തിരുവനന്തപുരം നഗരസഭയിൽ പട്ടികജാതി ഫണ്ട് എന്തുചെയ്യുന്നു?
കേരളത്തിലെ നഗരസഭകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന് ഒരു സൂചകമാണ് തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്ന സംഭവങ്ങൾ. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് വർഷം നടപ്പാക്കിയ ചില പദ്ധതികളെ സംബന്ധിച്ച് ഓഡിറ്റ് സംഘം പരിശോധന നടത്തിയപ്പോൾ പുറത്തായത് ക്രമക്കേടുകളുടെ വന്മലയാണ്. അതേക്കുറിച്ച് മാധ്യമം ലേഖകൻ അന്വേഷിക്കുന്നു.അഴിമതി കേരളത്തെയാകെ കാർന്നുതിന്നുകയാണ്. തദ്ദേശസ്ഥാപനങ്ങളും അഴിമതിയിൽ മുങ്ങുന്നുവെന്നാണ്...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ നഗരസഭകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന് ഒരു സൂചകമാണ് തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്ന സംഭവങ്ങൾ. തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് വർഷം നടപ്പാക്കിയ ചില പദ്ധതികളെ സംബന്ധിച്ച് ഓഡിറ്റ് സംഘം പരിശോധന നടത്തിയപ്പോൾ പുറത്തായത് ക്രമക്കേടുകളുടെ വന്മലയാണ്. അതേക്കുറിച്ച് മാധ്യമം ലേഖകൻ അന്വേഷിക്കുന്നു.
അഴിമതി കേരളത്തെയാകെ കാർന്നുതിന്നുകയാണ്. തദ്ദേശസ്ഥാപനങ്ങളും അഴിമതിയിൽ മുങ്ങുന്നുവെന്നാണ് പരിശോധന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൊടുമുടിയിലാണ് പല തദ്ദേശ സ്ഥാപനങ്ങളും. പട്ടികജാതി-വർഗ ഫണ്ടുകൾ മറ്റ് പദ്ധതികളിലേക്ക് വകമാറ്റുകയെന്നത് നിയമവിരുദ്ധമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ അതൊരു സ്വാഭാവിക നടപടിയാണ്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ രണ്ട് വർഷം നടപ്പാക്കിയ ചില പദ്ധതികളെ സംബന്ധിച്ച് ഓഡിറ്റ് സംഘം പരിശോധന നടത്തിയപ്പോൾ പുറത്തായത് ക്രമക്കേടുകളുടെ വന്മലയാണ്. നമുക്ക് ചുറ്റും അടിഞ്ഞുകൂടിയ ജീർണതയുെട മുഖമാണ് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി സമൂഹത്തിന്റെ വികസനം അട്ടിമറിക്കുന്നതിന്റെ വഴികൾകൂടി ചൂണ്ടിക്കാണിക്കുകയാണ് റിപ്പോർട്ട്.
63 വനിത സംരംഭങ്ങൾ എവിടെ?
തിരുവനന്തപുരം നഗരസഭ 2020-21ലും 2021-22ലും സംരംഭക ഗ്രൂപ്പുകൾക്ക് മൂന്നുലക്ഷം രൂപവീതം സബ്സിഡി നൽകിയിരുന്നു. അത് അന്വേഷിക്കുമ്പോഴാണ് കേരളത്തിന്റെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന താൽപര്യത്തിന്റെ മുഖമുദ്ര പുറത്തുവരുന്നത്. 2021-22ൽ അറുപത്തിമൂന്നും 2020-21ൽ നൂറ്റിഅമ്പത്തിരണ്ടും അടക്കം 215 സംരംഭങ്ങൾക്കാണ് സബ്സിഡി നൽകിയത്. മന്ത്രി പി. രാജീവിന്റെ കണക്കിലുള്ള 1.27 ലക്ഷം പുതിയ സംരംഭങ്ങളിൽ ഉൾപ്പെട്ടതാണ് ഇവ. രണ്ട് വർഷവും കൂട്ടിയാൽ 6.45 കോടി രൂപ സംരംഭങ്ങൾക്കായി നഗരസഭ സബ്സിഡി നൽകി. അതിൽ 58 സംരംഭങ്ങൾക്കായി വിനിയോഗിച്ചത്, പട്ടികജാതി ജനതയുടെ അടിസ്ഥാന വികസനത്തിനുള്ള പട്ടികജാതി ഘടക പദ്ധതിക്ക് (എസ്.സി.പി)നീക്കിവെച്ച 1.74 കോടി രൂപയാണ്.
നഗരസഭയിൽ 2021-22 സാമ്പത്തിക വർഷം 63 വനിത സ്വയം തൊഴിൽ ഗ്രൂപ്പുകൾക്ക് സബ്സിഡിയായി മൂന്നുലക്ഷം രൂപവീതം നൽകിയിരുന്നു. പൊതുവിഭാഗത്തിൽ 38 ഗ്രൂപ്പുകൾക്ക് 1.14 കോടിയും പട്ടികജാതി വിഭാഗത്തിന് 25 ഗ്രൂപ്പുകൾക്ക് എസ്.സി.പി ഫണ്ടിൽനിന്ന് 75 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്.
കോവളം സർവിസ് സഹകരണ ബാങ്കിൽ -ഒന്ന്, കേരള ബാങ്ക് കുളത്തൂർ ശാഖയിൽ 20 ഗ്രൂപ്പുകൾക്ക് 60 ലക്ഷം, മുട്ടത്തറ 12 ഗ്രൂപ്പുകൾക്ക് 12 ലക്ഷം എന്നിങ്ങനെയാണ് പട്ടികജാതിക്കാർക്ക് നൽകിയത്. പൊതുവിഭാഗത്തിൽ കഴക്കൂട്ടം -മൂന്ന് ഗ്രൂപ്, പട്ടം -മൂന്ന്, വിഴിഞ്ഞം -ഒന്ന്, വട്ടിയൂർക്കാവ് -12, മുട്ടത്തറ -ആറ്, പേരൂർക്കട -15, കോവളം -എട്ട് എന്നിങ്ങനെയായിരുന്നു. ഓഡിറ്റ് പരിശോധനയിൽ സബ്സിഡി മാർഗരേഖകൾ പാലിക്കാതെയാണ് തുക നൽകിയത്.
പട്ടികയിൽ ഇല്ലാത്തവർക്കും സബ്സിഡി
ഗുണഭോക്തൃ പട്ടികയിൽ പേരില്ലാത്ത നാല് ഗ്രൂപ്പുകൾക്ക് സബ്സിഡി നൽകിയതായും ഒാഡിറ്റ് സംഘം കണ്ടെത്തി. സബ്സിഡി നൽകിയ 11 ഗ്രൂപ്പുകളുടെ അംഗങ്ങളുടെ പേര് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഹാർബർ, വലിയവിള, കാഞ്ഞിരംപാറ, തിരുവല്ല, കുടപ്പനക്കുന്ന്, ചെട്ടിവളാകം തുടങ്ങിയ വാർഡുകളിലെ ചില സംരംഭങ്ങൾക്കാണ് ഇത് സംഭവിച്ചത്. അപേക്ഷയും എഗ്രിമെന്റും പ്രകാരമുള്ള ഗ്രൂപ്പുകളിലെ അംഗങ്ങളും ഗുണഭോക്തൃ ലിസ്റ്റിലെ അംഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. എഗ്രിമെന്റും അപേക്ഷയും പ്രകാരമുള്ള 31 ഗ്രൂപ്പുകളുടെ അംഗങ്ങളായ അഞ്ച് പേരല്ല ബാങ്ക് അക്കൗണ്ട് പ്രകാരമുള്ളവർ. ഗുണഭോക്തൃ ലിസ്റ്റിലും അപേക്ഷയും എഗ്രിമെന്റും രണ്ടു ഗ്രൂപ്പുകളിലും ഒരേ പേരും വിലാസവുമുള്ള ആശാലത എന്ന അംഗമുണ്ട്. കുളത്തൂരിലെ നിർമാലയം ഗാർമെന്റ്സിലും ഐശ്വര്യ ഗാർമെന്റ്സിലും ഒരേസമയം ഗുണഭോക്താവാണ് എസ്. ആശാലത. അപേക്ഷ നൽകിയതും എഗ്രിമെന്റ് വെച്ചതും ഗുണഭോക്തൃ ലിസ്റ്റും തമ്മിൽ പൊരുത്തത്തെക്കാൾ പൊരുത്തക്കേടുകളാണ്.
പട്ടികജാതിക്ക് വ്യാജന്മാർ
ഇൻഡസ്ട്രീസ് എക്സ്റ്റഷൻ ഓഫിസർ നടപ്പാക്കുന്ന പദ്ധതികളുടെ കൗൺസിൽ അംഗീകരിച്ച സപ്ലിമെന്ററി പട്ടിക ഉൾപ്പെടെയുള്ള ഗുണഭോക്തൃ പട്ടിക പ്രകാരം ജനറൽ വിഭാഗത്തിലുള്ള വ്യക്തികൾ അടങ്ങിയ സംരംഭങ്ങൾ (ജെ.എൽ.ജി) മാത്രമായിരുന്നു. പിന്നീട് എസ്.സി വിഭാഗത്തിലെ 25 സ്വയം തൊഴിൽ ഗ്രൂപ് സംരംഭങ്ങൾകൂടി ഉൾപ്പെടുത്തി. അവർക്ക് എസ്.സി.പി ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ സബ്സിഡി നൽകി. അതേസമയം, ഗ്രൂപ്പുകളെയെല്ലാം ഗുണഭോക്തൃ ലിസ്റ്റിൽ ജനറൽ ഗ്രൂപ്പുകളായി രേഖപ്പെടുത്തുകയും ചെയ്തു. ഫയൽ പരിശോധിച്ചതിൽ ഈ അംഗങ്ങളുടെ ജാതി (എസ്.സി) തെളിയിക്കുന്ന രേഖ ഓൺലൈൻ വഴി ലഭിച്ച സെക്യൂരിറ്റി കോഡുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അല്ല. ഇവയെല്ലാം കൃത്രിമമായി നിർമിച്ച ഫോട്ടോകോപ്പികളാണ്. അങ്ങനെ ഈ പദ്ധതിപ്രകാരം ആകെ 75 ലക്ഷം രൂപ എസ്.സി വിഭാഗത്തിലെ ഗ്രൂപ് സംരംഭങ്ങൾക്ക് നൽകിയെന്ന വ്യാജേന ജനറൽ വിഭാഗത്തിനാണ് എസ്.സി.പി ഫണ്ട് വിനിയോഗിച്ചിരിക്കുന്നത്. മൂന്നാറിലെയും അട്ടപ്പാടിയിലെയും വ്യാജപട്ടയങ്ങൾപോലെ തലസ്ഥാന നഗരിയിൽ വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റും ഹാജരാക്കി പണം തട്ടിയെടുത്തുവെന്ന നടുക്കുന്ന വിവരമാണ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്.
രാജ്യത്തെ പട്ടികജാതിക്കാരുടെ സാമൂഹിക-സാമ്പത്തിക ദാരിദ്ര്യം പരിഹരിക്കുന്നതിന് കേന്ദ്ര ആസൂത്രണ കമീഷൻ 1979ൽ രൂപം നൽകിയതാണ് സ്പെഷൽ കോംപോണന്റ് പ്ലാൻ (പ്രത്യേക ഘടകപദ്ധതി -എസ്.സി.പി). ഇതൊരു പൊതുപദ്ധതിയല്ല. സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നടപ്പാക്കുന്ന പദ്ധതികൾ പട്ടികജാതി വിഭാഗങ്ങൾക്ക് മാത്രമായി അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വികസനത്തിനുമാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടത്. നഗരസഭയിലെ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് എസ്.സി.പി ഫണ്ട് വിനിയോഗിച്ചത്. പട്ടികജാതി വകുപ്പും പട്ടികജാതി ഗോത്രകമീഷനും ഇവിടെ നോക്കുകുത്തിയായി.
പണമെല്ലാം വ്യാജസ്ഥാപനത്തിൽ
വനിതാ സംരംഭങ്ങൾ തുടങ്ങുന്നതിന് എട്ടു ബാങ്കുകളിൽനിന്നായി വിവിധ ഗ്രൂപ്പുകൾക്ക് വായ്പ നൽകിയെന്നാണ് നഗരസഭയിലെ ഫയലിൽ രേഖപ്പെടുത്തിയത്. വായ്പ അനുവദിച്ച ബാങ്ക് അധികൃതരുടെ കത്ത് ഹാജരാക്കിയാണ് സബ്സിഡി തട്ടിയെടുത്തത്. കത്തുകൾ പരിശോധിച്ചതിൽ മൂന്നു ബാങ്കുകളിൽ (കഴക്കൂട്ടം ഇന്ത്യൻ ബാങ്ക്, പട്ടം കേരള ഗ്രാമീൺ ബാങ്ക്, വിഴിഞ്ഞം ബാങ്ക് ഓഫ് ബറോഡ)നിന്നും ഏഴ് ഗ്രൂപ്പുകൾക്കും നൽകിയിരിക്കുന്ന വായ്പ അനുവദിച്ച കത്തും കോവളം, മുട്ടത്തറ, വട്ടിയൂർക്കാവ് സർവിസ് സഹകരണ ബാങ്കുകൾ, കേരള ബാങ്ക് കുളത്തൂർ, പേരൂർക്കട ബ്രാഞ്ചുകൾ എന്നിവിടങ്ങളിൽനിന്ന് രണ്ട് ഗ്രൂപ്പുകൾക്ക് വായ്പ അനുവദിച്ച കത്തും ഒഴികെ എല്ലാം വ്യാജമാണ്. മറ്റ് കത്തുകൾ കൃത്രിമമായി ഉണ്ടാക്കിയ രേഖകളാണ്. ഇത്തരം ഗ്രൂപ്പുകൾ (ജെ.എൽ.ജി) ഒരു എസ്.ബി അക്കൗണ്ട് (സേവിങ്സ് ബാങ്ക്) തുടങ്ങിയെന്നുള്ള കത്ത് മാത്രമാണ് നൽകിയത് എന്നും ഈ ഗ്രൂപ്പുകൾക്ക് വായ്പ ലഭ്യമാക്കിയിട്ടില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ചുരുക്കത്തിൽ, 63 വനിത ഗ്രൂപ്പുകളിൽ 54 ഗ്രൂപ്പുകളും ബാങ്കിൽനിന്ന് ഇല്ലാത്ത വായ്പയുടെ പേരിൽ വ്യാജരേഖ രേഖ നിർമിക്കുകയായിരുന്നു.
കേരള ബാങ്ക് കുളത്തൂർ ശാഖയിൽ, 20 ഗ്രൂപ്പുകൾക്കായി ലഭിച്ച 60 ലക്ഷം രൂപയിൽ 57 ലക്ഷം രൂപ 19 ഗ്രൂപ്പുകൾക്കായി അവരുടെ എസ്.ബി അക്കൗണ്ടിൽ നൽകി. ഒരു ഗ്രൂപ്പിനുള്ള മൂന്ന് ലക്ഷം രൂപ (ശിവപാർവതി -ജെ.എൽ.ജി) ബാങ്കിന്റെ അക്കൗണ്ടിൽ നിലനിർത്തി. ഇതിൽ ഒരു ഗ്രൂപ്പിന് അക്കൗണ്ടിൽ നൽകിയ തുക ഒഴികെ ബാക്കി 54 ലക്ഷം രൂപയും പിൻവലിച്ചെന്നാണ് കണ്ടെത്തിയത്.
കേരള ബാങ്ക് പേരൂർക്കട ശാഖയിൽ അഞ്ച് ഗ്രൂപ്പുകൾക്കായി ലഭിച്ച 15 ലക്ഷം രൂപയിൽ അവരുടെ എസ്.ബി അക്കൗണ്ടിൽ നൽകി. തുടർന്ന് എല്ലാ തുകയും പിൻവലിച്ചു. മുട്ടത്തറ സഹകരണ ബാങ്ക് മെയിൻ ശാഖയിൽ 10 ഗ്രൂപ്പുകൾക്കായി ലഭിച്ച 30 ലക്ഷം രൂപയിൽ അവരുടെ എസ്.ബി അക്കൗണ്ടിൽനിന്ന് പിൻവലിച്ചു.
മൂന്നു ബാങ്കുകളിലായി 33 ഗ്രൂപ്പുകൾ (18 + 05 + 10) അവരുടെ അക്കൗണ്ടിൽനിന്ന് പിൻവലിച്ച 99 ലക്ഷം രൂപ ചെക്ക് വഴി എത്തിച്ചേർന്നത് പൂന്തുറ മൂന്നാറ്റ് മുക്കിലെ അശ്വതി സപ്ലൈസ് എന്ന സ്ഥാപനത്തിലാണ്. അശ്വതി ഭവനിൽ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഈ സ്ഥാപനത്തിൽനിന്ന് ഓരോ ഗ്രൂപ്പിനും 10 തയ്യൽ കട്ടിങ് മെഷീനും അനുബന്ധ സാധനങ്ങളും വാങ്ങിയെന്നാണ് രേഖ. സാധനങ്ങൾ വാങ്ങുന്നതിനായി കേരള ബാങ്കിന്റെ മാണിക്യവിളാകം ബ്രാഞ്ചിലെയും (90 ലക്ഷം രൂപ), കുന്നുകുഴി ബ്രാഞ്ചിലെയും (ഒമ്പത് ലക്ഷം) അശ്വതി സപ്ലൈസിന്റെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തു. ഈ അക്കൗണ്ടിൽനിന്ന് അശ്വതി സപ്ലൈസ് മുഴുവൻ തുകയും പിൻവലിച്ചു.
എന്നാൽ, അശ്വതി സപ്ലൈസ് സ്ഥാപനത്തിന്റെ ജി.എസ്.ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം കമ്പനി കച്ചവടം നടത്തിയിട്ടില്ല. സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവർ മൂന്ന് ലക്ഷം രൂപ സബ്സിഡി ലഭിച്ച ഒരുമ ഗാർമെന്റ്സ് എന്ന സംരംഭത്തിലെ അംഗമാണ്. ലക്ഷങ്ങളുടെ വിൽപനയുള്ള സ്ഥാപനത്തിന്റെ ഉടമയായ സിന്ധു ചെറിയ സംരംഭത്തിലെ അംഗമാണെന്നത് വിശ്വസനീയമല്ല. ഈ കമ്പനിതന്നെ വ്യാജമാണെന്നാണ് ഓഡിറ്റിന്റെ കണ്ടെത്തൽ. അശ്വതി ആരുടെ ബിനാമിയാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
കോവളം സഹകരണ ബാങ്ക് വഴി ആകെ ഒമ്പത് ഗ്രൂപ്പുകൾക്കായി മൂന്ന് ലക്ഷം രൂപ വീതം 27 ലക്ഷം രൂപ നൽകി. ബാങ്ക് തുക ഗ്രൂപ്പുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും തുടർന്ന് 50,000 രൂപ വീതം ആറു തവണകളായി ലൂസ് ലീഫ് (loose leaf) ആയി ഗ്രൂപ്പുകളുടെ അംഗങ്ങൾ ഈ തുകകൾ കാഷായി അക്കൗണ്ടിൽനിന്നും പിൻവലിച്ചു.
വട്ടിയൂർക്കാവ് സഹകരണ ബാങ്കിലേക്ക് 12 ഗ്രൂപ്പുകൾക്ക് വേണ്ടി സബ്സിഡി തുകയായി 36 ലക്ഷം രൂപ നൽകി. ഇതിൽ രണ്ട് ഗ്രൂപ്പുകൾ ഈ ബാങ്കിൽനിന്നും 3,75,000 രൂപ ലോൺ എടുത്തതാണ്. അതിനാൽ, അവർക്കുള്ള ആറു ലക്ഷം രൂപ (മൂന്നുലക്ഷം വീതം) സബ്സിഡി എന്ന നിലയിൽ ലോണിലേക്കായി മാറ്റി. എന്നാൽ, ബാക്കി 10 ഗ്രൂപ്പുകൾക്ക് ബാങ്കിൽ എസ്.ബി അക്കൗണ്ട് മാത്രമേയുള്ളൂ. എന്നാൽ, ലോൺ നൽകിയെന്ന് കാണിക്കുന്ന വട്ടിയൂർക്കാവ് ബാങ്കിലെ വായ്പയുടെ വ്യാജ കത്ത് കോർപറേഷനിൽ ഹാജരാക്കിയിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതർ 30 ലക്ഷം രൂപ തടഞ്ഞുവെക്കുകയും വ്യവസായ മന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഈ തുക അക്കൗണ്ടിൽ ഇപ്പോഴും ബാങ്കിലുണ്ട്.
കടലാസ് സംരംഭങ്ങൾ
രേഖകൾ പരിശോധിക്കുക മാത്രമല്ല, ഓഡിറ്റ് സംഘം സംരംഭകരെ കാണുകയും ചെയ്തു. കോവളം സഹകരണ ബാങ്കിലെ സൺഫ്ലവർ ഗ്രൂപ്പിനെ സന്ദർശിച്ചപ്പോൾ അവർ തൊഴിൽ സംരംഭം ആരംഭിച്ചിട്ടില്ല. ഗ്രൂപ്പിലെ മൂന്നു അംഗങ്ങളെ മാത്രമാണ് കണ്ടെത്താനായത്. മറ്റു രണ്ടു പേർ സ്ഥലത്തില്ലെന്നാണ് പറയുന്നത്. സൺഫ്ലവർ ഗ്രൂപ് ബാങ്കിൽനിന്ന് ലോൺ എടുത്തിട്ടില്ലെന്നും അറിയിച്ചു. സബ്സിഡി ലഭിക്കാനായി ഇവരെ നിഷ എന്ന സ്ത്രീയാണ് ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഗ്രൂപ്പിന്റെ പേരിൽ എടുപ്പിച്ചത്. നിഷ ഇവരിൽനിന്ന് ബ്ലാങ്ക് ചെക്ക് ലീഫുകൾ ഒപ്പിട്ടുവാങ്ങിയെന്നും അന്വേഷണ സംഘത്തിന് മൊഴി നൽകി. സബ്സിഡി തുക എന്ന നിലയിൽ ഈ അംഗങ്ങൾക്ക് 20,000 രൂപ വീതം നിഷ നൽകിയെന്നും പറഞ്ഞു.
ഗുണഭോക്തൃ ലിസ്റ്റിൽ എഗ്രിമെന്റ് പ്രകാരമുള്ള അംഗങ്ങളല്ലാത്ത സ്ത്രീകളുള്ള കേരള ബാങ്കിന്റെ കുളത്തൂർ ശാഖയിൽ നാല് ഗ്രൂപ്പുകളുണ്ട് (എസ്.സി വിഭാഗത്തിലുള്ള സൗഭാഗ്യ, ഉദയ, ഐശ്വര്യ, വിഗ്നേശ്വര). ഇവയിൽ സൗഭാഗ്യ ഗ്രൂപ് അംഗമായ മായ എന്ന അംഗത്തെ മാത്രമാണ് കണ്ടെത്താനായത്. അവർക്ക് ആ ഗ്രൂപ്പിലെ ഒരാളൊഴികെ മറ്റാരെയും അറിയില്ല. ഈ ഗ്രൂപ്പും ഒരു സംരംഭവും ആരംഭിച്ചിട്ടില്ല. രതീഷാകുമാരി വഴി സിന്ധു എന്ന സ്ത്രീയാണ് അവരെ കുളത്തൂർ ബാങ്കിൽ ഗ്രൂപ്പിന്റെ പേരിൽ സേവിങ്സ് അക്കൗണ്ട്സ് തുടങ്ങിച്ചത്. അവർക്ക് സബ്സിഡി എന്ന നിലയിൽ 18,000 രൂപ പണമായി കിട്ടി.
ഉദയ ഗ്രൂപ്പിലെ രതീഷാകുമാരിയെ മാത്രമേ കണ്ടെത്താനായുള്ളൂ. ഈ ഗ്രൂപ്പും സംരംഭം ആരംഭിച്ചിട്ടില്ല. സിന്ധു എന്ന സ്ത്രീയാണ് ഇവരെയും ഗ്രൂപ്പിലെത്തിച്ചത്. ഇവർക്കും18,000 രൂപയും 7000 രൂപ വിലയുള്ള മെഷീനും നൽകി. വിഗ്ന്വേശ്വര ഗ്രൂപ്പിന്റെ അംഗങ്ങൾക്കു ജോലിസംബന്ധമായി എത്താൻ സാധിക്കാത്തതിനാൽ ഫോൺനമ്പറുകൾ രതീഷാകുമാരി നൽകി. തുടർന്ന് സി.ഡി.എസ് അംഗം സെക്രട്ടറിയെ ഓഡിറ്റ് സംഘം ഫോൺവഴി ബന്ധപ്പെട്ടു. ഈ ഗ്രൂപ് ഒരു സംരംഭവും ആരംഭിച്ചിട്ടില്ലെന്ന് അറിയിച്ചു. രതീഷാകുമാരിയാണ് അവരെ കുളത്തൂർ ബാങ്കിൽ ഗ്രൂപ്പിന്റെ പേരിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിച്ചത്. അവർക്ക് സബ്സിഡി എന്ന നിലയിൽ 25,000 രൂപ (18,000 കാഷും 7000 രൂപ വിലയുള്ള മെഷീനും) നൽകി.
അഴിമതിക്ക് പുതുവഴികൾ
അഴിമതിക്കുള്ള പുതുവഴി വെട്ടിയത് 2021-22 ലാണ്. അതിന്റെ തുടർച്ചയായിരുന്നു 2022-23ലേത്. 2022ലെ ക്രമക്കേട് തിരിച്ചറിഞ്ഞപ്പോഴാണ് 2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതികൂടി പരിശോധിക്കാൻ ഓഡിറ്റ് സംഘം തീരുമാനിച്ചത്. 2020-21ലും ജനറൽ വിഭാഗത്തിലെ 119 വനിതാ ഗ്രൂപ്പുകൾക്ക് 3.57 കോടിയും 33 പട്ടികജാതി വനിതാ സംരംഭകർക്ക് 99 ലക്ഷവും ഉൾപ്പെെട ആകെ 4.56 കോടി അനുവദിച്ചിരുന്നു. ഇവിടെയും വായ്പാ കത്തുകൾ വ്യാജംതന്നെ. സംരംഭകർ മൂന്ന് ബാങ്കുകളിൽനിന്ന് വായ്പയെടുത്തുവെന്ന കത്ത് ഹാജരാക്കിയാണ് സബ്സിഡി തട്ടിയെടുത്തത്. എന്നാൽ, ഇന്ത്യൻ ബാങ്ക് ഒഴിച്ച് പട്ടം, തിരുവനന്തപുരം സഹകരണ ബാങ്കുകൾ ഓഡിറ്റിന് നൽകിയ മറുപടി അവർ ഈ ഗ്രൂപ്പുകൾക്ക് വായ്പ നൽകിയിട്ടില്ലെന്നും ഇത്തരം അനുമതി കത്തുകൾ നൽകിയില്ലെന്നുമാണ്. ഇവർക്ക് ഈ ബാങ്കുകളിൽ ഒരു എസ്.ബി അക്കൗണ്ട് മാത്രമാണുള്ളതെന്നും അറിയിച്ചു. അതിനാൽ ഇത്തരത്തിൽ വായ്പ അനുവദിച്ച കത്തുകൾ 118 ഗ്രൂപ്പുകളുടെ അപേക്ഷയോടൊപ്പം ഹാജരാക്കിയത് എല്ലാം വ്യാജരേഖകളാണ്. ഇത്തരത്തിൽ വായ്പ ഇല്ലാതെ തന്നെ ആകെ 118 ഗ്രൂപ്പുകൾക്ക് (ഇന്ത്യൻ ബാങ്ക് നൽകിയ ഗ്രൂപ് ഒഴികെ) വിവിധ ബാങ്കിലേക്ക് സബ്സിഡി നൽകിയ തുക പിൻവലിച്ചു.
സഹകരണ ബാങ്ക് (പട്ടം ശാഖ)
പദ്ധതിയിൽ 104 ഗ്രൂപ്പുകൾക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 3.12 കോടി രൂപ പട്ടം സഹകരണ ബാങ്കിന്റെ കേരള ബാങ്ക് കുന്നുകുഴി ശാഖയിൽ നഗരസഭ ട്രഷറി വഴി നൽകി. ഇൗ തുക തയ്യൽ മെഷീനുകളും മറ്റു അനുബന്ധ സാധനസാമഗ്രികളും അശ്വതി സപ്ലൈസിൽനിന്ന് വാങ്ങി. തുക ഈ ഗ്രൂപ്പുകൾ പിൻവലിച്ചതായി ലെഡ്ജറിൽ രേഖപ്പെടുത്തി. 104 ഗ്രൂപ്പുകൾക്ക് മൂന്ന് ലക്ഷം രൂപവീതം നൽകിയ ചെക്കുകൾ പ്രകാരമുള്ള 3.12 കോടി രൂപയും (കേരള ബാങ്ക്, കുന്നുകുഴി ശാഖയിലുള്ള അക്കൗണ്ട് വഴി 3.09 കോടിയും മാണിക്യവിളാകം ശാഖവഴി മൂന്നു ലക്ഷവും) അശ്വതി എന്ന സ്ഥാപനത്തിൽതന്നെ എത്തി. 41 ഗ്രൂപ്പുകൾക്കുള്ള 1.23 കോടി തിരുവനന്തപുരം സഹകരണ ബാങ്ക് കേരള ബാങ്ക്, പുത്തൻചന്ത ശാഖയിലൂടെ അശ്വതിക്ക് തന്നെ നൽകി. ചുരുക്കത്തിൽ 435 കോടി രൂപ എത്തിച്ചേർന്നത് അശ്വതി എന്ന സ്ഥാപനത്തിലാണ്. എന്നാൽ, ജി.എസ്.ടി രജിസ്ട്രേഷൻ പ്രകാരം ഇത്തരത്തിൽ മെഷീനുകൾ ഈ സ്ഥാപനം വാങ്ങിയിട്ടില്ല. അതിനാൽ ഇത് ഒരു വ്യാജ കമ്പനിയാണെന്ന് ഓഡിറ്റ് നിരീക്ഷിച്ചു.
സബ്സിഡി നൽകിയ 19 ഗ്രൂപ്പുകളെ സംബന്ധിച്ച്, ബാങ്ക് നൽകിയ വിശദാംശങ്ങൾ പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട ഗ്രൂപ്പിന്റെ അംഗങ്ങളല്ല ബാങ്ക് അക്കൗണ്ട് പ്രകാരം ഗ്രൂപ്പിന്റെ അംഗങ്ങൾ. ഗ്രൂപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രകാരമുള്ള മേൽവിലാസവും വാർഡും ബാങ്ക് രേഖകൾ പ്രകാരമുള്ളവയും വ്യത്യസ്തമാണ്. ബാങ്ക് രേഖകൾ പ്രകാരം മുനിസിപ്പാലിറ്റി, പഞ്ചായത്ത് പരിധിയിലുള്ള ഗ്രൂപ്പുകൾ നെടുമങ്ങാട് മുനിസിപ്പാലിറ്റി, വെങ്ങാനൂർ, മലയിൻകീഴ് പഞ്ചായത്തുകൾ വരെ ഉണ്ടെന്ന് കണ്ടെത്തി. ബാങ്ക് രേഖകൾ പ്രകാരം പഞ്ചായത്ത് പരിധിയിലുള്ള അംഗങ്ങളും ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു.
2020-21 വർഷത്തെ പദ്ധതിപ്രകാരം 33 എസ്.സി വിഭാഗത്തിൽപെട്ട വനിത സ്വയം തൊഴിൽ സബ്സിഡി എന്ന നിലയിൽ 99 ലക്ഷം രൂപ പട്ടികജാതി ഘടകപദ്ധതി (എസ്.സി.പി) ഫണ്ട് ആണ്. എന്നാൽ, ഫയൽ പരിശോധിച്ചതിൽ ഗ്രൂപ്പുകളുടെ അംഗങ്ങളുടെ ജാതി (എസ്.സി) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ ഓൺലൈൻ മുഖേന ലഭ്യമാക്കിയ സെക്യൂരിറ്റി കോഡുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അല്ല. അവയെല്ലാം കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോകോപ്പികളാണ്.
ഹാജരാക്കിയ ജാതി സർട്ടിഫിക്കറ്റിൽ പൊരുത്തക്കേട് ഏറെയാണ്. 2019 സെപ്റ്റംബർ മൂന്നിനും 19നും തഹസിൽദാർ കെ.ആർ. മണികണ്ഠനാണ് സർട്ടിഫിക്കറ്റ് നൽകിയത്. അതേമാസം (2019 സെപ്റ്റംബറിൽതന്നെ) തഹസിൽദാർ ജി.കെ. സുരേഷ്കുമാറും സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തി. ഇതു പൊരുത്തക്കേടാണ്. അതുപോലെ സർട്ടിഫിക്കറ്റുകളും സീലും ഒപ്പും എല്ലാം ഒരേ സ്ഥലത്തുതന്നെയാണ്. 2019 ജനുവരി ഒന്ന് തീയതിയിൽ ജി.കെ. സുരേഷ് കുമാർ എന്ന തഹസിൽദാർ 2017, 2018, 2019 വർഷങ്ങളിൽ നൽകിയ സർട്ടിഫിക്കറ്റ് ഒരേ സ്ഥലത്ത് കാണാൻ കഴിഞ്ഞു.
എട്ടക്ക മൊബൈൽ!
പട്ടം സഹകരണ ബാങ്കിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഡിറ്റ് സംഘം നഗരസഭയിലെ കുടുംബശ്രീ യൂനിറ്റിലെ നാല് മെംബർ സെക്രട്ടറിമാരും ഭാരവാഹികളുമായി രേഖകളിൽ പറഞ്ഞിരുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, അവയിൽ പലതും താൽക്കാലികമായി നിലവിലില്ലാത്തതും പ്രവർത്തനരഹിതവുമാണ്. ചിലർ ജില്ലക്ക് പുറത്തുള്ളവരാണ്. എട്ട് അക്കമുള്ള ഫോൺനമ്പറുകളും ഇതിലുണ്ട്.
തുടർന്ന് മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ നൂറാൻ ഗ്രൂപ്പിന്റെ പ്രസിഡന്റായ ഉഷാകുമാരിയെ കണ്ടെത്തി. അവർക്ക് ഗ്രൂപ്പിനെപ്പറ്റിയോ ബാങ്കിനെ പറ്റിയോ അറിയില്ല. അവർക്ക് ഒരു തുകയും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വിനായക ഗ്രൂപ്പിന്റെ പ്രസിഡന്റായ ടി.യു. രാജിക്കും സംരംഭത്തെപ്പറ്റി അറിയില്ല. അവർക്ക് 12,000 രൂപ തന്റെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ നൽകിയപ്പോൾ വെങ്ങാനൂർ പഞ്ചായത്ത് നിവാസിയായ അശ്വതി വഴി കിട്ടി.
അന്വേഷണത്തിൽ അശ്വതിയെയും കെണ്ടത്തി. സിന്ധു, അജിത എന്നീ രണ്ട് സ്ത്രീകളാണ് ഈ വലയിലെ പ്രധാന കണ്ണികളെന്നാണ് അശ്വതിയുടെ മൊഴി. ചാരിറ്റബിൾ െസാസൈറ്റി മുഖേന ഒരു എസ്.ബി അക്കൗണ്ട് ഗ്രൂപ്പിന്റെ പേരിൽ പട്ടം സഹകരണബാങ്കിൽ തുടങ്ങിയാൽ 12,000 രൂപ നൽകാമെന്നാണ് സിന്ധുവും അജിതയും വാഗ്ദാനം നൽകിയത്. 43 ഗ്രൂപ് അക്കൗണ്ടുകൾ തുടങ്ങാനായി (ഒരാൾ പ്രസിഡന്റ് മറ്റൊരാൾ സെക്രട്ടറി) 86 ആളുകളുടെ ആധാറും റേഷൻ കാർഡും അശ്വതി ശേഖരിച്ച് സിന്ധുവിന് കൈമാറി. അതിന് സിന്ധു 12,000 രൂപ ഇവർക്ക് നൽകി. ഇൗ രേഖകൾ ഉപയോഗിച്ച് ഒരാൾ പ്രസിഡന്റും മറ്റൊരാൾ സെക്രട്ടറിയുമായി 43 ഗ്രൂപ് അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. 43 സംരംഭങ്ങൾ മൂന്നു ലക്ഷം സബ്സിഡി എന്ന നിലയിൽ 1.29 കോടി കിട്ടിയിട്ടുണ്ടാവണം. അതിൽ ഓരോ ഗ്രൂപ്പിനും 12,000 രൂപ നൽകിയെങ്കിൽ 5.16 ലക്ഷം ചെലവായിരിക്കാം. 1.24 കോടി ലാഭം കിട്ടുന്നൊരു കച്ചവടമാണ് ഇവിടെ നടന്നത്.
ബാങ്കിൽനിന്ന് ലഭിച്ച ഗ്രൂപ്പുകളുടെ അക്കൗണ്ടിലെ കെ.വൈ.സി രേഖകൾ പ്രകാരം അംഗങ്ങളെ സന്ദർശിച്ചപ്പോൾ ആർക്കും ഗ്രൂപ് സംരംഭത്തെപ്പറ്റി അറിയില്ല. വിനായക ഗ്രൂപ് സെക്രട്ടറി സാധിക മറിയം, മീനു ഗ്രൂപ്പിന്റെ പ്രസിഡന്റായ സി. ഷീജ, ത്രിവേണി ഗ്രൂപ് പ്രസിഡന്റ് അശ്വതി, അമ്പാടി ഗ്രൂപ്പിന്റെ പ്രസിഡന്റ് ചിഞ്ചു എന്നിവർക്കൊന്നും ഗ്രൂപ് സംഘത്തെപ്പറ്റി ഒന്നും അറിയില്ല. എന്നാൽ, സുറുമി എന്ന സ്ത്രീ വഴി ആധാർ കാർഡ് തുടങ്ങിയ രേഖകൾ നൽകിയപ്പോൾ 10,000 രൂപ സബ്സിഡി ലഭിച്ചു. മീനു ഗ്രൂപ്പിന്റെ പ്രസിഡന്റ് സി. ഷീജ വെങ്ങാന്നൂർ പഞ്ചായത്തിലാണ്. അവർക്ക് ഗ്രൂപ്പിനെപ്പറ്റി അറിയില്ല. നയാ പൈസ ലഭിച്ചിട്ടുമില്ല.
‘നിലാവ്’ ഗ്രൂപ് പ്രസിഡന്റായ വിഷ്ണുപ്രിയ, ശ്രീലക്ഷ്മി ഗ്രൂപ്പിന്റെ എസ്. വിനീത, അനഘ ഗ്രൂപ്പിന്റെ സെക്രട്ടറിയായ ആശയ എന്നിവർക്ക് ഗ്രൂപ്പിനെപ്പറ്റി അറിയില്ല. സബ്സിഡി വാങ്ങി നൽകാമെന്ന് ബിന്ദു (ഇടയാർ, തിരുവല്ലം) എന്ന സ്ത്രീയുടെ വാക്കിന്മേൽ അവർക്ക് ആധാർ ഉൾപ്പെടെയുള്ള രേഖകൾ നൽകി. വിഷ്ണുപ്രിയക്ക് 10,000 രൂപ കിട്ടി. മറ്റുള്ളവർക്ക് അതും ലഭിച്ചില്ല.
സബ്സിഡി തട്ടിയെടുത്ത ഗ്രൂപ്പുകൾക്ക് കുടുംബശ്രീയുമായി ബന്ധമില്ലെന്നാണ് സി.ഡി.എസുമാർ മൊഴിനൽകിയത്. 2020 -21 സാമ്പത്തിക വർഷത്തെ എസ്.സി വനിതാ ഗ്രൂപ്പിൽപെട്ടവർക്ക് സംരംഭകത്വം തുടങ്ങുന്നതിനുള്ള പദ്ധതികളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് ചൂണ്ടിക്കാട്ടി 17 പേർക്കെതിരെ 2022 ജൂലൈ 21ന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ നിലനിൽക്കുന്നു.
ആദ്യവർഷം പദ്ധതി നടപ്പാക്കിയപ്പോൾ തട്ടിപ്പ് വിജയിച്ചു. അതിനാൽ വീണ്ടും തട്ടിപ്പ് തുടർന്നു. ഓഡിറ്റ് വിശദമായ പരിശോധന നടത്തിയിരുന്നില്ലെങ്കിൽ 2023ലും ഇതേ തട്ടിപ്പ് അരങ്ങേറുമായിരുന്നു. ഈ രീതിയിൽ മറ്റേതെല്ലാം നഗരസഭകളിലും തദ്ദേശസ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നുവെന്ന് അറിയില്ല. തദ്ദേശ സ്ഥാപനങ്ങൾ തട്ടിപ്പുകാരുടെ കേന്ദ്രമായെന്നാണ് തിരുവനന്തപുരം നഗരസഭ വിളിച്ചു പറയുന്നത്. അഴിമതി നടത്തി പണം പകുത്തെടുക്കുന്ന സംഘം തലസ്ഥാനത്ത് സജീവമാണ്. അവർക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ പരിരക്ഷയുണ്ട്. അതിലെ പ്രധാന കണ്ണിയാണ് മൂന്നാറ്റുമുക്ക് അശ്വതി ഭവനിൽ സിന്ധുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അഴിമതിയുടെ ലൈഫ്
എൽ.ഡി.എഫ് സർക്കാറിന്റെ സ്വപ്നപദ്ധതിയാണ് ലൈഫ് മിഷൻ. അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിൽ എല്ലാ ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കത്തക്കവിധത്തിലുള്ള സമ്പൂർണ പാർപ്പിട സുരക്ഷിത പദ്ധതി.
അതിനാൽ, തദേശസ്ഥാപനങ്ങളുടെ പാർപ്പിട പദ്ധതികൾ ലൈഫ് മാനദണ്ഡങ്ങൾ അനുസരിച്ച് നടപ്പാക്കണമെന്നാണ് സർക്കാർ ഉത്തരവ്. ലൈഫ് ഭവനസമുച്ചയങ്ങൾ എന്ന ആശയംതന്നെ വിലപിടിപ്പുള്ള ഭൂമി പരമാവധി ഭൂരഹിത ഭവനരഹിതർക്ക് പ്രയോജനപ്രദമാക്കണമെന്നാണ്. ലൈഫ് മിഷൻ വഴി സംസ്ഥാന സർക്കാറിന്റെ ചെലവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഭവനസമുച്ചയം നിർമിക്കാൻ 50 സെന്റോ അതിലധികമോ ഭൂമിയുടെ വിവരങ്ങൾ അറിയിക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടു. പൂങ്കുളത്ത് നഗരസഭയുടെ 50 സെന്റിൽ അധികമുള്ള ഭൂമി, ലൈഫ് ഭവനസമുച്ചയത്തിന് അനുയോജ്യമാണെന്ന് നഗരസഭ മിഷനെ 2019ൽ അറിയിച്ചു.
നഗരസഭ ലൈഫ് മിഷൻ വഴിയല്ലാതെ വികസന ഫണ്ട് (പൊതുവിഭാഗം -ഒരു കോടി രൂപ, പട്ടികജാതി വികസന ഫണ്ട് -1.10 കോടി രൂപ) ഉപയോഗിച്ച് പൂങ്കുളത്ത് രണ്ട് ബ്ലോക്കുകളിലായി മൂന്നുനില സമുച്ചയത്തിൽ ആകെ 50 വീടുകൾ നിർമിക്കാൻ പദ്ധതി തയാറാക്കി. അതിന് ഡി.പി.സി അംഗീകാരം നേടി. പിന്നീട് 12 വീടുകൾ 2.10 കോടി രൂപക്ക് നിർമിക്കാനാണ് കോർപറേഷൻ എൻജിനീയർ എസ്റ്റിമേറ്റ് തയാറാക്കിയത്. അതിന് ചീഫ് എൻജിനീയർ സാങ്കേതിക അനുമതിയും നൽകി. 50 സെന്റിൽ അധികം ഭൂമിയിൽ വെറും 12 വീടുകൾ മാത്രം നിർമിക്കാൻ തീരുമാനിച്ചതിന് കാരണം വ്യക്തമാക്കിയില്ല.
ലൈഫ് മിഷൻ മാർഗരേഖകൾ പ്രകാരം ഭവനസമുച്ചയങ്ങളിൽ പരമാവധി 500 സ്ക്വയർ ഫീറ്റ് ഏരിയയുള്ള ഒരു വീട് നിർമിക്കാൻ പരമാവധി അടങ്കൽ തുക 10.5 ലക്ഷം രൂപയാണ്. എന്നാൽ, നഗരസഭ എസ്റ്റിമേറ്റ് തയാറാക്കിയത് ഒരു ഫ്ലാറ്റിന്റെ യൂനിറ്റ് ചെലവ് 17.5 ലക്ഷം രൂപ നിരക്കിലാണ്. പൂങ്കുളത്തെ ഭൂമി പാറ നിറഞ്ഞ ഉറപ്പുള്ളതായിരുന്നു. ഇവിടെ യൂനിറ്റ് ചെലവ് ഏഴ് ലക്ഷത്തിലധികം വർധിക്കാൻ കാരണം വ്യക്തമാക്കിയില്ല.
വൈദ്യുതീകരണം, കുടിവെള്ള കണക്ഷൻ, മറ്റ് ആവശ്യങ്ങൾക്കുള്ള നിർമാണം എന്നിവ 2.10 കോടിയിൽ ഉണ്ടായിരുന്നില്ല. നിർമാണത്തിന് ഇപ്പോൾതന്നെ 1.44 കോടി ചെലവായി. പൂർണമാകുമ്പോൾ ഒരു വീടിന് 17.5 ലക്ഷത്തിലുമധികമാകാനാണ് സാധ്യത. 6549 ഭൂരഹിത ഭവനരഹിതരുള്ള നഗരസഭയിൽ പൂങ്കുളത്തെ 50 സെന്റിലധികം ഭൂമിയുള്ളത് പരമാവധി ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാൻ ലൈഫ് മിഷൻ മാനദണ്ഡങ്ങൾ പ്രകാരം പദ്ധതി നടപ്പാക്കാത്തത് നഗരസഭയുടെ വീഴ്ചയാണ്. മാനദണ്ഡങ്ങളും ഉത്തരവുകളും ലംഘിച്ച നിർമാണത്തിന് ചെലവഴിച്ച തുക വികസനഫണ്ടിന്റെ ദുരുപയോഗമാണെന്ന് ഓഡിറ്റ് കണ്ടെത്തി.
നവകേരള കർമ പദ്ധതിയുടെ സർക്കാർ ഉത്തരവ് പ്രകാരം ഭൂരഹിത ഭവനരഹിതർക്ക് ഫ്ലാറ്റ് നിർമിച്ചു നഗരസഭക്ക് നൽകാനായി കേരള എൻ.ജി. യൂനിയന് മണ്ണന്തല വാർഡിൽ ഇടയിലകോണത്തു പനയിച്ചിറ കുളത്തോട് ചേർന്ന് 22.76 സെന്റ് ഭൂമി അനുവദിച്ചു. മൂന്ന് നിലകളിൽ എട്ട് വീടുകൾ നിർമിച്ച് നഗരസഭക്ക് കൈമാറി.
നഗരസഭയിലെ ലൈഫ് ഭൂരഹിത ഭവനരഹിത അംഗീകൃത ലിസ്റ്റിൽ 6549 പേരുണ്ടെങ്കിലും ആർക്കും അവിടെ പ്രവേശനം ലഭിച്ചില്ല. ഗുണഭോക്താക്കളെ നഗരസഭ തിരഞ്ഞെടുത്തതിൽ നാലുപേർ ലൈഫ് ലിസ്റ്റിലോ വാർഡ് കമ്മിറ്റി ലിസ്റ്റിലോ ഉൾപ്പെട്ടവരല്ല.
ലൈഫ് മാർഗരേഖ പ്രകാരം കുടുംബത്തിന്റെ റേഷൻ കാർഡിൽപെട്ടവർക്ക് ആർക്കും ഭൂമിയില്ല എന്നു വില്ലേജ് ഓഫിസറിന്റെ സാക്ഷ്യപത്രവും, ജന്മാവകാശം ഭൂമി കിട്ടാനില്ലെന്ന സത്യവാങ്മൂലവും ഗുണഭോക്താവ് സമർപ്പിക്കണം. എന്നാൽ, ഈ എട്ടു പേരിൽനിന്നും രേഖയൊന്നും വാങ്ങിയില്ല. ഗുണഭോക്താക്കൾക്കു സ്വന്തമായി ഭൂമിയില്ലെന്ന് വാർഡ് കമ്മിറ്റി സാക്ഷ്യപ്പെടുത്തിയിട്ടില്ല. മാർഗരേഖപ്രകാരം സുതാര്യമായി തിരഞ്ഞെടുത്തവരല്ല. സർക്കാർ ഉത്തരവുകളുടെയും മാർഗരേഖയുടെയും ലംഘനവും ഗുരുതരമായ വീഴ്ചയുമാണ് സംഭവിച്ചത്. അവിടെ നിലവിൽ താമസിക്കുന്നവർ നഗരസഭ തിരഞ്ഞെടുത്തവരാണ്. ഇവരുടെ പട്ടിക തയാറാക്കിയതിന് മാനദണ്ഡം എന്തായിരുന്നു. പാർട്ടിക്കാർക്കുള്ള പാർട്ടി ഫ്ലാറ്റായി മണ്ണന്തല. ഇത്തരം അട്ടിമറി നടത്താൻ നഗരസഭക്ക് അധികാരമുണ്ടോ?
ലാപ്ടോപ്: എസ്.സി ഫണ്ട് നഷ്ടമായത് 15.37 ലക്ഷം
സർക്കാർ ഉത്തരവിനെ മറികടന്ന് അധികനിരക്കിൽ വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങി നൽകിയതു വഴി പട്ടികജാതി ഫണ്ട് 15.37 ലക്ഷം നഷ്ടമായി. നഗരസഭ സർക്കാർ ഉത്തരവ് മറികടന്ന് അധിക നിരക്കിൽ വിദ്യാർഥികൾക്ക് ലാപ്ടോപ് വാങ്ങി.
എല്ലാ ഉത്തരവുകളും മറികടന്ന് 38,900 രൂപക്ക് സപ്ലൈ ഓർഡർ നൽകി. സബ്സിഡി മാനദണ്ഡങ്ങളും സർക്കുലർ ഉത്തരവുകളും ലംഘിച്ച് ലാപ്ടോപ് വാങ്ങിയതിനാൽ (38,000-27,792) ഒരു ലാപ്ടോപ്പിന് 11,108 രൂപ വെച്ച് 150 ലാപ്ടോപ്പിനായി 16,66,200 രൂപ നഷ്ടമുണ്ടായി. ഈ 150 ലാപ്ടോപ്പുകളിൽ നാളിതുവരെ 129 ലാപ്ടോപ്പുകൾ മാത്രമേ നൽകിയിട്ടുള്ളൂ. ബാക്കിയുള്ള 21 ലാപ്ടോപ്പുകൾ നിലവിൽ നഗരസഭയിൽ കെട്ടിക്കിടപ്പാണ്.
പട്ടികജാതി വിഭാഗത്തെ പോലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് നൽകിയപ്പോഴും 18,70,908 രൂപയുടെ നഷ്ടമുണ്ടായി. 201 ലാപ്ടോപ് വാങ്ങുകയും അതിന്റെ വിലയായ ഒരു ലാപ്ടോപ്പിന് 37,100 രൂപവെച്ച് (65 ഉൾപ്പെടെ) 201 എണ്ണത്തിന് 74,57,100 രൂപ ചെലവഴിക്കുകയും ചെയ്തു.
ഷീ ഹബ് പദ്ധതിയിലും കെടുകാര്യസ്ഥത
തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥർ ഉത്തരവുകളും ചട്ടങ്ങളും കാറ്റിൽപറത്തി പ്രവർത്തിക്കുന്നതിന് ഉദാഹരണമാണ് സ്ത്രീ സാന്ത്വന പദ്ധതി (ഷീ ഹബ്). വിദ്യാർഥിനികളും വനിതകളും നേരിടുന്ന പ്രശ്നങ്ങൾമൂലം ഉണ്ടാകുന്ന മാനസിക സംഘർഷത്തിനും ബുദ്ധിമുട്ടുകൾക്കും പരിഹാരം തേടുന്നതിനാണ് പദ്ധതി തയാറാക്കിയത്. 2021-22ൽ ഇതിന് വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടിരൂപ അടങ്കൽ തുക വകയിരുത്തി.
കോവിഡ് കാരണം ഒന്നും നടന്നില്ല. തുടർന്ന് സ്ത്രീ സാന്ത്വന പദ്ധതി 2022ൽ വനിതകൾക്കുള്ള ഒരു ബിസിനസ് ഹബ് പ്രോജക്ട് ആയി. മേയർ ഈ തീരുമാനത്തിന് 2022 ഫെബ്രുവരി 24ന് മുൻകൂർ അനുമതി നൽകി. ഗോൾഡൻ ജൂബിലി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നടക്കുന്ന ഷീ ഹബിൽ നടത്തിയ പരിശോധനയിൽ എയർകണ്ടീഷനോടുകൂടിയ നൂതനമായ ബിസിനസ് സംരംഭത്തിന് പ്രവർത്തിക്കാവുന്ന 25 കമ്പ്യൂട്ടറുള്ള ഹാളും മീറ്റിങ് റൂമും വിഡിയോ കോൺഫറൻസ് സംവിധാനമുള്ള കോൺഫറൻസ് റൂമും സെർവർ റൂമും നെറ്റ് വർക്ക് സംവിധാനവുമുണ്ട്. എന്നാൽ, വൈദ്യുതിബന്ധമില്ല. കോൺട്രാക്ട് ഏറ്റെടുത്ത ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷന് (കാഡ്കോ) 88.09 ലക്ഷം നൽകി.
ആദ്യത്തെ സ്ത്രീ സാന്ത്വന പദ്ധതി മാറ്റി വരുമാനമുള്ള ബിസിനസ് ഹബ് ആക്കിയിട്ടും ഉപയോഗിച്ചത് വനിത ഘടകപദ്ധതിയിൽ നടപ്പാക്കിയത് മാർഗരേഖകളുടെ ലംഘനമാണ്. അതിനാൽ ഈ പദ്ധതിക്കായി ആകെ ചെലവാക്കിയ തുക തനതു ഫണ്ടിൽനിന്നും സഞ്ചിതനിധിയിലേക്ക് തിരികെ അടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
കാഡ്കോ തയാറാക്കിയ എസ്റ്റിമേറ്റ് ഒന്നുംതന്നെ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ സാങ്കേതിക അനുമതി നൽകിയിട്ടില്ല. അതുപോലെ മെഷർമെന്റ് ബുക്ക് ഫയലിൽ ഇല്ല. എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ ചെക്ക് മെഷർ ചെയ്യാതെ ബില്ലുകൾ വഴി 88.09 ലക്ഷം രൂപ നൽകിയത് തികച്ചും നിരുത്തരവാദപരമാണ്. ബില്ലുകളുടെ ആധികാരികതയും ഓഡിറ്റിന് ഉറപ്പുവരുത്തുവാൻ കഴിഞ്ഞില്ല.
ഭൂരഹിതരുടെ പട്ടികയിലും അട്ടിമറി
ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം എല്ലാവർക്കും ഭവനം എന്നതാണ്. തദ്ദേശ സ്ഥാപനങ്ങൾ വാർഡ് തിരിച്ചല്ലാതെ ഏറ്റവും അർഹരായ ഗുണഭോക്താക്കളെ മുൻഗണന അനുസരിച്ച് സുതാര്യമായ രീതിയിൽ കണ്ടെത്തണമെന്നാണ് ഉത്തരവ്. ഇതിനായി 2016-17ൽ കുടുംബശ്രീ സംവിധാനത്തിലൂടെയാണ് സർവേ നടത്തിയത്. പ്രത്യേക മാനദണ്ഡങ്ങളോടുകൂടിയാണ് ഗുണഭോക്തൃ പട്ടിക തയാറാക്കിയത്. ഈ പട്ടിക നഗരസഭകൾ അപ്പീൽ ഉൾെപ്പടെ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുത്ത് പട്ടിക 2018-19ൽ അന്തിമമാക്കി.
പട്ടികപ്രകാരം തിരുവനന്തപുരം നഗരസഭയിലെ അംഗീകൃത അന്തിമ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ 6549 (5815 പൊതുവിഭാഗം, 734 പട്ടികജാതി-പട്ടികവർഗം) ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുണ്ട്. ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ ജനറൽ വിഭാഗത്തിന് 5.25 ലക്ഷവും പട്ടികജാതി വിഭാഗത്തിന് ആറ് ലക്ഷവുമാണ് ലൈഫ് മിഷൻ നിരക്ക്. 2019-20 മുതൽ 2021-22 വരെയുള്ള വർഷങ്ങളിൽ ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകൽ എന്ന പദ്ധതിയിൽ 1168 ഗുണഭോക്താക്കൾക്ക് (492 പട്ടികജാതി, 676 പൊതുവിഭാഗം) ഭൂമി വാങ്ങി നൽകാനായി 64.52 കോടി രൂപ ചെലവഴിച്ചു.
ഓഡിറ്റ് പരിശോധനയിൽ ആകെ 89 പൊതുവിഭാഗം ഗുണഭോക്താക്കൾ മാത്രമാണ് ലൈഫ് മാർഗരേഖ പ്രകാരം അംഗീകരിച്ച ലൈഫ് ലിസ്റ്റിൽപെട്ടവർ. ബാക്കി 1059 ഗുണഭോക്താക്കൾ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം അംഗീകരിച്ച ലൈഫ് ലിസ്റ്റിൽപെട്ടവരല്ല. അംഗീകൃത ലൈഫ് ലിസ്റ്റിൽ ഉൾപ്പെടാത്ത 1059 പേർക്ക് ഭൂമി വാങ്ങി നൽകിയതിന്റെ കാരണം മേയർ നിർദേശം നൽകിയെന്നതാണ്. കൗൺസിൽ അംഗീകരിച്ച് വാർഡ് തിരിച്ചുള്ള ലിസ്റ്റിൽനിന്നും ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകാൻ മേയർ നിർദേശിച്ചുവെന്നാണ് േപ്രാജക്ട് ഓഫിസറുടെ മറുപടി. ലിസ്റ്റിലുള്ള എസ്.സി-എസ്.ടി വിഭാഗത്തിൽ ഒരാൾക്കുപോലും ഭൂമി ലഭിച്ചില്ല. സർക്കാർ ഉത്തരവ് പ്രകാരം ഏറ്റവും അർഹരായവരെ സുതാര്യമായ രീതിയിൽ കണ്ടെത്തി അംഗീകരിച്ച് ലൈഫ് ലിസ്റ്റിൽ 6460 ഗുണഭോക്താക്കൾ കാത്തിരിക്കുമ്പോൾ അതിൽ ഉൾപ്പെടാത്തവർക്ക് ഭൂമി വാങ്ങാൻ ധനസഹായം നൽകിയത് ഗുരുതര വീഴ്ചയാണ്. 1059 പേർക്ക് നൽകിയ 59.84 കോടി രൂപ ക്രമരഹിത ചെലവാണ്.
ഉദ്ഘാടന ചടങ്ങുകൾക്ക് അധികം ചെലവ് 88.50 ലക്ഷം
സർക്കാർ ഉത്തരവ് പാലിക്കാതെ ഉദ്ഘാടന ചടങ്ങുകൾക്ക് അനുവദനീയമായ നിരക്കിൽ കൂടുതൽ ചെലവഴിച്ചതുമൂലമുണ്ടായ നഷ്ടം 88.50 ലക്ഷം രൂപ. 2019-2020ൽ 70ഉം 2020-2021ൽ 96ഉം 2021-22ൽ 35ഉം ഉദ്ഘാടനം നടത്തി.
2019-2021 മുതൽ 2021-2022 വരെയുള്ള മൂന്നുവർഷത്തിൽ ആകെ നടത്തിയ 201 ഉദ്ഘാടനങ്ങളിൽ ഒമ്പത് എണ്ണം ഒഴികെ ബാക്കിയുള്ള 192 ഉദ്ഘാടനങ്ങളും ഒരു കരാറുകാരനാണ് നടത്തിയിട്ടുള്ളത്. ക്വട്ടേഷൻ വ്യവസ്ഥകളുടെ സുതാര്യത പരിശോധിക്കാനായി ഫയലുകളില്ല.
സർക്കാർ ഉത്തരവ് പ്രകാരം മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് പരമാവധി 25,000 രൂപയും അല്ലാതെയുള്ള ഉദ്ഘാടനങ്ങൾക്ക് പരമാവധി 10,000 രൂപയുമാണ് തനത് ഫണ്ടിൽനിന്ന് ചെലവഴിക്കുക. അധികമായി ചെലവഴിക്കുന്ന തുകക്ക് സ്ഥാപനത്തിലെ സെക്രട്ടറിക്കാണ് ഉത്തരവാദിത്തം. എന്നാൽ, നഗരസഭയിൽ 2015- 2020 മുതൽ 2021- 2022 വരെ നടത്തിയിട്ടുള്ള 201 ഉദ്ഘാടനത്തിന് ഉത്തരവ് ലംഘിച്ചാണ് തുക ചെലവഴിച്ചത്. കവടിയാറിലുള്ള വിവേകാനന്ദ പാർക്ക് ഉദ്ഘാടനത്തിനായി സർക്കാർ പ്രത്യേക അനുമതിയില്ലാതെ 18,33,636 രൂപയാണ് നഗരസഭ കരാറുകാരന് നൽകിയത്.
ആകെ നടത്തിയ 202 ഉദ്ഘാടനങ്ങളിൽ 201 എണ്ണത്തിനുമായി ആകെ നൽകാവുന്നത് 20 ലക്ഷം രൂപ ആണെന്നിരിക്കെ, 1.08 കോടി രൂപയാണ് കരാറുകാരന് നൽകിയത്. അധികമായി നൽകിയത് 88,50,925 രൂപയാണ്. 201 ഉദ്ഘാടന ചടങ്ങുകളിൽ എത്ര മന്ത്രിമാർ സന്നിഹിതരായിരുന്നുവെന്ന് ഓഡിറ്ററെ അറിയിച്ചിട്ടില്ല.