Begin typing your search above and press return to search.
proflie-avatar
Login

ഹൗറയുടെ തീരങ്ങളിൽനിന്ന് തീ പകർന്നവൻ

ഹൗറയുടെ തീരങ്ങളിൽനിന്ന്   തീ പകർന്നവൻ
cancel

ഫുട്ബാള്‍ അതിന്‍റെ ജനകീയതയുടെ പരകോടി പൂകുന്ന വര്‍ത്തമാനകാലത്ത് ഏറ്റവും പുതിയ ശാസ്ത്രീയതലങ്ങളിലേക്ക് ഓരോ കളിക്കാരനും സിസ്റ്റവും ഓടിക്കയറുമ്പോള്‍ അതിന്‍റെ പാതിവഴിപോലും പിന്നിടാത്ത ഇന്ത്യന്‍ ഫുട്ബാളിന്‍റെ അകത്തളങ്ങളില്‍ ഛേത്രി തീര്‍ത്തും സ്വയംകൃതനായ, വേറിട്ട വഴി വെട്ടിയെടുത്തവനായിരുന്നു.കാല്‍പന്തു കളിയുടെ ജ്വലല്‍ചരിതങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്‍റെ സംഭാവനകള്‍ തുലോം തുച്ഛമാണ്. ഗത-വര്‍ത്തമാനകാല ഗരിമയില്‍ അഭിരമിക്കാനധികമില്ലാത്ത ഒരിന്ത്യന്‍ ഫുട്ബാള്‍ പ്രേമിക്ക് ഇക്കാലത്ത് മാലോകരോട് ഉറക്കെ പറയാനുള്ള ഒറ്റപ്പേരാണ് സുനില്‍ ഛേത്രി. 19 കൊല്ലക്കാലം ഇന്ത്യക്കായി എതിര്‍ബോക്സില്‍...

Your Subscription Supports Independent Journalism

View Plans
ഫുട്ബാള്‍ അതിന്‍റെ ജനകീയതയുടെ പരകോടി പൂകുന്ന വര്‍ത്തമാനകാലത്ത് ഏറ്റവും പുതിയ ശാസ്ത്രീയതലങ്ങളിലേക്ക് ഓരോ കളിക്കാരനും സിസ്റ്റവും ഓടിക്കയറുമ്പോള്‍ അതിന്‍റെ പാതിവഴിപോലും പിന്നിടാത്ത ഇന്ത്യന്‍ ഫുട്ബാളിന്‍റെ അകത്തളങ്ങളില്‍ ഛേത്രി തീര്‍ത്തും സ്വയംകൃതനായ, വേറിട്ട വഴി വെട്ടിയെടുത്തവനായിരുന്നു.

കാല്‍പന്തു കളിയുടെ ജ്വലല്‍ചരിതങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്‍റെ സംഭാവനകള്‍ തുലോം തുച്ഛമാണ്. ഗത-വര്‍ത്തമാനകാല ഗരിമയില്‍ അഭിരമിക്കാനധികമില്ലാത്ത ഒരിന്ത്യന്‍ ഫുട്ബാള്‍ പ്രേമിക്ക് ഇക്കാലത്ത് മാലോകരോട് ഉറക്കെ പറയാനുള്ള ഒറ്റപ്പേരാണ് സുനില്‍ ഛേത്രി. 19 കൊല്ലക്കാലം ഇന്ത്യക്കായി എതിര്‍ബോക്സില്‍ അപകടമണി മുഴക്കിക്കൊണ്ടേയിരുന്ന, പാമ്പന്‍പാലത്തിനേക്കാളും വിശ്വസ്തതയുള്ള ഇന്ത്യയുടെ ആ പതിനൊന്നാം നമ്പറുകാരന്‍ എന്നെന്നേക്കുമായി ഡഗ് ഔട്ടിലേക്ക് തിരിച്ചുനടക്കുകയാണ്. ജൂണ്‍ 6 –കുവൈത്തുമായി കൊല്‍ക്കത്തയില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കുള്ള നിര്‍ണായക മത്സരമാണ് ആ നിമിഷങ്ങള്‍ക്ക് വേദിയാവുന്നത്. ഏഷ്യന്‍തലത്തില്‍ പലപ്പോഴായി മിന്നിമറഞ്ഞുപോയ ജര്‍ണയില്‍ സിങ് മുതല്‍ ഗുര്‍പ്രീത് സന്ധു വരെയുള്ള ഇന്ത്യന്‍ കളിക്കാരില്‍നിന്നും സുനില്‍ ഛേത്രി എന്തുകൊണ്ടാണ് ഇത്രമേല്‍ വ്യത്യസ്തനാകുന്നത്?

ആര്‍മിയില്‍ കായികതാരമായിരുന്ന അച്ഛന്‍, നേപ്പാളിന്‍റെ കായികതാരമായിരുന്ന അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തില്‍ പിറന്നവന്‍റെ ജനിതകഘടനയില്‍ പന്തുകളിയുടെ വേര് പടരാതിരിക്കാന്‍ മറ്റു കാരണങ്ങളുണ്ടാവില്ല. സെക്കന്ദരാബാദില്‍ ജനിച്ച് ഡല്‍ഹിയില്‍ കാലുറപ്പിച്ച അയാള്‍ ഏതൊരു പന്തുകളിക്കാരന്‍റെയും അന്നത്തെ സ്വപ്നഭൂമികയായ കല്‍ക്കത്ത മോഹന്‍ബഗാനിലാണ് 2002ല്‍ പ്രഫഷനല്‍ കരിയര്‍ തുടങ്ങിയത്. ഹൗറയുടെ തീരങ്ങളെ തീപിടിപ്പിക്കുന്ന കൊല്‍ക്കത്തന്‍ പോരാട്ടങ്ങള്‍ അയാളില്‍ കുത്തിവെച്ചത് ദുര്‍ഭേദ്യമായ മനക്കരുത്തിന്‍റെ പാഠങ്ങളായിരിക്കണം.

അവിടുന്നയാള്‍ ഇന്ത്യയുടെ പലകോണുകളിലുമുള്ള ക്ലബുകളിലേക്ക് പുതിയ വെല്ലുവിളികള്‍ക്കായി സ്വയം പറിച്ചുനട്ടുകൊണ്ടേയിരുന്നു. അനുദിനം കരിയറിനെ പുതിയ പാഠങ്ങളിലൂടെ പുതുക്കിക്കൊണ്ടേയിരുന്ന ഛേത്രി ഒടുക്കം ചേക്കേറിയത് അതുവരെ പിറവിയെടുത്തതില്‍ ഏറ്റവും പ്രഫഷനലിസമുള്ള ക്ലബായ ബാംഗ്ലൂര്‍ എഫ്.സിയിലായിരുന്നുവെന്നത് അത്രമേല്‍ സ്വാഭാവികമായ പരിണതിയായിരുന്നു. അതിനിടയില്‍ ജെ.സി.ടി, ഈസ്റ്റ് ബംഗാള്‍, ചിരാഗ് യുനൈറ്റഡ്, ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ഫുട്ബാള്‍ ഇന്ത്യയുടെ വര്‍ണവൈവിധ്യങ്ങളെ പലപ്പോഴായി കരിയറില്‍ അയാള്‍ സ്വാംശീകരിച്ചിരുന്നു.

കരിയറില്‍ മൂന്നുതവണയാണയാള്‍ വിദേശക്ലബുകളുടെ കമനീയ ആകര്‍ഷണത്തില്‍ തല്‍പരനായി പുതിയ കളിവാതിലുകള്‍ തുറക്കാനായി ശ്രമിച്ചത്. ആദ്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വരെ കളിച്ച ക്വീൻസ് പാർക്ക് റെയ്ഞ്ചേഴ്സിന്‍റെ വാതില്‍ തുറന്നെങ്കിലും നിയമപരമായ കടമ്പകളതിന്‍റെ കടക്കല്‍ കത്തിവെച്ചു. 2010ല്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ പ്രമുഖ ക്ലബായ കെന്‍സാസ് സിറ്റിയിലെത്തിയെങ്കിലും ചില പ്രീസീസണ്‍ സൗഹൃദ ടൂര്‍ണമെന്‍റുകളില്‍ മാത്രമൊതുങ്ങിപ്പോയി. അതിലൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ 21 മിനിറ്റിന്‍റെ മിന്നലാട്ടങ്ങള്‍ നടത്താനായതല്ലാതെ എടുത്തുപറയത്തക്ക നിമിഷങ്ങളില്ലാത്ത കൂടുമാറ്റമായിരുന്നു അത്. പിന്നീട് 2012ല്‍ ലൂയി ഫിഗോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരുടെ കളിജീവിതം കരുപ്പിടിപ്പിച്ച പോർചുഗീസ് ക്ലബ് സ്പോര്‍ടിങ് ലിസ്ബണ്‍ എഫ്.സിയുടെ റിസര്‍വ് ടീമിലേക്ക് ചേക്കേറി.

ഒമ്പത് മാസം നീണ്ട അഞ്ച് മത്സരങ്ങളില്‍ ഒറ്റ ഗോളും നേടാനാവാത്ത ആ ചുവടുമാറ്റവും പാളിപ്പോയി. കരാര്‍പ്രകാരം വിടുതല്‍പണമായി നല്‍കേണ്ട തുകപോലും വേണ്ടാത്ത ക്ലബിന്‍റെ സന്മനസ്സില്‍ അയാള്‍ തന്‍റെ ലക്ഷ്യങ്ങളെ മാറ്റിപ്പിടിച്ച് ഇന്ത്യയിലേക്ക് വിമാനം കയറി. ഇത്രയുമായിരുന്നു സുനില്‍ ഛേത്രിയുടെ വൈദേശിക ഫുട്ബാള്‍ സഞ്ചാരപഥങ്ങളുടെ ആകത്തുക. കളിക്കളങ്ങളിലെ നേട്ടങ്ങള്‍ക്കപ്പുറം കരിയറിന് ഗുണപരമായതെന്തും പഠിച്ചെടുക്കാന്‍ ത്വരയുള്ള ഛേത്രിയെ ഏതൊരു ഇന്ത്യന്‍ കായികതാരത്തിനും മാതൃകയാക്കാവുന്ന തലത്തിലേക്ക് ബൗദ്ധികവും മാനസികവുമായി ഉയര്‍ത്താന്‍ കുറഞ്ഞ കാലയളവിലെ ഇത്തരം പ്രഫഷനല്‍ ​േപ്രാജക്ടുകള്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിചാരിക്കുന്നത്.

 

ഫുട്ബാള്‍ അതിന്‍റെ ജനകീയതയുടെ പരകോടി പൂകുന്ന വര്‍ത്തമാനകാലത്ത് കളിയഴകിലും കേളീശൈലികളിലും പരിശീലനവഴികളിലും ആരോഗ്യപരിപാലന-ഭക്ഷണ രീതികളിലും ഏറ്റവും പുതിയ ശാസ്ത്രീയതലങ്ങളിലേക്ക് ഓരോ കളിക്കാരനും സിസ്റ്റവും ഓടിക്കയറുമ്പോള്‍ അതിന്‍റെ പാതിവഴിപോലും പിന്നിടാത്ത ഇന്ത്യന്‍ ഫുട്ബാളിന്‍റെ അകത്തളങ്ങളില്‍ ഛേത്രി തീര്‍ത്തും സ്വയംകൃതനായ, വേറിട്ട വഴി വെട്ടിയെടുത്തവനായിരുന്നു. കളത്തില്‍ ഒരു ഒമ്പതാം നമ്പര്‍ സ്ഥാനത്തിന്‍റെ സകലസാധ്യതകളെയും പര്യവേക്ഷണം ചെയ്യാന്‍ ശാരീരികമായും മാനസികമായും അയാള്‍ നടത്തിയ പരിവര്‍ത്തനങ്ങളും അതിലേക്കെത്താന്‍ സഞ്ചരിച്ച വഴികളുമാണ് അയാളെ എ.എഫ്.സി ഏഷ്യന്‍ ഐക്കണ്‍ പ്ലെയര്‍ പട്ടത്തിലേക്കും എ.ഐ.എഫ്.എഫ് പ്ലെയര്‍ അവാര്‍ഡ് ഏഴു തവണ നേടുന്നതിലേക്കും എത്തിച്ചത്. സ്വകാര്യതക്ക് അത്രമേല്‍ മൂല്യം നല്‍കുന്ന ഛേത്രിയുടെ മുറിക്കുള്ളില്‍ ഏറ്റവും ആധുനികമായ ഫുഡ് സപ്ലിമെന്‍റുകള്‍ക്കും ആരോഗ്യപരിപാലന സാമഗ്രികള്‍ക്കുമാണ് മുഖ്യസ്ഥാനമെന്നാണ് അടുപ്പമുള്ള പലരും വെളിപ്പെടുത്തിയിട്ടുള്ളത്.

ഒരു കായികതാരത്തിന്‍റെ ഗുണപരതയുടെ അളവുകോല്‍ എന്നത് നിരന്തരമായി ആ വ്യക്തി പ്രകടിപ്പിക്കുന്ന സമഗ്രമായ നിലവാരവും, പ്രസ്തുത നിലവാരത്തിന്‍റെ പടിപടിയായ വളര്‍ച്ചയുമാണ്. തന്‍റെ മികവും കുറവും സ്വയമറിഞ്ഞ് അതില്‍ കൃത്യതയോടെ പണിയെടുക്കുക എന്ന അടിസ്ഥാനബോധ്യമാണ് ഓരോ കളിക്കാരനെയും ആ ഉയര്‍ച്ചയിലേക്കെത്തിക്കുന്നത്. അത്തരം താരങ്ങള്‍ കളത്തിനകത്തും പുറത്തും ആ കാരക്ടറിസ്റ്റിക്സ് സ്വാഭാവികമായി പ്രകടിപ്പിച്ചിരിക്കും. അത്തരം വ്യക്തിഗത മികവുകള്‍ക്ക് പരിശീലകര്‍ ലക്ഷ്യബോധവും കൃത്യതയുമുള്ള ഇഴയടുപ്പം നല്‍കുമ്പോഴാണ് ഒരു ഫുട്ബാള്‍ ടീമിന്‍റെ കാരക്ടറിസ്റ്റിക്സ് രൂപപ്പെടുത്തുന്നത്. ഒരു കളിക്കാരനെന്നതിനപ്പുറം കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടില്‍ ഇന്ത്യന്‍ ടീമിന്‍റെ അച്ചുതണ്ട് ക്യാപ്റ്റന്‍ ഛേത്രിയില്‍ മാത്രമായൊതുങ്ങിപ്പോയതിന്‍റെ കാരണം വേറെ തേടി പോവേണ്ടതില്ല. ഇന്ത്യന്‍ ടീമിന്‍റെ ഇടനാഴികളിലെ ആഭ്യന്തര വടംവലികളുടെ അപ്പോസ്തലനാണ് ഛേത്രിയെന്ന ബാലിശവാദങ്ങള്‍കൊണ്ട് ചുരുക്കിക്കാണേണ്ടതുമല്ല ആ പ്രോജ്ജ്വല കായികവ്യക്തിത്വം.

വിടവാങ്ങല്‍ പ്രഖ്യാപനം വന്നത് മുതല്‍ ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും ചൂടുള്ള ചോദ്യം ഇനിയാര് എന്നതാണ്. ആ ചോദ്യം ഇവിടത്തെ സകല തട്ടുകളിലുമുള്ള ഫുട്ബാള്‍ സിസ്റ്റങ്ങളോടുമാണ്, അതിന്‍റെയെല്ലാം മുഖ്യനടത്തിപ്പുകാരോടാണ്. അയാളുടെ പ്രൊഫൈലിനെയും പ്രകടനം മെച്ചപ്പെടുത്താനുപയോഗിക്കുന്ന ശാസ്ത്രീയ സങ്കേതങ്ങളെയും ജീവിതരീതിയെയും ലക്ഷ്യബോധമുള്ള മനോനിലയെയും പഠിക്കാതെയാണ് നമ്മുടെ പുതുതലമുറ ലോകകപ്പ് സ്വപ്നവുമായി പന്തുതട്ടുന്നതും സോഷ്യല്‍മീഡിയ വഴി ആരാധകവൃന്ദങ്ങളെ കൂട്ടാന്‍ ശ്രമിക്കുന്നതും എന്നതാണ് വിരോധാഭാസ യാഥാർഥ്യം.

അയാളേക്കാള്‍ പ്രതിഭാധനരെന്ന് പ്രതീക്ഷ നല്‍കിയ പലരും വഴിയില്‍ കൊഴിഞ്ഞുപോവുന്നത് കാണുമ്പോഴാണ് സുനില്‍ ഛേത്രി അത്രമേല്‍ പ്രസക്തനാവുന്നത്. നേതൃഗുണവും കോച്ചബിലിറ്റിയും നിര്‍ലോഭമുണ്ടായിട്ടും ഭാവിയില്‍ ഒരു കോച്ചായി മാറാന്‍ താന്‍ എടുക്കേണ്ട കഠിനപ്രയത്നങ്ങളെ കുറിച്ച് നിശ്ചയമുള്ള ക്യാപ്റ്റന്‍ ഛേത്രിയുടെ കരിയറിന്‍റെ അടുത്തഘട്ടം എന്താണെന്നത് ഓരോ ഇന്ത്യന്‍ കായികപ്രേമിയും കാത്തിരിക്കുകയാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്ലെയര്‍ ഡെവലപ്മെന്‍റ് പ്രൊജക്ടുകള്‍ കടലാസില്‍ മാത്രമൊതുങ്ങി പോവുന്ന, അക്കാദമി തലത്തില്‍പോലും ജയിക്കുക/ കപ്പടിക്കുക സിദ്ധാന്തം നടപ്പിലാക്കാന്‍ വെമ്പലുള്ള, താക്കോല്‍ സ്ഥാനങ്ങളില്‍ വിദേശസാന്നിധ്യം വേണമെന്ന നിര്‍ബന്ധബുദ്ധിയുള്ള മാനേജ്മെന്‍റുകള്‍ നിറഞ്ഞ നമ്മുടെ ഫുട്ബാള്‍ ആവാസവ്യവസ്ഥയില്‍ സമൂലമാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന്‍റെ സംഭാവനയെന്താവും എന്നതാണ് അവരുടെ കാത്തിരിപ്പിന്‍റെ മൂലക്കല്ല്.

ദേശീയ ടീമില്‍ തന്‍റെ സ്ഥാനത്തെ കളിമികവുകൊണ്ട് വെല്ലുവിളിക്കാന്‍ ആരുമില്ലാതിരുന്നിട്ടും, അവനവനോട് തന്നെ മാറ്റുരച്ച് സ്വയമുത്തേജിതനായി ഇക്കാലത്തോളം തന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നിരന്തരമായി രാജ്യത്തിന് നല്‍കിയ ക്യാപ്റ്റന്‍ ഛേത്രി വളര്‍ന്നുവരുന്ന കളിക്കാര്‍ക്കൊരു പാഠപുസ്തകമാണ്. കോച്ച് സ്റ്റിമാകിന്‍റെ വാക്കുകളില്‍ ഇടര്‍ച്ചകളില്ലാതെ യന്ത്രസമാനം ആത്മാര്‍പ്പണത്തോടെ പ്രതിഭയോട് നീതിപുലര്‍ത്തിയവന്‍. കുടുംബത്തിന്‍റെയും ചുറ്റുപാടുകളുടെയും പ്രശംസനീയമായ പിന്തുണക്ക് നന്ദിപറയുമ്പോഴും അതെല്ലാം നേടിയെടുത്തത് തന്‍റെ ലക്ഷ്യത്തിലേക്കെത്താനായി അയാള്‍ കാണിച്ച ഉന്നതമായ മാനസികതലവും ദൃഢനിശ്ചയവുംകൊണ്ടാണ്.

ഏഷ്യാ ഭൂഖണ്ഡത്തിലെ മികവുറ്റ വര്‍ത്തമാന താരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ക്യാപ്റ്റന്‍ ഛേത്രി ശരാശരിക്കു മുകളില്‍ മാത്രം വരുന്ന കളിക്കാരനാണ്. ആ അയാളെ മെസ്സിക്കും റൊണാള്‍ഡോക്കും താഴെ രാജ്യാന്തര ഗോള്‍വേട്ടയില്‍ മൂന്നാമനെന്ന സ്ഥിതിവിവരക്കണക്കുകൊണ്ട് അപഹാസ്യമാംവിധം വിഗ്രഹവത്കരിച്ച് മാറ്റിനിര്‍ത്തുകയാണ് പലപ്പോഴും നമ്മുടെ മീഡിയ/സോഷ്യല്‍മീഡിയ ചെയ്യുന്നത്. അനുഗ്രഹിക്കപ്പെട്ട പ്രതിഭയുടെ അനുസ്യൂതമായ ഒഴുക്കൊന്നും അയാള്‍ക്കില്ലായിരുന്നു. തന്‍റെ കളിനയങ്ങളെ മൈതാനത്ത് നടപ്പില്‍ വരുത്താന്‍ ആര്‍ക്കും പിടികൊടുക്കാത്ത രസക്കൂട്ടുകളും അയാളുടെ നീക്കങ്ങള്‍ക്കില്ലായിരുന്നു. മറിച്ച്, തന്‍റെയും ടീമിന്‍റെയും കുറ്റവും കുറവും അറിഞ്ഞ് കോച്ചിന്‍റെ ആവശ്യകതകള്‍ക്കനുസരിച്ച് സ്വയം ഫൈന്‍ ട്യൂണ്‍ ചെയ്തെടുത്ത ശരീരഭാഷയും സഹതാരങ്ങളെ തന്‍റെ അച്ചുതണ്ടിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രാഗ്മാറ്റിസവുമായിരുന്നു പത്തൊമ്പത് കൊല്ലത്തെ നീണ്ട യാത്രയില്‍ അയാളുടെ പൊതിച്ചോറ്.

 

ആ യാത്രക്ക് ഏറ്റവും അഭിമാനകരമായൊരന്ത്യം ജൂണ്‍ 6ന് കൊല്‍ക്കത്തയില്‍ ടീം ഇന്ത്യ നല്‍കുന്നതാവും അയാളാഗ്രഹിക്കുന്ന യാത്രാമംഗളം. ഇനിയൊരു ഛേത്രി എന്ന് എന്ന ചോദ്യത്തിനപ്പുറം ഏഷ്യന്‍തലത്തില്‍ സ്ഥിരതയോടെ കളിക്കാനാവുന്ന ഒരുപിടിതാരങ്ങൾ എന്ന് എന്നതാവണം ഓരോ ഇന്ത്യന്‍ കാല്‍പന്തുകളി പ്രേമിയുടെയും, ഓരോ അടരുകളിലുമുള്ള കളിയധികൃതരോടുള്ള ചോദ്യം. അല്ലാതെ, ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും എന്നതാവരുത്.

News Summary - weekly social kaliyezhuth