മാഞ്ചസ്റ്റർ സിറ്റിയുടെ പടയോട്ടം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം തുടർച്ചയായ നാലാം തവണയും മാഞ്ചസ്റ്റർ സിറ്റി നേടി. ഇൗ വിജയം മറ്റാരും അടുത്ത് ആവർത്തിക്കാൻ സാധ്യതയില്ലെന്ന് ലേഖകൻ എഴുതുന്നു.
ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ കിരീട പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള കാൽപന്തുകളിയാരാധകർ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മേയ് 19 ഞായറാഴ്ച പ്രീമിയർ ലീഗ് 2023-24 സീസണിലെ അവസാന ദിനത്തിൽ കളിക്കളത്തിലിറങ്ങുമ്പോൾ പ്രീമിയർ ലീഗ് കിരീടത്തിൽ ആരു മുത്തമിടും എന്നായിരുന്നു. മില്യൺ ഡോളർ ചോദ്യം. മുപ്പത്തിയേഴ് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റി 88ഉം, ആഴ്സനൽ 86ഉം പോയന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലായിരുന്നു.
മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരത്തിൽ ജയിക്കുകയാണെങ്കിൽ തുടർച്ചയായി നാലാംതവണയും കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ നേട്ടം അവരെ തേടിയെത്തും. സിറ്റി തോൽക്കുന്നപക്ഷം, എവർട്ടനെതിരെ വിജയിക്കുകയാണെങ്കിൽ ആഴ്സനലിന് രണ്ട് പതിറ്റാണ്ടായി സ്വപ്നം കാണുന്ന പ്രീമിയർ ലീഗ് കിരീടം യാഥാർഥ്യമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
ഇത്തിഹാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ നല്ലൊരു വിജയം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ കളിക്കാൻ ഇറങ്ങിയത്. പെപ് ഗ്വാർഡിയോളയുടെ സംഘം സിറ്റി ആരാധകരുടെ പ്രതീക്ഷകൾക്ക് ഒപ്പമുയരുക തന്നെ ചെയ്തു. ഒമ്പതാം സ്ഥാനക്കാരായ വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ 3-1ന്റെ ആധികാരിക വിജയത്തോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം തുടർച്ചയായി നാലാംതവണയും സ്വന്തമാക്കുന്നത്. ഇതേ സമയത്തു തന്നെ നടന്ന മത്സരത്തിൽ, 40 പോയന്റ് മാത്രമുള്ള, 15ാം സ്ഥാനത്തുണ്ടായിരുന്ന എവർട്ടനെതിരെ 2-1 ന് വിജയിച്ചുവെങ്കിലും ആഴ്സനലിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ആഴ്സനൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് അവസാന മത്സരം കളിച്ചത്. 38 മത്സരങ്ങളിൽ 28 വിജയങ്ങളും 7 സമനിലകളും 3 തോൽവികളുമായി 91 പോയന്റാണ് ഈ സീസണിൽ വിജയഗാഥ തുടർന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സമ്പാദ്യം. ആഴ്സനൽ 38 മത്സരങ്ങളിൽ 28 വിജയങ്ങളും 5 സമനിലകളും 5 പരാജയങ്ങളുമായി 89 പോയന്റ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. പോയന്റ് പട്ടികയിൽ രണ്ട് പോയന്റ് വ്യത്യസമാണ് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ളത്. ലിവർപൂൾ (82), ആസ്റ്റൺ വില്ല (68) ടീമുകൾക്കാണ് അടുത്ത രണ്ട് സ്ഥാനങ്ങൾ. ആറാം സ്ഥാനത്തായ ചെൽസിക്ക് 63 പോയന്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 60 പോയന്റ് വീതം നേടിയ ന്യൂകാസിൽ യുനൈറ്റഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾക്കാണ് യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങൾ.
കഴിഞ്ഞ ഏഴ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ആറുതവണയാണ് മാഞ്ചസ്റ്റർ സിറ്റി ജേതാക്കളാകുന്നത്. പെപ് ഗ്വാർഡിയോള സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റ വർഷം (2018) തുടങ്ങിയ സിറ്റിയുടെ വിജയക്കുതിപ്പിൽ 2020ൽ ലിവർപൂൾ മാത്രമേ വിലങ്ങുതടിയായിട്ടുള്ളൂ. കഴിഞ്ഞ എട്ടു വർഷക്കാലത്ത് 17 ട്രോഫികളാണ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ ഷോകേസിൽ എത്തിച്ചിരിക്കുന്നത്. ഈ സീസണിലെ എഫ്.എ കപ്പ് ഫൈനലിൽ സിറ്റിക്ക് യുനൈറ്റഡിനെതിരെ വിജയം നേടാനായാൽ ട്രോഫികളുടെ എണ്ണം പതിനെട്ടാകും.
വെസ്റ്റ് ഹാമിനെതിരെ കളിയുടെ രണ്ടാം മിനിറ്റിൽ ഗോൾ നേടി സിറ്റിയെ മുന്നിലെത്തിച്ച ഫിൽ ഫോഡൻ പതിനെട്ടാം മിനിറ്റിൽ മറ്റൊരു ഗോൾകൂടി നേടി വിജയം ഉറപ്പിച്ചു. ‘‘ഞങ്ങളുടെ കൂട്ടായ യജ്ഞത്തിന്റെ പ്രതിഫലമാണ് ഓരോ വിജയവും നൽകുന്നത്. നാലു തുടർവിജയങ്ങൾ മറ്റൊരു ടീമിനും കഴിയാത്തതാണ് എന്നത് ടീമിനും ആരാധകർക്കും പ്രത്യേക സന്തോഷവും അഭിമാനവും പകരുന്നു.’’ ഫോഡൻ സിറ്റിയുടെ വിജയത്തിൽ ആദ്യം പ്രതികരിച്ചത് അങ്ങനെയാണ്. സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട് 27 ഗോളുകളാണ് ടീമിന്റെ വിജയത്തിനായി നേടിയത്. ലീഗിലെ ഈ സീസണിലെ ടോപ് സ്കോറർകൂടിയാണ് ഹാളണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലു വിജയങ്ങൾ മാഞ്ചസ്റ്റർ സിറ്റിയെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ടീമായി ഔന്നത്യങ്ങളിൽ എത്തിച്ചിരിക്കുന്നു. മറ്റൊരു ക്ലബിനും ഇതേവരെ കൈവരിക്കാൻ കഴിയാത്തതും ഇനിയെന്നെങ്കിലും നേടുവാൻ സാധ്യതകൾ കുറവുള്ളതുമായ അപൂർവ നേട്ടമാണ് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ ചരിത്ര പുസ്തകത്തിൽ സ്വർണലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പെപ് ഗ്വാർഡിയോളയുടെ പരിശീലന മികവിൽ ആറ് ലീഗ് കിരീടങ്ങൾക്ക് പുറമെ ലോക, യൂറോപ്യൻ ചാമ്പ്യന്മാർ എന്ന നിലയിലേക്ക് സിറ്റി ഉയർന്നതും ഈ കാലയളവിൽതന്നെയാണ്.
രണ്ട് എഫ്.എ കപ്പുകളും നാല് ലീഗ് കപ്പുകളും ആദ്യമായാണ് സിറ്റി ഇക്കാലത്ത് സ്വന്തമാക്കിയത്. ഈ സീസണിൽ, ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിൽ തുടർച്ചയായി രണ്ടാം തവണയും എഫ്.എ കപ്പ് ഫൈനലിനൊരുങ്ങുകയാണ് സിറ്റി. മാഞ്ചസ്റ്റർ യുനൈറ്റഡിനെയാണ് സിറ്റി നേരിടുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനാകില്ല. യുനൈറ്റഡിന്റെ പ്രതാപകാലത്ത് അയൽക്കാരായ സിറ്റിക്ക് എതിരാളികളുടെ നിഴലിൽ കഴിയേണ്ടിവന്നത് തലമുറകൾ പിന്നിട്ടിട്ടും സിറ്റി ആരാധകരുടെ മനസ്സിൽനിന്നും മാഞ്ഞുപോയിട്ടില്ല.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും എഫ്.എ കപ്പും മാഞ്ചസ്റ്റർ സിറ്റിയാണ് നേടിയത്. 1998-99 സീസണിൽ വിഖ്യാത പരിശീലകൻ അലക്സ് ഫെർഗുസന്റെ കാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് കൈവരിച്ച ഈ നേട്ടം കാൽ നൂറ്റാണ്ട് കഴിഞ്ഞ് സിറ്റി കൈവരിച്ചപ്പോൾ ആരാധകരുടെ ആവേശം കാണേണ്ടതായിരുന്നു. ഫെർഗുസൻ, യുനൈറ്റഡിന്റെ മാനേജർ എന്ന നിലയിലിരിക്കേ ഒമ്പതു വർഷങ്ങളിൽ ഏഴ് തവണയാണ് പ്രീമിയർ ലീഗ് കിരീടം ക്ലബ് നേടിയിട്ടുള്ളത്.
1970കളിലും 1980കളിലും ലിവർപൂളിന്റെ നല്ല കാലത്ത് 15 സീസണുകളിൽ 10 ലീഗ് കിരിടവും, 4 യൂറോപ്യൻ കപ്പുകളും അവർ നേടിയിരുന്നു. 2003-2004 സീസണിൽ പ്രശസ്തനായ ആർസീൻ വെങ്ങർ മാനേജറായിരിക്കെ ആഴ്സനൽ അപരാജിതരായി വിലസുകതന്നെ ചെയ്തു. കീഴ്പ്പെടുത്തുവാൻ കഴിയാത്ത ടീമെന്നാണ് അന്ന് ആഴ്സനലിനെ ഫുട്ബാൾ ലോകം വിളിച്ചിരുന്നത്. കഴിഞ്ഞ നാലു സീസണുകളിൽ 90 പോയന്റ് കടമ്പ കടന്ന മാഞ്ചസ്റ്റർ സിറ്റി അലക്സ് ഫെർഗുസന്റെ ഓൾഡ് ട്രഫോർഡ് ആധിപത്യകാലത്തെയും പിന്നിലാക്കിയിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്നത്തെ ചരിത്രനേട്ടങ്ങൾ ഫുട്ബാൾ ലോകം അവരെ അഭിനന്ദിക്കുന്നതോടൊപ്പം, സമീപഭാവിയിൽ മറ്റാർക്കും കൈവരിക്കാനാവാത്തതാണെന്നുകൂടി അടിവരയിട്ട് പറയുന്നു. അതുതന്നെയാണ് ഇംഗ്ലണ്ടിലെ എക്കാലത്തെയും ഏറ്റവും മികച്ച ടീം സിറ്റി തന്നെയെന്ന് പ്രഖ്യാപിക്കപ്പെടുന്നത്. ആരാധകരുടെ ആഗ്രഹങ്ങളോട് നീതിപുലർത്തുവാൻ മാഞ്ചസ്റ്ററിന് കഴിയട്ടെ. വിജയം സിറ്റിക്ക് തുടർക്കഥയാകട്ടെ. വെൽഡൺ മാഞ്ചസ്റ്റർ സിറ്റി. വെൽഡൺ!