ക്രിക്കറ്റിന്റെ അമേരിക്കൻ പരീക്ഷണം
ഇന്ത്യ കിരീടം നേടിയ, അമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലുമായി നടന്ന ട്വന്റി20 ലോകകപ്പ് പലതരം കാഴ്ചകളാണ് മുേന്നാട്ടുവെക്കുന്നത്. അമേരിക്ക എന്തുകൊണ്ടാവും ലോകകപ്പിന് വേദിയായത്? ഇൗ ലോകകപ്പിലെ ടീമുകളുടെ പ്രകടനം എന്തായിരുന്നു? ഇന്ത്യയുടെ വിജയത്തെ എങ്ങനെ കാണണം? –നിരീക്ഷണവും വിശകലനവും.
അമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലുമായി നടന്ന ട്വന്റി 20 ലോകകപ്പ് കൊടിയിറങ്ങി. 2007ലെ പ്രഥമ ടൂർണമെന്റിനുശേഷം കിരീടം വീണ്ടും ഇന്ത്യയിലേക്ക്. കളിയും കളിയുടെ കാര്യവും എന്തൊക്കെയാണ്?
ക്രിക്കറ്റിന്റെ പതിവു ഭൂമികയിൽനിന്നും മാറിയുള്ള ടൂർണമെന്റിനാണ് അരങ്ങുണർന്നത്. ഇന്ത്യയും പാകിസ്താനും അടക്കമുള്ള ക്രിക്കറ്റിലെ പ്രിവിലേജ്ഡ് ടീമുകളുടെ മത്സരങ്ങൾക്ക് വേദിെയാരുക്കിയത് അമേരിക്കയാണ്. ഇനിയും കണ്ടെടുത്തില്ലാത്ത അമേരിക്കയെന്ന അക്ഷയഖനി മുന്നിൽ കണ്ടാണ് ഐ.സി.സി ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത്. ടി.വി ബ്രോഡ്കാസ്റ്റിലൂടെയുള്ള ലാഭക്കളികൾക്കായി ഏറ്റവും മികച്ച ടീമുകളെ മത്സരിപ്പിക്കുന്ന ശീലത്തിൽനിന്നും മാറി ചരിത്രത്തിലാദ്യമായി 20 ടീമുകളെയും അണിനിരത്തി.
അമേരിക്ക അവരുടേത് മാത്രമായ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരാണ്. അമേരിക്കൻ ഫുട്ബാൾ, ബാസ്കറ്റ് ബാൾ, ബേസ് ബാൾ എന്നിവയാണ് അവരുടെ പ്രധാന ടീം കായിക വിനോദങ്ങൾ. ഒളിമ്പിക്സിൽ ആധിപത്യം പുലർത്തുമ്പോഴും സോക്കർ എന്ന് അവർ വിളിക്കുന്ന ഫുട്ബാളിനുപോലും അമേരിക്കയിൽ താരതമ്യേന പ്രചാരം കുറവാണ്. സാക്ഷാൽ ലയണൽ മെസ്സിയടക്കം പന്തുതട്ടുന്ന മേജർ സോക്കർ ലീഗ് അടക്കമുള്ളവ നടക്കുന്നുണ്ടെങ്കിലും ബേസ്ബാളിനെയും ബാസ്കറ്റ് ബാളിനെയും വെല്ലാനുള്ള മിടുക്കൊന്നും കാൽപന്തിന് ഇനിയുമായിട്ടില്ല.
അത്തരമൊരു രാജ്യത്ത് ഏതാനും കോമൺവെൽത്ത് രാജ്യങ്ങൾ മാത്രം കളിക്കുന്ന ക്രിക്കറ്റിന്റെ പ്രചാരത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ല. ഏറക്കുറെ ക്രിക്കറ്റിന് സമാനമായ ബേസ്ബാൾ അടക്കമുള്ളവയുള്ള രാജ്യത്ത് ക്രിക്കറ്റിന് വലിയ പ്രചാരത്തിലേക്ക് മുന്നേറുക വലിയ പ്രയാസമാണ്. പക്ഷേ, ക്രിക്കറ്റിന് വളരാനുള്ള ഭൂമിക അമേരിക്കയിലുണ്ടെന്ന് പലരും വിശ്വസിക്കുന്നു. അതിന് ഏറ്റവും പ്രധാന കാരണം ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിൽനിന്നുള്ള വലിയ കുടിയേറ്റമാണ്. കൂടാതെ, അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹം സാമ്പത്തികമായും വലിയ ശേഷിയുള്ളവരാണ്. ക്രിക്കറ്റിന് വേരോട്ടമുള്ള കരീബിയൻ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരും അമേരിക്കയിലുണ്ട്.
തകർന്നടിഞ്ഞെങ്കിലും ഒരു മഹത്തായ ക്രിക്കറ്റ് ഹെറിറ്റേജ് അവർക്കുണ്ട്. 1700കളിൽതന്നെ അമേരിക്കയിൽ ക്രിക്കറ്റുണ്ടായിരുന്നു. 1844ൽ ലോകത്തെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഏറ്റുമുട്ടിയത് അമേരിക്കയും കാനഡയും തമ്മിലാണ്. അന്ന് അയ്യായിരത്തിലേറെ കാണികൾ സ്റ്റേഡിയത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഷികാഗോയും മിൽവാകീയും തമ്മിൽ 1849ൽ നടന്ന ക്രിക്കറ്റ് മത്സരം കാണാൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ എത്തിയതായും ചരിത്രത്തിലുണ്ട്. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ക്രിക്കറ്റ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള രാജ്യങ്ങളിലേക്ക് ഒതുങ്ങിയതോടെ അമേരിക്കയിൽ ക്രിക്കറ്റിന് ആളൊഴിഞ്ഞു. 1994ൽ അമേരിക്കയിൽ ഫുട്ബാൾ ലോകകപ്പ് ഒരുക്കിയ ഫിഫ അതൊരു മഹോത്സവമാക്കിയിരുന്നു. രാജ്യത്ത് ഫുട്ബാളിന്റെ ബീജം വളർത്തുന്നതിൽ അത് നിർണായകമായി.
ഫിഫയുടെ ഈ പരീക്ഷണംതന്നെയാണ് ഐ.സി.സി ആവർത്തിക്കാൻ ശ്രമിച്ചത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാെദല്ല, അഡോബി സി.ഇ.ഒ ശന്തനു നാരായൺ അടക്കമുള്ളവരുടെ നിക്ഷേപത്തോടെ നടത്തുന്ന മേജർ ക്രിക്കറ്റ് ലീഗ് ഇതിനോടകംതന്നെ രാജ്യത്ത് ഓളമുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റിലെ പല വലിയ പേരുകളും അമേരിക്കൻ ഫ്രാഞ്ചൈസി ലീഗിൽ കളത്തിലിറങ്ങുന്നുണ്ട്. 2028ൽ അമേരിക്കയിലെ ലോസ് ആഞ്ജലസ് ആതിഥ്യമരുളുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റും ഇടംപിടിച്ചിട്ടുണ്ട്. 1900 പാരിസ് ഒളിമ്പിക്സിനു ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിലുൾപ്പെടുന്നത്. അതിനുള്ള മുന്നൊരുക്കമായും ടൂർണമെന്റിനെ ഐ.സി.സി മുന്നിൽ കണ്ടു.
എന്നാൽ, ഒരു േഗ്ലാബൽ ടൂർണമെന്റെന്ന നിലയിൽ ടൂർണമെന്റിനെ ബ്രാൻഡ് ചെയ്യുന്നതിൽ ഐ.സി.സി ഏറക്കുറെ പരാജയപ്പെട്ടു. കൃത്രിമമായി നിർമിച്ച ‘ഡ്രോപ് ഇൻ പിച്ചുകൾ’ അമേരിക്കൻ മൈതാനങ്ങളിൽ വിരിച്ചാണ് ടൂർണമെന്റ് ഒരുക്കിയത്. എന്നാൽ, ഈ പിച്ചുകളുടെ ഗുണനിലവാരം ഏറെ ചർച്ചയായി. ആസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ നിർമിച്ച കടൽ കടന്നെത്തിയ ഈ പിച്ചുകൾ ബൗളർമാർക്ക് അനർഹമായ ആനുകൂല്യം നൽകി. പന്തുകൾ അവിശ്വസനീയമായ ടേണിങ്ങുകളിലേക്ക് പോയതും ബാറ്റ്സ്മാൻമാർക്ക് ഗതി നിർണയിക്കാനാകാതെ വന്നതും വലിയ വിമർശനങ്ങളുയർത്തി. ട്വന്റി 20യുടെ ചടുലതയും ആക്രമണോത്സുകതയും പ്രതീക്ഷിച്ച മത്സരങ്ങൾ ടെസ്റ്റ് മത്സരങ്ങളെപ്പോലെ അൾട്രാ ഡിഫൻസിവിലേക്കു മാറി. അമേരിക്കപോലൊരിടത്ത് ക്രിക്കറ്റിനെ പരിചയപ്പെടുത്തേണ്ടത് ഈ രീതിയിലല്ലെന്ന് വിമർശനങ്ങളുയർന്നു. അമേരിക്കയിലെ മത്സരങ്ങൾക്കു ശേഷം ടൂർണമെന്റ് കരീബിയൻ രാജ്യങ്ങളിലേക്ക് മാറിയതോടെയാണ് കളി മുറുകിയത്.
സമവാക്യങ്ങൾ മാറുന്നു
ക്രിക്കറ്റിലെ വൻശക്തികളായ ആസ്ട്രേലിയയും ന്യൂസിലൻഡും പാകിസ്താനും പതറിയ ടൂർണമെന്റ്. അതേസമയം, അമേരിക്കയും അഫ്ഗാനും പുതുചരിത്രം കുറിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് കൂടുതൽ പതനത്തിലേക്ക് വീണു. ഇന്ത്യ അർഹിച്ച കിരീടം നേടിയപ്പോൾ ദക്ഷിണാഫ്രിക്ക ചരിത്രത്തിലാദ്യമായൊരു ഫൈനൽ തൊട്ടു. ഈ ടൂർണമെന്റിനെ ലളിതമായി ഇങ്ങനെ വിലയിരുത്താം.
കിരീടം നേടിയത് ഇന്ത്യയാണെങ്കിലും ഈ ടൂർണമെന്റ് അഫ്ഗാൻ പടയുടെ പേരിലാകും അറിയപ്പെടുക. ന്യൂസിലൻഡിനെ 84 റൺസിന് ആധികാരികമായി തകർത്ത് ഗ്രൂപ് ഘട്ടത്തിലേ അവർ കരുത്തുകാട്ടി. ഗ്രൂപ്പിലുള്ള പാപ്വ ന്യൂഗിനിയും യുഗാണ്ടയും അവർക്ക് എളുപ്പമുള്ള എതിരാളികളായിരുന്നു. സൂപ്പർ എട്ടിലേക്ക് മുന്നേറിയ അവർ അവിടെയാണ് നാളുകളായി സ്വരുക്കൂട്ടിയ അനുഭവസമ്പത്ത് പുറത്തെടുത്തത്. ആസ്ട്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി നേടിയ വിജയം ലോകകപ്പിനെത്തന്നെ ആേവശമാക്കി.
ഒടുവിൽ വിജയം നിർണായകമത്സരത്തിൽ ഇഞ്ചോടിഞ്ച് പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തിയ അവർ ചരിത്ര സെമിയിലേക്കാണ് മുന്നേറിയത്. വിജയങ്ങളിൽ മതിമറന്ന അഫ്ഗാൻ ജനത തെരുവിലിറങ്ങിയാണ് മഹാവിജയം ആഘോഷിച്ചത്. ഒരു ഫുട്ബാൾ മത്സരത്തെപ്പോലെ ഏത് സമയത്തും മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടവീര്യവും ബൗണ്ടറി ലൈനിനരികിൽനിന്നും പരിശീലകർ നൽകിയ ഉപദേശങ്ങളുമാണ് അവരെ ചരിത്രക്കുതിപ്പിലെത്തിച്ചത്.
അഫ്ഗാൻ ക്രിക്കറ്റിനെ വീക്ഷിക്കുന്നവർക്ക് ഇതിൽ അത്ഭുതപ്പെടാനോ അട്ടിമറിയെന്ന് കരുതാനോ ഒന്നുമില്ല. അർഹിച്ച ജയങ്ങൾ വൈകിയെത്തിയെന്ന് പറയാം. 2019 ഏകദിന ലോകകപ്പ് പോയന്റ് പട്ടിക പരിശോധിക്കുമ്പോൾ ഒരു മത്സരംപോലും വിജയിക്കാനാകാത്തവരായിരുന്നു അവർ. പക്ഷേ, ഇഞ്ചോടിഞ്ചിൽ കൈവിട്ട മത്സരങ്ങൾ ഏറെയായിരുന്നു. ഇന്ത്യ അന്ന് വെറും 11 റൺസ് വിജയവുമായാണ് രക്ഷപ്പെട്ടത്. പാകിസ്താനും വെസ്റ്റിൻഡീസുമെല്ലാം അഫ്ഗാൻ ഉയർത്തിയ കടുത്ത വെല്ലുവിളി ഒരുവിധം മറികടന്നു. വലിയ വേദികളെന്ന സമ്മർദവും അനുഭവസമ്പത്തില്ലായ്മയുമാണ് അവർക്ക് വിനയായത്. പഴയത് ആവർത്തിക്കാതിരിക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് അവർ 2023 ഏകദിന ലോകകപ്പിലെത്തിയത്. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മൂന്നു ലോകചാമ്പ്യൻമാരെ വീഴ്ത്തിയ അവർ ഓസീസിനെയും വിറപ്പിച്ചുനിർത്തി. െഗ്ലൻ മാക്സ് വെൽ ഒറ്റയാൾ പോരാട്ടത്തിൽ കുറിച്ച ഇരട്ട സെഞ്ച്വറിക്ക് മുന്നിൽ ഒടുവിൽ അവർ അടിയറവ് പറയുകയായിരുന്നു.
വെറും 20 വർഷത്തിനുള്ളിലാണ് അഫ്ഗാൻ ക്രിക്കറ്റ് ഈ നേട്ടങ്ങളെല്ലാം എത്തിപ്പിടിച്ചത്. 2001ൽ മാത്രമാണ് അഫ്ഗാൻ ഒരു അസോസിയേറ്റ് മെംബറായി ഐ.സി.സിയിൽ സ്ഥാനംപിടിക്കുന്നത്. അഫ്ഗാൻ ക്രിക്കറ്റിന്റെ ഈ വളർച്ചയിൽ ഇന്ത്യക്കും ബി.സി.സി.ഐക്കും അഭിമാനിക്കാൻ ഏറെയുണ്ട്. സ്വന്തം നാട്ടിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയൊരുക്കാനാകാത്ത അഫ്ഗാൻ ക്രിക്കറ്റിന് മൈതാനമൊരുക്കിയത് ഇന്ത്യയാണ്. നോയ്ഡയിലുള്ള ശഹീദ് വിജയ് സിങ് സ്പോർട്സ് മൈതാനമാണ് അഫ്ഗാൻ തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നത്. അധികാരത്തിലുള്ള അഫ്ഗാൻ രാജ്യത്തെ വനിതാ ക്രിക്കറ്റിനോട് മുഖംതിരിഞ്ഞാണ് നിൽക്കുന്നത്. താലിബാൻ അധികാരമേറ്റതോടെ അനാഥമായ വനിത ക്രിക്കറ്റ് ടീമംഗങ്ങൾ ആസ്ട്രേലിയ കേന്ദ്രീകരിച്ച് അഭയാർഥി ടീമിനെ ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. താലിബാനോടുള്ള പ്രതിഷേധമായി അഫ്ഗാൻ മണ്ണിലെത്തി ക്രിക്കറ്റ് കളിക്കില്ലെന്ന് ആസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താൻ, കരീബിയൻ രാജ്യങ്ങളിൽനിന്നെത്തിയ താരങ്ങളുടെ മിടുക്കിലാണ് യു.എസ്.എ തങ്ങളുടെ ക്രിക്കറ്റ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. പാകിസ്താൻ, കാനഡ എന്നിവരെ വീഴ്ത്തിയ അവർ ഇന്ത്യയെയും ഒരുവേള വിറപ്പിച്ചു. സൂപ്പർ എട്ടിലേക്ക് മുന്നേറിയെങ്കിലും അവിടെ വമ്പൻ ടീമുകൾക്കു മുന്നിൽ നിസ്സഹായരായി. അസോസിയേറ്റ് രാജ്യങ്ങളിൽനിന്നെത്തിയവരിൽ നേപ്പാളും സ്കോട്ലൻഡുമാണ് അൽപമെങ്കിലും തലയുയർത്തി നിന്നത്.
അമേരിക്കയോട് തോറ്റുതുടങ്ങിയ പാകിസ്താൻ ജയിക്കാവുന്ന മത്സരം ഇന്ത്യക്ക് ദാനമായി നൽകി. വലിയ പ്രതീക്ഷകളുമായെത്തി മോശം പ്രകടനം നടത്തിയ പാകിസ്താൻ ടീമിനെതിരെ രാജ്യത്തെ ക്രിക്കറ്റ് അധികാരികളിൽനിന്നും മുൻതാരങ്ങളിൽനിന്നും വലിയ വിമർശനങ്ങളാണ് ഉയർന്നത്. ടീമിലെ ഗ്രൂപ്പിസവും പടലപ്പിണക്കങ്ങളും ചർച്ചയായി. 1987ന് ശേഷം ഏതെങ്കിലുമൊരു ലോകകപ്പിൽ ഗ്രൂപ് ഘട്ടത്തിൽ ന്യൂസിലൻഡ് പുറത്താകുന്നത് ഇതാദ്യമായായിരുന്നു. ആദ്യ മത്സരത്തിൽ അഫ്ഗാനോട് കൂറ്റൻ തോൽവി ഏറ്റുവാങ്ങിയ കിവികൾ രണ്ടാം മത്സരത്തിൽ വിൻഡീസിനോട് 13 റൺസിനും വീണു. ആതിഥേയരായ വിൻഡീസിന് ഭേദപ്പെട്ട ടീം ലൈനപ്പുണ്ടായിരുന്നു. പക്ഷേ, സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഉദിച്ചുപൊന്തിയത് അവർക്ക് വിനയായി.
ദക്ഷിണാഫ്രിക്കയുടെ പ്രകടനങ്ങളും അവർ സംഭാവന ചെയ്ത താരങ്ങളെയും പരിഗണിച്ചാൽ അവരുടെ അലമാരയിൽ കിരീടങ്ങളൊരുപാട് വന്നണയേണ്ട നേരമായി. പക്ഷേ, ഡക്ക് വർത്ത് ലൂയിസും ടൈയും പടിക്കൽ കലമുടക്കലുമെല്ലാം ചേർന്നപ്പോൾ ലോക കായിക ചരിത്രത്തിലെത്തന്നെ നിർഭാഗ്യ പേരുകളിലൊന്നായി മാറാനായിരുന്നു അവരുടെ യോഗം. ഇക്കുറി പക്ഷേ, അവർ ചരിത്രത്തിലാദ്യമായി ഫൈനൽ തൊട്ടു. കെപ്ലർ വെസലും ഹാൻസി ക്രോണ്യയും ഗ്രെയാം സ്മിത്തും അടക്കമുള്ള ക്യാപ്റ്റൻമാർക്കൊന്നും നടത്താനാകാത്തത് എയ്ഡൻ മാർക്രം സാധ്യമാക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരുകൾക്കൊടുവിൽ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ സംഘം കിരീടത്തിലേക്കെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. എങ്കിലും രാജ്യത്ത് ഉറങ്ങിക്കിടന്ന ക്രിക്കറ്റിനെ വീണ്ടും മുഖ്യധാരയിലെത്തിക്കാൻ അവർക്കായി.
ഒടുവിലെത്തി, കാത്തിരുന്ന കിരീടം
പോയ പതിറ്റാണ്ടിൽ ലോകക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയോളം ആധിപത്യം പുലർത്തിയ മറ്റൊരു ടീമുമില്ല. സ്വന്തം പിച്ചുകളിൽ മാത്രം പുലികളെന്ന പേരും ഇന്ത്യൻ സംഘം മാറ്റിയെഴുതി. ചരിത്രത്തിലാദ്യമായി ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടി. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം പൊരുതി നിന്നു. ന്യൂസിലൻഡിലും ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഏകദിന പരമ്പരകൾ നേടിയതോടൊപ്പം തന്നെ സ്വന്തം രാജ്യത്ത് അഭൂതപൂർവമായ മേധാവിത്വം നേടി. വിരാട് കോഹ്ലിയും രോഹിത് ശർമയും സൂര്യകുമാർ യാദവും അടക്കമുള്ള ബാറ്റ്സ്മാൻമാരും ജസ്പ്രീത് ബുംറയും രവിചന്ദ്ര അശ്വിനും മുഹമ്മദ് സിറാജും അടക്കമുള്ള ബൗളർമാരും ലോകത്തെത്തന്നെ മികച്ചവരായി. പക്ഷേ, ഐ.സി.സി കിരീടമെവിടെയെന്ന ചോദ്യം മാത്രം ഈ പടയോട്ടങ്ങളിലും ബാക്കിയായി. 2013ൽ ഇംഗ്ലണ്ടിൽ മഹേന്ദ്ര സിങ് ധോണിയുടെ കീഴിൽ നേടിയ ചാമ്പ്യൻസ് ട്രോഫിയായിരുന്നു ഇന്ത്യ അവസാനമായി നേടിയ ഐ.സി.സി കിരീടം.
2013നു ശേഷമുള്ള ഓരോ ടൂർണമെന്റിലും ഇന്ത്യൻ സംഘം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 2021 ട്വന്റി 20 ലോകകപ്പ് മാത്രമാണ് ഇതിന് അപവാദം. ഒരുപക്ഷേ ഓരോ ടൂർണമെന്റിലും ജേതാക്കളായ ടീമുകളെക്കാളും ആധിപത്യം പുലർത്തിയ സംഘം. പക്ഷേ, സെമിയിലും ഫൈനലിലുമായി ഇന്ത്യ പിന്നെയും പിന്നെയും വീണു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും നല്ലകാലത്തും കിരീടങ്ങൾ അധികമെത്തിയില്ല. അതേസമയം, പ്രതാപകാലത്തിന് അന്ത്യമായിട്ടും ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ അലമാരയിലേക്ക് രണ്ട് ഏകദിന ലോകകപ്പും ഒരു ട്വന്റി 20 ലോകകപ്പും ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടവുമെത്തി.
ആധികാരികപ്രകടനം നടത്തിയിട്ടും കിരീടത്തിൽ സ്പർശിക്കാനാകാത്തത് ക്രിക്കറ്റ് ആരാധകരിലും താരങ്ങളിലും വലിയ നിരാശയുണ്ടാക്കിയിരുന്നു. ധോണി മാറി നായകസ്ഥാനം കോഹ്ലിയിലും രോഹിതിലുമെത്തിയിട്ടും മാറ്റമൊന്നുമുണ്ടായില്ല. മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ബാർബഡോസിലെ കെൻസിങ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം ചൂടിയത് അതിവൈകാരികമായി ആഘോഷിക്കപ്പെട്ടതും അതേ കാരണത്താൽ തന്നെയാണ്.
വെറും 4.17 മാത്രം ഇക്കണോമി നിരക്കിൽ പന്തെറിഞ്ഞ ജസ്പ്രീത് ബുംറതന്നെയാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. പാകിസ്താനെതിരായ മത്സരത്തിലും ഫൈനലിലും ഇന്ത്യ അവിശ്വസനീയമായ വിജയം കൊത്തിപ്പറന്നത് ബുംറയുടെ ചിറകിലേറിയാണ്. ക്രിക്കറ്റിന് അധികം പരിചയമില്ലാത്ത ആക്ഷനും ലക്ഷണമൊത്ത യോർക്കർ ബാളുകളുമാണ് ബുംറയെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമാക്കുന്നത്. വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിങ്, ഐ.പി.എല്ലിൽ ആരാധകരിൽനിന്നേറ്റ വെറുപ്പിനെയെല്ലാം ഇന്ത്യൻ ജഴ്സിയിൽ കഴുകിക്കളഞ്ഞ ഹാർദിക് പാണ്ഡ്യ, ഓൾറൗണ്ട് പ്രകടനം നടത്തിയ അക്സർ പട്ടേൽ, നിർണായക ഇന്നിങ്സുകൾ പടുത്തുയർത്തിയ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, വിന്റേജ് ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ എന്നിവരെല്ലാം വിജയത്തിൽ സംഭാവനകളർപ്പിച്ചു. പോയ ലോകകപ്പുകളിലെല്ലാം ഇന്ത്യൻ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ കോഹ്ലി ഇക്കുറി അമ്പേ പരാജയമായി.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്ന കോഹ്ലിയെ ഓപണിങ്ങിലേക്ക് മാറ്റിയത് മോശം പരീക്ഷണമായിരുന്നു. ഐ.പി.എല്ലിൽ ഓപണറായിറങ്ങി ടോപ് സ്കോററായതുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിന് മുതിർന്നത്. പക്ഷേ കോഹ്ലി ഫോമായില്ലെങ്കിലും ഇന്ത്യൻ ടീം തുടർവിജയങ്ങൾ നേടിയതിനാൽ തന്നെ വിന്നിങ് കോമ്പിനേഷനായ ബാറ്റിങ് ലൈനപ് മാറ്റുകയെന്ന കൈപൊള്ളുന്ന തീരുമാനത്തിന് ടീം മുതിർന്നില്ല. ടീമിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്ന് കരുതപ്പെട്ടിരുന്ന സഞ്ജു സാംസണ് അവസരം നൽകാതിരുന്നതും വിന്നിങ് കോമ്പിനേഷനെന്ന കാരണത്താലാണ്.
വിമർശനങ്ങൾക്കൊടുവിൽ ടീം ഏറ്റവും ആവശ്യപ്പെട്ട മത്സരത്തിൽ ഇന്ത്യൻ ജഴ്സിയിൽ വിരാട് ഉയിർത്തെഴുന്നേറ്റു. 34ന് 3 എന്ന നിലയിൽ പതറുകയായിരുന്ന ഇന്ത്യൻ ഇന്നിങ്സിന് നട്ടെല്ലായ കോഹ്ലി നിർണായക76 റൺസ് നേടിയാണ് മടങ്ങിയത്. വിജയത്തിന് പിന്നാലെ രോഹിത്, കോഹ്ലി, രവീന്ദ്ര ജദേജ അടക്കമുള്ള സീനിയർ താരങ്ങൾ ട്വന്റി 20യിൽനിന്നും വിടവാങ്ങിയിരിക്കുന്നു. കാൽപനികവത്കരണത്തിനപ്പുറത്ത് യാഥാർഥ്യത്തിലേക്ക് വന്നാൽ ടീം ഇന്ത്യക്ക് അതിൽ ആശങ്കപ്പെടാനൊന്നുമില്ല. ഇവരെയെല്ലാം റീേപ്ലസ് ചെയ്യാവുന്ന വിഭവങ്ങൾ ഇന്ത്യയിൽതന്നെയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും കഴിവുതെളിയിച്ച ഒരുപറ്റം യുവതാരങ്ങൾ ടീമിലേക്കുള്ള വിളിയും കാത്തിരിപ്പുണ്ട്.