ആഘോഷിച്ചതാണ്. ഗുരുതരമായ ആരോപണങ്ങളാണ് താരങ്ങൾ ഉന്നയിക്കുന്നത്. അവർക്കേറ്റവും ദുഷ്കരമായ ഈ സമയത്ത് എല്ലാവരും അവരോടൊപ്പം നിൽക്കണം.’’
ടെന്നിസ് ഇതിഹാസം സാനിയ മിർസയുടെ വാക്കുകൾ ഉഷയുടേതിനു നേർവിപരീതമാണ്. താരമായും സ്ത്രീയായും സാനിയ വനിതാ ഗുസ്തി താരങ്ങളുടെ സമരത്തെ കാണുന്നു.
‘‘രാജ്യത്തിന്റെ യശസ്സ് ഉയർത്തുവാൻ കഠിനാധ്വാനംചെയ്ത കായിക താരങ്ങൾ നീതിക്കായി തെരുവിലിറങ്ങേണ്ടിവന്നത് കണ്ണു നനക്കുന്നു’’ -ഹോക്കി ഒളിമ്പ്യൻ റാണി റാംഫാൽ പറഞ്ഞ വാക്കുകളും ഉഷയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
സാനിയ സജീവ ടെന്നിസിൽനിന്നു വിരമിച്ചു. റാണി റാംഫാൽ ഏറ്റവും സീനിയർ ആയ ഹോക്കി കളിക്കാരിയാണ്. എന്നാൽ, യുവതാരം, ലോക ബോക്സിങ് ചാമ്പ്യൻ നിഖാത് സരിൻ നീ രജ് ചോപ്രയെപ്പോലെ തന്റേടത്തോടെ പ്രതികരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ‘‘നമ്മുടെ ഒളിമ്പിക്, ലോക മെഡൽ ജേതാക്കളെ ഇങ്ങനെ കാണുന്നത് ഹൃദയഭേദകമാണ്. രാജ്യാന്തര തലത്തിൽ നേട്ടങ്ങൾ കൈവരിച്ച് അവർ രാജ്യത്തെ സേവിക്കുന്നവരാണ്. സമരമുഖത്തുള്ള കായിക താരങ്ങൾക്ക് എത്രയും വേഗം നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.’’
വനിതാ ഗുസ്തി താരങ്ങളുടെ പ്രായത്തിൽപെടുന്ന നിഖാതിന് ഇനി ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. പക്ഷേ, അവർ മനസ്സ് തുറന്നു. സഹതാരങ്ങളുടെ മാനസികവികാരം ഉൾക്കൊണ്ടു. പി.ടി. ഉഷക്കു കഴിയാതെ പോയതും ഇതു തന്നെ.