ഗുസ്തിയും അതിർത്തിയില്ലാത്ത സൗഹൃദവും
ഇന്ത്യൻ ഗുസ്തിയുടെ വനിതാ മുഖമായിരുന്ന വിനേഷ് ഫോഗട്ട് കളംവിടാൻ തീരുമാനിച്ചിരിക്കുന്നു. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നിൽ ചില കളികൾ നടന്നിരിക്കുന്നുവെന്ന് കളിപ്രേമികളടക്കം ഉറച്ചു വിശ്വസിക്കുന്നു. പാരിസ് ഒളിമ്പിക്സിലെ ചില കാഴ്ചകളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് കൂടിയായ ലേഖകൻ.
‘‘അമ്മേ... നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവുമൊക്കെ തകർന്നു. ഇതിലധികം പോരാടാൻ എനിക്കാവില്ല. ഗുസ്തിയുമായുള്ള പോരാട്ടത്തിൽ ഞാൻ പരാജയപ്പെട്ടു. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. എന്നോട് ക്ഷമിക്കണം... ഗുസ്തിയോട് വിട.’’ ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ഗുസ്തിയുടെ വനിതാ മുഖമായിരുന്ന വിനേഷ് ഫോഗട്ട് ഇനിയൊരു അങ്കത്തിനില്ല എന്നു പ്രഖ്യാപിച്ചത് ഉള്ളുനീറിയാണ്. ആ നീറ്റൽ കായിക പ്രേമികളുടെ ഉള്ളുപൊള്ളിച്ചു. അനീതിയുടെ വിജയം കണ്ട് കായിക ലോകം അമ്പരന്നു. പക്ഷേ, നിസ്സഹായരായ കായിക പ്രേമികൾ ഒന്നടങ്കം മനസ്സിൽ കുറിച്ചു.
‘‘മകളേ, നീയാണ് ചാമ്പ്യൻമാരുടെ ചാമ്പ്യൻ.’’ ഞാനിത് കുറിക്കുമ്പോൾ ലൊസാനിലെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സി.എ.എസ്) വിനേഷിന്റെ അപ്പീലിൽ വിധി പറഞ്ഞിട്ടില്ല. അതെന്തായാലും, അമേരിക്കയുടെ ലോകോത്തര ഗുസ്തി താരം, മുൻ ഒളിമ്പിക് സ്വർണമെഡൽ ജേതാവും ആറു തവണ ലോക ചാമ്പ്യനുമായ ജോർദൻ ബറോസ് ഉൾപ്പെടെയുള്ളവർ പറഞ്ഞു കഴിഞ്ഞു. ‘‘ഇത് അനീതിയാണ്. വിനേഷ് ഫോഗട്ടിന് വെള്ളി മെഡൽ നൽകണം.’’
എൺപതിലേറെ മത്സരങ്ങളിൽ പരാജയമറിയാത്ത, ജപ്പാൻ താരം യുയി സുസാക്കിയെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്നപ്പോൾതന്നെ വിനേഷ് മെഡൽ പ്രതീക്ഷ ഉയർത്തിയിരുന്നു. അത് ഒരുപക്ഷേ സ്വർണംതന്നെ ആയേനെ. ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാനാ ലിവാചിനെതിരെയും സെമിയിൽ ക്യൂബയുടെ ഗുസ്മാൻ ലോപ്പസിനെതിരെയും അനായാസ വിജയം. ഫൈനലിൽ എതിരാളി യു.എസിന്റെ സാറാ ആൻ ഹിൽഡർബ്രാന്റ്. രണ്ടാം നാൾ സ്വർണം സ്വപ്നം കണ്ട് ഭാരം ക്രമീകരിക്കാൻ വെള്ളവും ഭക്ഷണവും ത്യജിച്ച് ഉറങ്ങാതെ വ്യായാമങ്ങളിൽ ഏർപ്പെട്ട താരത്തിന് ഭാരം 100 ഗ്രാം കൂടുതൽ; അയോഗ്യത. സെമിയിൽ വിനേഷിനോട് തോറ്റ ഗുസ്മാന് ഫൈനൽ ബെർത്ത്. അവരെ കീഴടക്കി സാറാ ആനിന് സ്വർണം. വിനേഷിന്റെ കണ്ണീർ നനവുള്ള സ്വർണമെഡൽ.
2016ൽ റിയോ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കാൽമുട്ടിനു പരിക്കേറ്റ് സ്ട്രെച്ചറിൽ ഗോദ വിട്ട വിനേഷിന്റെ തിരിച്ചുവരവ് ലോറസ് അവാർഡ് നോമിനേഷനിൽ വരെയെത്തിയതാണ്. ഇത്തവണ കാൽമുട്ടിലെ ശസ്ത്രക്രിയക്കുശേഷം മടങ്ങിവരുകയായിരുന്നു. സാധാരണ ഗുസ്തിക്കാർ തങ്ങളുടെ യഥാർഥ ഭാരത്തിൽ അൽപം താഴ്ന്ന ഭാരവിഭാഗത്തിലാകും പങ്കെടുക്കുക. അതനുസരിച്ച് വിനേഷ് ഏറെക്കാലമായി 53 വിഭാഗത്തിലാണ് മത്സരിച്ചുപോന്നത്.
എന്നാൽ, 53 കിലോയിൽ അൻ റിം പംഗൽ പാരിസ് ഒളിമ്പിക്സ് യോഗ്യത നേടിയിരിക്കെ തന്നെ ഒഴിവാക്കാൻ റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധിതൃതർ ശ്രമിക്കുമെന്ന് വിനേഷിന് ഭയമുണ്ടായിരുന്നു. അതിനാൽ പ്രാഥമിക ട്രയൽസിൽ വിനേഷ് 50 കിലോയിലും 53 കിലോയിലും മത്സരിച്ചു.
50 കിലോയിൽ വിജയിച്ചു; യോഗ്യതയും നേടി. 53 കിലോയിൽ അൻ റിമുമായി ഒരു ട്രയൽസിനു കൂടി സാധ്യതയുണ്ടായിരുന്നെങ്കിലും അത് ഒഴിവാക്കപ്പെട്ടു. 50 കിലോയിൽ മത്സരിക്കാൻ വിനേഷ് നിർബന്ധിതയായി. ഭാരം ഇതനുസരിച്ചു ക്രമീകരിക്കുവാൻ അവർ ഏറെ കഷ്ടപ്പാട് സഹിച്ചു. പക്ഷേ, രണ്ടാം ദിനം തലനാരിഴക്കു പാളി. ഇന്ത്യൻ അധികൃതരുടെ അനാസ്ഥക്കൊപ്പം വില്ലേജിൽനിന്ന് വേദിയിലേക്കുള്ള ദൂരവും പ്രശ്നമായി. ഇരുപത്തൊമ്പതുകാരിയായ വിനേഷിന് ഇത് മൂന്നാം ഒളിമ്പിക്സ് ആയിരുന്നു.
വിനേഷിനു വിനയായ നിയമം ഭേദഗതി ചെയ്യണമെന്ന് ഇതിഹാസ ഗുസ്തി താരം, അമേരിക്കയുടെ ജോർദൻ ബുറോഗ്സ് ആവശ്യപ്പെട്ടു. പുരുഷവിഭാഗം 57 കിലോയിൽ സ്വർണം നേടിയ, ജപ്പാൻ താരം ഹ്യൂചി റേയും ആവശ്യപ്പെട്ടു. 2018ലാണ് രണ്ടാം ദിനം വീണ്ടും ഭാരമെടുത്ത്, ഭാരം കൂടിയാൽ അതുവരെയുള്ള നേട്ടം റദ്ദാക്കി ഏറ്റവും പിന്നിലെ റാങ്കിൽ എത്തുമെന്ന വിചിത്രനിയമം കൊണ്ടുവന്നത്. ഹ്യൂചിയും ഒരിക്കൽ ഈ നിയമത്തിന് ഇരയായതാണ്.
പക്ഷേ, വിനേഷിനെ അയോഗ്യയാക്കിയത് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തി. പ്രതിഷേധം രാജ്യമെങ്ങും പടർന്നു. പാർലമെന്റിലും എത്തി. വിനേഷ് രണ്ടാം ദിനം ഭാരം ക്രമീകരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ 57 കിലോയിൽ വെങ്കലം നേടിയ അമൻ സെരാവത്തിന് അതു സാധ്യമായി. വിനേഷിന്റെ കാര്യത്തിൽ ആരാണ് ഉത്തരവാദി?
വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ പേരിൽ ന്യൂഡൽഹിയിൽ ജന്തർമന്തറിൽ സമരം നടത്തിയ വിനേഷും സാക്ഷി മാലിക്കും ബജ്റങ് പൂനിയയും ഉൾപ്പെട്ട ഗുസ്തി താരങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാതിരുന്ന ഭരണാധികാരികൾ വിനേഷ് പാരിസിൽനിന്നു മെഡലുമായി വരുമ്പോൾ സ്വീകരിക്കുമോയെന്ന ചോദ്യം നാടെങ്ങും ഉയർന്നിരുന്നു. സമരകാലത്ത് തെരുവിൽ വലിച്ചിഴക്കപ്പെട്ട വിനേഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിനേഷിന്റെ കുതിപ്പ് ധാർമികതയുടെയും നീതിയുടെയും സത്യത്തിന്റെയും വിജയമായി പരക്കെ കൊട്ടിഗ്ഘോഷിക്കപ്പെട്ടു. ഇതൊക്കെ ആരെയെങ്കിലും അസ്വസ്ഥരാക്കിയോ?
കോച്ച്, മാനേജർ, ന്യൂട്രീഷനിസ്റ്റ് തുടങ്ങിയവരൊക്കെയല്ലേ ഉത്തരവാദികൾ. ഇതിലാരെങ്കിലും മനപ്പൂർവം വിനേഷിനെ കുടുക്കിയോ എന്ന് അന്വേഷിക്കണം. റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചില ഭാരവാഹികളെ വില്ലേജിൽ കണ്ടതിനെ വിനേഷ് ചോദ്യംചെയ്തിട്ടുണ്ട്. ഇതിനു സമാനമായൊരു സംഭവം ഓർക്കുന്നു; അന്ന് ഇന്ത്യൻ കോച്ച് അത് കൈകാര്യംചെയ്തത് എത്ര കരുതലോടെയെന്നും.
2012ലെ ലണ്ടൻ ഒളിമ്പിക്സിലാണ് സംഭവം. പാരിസിൽ ഇന്ത്യൻ സംഘത്തലവൻ ആയ ഗഗൻ നാരങ് ലണ്ടനിൽ എയർ റൈഫിളിൽ വെങ്കലം നേടിയിരുന്നു. പക്ഷേ, അദ്ദേഹം ഉപയോഗിച്ച ജാക്കറ്റിന്റെ സ്റ്റിഫ്നസ് കൂടിയതിന്റെ പേരിൽ അയോഗ്യനാകാതെ രക്ഷപ്പെട്ട കഥയാണ്. മത്സരദിവസം എത്തും മുമ്പേ ജാക്കറ്റ് പരിശോധന നടന്നു. സ്റ്റിഫ്നസ് (മൂന്നു മില്ലിമീറ്റർ; തിക്നസ് 2.5 മി.മീ. എന്നാണു പരിധി) കൂടുതലാണ്. ഇതേ ജാക്കറ്റ് നേരത്തേ ലോക കപ്പിലും ലോക ചാമ്പ്യൻഷിപ്പിലുമൊക്കെ ക്ലിയർ ചെയ്തതിന്റെ സ്റ്റിക്കർ ജാക്കറ്റിലുണ്ട്. പക്ഷേ, അത് സ്വീകരിക്കില്ല.
ഒളിമ്പിക് മത്സരത്തിനുമുമ്പ് ജാക്കറ്റിന്റെ സ്റ്റിഫ്നസ് ശരിയാക്കണം. കാലാവസ്ഥയുടെ വ്യതിയാനംകൊണ്ട് ഇങ്ങനെ സംഭവിക്കാം. പക്ഷേ, സാഹസത്തിന് ഇന്ത്യയുടെ ദേശീയ പരിശീലകൻ പ്രഫ. സണ്ണി തോമസ് തയാറായില്ല. അദ്ദേഹം ബ്ലേഡ് ഉപയോഗിച്ച് ജാക്കറ്റിന്റെ ഉൾഭാഗം പലയിടത്ത് കീറി. ഇതോടെ പ്രശ്നം പരിഹരിച്ചു. ഗഗൻ നാരങ് വെങ്കലം നേടി.
വിനേഷിന്റെ അയോഗ്യതാ പ്രശ്നത്തിൽ, ഇന്ത്യയുടെ വനിതാ ടീം ചീഫ് കോച്ച് വിരേന്ദർ ദഹിയ പറയുന്നത് (ദ ഹിന്ദു) തലേന്നു രാത്രി ഭാരം ഒരു കിലോ കൂടിയിരുന്നെന്നാണ്. മറ്റു ചിലർ പറയുന്നത് മൂന്നു കിലോയോളം കൂടുതൽ എന്നാണ്. ഏതാണ് വിശ്വസിക്കുക. പിറ്റേന്ന് ഫൈനലിൽ അമേരിക്കയുടെ സാറാ ആൻ ഹിൽഡ് ബ്രാന്റിനെ നേരിടാനുള്ള വിനേഷിനെ രാത്രി ഉറക്കം കളയിച്ച് വ്യായാമം ചെയ്യിക്കുക. വെള്ളവും ഭക്ഷണവും കൊടുക്കാതിരിക്കുക. പക്ഷേ, അത്ഭുതം തോന്നിയില്ല.
ഭാരം 50 കിലോയിൽ നിർത്താൻ താൻ രണ്ടുദിവസം ഭക്ഷണം കഴിച്ചില്ലെന്ന് ബോക്സിങ് താരം നിഖാത് സരിൻ കുറിച്ചത് ഏതാനും ദിവസം മുമ്പാണ്. പാരിസ് ഒളിമ്പിക്സിന് ഇന്ത്യൻ ടീമിനെ ഒരുക്കാൻ സർക്കാർ ചെലവിട്ടത് 470 കോടി രൂപയാണ്. എത്രയോ വിദേശയാത്രകളും രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും സാധ്യമായി. പക്ഷേ, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വിട്ടുപോയി. ഇതാണ് വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കേണ്ടത്. സമഗ്ര അന്വേഷണം ആവശ്യമാണ്.
വിനേഷ് പറഞ്ഞിരുന്നു. ‘‘സാക്ഷി മാലികിനും ബജ്റങ് പൂനിയക്കും ഒളിമ്പിക് മെഡലുണ്ട്. എനിക്കും ഒരെണ്ണം നേടണം. എന്നിട്ട് ബ്രിജ്ഭൂഷൻ ശരൻ സിങ്ങിന്റെ കണ്ണിൽ നോക്കി പറയണം; ഞാനും ഒരു ഒളിമ്പിക് മെഡൽ ജേത്രിയാണെന്ന്.’’ ഓരോ മത്സരം ജയിച്ചപ്പോഴും വിനേഷ് പ്രകടിപ്പിച്ച വികാരം സ്വർണത്തിൽ കുറഞ്ഞൊന്നും താൻ ലക്ഷ്യമിടുന്നില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു. ആ സുവർണ സ്വപ്നം തെന്നിമാറി. ഇന്ത്യ സ്വർണമില്ലാതെ പാരിസിൽനിന്നു മടങ്ങി.
രാജ്യാതിർത്തി കടന്ന് സൗഹൃദ ജാവലിൻ
ഇന്ത്യ-പാകിസ്താന് ഹോക്കി മത്സരവും ക്രിക്കറ്റ് മത്സരവും ഇംഗ്ലണ്ട്-ആസ്ട്രേലിയ ‘ആഷസ്’ പരമ്പരപോലെ ശ്രദ്ധിക്കപ്പെടുക പതിവാണ്. പക്ഷേ, പാകിസ്താന് ഹോക്കി ടീമിനു പഴയ പ്രതാപമില്ല, ഇക്കുറി ഒളിമ്പിക്സ് യോഗ്യതയും നേടിയില്ല. എന്നാല്‍ ജാവലിന്‍ ത്രോയില്‍ പാകിസ്താന്റെ അര്‍ഷദ് നദീമും ഇന്ത്യയുടെ നീരജ് ചോപ്രയും തമ്മിലുള്ള മത്സരം സൗഹൃദത്തോടെയാണ് നടന്നത്. അവര്‍ നല്ല സുഹൃത്തുക്കളുമാണ്. നദീമിന് പുതിയൊരു ജാവലിന്‍ വാങ്ങാന്‍ പണം ഇല്ലാതെ വന്നപ്പോള്‍ അക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി സഹായം തേടിയത് നീരജ് ചോപ്രയാണ്. ഇപ്പോള്‍ പാരിസ് ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ അര്‍ഷദ് നദീം സ്വർണവും (92.97 മീറ്റര്‍) നീരജ് ചോപ്ര വെള്ളിയും (89.45 മീറ്റര്‍) നേടി.
മത്സരം കഴിഞ്ഞപ്പോള്‍ നീരജിന്റെ മാതാവ് സരോജ്ദേവി പറഞ്ഞു, ‘‘സ്വർണവും വെള്ളിയും നമ്മുടെ മക്കള്‍ക്കല്ലേ, അവനും എന്റെ മകന്‍തന്നെ.’’ നദീമിന്റെ മാതാവ് റസിയ പര്‍വീൺ പറഞ്ഞതും അങ്ങനെ തന്നെ. ‘‘നീരജും എന്റെ മകനാണ്. അവനു വേണ്ടിയും ഞാന്‍ പ്രാർഥിച്ചു.’’ നദീമും നീരജും സഹോദരന്മാരെപ്പോലെയാണെന്ന് റസിയ പറഞ്ഞു. ഈ അമ്മമാര്‍ ഒളിമ്പിക്സിന്റെ യഥാർഥ സന്ദേശവാഹകരായി. അവരുടെ പ്രതികരണങ്ങള്‍ അതിര്‍ത്തികള്‍ക്കപ്പുറം വൈറലായി.
ഹോക്കി മാന്ത്രികന് ധ്യാന്‍ചന്ദ് മുമ്പ് പാകിസ്താനില്‍ ചെന്നപ്പോള്‍ ലഭിച്ച വീരോചിത സ്വീകരണം ‘ഗോള്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ടെന്നിസില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും പാകിസ്താന്റെ ഐസമുല് ഹഖ് ഖുറൈശിയും ചേര്‍ന്നുള്ള ഡബിള്‍സ് കൂട്ടുകെട്ടിനെ ‘ഇന്തോ-പാക് എക്സ്പ്രസ്' എന്ന് വിശേഷിപ്പിച്ചിരുന്നു. 2010 മുതല്‍ 2014 വരെ ഇവര്‍ ടെന്നിസ് ടൂറില്‍ സജീവമായിരുന്നു. 2011ല്‍ ഖുറൈശിക്കൊപ്പം നേടിയ പാരിസ് മാസ്റ്റേഴ്സ് കിരീടമാണ് രോഹണ്‍ ബൊപ്പണ്ണയുടെ പ്രഥമ എ.ടി.പി മാസ്റ്റേഴ്സ് കിരീടം.
സ്പോര്‍ട്സ് എപ്പോഴും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷത്തിലാകണം. ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍പോലും പ്രാചീന ഒളിമ്പിക്സ് കാലത്ത് നിര്‍ത്തിെവച്ചിരുന്നു. അർഷദ് നദീം എറിഞ്ഞ ജാവലിൻ 90 മീറ്റർ കടന്ന് നിലം തൊട്ടപ്പോൾ കൈയടിച്ച നീരജ് ചോപ്ര സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ആൾരൂപമായി. ജയിക്കാനുള്ള വാശിയിൽ സൗഹൃദം ചോരരുത്. എതിരാളിയുടെ വിജയം അംഗീകരിക്കുകയും വേണം. അതാണ് ഒളിമ്പിക്സ് നൽകുന്ന സന്ദേശം.